നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയങ്ങൾ

Image may contain: 1 person, selfie, closeup and indoor

ഡിഗ്രി കഴിഞ്ഞു നാട്ടിലൂടെ തെക്കു വടക്കു നടക്കുന്ന സമയത്തു കുറച്ചു ദിവസം സുഹൃത്തിൻറെ ടെലിഫോൺ ബൂത്ത് നോക്കി നടത്തേണ്ടി വന്നു. സ്വന്തം നാട്ടിൽ ആയതു കൊണ്ടും ഒരുപാട് ആളുകൾ വന്നു പോകുന്ന സ്ഥലം ആയതിനാലും ഞാൻ ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്തു.
ഗ്ലാസ് കൊണ്ട് മറച്ച ബൂത്തിൻറെ പുറം കാഴ്ചകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് രാവിലെയും വൈകിട്ടും കോളേജിൽ പോയി വരുന്ന പെൺകുട്ടികൾ ആയിരുന്നു. ഉണ്ടായിരുന്ന പ്രണയങ്ങൾ എല്ലാം വീര ചരമം പ്രാപിച്ചു കാമുകിമാർ എല്ലാവരും ഓരോ വിശ്വസ്ത കരങ്ങളിൽ എത്തി ഞാൻ സ്വസ്ഥനായി ഇരിക്കുന്ന സമയമാണ്. ഒരു പുതിയ ഇന്നിങ്സിനു അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഉണ്ട്...
രാവിലെ പോകുന്ന പെൺപടയിലെ ഒരു പച്ച കിളിയിൽ എൻറെ കണ്ണുടക്കി. കുറെ ദിവസം അവളെ ശ്രദ്ധിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി, അവൾ പോകുന്ന വഴി ഷോപ്പിൻറെ ഉള്ളിലേക്ക് എന്നെ ഒന്ന് നോക്കിയിട്ടാണ് പോകുന്നത്, വൈകിട്ടും അവൾ അത് ആവർത്തിക്കുന്നുണ്ട്. മനസ്സിൽ ആയിരം ലഡു പൊട്ടി...
കുറെ പെൺകുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ഇങ്ങോട്ടു ഇഷ്ടം പ്രകടിപ്പിക്കുന്നത്. ...എന്നിലെ കാമുകൻ വീണ്ടും ഉണർന്നു,
'നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ ഇഷ്ടപെടേണ്ടത്' - എന്ന ആയിടെ കണ്ട സിനിമയിലെ ഡയലോഗ് ഓർമ വന്നു. പിന്നീടുള്ള ദിവസങ്ങൾ അവൾക്കു വേണ്ടി മാത്രമായിരുന്നു, രാവിലെയും വൈകിട്ടും അവൾ വരുന്നതും, അവളുടെ നോട്ടത്തിനും വേണ്ടിയുള്ള കാത്തിരിപ്പുകൾ...'അമ്മ പറഞ്ഞാൽ പോലും ഷേവ് ചെയ്യാത്ത ഞാൻ ദിവസേന ഷേവ് ചെയ്യാനും, നല്ല ഡ്രസ്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി.
എങ്കിലും ഈ നിശബ്ദ പ്രേമം ആരെങ്കിലും അറിയണമെന്ന് ആഗ്രഹം തോന്നി തുടങ്ങി...കാരണം എൻറെ വൺ വേ പ്രണയങ്ങൾ മാത്രമേ കൂട്ടുകാർക്കൊക്കെ അറിയൂ, ഇത് ഒന്ന് അറിഞ്ഞാൽ അവരുടെ ഇടയിൽ എൻറെ സ്റ്റാറ്റസ് ഉയരും. കൂട്ടത്തിൽ ആകാശവാണി കൂടി ആയ ഒരു ചങ്കിനോട് കാര്യം പറഞ്ഞു, ആരോടും പറയാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞു (അപ്പോൾ അവനും നാലു പേരോട് പറയാൻ ഒരു ഉത്സാഹം കാണുമല്ലോ). കൂടാതെ വിശ്വാസത്തിനു ബൂത്തിലേക്ക് വന്നാൽ അവളെ കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു.
രാവിലെ തന്നെ ചങ്ക് റെഡി, പിന്നെ അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്. അതിനിടയിൽ കഷ്ടകാലത്തിനു അവൾ എങ്ങാനും ഇന്ന് എന്നെ നോക്കിയില്ലെങ്കിലോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്. ആകാംഷയുടെ നിമിഷങ്ങൾക്ക് അവസാനം അവൾ വന്നു പതിവായുള്ള നോട്ടം സമ്മാനിച്ചിട്ടു പോയി. ലോകം കീഴടക്കിയവനെ പോലെ ഞാൻ ചങ്കിനെ നോക്കി, ആരാധനയോടെ അവൻ എന്നെയും…
'നിൻറെ അത്ര വരില്ലെങ്കിലും എന്നെ പോലുള്ള ഒരു ഗ്ലാമർ പയ്യൻ ഇവിടെ നിന്നിട്ടും അവൾ നിന്നെ തന്നെ നോക്കി എങ്കിൽ അവൾക്കു നിന്നോട് എന്തോ ഉണ്ടെടാ.' അവൻ എന്നെ വാണത്തിൽ കയറ്റി. ആ സന്തോഷത്തിനു ഞാൻ അപ്പോൾ തന്നെ അടുത്തുള്ള ഹോട്ടലിൽ പൊറോട്ടയും ബീഫും ഓർഡർ കൊടുത്തു.
'നീ ചിക്കൻ ബിരിയാണി തന്നെ വാങ്ങി തരേണ്ടതായിരുന്നു, അത്രയും നല്ല ലൈൻ അല്ലേ സെറ്റ് ആയതു കൊച്ചു കള്ളാ...'- പൊറോട്ട കഴിച്ചു കൊണ്ട് പെട്രോൾ വില പോലെ അവൻ എന്നെ പൊക്കി കൊണ്ടിരിക്കുകയാണ്. അത് കേട്ട് ഞാൻ പുളകിതനായി... ഇതിൻറെ പി ആർ ഓ പണി എന്തായാലും ഇവൻ നോക്കിക്കോളും എന്നോർത്തപ്പോൾ സന്തോഷം ഇരട്ടിച്ചു.
'കുറച്ചു വെയിറ്റ് ചെയ്യെടാ, ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ എന്നിട്ടു നിനക്ക് വയറു നിറച്ചും ചിക്കൻ ബിരിയാണി വാങ്ങി തരാം' എന്നൊരു വാഗ്ദാനവും കൊടുത്തു.
അങ്ങനെ ഞങ്ങളുടെ പ്രണയം പൂത്തുലയാൻ തുടങ്ങി...രാവിലെ അവൾ പോയി കഴിഞ്ഞാൽ ഭാവിയിൽ അവളോടൊത്തുള്ള സുന്ദരമായ നിമിഷങ്ങൾ സ്വപ്നം കാണുന്നതായിരുന്നു എൻറെ പണി, മനസ്സിൽ അവൾക്കും എനിക്കുമായി ഒരു സ്വപ്ന സൗധം നിർമിച്ചു തുടങ്ങി...
ഇനിയേതായാലും ഈ കാര്യം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത് ശരിയല്ല. കാരണം ചങ്ക് ഫ്രണ്ട് ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട് എന്നാണ് മറ്റുള്ള കൂട്ടുകാരുടെ അടുത്ത് കാസെറ്റ് ഇറക്കിയിരിക്കുന്നത്- ചിക്കൻ ബിരിയാണി എന്ന ഓഫർ അവൻ നേടിയേ അടങ്ങൂ എന്ന വാശി ഉള്ളത് പോലെ.
എനിക്ക് അവളെ ഗ്ലാസിന് ഉള്ളിലൂടെ നന്നായി കാണാം, പക്ഷെ ഞാൻ ഷോപ്പിനു അകത്തായതിനാൽ അവൾക്കു എന്നെ മുഴുവനായി കാണാൻ സാധിക്കില്ല, പാവം എന്ത് വിഷമം കാണും അവൾക്കു, അതല്ലേ അവൾ ഷോപ്പിനു മുമ്പിൽ എത്തുമ്പോൾ ഉള്ളിലേക്കു എത്തി നോക്കുന്നത്...കാമുക ഹൃദയം ആർദ്രമായി...
നാളെ ഏതായാലും അവൾ വരുമ്പോൾ ഷോപ്പിനു പുറത്തു ഇറങ്ങി നിൽക്കാം, അവൾക്കു ഒരു സർപ്രൈസ് ആകട്ടെ, അപ്പോൾ അവളുടെ മുഖത്ത് ഉണ്ടായേക്കാവുന്ന നാണം മനസ്സിൽ ഓർത്തുകൊണ്ട് രാത്രിയിൽ ഉറങ്ങിപ്പോയി.
രാവിലെ ഏറ്റവും നല്ല ഒരു ഷർട്ടും മുണ്ടും ഉടുത്തു, പതിവില്ലാതെ ഒരു ചന്ദന കുറിയും തൊട്ടു (അവൾ സ്ഥിരമായി ചന്ദന കുറി തൊടാറുണ്ടായിരുന്നു) നേരത്തെ തന്നെ ഷോപ്പിൽ എത്തി.
മഴക്ക് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവൾ വരുന്നതും നോക്കി ഇരിക്കുകയാണ്, സമയം മുമ്പോട്ടു നീങ്ങാത്തതു പോലെ. അവസാനം അവൾ വരുന്നതിനും കുറെ മുമ്പ് തന്നെ ഞാൻ ഷോപ്പിനു പുറത്തിറങ്ങി നിൽക്കാൻ തീരുമാനിച്ചു, ആ സമയത്തു അങ്ങോട്ടു ആരും വരല്ലേ എന്ന പ്രാർത്ഥനയോടെ…
ചുമരിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കാം...പുറത്തിറങ്ങിയപ്പോൾ ആണ് മനസിലായത് വിദൂരത കിട്ടുന്നില്ല. തൊട്ടടുത്ത് പച്ചക്കറി കടയാണ്, അവിടെ വലിയ ഒരു പഴക്കുല കെട്ടി തൂക്കിയിരിക്കുന്നു..സാരമില്ല, വിദൂരത ഇല്ലെങ്കിലും കുഴപ്പമില്ല അവിടെ ചാരി നിൽക്കാം.
'ഹലോ, കുറെ നേരമായല്ലോ പുറത്തിറങ്ങി നിൽക്കുന്നു...എന്ത് പറ്റി? നല്ല പൂവൻ പഴമാ, ഒരു കിലോ എടുക്കട്ടേ', തൻറെ പഴക്കുലയിൽ അനധികൃതമായി നോക്കുന്ന എന്നെ കണ്ടു കടക്കാരൻ ഇറങ്ങി വന്നു.
'ഹേയ്, ചുമ്മാ കാറ്റു കൊള്ളാൻ നിന്നതാണ്.'
'അതെന്താ അകത്തു ഫാൻ ഇല്ലേ?' - പുള്ളി വിടാൻ ഭാവമില്ല...
'അയ്യോ , ഉണ്ട്...എനിക്ക് ചെറിയ ജലദോഷം അപ്പോൾ ഫാനിൻറെ കാറ്റ് അധികം കൊള്ളേണ്ട എന്ന് കരുതിയാണ്.'
'എനിക്കും ജലദോഷം ആണ്...കഴിഞ്ഞ ദിവസം മഴ നനഞ്ഞായിരുന്നേ, പക്ഷെ മഴ കാണണമെങ്കിൽ ഇവിടെ ഒന്നും അല്ല, അങ്ങ് വയനാട്ടിൽ പോകണം...'
രാവിലെ മുതൽ ഈച്ച പിടിച്ചു കൊണ്ടിരുന്ന പുള്ളിക്ക് എന്നെ കണ്ടതോടെ ഇര കിട്ടിയത് പോലെ ആയി.
'പണ്ട് ഒരു മഴക്കാലത്ത് ഞാനും അപ്പനും കൂടെ....' പുള്ളി കഥാ പ്രസംഗം ആരംഭിച്ചു…
കാത്തിരിപ്പിനൊടുവിൽ അതാ അവൾ കൂട്ടുകാരികളുടെ കൂടെ ചിരിച്ചു കളിച്ചു വരുന്നു...എൻറെ കാമുക ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. ഞാൻ കൈകൾ കെട്ടി പ്രേം നസീറിനെ പോലെ പുഞ്ചിരിയോടെ നിന്നു…ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു.
അവൾ ഷോപ്പിനു മുന്നിൽ എത്തി, ഉള്ളിലേക്ക് എത്തി നോക്കിയ ശേഷം വേഗത്തിൽ നടന്നു പോയി. ശേ, ഈ അലവലാതി നിൽക്കുന്ന കാരണം അവൾ ഞാൻ നിൽക്കുന്ന സ്ഥലത്തേക്ക് നോക്കിയതേ ഇല്ല.... അപ്പോൾ ഞാൻ പുറത്തു നിൽക്കുന്നത് അവൾ അറിഞ്ഞിട്ടില്ല, അല്ലാതെ വരാൻ വഴിയില്ല. കാരണം അവൾ ഷോപ്പിനകത്തേക്കു നോക്കിയിട്ടാണല്ലോ പോയത്.
'അവസാനം അപ്പൻ തലയും കുത്തി തോട്ടിലേക്ക് ഒറ്റ വീഴ്ച....ഹി ഹി ഹി'.
പുള്ളി ആ സമയം മുഴുവൻ തകർക്കുകയായിരുന്നു. സ്വന്തം അപ്പൻ തോട്ടിൽ വീണതിന് ഇയാൾ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ഒരാൾ ഫോൺ ചെയ്യാൻ വന്നത് കൊണ്ട് തത്കാലം ഞാൻ പുള്ളിയിൽ നിന്നും രക്ഷപ്പെട്ടു.
അവൾക്കു നല്ല വിഷമം ആയിക്കാണും, എന്നെ കാണാത്തതിൽ...പാവം. സാരമില്ല വൈകുന്നേരം ആകട്ടെ വാതിലിനു മുന്നിൽ തന്നെ നിൽക്കാം എന്ന് വിചാരിച്ചു ഞാൻ എൻറെ സ്വപ്ന സൗധത്തിൽ മാർബിൾ ഇടാൻ തുടങ്ങി... നെറ്റിയിലെ ചന്ദനം വൈകുന്നേരം വരെ കളയാതെ സൂക്ഷിച്ചിരുന്നു...
നാലു മണി കഴിഞ്ഞല്ലോ…അവൾ വരാൻ ഉള്ള സമയം കഴിഞ്ഞിരിക്കുന്നു, അവളുടെ കൂടെ പോകാറുള്ള ചില കുട്ടികൾ പോയിക്കഴിഞ്ഞു...ഇനി രാവിലെ എന്നെ കാണാൻ പറ്റാത്ത വിഷമത്തിൽ എന്തെങ്കിലും...
അശുഭ ചിന്തകൾക്കൊടുവിൽ അതാ അവൾ വരുന്നു.
മനസ് സന്തോഷത്താൽ തിര തല്ലി...വാതിലിനു മുന്നിൽ തന്നെ ഒരു ചെറു ചിരിയോടെ ഞാൻ നിന്നു.
അവൾ ഷോപ്പിനു മുന്നിൽ നിന്ന്, എത്തി വലിഞ്ഞു ഉള്ളിലേക്കു നോക്കുന്നു???
മനസിലെ സ്വപ്ന സൗധം തകർന്നു വീഴുന്ന ശബ്ദത്തിനിടയിലും അവൾ കൂട്ടുകാരിയോട് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു-
'എടീ നമ്മൾ ഇന്ന് പത്തു മിനിറ്റ് വൈകി, സമയം നാലര ആയി'. അവിടെ നിന്നുകൊണ്ട് തന്നെ ഞാൻ ഭിത്തിയിൽ തൂങ്ങി നിൽക്കുന്ന എൻറെ വില്ലനെ നോക്കി...
അജന്ത ക്ലോക്ക്!!!
അവൾ നോക്കിയത് മുഴുവൻ അവനെയായിരുന്നു. തകർന്ന മനസുമായി ഞാൻ കസേരയിൽ ഇരുന്നു...ആലോചിക്കുന്തോറും ചിരിയും കരച്ചിലും ഒരുമിച്ചു വരുന്ന പോലെ.
'എന്താടാ കള്ള കാമുകാ, നിൻറെ ലൈൻ ഇപ്പോ അങ്ങ് പോയതല്ലേ ഉള്ളു, നീ സ്വപ്നം കാണുവാണോ?'- ചങ്ക് ഫ്രണ്ട്, അവൻറെ ബിരിയാണിയുടെ കാര്യം ഓർമ്മിപ്പിക്കാൻ വന്നതാണ്.
നല്ല ദേഷ്യം ആണ് വന്നതെങ്കിലും, 'ഓ ഇതൊക്കെ എന്ത്?' എന്ന് പറഞ്ഞു കൊണ്ട് ഒരു വളിച്ച ചിരി ചിരിച്ചു.
പിന്നെയുള്ള ദിവസങ്ങളിലും അവൾ അവളുടെ "നോട്ടം" തുടർന്നു. ചങ്ക് ഫ്രണ്ട് ബിരിയാണി കൊടുക്കുന്നുണ്ടോ എന്നറിയാൻ രണ്ടു ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും വരും. ഞാൻ വീണ്ടും പഴയ പോലെ തന്നെ ആയി...
പക്ഷെ എന്നെ പ്രണയത്തിൻറെ മാസ്മരിക ലോകത്ത് എത്തിച്ച അവൾക്കായി മനസ്സിൽ തകർന്നു പോയ സ്വപ്ന സൗധം ഞാൻ വീണ്ടും നിർമിച്ചു. അതിനെ മാർബിൾ കൊണ്ട് പൊതിഞ്ഞു എൻറെ പ്രണയത്തിൻറെ താജ്മഹൽ ആക്കി... അബദ്ധം പറ്റിയതാണെങ്കിലും ഇന്നും എൻറെ ഓർമ്മകൾ അവിടെ നിത്യ സന്ദർശനം നടത്തുന്നു...
-അനൂപ് കുമാർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot