നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുലി പൂച്ചയായ കഥ~~~~
രാവിലെ തന്നെ സൂര്യൻ എഴുന്നേറ്റ് തന്റെ ചില്ല് വണ്ടിയെടുത്ത് ആ വലിയ മലയുടെ മുകളിലേക്ക് ഓടിച്ചു പോയി.
അവിടെ എത്തിയപ്പോൾ ആ ചില്ലുവണ്ടിയുടെ ഉള്ളിലെ ലൈറ്റുകൾ ഓരോന്നായി ഓൺ ചെയ്തു. അങ്ങിനെ ഭൂമിയിൽ പ്രകാശം പരന്നു.
കാടിന്റെ ഭാഗത്തെ ലൈറ്റ് തെളിഞ്ഞപ്പോൾ ഗുഹയിൽ നല്ല കൊഴുത്തു തുടുത്ത മാനിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന സ്വപ്നം കാണുകയായിരുന്ന ഇമ്മടെ ഈ കഥയിലെ നായകൻ പാച്ചൻ പുലി ഒന്ന് മുരണ്ടു... കയ്യും കാലുമൊക്കെ നീട്ടിവലിച്ചു ചുരുട്ടി പിന്നെയും തിരിഞ്ഞു കിടന്നു.
ദൗർഭാഗ്യമെന്നു പറയട്ടെ. ആ മുരളലിലും തിരിഞ്ഞു കിടത്തത്തിലും പരിഭവിച്ചു സ്വപ്നത്തിലെ ' ആ മാൻ ' കളി നിർത്തി ഇറങ്ങി ഓടിപ്പോയി. അല്ലേലും മാനിന് മടുത്തുകാണും കുറേനേരമായില്ലേ ഓടുന്നു. ഒരു വിശ്രമമൊക്കെ വേണ്ടേ ഇത്.
കണ്ണു തുറന്നും അടച്ചും നോക്കിയിട്ടും മാനിന്റെ പൂട പോലും കാണാൻ പറ്റാതിരുന്ന ദേഷ്യത്തിലാണ് പാച്ചൻ പുലി കണ്ണു തുറന്നത്.
നോക്കുമ്പോ പെണ്ണുംപിള്ള പുലി കാൽക്കൽ തന്നെ കിടക്കുന്നുണ്ട്. പാച്ചൻ പുലിയുടെ നോട്ടം കണ്ടപ്പോ പെണ്ണുംപിള്ള പുലി തല പൊക്കി ആദ്യം തന്നെ പറഞ്ഞ ഡയലോഗ് ഇതായിരുന്നു.
" എഴുന്നേറ്റ് വല്ല വേട്ടയ്ക്കും പോ മനുഷ്യാ... ഏത് നേരവും ഇങ്ങിനെ ചുരുണ്ടു കൂടി കിടന്നുറങ്ങിയാൽ തിന്നാനുള്ളത് നിങ്ങടെ അപ്പൻ കൊണ്ടോന്നു തരുവോ. "
ആഹാ രാവിലെ തന്നെ അപ്പന് വിളി കേട്ടുകൊണ്ടുള്ള തുടക്കം. ഇന്ന് അടിപൊളിയായിരിക്കും.
" നീയൊന്ന് മിണ്ടതിരുന്നെ മാളുപ്പുലിയേ... രവിലെ തന്നെ ഇട്ട് ചൊറിയാതെ... എനിക്ക് രാവിലെ തന്നെ മാന്താനുള്ള മൂഡില്ല. "
" ആ എന്നാ ഞാൻ മാന്തി തരാം.... അല്ല എന്റെയൊരു വിധി നോക്കണേ... എത്ര നല്ല ചുണക്കുട്ടന്മാർ പുലികൾ പിന്നാലെ കെഞ്ചി നടന്നതാണ്. അതിലൊന്നും പെടാതെ കൃത്യമായി ഞാൻ വന്നു വീണത് ഈ കാലമാടന്റെ തലയിലായല്ലോ എന്റെ വനദേവതേ...
അതിനെങ്ങിനെയാ ... പിന്നാലെ നടക്കുന്ന സമയത്ത് എന്തായിരുന്നു... രാവിലെ വരുമ്പോ മാനിറച്ചി, ഉച്ചയ്ക്ക് വരുമ്പോ മുയലിറച്ചി, വൈകിട്ട് വരുമ്പോ പോത്തിറച്ചി ... പിന്നെ മ്ലാവ്, മീൻ , പന്നി.... ഹോ എന്തായിരുന്നു പ്രകടനം... മയക്കിയെടുത്തില്ലേ എന്നെ... ഇപ്പൊ പിള്ളേര് എത്രയാ എന്നാ വിചാരം. അക്കാര്യത്തിൽ മാത്രം ഒരു മടിയുമില്ലായിരുന്നു. ഇപ്പൊ അതിനും മടി. വയറ്റിന്ന് വരുത്തിയാമാത്രം പോര വയറ്റിലേക്ക് വല്ലോം കൊടുക്കണം. "
" വയറ്റിലേക്ക് തന്നതല്ലേ നീ പുറത്തേക്ക് വരുത്തിയത് " പാച്ചൻ പുലി പിറുപിറുത്തു.
" എന്തോന്ന് ...? എന്തോന്ന്....? വല്ലോം പറഞ്ഞോ...? "
" ഹോ...ഇല്ലെടി...ഞാൻ പ്രാർത്ഥിച്ചതാണെന്നു... "
" ഓ... പ്രാർത്ഥിച്ചോ പ്രാർത്ഥിച്ചോ... ബാക്കിയുള്ളവരു ഒരു കഷണം പച്ചയിറച്ചി കഴിച്ചകാലം മറന്നു . അതേ... ഒരുകാര്യം പറഞ്ഞേക്കാം. ഇനിയാകെ അരക്കിലോ ഉണക്കയിറച്ചി മാത്രമേ ഇരിക്കുന്നുള്ളൂ. അതും എന്റെ വീട്ടുകാർ കഴിഞ്ഞാഴ്ച്ച വന്നപ്പോ കൊണ്ടുവന്നത് കാരണം... ഒരുളുപ്പുമില്ലാതെ വെട്ടിവിഴുങ്ങാൻ ഇങ്ങോട്ട് വരണ്ട. എന്റെ വീട്ടിലൊന്നും ഞങ്ങൾ ഇങ്ങിനെ ജീവിച്ചിട്ടില്ല. ഹോ ഇങ്ങിനെയുണ്ടോ ദാരിദ്ര്യം... ദാരിദ്ര്യം "
" ഹാ ... ഞാൻ പോകാഞ്ഞിട്ടാണോ കിട്ടാത്തത് കൊണ്ടല്ലേ "
" അതെന്താ നിങ്ങക്ക് മാത്രം കിട്ടാത്തെ...ഇന്നലെ ഞാൻ പുറത്തേക്കിറങ്ങിയപ്പോ അപ്പുറത്തെ മാളത്തിലെ കുറുക്കൻ പച്ചിറച്ചി കടിച്ചു തിന്നുന്നു. ഹോ...എന്റെ വായിൽ വെള്ളം വന്നു പോയി. എന്റെ നിൽപ്പും നോട്ടവും കണ്ടിട്ടാവും അവനെന്നോട് ഒരു ചോദ്യം.... ' വേണോന്ന് '. ഞാൻ നീട്ടി ആട്ടിയൊരു തുപ്പ് തുപ്പിയിട്ട് കേറിപ്പോന്നു. പണ്ടേ അവനെന്റെ മേത്ത് ഒരു കണ്ണുള്ളതാ. ഇനിയും നിങ്ങളിങ്ങനെ തുടങ്ങിയാൽ ചിലപ്പോ ഞാൻ അവന്റെ കൂടെയങ്ങ് ഇറങ്ങിപ്പോകും... കുറുക്കനെങ്കിൽ കുറുക്കൻ... മൂന്ന് നേരം പട്ടിണി കൂടാതെ ജീവിക്കാമല്ലോ...അന്നേരം പുലികുടുംബത്തിന് നാണക്കേടുണ്ടാക്കി എന്നും പറഞ്ഞു മോങ്ങിക്കൊണ്ടു വാളും പരിചയും എടുത്തോണ്ട് വരരുത്. പറഞ്ഞേക്കാം.... സംരക്ഷിക്കാൻ കഴിവുള്ളവനെയെ പെണ്ണ് ആണെന്ന് വിളിക്കൂ. "
" ഡീ #@@###@@##.... "
" ഓ നാട്ടിലെ പട്ടീടെ കൂട്ട് കുരച്ചു ചാടിക്കോ... നിങ്ങളെക്കൊണ്ടു അതിനല്ലേ കൊള്ളുകയുള്ളൂ..."
" എടി നാശം പിടിച്ചവളേ... അവനൊക്കെ വല്ലോനും തിന്നതിന്റെ എച്ചിൽ എടുത്തോണ്ട് വന്നു തിന്ന് ജീവിക്കുന്നവനാണ്. നമ്മുടെ പുലി കുടുംബത്തിൽ ഇന്നുവരെ ആരും എച്ചിൽ തിന്നു ജീവിച്ചിട്ടില്ല. സായിപ്പിനെ വരെ വിരട്ടിയിട്ടുള്ളവരുടെ പരമ്പരയിൽ പെട്ടിട്ടുള്ളവരാണ് നമ്മുടെ കുടുംബക്കാർ..."
" ഓ പിന്നേ... കൊറേ പുളിച്ച കുടുംബ പുരാണം. എനിക്കും പിള്ളേർക്കും തിന്നാനുള്ളത് ഉണ്ടാക്കി തന്നാൽ മതി. വേറൊന്നും നിങ്ങൾ ഉലത്തണ്ട..."
" പാച്ചനുണ്ടാടാ ഇവടെ...?? " അപ്പോഴാണ് പുറത്തു നിന്ന് ഒരൊച്ച.
" ആരാന്ന് നോക്ക്. " പാച്ചൻ പുലി ശബ്ദം താഴ്ത്തി മാളു പുലിയോട് പറഞ്ഞു.
" ഓ നിങ്ങടെ ആൽമാത്ര കൂട്ടുകാരനാണ്.. ചെല്ലൂ വല്ല നുണയും പറഞ്ഞിരിക്കാനാവും " മാളു പോയി ഒളിച്ചു നോക്കിയിട്ട് വന്ന് പറഞ്ഞു. ഒപ്പം ഒരു ആത്മഗതവും
" നമ്മക്ക് കുറുക്കന്റെ കൂടെയുള്ള ജീവിതമാണ് വിധിച്ചേക്കണതെന്നാണ് തോന്നണത്.."
പാച്ചൻ പുലി മിണ്ടിയില്ല. എന്തിനാ വെറുതെ ഇറുക്കിക്കൊണ്ടിരിക്കുന്ന ഞണ്ടിന്റെ കാലിൽ കൊണ്ടുപോയി തല വെച്ചു കൊടുത്തിട്ടു അലറുന്നത്.
പെണ്ണിന്റെ നാക്ക് ക്ലോക്കിന്റെ സൂചി പോലെയാണ്. ബാറ്ററി തീരണത് വരെ ചലിച്ചോണ്ടിരിക്കും. അതും പോരാഞ്ഞിട്ട് ഇനി എക്സ്ട്രാ അലാറം കൂടി എന്തിനാ വെയ്ക്കണത്...പകരം വിളിച്ചു ചോദിച്ചു.
" ആരണ്ടടാ അത് "
" ഞാനാണ്ടാ പാണ്ടനാ..."
പാച്ചൻ പുലി മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു വന്നു പറഞ്ഞു.
" ആ... ഇങ്ങളായിരുന്നാ... ഞാനോർത്തു അപ്പുറത്തെ സഞ്ജു പുലി എങ്ങാനും ആയിരിക്കുമെന്ന്. കഴിഞ്ഞാഴ്ച്ച ഒരു രണ്ടു കിലോ ഇറച്ചി കടം വാങ്ങിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു കൊടുക്കാമെന്നു പറഞ്ഞതാ. ഇതുവരെ കൊടുക്കാനൊത്തില്ല. അതെങ്ങാനും ചോദിച്ചു വന്നേക്കുവാണെന്നു കരുതി. "
" ഓ... അതിനി തിരിച്ചു ചോദിക്കില്ലെടാ. അവൻ നല്ല മനസ്സുള്ളവനാണ്.... "
" അങ്ങിനെ ആയാൽ അവന് നല്ലത്. അല്ലെങ്കിൽ ചോയ്ച്ചു ചോയ്ച്ചു അവൻ വയ്യാണ്ടാകും. അത്ര തന്നെ... ആട്ടെ... ഇങ്ങളെന്താണ് ഈ പൊലർച്ചയ്ക്ക് തന്നെ... ? "
" അ... ത്.... വേറൊന്നുമല്ലെടാ... നിന്റടുത്ത് ഒരു ഒന്നരക്കിലോ ഇറച്ചി എടുക്കാനുണ്ടാകുമോ... വെറുതെ വേണ്ട. തിരിച്ചു തരുമ്പോ രണ്ടു കിലോ തരാം. ഇളയവന്റെ ബർത്ത് ഡേ ആണ്. വീട്ടിലാണെങ്കി ഒന്നുമില്ല. പെണ്ണ് സ്വൈര്യം തരുന്നില്ല അതാ പൊലർച്ചയ്ക്ക് അലർച്ച കേക്കണ്ടന്ന് കരുതി നിന്നോട് ചോദിച്ചത്. "
" ആഹഹ... അടിപൊളി... ഇങ്ങളെന്താണ് പാണ്ടേട്ടാ ഈ പറയുന്നത്. ഞാനെന്താ ഇവിടെ വല്ല കടയും നടത്തുകയാണോ. ? നല്ലൊരു വേട്ട നടത്തിയ കാലം മറന്നു. എപ്പോഴും ഒരു ക്ഷീണവും തളർച്ചയും... നിങ്ങൾക്കൊരു സത്യം അറിയോ... ?? ഈ ചൂടോടെയുള്ള ഇറച്ചിയുടെ രുചി എന്താണെന്ന് തന്നെ ഞാൻ മറന്നു. "
" നന്നായി.... അങ്ങിനെ ആ പ്രതീക്ഷയും കല്ലടയാർ കടന്ന് കാനഡയ്ക്ക് പോയി... "
" നല്ലൊരു വേട്ട നടത്തിയ കാലം മറന്നു പാണ്ടേട്ടാ... എനിക്കിപ്പോ ഒരു സംശയം ഇമ്മടെ ഭൂമി ഇപ്പൊ കറങ്ങുന്നത് ജീവജാലങ്ങളെയും കൊണ്ടാണോന്നാ... കറങ്ങി കറങ്ങി നമ്മളിപ്പോ സൊമാലിയൻ കാടുകളിൽ ആണാവോ... പുറത്തേക്കിറങ്ങിയ ഒന്നിനേം കാണാനില്ലെന്ന്... ഇനി വല്ലോത്തിനെയും അബദ്ധത്തിൽ കണ്ടാലോ ഒടുക്കത്തെ ഓട്ടവും. മാനും മുയലും ഒക്കെ വല്ല ഉത്തേജക മരുന്നും കഴിക്കുന്നുണ്ടാകുമോ ആവോ. എന്തൊരു മുടിഞ്ഞ ഓട്ടമാണ് പണ്ടരങ്ങൾ...ഉന്നം പിടിച്ചു വരുമ്പോഴേക്കും അന്തരീക്ഷത്തിൽ കുറച്ചു പൊടി, പുല്ലിന് രണ്ടാട്ടം... അത്രേ കാണാനുള്ളൂ. ഇര എത്തണ്ടിടത്ത് എത്തിയിട്ടുണ്ടാകും. ഹോ തോറ്റു... "
" നിനക്കത്... എന്റെ പാച്ചാ... എന്റെ സംശയം അതല്ല. ഇവറ്റോൾക്ക് ഒക്കെ ഇപ്പൊ കുടിവെള്ളം വല്ല കുപ്പി കമ്പനിക്കാരു സ്പോൺസർ ചെയ്യുന്നുണ്ടോ എന്നാണ്. കഴിഞ്ഞാഴ്ച്ച ഞാൻ ആ അരുവിയുടെ അവിടെ രാവിലെ മുതൽ ഒളിച്ചിരുന്ന് ഉച്ച കഴിഞ്ഞു നോക്കിയിട്ടും മരുന്നിന് പോലും ഒരെണ്ണം വന്നില്ല. അവസാനം കാത്തിരുന്ന് കാത്തിരുന്ന് ഞാൻ മയങ്ങിപ്പോയി... അയ്‌ നല്ല അടിപൊളി കാറ്റല്ലേ... പെട്ടെന്ന് കണ്ണ് തുറന്ന് നോക്കിയപ്പോ മാനത്ത് ചന്ദ്രേട്ടൻ ചിരിച്ചോണ്ട് നിക്കാണ്.... അതും ഒരുമാതിരി ആക്കിയ ചിരി... ഹോ നാണിച്ചു പോയി... ഗുഹയിലേക്ക് നടന്നപ്പോ അറിയാണ്ട് വാല് കാലിന്റെടേല് കേറിപ്പോയി ഇഷ്ടാ... "
" ഹും... ഇനിയുള്ള കാലം വേട്ടയാടി ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... വേറെന്തെങ്കിലും പരിപാടി കണ്ടെത്തേണ്ടിയിരിക്കുന്നു. "
" അല്ല പാച്ചാ... നിനക്കെന്താണ് പറ്റിയത്... ? ഈ കാട് കണ്ട ഏറ്റവും മികച്ച വേട്ടക്കാരനായിരുന്നല്ലോ നീ... കാലൻ പുലി എന്നല്ലായിരുന്നോ നിന്റെ ഇരട്ടപ്പേര്‌ തന്നെ... നിന്റെ കണ്മുമ്പിൽ നിന്ന് ഒരിരയും രക്ഷപ്പെട്ട ചരിത്രം ഇല്ലല്ലോ... ഇപ്പൊ ഐസുകട്ടയിൽ വീണ വെള്ളത്തുള്ളി പോലെയായല്ലോ നീ... "
" ഒന്നും പറയണ്ട പാണ്ടേട്ടാ... ഇപ്പൊ എന്താണെന്നറിയില്ല ഭയങ്കര ക്ഷീണവും തളർച്ചയും... മറ്റു മൃഗങ്ങൾ ഒക്കെ വല്ല കൂടോത്രവും ചെയ്തോ ആവോ...??? ആ... അതൊക്കെ വിട്... നിങ്ങള് സമയം കളയാതെ ആ സഞ്ജു പുലിയുടെ അടുത്ത് ഒന്ന് പോയി നോക്ക്. ചെക്കന്റെ ബർത്ത് ഡേ അല്ലേ... "
" ആ... ഇനി അതാ ഒരു പ്രതീക്ഷ... കുറെയായി അവന്റെ കാരുണ്യം കൊണ്ടു ജീവിക്കുന്നു. കാര്യം അവനൊന്നും ചോദിച്ചിട്ടല്ല. എന്നാലും ഒരു പുലിച്ചമ്മൽ... ചെക്കന്റെ കാര്യമല്ലേ... ഒന്ന് പോയി കണ്ടെച്ചും വരാം. അല്ലേൽ ആ പൂതന പെമ്പ്രന്നോത്തി സ്വൈര്യം തരില്ല. "
" അല്ലേലും കൂടെയൊരു പെണ്ണ് വരുന്നത് വരെയുളളൂ ആണുങ്ങൾ പുലികൾ ... അതുകഴിഞ്ഞാൽ ഒക്കെ പൂച്ചകളാണ് പാണ്ടേട്ടാ ... അതിപ്പോ മനുഷ്യരിൽ ആയാലും മറ്റു മൃഗങ്ങളിൽ ആയാലും അങ്ങനെയൊക്കെ തന്നെ... "
" ശരിയാടാ നീ പറഞ്ഞത്. ആ എന്തായാലും ഞാനങ്ങോട്ട് ചെല്ലട്ടെ... പിന്നെ കാണാം... "
യാത്ര പറഞ്ഞു പോകുന്ന പാണ്ടൻ പുലിയെ നോക്കി നിൽക്കുമ്പോൾ അറിയാതെ പാച്ചൻ പുലി ഒരു നെടുവീർപ്പിട്ടു. വേട്ടയാടലിന്റെ ബാല്യ പാഠങ്ങൾ പഠിപ്പിച്ചു തന്ന ആളാണ്. ഇപ്പൊ അന്യനെ ആശ്രയിച്ചു..... എന്തു ചെയ്യാം തനിക്കൊന്നിനും കഴിയുന്നില്ലല്ലോ. ആ നശിച്ച...
ആ ദിവസത്തെ കുറിച്ചു പാച്ചൻ പുലി ഓർത്തു.
അന്ന് ഏറ്റവും ഇളയ മോൻ ഉണ്ടായതിന്റെ മൂന്നാം മാസം പതിവു പോലെ വേട്ടയ്ക്കിറങ്ങിയതാണ്. മരക്കൂട്ടങ്ങൾക്കിടയിലെ ആ ഉറവ... നേരത്തെ ഗർഭിണിയായ മാളുവിനെ നടത്തിക്കാൻ കൊണ്ടുപോയ അന്ന് കണ്ണിൽ പെട്ടതാണ്. ഒരുപാട് കാൽപ്പാടുകളും.... അന്നേ ഉറപ്പിച്ചിരുന്നു....
അവിടെത്തി ലൊക്കേഷൻ സെറ്റ് ചെയ്തു. ഇത്തിരി ദുർഘടമാണ്. ഒരു മരക്കൊമ്പിന്റെയും പാറയുടെയും ഇടയിലൂടെ വേണം കുതിച്ചു ചാടാൻ. എല്ലാവരും ആ ബുദ്ധിമുട്ടോർത്തു പിന്മാറിയതാണ്. പക്ഷേ ഇതൊക്കെ നമുക്കെന്ത്. ഇതിലും വലുത് ചാടി കടന്നിട്ടുള്ളവനാണ് ഈ കെ കെ ... അല്ല പാച്ചൻ പുലി.
ഇരകൾ ഒറ്റയ്ക്കും കൂട്ടമായും വന്നു തുടങ്ങി. ഇത്രയും കൊഴുത്ത മാനുകളെ ഇതുവരെ കണ്ടിട്ടില്ല. അനങ്ങാതിരുന്നു ... ചെറിയൊരു സംശയം തോന്നിയാൽ എല്ലാം ചിതറിയോടും. വെള്ളം കുടി പകുതിയാകുന്ന സമയത്ത് വേണം ചാടാൻ കാരണം ആ സമയത്താണ് വെള്ളം കുടി ആസ്വാദ്യമായി തോന്നുക. അപ്പോൾ സ്വയം മറന്നു അതിൽ തന്നെ മുഴുകി നിൽക്കും....അങ്ങിനെ ഇരയെ ടാർജറ്റ് ചെയ്തു ഫോക്കസ് ചെയ്‌തു കണ്ണും മനസ്സും അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു. കൃത്യം സമയത്ത് തന്നെ കുതിച്ചു ചാടി. പക്ഷേ....
പെട്ടെന്ന് എവിടുന്നോ കണ്മുമ്പിൽ കൂടി പറന്നു പോയ കിളിയാണ് തലയ്ക്കുള്ളിലെ കിളിയെ പറത്തി വിട്ടത്.
ഉന്നോം തെറ്റി എല്ലാം തെറ്റി... ഡിം... ദേ തല ചെന്ന് മരക്കൊമ്പിൽ ഒറ്റയിടി.... നേരെ കയ്യും കാലും വിരിച്ചു പിടിച്ചു അടിയിലെ പാറയിലേക്ക്...
ശരീരത്തിലെ പ്രധാന സംഭവം....അതന്നെ.... മൊത്തം ബുൾസ് ഐ....
കണ്ണിൽ നാല് ബോളുകൾ.... ഏത് ബോളുകളാണ് അതൊക്കെ എന്ന് മനസ്സിലായപ്പോഴേക്കും രണ്ടെണ്ണം താഴേക്ക് തന്നെ ഇറങ്ങിപ്പോയി... കാര്യമില്ല... കലങ്ങിപ്പോയി... എല്ലാം വളരെ പെട്ടെന്നായിരുന്നു.
വിരിച്ചിട്ട പുലിത്തോൽ പോലെ പാറയിൽ അനങ്ങാൻ പോലും പറ്റാതെ കമിഴ്ന്നു കിടക്കുമ്പോൾ ഒച്ചയും ബഹളവും കേട്ട് ഓടിയ മാനുകൾ അപ്പുറത്ത് മാറി നിന്ന് കൂട്ടച്ചിരി.
അതിൽ ഉന്നം വെച്ച മാനിനാണ് ഏറ്റവും കൂടുതൽ ചിരി. ഉന്നം തെറ്റിയില്ലായിരുന്നെങ്കിൽ ഇപ്പൊ പരലോകത്തേക്ക് പാഴ്‌സൽ ആവേണ്ട സാധനമാണ് കളിയാക്കി ചിരിക്കുന്നത്.
മിണ്ടാൻ പോയില്ല. അനങ്ങാൻ പോലും പറ്റുന്നില്ല പിന്നെങ്ങനെ മിണ്ടാൻ... ന്റെ പ്രത്യുല്പാദനം പോയേ എന്നൊന്ന് കരയാൻ തോന്നിപ്പോയി. എപ്പോഴോ ബോധം പോയി.
മുഖത്തൂടി എന്തോ ഒലിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കുമ്പോ തലയിൽ തന്നെ ഒരു കാക്ക വന്നിരിക്കുന്നു. പോരാത്തതിന് മുഖത്തേക്ക് തന്നെ അപ്പിയും... ശവം...
ഒരുവിധത്തിൽ കൈ കുത്തി എഴുന്നേറ്റു. അടിഭാഗം മൊത്തം തകർന്നു തരിപ്പണമായി. ഇഴഞ്ഞും വലിഞ്ഞും ഒരുവിധത്തിൽ ഗുഹയിലെത്തി കിടന്നു.
അന്ന് തുടങ്ങിയതാണ് ഈ ക്ഷീണവും തളർച്ചയും. ശൗര്യം ചോർന്നു പോയ പുലി എന്ന ചീത്തപ്പേര് കേൾക്കാതിരിക്കാൻ ആരോടും ഒന്നും മിണ്ടിയില്ല.
കൊഞ്ചാനും കുഴയാനും വന്ന മാളുവിനോട് ശല്യപ്പെടുത്താതെ പോ എന്ന് പറയാൻ തുടങ്ങിയത് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പറ്റണ്ടേ ഇത് കോപ്പ്.... മൊത്തം മീൻ കൊട്ടയിലെ ഐസ് പോലെ കലങ്ങിപ്പോയില്ലേ... അതുകൊണ്ട് തന്നെയാണ് മാളുവിനും ഇത്ര ദേഷ്യം.
ദീർഘമായി നെടുവീർപ്പിട്ടു പാച്ചൻ പുലി ഗുഹയിലേക്ക് തിരിച്ചു നടന്നു. വാതിൽക്കൽ എത്തിയപ്പോഴേക്കും കണ്ടു മാളുവും പിള്ളേരും ബാക്കിയുള്ള ഉണക്കയിറച്ചി കഴിക്കുന്നു. പാച്ചനെ കണ്ട മാളു പിള്ളേരോട് പറഞ്ഞു.
" വേഗം തിന്നോ പിള്ളേരെ.. ദേ മടിയൻ അച്ഛൻ വരുന്നുണ്ട്. വീതം കൊടുക്കേണ്ടി വരും.."
പാച്ചൻ അകത്തേക്ക് കയറിയില്ല. കയറാൻ തോന്നിയില്ല. നേരെ വെളിയിലേക്ക് നടന്നു. എങ്ങോട്ടാണെന്നു ഒരു ലക്ഷ്യവുമില്ല. പുലി ആത്മഹത്യ ചെയ്ത ചരിത്രം കേട്ടിട്ടില്ല. അല്ലെങ്കിൽ ചെയ്യാമായിരുന്നു. കുറെ ദൂരം നടന്നു ചെന്നു ഗ്രാമാതിർത്തി എത്തി. നിന്നു. ഇനിയെങ്ങോട്ട് പോകണം. തിരികെ പോകാൻ തോന്നുന്നില്ല.
പെട്ടെന്നാണ് ഒരു ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടത്. പാച്ചൻ ഒന്ന് പിടഞ്ഞുണർന്നു. ഉള്ളിൽ ഒരു മോഹം... അടുത്തെത്തിയപ്പോഴേ കണ്ടു. കെണിയാണ്... എന്തോ ഒരു ഉൾപ്രേരണ... മെല്ലെ നടന്നു ചെന്നു ആ കൂട്ടിൽ കയറി... വാതിൽ അടഞ്ഞു... മുമ്പിൽ നിൽക്കുന്ന ആട്ടിൻകുട്ടിയെ നോക്കി... പേടിച്ചു ഇപ്പോൾ മരിച്ചു പോകുമെന്ന ഭയത്തിൽ അലറി കരയുന്ന ആട്ടിൻകുട്ടി. മെല്ലെ തിരിഞ്ഞു കൂട്ടിന്റെ ഒരു മൂലയിൽ കിടന്നു. ഏതെങ്കിലും മൃഗശാലക്കാരുടെ കെണിയാണെങ്കിൽ ഒന്നുമില്ലെങ്കിലും മൂന്ന് നേരം ഭക്ഷണം കഴിക്കാമല്ലോ... ആ ചിന്തയോടെ പാച്ചൻ പുലി കണ്ണുകളടച്ചു വീണ്ടുമൊരുറക്കത്തിന് തയ്യാറായി.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot