നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സചേതനം

Image may contain: 2 people, people smiling, people standing, ocean, sky, beach, outdoor, nature and water

——————————-
സിരകളിലേക്ക്‌ പടർന്നു പിടിച്ച സ്വപ്നങ്ങളുടെ ഉന്മാദത്തിലേറി അവൾ ഗാഢനിദ്രയിലേക്കു വീണു തുടങ്ങിയിരുന്നു. കനത്ത മഴ പെയ്തു തോർന്ന ആ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അപ്പോഴായിരുന്നു അയാളുടെ വാക്കുകൾ ഫോണിലൂടെ അവളിലേക്കെത്തിയത് .ചോര ചീറ്റിക്കൊണ്ട് പിടഞ്ഞിരുന്ന ഹൃദയം ഒരു വേള നിശ്ചലമായ പോലെ,എത്ര നേരം ഫോൺ കാതോടു ചേർത്തു പിടിച്ചു കൊണ്ട് അവളാ ഇരിപ്പു തുടർന്നെന്ന് അവൾക്ക് തന്നെ നിശ്ചയം പോരായിരുന്നു . അയാൾ കശക്കിയെറിഞ്ഞ,കനപ്പിച്ചയാ വാക്കുകൾ ബോധമണ്ഡലത്തിന്റെ ഉള്ളറകളിൽ പതിഞ്ഞിട്ട് നിമിഷങ്ങളേറെ കഴിഞ്ഞിരുന്നുവെങ്കിലും,ഇപ്പോഴും അവളുടെ മനസ്സിൽ അവ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു .
"നമുക്ക് പിരിയാം ചേതൂ..ഇനിയൊരിക്കലും നീയെന്നെ കേൾക്കില്ല .."
ഹാ .. കഷ്ടം !
എത്രയെളുപ്പത്തിൽ അയാൾക്കിത് പറയാൻ കഴിഞ്ഞു ! ചിന്താശക്തിയും വിവേകവും നഷ്ടപ്പെട്ടു,വെറുമൊരു ജഡമായി തീർന്നുവോ അയാൾ ? മജ്ജയും മാംസവുമുള്ള എന്റെ പ്രണയത്തെ കാണാനുള്ള മനക്കണ്ണ് അയാൾക്കെവിടം വെച്ചാണ് കൈ മോശം വന്നത് ? വിടരാൻ വെമ്പി നിൽക്കുന്ന പൂമൊട്ടിനോട് ഉടൻ വാടിക്കരിയാൻ ആജ്ഞാപിച്ച പോലെയേ അയാളുടെ വാക്കുകളെ അവളുടെ മനസിനു വ്യാഖ്യാനിക്കായുള്ളൂ .
മദ്യ ചഷകങ്ങളെ കമിഴ്ത്തി വെച്ചു,നിന്നോടുള്ള പ്രണയത്തോളം ലഹരി മറ്റൊന്നിനുമില്ല എന്നയാൾ പറഞ്ഞിട്ട് വാരം ഒന്നു കഴിഞ്ഞുവോ ?നിന്നോളം ചെറുതായി എനിക്ക് നീയാകണം ചേതൂ എന്ന് പ്രണയ വിവശനായി,മന്ദമാരുതന്റെ കുളിർമ്മയോടെയുള്ള വാക്കുകളിലൂടെ എനിക്കായി ഓതിത്തന്നത് ഇത്രയെളുപ്പത്തിൽ അയാൾക്കെങ്ങനെ മറക്കാനായി ?
ഇപ്പോൾ പറഞ്ഞ ആ വാക്കുകളിൽ തെന്നലിന്റെ ആർദ്രതയോ,മനസ്സലിയിപ്പിക്കുന്ന സൗകുമാര്യമോ ഇല്ലായിരുന്നു .കൊടുങ്കാറ്റിന്റെ ഊക്കും,ഭയാനകതയും ഒന്നിച്ചടങ്ങിയതായിരുന്നു ആ വാക്കുകൾ .
വെളിച്ചം ചെന്നിട്ടില്ലാത്ത അവളുടെ പ്രണയവാനിൽ പൊടുന്നനെ ഒരു നാൾ പ്രത്യക്ഷപ്പെട്ട കടുത്ത ശോഭയുള്ള താരകമായിരുന്നു അയാൾ .സാമൂഹ്യപ്രവർത്തനവും ,മോട്ടിവേഷൻ ക്ലാസ്സുകളുമായി ഊരു ചുറ്റി നടന്നിരുന്ന അവളെ പ്രണയവചനങ്ങൾക്കുള്ളിൽ തറച്ചിട്ടത് അയാളായിരുന്നു .അന്ന്,തെരുവിലെ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള ധനശേഖരണാർത്ഥം ടൗൺ ഹാളിൽ വെച്ചരങ്ങേറിയ നാടകത്തിനു തിരശ്ശീല വീണ നേരം .. പിഞ്ഞിയ കോട്ടൺ സാരിയും,പാറി പറത്തിയ മുടിയുമായി ഭിക്ഷക്കാരിയായുള്ള പകർന്നാട്ടത്തിനു ശേഷം ഗ്രീൻ റൂമിലേക്ക് മടങ്ങുകയായിരുന്നു .ആ നേരമാണ്,വിയർപ്പു പരന്നൊഴുകിയ അവളുടെ കണ്ണുകൾ,ടീമിനെ അനുമോദിക്കാനായി സ്റ്റേജിലേക്ക് കയറിയ ചിലരുടെ കൂട്ടത്തിലുണ്ടായിരുന്ന അയാളുടെ കണ്ണുകളുമായി കോർത്തത് .അവളുടെ ഹൃദയം കാണാച്ചരടിൽ കുരുങ്ങി ഞെരിയുകയായിരുന്നു ആ നിമിഷം തന്നെ.ജലാശയത്തിനു പുറത്തേക്കു വീണ കുഞ്ഞു മത്സ്യം ശ്വാസത്തിനായി പിടയും പോലെ,അവളുടെ ആത്മാവ് പിടച്ചു.മറിച്ചായിരുന്നില്ല അയാൾക്കും.രണ്ട് ആത്മാക്കൾ പ്രണയത്താൽ ബന്ധിതരാകുന്നത് അപ്രതീക്ഷിതമായുള്ള ആദ്യ കാഴ്ചയിലൂടെയാവാം .
അപൂർണ്ണമായ അവളുടെ ജീവിത വഴിത്താരയിലെവിടെയോ ആയിരുന്നല്ലോ ആ പ്രഥമ സമാഗമം.കോളേജ് പഠന കാലം മുതൽ പല സംഘടനകളുമായി അവൾ ചേർന്നു പ്രവർത്തിച്ചിരുന്നു.വിശപ്പിനെ പഴി ചാരി,മടിക്കുത്തഴിച്ചു സ്വന്തം ശരീരത്തിനായി വിലപേശുന്ന സ്ത്രീകളുടെയും,ദേഹം പങ്കു വെക്കലോടെ ദേഹി വിട്ടകന്ന പ്രണയത്തിന്റെ ശേഷിപ്പുകളായി അവശേഷിച്ച അവിവാഹിതരായ അമ്മമാരുടെയും
പ്രശ്നങ്ങളിലേക്ക് അവൾ ഇറങ്ങി ചെന്നിരുന്നു.അവരിൽ നിന്നും പുരുഷന്റെ നന്മമുഖങ്ങളെക്കാളേറെ അനീതിയുടെ വികൃത മുഖങ്ങളെ പറ്റി
കേട്ടതു കൊണ്ടാകാം,പ്രണയം
തളിർക്കാത്തൊരു തരിശു ഭൂമിയായായിരുന്നു അവളുടെ മനസ്സിനെ അവൾ സ്വയം വിശേഷിപ്പിച്ചതും.എന്നാൽ,പ്രണയത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധവും ഊഷ്മളതയും അന്യം നിന്ന ചേതനയുടെ വരണ്ടു കീറിയ മനസ്സിനു മുൻപിൽ പ്രണയ ദാഹവുമായെത്തിയ പ്രേമഭിക്ഷുവും അല്ലായിരുന്നല്ലോ അയാൾ !
പിന്നെയോ ...?
വളർന്നു വന്ന പരിചയത്തിലൂടെ,വാക്കുകൾ കൈ മാറിയപ്പോൾ ,പലപ്പോഴും അവൾ പറയാൻ തുനിഞ്ഞ കാര്യങ്ങൾ ഞൊടിയിടയിൽ അയാളുടെ വായിൽ നിന്നും ഉതിർന്നു വീണപ്പോഴും ,അത്ഭുതകരമായ പരഹൃദയ ജ്ഞാനം പരസ്പരം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴും,മനസ്സുകളുടെ സഞ്ചാര വഴികളിൽ പോലും അഭേദ്യയൊരു സാമ്യത ഉണ്ടെന്ന് തോന്നിയപ്പോഴും ആയിരുന്നോ ആത്മാവിന്റെ പ്രണയബന്ധനം അവർ തിരിച്ചറിഞ്ഞത് ?
അതോ ,അപൂർണ്ണമായയീ ജീവിതചിത്രം പൂർണ്ണമാകാൻ അയാളെന്ന നാനാവർണ്ണത്തിൽ മുങ്ങിയ തൂലികയുടെ ഉരസൽ വേണമെന്ന് അവൾക്ക് മാത്രം തോന്നിയത് കൊണ്ടായിരുന്നോ ?
അറിയില്ല .
പക്ഷേ,ഒന്നറിയാം ,ഒരായിരം ശരികളുടെ ബലമുള്ള ആ സത്യം .അതവളുടെ ഡയറിയുടെ താളുകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു ..
"എന്നെത്തിരഞ്ഞ ഞാൻ എന്നെ കണ്ടെത്തിയത് അയാളിലായിരുന്നു ..പക്ഷേ,അയാളും ഞാനായിരുന്നു.."
അതിനാലാണല്ലോ അവൾക്ക് അയാളെ നോവിക്കാനാവാത്തത്;അയാളുടെ ഇഷ്ടങ്ങളെ അവളുടെ ഇഷ്ടങ്ങളാക്കി മാറ്റാൻ ഏറെ യത്നിക്കുന്നതും.നടു പകുത്തു,മെടഞ്ഞിട്ട എണ്ണമയമുള്ള നീണ്ട മുടിയാണ് പെണ്ണിനഴകെന്ന് അയാൾ പറഞ്ഞപ്പോൾ ,മാസങ്ങൾക്കു മുൻപ് തോളറ്റം വരെ വെട്ടിയ,ഷാംപൂ പതപ്പിച്ച മുടിയിഴകളെ വിരലിൽ തെരുത്തു വിഷമിച്ചത് ..
വില്ലാകൃതിയിൽ,ആൺഹൃദയത്തിനു നേരെ പ്രണയത്തിന്റെ അമ്പെയ്യാനുതകുന്നവയായിരിക്കണം പ്രണയിനിയുടെ പുരികക്കൊടികൾ എന്നയാളുടെ ഒരു കവിതാസമാഹാരത്തിൽ വായിച്ചതിന്റെ പിറ്റേ നാൾ തന്നെ കട്ടി കൂടിയ അവളുടെ പുരികങ്ങൾ നൂലിലൂടെ കടത്തി വടിച്ചു വില്ലാകൃതിയിലേക്കാക്കിയതും ..
അയാളുമായുള്ള കുഞ്ഞു കലഹങ്ങൾ പോലും കണ്ണുനീരിന്റെ ഉപ്പു പടർന്ന തലയിണയെ അവൾക്കായി ബാക്കിയാക്കാറുണ്ട് .
അയാളുമായി കലഹിച്ചൊരു രാവിൽ ഡയറിയുടെ മറ്റൊരു താളിൽ അവൾ ഇങ്ങനെ കുറിച്ചിരുന്നു ..
"ഞാനിത്രയും ദുർബലയായിരുന്നോ ? അയാളുടെ അവഗണനയുടെ നേരിയ തീച്ചൂട് പോലും ഏറ്റു വാങ്ങാൻ എന്റെ ഹൃദയം അശക്തമാണല്ലോ !അയാളോടുള്ള എന്റെ പ്രണയം ഹൃദയഭിത്തികളും കടന്നു,ആത്മാവിന്റെ അഗാധതയിൽ അലിഞ്ഞു ചേർന്നുവോ !!"
എല്ലാം അയാൾക്കറിയാമല്ലോ ..
എന്നിട്ടും ..
അതേ .. ഒരിക്കൽ അയാൾ പറഞ്ഞിരുന്നു .
"ചേതൂ ..നമുക്കിടയിലൊരു വിട പറച്ചിൽ ഉണ്ടാകുമെങ്കിൽ,അത് നിർദ്ദേശിക്കുക ഞാൻ ആയിരിക്കും .പിരിയാം എന്നുള്ളയാ വാക്കുച്ചരിക്കുന്നത് ഞാനേറെ ഖിന്നനായും ആയിരിക്കും ."
"നമുക്ക് പിരിയാം ചേതൂ ..ഇനിയൊരിക്കലും നീയെന്നെ കേൾക്കില്ല .."
അയാളുടെ വാക്കുകളുടെ തനിയാവർത്തനം മനസ്സിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോൾ അവളോർത്തു,
ഹൃദയവേദനയുടെ സങ്കടക്കുമിളകൾ ഉയർന്നു പൊങ്ങിയിരുന്നോ അയാളുടെയാ വാക്കുകളിൽ ..?
കൊല്ലന്റെ ആലയിലെ അഗ്‌നിയിലുരുകി നീറുന്ന ഇരുമ്പു കഷണത്തിന്റെ തിളച്ചു മറിഞ്ഞയാ പൊള്ളൽ ഉണ്ടായിരുന്നോ അയാളുടെയാ വാക്കുകളിൽ ?
ഇല്ല .. ഉണ്ടായിരുന്നില്ല ..
എന്താണയാൾ ഇങ്ങനെ ആയിപ്പോയത് ?
മറ്റൊരു നാൾ അവൾ ഡയറിയിൽ ഇങ്ങനെ കുറിച്ചിരുന്നു .
"എന്റെ ആത്മാവിന്റെ ഓരോരോ കണികയും അയാളുടെ പ്രണയത്തിനായി കേഴുന്നത് അയാൾ അറിയുന്നില്ലയോ ?എന്റെ പ്രേമതപസ്യയെ തഴയാൻ എന്നെങ്കിലും അയാൾക്കാവുമോ ? മരവിച്ചയെന്റെ ആത്മാവിനെ ഉദ്ദീപിപ്പിക്കാൻ അയാളുടെ വാക്കുകളുടെ തലോടലിനു മാത്രമേ ആവൂ എന്നു ഞാനെങ്ങനെ അയാളെ ബോധ്യപ്പെടുത്തും ?കേവലം ഉടലിന്റെ തേടൽ അല്ലായിരുന്നല്ലോ അയാൾ ..ഹാ ..പ്രണയത്തെ പോലും പ്രണയിക്കാൻ എന്നെ പഠിപ്പിച്ചത് അയാളല്ലേ .."
അയാളുമായുള്ള കൂടിക്കാഴ്ചകൾ പോലും വിരളമായിരുന്നു .പ്രമുഖനായ പത്രപ്രവർത്തകന്റെയും കവിയുടെയും രൂപ ഭാവത്തിൽ പലയിടങ്ങളിലും അവിചാരിതമായി കാണാറുണ്ട് .അപ്പോഴെല്ലാം ഹൃദയം വലിച്ചു അയാളിലേക്കടുപ്പിക്കും പോലുള്ള തിളങ്ങുന്നയാ കണ്ണുകൾ അവളുടെ ഹൃദയാന്തരത്തെ തളർത്തും .സമൂഹമെന്ന സംശയദൃഷ്ടിയുള്ള കഴുകനെ ഭയന്നെന്ന പോലെ,ഉടൻ തന്നെ അവളിൽ നിന്നും കണ്ണുകളെ അയാൾ പറിച്ചെറിയുന്നത് നിർവികാരതയോടെ അവൾ നോക്കി കാണാറുണ്ട് .
അവളുടെ സ്വപ്നങ്ങളെ ഭരിച്ചിരുന്ന അരൂപനായ ഉത്തമ പുരുഷനായിരുന്നില്ല അയാളൊരിക്കലും .പക്ഷെ അയാളിലെ അപൂർണ്ണതകൾക്ക് പോലും ഹൃദയതാളത്തോടു ചേർത്തു വെച്ചു,അവൾ പൂർണ്ണതയേകി .
അതു കൊണ്ടാണല്ലോ ഏറെ വെറുത്തിരുന്ന,ശ്വാസം മുട്ടിച്ചിരുന്ന കത്തുന്ന സിഗരറ്റിന്റെ വാസന പോലും അവൾക്കിന്ന് ഏറെ ആസ്വാദ്യകരമാകുന്നത് ..
അന്നൊരിക്കൽ നഗരത്തിരക്ക് വിഴുങ്ങാത്ത ആ കുന്നിൻ ചെരുവിൽ വെച്ചു ,അവളുടെ കൈത്തലം വാരി പുണർന്നു കൊണ്ടയാൾ പറഞ്ഞു ..
"ചേതൂ ..നീയെന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയിനിയോ കാമിനിയോ അല്ല .ഒരു പക്ഷേ അവസാനത്തേതും ആയേക്കില്ല . ഏതൊരു ബന്ധത്തിന്റെ കൊളുത്തിലും ബന്ധനസ്ഥനാകാൻ കഴിയുന്നവനല്ല ഞാൻ .എന്റെ ആത്മാവിനെ പ്രണയ വചസ്സുകൾ കൊണ്ട് കീറി മുറിച്ചു ഉന്മാദം നല്കാൻ നിന്നെക്കാളേറെ കഴിയുന്ന മറ്റൊരുവൾ ഉണ്ടാകില്ലെന്നും എനിക്കറിയാം .എങ്കിലും, ഒരു കാര്യത്തിൽ മാത്രമേ എനിക്കിപ്പോൾ വാക്കു നൽകാനാവൂ ..നീ എന്നോടൊപ്പം ഉള്ള നാളിലത്രയും മറ്റൊരു പെൺകുട്ടിയെ പ്രണയിക്കാനോ കാമിക്കാനോ എനിക്കാവില്ല ...നിന്നോടുള്ള പവിത്രമായ പ്രണയം കൊണ്ടു തന്നെ,നിന്റെ സദാചാരമായിരിക്കും നമുക്കിടയിൽ എന്റെയും ആചാരം .."
അയാളെ തൊട്ടുരുമ്മിയ അവളുടെ ദേഹത്തെ വിടുവിച്ചായിരുന്നു അയാളത്രയും പറഞ്ഞത് .
കാറ്റിൽ വീശിയാടുന്ന മരച്ചില്ലകളെ നോക്കിയിരുന്നു,നിലാവു പെയ്തിറങ്ങിയ ആ രാത്രിയിൽ ഡയറിയിൽ അവൾ ഇങ്ങനെ കുറിച്ചു .
" അയാളിൽ നിന്നും പുറത്തേക്ക് വരുന്ന ഓരോ വാക്കുകൾക്കായി കാതും മനസ്സും കൂർപ്പിച്ചു വെക്കാൻ ഇപ്പോൾ എനിക്ക് ഭയമാണ്.അയാളെ പ്രണയിച്ചതു പോലെ ഇപ്പോൾ ആർക്കും പിടിതരാത്ത അയാളുടെ ഈ ഭ്രാന്തുകളെ പോലും ഞാൻ വല്ലാതങ്ങു പ്രണയിച്ചു പോകുന്നു.അയാളെ എങ്ങനെയാണു എനിക്കൊന്നു മനസ്സിലാക്കാനാവുക !"
മറ്റൊരു നാളിൽ അവൾ,അവളുടെ തറവാട്ടിലെ ഉത്സവം കൂടാൻ അയാളെ ക്ഷണിച്ചു,യാഥാസ്ഥികരായ അച്ഛനും അമ്മയ്ക്കും മുൻപിൽ അയാളെന്ന പ്രഹേളികയെ എങ്ങനെ അവതരിപ്പിക്കുമെന്ന സംശയത്തോടെ തന്നെ ..ക്ഷണത്തിനു മറുപടി അയാളിൽ നിന്നും ഉടനടി ഉണ്ടായി.
"ദൈവമുണ്ടെന്നു തന്നെ വിശ്വസിക്കാത്ത ഒരാളാണ് ഞാൻ.സ്നേഹമാണെന്റെ മതം,ത്യാഗമാണെന്റെ ജാതി ..ആ ഞാൻ ഉത്സവം കൂടാൻ വരുന്നതിലും വലിയ തമാശ മറ്റെന്തുണ്ട് ചേതൂ ? നിന്റെ കുടുംബക്കാർക്കിടയിലോ ,കൂട്ടുകാർക്കിടയിലോ ഇണങ്ങാൻ യോജ്യനല്ല ഞാൻ,ഞാനെവിടെയും ചേരുന്നവനല്ല ..ഒറ്റയാനാവാനാണ് എനിക്കിഷ്ടം.കുടുംബം ,കുട്ടികൾ എന്നിവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാകും എന്നും നീ ധരിക്കരുത് ചേതൂ ..."
ആർദ്രതയോടെ ,ലഘുവായൊന്നു ചിരിച്ചു കൊണ്ടായിരുന്നു അയാളത് പറഞ്ഞത് .
.
എന്തു കൊണ്ടോ,അയാളെന്ന പോലെ അയാളുടെ തുറന്നു പറച്ചിലുകലും അവൾക്കേറെ പ്രിയമായിരുന്നു.
അവളുടെ ഡയറിയിൽ ഒരു താളിൽ കറുപ്പ് മഷിയാൽ അവളിങ്ങനെ എഴുതി ..
"തിരക്കേറിയ ബസ്സിൽ വെച്ചാണ് ആ മണം എന്റെ നാസാഗ്രങ്ങളെ കടന്നു പിടിച്ചത്.അതെ,അയാളുടെ ചുണ്ടിന്റെ ഗന്ധം .സിഗരറ്റു പുകച്ചു വിട്ടയാ മണത്തിൽ ലയിച്ചിരുന്നു ഗാഢമായ ചിന്തകളിലേക്ക് എത്ര വേഗത്തിലായിരുന്നു ആഴ്ന്നിറങ്ങിയതെന്ന് ഓർമ്മയില്ല .
അയാളെ വല്ലാതെ ഓർത്തു പോയി ആ നിമിഷം .സിഗരറ്റു ചുവയ്ക്കുന്ന അയാളുടെ വാക്കുകളെ കേൾക്കാൻ വേണ്ടിയായിരുന്നു ഉടനെ ഫോണിൽ വിളിച്ചത്, പക്ഷേ ,അയാൾ എടുത്തില്ലല്ലോ .."
അയാളൊരു മരീചികയായിരുന്നു അവൾക്കെന്നും .ആവേശത്തോടെ ഓടിയെത്തുമ്പോഴേക്കും അപ്രത്യക്ഷനായിക്കൊണ്ടിരുന്നു അയാൾ .ഒരു പക്ഷേ,അവളുടെ പ്രണയം സ്വാർത്ഥതയുടെ മേലങ്കിയണിഞ്ഞു അയാളെ വിടാതെ പിടികൂടുകയായിരുന്നു പലപ്പോഴും .രാത്രിയുടെ തിരക്കൊഴിഞ്ഞ വേളകളിൽ,നേരം പുലരുവോളം അവളുടെ കാതിലേക്കു പ്രവഹിക്കുന്ന പ്രണയമായി അയാൾ അവളെ വലം വെക്കുമായിരുന്നു .സ്നേഹമഷി പുരട്ടിയ പ്രണയാക്ഷരങ്ങൾ ചിന്നിച്ചിതറിയ വെളുത്ത പ്രതലം പോലാകുമായിരുന്നു അപ്പോൾ അവളുടെ മനസ്സ് .അവൾ അഹങ്കരിച്ചിരുന്നു അയാളുടെ പ്രണയഭാജനമായതിൽ ..
പ്രണയം മനസ്സിലൊളിപ്പിച്ചു,താനെന്ന സ്നേഹത്തെ പുതച്ചു,അയാൾ ഉറങ്ങുന്നത് എങ്ങനെ ആയിരിക്കുമെന്ന് കുസൃതിയോടെ അവൾ ഓർക്കാറുണ്ട് ചിലപ്പോഴെല്ലാം ..
അയാൾക്കിഷ്ടമില്ലാത്ത നിറമായ കടും മഞ്ഞ നിറത്തിലുള്ള ഷർട്ടിനുള്ളിൽ പുതഞ്ഞ അയാളുടെ രൂപം അവളുടെ മനസ്സ് സങ്കല്പിക്കാറുണ്ട് ..വെള്ളയും കറുപ്പും ഇഴകൾ ആലിംഗനം ചെയ്യുന്ന അയാളുടെ താടി രോമങ്ങൾ അവളിൽ അസൂയ ജനിപ്പിക്കാറുണ്ട്,അയാളോട് പറ്റിച്ചേർന്നു കഴിയാൻ ഭാഗ്യം സിദ്ധിച്ചവയെല്ലാം അവളിലെ നൊമ്പരത്തെയും ആളിക്കത്തിക്കുമായിരുന്നു .
അന്നു,വളവിൽ വെച്ചു സ്കൂട്ടർ ബസ്സിലിടിച്ചു ചോര വാർന്നൊഴുകുന്ന കാൽ മുട്ടും നോക്കി വേദന തിന്നപ്പോഴും,സഹായത്തിനായി
ആദ്യം വിളിക്കാൻ മനസ്സിൽ പൊങ്ങി വന്നത് അയാളുടെ മുഖമായിരുന്നു.അക്ഷമയോടെ കാര്യങ്ങൾ കേട്ട് ,ക്ഷോഭത്തോടെ അയാൾ ഇങ്ങനെ പറഞ്ഞു ;
"ഞാൻ തിരക്കിലാണ് , മറ്റാരെയെങ്കിലും വിളിക്ക് സഹായത്തിനായി .."
കൽവിളക്കിൽ കെടാതെ കത്തിച്ചു വെച്ചിരുന്ന പ്രണയത്തിരികളെല്ലാം ഒന്നിച്ചു കെട്ടു പോയിരുന്നു ആ വാക്കുകളുടെ ശക്തിയാൽ ..പ്രണയവെളിച്ചം നിലച്ചു കൂരാകൂരിരുട്ടിലേക്ക് നിശബ്ദം പതിച്ചിരുന്നു മനസ്സ് . അല്ലെങ്കിലും, മനസ്സിലെ പ്രണയം കൊടുമുടിയേറി നിൽക്കുമ്പോഴും,നിരാശയുടെ ഗർത്തങ്ങളിലേക്ക് അവളെ നിർദാക്ഷിണ്യം തള്ളിയിടാൻ അയാൾക്കു ഞൊടിയിട മാത്രം മതിയായിരുന്നു .
ആശുപത്രി വാസത്തിന്റെ മൂന്നാം നാൾ ,മുറിയിൽ അയാളെന്ന തിളക്കമുള്ള നക്ഷത്രമില്ലാത്ത ആകാശത്തു ചിന്തകളാൽ വട്ടമിട്ടു പറക്കുകയായിരുന്നു അവൾ .അപ്പോഴാണ് ഒരു കൂട്ടം കടും ചുവപ്പു പനിനീർ പൂക്കളുമായി,നിഷ്കപടമായ പുഞ്ചിരിയുടെ തേജസ് കണ്ണുകളിൽ നിറച്ചു ,അയാൾ കയറി വന്നത് .ആ ചിരി മാത്രം മതിയായിരുന്നു മുറിവേറ്റ അവളുടെ പ്രണയത്തിനു മരുന്നായി .
സിഗരറ്റു മണം പരന്നൊഴുകുന്ന അധരങ്ങളാൽ അയാൾ അവളുടെ
ആത്മാവിനെ ഗാഢമായി ചുംബിച്ചപ്പോൾ,പൊക്കിൾ ചുഴിയിൽ നിന്നും ഹൃദയത്തിലേക്ക് അതി വേഗം പാഞ്ഞു കയറിയ ചേതോവികാരത്തെ എന്തു പേരിട്ടു വിളിക്കണമെന്നത് അവൾക്ക് ആജ്ഞാതമായിരുന്നു.
ഒരായിരം കുഞ്ഞു ചിറകുകൾ നാമ്പിട്ടൊരു ചിത്രശലഭമാവുകയായിരുന്നു അവളപ്പോൾ .ഒരു രാജാവിനെ പോലെ അവളുടെ ചിന്തകളെ അയാൾ സദാ ഭരിച്ചു കൊണ്ടേയിരുന്നു.സ്വീകരിച്ചും,നിരാകരിച്ചും,വീണ്ടും സ്വീകരിച്ചും അവളുടെ പ്രണയത്തെ നാനാ അർത്ഥ തലങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു അയാൾ .
എന്നിട്ടിതാ ..
ഇപ്പോൾ .. പ്രണയത്തിന്റെ മുഴുവൻ ഉന്മാദവും മനസ്സിലേക്കും ആത്മാവിലേക്കും പ്രവഹിപ്പിച്ച ശേഷം അയാൾ പറയുന്നു ,
"നമുക്ക് പിരിയാം ചേതൂ .."
പ്രണയം ഒരുവനെ ഒരേ സമയം വിവേകിയും ഉന്മാദിയും ആക്കുമെന്ന് പറഞ്ഞത് അയാൾ
തന്നെയായിരുന്നല്ലോ ..ആ പറഞ്ഞതിൽ വിവേകവും ഉന്മാദവും അശേഷം ഇല്ലായിരുന്നല്ലോ .. അതോ,തനിക്ക് പിടിതരാത്ത വിധം വിവേകം പൊതിഞ്ഞ വാക്കുകളാണോ അവ ?
അവൾ സ്വയം ചോദിച്ചു .
കണ്ണീരിന്റെ നനവോടെയായിരുന്നു ഓരോ ഓർമ്മകളെയും ചേതന മറിച്ചു നോക്കിയത് .പിരിയുക എന്നാൽ അത് കേവലം രണ്ടു ദേഹങ്ങളുടെ വേർപിരിയലല്ല,അഭേദ്യമായ ബന്ധനത്താൽ തളച്ചിട്ടിരുന്ന രണ്ടു പ്രണയാത്മാക്കളുടെ വിടപറച്ചിൽ കൂടെയാണ് .
അയാളുടെ പല തരം ഭ്രാന്തുകളിൽ ഒന്നാകുമോ ഇതും ..?
എങ്കിലും ഇങ്ങനെ പറയാൻ അയാളെ പ്രേരിപ്പിച്ചതെന്താകാം ..?
നീ എന്നെ പ്രണയിക്കുന്നതിനേക്കാൾ,ഞാൻ നിന്നെയാണ് ചേതൂ ഏറെ പ്രണയിക്കുന്നതെന്ന് നൂറാവർത്തി പറഞ്ഞയാൾക്ക് പിന്നിതെന്തു പറ്റി ..?
തോർന്ന മഴ വീണ്ടും തിമർത്തു പെയ്തു തുടങ്ങി .ജനലഴികളിൽ പിടിച്ചു ഇരുട്ടിലേക്ക് നൂലറ്റു വീഴുന്ന മഴരേഖകളെ നോക്കിയപ്പോൾ ,കണ്ണുനീർ അവളുടെ കാഴ്ചകളെ മറച്ചിരുന്നു ,അയാളുടെ മുഖം മനതാരിൽ നിന്നും പതിയെ അപ്രത്യക്ഷമാവും പോലെ ...
ചിന്തകളെ മഴയോടൊപ്പം പെയ്യിച്ചു, കനത്ത ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അയാൾ ആ നേരം.
എത്രയെത്ര സ്ത്രീകളുടെ ദേഹവും മനസ്സും കവർന്നിരിക്കുന്നു ..
എത്ര നിസ്സാരമായി ഓരോരുത്തരെയും ജീവിതത്തിൽ നിന്നും പടിയിറക്കി വിടാനുമായി …
ബന്ധനങ്ങളില്ലാത്ത ബന്ധങ്ങളിലൂടെ
എത്ര ഉല്ലാസത്തോടെ നീന്തി തുടിച്ചിരുന്നു..
മനസ്സിന്റെ വാശിയായിരുന്നു,ഒരു പ്രണയത്തിലും സ്വന്തം ഹൃദയത്തെ അടിയറവു വെക്കില്ലെന്നു ..
പക്ഷേ ,ചേതു ..
പെട്ടെന്ന് അയാളിൽ ഒരു ഉൾക്കിടിലമുണ്ടായി.ഹൃദയാന്തരത്തിൽ പുകഞ്ഞു കൊണ്ടിരുന്ന പ്രണയാഗ്നിപർവ്വതം വെട്ടിത്തിളച്ചു മറിയുന്നത് വേദനയോടെ തിരിച്ചറിഞ്ഞപ്പോൾ,അയാൾ ഇരു കരങ്ങൾ കൊണ്ട് മുഖം വാരി പൊത്തി .എത്ര മഴ പെയ്തു തോർന്നാലാണീ പ്രണയോഷ്ണത്തിന് ശമനമുണ്ടാവുക !
അവളിൽ നിന്നും വീശിയ പ്രണയസൗരഭ്യത്തിൽ ഹൃദയം വശീകരിക്കപ്പെട്ടതെങ്ങനയാണെന്നറിയില്ല ..സ്വയമറിയാതെ മനസ്സ് ചേതുവിന്റെ പ്രണയത്തിൽ അടിയറവു പറയുമ്പോൾ ,നഷ്ടമാവുന്നത് ബോധ മനസ്സിന്റെ തീരുമാനങ്ങളെയാണ്..അകതാരിൽ തെളിഞ്ഞു കാണുന്നത് ഒരാളിലെ പ്രണയത്തിൽ പൂർണ്ണമായും സ്വയം സമർപ്പിക്കാനുള്ള അകാരണമായ ഭയം മുഴച്ചു നിൽക്കുന്ന,ഡോക്ടർ ഗമൊഫോബിയ* എന്നു നിർവചനം കൊടുത്ത തന്റെ മാനസികാവസ്ഥയെയാണ് ..
"ചേതനയോടുള്ള പ്രണയം താങ്കൾക്ക് ഊർജ്ജമാണ് ,രോഗശമനമാണ്.അതേ പ്രണയത്തിൽ സ്വയം സമർപ്പിച്ചാൽ അത് താങ്കളുടെ മാറാരോഗവും ആയി മാറിയേക്കും .." താക്കീതിന്റെ ചുവയുള്ള ആ വാക്കുകൾ അയാളുടെ മനസ്സിൽ ഒരു നിമിഷം വീണ്ടും മുഴങ്ങി.
ചേതുവിന്റെ പ്രണയത്തോടുള്ള ആത്മസമർപ്പണം ഉത്കണ്ഠയുടെയും ആത്മസംഘർഷത്തിന്റെയും പാരമ്യത്തിലേക്കെത്തി, തന്റെ മനസ്സിന്റെ കെട്ടുറപ്പിനെയും,ഒടുവിൽ ചേതുവിനോടുള്ള തന്റെ പ്രണയത്തെയും തന്നെ നശിപ്പി്ച്ചേക്കാമെന്ന ഡോക്ടറുടെ വാക്കുകൾ കേട്ടു മനസ്സ് വിറങ്ങലിച്ചത് ചേതു സ്കൂട്ടർ അപകടത്തിന്റെ കാര്യം വിളിച്ചു പറഞ്ഞ അതേ ദിവസമായിരുന്നു .ദിവസങ്ങളായി തന്നെ പിടികൂടിയ ഉറക്കമില്ലായ്മയും,അമിതമായ ഉത്കണ്ഠയും നൽകി വന്ന ഭീതിയുടെ കെട്ടുകൾ പരിചിതനായ ഡോക്ടർക്ക് മുൻപിൽ ഓരോന്നായി അഴിക്കുകയായിരുന്നു അന്ന് .
സ്വയം നഷ്ടപ്പെടാൻ വിഷമമില്ലായിരുന്നു,പക്ഷേ ചേതുവിനോടുള്ള പ്രണയത്തെ ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല .ഓരോ നിമിഷവും വാക്കുകളായും,ചേഷ്ടകളായും പെയ്യുന്ന ചേതുവിന്റെ പ്രണയമഴ ഇനിയുമേറ്റാൽ ,തണുത്തു വിറച്ചു മണ്ണു പൂകാൻ മാത്രം ഹൃദയം ദുർബലമായി കഴിഞ്ഞിരിക്കുന്നു..
അതു കൊണ്ടു തന്നെയാണ് പ്രണയ ഞരമ്പുകൾ പൂർവ്വാധികം ശക്തിയോടെ എഴുന്നു നിന്നിട്ടും,രക്തത്തിലെ പ്രണയ തേരോട്ടം കണ്ടില്ലെന്നു വെക്കാൻ തീരുമാനിച്ചത് .
ഇരുതല മൂർച്ചയുള്ള വാളുകൾ പോലെ തിളങ്ങുന്ന മിന്നലിന്റെ വെള്ളി വെളിച്ചത്തിൽ,കവിതകൾ
കുത്തിക്കുറിക്കുന്ന അയാളുടെ പുസ്തകത്തിന്റെ അവസാനത്തെ താളിൽ അയാളിങ്ങനെ കുറിച്ചു ..
നിൻ നിശ്വാസവായുവിലലിഞ്ഞു ചേർന്നൊരു
കവിൾ ശ്വാസമെടുക്കാനാവാതെ പിടയുമ്പോൾ,
നിന്നിലേക്കുള്ള ദൂരം തേടിയലഞ്ഞെന്റെ
പാദങ്ങൾ ഇടറി കിതക്കുമ്പോൾ;
അറിയുമോ നീ എന്നാത്മാവിനുള്ളിൽ ഞാൻ
താഴിട്ടു പൂട്ടിയെൻ പ്രണയത്തെ?…”
: ഫർസാന അലി :
*ഗമോഫോബിയ : വിവാഹത്തിലോ, ഒരു പ്രണയ ബന്ധത്തിലോ സമ്പൂർണ്ണമായും സ്വയം അർപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ മനസ്സിൽ ഉണ്ടാകുന്ന അകാരണമായ ഭീതിയാണ് ഗമോഫോബിയ എന്നറിയപ്പെടുന്നത് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot