നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു യാത്രാമൊഴി .... ( കഥ )രചന :- ശ്രീധർ.ആർ.എൻ...
"പ്ലീസ് രേഖ...., ഇനി എന്നെ കാണാൻ വരരുത് , ഇത് എന്റെ വിധിയാണ്.. ഞാൻ അർഹിക്കുന്ന വിധി .. ഇവിടുന്ന് പുറത്തുവന്നിട്ട് എനിക്കിനിയൊന്നും നേടാനില്ല. "
"എനിക്കറിയാം എന്റെ ദേവേട്ടനെ...., ഒരിക്കലും കഴിയില്ല ദേവേട്ടന് ഇങ്ങനെയൊക്കെയാവാൻ. ... നിയമത്തിന്റെ ഏതറ്റംവരെ പോയിട്ടാണെങ്കിലും നിരപരാധിത്വം തെളിയിച്ചിരിക്കും ഞാൻ .. ഒന്നും നേടാൻവേണ്ടിയിട്ടല്ല,വീണ്ടുംവീണ്ടും ദേവേട്ടനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിമാത്രം ... വേണ്ടതെല്ലാം ഞാൻ ചെയ്യുന്നുണ്ട്, അഡ്വ.ശരൺ എന്റെ ഫ്രണ്ടാണ് ... പ്ലീസ്..!"
........................... ......................
നൻമകളുടെ സപ്രമഞ്ചത്തിൽ സ്നേഹമയക്കം നടിച്ചു കിടക്കുന്ന അച്ഛന്റെ ശിരോഭാഗത്ത് മനസ്സിലെ വിഷം പുറത്ത്കാണിക്കാതെ സഹോദരിമാർ ഇരിക്കുമ്പോൾ, ജയൻ ആ പാദധൂളികളിൽ അയാളുടെ സർവ്വവും മനസ്സാലെ സമർപ്പിച്ചിരുന്നു ... അച്ഛന്റെ മിഴികളിൽ ആദ്യംതെളിഞ്ഞത് ജയനെയായിരുന്നു , അച്ഛനേയും അച്ഛന്റെ നൻമകളേയും കൈമുതലാക്കി ജീവിതത്തിന്റെ കുരുക്ഷേത്രഭൂമിയിലിറങ്ങുമ്പോൾ മറുവശത്ത് അച്ഛന്റെ സമ്പാദ്യമായ മുഴുവൻ അക്ഷൗഹണിയും കവർന്ന് പാതിയുദ്ധം ജയിച്ചവരുടെ പുഞ്ചിരി അയാൾ ശ്രദ്ധിച്ചതേയില്ല.
പക്ഷെ, കഠിനമായ ജീവിതയുദ്ധതന്ത്രങ്ങളറിയാത്ത അയാൾ പലപ്പോഴും തോൽവി രുചിച്ചുകൊണ്ടേയിരുന്നു .. കാലംതെറ്റിയ അച്ഛന്റെ സ്വർഗ്ഗാരോഹണം അയാളെ ഒരു വനവാസത്തിന് നിർബന്ധിതനാക്കി ...
" അച്യുതൻ നായരുടെ മകനാണല്ലേ....?
ഞങ്ങൾക്കു വളരെ സഹായങ്ങൾ ചെയ്തുതന്ന മനുഷ്യനാണ്, ഈ സ്ഥാപനം ഇവിടെ തുടങ്ങാൻ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് .. അദ്ദേഹത്തിന്റെ മകന് ജോലിനൽകാൻ സന്തോഷമേയുള്ളൂ. നാളെത്തന്നെ ജോയിൻ ചെയ്തോളൂ ... "
കൃഷ്ണപുരം ഗ്രാമത്തിന്റെ തെക്കുഭാഗത്തായി ഗ്രാമീണനൻമകൾ സമഞ്ജസമായി സമ്മേളിച്ച സരസ്വതീവിലാസം യു പി സ്കൂളിൽ പുതിയൊരദ്ധ്യാപകൻ ചുമതലയേറ്റു.
ജയദേവൻ ...
കുട്ടികളുടെ മുഖത്തെ ആകാംഷയും സന്തോഷവും ജയദേവനിൽ ഒരു നവോൻമേഷം നിറച്ചു.
രണ്ട് മാൻപേടമിഴികൾ തന്നെതന്നെ സാകൂതം ശ്രദ്ധിക്കുന്നത് അയാൾകണ്ടു. മറ്റു കുട്ടികളിൽ നിന്നും എന്തോ ഒരുപ്രത്യേകത അവൾക്കുള്ളതുപോലെതോന്നി...
കണക്കിലെ ഹരണക്രിയകളിൽ ശരാശരി ആറാംക്ലാസുകാർ തപ്പിതടയുമ്പോൾ അവളുടെ വേഗത അയാളെ അത്ഭുതപ്പെടുത്തിയിരുന്നു. സാഹിത്യസമാജവേളയിൽ 'മാമ്പഴ' ത്തിന്റെ നൊമ്പരം തന്റെ മധുരശബ്ദത്തിൽ ഉതിർന്നുവീണപ്പോൾ എന്തോ അവളെ ചേർത്തുപിടിക്കണമെന്നു തോന്നി, ...
"വീണ ... മിടുക്കിയാണെല്ലോ അല്ലേ ..?"
സ്റ്റാഫ് റൂമിലെ നിശബ്ദതയെ ഭേദിച്ച് ജയദേവൻ അത്പറഞ്ഞപ്പോൾ അവളുടെ ജീവിതം ഒരു തുറന്നപുസ്തകമായി അയാളുടെ മുന്നിൽ നിവർന്നു .
അവളും അമ്മയും മാത്രമടങ്ങുന്ന കൊച്ചുവീട്ടിൽ അച്ഛന്റെ അസാന്നിധ്യം നൽകുന്ന ചെറിയ ഭയമാണ് ആ മിഴികളിൽ നിറഞ്ഞുനിൽക്കുന്നതെന്ന് അയാൾക്ക് മനസ്സിലായി .. ചെറുപ്പത്തിലെ വിധവയാവേണ്ടിവന്ന ഒരു യുവതി ജീവിതത്തിനോട് പടവെട്ടുന്ന കാഴ്ച ..സഹപ്രവർത്തകരുടെ വിശദീകരണം വീണയെന്ന കൊച്ചുമിടുക്കിയെ അയാളിലേക്കടുപ്പിച്ചു. ..
"അച്ഛനുണ്ടായിരുന്നെങ്കിൽ എന്തുരസമായിരുന്നു ... അമ്മയുടെ പുഞ്ചിരിക്കുന്നമുഖം ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. ... " നഷ്ടബോധത്തിന്റെ ആത്മനൊമ്പരങ്ങൾ ആ മിഴികളിൽ നിറഞ്ഞിരുന്നു .
ചെമ്മൺ പാതയിലൂടെ സായാഹ്ന സൂര്യന്റെ അരുണകിരണങ്ങൾ വകഞ്ഞുമാറ്റി അവളുടെകൂടെ നടക്കുമ്പോൾ എന്തോ ഒരാത്മനിർവൃതി അയാളിൽനിറഞ്ഞു....
അച്ഛൻ ...!
ആ വൻമരത്തിന്റെ തണൽ ഏറെ ലഭിച്ചതുകൊണ്ട് അയാൾക്കറിയാം അതിന്റെവില .. പക്ഷെ, പാവംകുട്ടി ..
"മാഷ്ക്ക് കുട്ടികളില്ലെ ...? "
അയാളൊന്നു പുഞ്ചിരിച്ചു... മനസ്സു പകത്തുനൽകി തന്റേതെന്ന് ചെറുപ്പംതൊട്ടേ വിശ്വസിച്ച മുറപ്പെണ്ണ് , രേഖ....!
ജോലിയും സമ്പാദ്യവുമില്ലാതെ ഉള്ളകിടപ്പാടം സഹോദരിമാർക്ക് നൽകി അച്ഛനേയും കൂടെക്കൂട്ടി ഇറങ്ങുമ്പോൾ അമ്മാവൻ മനസ്സാസന്തോഷിച്ചുകാണും ..
"സ്വന്തം മകളുടെ ഭാവി.... നീ മറക്കണം ... അവളെ പറഞ്ഞ് സമ്മതിപ്പിക്കണം.. "
പരാജയങ്ങളുടെ കണക്കു പുസ്തകത്തിൽ രേഖയുടെപേര് ഹൃദയരക്തത്താൽ എഴുതിച്ചേർക്കുമ്പോൾ അമ്മാവന്റെ തലോടൽ അയാൾക്കപ്പോൾ അസഹ്യമായി ത്തോന്നിയിരുന്നു.
"ഉണ്ടല്ലോ .... നിങ്ങളെല്ലാം എന്റെ കുട്ടികളല്ലേ .. "
വീണയുടെ മിഴികളിൽ ആദ്യമായി ഒരുതിളക്കം അയാൾ ദർശിച്ചു.
'മുന്നിലിരിക്കുന്ന കുട്ടികളെല്ലാം തന്റെ സ്വന്തമാണെന്ന ധാരണയാണ് ഒരദ്ധ്യാപകന് ആദ്യം വേണ്ടത്...'
ട്രെയിനിങ്ങ് ക്ലാസിൽ പഠിച്ച ആ വാക്കുകൾ എത്ര അന്വർത്ഥമാണെന്നയാളോർത്തു. ...
"അപ്പോ മാഷ് എന്റെയും അച്ഛനാണല്ലേ. ..?"
നിഷ്ക്കളങ്കമായ ആ ചോദ്യം അയാൾ മനസ്സിൽ ആവർത്തിച്ചു.
ഒടുവിൽ ചാഞ്ചാട്ടങ്ങൾ പതിയെ പതിയെ നിശ്ചലമായി.
...................... .........................
സബ്ജയിലിലെ മടുപ്പിക്കുന്ന അന്തരീക്ഷം ജയദേവനിപ്പോൾ പരിചിതമായിക്കഴിഞ്ഞു. പക്ഷെ വാർഡൻമാരുടേയും സഹതടവുകാരുടേയും രൂക്ഷനോട്ടവും കളിയാക്കലുകളും അയാൾക്ക് അസഹനീയമായിരുന്നു. ....
"ഡോ .... മാഷേ തനിക്ക് ഒരു വിസിറ്ററുണ്ട്.. "
രേഖ ഏർപ്പാടാക്കിയ വക്കീലാവും അല്ലാതെയാരും വരില്ല. ...
"മിസ്റ്റർ ജയദേവൻ ... നിങ്ങൾ ഇപ്പോഴുംപ്രതിയല്ല. ... പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിമാത്രമാണ് .. പതിന്നാല് ദിവസത്തെ റിമാൻഡിനിടയ്ക്ക് പോലീസിന് തെളിവുകൾ കിട്ടണം ... ചോദ്യം ചെയ്യുമ്പോൾ സത്യസന്ധമായ മറുപടികൊടുക്കുക. ... നിങ്ങളുടെ ജാമ്യംസമർപ്പിക്കാൻ സത്യങ്ങൾ എനിക്കറിഞ്ഞേ മതിയാവൂ ... "
അഡ്വ. ശരണിന്റെ നിശ്ചയദാർഢ്യം അയാളയമ്പരപ്പിച്ചു. ....
ഒന്നുംനടക്കില്ല. തന്റെ വിധി ഏകദേശം തീർപ്പായിക്കഴിഞ്ഞു.... ഒരൊറ്റവിഷമമേയുള്ളൂ.... രാധ ..?
അവളവിടെ ...?
....................................................
"ഇന്നലെ എന്തേ വീണ വരാഞ്ഞത് ...? "
അവളില്ലാത്ത വിരസമായ ക്ലാസ്മുറികളെക്കുറിച്ച് അയാൾക്ക് ചിന്തിക്കാനാവുമായിരുന്നില്ല ...
"ഇന്നലെ...... രാവിലെത്തന്നെ ഭദ്രൻമാമൻ വന്നിരുന്നു .... " അവളുടെ നെടുവീർപ്പിന്റെ അർത്ഥതലങ്ങൾ അയാൾക്കന്യമായിരുന്നു....
അന്നുവൈകീട്ട് ജയദേവൻ വീണയുടെകൂടെ അവളുടെ വീടുവരെ ചെന്നു. ..
"അമ്മേ ... ദേ ആരാ വന്നതെന്ന് നോക്കൂ. ... " വീണ അകത്തേക്കോടി ..
അകത്ത് തയ്യൽ യന്ത്രം നിന്നു.... ജയദേവൻ ഉമ്മറത്ത് കസേരയിൽ ഇരുന്നു. ..
വറ്റിവരണ്ട അരുവിയെ അനുസ്മരിപ്പിക്കുന്ന പോലെ പൂർവ്വകാല സൗന്ദര്യത്തിന്റെ ഒരു പരിഛേദം ..
"നമസ്ക്കാരം .. " അവൾ കൈകൾ കൂപ്പി....
"പേര് ....? "
"രാധ ... മോള് എല്ലാകാര്യങ്ങളും പറയാറുണ്ട് .. മാഷിന് കുടിക്കാൻ ...? "
"ഒന്നുംവേണ്ട.., ഇതുവഴി പോയപ്പോൾ കയറി . അത്രയേ ഉള്ളൂ ... "
മനസ്സിലെവിടെയോ കണ്ടുമറന്ന മുഖം പോലെ ....
"അമ്മേ മാഷ് പറയ്യാ ... ഞങ്ങളെല്ലാം മാഷ്ന്റെ കുട്ടികളാണെന്ന് ..."
അവളുടെ കുണുങ്ങിച്ചിരിയെ രാധ കൈകൾകൊണ്ടു തടഞ്ഞു...
ജയദേവൻ മനസ്സാലെ വീണയെ സ്വന്തംമകളായി എന്നേ അംഗീകരിച്ചിരുന്നു. ...
"ഞാൻ നടക്കട്ടെ ... ഇടയ്ക്ക് വരാം .. "
................................
ജയദേവന് തന്റെ മനസ്സ് തുറക്കാനുള്ള സമയം അഡ്വ.ശരൺ നൽകിയിരുന്നു....
" വീണ , മനസ്സിലെവിടെയോ വാത്സല്യത്തിന്റെ നീരുറവകൾക്ക് ദിശാബോധം നൽകിയ കൊച്ചുമിടുക്കി, അച്ഛനെന്ന അവളുടെ സ്വപ്നം .... അത് സഫലമക്കാൻ തന്റെ മനസ്സ് വെമ്പൽകൊണ്ടു .
വീണയെ സ്വന്തം മകളായി കാണാൻ തുടങ്ങി ... അവളുടെ സങ്കടങ്ങൾ എന്നെ വല്ലാതെവിഷമിപ്പിച്ചു. ... ഒരുമിച്ചായിരുന്നു രാവിലെയും വൈകീട്ടും ഞങ്ങളുടെയാത്ര. അവളുടെ വീട്ടിൽ ഇടയ്ക്കിടെ ഞാൻ പോവാൻതുടങ്ങി
സന്ദർശനങ്ങളുടെ ഇടവേളകൾ ചുരുങ്ങിയതോടെ സ്ക്കൂൾ മാനേജരുടെ താൽപര്യത്തോടെ എന്റേയും രാധയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങൾതുടങ്ങി. ...
ആദ്യം വിസമ്മതിച്ച രാധ വീണയ്ക്കു വേണ്ടി സമ്മതിക്കുകയായിരുന്നു. ...
വീണയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. .... അവളുടെ വളകിലുക്കം ചെമ്മൺപാതകളെ സമ്പന്നമാക്കി ...
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വിവാഹത്തിനുള്ള തുണിത്തരങ്ങൾ വാങ്ങി ,അത് കൊടുക്കുവാൻ ഞാൻപോയി ..
പതിവില്ലാതെ വാതിൽ തുറന്നിട്ടിരിക്കുന്നു. ...
"വീണേ ... മോളേ ...
പതിയെ അകത്തേക്ക്കയറിയ ഞാൻ കണ്ടകാഴ്ച ....
എന്റെ മോള് ... , ഞാനല്ല .. ഞാനല്ല ... എന്റെ മോളാ അത് ... എന്റെ സ്വന്തം മോള് .. ഞാനൊരിക്കലും ...." ജയദേവൻ പൊട്ടിക്കരഞ്ഞു.
"സീ, മിസ്റ്റർ ജയദേവൻ, കോടതിക്ക് തെളിവുകളും സാഹചര്യവും സാക്ഷികളുമാണ് പ്രധാനം, നിങ്ങൾക്ക് വീണ എന്ന വിദ്യാർത്ഥിനിയിൽ അമിതതാൽപര്യമുണ്ടെന്നും അത് മുതലെടുക്കാനാണ് നിങ്ങൾ കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻവരെ തയ്യാറായത് എന്നുമാണ് പ്രോസിക്യൂഷൻവാദം. നിങ്ങളേയും കുട്ടിയേയും പലപ്പോഴും സ്ക്കൂളിന്പുറത്ത് കണ്ടതായി നാട്ടുകാരും മൊഴിനൽകിയിട്ടുണ്ട് "
"ഇല്ല ... ഒരിക്കലുമില്ല. ... എന്റെ മോളാ അവൾ ... "
"അപ്പോൾ രാധ ...? അവരെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ ..?"
"അറിയില്ല. ... അന്ന് ഞാനവളെ കണ്ടിട്ടേയില്ല. "
"തൊട്ടപ്പുറത്തുള്ള പൊട്ടക്കിണറ്റിൽ നിന്നും അവരുടെ ബോഡി കിട്ടി....!
ഇത്കണ്ടോ ... ഇന്നത്തെ പത്രത്തിലെ വാർത്തയാ ..."
ജയദേവൻ ഓടിച്ചുവായിച്ചു. ..
പതിനൊന്നുകാരിയെ സ്വന്തമാക്കാൻ വേണ്ടി അമ്മയെകൊന്നു. ....
അയാൾക്ക് തന്റെ ശരീരം തളരുന്നപോലെതോന്നി .... താൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ... അയാൾ അഴികളിൽ പിടിച്ച് നിലത്തിരുന്നു. ... അനുവദിച്ച സമയം തീർന്നതിനാൽ
അഡ്വ. ശരൺ പോയി.
ഒരിക്കൽ നഷ്ടപ്പെട്ട തന്റെ ജീവിതസൗഭാഗ്യങ്ങൾ തിരികെ ലഭിക്കുമെന്ന മോഹം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നതും ഒടുവിൽ കൊടുംകുറ്റവാളിയായി ജയിലഴിക്കുള്ളിൽ അകപ്പെട്ടതും അയാളുടെ സമനിലയെ വല്ലാതെബാധിച്ചിരുന്നു.... ദിനരാത്രങ്ങൾ അയാൾക്ക് വളരെ സുദീർഘമായിത്തോന്നി.
"ഡോ മാഷേ, താൻ രക്ഷപ്പെട്ടല്ലോ ... ജാമ്യം ചിലപ്പോൾ കിട്ടിയേക്കും ... അമ്മയുടേയും മോളുടേയും ഫോറൻസിക്റിപ്പോർട്ടും മെഡിക്കൽറിപ്പോർട്ടും വന്നു... പ്രതി ഏതോ ഒരു ഭദ്രനും കൂട്ടാളികളുമാണ് ... "
ഭദ്രൻ .... വീണ അന്നാപേരു പറയുമ്പോൾ അവളുടെ മുഖത്ത് നിഴലിച്ച ഭീതി അയാളോർത്തു....
കോടതിയിൽനിന്നും ജാമ്യംലഭിച്ച ജയദേവൻ രേഖയുടെ മുന്നിൽ നിർവ്വികാരനായിനിന്നു....
"വകയിലെ എതോ ഒരു ബന്ധുവാണത്രെ അയാൾ, നിങ്ങളുടെ വിവാഹത്തിൽ അരിശംപൂണ്ട് മദ്യാസക്തിയിൽ അയാളുംകൂട്ടരും ചേർന്ന്നടത്തിയ നരനായാട്ടിന്റെ ഇരകളായ പാവം രാധയും വീണയും ...ഇഷ്ടമായിരുന്നു അല്ലെ അവരെ ഒരുപാട് ....? ഇനിയെന്താ ദേവേട്ടന്റെ പ്രോഗ്രാം ... നിരപരാധിയായ സ്ഥിതിക്ക് വീണ്ടും ജോലിയിൽ തുടരാമല്ലോ അല്ലേ ...? "
അയാൾ രേഖയെ നന്ദിയോടെ നോക്കികൈകൂപ്പി കോടതിവരാന്തയിൽ നിന്നുമിറങ്ങിനടന്നു. ... ഒരു ചാറ്റൽമഴ അയാളിൽ തീർത്ഥംതളിച്ചു....
ആത്മാവിന്റെ സന്തോഷമാണത്രെ മഴ ...!
പ്രിയപ്പെട്ട അദ്ധ്യാപകന്റെ നിരപരാധിത്വം സ്ക്കൂൾ അസംബ്ലി ചേർന്ന് വിളംബരം ചെയ്യുന്ന പരിപാടിയിലെ മുഖ്യാതിഥിയായ ജയദേവൻ മറുപടിപ്രസംഗത്തിനായി എഴുന്നേറ്റു. ....
"എന്റെ പ്രിയപെട്ട കുട്ടികളെ ... സഹപ്രവർത്തകരെ ... എന്റെ നിരപരാധിത്വം നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട് .... അദ്ധ്യാപകൻ ഒരു പളുങ്കുപാത്രമാണ് ... നേരിയ പോറൽപോലും അതിന്റെ പ്രഭ കെടുത്തിയേക്കും .. അതിനാൽ ഞാൻ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല. എനിക്ക്നൽകിയ സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി, "
ഹൃദയഭേദകമായ യാത്രാമൊഴിയോടെ അയാൾ വിടവാങ്ങി ... ചെമ്മൺപാതയിലൂടെ നടക്കുമ്പോൾ അയാളെ പിൻതുടർന്ന വളകിലുക്കം പുത്തൻ പ്രതീക്ഷകളുടെ വാതായനങ്ങൾ അയാൾക്കു മുന്നിൽ മലർക്കെതുറന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot