നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൻ


" വാസു എഴുനേൽക്കു"
വിളിക്കുന്നതാരാണെന്നു വാസുദേവന് ശരിക്കും മനസിലായില്ല അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു .കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല .ചിറ്റയാണോ ? അമ്മയുടെ അനിയത്തി ദേവി ചിറ്റ . അവൻ വീണ്ടും അമ്മയുടെ ഉടലിലൂടെ കൈ ചുറ്റി ചേർന്ന് കിടന്നു
" ഈശ്വര ഈ കുട്ടി ഇങ്ങനെയായാൽ എന്ത് ചെയ്യും ? മോനെ എണീൽക്കെടാ അനിയേട്ട ഒന്ന് പറയു "
ചിറ്റ കരയുന്നു
" ബോഡി എടുക്കാനായി " ആരോ പിറുപിറുക്കുന്നതു അവന്റെ കാതിൽ വീണു .അവൻ കണ്ണ് തുറന്നു അമ്മയുടെ മുഖത്തിന് മുകളിലേക്ക് മുഖം ഉയർത്തി നോക്കി .നെറ്റിയിൽ വലിയ ചുവന്ന കുങ്കുമ പൊട്ട്.കണ്ണുകൾ പാതി തുറന്നിരിക്കുന്നു. , നീണ്ട മുക്കിൽ വെള്ള കല്ല് മൂക്കുത്തി തിളങ്ങുന്നു ..അമ്മയുടെ കണ്ണുകൾ പോലെ. ചിരി പടർന്ന പോലെ തോന്നിപ്പിക്കുന്ന ചുണ്ടുകൾ .അവൻ അമ്മയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു. 'അമ്മ വല്ലാതെ തണുത്തിരിക്കുന്നു
" പാവം " അവനു നല്ല സങ്കടം വന്നു .രണ്ടു കൈപ്പത്തികളും കൂട്ടിയുരസിയിട്ട് അവൻ അമ്മയുടെ കവിളുകളിൽ ചേർത്ത് വെച്ചു
" ചേട്ടാ " അനിയന്റെ വിളിയൊച്ച
" ചേട്ടനെന്താ കാണിക്കുന്നത് ?" അവൻ കരയുന്നു
" അമ്മയ്ക്ക് തണുക്കുന്നുണ്ട് " അവൻ മെല്ലെ പറഞ്ഞു.
" ചേട്ടാ നമ്മുടെ 'അമ്മ പോയില്ലേ ? ചടങ്ങുകൾക്ക് സമയം ആയി. ചേട്ടൻ മാറി കൊടുക്ക് .അച്ഛനും ബോധമില്ലാണ്ട് കിടക്കുകയാ " അനിയൻ പൊട്ടി കരയുന്നു
" 'അമ്മ പോകുകേ ? എവിടേയ്ക്ക് ? ഇന്ന് രാവിലെ കൂടി ദോശ ചമ്മന്തിയിൽ മുക്കി വായിൽ വെച്ചു തന്ന ആളാണ് എവിടെ പോകാൻ ?"ക്ഷീണം കൊണ്ട് കിടക്കുന്നതാണ് അവൻ വാത്സല്യത്തോടെ ആ മുടിയിൽ തഴുകി ..പാവം
" എന്റെ ദൈവമേ ചെക്കന് തലയ്ക്കു സ്ഥിരം ഇല്ലാണ്ടായെന്നാ തോന്നുന്നേ "
അയല്പക്കത്തെ ജാനകി ഭർത്താവിനോട് പതിയെ പറഞ്ഞു
" അത്ര സ്നേഹാർന്നു ഭർത്താവിനോടും മക്കളോടും ..നമ്മൾ കാണുന്നതല്ലായിരുന്നോ? ..എന്തൊരു സ്ത്രീയായിരുന്നു !.പാവം നെഞ്ച് വേദന എന്ന് പറഞ്ഞപ്പോൾ മരിച്ചു പോകും എന്നാരു കരുതി. വല്ലാത്ത വിധിയായി ! മൂത്ത ചെക്കനല്ലാർന്നോ ഏറ്റവും ഓമന? ..അതല്ലേ അവനു താങ്ങാൻ പറ്റാത്തത്? ..വയസ്സ് ഇരുപത്തിഅഞ്ചായി എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല ജാനകി ..മകൻ എന്നും മകൻ തന്നെ "
അയാളുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്തു. അവരും കണ്ണ് തുടച്ചു .
അമ്മയെ കൊണ്ട് പോകുന്നത് വാസുദേവൻ നോക്കിയിരുന്നു .
" മൂത്തമകനാണ് കൊള്ളി വെക്കേണ്ടത് "
ആരോ പറഞ്ഞത് അവൻ കേട്ടില്ല എന്ന് നടിച്ചു. എത്ര നിർബന്ധിച്ചിട്ടും അവൻ ഇരുന്നിടത്തു നിന്നും ചലിച്ചില്ല
അമ്മയെ കത്തിക്കാൻ ആദ്യത്തെ അഗ്നിതുള്ളി തന്റെ കൈ കൊണ്ട് ...അവനു നെഞ്ച് പൊട്ടും പോലെ ഒരു വേദന വന്നു
" എന്റെ അമ്മയ്ക്ക് തീ പേടിയാണ്" അവൻ ഉറക്കെ പറഞ്ഞു " എന്റെ അമ്മയ്ക്ക് തീ പേടിയാണ്"
അവൻ ആവർത്തിച്ച് കൊണ്ടിരുന്നു.
അമ്മയ്ക്ക് തീ വലിയ പേടി ആണ് .പാചകം ചെയുമ്പോൾ പോലും കുറഞ്ഞ തീയിൽ ആണ് ചെയുക .ആ അമ്മയാണ്...ഇപ്പോൾ ....
അവൻ അതെ ഇരുപ്പിരുന്നു .രാത്രി കഴിഞ്ഞു പകൽ വന്നു. ശരിക്കും മരവിച്ചു മനസ്സും ശരീരവും. അടഞ്ഞ കണ്ണിനുള്ളിൽ 'അമ്മ .'അമ്മ ചോറ് ഊട്ടുന്നു, 'അമ്മ ചിരിക്കുന്നു ,ശുണ്ഠി എടുക്കുന്നു , ഉമ്മ വെയ്ക്കുന്നു "
'അമ്മ മാത്രമേയുള്ളു സർവ ഇടത്തും
" ചേട്ടാ കുറച്ചു വെള്ളം കുടിക്കു ..എത്ര നേരമായി ഒന്ന് എണീൽക്കു " അനിയൻ.
അവന്റെ മുഖത്തോടു നോക്കുമ്പോൾ ഉള്ളു വിങ്ങുന്നു. അമ്മയുടെ കണ്ണുകൾ ..അവൻ അമ്മയെ കണക്കാണ്. വാസു വീണ്ടും ഭിത്തിയിലേക്കു ചാരി ഇരുന്നു
" ഒന്ന് കരയുകയെങ്കിലും ചെയ്യ് ചേട്ടാ " അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് വാസുവിനെ കെട്ടി പിടിച്ചു
ചുറ്റും അടക്കി പിടിച്ച തേങ്ങലുകൾ ഗദ്ഗദങ്ങൾ വിലാപങ്ങളാകുന്നു ആർത്തനാദങ്ങളാകുന്നു .അവൻ ശൂന്യമായ കണ്ണുകളോടെ അങ്ങനെ ഇരുന്നു
ദിവസങ്ങൾ കഴിയുമ്പോൾ ബന്ധുക്കൾ സ്വന്തം വീടുകളിലേക്ക്...
.ഒറ്റയ്ക്കാകുന്നവരോട് പറയും
" ഒരു ഫോൺ കാൾ എന്താവശ്യമുണ്ടെങ്കിലും ...."
അച്ഛൻ അവരെ യാത്രയാക്കുന്നു ..പതിനാറു ദിവസം കൊണ്ട് അച്ഛൻ പടുവൃദ്ധൻ ആയിരിക്കുന്നു
അച്ഛന് ജോലിക്കു പോകണം അനിയന് പഠിക്കാൻ പോകണം 'അമ്മ രാവിലെ എണീൽക്കും ക്ഷേത്രത്തിൽ പോയി വന്നു അടുക്കളയിൽ കയറും. ഏഴരയാകുമ്പോൾ സർവം തയ്യാർ അവരെ യാത്രയാക്കിയാൽ പിന്നെ തങ്ങളുടെ ലോകമാണ്
' എടാ മടിയൻ വാസു എണീൽക്കെടാ " അനുസരിച്ചില്ലെങ്കിൽ നല്ല തല്ലും കിട്ടും .നനച്ച തുണി അയയിൽ വിരിച്ചു നിലം തുടച്ചു അങ്ങനെ ..ജോലികളിൽ നിന്നും ജോലികളിലേക്ക്.
അമ്മയ്‌ക്കൊപ്പം കൂടാൻ തനിക്കും ഇഷ്ടം ആണ്. പാചകം ആണെങ്കിലും നിലം തുടയ്ക്കാൻ ആണെങ്കിലും. പഠിക്കാൻ മോശമായിരുന്നു കൊണ്ട് പഠനം വേഗം അവസാനിച്ചു.
"നമ്മുക്ക് സ്ഥലം ഉണ്ടല്ലോ വാസൂട്ടൻ കൃഷി ചെയ്തോളും... അതിനും വേണോല്ലോ ആള് "
അച്ഛന്റെ ശാസനകൾ തന്നെ വേദനിപ്പിക്കാതിരിക്കാൻ അമ്മ കോട്ട പോലെ മുന്നിലുണ്ടാകും. അമ്മ തർക്കിക്കുന്നതും വാദിക്കുന്നതും തനിക്കു വേണ്ടി മാത്രമായിരുന്നു.
അവൻ മെല്ലെ എഴുനേറ്റു. ഒരു രാവ് കൂടി കടന്നു പോയിരിക്കുന്നു .വേച്ചു വേച്ചു അടുക്കളയിലേക്കു നടന്നു ..
അരി തിളപ്പിച്ച് തെർമൽ കുക്കറിൽ വെച്ചു. പച്ചക്കറികളിൽ നിന്ന് കാബേജ് എടുത്തു അരിഞ്ഞു ..തേങ്ങയും പച്ചമുളകും ചേർത്ത് അടുപ്പിൽ വെച്ചു .'അമ്മ അങ്ങനെയാണ് ഉണ്ടാക്കുക .പച്ചമുളകയും തേങ്ങയും മാത്രം കൂട്ടി യോജിപ്പിച്ചു എണ്ണയിൽ വഴറ്റിയെടുക്കും. ഒരു മാങ്ങാ ചെത്തി മുളകും ഉള്ളിയും ചേർത്ത് ചമ്മന്തി അരച്ച് പാത്രത്തിലാക്കി . പാക്കറ്റിൽ പാതിയോളം ഇരുന്ന റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി .പിന്നെ സ്റ്റോർ മുറിയിൽ മുഷിഞ്ഞു കൂടി കിടന്ന തുണികൾ എടുത്തു അലക്കുകല്ലിനരികിലേക്കു നടന്നു .നനച്ച തുണികൾ വിരിക്കുമ്പോൾ അച്ഛൻ അരികിൽ വന്നത് അവൻ കണ്ടു
" വാസു " ഇടറിയ ഒരു വിളിയൊച്ച ...സങ്കടത്തിന്റെ ഒരു കടൽ നിറയുന്ന കണ്ണുകൾ.
അവൻ അച്ഛനെ തന്നോട് ഒന്ന് ചേർത്ത് പിടിച്ചു.
"ഒന്നൂല്ല അച്ഛാ ഒന്നൂല്ല .'അമ്മ എവിടെ പോകാനാ? "അച്ഛനിങ്ങനെ ചടങ്ങുകളുടെ പേരിൽ വീട്ടിലിരിക്കണ്ട ..ഓഫീസിൽ പോകണം. ഭക്ഷണം മേശപ്പുറത്തുണ്ട് "ചെന്ന് കഴിക്കു "
അവൻ അച്ഛനെ കടന്ന് വീടിനുള്ളിലേക്ക് നടന്നു പോയി
അച്ഛന്റെയും അമ്മയുടെയും മുറിയിലെ നിലക്കണ്ണാടിയിൽഅമ്മ എന്നും തൊടാറുള്ള പൊട്ടുകൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്
എന്നിട്ടും അമ്മയ്ക്ക് ആരാണ് ഒടുവിൽ കുങ്കുമപൊട്ട് തൊട്ടത് ?"
അവൻ ഒരു പൊട്ട് ഇളക്കി കൈത്തണ്ടയിൽ ഒട്ടിച്ചു .നാഡി മിടിക്കുന്നതിന്റെ കൃത്യം മുകളിൽ .അയയിൽ കിടന്ന അമ്മയുടെ സാരി ഒന്നെടുത്തു കട്ടിലിൽ വിരിച്ചു
" ഒന്നുറങ്ങണം നല്ല ക്ഷീണം "
വാതിൽക്കൽ ഇതെല്ലാം കണ്ടു കണ്ണീരോടെ നിൽക്കുന്ന അനിയനോടായി പറഞ്ഞു .പിന്നെ കൂട്ടിച്ചേർത്തു
"നീ പേടിക്കണ്ട സ്ഥിരബുദ്ധി നഷ്ടപ്പെട്ടു പോയിട്ടൊന്നുമില്ല. പക്ഷെ ഒരു ഭ്രാന്ത് ഉണ്ട് ഉള്ളിൽ. അമ്മയെന്ന ഭ്രാന്ത്. അതില്ലെങ്കിൽ വാസു ഇല്ല.ചിലപ്പോൾ വാസു വാസുവിനെ തന്നെ കൊന്നു കളയും "
അനിയൻ തളർന്നിട്ടെന്ന പോലെഅരികിൽ വന്നു. ചേട്ടന്റെ ഉടലിലേക്കു ഉടൽ ചേർത്ത് പിടിച്ചു. വാസു ആ നിറുകയിൽ ഒന്ന് ചുണ്ടമർത്തി. അമ്മ ചെയ്യും പോലെ.
" ഭക്ഷണം കഴിച്ചു വേഷം മാറി കോളേജിൽ പോകാൻ നോക്ക്. ചെല്ല്"
വാത്സല്യത്തോടെ വാസു ചിരിച്ചു .
അമ്മ ചിരിക്കും പോലെ.
പിന്നെ കിടക്കയിൽ കിടന്നു. തന്നിലെ ഓരോ അണുവിലും അമ്മയുണ്ട്. തന്നിൽ മാത്രമല്ല ഈ ശ്വസിക്കുന്ന വായുവിലും അമ്മയാണ്. അവൻ ശ്വാസം ഉള്ളിലേക്കെടുത്തു ഒരു ഉറക്കത്തിനായി കണ്ണുകൾ പൂട്ടി
അമ്മയാകണം ..ചില നേരങ്ങളിൽ...." മകനും "അമ്മയാകേണ്ടി വരും.. .വിധി അതാണെങ്കിൽ

By: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot