നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ

Image may contain: 2 people, people smiling

മഴ പിടിക്കുന്നതിന് മുന്നേ ഓലപ്പുരകളൊക്കെ മേഞ്ഞു കെട്ടി നിൽക്കുന്ന കാഴ്ച്ച ഉള്ളിലൊരാന്തലായി മാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു .
“എല്ലാരും പെര കെട്ടി … നമ്മക്ക് ഇനീം രണ്ട് കെട്ട് ഓലേം കൂടെ വേണം … അഞ്ച് കെട്ട് അപ്പുണ്ണിനായരുടെ പറമ്പിൽന്ന് ഏല്പിച്ചിട്ട്ണ്ട് … രണ്ട് കെട്ട് ആ കനാലിന്റെ അവിടുത്തെ വീട്ടിൽന്ന്..പിന്നെ കുറച്ച് ആ പാടത്ത് ഒരു വീട്ടിൽ ന്ന് കൊണ്ടാവാം ന്ന് പറഞ്ഞിട്ട്ണ്ട്..”
പെര കെട്ടിമേയുന്നത് വരേയും അമ്മയ്ക്ക് ഇത് മാത്രേ പറയാൻ ഉണ്ടായിരുന്നുള്ളൂ . എവിടെക്കേലും ....പോവാണെങ്കിലും ‘ഇക്കൊല്ലത്തെ പെര കെട്ടല് കഴിഞ്ഞോ..’ ന്നായിരുന്നു … പലർക്കും ചോദിക്കാനുള്ള ആദ്യത്തെ കുശലം . അമ്മമ്മേടെ വീട്ടിലേക്കൊക്കെ സ്കൂള് പൂട്ടിയാൽ പോവാറുള്ളതാ. പലപ്പോഴും അവധിക്കാലം ഞാൻ അവിടെ തന്നെ നിൽക്കാറുള്ളതും ആണ് .
“ പെര കേട്ട്യോ സത്യോ.. ? ”
എന്ന ചോദ്യത്തിലാ അമ്മമ്മയും …. മറ്റു ബന്ധുക്കളും വിശേഷങ്ങൾ തുടങ്ങാ. അമ്മമ്മ മരിക്കുന്ന സമയം ഞാൻ ഒൻപതാം ക്ലാസിലാ പഠിക്കുന്നത് . പിന്നീട് അമ്മായി പറഞ്ഞത് മരിക്കണേന് കുറച്ച് മുൻപും … പെര കെട്ടിയോ ആവോ..! കുട്ടികൾ ജയിച്ചോ ആവോ..! എന്നൊക്കെ അമ്മമ്മ പറഞ്ഞുകൊണ്ടിരിക്കായിരുന്നു ന്നാ . അന്നത്തെ പതിവ് വിശേഷം എന്നതിലുപരി വലിയൊരുത്തരവാദിത്വം തന്നെയായിരുന്നു മഴയ്ക്ക് മുൻപ് പുര മേഞ്ഞു തീർക്കുക എന്നത്.
മഴക്കാലം ഇങ്ങടുത്താൽ പിന്നെ ഓലപ്പുര ഉള്ളവരൊക്കെ ഓല സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാവും .ചോരാതെ വീട്ടുകാർക്കും കുട്ടികൾക്കും കെടക്കണമല്ലോ എന്നത് മാത്രമാവും അവരുടെ മഴക്കാല ചിന്തകളത്രയും.
മഴയെന്നാൽ ഇറയത്തൂടെ ഒഴുകുന്ന വെള്ളവും … വെള്ളച്ചാലിലൂടെ ചാഞ്ഞും ചെരിഞ്ഞും പോകുന്ന കളിവഞ്ചിയും … ഒരു കുടക്കീഴിൽ തോൾ ചേർന്ന നടത്തവും മാത്രമാവുന്ന നൊസ്റ്റാൾജിയക്കാലത്തിനും ഇത്തിരി മുമ്പാണ് . മഴയെന്നാൽ ചോരുന്ന കൂരയും... കമ്പിയൊടിഞ്ഞും,തുളവീണും പഴകിയ കുടയും .... നനഞ്ഞു കുതിർന്ന തുണികളും … ഊതിയാൽ കത്താത്ത അടുപ്പും … ഒക്കെ ആയിരുന്ന ഒരു കാലം.
മുന്നേ കൂട്ടി പറഞ്ഞില്ലെങ്കിൽ പുര കെട്ടാൻ ആളെക്കിട്ടില്ല . കെട്ടുകാർക്കൊക്കെ നല്ല തിരക്കുള്ള സമയമായതുകൊണ്ട് ഒരാളെ മാത്രം വിളിച്ച് കൂടെ അച്ഛനും സഹായിക്കുകയാണ് പതിവ്. ഒരാളുടെ കെട്ട് കൂലിയും ലാഭിക്കാലോ . പെര പൊളിക്കാൻ പിന്നെ ഉണ്ണിയും കൂടും . അവനെ പെര പൊളിയാ ന്ന് അമ്മ ഇടയ്ക്ക് വിളിക്കാറുള്ളത് അതുകൊണ്ടാണെന്ന് അന്നെനിക്കറിയില്ലായിരുന്നു എന്നുമാത്രം. അന്നേ ദിവസം രാവിലെ നേരത്തെ എണീറ്റ് അച്ഛനും അമ്മയും പണി തുടങ്ങും .പെര പൊളിക്കാൻ തുടങ്ങിയാൽ പിന്നെ കരടും പൊടിയും കരിയോലക്കൊടിയും വീണ് എല്ലാം വൃത്തികേടാവും .അപ്പൊ അതിന് മുന്നേ വീടിനകത്തുള്ള എല്ലാം പുറത്ത് വല്ല മരത്തിന്റെ ചുവട്ടിലും കൊണ്ടു വെച്ച് വല്ല സാരിയോ ലുങ്കിയോ കൊണ്ട് മൂടിയിടും . എന്നിട്ട് ഒരു ഭാഗത്ത്‌ വീട്ടിൽ ആകെയുള്ള ഒരു മേശ കൊണ്ട് പോയി അതിന്മേൽ കേറി അച്ഛൻ താഴേപ്പെര പൊളിക്കാൻ തുടങ്ങും .അപ്പോഴേക്കും , മറ്റൊരു ഭാഗത്തെ ജനലും ചൊമരും ഓക്കെ ചവിട്ടി നുഴഞ്ഞ് കയറി ഉണ്ണിയും പെര പൊളി തുടങ്ങും .
പൊളിച്ചിട്ടാ പിന്നെ നല്ലൊരു വെയില് കിട്ടിയാൽ കഴുക്കോലും ചൊമാരും ഒക്കെ ഒന്ന് ചൂടാവണത് നല്ലതാ ന്ന് അച്ഛൻ പറയും .ചിതലും ഉറുമ്പും ഒക്കെ പോയി കിട്ടും. ആ സമയത്ത് മഴ പെയ്താൽ പിന്നെ അകവും പുറവും... അടുപ്പും ...പുറത്ത് മൂടിയിട്ട എല്ലാവിധ സാധന സാമഗ്രികളും നനയും . എന്തോ അങ്ങിനെ ഒരിക്കലും സംഭവിച്ചിട്ടില്ല. പെര പൊളിച്ചാൽ പിന്നെ മേഞ്ഞിട്ടേ മഴ പെയ്ത ഓർമ്മയുള്ളൂ . ദൈവം കാത്തതാ എന്ന് അമ്മ പറയും . ഓലയും കെട്ട് കൂലിയും തികയാതെ ഒരു കൊല്ലം ഏറെ വൈകി പെര പൊളിച്ചിട്ടപ്പോഴും മേഞ്ഞു തീർന്നിട്ടെ മഴ പെയ്തുള്ളൂ എന്നത് സത്യാണ്. പക്ഷെ നാലു ഭാഗം ചോരുന്ന വീട്ടിൽ ഒരു രാത്രി ഇടിയിലും മഴയിലും രണ്ട് കുടക്കീഴിലായി ഞങ്ങൾ നാലു പേരും ഇരുന്ന് വിറച്ചതും … ഓരോ മുക്കിലും മാറി മാറി ഇരുന്നിട്ടും തോരാത്ത മഴയിൽ കട്ടിലിനടിയിൽ ചൂളിയിരുന്ന് നേരം വെളുപ്പിച്ചതും … ദൈവ കോപമല്ല … നേരത്തിനും കാലത്തിനും ഓലയും കൂലിയും ഒപ്പിച്ച് കെട്ടി മേയാഞ്ഞിട്ടാ എന്ന് തിരിച്ചറിയാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു .
പുര കെട്ടാൻ തുടങ്ങണേന് മുന്നേ പച്ചോല വാട്ടി നാര് ഉണ്ടാക്കും അതോണ്ടാണ് മെടഞ്ഞ ഓലകൾ കോർത്ത് കെട്ടുന്നത്. പലയിടത്തുന്നായി കൊണ്ടുവന്ന ഓലക്കെട്ടുകൾ പടിഞ്ഞാറെ ചുമരിൽ ചാരി വെച്ചിട്ടുണ്ടാവും അതിൽ നിന്നും ഓരോ കെട്ടായി കൊണ്ടു വന്ന് ഉമ്മറമുറ്റത്തിട്ട് അഴിച്ച് …. അതിൽനിന്നും ഒരു പുതിയ ഓലയും , പിന്നെ പൊളിച്ചിട്ടതിൽനിന്ന് ഞാനും അമ്മയും ഉണ്ണിയും കൂടി തട്ടിക്കുടഞ്ഞ് മാറ്റിവെച്ച ഓലകളിൽ നിന്ന് നല്ലത് നോക്കി ഒരു പഴയ ഓലയും , ചേർത്ത് മേലേക്ക് കൊടുക്കണം .
അപ്പൊ അച്ഛൻ മേശമേൽ കയറി കഴുക്കോലുകൾക്കുള്ളിലൂടെ തല പുറത്തേക്കിട്ട് നിൽക്കുന്നുണ്ടാവും. അരയിൽ; ഓല കൂട്ടി കെട്ടാനുള്ള പാച്ചോലക്കെട്ട് തിരുകിവച്ചതിൽ നിന്നും ഓരോന്ന് ഊരിയെടുത്ത് (ഒരു അമ്പെയ്ത്തുകാരൻ ആവനാഴിയിൽ നിന്നും ഓരോന്നായി അസ്ത്രങ്ങളെടുക്കുന്ന കൈവഴക്കത്തോടെ) അമ്മകൊടുക്കുന്ന രണ്ടോലയും ചേർത്ത് കെട്ടും .
കയ്യെത്തുന്നിടത്തേക്ക് ഓല കൊടുക്കാൻ നല്ല എളുപ്പമാണ് . അവിടേക്ക് ചിലപ്പോൾ ഞാനും എത്തിച്ച് കൊടുക്കാറുണ്ട്. ഉയരം കൂടും തോറും പഴയതും പുത്തനും നേരെ കോർത്ത് കൊടുത്തില്ലെങ്കിൽ മേലേക്ക് എറിഞ്ഞു കൊടുക്കുമ്പോൾ അച്ഛന്റെ കയ്യിൽ കിട്ടില്ല ; ഓല രണ്ടും രണ്ട് വഴിക്ക് കൊഴിഞ്ഞു ചാടും … അപ്പോഴൊരു പല്ല് കടിക്കലും ഒച്ചയിടലും ഉണ്ട്. .. അവിടുന്ന് ഒന്നും ചെയ്യാൻ പറ്റില്ലാ ന്ന് ഞങ്ങൾക്കറിയാം. “ഞാനങ്ങട് താഴെയിറങ്ങി വരട്ടെ..” എന്നൊക്കെ പറയണതിന്റെ ചൂട് പെട്ടെന്ന് ആറുമെന്നും അറിയാം . ഉയരം കുറയും തോറും സ്വാദ് മാത്രല്ല ചൂടും കുറയുമെന്ന് മോഹൻലാൽ പറയണത്തിനും മുന്നേ അമ്മ കണ്ടെത്തിയിരുന്നു . അതുകൊണ്ട് വലിയ പേടിയില്ലാതെ വീണ്ടും വീണ്ടും പഴയോലയും പുത്തനും കോർത്ത് കോർത്ത് അമ്മയങ്ങനെ മേലോട്ട് ഇട്ടു കൊടുക്കും . ആ ഏറും അതിന്റെ പോക്കും അച്ഛന്റെ പിടുത്തവും കെട്ടലും നോക്കി ഞങ്ങളും .
മേൽപ്പെര കെട്ടാറാവുംമ്പോഴേക്ക് നാരായണേട്ടനോ അപ്പുണ്ണ്യേട്ടനോ കൂടെ വരും .രണ്ട് ഭാഗത്തേക്കും ഓലയെറിഞ്ഞ്‌ കൊടുത്തും അതിനിടയ്ക്ക് പുറത്ത് കൂട്ടിയ അടുപ്പത്തെ ചോറിന്റെ വേവ് നോക്കിയും.. കൂട്ടാനെളക്കിയും ...പപ്പടം ഒരു സഞ്ചിയിൽ കാച്ചിയിട്ടും …. അമ്മ നിന്ന് വിയർക്കും . തലയിൽ വരിഞ്ഞ് കെട്ടിയ മുഷിഞ്ഞ തോർത്തുമുണ്ടിനിടയിലൂടെ വിയർപ്പൊലിച്ച്
മുഖം കറുത്തിരുണ്ട് അമ്മ ഓലയെടുത്തുകൊടുക്കൽ തുടരും .
ഓലകൾ പഴയത് നല്ലതും ചീത്തതും ആയി തിരിച്ചും...നല്ലത് പുത്തന്റെ കൂടെ കൊടുക്കാൻ അമ്മ നിൽക്കുന്ന ഭാഗത്തേക്ക് കൊണ്ടു കൊടുത്തും ചീത്തത് അടുപ്പ് കത്തിക്കാൻ കൊത്തിയൊടിക്കുന്നിടത്തേക്ക് മാറ്റിയിട്ടും ...ഇടയ്ക്കൊന്ന് അടുപ്പൂതിയും … പൈപ്പിൽ വെള്ളം വന്നിട്ടുണ്ടെങ്കിൽ അതേ കരിവേഷത്തിൽ തന്നെ കുടവും ബക്കറ്റും കൊണ്ടോടിയും ...പടിഞ്ഞാറോടത്തും വടക്കേപ്പുറത്തും തുറന്നിരിക്കുന്ന പാത്രങ്ങളിൽ വെള്ളം നിറച്ചും ...ഞാൻ ക്ഷീണിക്കും . പെര പൊളി കഴിഞ്ഞാലും വെറുതെ പുരപ്പുറത്ത് വെലസിയും വഴിയിൽ കൂടെ പോകുന്ന കൂട്ടുകാരെ ചൂളമിട്ട് വിളിച്ചും.. പച്ചോല വാട്ടാൻ കത്തിച്ച തീയിൽ കോലുകൊണ്ടിളക്കി തീ പാറിച്ചും …
വെള്ളം കൊണ്ടുവന്ന് അതിലൊഴിച്ച് പുകച്ചും…. പണ്ടെന്നോ കൂട്ടിവെച്ച പറങ്കിയണ്ടി ചുടാനെന്നും പറഞ്ഞ് അതിൽ പൂഴ്ത്തിയും ...ഉണ്ണി രസിക്കും .
അന്നത്തെ ചോറും ചായയും ഒക്കെ മുറ്റത്തോ പറമ്പിലോ ഇരുന്നാവും … ഉച്ചയ്ക്കുള്ള ഇത്തിരി മയക്കവും പറമ്പിൽ മെടഞ്ഞ ഓലകൾ വിരിച്ചിട്ട് അതിലാവും. ‘ഇരുട്ടാവുമ്പോഴേക്കും മേഞ്ഞു തീർക്കണ്ടേ’ എന്നും പറഞ്ഞ് അച്ഛൻ പെടഞ്ഞെണീക്കും . ഇരുട്ട് വീഴും വരെ മേഞ്ഞാലും അടുക്കള ഭാഗമോ ...തെക്കേ മുറിയോ …. പടിഞ്ഞാറേ ഇറയമോ ഒക്കെ അപ്പോഴും ബാക്കി നില്ക്കും ; പിറ്റേ ദിവസത്തേക്ക് . മഴ പെയ്യരുതേന്നും പ്രാർത്ഥിച്ച് പുറത്തേക്കിട്ട സാധനങ്ങളൊക്കെ കെട്ടിമേഞ്ഞ മുറികളിലേക്കും ഇടന്നാഴികയിലേക്കും പെറുക്കിയിടുന്ന പണി രാത്രി ഏറെ നീളും . നിലം അടിച്ചു തുടച്ച് ...കുളിച്ച് ... കഞ്ഞിയും കുടിച്ച് കെടക്കുമ്പോഴേക്കും ഉറക്കം മേലേപ്പുരയും കടന്ന് താഴെയെത്തിയിരിക്കും . മേല്പുര മേഞ്ഞു തീരാത്ത ദിവസങ്ങളിൽ തുറന്നിട്ട ആകാശത്തേക്ക് നോക്കി കെട്ടലും മേയലും ഒന്നുമില്ലാത്ത ഒരു മാളിക വീടും സ്വപ്നം കണ്ട് നക്ഷത്രങ്ങളോട് കഥ പറഞ്ഞങ്ങിനെ കിടക്കും. നേരം വെളുക്കുമ്പോഴേക്കും സൂര്യപ്രകാശം വന്ന് കണ്ണിൽ തട്ടിനിൽക്കും ...അബദ്ധത്തിൽ കണ്ണ് തുറന്നാൽ പെട്ടെന്ന് കണ്ണിറുക്കി ചിമ്മി ചുരുണ്ട് കിടക്കും. തുറന്നിട്ട മേൽക്കൂരയ്ക്ക് താഴെ ആയതുകൊണ്ട് കൂട്ടുകാർ ആരേലും കാണുമെന്ന പേടി ഉള്ളിലെത്തിയാലുടൻ പതുക്കെ കണ്ണ് തുറന്ന് ചുറ്റും നോക്കും . തികയാതെവന്ന നാരുണ്ടാക്കാൻ പച്ചോല വാട്ടുന്ന അച്ഛനേയും ...അടുപ്പത്തെ ചീനച്ചട്ടിയിൽ റവ ഉപ്പുമാവിളക്കുന്ന അമ്മയേയും കണ്ട് ഞങ്ങൾ കണ്ണും തിരുമ്മി എണീക്കും .
ഉച്ചയോടെ പുര മേഞ്ഞു തീർന്നാൽ പിന്നെ അടിക്കലും കോരലും …തുണി നനച്ച് തുടക്കലും ...ചുറ്റുപാടും വൃത്തിയാക്കലും … പഴയോല കൊത്തിയൊടിച്ച് കെട്ടാക്കലും ...മേശ ഉരച്ച് കഴുകലും ഒക്കെയായി പണി തന്നെ തകൃതിയായി നടക്കും . എന്നാലും വേണ്ടില്ല തിരിച്ച് പറയാലോ ഇനി വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്നോരോട് :
“ഇക്കൊല്ലത്തെ പെര കെട്ടല് കഴിഞ്ഞോ സത്യോ ?..”
“ആ അതങ്ങട് കഴിഞ്ഞു …”
വലിയൊരു നെടുവീർപ്പാ വരികളെ പിന്തുടരും. ഈ വർഷവും മഴയെത്തും മുന്നേ വെള്ളം പുറത്താക്കീലോ ന്റെ പുതുക്കുളങ്ങരമ്മേ എന്നാണാ നെഞ്ചില് പറയണതെന്ന് ഞങ്ങൾക്കറിയാമായിരുന്നു .പുത്തനോലയുടെ മണമുള്ള പുരയ്‌ക്കകത്തുറങ്ങുമ്പോഴും അടുത്ത കൊല്ലം പെര കെട്ടാൻ ചിതലും ചൊറിയും പിടിക്കാത്ത നല്ല പഴയോലകളാവും അച്ഛന്റേയും അമ്മയുടേയും സ്വപ്നത്തിൽ .
****** ******* ******* ******* ******* ******
മുപ്പത് വർഷത്തോടടുക്കുന്ന ജീവിതയാത്രയിൽ ആദ്യത്തെ പതിനാറ് പതിനേഴ് വർഷങ്ങളിലെ എല്ലാ വർഷത്തേയും മഴക്കാലത്തിന് മുൻപുള്ള രണ്ട് ദിവസങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് മഴ പെയ്തും തോർന്നും വെയിൽ ചിരിച്ചും ചതിച്ചും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ ദിനങ്ങൾ വെറുതെ ഓർമ്മിപ്പിക്കുന്നു . മഴയെന്നാൽ ചാറി വീഴുന്ന നൊസ്റ്റുത്തുള്ളികളും ... പാടവരമ്പത്തെ തവളയൊച്ചകളും ... മഴത്തുള്ളിയിൽ തെളിയുന്ന മഴവില്ലും മാത്രമല്ലെന്നും …. മലവെള്ളപാച്ചിലിൽ ഒലിച്ചു പോകുന്ന വീടും പാത്രങ്ങളും.. ഗ്യാസ്കുറ്റികളും ...വിലപ്പെട്ട ജീവനുകളും ...കൃഷിയും ..കന്നുകാലികളും...
ആധിയും വ്യാധിയും ആവലാതികളും പിന്നെ തുറക്കുന്ന ഷട്ടറുകളും ...ഭീതിയുടെ ദിവസങ്ങളും കൂടിയാണെന്നും ഇനിയുമിനിയും ഓർക്കേണ്ടിയിരിക്കുന്നു . പൊരുതി ജീവിക്കുന്നവരോട് ഐക്യപ്പെടേണ്ടിയിരിക്കുന്നു .എല്ലാത്തിലും ഉപരി ഒരൊറ്റ മഴയിൽ തകർന്ന് വീഴാവുന്നതേയുള്ളൂ മണ്ണിൽ മുളച്ചുപൊങ്ങിയ മണിമാളികകളിൽ നിറയുന്ന പൊങ്ങച്ചക്കുമിളകൾ എന്ന പ്രകൃതി നിയമത്തോട് അലിഞ്ഞുചേരേണ്ടിയിരിക്കുന്നു .
ഇടി നാദം പറയുന്നത് ‘ദ...ദ ….ദ…’ എന്നത്രേ.
In Sanskrit : Datta, Dayadhvam, and Damyata, which command you to "Give," "Sympathize," and "Control."
(എലിയറ്റ് ബൃഹതാരണ്യകോപനിഷത്തിലെ ഒരു സന്ദേശമാണെടുത്തു പറയുന്നത് .)
“ Datta. Dayadhvam. Damyata.
Shantih shantih shantih” ( T.S Eliot )
അതായത് നൽകുക ...ദയ കാണിക്കുക ….നിയന്ത്രണമുള്ളവരാവുക എന്നാണത്രേ ഇടിയുടെ ദാ ദാ ദാ ശബ്ദങ്ങൾ നമ്മോട് പറയുന്നത് .അദ്ധ്വാനിച്ചും ...പണം കൊടുത്തും... വെട്ടിപ്പിടിച്ചും … നാം നേടിയതൊന്നുമല്ല സത്യമെന്നും ഇനിയുമിനിയും നാം... നൽകിയും ...ദയ കാണിച്ചും... സ്വയം നിയന്ത്രിച്ചും മനുഷ്യരായി മാറണമെന്നും ഇടിയുടെ ശബ്ദം ഉറക്കെയുറക്കെ മുഴുവൻ മനുഷ്യരാശിയോടും ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കുന്നു .
ഇടിയും മഴയും നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ ഇനിയുമെത്രയോ …. !

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot