
റോളർ കോസ്റ്റർ ആണത്രേ റോളർ കോസ്റ്റർ ,ഏതു ഫെരാരി ആയാലും കൊള്ളാം ഇമ്മാതിരി ചതി ആരോടും ചെയ്യരുത്
ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ ആണ് അബുദാബിയിലെ ഫെരാരി വേൾഡിൽ ഉള്ളത്. ,270 കിലോമീറ്റർ സ്പീഡിൽ ആണ് സാധനം പോകുന്നത് ,അങ്ങനെ പലതും പാണന്മാർ വാനിൽ ഇരുന്നു പാടുന്നത് കേട്ട് കേട്ടാണ് അവിടെ എത്തിയത് ,ചെന്നപ്പോൾ കണ്ടു ഏകദേശം നാല് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ട്രാക്ക് ,അതിലൂടെ ആ പണ്ടാരം ഒരു മിനിറ്റിൽ ഓടി വരും പോലും. ഓടി വന്നോട്ടെ .അതിനു ഞാൻ എന്ത് വേണം
ഇതെല്ലാം മുൻകൂട്ടി അറിഞ്ഞത് കൊണ്ട് തന്നെ വണ്ടിയിൽ കയറിയപ്പോഴേ ഞാൻ തല വേദന എന്ന് കള്ളം പറഞ്ഞ് കുനിഞ്ഞാണ് ഇരുന്നത് , ഞങ്ങളുടെ ഗൈഡ് ആയി വന്ന മദാമ്മ പറഞ്ഞത് ഇവിടെ വന്നു കഴിഞ്ഞാൽ പിന്നെ ഭാര്യയെ മിസ്സ് ആയാലും റോളർ കോസ്റ്റർ റൈഡ് മിസ്സ് ചെയ്യരുത് എന്നാണ് , ഭയങ്കര അനുഭവം ആണ് പോലും ,എന്നാൽ ആ പണ്ടാരമടങ്ങിയ പെണ്ണുമ്പിള്ള അതിൽ കയറിയിട്ടുമില്ല .വരുന്നവരെ ഒക്കെ പറഞ്ഞു അതിൽ കയറ്റി,അവരുടെ മരണ വെപ്രാളം കണ്ട് താഴെ നിന്ന് കൈ അടിക്കുന്നതാണ് അവരുടെ ഹോബി ,മഹാപാപി ,
ഞാൻ മര്യാദക്കു സകലരോടും പറഞ്ഞു ,നമുക്ക് ഈ കാറുകൾ ഒക്കെ കണ്ട്, മദാമ്മമാരെ ഒക്കെ വായും നോക്കി പതുക്കെയങ്ങു തിരിച്ചു പോവാം ,പ്ലീസ് ,അതല്ലേ നല്ലത് ?
ഇല്ല ,സകലതിനും അതിൽ കയറിയേ പറ്റു,അതിനു വേണ്ടി ആണ് ചില കസിൻസ് ജനിച്ചത് പോലും, ജനിച്ചപ്പോൾ ജാതകം എഴുതിയ കണിയാൻ പറഞ്ഞത്രേ
ഇവൻ കേമനാവും ,വളർന്നു വലുതായി ഫെരാരി വേൾഡിലെ റൂളിത കോഷ്ട്ടത്തിൽ ഒക്കെ കയറും ,കേമൻ , ( റോളർ കോസ്റ്റർ എന്നതിന്റെ സംസ്കൃതം )
വയറു വേദന എന്ന് പറഞ്ഞു ശ്യാമ വേറെ ഒരു കസിൻ അങ്ങനെ ഒന്ന് രണ്ടു പേർ അതിൽ കയറാതെ ഒഴിവായി ,ഞാൻ പറഞ്ഞു ,എന്റെ തലവേദന വയറിലേക്ക് ആയോ എന്നൊരു സംശയം ,പറഞ്ഞത് ഞാൻ ആയതു കൊണ്ട് ആരും വക വെച്ചില്ല , നടക്കു മുന്നോട്ട് എന്നാണ് എല്ലാവരും പറഞ്ഞത് ,
അങ്ങനെ നടന്നു നടന്ന് ആ ഭീകര സാധനത്തിന് അടുത്തെത്തി.സാധാരണ ഗതിയിൽ അതിൽ കയറാൻ ,വലിയ ക്യൂ ആണെന്നാണ് ആരോ പറഞ്ഞത്, ഞാൻ പ്രാർഥിച്ചു , ഭഗവാനെ , കാരുണ്യ സിന്ധോ ,കയറാൻ ഒരു കിലോമീറ്റർ ക്യൂ കാണണേ, ഇന്ന് മുഴുവൻ നിന്നാലും കയറാൻ പറ്റല്ലേ
എവിടെ? പാപി ചെല്ലുന്നിടം പാതാളം ,ലോക ചരിത്രത്തിൽ ആദ്യമായി അവിടെ ക്യൂ ഇല്ല ,മാത്രമല്ല , പ്രൈവറ്റ് ബസിലെ കിളിയെ പോലെ അവിടെ നിൽക്കുന്നവർ ആൾക്കാരെ വിളിച്ചു കയറ്റുന്നു ,ആളുണ്ടോ ആളുണ്ടോ കോസ്റ്റർ കോസ്റ്റർ ....വേഗം വാ ഇപ്പൊ പോവും കോസ്റ്റർ കോസ്റ്ററേ യ്
യ് യ്
യ് യ്
പെട്ടെന്ന് ഉണ്ടായ ഒരു ഉൾവിളിയിൽ ഞാൻ തിരിഞ്ഞോടി ,ഏകദേശം ആ റോളർ കോസ്റ്റർ പോകുന്ന സ്പീഡിൽ ഞാൻ വഴി അറിയാതെ ഓടിക്കൊണ്ടിരുന്നു ,രക്ഷപ്പെട്ടു എന്ന് കരുതി എവിടെയോ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഉള്ള ചുവന്ന കുപ്പായം ഇട്ട ആൾക്കാർ എന്റെ പുറകെ ഓടി വരുന്നു , അവർ വിചാരിച്ചത് ഞാൻ വഴി മാറി ഓടി എന്നാണ് ,അങ്ങനെ നിവൃത്തി ഇല്ലാതെ ആ തടിയന്മാരുടെ തോളിൽ ഇരുന്നു ഞാൻ റോളർ കോസ്ട്ടറിനു അടുത്തേക്ക് തിരിച്ചെത്തി ,
എന്നെ കണ്ട ജനം കൈ അടിച്ചു ,അതിനിടെ ഒരു ഞെട്ടലോടെ ഞാൻ കണ്ടു , കുട വയർ സീറ്റിനിടയിൽ കൊള്ളില്ല എന്ന കാരണത്താൽ ഒരു കസിനെ അവിടെ പുറത്തു മാറ്റി നിറുത്തിയിരിക്കുന്നു ഉർവശീ ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആ കസിൻ കള്ളക്കരച്ചിലോട് കരച്ചിൽ, ഇടയ്ക്കു ആരും കാണാതെ ചിരിയും
അത് കണ്ട ഞാനും പരമാവധി വയറു വീർപ്പിച്ചു നിന്നു ,ഏകദേശം ഒരു എട്ടുമാസം ഗർഭിണി ആണെന്ന് തോന്നുന്ന വയറുമായി നിന്നിട്ടും എന്നെ അവർ നിഷ്ക്കരുണം പൊക്കി എടുത്തു ഒരു സീറ്റിൽ ഇരുത്തി ഒരു ചങ്ങലയും പൂട്ടുംഒക്കെ ഇട്ടു സുരക്ഷിതൻ ആക്കി ,അടുത്തിരുന്ന കസിനെ നോക്കി ഞാൻ ദയനീയമായി കരഞ്ഞു കാണിച്ചു ,
നിനക്കും ഇല്ലേടാ അച്ഛനും ആങ്ങളമാരും ?എനിക്ക് ബീപ്പി ഉള്ളതാണ് ഒന്ന് ഇറക്കി വിടാൻ പറയെടാ ,
അവൻ യാതൊരു വികാരവും ഇല്ലാതെ മുന്നിലേക്ക് നോക്കി ഇരിക്കുന്നു , പെട്ടെന്ന് ഒരു ബെൽ അടിച്ചു , അടുത്ത ഒരു ബെല്ലോടു കൂടി ഈ സാധനം സ്റ്റാർട്ട് ചെയ്യും എന്ന്അവിടെ നിന്ന ഒരു സ്റ്റാഫ് പറഞ്ഞു തന്നു , കയ്യും തലയും ഒന്നും പുറത്തിടരുത് ,വേറൊന്നുമല്ല , കാറ്റടിച്ചു പറന്നു പോകും ,അത്രയേ ഉള്ളു ,കണ്ണ് കാറ്റത്തു പോകാതിരിക്കാൻ ഒരു കണ്ണടയും തന്നു ,അങ്ങനെ അടുത്ത ബെൽ അടിച്ചു ,പിന്നെ എനിക്ക് ഒന്നും ഓർമ്മ ഇല്ല ,
ആ പണ്ടാരം ഒരു പോക്കെന്ന് പറഞ്ഞാൽ ഒരൊറ്റ പോക്ക് ,അവിശ്വസനീയ വേഗത ,നേരെ മുകളിലേക്ക് കയറി കുത്തനെ താഴേക്ക് ഒരു പോക്ക് അത് കഴിഞ്ഞു വശങ്ങളിലേക്ക് അതി വേഗം ആടി ഉലഞ്ഞ് പോക്കോട് പോക്ക് തന്നെ , പെട്ടെന്ന് വായിൽ നല്ല മധുരം പണ്ട് കുടിച്ച അമ്മിഞ്ഞപ്പാൽ ആണെന്ന് തോന്നുന്നു , ഞാൻ അലറി വിളിച്ചു ,
അയ്യോ വണ്ടി നിറുത്തണേ , ആളെറങ്ങണം ഞാനിപ്പോ ചാവുമേ
അറബി അറിയാത്ത ഞാൻ അറബിയിൽ ആണത്രേ അലറി വിളിച്ചത്. ആരോ പിന്നീട് പറഞ്ഞു.എങ്ങനെയാണോ എന്തോ
എന്റെ അലർച്ച കേട്ട് അടുത്തിരുന്ന രണ്ടു പേരുടെ ചെവി വലിയ ശബ്ദത്തോടെ അടിച്ചു പോയി ,അവന്മാര്ക്ക് അങ്ങനെ തന്നെ വേണം താമസിയാതെ എന്റെയും കേൾവിയും കാഴ്ചയും നഷ്ട്ടപ്പെട്ടു , ഇടക്കെപ്പഴോ കുറച്ചു വെള്ളം ദേഹത്ത് വീണു ,മുന്നില് ഇരുന്ന ആരോ കാര്യം സാധിച്ചതാണ് എന്ന് ഉറപ്പാണ് ,എന്നാൽ പിന്നെ ഞാനും സാധിച്ചു കളയാം എന്ന് കരുതിയപ്പോൾ വണ്ടി സഡൻ ബ്രേക്ക് ഇട്ടു നിന്നു ,റൈഡ് കഴിഞ്ഞു പോലും
വന്ന ഉടനെ ഒരാൾ വന്നു എല്ലാവരുടേയും കയ്യും കാലും ഒക്കെ യഥാസ്ഥാനത്തു തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു,അഥവാ ഊരിപ്പോയിട്ടുണ്ടെങ്കിൽ ഒരു ടോക്കണ്‍ കാണിച്ചാൽ പുറത്തെ കൌണ്ടറിൽ നിന്നും കിട്ടും
അടുത്തതായി ആത്മഹത്യ ചെയ്യാൻ ക്യൂ നിൽക്കുന്നവർ ഒക്കെ ഞങ്ങളെ കണ്ടു കൈ അടിച്ചു , എങ്ങനെ തോന്നുന്നെടാ മഹാപാപികളേ കയ്യടിക്കാൻ എന്ന് വിചാരിച്ചു കൊണ്ട് ,സ്ഥലകാല ബോധം നഷ്ട്ടപ്പെട്ട ഞാൻ പുറത്തു ഇറങ്ങി കാലിനു പകരം കൈ കുത്തി പാഞ്ഞു നടന്ന് എങ്ങോട്ടോ പോയി ,
പോകുന്ന വഴി വായിൽ വന്ന എന്തോ ഒരു സാധനം തുപ്പിക്കളയുകയും ചെയ്തു ,ആമാശയമോ കിഡ്നിയോ വൻ കുടലോ എന്തോ ആണെന്ന് തോന്നുന്നു , അതിനി നാളെ സ്കാൻ ചെയ്തു നോക്കുമ്പോൾ അറിയാം ,
ഇതെല്ലാം പോരാഞ്ഞ് നമ്മൾ ആ കുന്തത്തിൽ ഇരുന്നു ചക്രശ്വാസം വലിക്കുന്നതും ഗോഷ്ട്ടി കാണിക്കുന്നതും ഒക്കെ ഫോട്ടോ എടുത്തു വെളിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു എന്റെ ഫോട്ടോയുടെ താഴെ ആണ് ഏറ്റവും തിരക്ക് ,കൂടെ കേറാത്ത കസിൻസ് ,ശ്യാമ എല്ലാവരും അവിടെ ഇട്ടിട്ടുള്ള കസേരയിൽ ഇരുന്നും കട്ടിലിൽ കിടന്നും ചിരിയോട് ചിരി ,ഞാൻ അവരെ കണ്ടതായി പോലും ഭാവിക്കാതെ കൈ കുത്തി പുറത്തേക്കു പോയി
റോളർ കോസ്റ്റർ ആണത്രേ റോളർ കോസ്റ്റർ ,ഏതു ഫെരാരി ആയാലും കൊള്ളാം ഇമ്മാതിരി ചതി ആരോടും ചെയ്യരുത്
By: AjoyKumar
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക