നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലക്കുറിഞ്ഞി


Chithra
കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തതുകാണാൻ പോയ കെട്ടിയോൻ രണ്ടുദിവസമായിട്ടും കണ്ടുതീരാത്തതിൽ ദേഷ്യം പിടിച്ചു ഫോണിനോട് അത് തീർത്തിരിക്കുമ്പോഴാണ് മദർ ഇൻ ലോ ആ വാർത്ത പറഞ്ഞത്....
അടുത്ത വീട്ടിലെ ടിജികുട്ടനെ കാണാനില്ല... ടിജികുട്ടൻ ആരോടും പറയാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി... "കഷ്ടമായിപ്പോയി... സ്നേഹമുള്ള കൊച്ചായിരുന്നു "... അമ്മയുടെ വാക്കിൽ സങ്കടം.... അതെപ്പഴാ ടിജി കുട്ടൻ അമ്മയ്ക്ക് സ്നേഹമുള്ള കൊച്ചായതെന്നു എനിക്ക് മനസ്സിലായില്ല.....
ടിജി കുട്ടൻ എന്ന ടിജി തോമസ് എന്റെ അയൽക്കാരനാണ്... ഏകദേശം സമപ്രായം... ടിജിയുട പപ്പ തോമസ് പണ്ട് അച്ചൻ പട്ടത്തിനു പഠിക്കാൻ പോയിട്ടു പകുതിയിൽ നിർത്തി പോലീസിൽ എസ് ഐ ആയി....
ഇപ്പൊ പെൻഷൻ പറ്റി ചുമ്മായിരിക്കുവാണ്.... പ്രധാന ജോലി ടിജികുട്ടനെ മാരകമായി തല്ലുക, അടിച്ചുവരാൻ വരുന്ന സരസു അതൊക്കെ ചെയ്യുന്നുണ്ടോയെന്നു നോക്കുക തുടങ്ങിയതാണ്..... ടിജിയുടെ മമ്മി ബാങ്കിൽ മാനേജരാണ്... പക്ഷെ അതിന്റെ ഒരു എടുപ്പൊന്നും അവർക്കില്ല.... ഒരു സാധു....
അപ്പൊ പറഞ്ഞു വന്നത് എന്നാന്നു വച്ചാൽ ടിജി കുട്ടനെ കാണാനില്ല... ഇനി ഈ ടിജിയെ പറ്റി അറിയണ്ടേ....
ടിജി ഒരു ബുദ്ധികുറവുള്ള ആളാണ്.... പക്ഷെ ബുദ്ധി ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട് താനും..
അത് പറയാൻ കാരണം ഇന്നാള് ഞാനും വിമുവും ചെടിയുടെ കളപറിക്കുന്ന നേരം ആ ചെക്കൻ മതിലിനപ്പുറം നിന്ന് ഞങ്ങളിലാരെയോ കണ്ണിറുക്കി കാണിച്ചു.... ദൂരെ കാഴ്ച ആയതു കാരണം ആരെയാണെന്നു വ്യക്തമല്ല...... അത് ഒരു സംഭവം...
പിന്നൊരിക്കൽ ചിക്കൻഗുനിയ പിടിച്ചുകിടെന്ന ടിജി കുട്ടന്റെ മമ്മിയെ കാണാൻ മതിലുചാടി ചെന്ന വിമലയെ പിടിച്ചുയർത്തി അവൻ വട്ടം കറക്കി... അവസാനം എസ് ഐ വന്നാണ് വിമുവിനെ താഴെ ഇറക്കിയത്.... അതാണ് ടിജി കുട്ടൻ...
അവനു ചെവി കേൾക്കൽ കുറവാണു... അതുകൊണ്ട് സംസാരവും വ്യക്തമല്ല....
പകൽ സരസുവാണ് അവനെ നോക്കുന്നത്... സരസു രണ്ടു ദിവസമായി വന്നിട്ട്.... കുടുംബശ്രീ പണികാരണം...
എന്തായാലും ചെക്കനെ കാണാനില്ല.... ടിജിയുടെ മമ്മി കരഞ്ഞു വഴിയിലേക്ക് നോക്കിനിൽപ്പായി... എസ് ഐ ക്ക് വലിയ സങ്കടം ഒന്നും കണ്ടില്ല.... അന്നുമുഴുവൻ നാട്ടുകാർ ടിജി യെ അന്വേഷിച്ചു... ഒരറിവുമില്ല...
അന്ന് രാത്രി ടിജിയുടെ മമ്മി ആഹാരമൊന്നും കഴിച്ചില്ല....എസ് ഐ ആണേൽ താറാവ്മൊട്ട പൊരിച്ചു ചോറും തിന്ന് കൂർക്കം വലിച്ചുറങ്ങി....
പിറ്റേന്ന് രാവിലെ തന്നെ പോലീസിനെ വിളിക്കാൻ ടിജിയുടെ മമ്മി തീരുമാനിച്ചു.... അവർ സ്റ്റേഷനിൽ പോകാൻ ഒരു സാരി വാരിചുറ്റി റെഡിയായി....
പുറത്തേക്കിറങ്ങാൻ നേരം ദേ വരുന്നു ടിജികുട്ടൻ സരസുന്റെ കൈപിടിച്ചു.... അതുകണ്ടു ഞാനും മദർ ഇൻ ലോയും മതിലിനരുകിൽ ചെന്നു നോക്കി....
ടിജി കുട്ടൻ എന്നെ കണ്ടു പുഞ്ചിരിച്ചു.... ചാരുകസേരയിൽ കിടന്ന എസ് ഐ ചാടി എഴുന്നേറ്റു....
"എന്റെ ടിജി കുട്ടന്റെ മമ്മി.... ചെക്കൻ ഇന്നലെ നേരം വെളുത്തു കുടീല് വന്നതാണ്... തിരിച്ചു പൂവ്വാൻ പറഞ്ഞിട്ട് പോയില്ല... പിന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലാഞ്ഞിട്ടു ഓരോസം അവിടെ കിടക്കട്ടേന്ന് ഞാനും വച്ചു... അന്യൻ ഒന്നും അല്ലല്ലോ"....സരസുവിന്റെ വാക്കുകേട്ട് ടിജിയെ മമ്മി ചേർത്തു പിടിച്ചു...
"ചെക്കൻ ആളു മോശല്ലട്ടോ.... പപ്പേടെ മോൻ തന്നെ "
അകത്തേക്ക് കേറാൻ നേരം സരസു എസ് ഐ യോട് പറഞ്ഞു...
അതുകേട്ടു എസ് ഐ ഒന്ന് ഞെട്ടി...
"ഇനി മുതൽ സരസു അടിച്ചു വരാൻ വരണ്ട "...ടിജിയുടെ മമ്മിയുടെ ഒച്ച ആദ്യമായി പൊങ്ങി.... അതുകേട്ടു എസ് ഐ അകത്തേക്കും സരസു പുറത്തേക്കും മദർ ഇൻ ലോയും ഞാനും വീട്ടിലേക്കും നടന്നു...
"അല്ല എന്തിനാ ടിജി കുട്ടന്റെ മമ്മി സരസുനോട് വരേണ്ടെന്ന് പറഞ്ഞേ"
എന്റെ സംശയം കേട്ട് മദർ ഇൻ ലോ എന്റെ അമ്മയോട് ചോദിക്കാൻ പറഞ്ഞു....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot