Slider

ആൽബിന്റെ ഹൃദയം

0
Image may contain: 1 person, sitting, closeup and indoor
*************************
ഞാൻ ആൽബിൻ.....
നിങ്ങള്‍ക്കെന്നെ ഒരു പക്ഷെ അറിയില്ലായിരിക്കും, അല്ലെങ്കിലും അറിയാൻ മാത്രം ഞാൻ ഈ ഭൂമിയിൽ ആരുമായിരുന്നില്ലലോ. ഇന്നത്തേക്ക് ഒരു വർഷം തികയുന്നു ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട്.
വിട പറഞ്ഞുവെന്ന് തികച്ചു പറയാൻ പറ്റില്ലാട്ടോ... കാരണം ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട് . വിഷ്ണുവിന്റെ കൂടെ, നിങ്ങൾക്കിടയിൽ.
ഈ വിഷ്ണു ആരാണെന്നല്ലേ...?
വിഷ്ണു എന്റെ ആരുമല്ല, എന്റെ സുഹൃത്തോ പരിചയക്കാരനോ ഒന്നും.... സത്യം പറഞ്ഞാൽ ഞാൻ വിഷ്ണുവിനെയോ വിഷ്ണു എന്നെയോ ഇതു വരെ നേരിട്ട് കണ്ടിട്ടു പോലുമില്ല.. !! പക്ഷെ ഇപ്പോ ഞങ്ങൾ ഒന്നാണ്. പിരിയാൻ കഴിയാത്ത വിധം... ഇനി ഞങ്ങളെ പിരിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ.
ഇപ്പൊ എനിക്കറിയാം നിങ്ങൾ എന്താ ചിന്തിക്കുന്നതെന്ന്. എല്ലാം ഞാൻ പറയാം.
കഴിഞ്ഞ വർഷം ഈ ദിവസം. ആ നശിച്ച ദിവസത്തെ കുറിച്ച് ഓർക്കുന്നത് തന്നെ എനിക്കിഷ്ടമല്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. നല്ല മഴയുള്ള ഒരു ദിവസം. രാവിലെ പള്ളിയിൽ പോയി മടങ്ങിയതായിരുന്നു ഞങ്ങൾ... ഞാനും അമ്മച്ചിയും പപ്പയും....കൂട്ടത്തിൽ പറയട്ടെ ഞാൻ ചെറിയൊരു പാട്ടുകാരൻ കൂടി ആയിരുന്നുട്ടോ.....
പള്ളിയിലെ ക്വൊയറിലൊക്കെ പാടുമായിരുന്നു... അന്നും ഞാൻ പാടി.
"നസ്രായൻ കർത്താവെ, ലോകത്തിൻ സ്രൃഷ്ടാവേ..."
അതാ ഞങ്ങൾ അന്ന് പാടിയത്.. . തിരിച്ചു വന്നപ്പോഴാണ് അശ്വിന്റെ വിളി വന്നത്... അവന്‍ കോളേജിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. കോളേജ് ഡേയ്ക്ക് ഞങ്ങളുടെ ഒരു പരിപാടിയുണ്ട്. അതിന്റെ പരിശീലനത്തിനാണ് അവൻ വിളിച്ചത്.
പപ്പാ എനിക്ക് പുതിയ ബൈക്ക് വാങ്ങി തന്നിട്ട് രണ്ടാഴ്‍ച്ചയെ ആയിരുന്നുള്ളു. അമ്മച്ചിക്കാണെണെങ്കിൽ ഒട്ടും ഇഷ്ടമില്ലായിരുന്നു ബൈക്ക് വാങ്ങുന്നത്. അതിന്റെ പേരിൽ പപ്പയുമായ് വഴക്കിട്ടു ഒരു കൊച്ചു ഭൂമികുലുക്കം തന്നെ ഉണ്ടായി വീട്ടിൽ. അമ്മച്ചിക്ക് എന്തും പേടിയാ. ഞാൻ ബൈക്ക് എടുത്തു പുറത്തു പോവാൻ തുടങ്ങിയാൽ മതി മനസ്സിൽ ഓരോന്ന് കണ്ടു തുടങ്ങും.
എന്നെ സ്നേഹിച്ചു കൊല്ലുകയായിരുന്നില്ലേ...? എന്നാലും പാവായിരുന്നുട്ടോ എന്റെ അമ്മച്ചി... അല്ലെങ്കിലും എങ്ങിനെയാ അമ്മച്ചിയെ കുറ്റം പറയാ... അമ്മച്ചിക്കും പപ്പക്കും ഞാൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു....
അന്നും ഞാൻ ഇറങ്ങുമ്പോൾ അമ്മച്ചി മുഖം കനപ്പിച്ചു വന്നു. അപ്പോഴും രാവിലെ തുടങ്ങിയ മഴ പെയ്‌തു തോർന്നില്ലായിരുന്നു.
"നീ ഈ മഴയത്തു പോണ്ട..," കർത്താവിന്റെ പടത്തിനു മുന്നിൽ കത്തിച്ചു വെച്ച മെഴുകുതിരി പെട്ടെന്ന് അണഞ്ഞു.. ചുമരിലിരുന്ന് പല്ലി ചിലച്ചു.. ജപിച്ചു കൊണ്ടിരുന്ന കൊന്ത താഴെ വീണു....
"നീയിപ്പോ ഇറങ്ങണ്ട ആൽബിനെ. "
അമ്മച്ചി ഒരേ ബഹളം.. അതിപ്പോ പതിവായതുകൊണ്ടു " അമ്മച്ചി പേടിക്കണ്ട.. ഞാൻ വേഗം വരാട്ടോ " എന്ന് പറഞ്ഞു ആ കവിളത്തു ഒരു മുത്തവും കൊടുത്തു ഇറങ്ങി പോയതല്ലേ ഞാൻ...
ഇപ്പൊ തോന്നുന്നു സ്നേഹമുള്ളവര്‍ ഓരോന്ന് ഇങ്ങനെ പറയുമ്പോ അതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടാവും... .. അവർക്ക് ചിലപ്പോ മനസ്സിൽ മുൻകൂട്ടി എല്ലാം കാണാൻ പറ്റുന്നുണ്ടാവും... ടൗണിൽ വെച്ചു ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് പെട്ടെന്നു ആ ലോറി മുന്നിൽ വന്നത്..... പിന്നെ ഒന്നും ഓർമിയില്ലാതായി എനിക്ക്. ചുറ്റും കട്ട പിടിച്ച ഇരുട്ട് മാത്രം...
**********
മസ്തിഷ്ക മരണം.. അതാണത്രേ എനിക്ക് സംഭവിച്ചത്... ഞാൻ ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ലാന്ന് ഡോക്ടർ പറഞ്ഞപ്പോ തകർന്നു പോയി എന്റെ അമ്മച്ചിയും പപ്പയും... പക്ഷെ എന്തൊക്കെ അത്ഭുതങ്ങളാണ് ഈശ്വരൻ നമുക്ക് വേണ്ടി കരുതുന്നത്. എന്റെ ഹൃദയ മിടിപ്പുകൾ അപ്പോഴും നിലച്ചിട്ടില്ലായിരുന്നുവത്രേ....!!
അപ്പോഴാണ് ഡോക്ടർ പപ്പയോടു വിഷ്ണുവിനെ പറ്റി പറഞ്ഞത്. വിഷ്ണുവിന്റെ ഹൃദയം തകരാറിലാണെന്നും ഹൃദയം മാറ്റി വെച്ചാലേ രക്ഷയുള്ളുവെന്നും എന്റെ ഹൃദയം വിഷ്ണുവിന്റെ ശരീരവുമായി നല്ല ചേർച്ചയാണ് എന്നൊക്കെ..
ഹൃദയം കൊടുക്കാൻ തയ്യാറായി ഒപ്പിട്ടു കൊടുക്കുമ്പോ പപ്പായുടെ ഉള്ളു എത്ര പിടഞ്ഞിട്ടുണ്ടാവും. ആകെ മരവിച്ചു ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നില്ലേ എന്റെ അമ്മച്ചി.. !
******
പിന്നെ എന്റെ ഹൃദയവുമായി വിഷ്ണുവിന്റെ നാട്ടിലേക്കു.. ചിലപ്പോൾ നിങ്ങളതൊക്കെ പത്രത്തിൽ വായിച്ചിട്ടുണ്ടാവും...
എന്തായാലും ഇന്നെനിക്കു സന്തോഷമുള്ള ദിവസമാണ് പപ്പയും അമ്മച്ചിയുമൊക്കെ എന്നെ കാണാൻ വരും.. പിന്നെ വിഷ്ണു... നല്ല കുട്ടിയാ അവന്‍ എന്നെ പോലെ പാട്ടും ക്രിക്കറ്റും ഒക്കെ ഇഷ്ടമാണ് അവനും.
ജീവിതം തിരിച്ചു കിട്ടിയപ്പോ എന്ത് സന്തോഷമാണവന്.! ഉള്ളിലിരുന്നു എല്ലാം ഞാൻ ഞാനറിയുന്നുണ്ട് ട്ടോ..! അവനെ പോലെ എനിക്കുമുണ്ടായിരുന്നില്ലേ കുറെ മോഹങ്ങളും സ്വപ്നങ്ങളും. വലിയ പാട്ടുകാരനാവണം, അമ്മച്ചിടെ ആഗ്രഹം പോലെ ഒരു എൻജിനീയറാവണം.. പിന്നെയും എന്തൊക്കെയോ... പക്ഷെ ഇപ്പൊ..... ജീവിച്ചു കൊതി തീർന്നില്ലല്ലോ എനിക്ക്....
ഞാൻ ഇപ്പോ വരാട്ടോ. വിഷ്ണു ഇപ്പോഴും നല്ല ഉറക്കത്തിലാണ്.
*****
ഒരു നേർത്ത കാറ്റു വന്നു ജനലഴികളിൽ പറ്റി ചേർന്ന മഴത്തുളികളെ മുഖത്തേക്ക് തെറിപ്പിച്ചപ്പോൾ വിഷ്ണു മെല്ലെ കണ്ണ് തുറന്നു... എഴുന്നേൽക്കാതെ തന്നെ ആലസ്യത്തോടെ വെറുതെ പുറത്തേക്കു നോക്കി കിടന്നു... മഴ പെയ്തു തോർന്ന പ്രഭാതത്തിനു എന്തൊരു ഭംഗിയാണ്... വിഷ്ണു ഓർത്തു..
ഇപ്പോൾ ഓരോ ദൃശ്യങ്ങളും എത്ര ആഴത്തിലാണ് മനസ്സിൽ പതിയുന്നത്. മുൻപ് താൻ ഇതൊന്നും ശ്രദ്ധിക്കാറേ ഇല്ലായിരുന്നു.. ഇപ്പോൾ ഓരോ കാഴ്ചകളും എത്ര മനോഹരമായാണ് തോന്നുന്നത് ..... ജീവിക്കാൻ വല്ലാതെ കൊതിയാവുന്നു ഓരോ ദിവസം കഴിയുന്തോറും ...
മെല്ലെ കണ്ണുകൾ ചുവന്ന റോസാച്ചെടിയിലേക്കു നീണ്ടു.. ഇന്നും പുതിയൊരെണ്ണം മൊട്ടിട്ടുണ്ട്... താഴെ ഇതൾ കൊഴിഞ്ഞു വീണ ഒരു പൂവിലേക്ക് കണ്ണുകൾ ഉടക്കി..
.ഇതൾ കൊഴിഞ്ഞ റോസാപ്പു!!.
കൊഴിഞ്ഞു വീഴുന്ന ഓരോ പൂവിനും പകരം പുതിയ ഒരെണ്ണം മൊട്ടിടുന്നു.. ഒരു ജീവന് പകരം മറ്റൊന്ന്.. !
അറിയാതെ കൈ നെഞ്ചിലേക്ക് പോയി.
ആൽബിൻ... ഇന്ന് ആൽബിനെ കാണാൻ പോവേണ്ട ദിവസമാണ്. മെല്ലെ എണീറ്റു മുറ്റത്തേക്കിറങ്ങി. വീണ്ടും കിനിയാൻ തുടങ്ങിയ മഴത്തുള്ളികളെ വകവെക്കാതെ നനഞ്ഞ മണ്ണിലൂടെ നടന്നു. ഇനി എല്ലാം ആസ്വദിക്കണം. ഈ മഴയും, തണുത്ത പകലും, നനഞ്ഞ മണ്ണും എല്ലാമെല്ലാം ആവോളം മനസ്സിലേക്ക് ഒപ്പിയെടുക്കണം. മെല്ലെ ചെന്ന് ഒരു റോസാപൂ പറിച്ചെടുത്തു. ഇതു ആൽബിന് കൊടുക്കണം.
**************
ഞാൻ വീണ്ടും വന്നൂട്ടോ. ഇപ്പോ എനിക്ക് എല്ലാവരെയും കാണാം. എന്റെ കല്ലറക്കു മുന്നിൽ എല്ലാവരുമുണ്ട്. അമ്മച്ചി, പപ്പാ, വിഷ്ണു, വിഷ്ണുവിന്റെ അച്ഛനും അമ്മയും എല്ലാവരും. അമ്മച്ചീടെ മുഖം കണ്ടാലറിയാംഒരു സങ്കടക്കടല്‍ ആ നെഞ്ചില്‍ ഒതുക്കിയിരിക്കുവാണെന്ന്. അല്ലെങ്കിലും ഒരു ദിവസം പോലും എന്നെ പിരിഞ്ഞിരിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ അമ്മച്ചിക്ക്...
ഞാൻ ഇപ്പോ നോക്കിയത് വിഷ്ണുവിന്റെ അമ്മയുടെ മുഖത്തേക്കാണ്. എന്റെ അമ്മച്ചീടെ കണ്ണീരിൽ നനയുന്നത് മുഴുവൻ ആ അമ്മയുടെ മനസ്സായിരിക്കും . ഒരമ്മയോളം മറ്റാര്‍ക്കും അറിയാൻ കഴിയില്ലല്ലോ മറ്റൊരു അമ്മയുടെ നെഞ്ചിന്റെ പിടച്ചിൽ !!
അമ്മച്ചിയോടു എന്താ പറയുക എന്നോർത്ത് വിഷ്ണുവിന്റെ അമ്മയുടെ ഉള്ളും വിങ്ങുന്നുണ്ടാവും. ആശ്വാസ വാക്കുകളോ നന്ദിയോ എല്ലാം നിരർത്ഥകമാകുന്നതു പോലെ...! ചിലപ്പോഴെങ്കിലും മൗനത്തിനു ഉണ്ടാവും ഒരായിരം അർഥങ്ങൾ....
ഇടക്കൊക്കെ ദൈവത്തിനോട് ഞാൻ പരിഭവം പറയാറുണ്ട്... എന്തേ വിഷ്ണുവിന്റെ അമ്മയുടെ കണ്ണീരു കണ്ടപ്പോള്‍ അമ്മച്ചിയുടെ പ്രാർത്ഥന കേൾക്കാതെ പോയത്. വിഷ്ണുവിന്റെ അമ്മയെ പോലെ അമ്മച്ചിക്കും ഞാൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു...
നിങ്ങൾക്കു പറയാം വിധി, ദൈവഹിതം, അങ്ങിനെ എന്തെങ്കിലും........!
എന്നാലും വിഷ്ണുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോ ഞാൻ എല്ലാം മറക്കും.
എനിക്ക് കൊതിയാവുന്നു അമ്മച്ചിയെ ഒന്ന് തൊടാൻ. ആ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ. ആ കണ്ണീരൊന്നു തുടക്കാൻ. ഒന്നിനും കഴിയുന്നില്ലല്ലോ എനിക്ക്. ഉള്ളിലിരുന്നു എല്ലാം വിഷ്ണുവിനോട് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്...
********
ഉള്ളിലിരുന്ന് ആല്‍ബിന്റെ ഹൃദയം എന്തോ മന്ത്രിക്കും പോലെ..... !
പെട്ടെന്ന് വിഷ്ണു ആൽബിന്റെ അമ്മച്ചിയുടെ അടുത്ത് പോയി..
"ആന്റി കരയണ്ട ആൽബിൻ ഇവിടെയുണ്ട്...ഇതാ ഇവിടെ "
ആ അമ്മയുടെ കൈ വിഷ്ണു മെല്ലെ തന്റെ നെഞ്ചോടു ചേർത്തു... മാതൃസ്പര്‍ശമേറ്റതിനാലാവണം ആൽബിന്റെ ഹൃദയം ഒന്ന് വേഗത്തിൽ മിടിച്ചു. അതു ആൽബിന്റെ തേങ്ങലുകളായിരുന്നുവെന്ന് ആ പാവം അമ്മച്ചി അറിഞ്ഞുവോ...?
ശ്രീകല മേനോൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo