നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

I need a hot coffee, extremely hot.. (കഥ )


ചെന്നൈ വിമാനത്താവളത്തിലെ ലോബിയിൽ , ആളൊഴിഞ്ഞ കോണിലെ സ്റ്റീൽ കസേരയിലമർന്നിരിക്കുമ്പോൾ, ദുർബലമായ ശരീരത്തെ എ സിയിൽ നിന്ന് രക്ഷിക്കാനൊരു ഷാൾ കൈയിലെടുക്കാത്തതിൽ ദേവികക്ക് തന്നോട് തന്നെ ദേഷ്യം തോന്നി .എന്തൊരു നശിച്ച തണുപ്പ്. ! കാലിനടിയിൽ നിന്നും അരിച്ചരിച്ച് ശരീരത്തിലെ ഓരോ രോമകൂപങ്ങളിലേക്കുംതണുപ്പ് ആഴ്നിറങ്ങുന്നു, കൂർത്ത മുനയുള്ള സൂചി കൊണ്ട് കുത്തുന്നപോലെ.
ലോബി ജനസാന്ദ്രമാണ്.
ഫ്ളൈറ്റിന് ഇനിയുമൊരുപാട് സമയം ബാക്കിയുണ്ട്. എത്രയും പെട്ടെന്ന് ഈ നശിച്ച നഗരത്തിൽ നിന്നും രക്ഷപ്പെടണമെന്ന ചിന്തയിലാണ് നേരത്തെ തന്നെ എത്തിയത് .ആറു നീണ്ട വര്ഷങ്ങള്ക്കു ശേഷം ചെന്നൈയിൽ നിന്നും എന്നന്നേക്കുമായി മടങ്ങി പോവുകയാണ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവുകയില്ല.
ആരോടും യാത്ര പറയാനില്ലായിരുന്നു. ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും സഹപ്രവർത്തകരുടെ സെന്റ് ഓഫ് പാർട്ടി ഇന്നലെയായിരുന്നു . പല മുഖങ്ങളിലും സങ്കടത്തെക്കാൾ കൂടുതൽ സഹതാപമാണെന്നു ദേവിക തിരിച്ചറിഞ്ഞു. മാറി നിന്നു, സൂപ്പർവൈസർ വിൽഫ്രഡ് സെക്രട്ടറി ടീനയോടു പറയുന്നതും ദേവികയുടെ ശ്രദ്ധയിൽപ്പെട്ടു "ഇവൾ എന്തൊരു വിഡ്ഢിയാണ്. ഒരുത്തൻ വഞ്ചിച്ചെന്നും പറഞ്ഞിത്ര നല്ല ജോലിയും കളഞ്ഞു ഒളിച്ചോടുന്നു. നിങ്ങൾ മലയാളി പെൺകുട്ടികൾ ഇത്രയേ ഉള്ളൂ?കഷ്ടം! വേറൊരുത്തനെ ഉടനെ തന്നെ കണ്ടുപിടിച്ചു അവന്റെ തോളിൽ കൈയ്യിട്ടു മറ്റവന്റെ മുന്നിലൂടെ നടന്നു കാണിക്കണം. അതാണ് പെണ്ണ്.. "
ചിന്തകൾ കാടു കയറുമെന്നായപ്പോൾ ദേവിക ഹാൻഡ് ബാഗിൽ നിന്നും ജോർജ് ഓർവെല്ലിന്റെ “ഹോമേജ് ടു കാലിഫോർണിയ” എടുത്തു പേജുകൾ മറിച്ചു .
അപ്പോഴാണ് മടിയിലിരുന്ന മൊബൈൽ ശബ്ദിച്ചത്. ദേവിക മൊബൈൽ എടുത്തു. ദീപക്കിന്റെ ഉറ്റ കൂട്ടുകാരൻ വിനയന്റെ വാട്ടസ് ആപ്പ് മെസ്സേജ്.
"Deepak met with an accident ..............”
ദീപക്കിന് അപകടം സംഭവിച്ചു,പിന്നെ കുറെ കുത്തുകളും .
തനിക്ക് പൂരിപ്പിക്കാനായ് വിനയൻ വിട്ട് തന്ന കുത്തുകൾ, സ്കൂളിൽ പഠിച്ചിരുന്ന സമയത്തെ പരീക്ഷാക്കാലത്തെ ചോദ്യ പേപ്പറുകളെ ഓർമിപ്പിച്ചു .
Fill in the blanks..
അതിനു താഴെ എ ,ബി ,സി ,ഡി എന്നക്കമിട്ടു കുറെ ഓപ്ഷനുകളുമുണ്ടാവും. ഉത്തരമറിയില്ലെങ്കിൽ പരീക്ഷാ ഹാളിൽ ചുറ്റിലും നോക്കി, ആരും കാണില്ലെന്നുറപ്പു വരുത്തി കണ്ണടച്ചു പിടിക്കും. പിന്നെ, വലത് കൈയിലെ പേന വെച്ച് പേപ്പറിലേക്ക് ഒരു കറക്കി കുത്തലാണ്. പേന നിൽക്കുന്നിടത്തു കാണുന്ന അക്കമെടുത്തു ഉത്തരക്കടലാസിലെഴുതും .പേപ്പർ കിട്ടുമ്പോൾ ഭാഗ്യമുണ്ടെകിൽ ഉത്തരം ശരിയാവും .
ഭാഗ്യം ! ജീവിതമിപ്പോൾ മാത്രമല്ല ,എപ്പോഴും ഭാഗ്യമുള്ളവർക്കു മാത്രമാണ്..
ആറ് വര്ഷം മുന്നേ ഈ കമ്പനിയിലേക്ക് ദേവികയുടെ ഇന്റർവ്യൂ പറഞ്ഞു വെച്ചിരുന്നതിലും രണ്ടു ദിവസം മുന്നേയായിരുന്നു . പെട്ടെന്ന് കേരളത്തിൽ പൊട്ടി പുറപ്പെട്ട ഹർത്താൽ കാരണം അത് മാറ്റി വെക്കപ്പെട്ടു . അത് കൊണ്ട് മാത്രം ഒന്നിച്ചൊരേ ദിവസം ഇന്റർവ്യൂവിനു ദീപക്കിനോടൊപ്പം എത്തി .ഇന്റർവ്യൂ കഴിഞ്ഞു രണ്ടു പേര്ക്കും ഒരേ ഡിപ്പാർട്മെന്റിൽ തന്നെ ജോലി കിട്ടി. ഒരേ ക്യാബിനിൽ, ഒന്നിച്ചിരുന്നുള്ള ജോലിയിൽ പരസ്പരം ഹൃദയം കൊരുത്തു. ഇടക്ക് ആരും കാണില്ലെന്നുള്ള ഉറപ്പിൽ കൈമാറുന്ന കുസൃതിത്തരങ്ങളും.
അതായിരുന്നു ദേവികക്കവളുടെ ഭാഗ്യം നിറഞ്ഞ ദിവസങ്ങൾ. ഇപ്പോൾ സ്വയം നിര്ഭാഗ്യവതിയെന്നു മുദ്ര കുത്തുന്നതും അതെ കാരണങ്ങൾ കൊണ്ട് തന്നെ.. ഒരാളുടെ ജീവിതത്തിലേക്ക് മറ്റൊരാൾക്ക് ഭാഗ്യവും നിര്ഭാഗ്യവും ഒരുമിച്ചു കൊണ്ട് വരാൻ സാധിക്കുമോ ?
തൊട്ടടുത്തുള്ള കോഫി ഷോപ്പിൽ നിന്നും കൊതിപ്പിക്കുന്ന നെസ്ലേ കോഫിയുടെ ഗന്ധം അന്തരീക്ഷത്തിൽ പടർന്നപ്പോൾ, ദേവിക ബുക്ക് മടക്കി കസേരയിൽ വെച്ചെഴുന്നേറ്റു.
കോഫി ഷാപ്പിനടുത്തേക്കു നടന്നപ്പോൾ അതിനരികെ വാഷ് റൂം കണ്ടു. ഒന്ന് ഫ്രഷ് ആയി വന്ന് കാപ്പി കുടിക്കാം. തൂവെള്ള നിറത്തിലെ വാഷ് ബേസിനിൽ നിന്നും തണുത്ത വെള്ളം മുഖത്ത് കോരിയൊഴിച്ചു .ചുവരിലെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട പ്രതിരൂപം അവൾക്ക പരിചിതമായി തോന്നി. വെറും രണ്ടു ദിവസമേ ആയുള്ളൂ നീളമുള്ള മുടി ബോയ് കട്ട് ചെയ്തിട്ട്. കാണുമ്പോൾ അമ്മക്കാവുമേറെ സങ്കടം. അതിനവൾ രണ്ട് നാൾ മുന്നേ വിളിച്ചപ്പോൾ ഒരു സൂത്രം പറഞ്ഞു 'ഇവിടത്തെ വെള്ളത്തിൽ കുളിച്ച് മുടിയൊക്കെ പോയമ്മാ. എപ്പഴാ ഭ്രാന്തെടുത്ത് കഴുത്തൊപ്പം മുറിക്കുക എന്നറിയില്ല'
നീണ്ടു വിടർന്നു അരക്കൊപ്പം കിടന്നിരുന്ന മുടിയിലായിരുന്നു, അവർ മാത്രമുള്ളപ്പോൾ ദീപക് അവന്റെ മുഖം ഒളിപ്പിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവന്റെ കാമുക ചിത്രം വികൃതമായപ്പോൾ, അവൾ നീല ഭൃഗാദി പുരട്ടി ഓമനിച്ചു പരിപാലിച്ചിരുന്ന മുടിയെ വെറുത്തു . അത് മാത്രമല്ല , ഇടക്കിടെ അവൻ ചുണ്ടുകൾ കൊണ്ട് ഇക്കിളിപെടുത്തിയിരുന്ന വെളുത്തു കൊലുന്നനെയുള്ള, ശംഖു പോലുള്ള കഴുത്തിനേയും അവൾ വെറുത്തു .
“ മാഡം, നല്ല വേദന ഉണ്ടാവും.Are you Sure ?” ബ്യൂട്ടിഷ്യൻ സംശയം കൊണ്ട് വിടർന്ന കണ്ണുകൾ തെരുതെരെ ചിമ്മിയടച്ചു.
ദേവിക അവരെ ദേഷ്യത്തോടെ നോക്കി.
" വേണ്ട, ലോക്കൽ അനസ്തേഷ്യ വേണ്ട..എനിക്ക് വേദനിക്കില്ല " അവൾ ഉറപ്പിച്ചു.
കഴുത്തിലും പിന്നെ തോളിലേക്കും പത്തി വിടർത്തി നിൽക്കുന്ന മൂർഖന്റെ തല അവർ പച്ച കുത്താൻ തുടങ്ങിയപ്പോൾ ദേവികയ്ക്ക് ആദ്യം വേദനിച്ചു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. അടഞ്ഞ കണ്ണിന്നു മുന്നിൽ ഇണ ചേരുന്ന രണ്ടു നാഗങ്ങളെ കണ്ടപ്പോൾ അവളുടെ വേദന എങ്ങോ പോയി ഒളിച്ചു. അതിലൊന്നിന് ദീപകിന്റെ മുഖമായിരുന്നു. കൊടിയ വിഷമുള്ള കരിമൂർഖണ്റ്റെ മുഖം!
ഇറുക്കിയടച്ച കണ്ണുകൾ തുറന്നത്ബ്യൂട്ടീഷ്യൻ “കഴിഞ്ഞു” എന്ന് പറഞ്ഞപ്പോൾ മാത്രമാണ് .അവയിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞിരുന്നില്ല. കാശു കൊടുത്തപ്പോൾ നേരത്തെ സംശയം തിളങ്ങി നിന്നിരുന്ന അവരുടെ മിഴികളിൽ അതിശയം.
" മാഡത്തിനെ സമ്മതിച്ചിരിക്കുന്നു "
ദേവിക അവരെ നോക്കി ചിരിച്ചു. ഹൃദയം പൊടിഞ്ഞു നുറങ്ങുന്ന വേദന ഒരിക്കലും ആര്ക്കും മനസിലാവില്ല. അതിനേക്കാൾ വലുതായി ഒരു ശരീര വേദനയുമില്ല .
ഇട്ടിരിക്കുന്ന നീല ടീ ഷർട്ടിന്റെ കോളർ വലിച്ചു താഴ്ത്തി ദേവിക ടാറ്റു പരിശോധിച്ചു . മൂർഖൻ അവിടെ ഫണം വിടർത്തി നിൽക്കുന്നു. ഇനിയാരുമവിടെ സ്പർശിക്കില്ല.
ഷർട്ട് വലിച്ചിട്ടു ദേവിക പുറത്തേക്കു നടന്നു.
കോഫി ഷോപ്പിലെ മെനു കാർഡിൽ സ്പെഷ്യൽ കോഫിക്ക് നൂറ്റിഅറുപതു രൂപ.
" I need a hot coffee, extremely hot"
കോഫി ഷോപ്പിൽ നിന്നിരുന്ന പൂച്ചക്കണ്ണുള്ള പെൺകുട്ടി വാക്കുകളാവർത്തിച്ചു' Extremely hot "
ചിരിച്ചുകൊണ്ടവൾ വലിയ മഗ് ദേവികക്ക് നേരെ നീട്ടി.
' Here is your extremely hot coffee Madam"
കോഫി കൈയിലേക്ക് വാങ്ങുമ്പോൾ അതിൽ നിന്നും ആവി പറന്നുയരുന്നു. അടുത്തുള്ള ടേബിളിൽ ദേവിക ഇരുന്നു. ഇപ്പോഴും മഗ്ഗിൽ നിന്നും ആവി പറക്കുകയാണ്, അപ്പുറത്തിരിക്കുന്ന ആളുടെ മുഖം കാണാനാവാത്ത വിധം.
" ദേവി, ഞങ്ങളുടെ വിവാഹമാണ് അടുത്ത ആഴ്ച " ദീപക്കത് പറയുമ്പോൾ കോഫി മഗ്ഗിൽ നിന്നുയർന്ന ആവി, അവന്റെ മുഖത്ത് അവൾക്കജ്ഞാതമായ ആവരണം തീർത്തിരുന്നു. എന്നാൽ അവൻ പറഞ്ഞ മലയാളം വാക്കുകളുടെ അർഥം മനസിലായില്ലെങ്കിലും അവന്റെ അടുത്തിരുന്ന ഗോവക്കാരി മെലീസയുടെ ചുവന്ന ഛായം തേച്ച ചുണ്ടിലെ വിജയിയുടെ ചിരി അവൾക്കു കാണാൻ സാധിച്ചു.
അപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി ടീന പറഞ്ഞിരുന്നത് ശരിയായിരുന്നോ ? ടീനയുടെ ഭാവി വരന്റെ കൂടെയായിരുന്നു ദീപക്കിന്റെ താമസം. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളും ഒരു കൊച്ച് വീട് എടുത്തു താമസിക്കുകയിരുന്നു.മെട്രോ നഗരങ്ങളിൽ അത് സർവ സാധാരണമാണ്. ചിലപ്പോൾ ഒന്നിച്ചു ജോലി ചെയ്യുന്നവരാവും. അല്ലെങ്കിൽ മറ്റു കമ്പനികളിൽ . ദീപക്കിന്റെ കൂടെ ആര് താമസിക്കുന്നുവെന്ന കാര്യത്തിൽ ദേവികക്ക് ആശങ്ക തോന്നിയില്ല. എങ്കിലും ഇടക്കിടെ ടീന അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു
" ദേവി , ദീപക്കിനെ ആ ഗോവക്കാരി ട്രാപ്പിലാക്കും. നീ സൂക്ഷിക്കണം "
ദേവിക കോഫീ കുടിക്കാതെ മഗ് നീക്കി വെച്ചെഴുനേറ്റു. വാതിൽക്കലെത്തി തിരിഞ്ഞു നോക്കിയപ്പോൾ മെലീസയുടെ ചെമ്പൻ മുടിയിലേക്കു നീളുന്ന ദീപകിന്റെ മുഖം. അവൾ അറപ്പോടെ മുഖം തിരിച്ചു.
ദേവികക്ക് ദീപക്കിനെ വിശ്വാസമായിരുന്നു. എങ്കിലുമിടക്കവൾ ടീന പറഞ്ഞ വാക്കുകളോർത്ത് ആശങ്കപ്പെടുമ്പോൾ അവനവളുടെ മുടിയിൽ മുഖം ഒളിപ്പിച്ചു . പിന്നെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് മന്ത്രിച്ചു-
" ദേവി ,You are the only woman in my life ... നീ മാത്രം”
ദേവികയുടെ ജീവിതത്തിലെ അവൾ അടുത്തറിഞ്ഞ ആദ്യ പുരുഷനായിരുന്നു അയാൾ. വളരെ ചെറുപ്പത്തിലേ അവളുടെ അച്ഛൻ മരിച്ചു.'അമ്മ അവളെ അവരുടെ ചിറകിനടിയിൽ ഒളിപ്പിച്ചു വളർത്തി. പെൺകുട്ടികളുടെ കോൺവെന്റ് സ്കൂളിലും കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി.ദൂരെ ജോലിക്കു വിടാൻ അമ്മക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. എന്നാലും അവളുടെ നിർബന്ധത്തിനു വഴങ്ങി.
ആദ്യമായി ചെന്നൈയിലേക്ക് തീവണ്ടി കയറുമ്പോൾ ,ജനലരികെ നിന്ന് നനഞ്ഞ കണ്ണുകളോടെ അമ്മ അവളുടെ കൈ പിടിച്ചു
"മോളെ ,അമ്മക്ക് നിന്നെ വിശ്വാസമാണ്. ഇനി നിന്റെ തീരുമാനങ്ങൾ തെറ്റില്ല "
ദീപക്കിനെ തിരഞ്ഞെടുക്കുമ്പോഴും അവനെ കുറിച്ച് അമ്മയോട് പറയുമ്പോഴും ദേവിക വിശ്വസിച്ചിരുന്നതും അത് തന്നെയാണ്. അമ്മയുടെ തണലിൽ നിന്നുമകന്ന് തനിയെ പറക്കാൻ സ്വതന്ത്രയായ കിളി. അവൾ, തനിക്ക് അനുയോജ്യനായ ഇണയെ കണ്ടെത്തിയിരിക്കുന്നു.
ദേവിക വീണ്ടും മഗ്ഗിലേക്കു മുഖം പൂഴ്ത്തി, പതുക്കെ ചൂട് കാപ്പി മൊത്തി കുടിച്ചു.
അവൾ മൊബൈൽ കൈയിലെടുത്തു വിനയന്റെ മെസ്സേജ് ഒന്ന് കൂടെ നോക്കി..
“ദീപക് met with an accident.................”
പിന്നെ കണ്ണുകളടച്ചു, വിനയൻ പൂരിപ്പിക്കാതിരുന്ന ആ കുത്തുകൾ പൂരിപ്പിക്കാൻ തീരുമാനിച്ചു. മനസിനെ ഒരു ബ്ലാക്ക് ബോർഡായി സങ്കൽപ്പിച്ചു, അവൾ ഓപ്ഷൻസ് എഴുതി ചേർത്തു .
എ. ഒന്നും പറ്റിയില്ല .
ബി . ചെറിയ പരുക്ക്
സി. ഗുരുതര പരുക്ക്
ഡി. കൊല്ലപ്പെട്ടു
ദേവിക വിരലുകൾ ചുഴറ്റി കറക്കി കുത്തു തുടങ്ങി,ഇത്തവണ ഭാഗ്യം തന്റെ കൂടെത്തന്നെയെന്നയുറച്ച വിശ്വാസത്തിൽ..
** സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot