നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പഴയ അനിയത്തിക്കഥ കൂടി

Image may contain: Ajoy Kumar, smiling, beard, hat and closeup
അമ്മൂമ്മയുടെ കാലം മുതൽ ഉള്ള പഴയ വിമൻസ് ഏറ,ഫെമിന ,വനിത, അങ്ങനെ കുറെ പുസ്തകങ്ങളുടെ ഒരു വൻ ശേഖരം ചെട്ടികുളങ്ങര വീട്ടിലുണ്ടായിരുന്നു ,ഇതിൽ വരുന്ന ചില പൊടിക്കൈകൾ ,നാട്ടു മരുന്ന്,എല്ലാം അമ്മൂമ്മ ഒരു ബുക്കിൽ എഴുതി വെക്കുമായിരുന്നു. ,പിന്നെ അമ്മൂമ്മയുടെ പഴയ ഗ്രന്ഥ ശേഖരം ഉണ്ട്, അതൊക്കെ നോക്കി അവൾ നാടൻ മരുന്നുകൾ, ജോത്സ്യം, ഒറ്റമൂലി പ്രയോഗങ്ങൾ, ഒക്കെ പഠിച്ചു എന്നാണ് വെയ്പ്പ്,ആര്? നമ്മുടെ അനിയത്തി തന്നെ,
ഞാൻ വിശ്വസിക്കുന്നില്ല,നിലവറയിൽ നിന്നും കിട്ടിയ കുറെ താളിയോലകളിലും ഉണ്ടായിരുന്നത്രേ നാടൻ മരുന്നുകളുടെ കുറിപ്പ്, ആർക്കറിയാം, എന്നാൽ അതും വെച്ച് കൊണ്ട് മിണ്ടാതിരിക്കുമോ, അതുമില്ല, വരുന്നവർക്കൊക്കെ പ്രായ ഭേദമെന്യേ ഉപദേശം ആണ്,അപ്പോൾ അവൾ അഷ്ട്ട വൈദ്യൻ തൈക്കാട്ട് മൂസിനെ പോലെ നമ്പൂതിരി ഭാഷയിൽ ആണ് സംസാരിക്കുക,
"ഹായ് ഇതിപ്പോ എത്ര കാലായി ഈ ചൊമ ഇങ്ങനെ നിക്കണൂ,എന്താപ്പോ ചിയ്യാ ? അതേയ് ആ നാരകത്തിന്റെ ഇല അങ്ങട് എടുക്ക്വ ,ഗുൽ ഗുലു, ഗുലു ഗുലു ചേർത്ത് ,ചതക്ക്വാ,വിഴുങ്ങ്വാ, അത്രന്നെ"
ആ ആൾ കേട്ട പാടെ വിഴുങ്ങാൻ പോകും ,പാവം ജീവനോടെ ഇരുന്നാൽ ഭാഗ്യം, പണ്ടൊരിക്കൽ ഇത് പോലെ ഞങ്ങടെ ഒരു ബന്ധു ഇടയ്ക്കു വീട്ടിൽ വന്നു,അയാളുടെ കാലിൽ വെരിക്കോസ് പ്രശ്നം,പൊട്ടി ഇൻഫെക്ഷൻ ആയിരിക്കുന്നു,ഉടൻ രംഗത്ത് വന്നല്ലോ അഷ്ട്ട വൈദ്യൻ തൈക്കാട്ട് അനിയത്തി മൂസ്, എന്തൊക്കെയോ ഇലയും,മഞ്ഞളും,ചന്തനവും, മാങ്ങാതൊലിയും,പിന്നെ സ്ഥിരം ഗുൽ ഗുലു, ഗുലു ഗുലുവും
"എടുക്ക്വാ അരക്ക്വാ ,പുരട്ട്വാ ,വിഴുങ്ങ്വാ"
ആകെ ബഹളം തന്നെ,അയാൾ അവൾടെ കാലിൽ തൊട്ടു തോഴുതില്ല എന്നെ ഉള്ളൂ,എനിക്കിതൊന്നും അത്ര പിടിച്ചില്ല,. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ആ ബന്ധുവിനെ കാണാൻ ഞാൻ പോയി,ജീവനോടെ ഉണ്ടോ എന്നറിയണമല്ലോ
കയറിയ പാടെ ഞാൻ പേടിച്ചു തിരികെ ഇറങ്ങി ഓടി,കാരണം വീട്ടിനകത്ത് ഒരു വലിയ വവ്വാൽ തല കീഴായി തൂങ്ങി കിടക്കുന്നു ,എന്റമ്മോ,ഏകദേശം ഒരു മനുഷ്യന്റെ അത്ര വരും എന്ന് കൂട്ടിക്കോളൂ .എന്നാലും സംഭവം എന്താണെന്നറിയണമല്ലോ ,അത് കൊണ്ട് ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ തിരികെ പോയി ജനലിൽ കൂടി നോക്കിയപ്പോൾ വവ്വാലിനെ നല്ല മുഖ പരിചയം,അന്ന് വെരിക്കൊസുമായി വന്ന ആ ബന്ധു തന്നെ ആണ് വവ്വാലിനെ പോലെ കിടക്കുന്നത് ,എന്താ സംഭവം?
"എടുക്ക്വാ, അരക്ക്വാ ,പുരട്ട്വാ ,വിഴുങ്ങ്വാ"
എന്നെല്ലാം പറഞ്ഞു അവൾ കൊടുത്ത മരുന്ന് സേവിച്ച ശേഷം കാൽ മന്ത് വന്നത് പോലെ ആയി പോലും, പോരാത്തതിനു,ദേഹം മുഴുവൻ അലർജിയും,ആ നീര് കുറയാൻ ആണ് കാലു മുകളിൽ ആക്കി തല കീഴായി കിടക്കാൻ ഡോക്ടർ പറഞ്ഞിരിക്കുന്നത്, ചെയ്ത ആളിനെ കിട്ടിയില്ലെങ്കിൽ അവൾടെ ചേട്ടനെ തല്ലിയാലോ എന്ന് പേടിച്ച് ഞാൻ എടുത്തു ചാടി ഓടി രക്ഷപ്പെട്ടു,
അങ്ങനെ ഓടി വെളിയിൽ ഇറങ്ങിയപ്പോൾ അതാ വരുന്നു, ആര്? തൈക്കാട്ട് മഠത്തിൽ അനിയത്തി മൂസ്,
എന്താ ചേട്ടാ,എന്തിനാ ഓടുന്നത്? എന്നായി അവൾ,
ഞാൻ പറഞ്ഞു,"അങ്ങട് ഓട്വാ,അല്ലെങ്കിൽ ആ കാണണ മതിൽ അങ്ങട് ചാട്വാ, അല്ലാച്ചാൽ ഈ ജനം നമ്മെ തല്ലി അങ്ങട് കൊല്ലും ട്ടോ ,"
"ങേ? എന്ത് പറ്റി?"
" നീ കൊടുത്ത മരുന്ന് അങ്ങട് തിരിച്ചടിച്ചു,അതന്നെ കാര്യം "
കേട്ട് മുഴുമിപ്പിച്ചില്ല, ആരോടെന്നില്ലാതെ തോമസ്‌ കുട്ടീ വിട്ടോടാ എന്നും പറഞ്ഞ് അവൾ പീ ടീ ഉഷയെക്കാളും വേഗത്തിൽ ഒരോട്ടം, ആ ഓട്ടം കണ്ട് ഞാൻ ഓടാൻ മറന്ന് അവിടെ തന്നെ നിന്നു....
ഇനി ഏതായാലും അങ്ങനെ ഒരു ബന്ധു നമുക്കില്ല, ആ ഭാഗത്ത്‌ എങ്ങാനും ഞാനോ അനിയത്തി മൂസോ ചെന്നാൽ വയ്യാത്ത കാലാണ് എന്നൊന്നും ഓർക്കില്ലത്രേ, അത് വെച്ച് തന്നെ ചവിട്ടി കേറ്റി തരും എന്നാണ് അയാൾ പറഞ്ഞത്...കൂടെ പറഞ്ഞതൊന്നും വെളിയിൽ പറയാൻ കൊള്ളില്ല്യാ
ഇനി അവൾ ആരെ ഒക്കെ ചികിൽസിക്കുമൊ എന്തോ ,ദൈവത്തിനറിയാം ഏതായാലും ഇനി ആ പേരില് വല്ല തല്ലും കൊള്ളേണ്ടി വന്നാൽ ഞാൻ വല്ല വിഷവും എടുക്ക്വാ അരക്ക്വാ ,പുരട്ട്വാ വിഴുങ്ങ്വാ.....അത്രന്നെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot