നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Simple future - അത്ര സിംപിളല്ല.

Image may contain: 1 person, closeup
........................................................
ഒമ്പതാം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് കൂട്ടുകാരുമായി (ആരും തെറ്റിദ്ധരിക്കരുത്. കൂട്ടുകാരെല്ലാം LP ക്ലാസിലെ പിള്ളേരായിരുന്നു.) പലതരത്തിലുള്ള കളികളിൽ ഏർപ്പെട്ട് സന്തോഷമായി ജീവിതം തള്ളിനീക്കുന്നതിനിടയിൽ ഒരു ദിവസം അമ്മ എന്നെ സ്നേഹത്തോടെ വിളിച്ചിട്ടു പറഞ്ഞു.
"നാളെ മുതൽ നീ ഇംഗ്ലീഷിന്റെ ഗ്രാമർ പഠിക്കാൻ പോകണം."
തിന്നാനെന്തോ തരാനാണെന്ന പ്രതീക്ഷയിൽ അമ്മയുടെ അടുത്ത് ചെന്ന ഞാൻ വായും പൊളിച്ച് നിൽപ്പായി. പിന്നെ വഴി തെറ്റി വന്ന ഏതോ ഈച്ച അതിക്രമിച്ച് കയറാൻ നോക്കിയതിനു ശേഷമാണ് ഞാൻ ആ വാ അടച്ചത്.
"പിന്നെ എന്റെ പട്ടി പോവും" എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അമ്മയുടെ കൈയിലിരിക്കുന്ന ഇരുമ്പ് ചട്ടുകം കണ്ട ഞാൻ എന്റെ ടോൺ ഒന്നു മാറ്റി പിടിച്ചു. ഇരുമ്പു പണ്ടേ എനിക്കലർജിയായിരുന്നു.
സെറ്റിനിടയിൽ കുടി അമ്മയെ കെട്ടിപ്പിടിച്ചു ആ വയറിൽ നുള്ളി കൊണ്ട് ഞാൻ പറഞ്ഞു.
" അമ്മേ എനിക്ക് ഇംഗ്ലീഷിന്റെ എല്ലാ ഗ്രാമറും അറിയാം . പിന്നെന്തിനാ ഇനി വേറെ ക്ലാസിനു പോവുന്നത്?"
" അറിയാം. അറിയാം. അത് കഴിഞ്ഞ പരീക്ഷക്ക് ഞാൻ കണ്ടതല്ലേ? അടുത്ത വർഷം പത്താം ക്ലാസിലേക്കാണെന്ന് ഓർമ്മ വേണം. പത്താം ക്ലാസ് ജയിക്കണമെന്നുണ്ടെങ്കിൽ ഗ്രാമർ ക്ലാസിൽ പോയേ പറ്റു."
അങ്ങനെ വാദിയായ അമ്മയും പ്രതിയായ ഞാനും തമ്മിൽ ഒരു പൊതിഞ്ഞ വാദം നടന്നു. ഒടുവിൽ പ്രതിയായ എന്നെ ക്ലാസിന് വിടാൻ അച്ഛൻ എന്ന ജഡ്ജി പ്രഖ്യാപിച്ചു.
S.S.L.C. പരീക്ഷ, ഇംഗ്ലീഷ് ഗ്രാമർ മുതലായവ കണ്ടു പിടിച്ചവരെ ഉള്ളിൽ പ്രാകിക്കൊണ്ട് നിരാശ നിറഞ്ഞ മനസോടെ ഞാൻ ഇംഗ്ലീഷ് ഗ്രാമർ പഠിക്കാനായി പോയി. അവിടെ ചെന്നപ്പോ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഓട്ടോയിൽ സ്കൂൾ പിള്ളേരെ തിക്കി ഞെരുക്കി കൊണ്ടു പോവുന്നതിലും കഷ്ടമായിരുന്നു അവിടത്തെ അവസ്ഥ. മീൻ വണ്ടിയിൽ ചാള അടുക്കിയതു പോലെ ഒരു ചെറിയ മുറിയിൽ നിറയെ കുട്ടികൾ. എറ്റവും പിറകിലത്തെ ബഞ്ച് പ്രതീക്ഷിച്ച് ചെന്ന എനിക്ക് കിട്ടിയത് എറ്റവും മുന്നിലത്തെ ബഞ്ചിലെ അറ്റത്തുള്ള സീറ്റ്. ഇടിവെട്ടിയവന്റെ തലയിൽ തേങ്ങ വീണ മനസോടെ ഞാൻ അവിടെ ചെന്നിരുന്നു. തൊട്ടടുത്തിരുന്ന കണ്ണട വച്ച ആ കുട്ടി എന്നോട് ചോദിച്ചു.
" അതേയ് ഈ ആക്ടീവ് വോയിസും പാസീവ് വോയിസും അറിയാമോ?"
ഇംഗ്ലീഷ് അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് എന്ന് ക്യത്യമായി അറിയാത്ത എന്നോടോ ബാലാ? എന്ന് മനസിൽ ചോദിച്ച് കൊണ്ട് ഞാൻ അവളെ ഒന്നു നോക്കി.ഇനി എന്നെ കണ്ടിട്ട് പഠിപ്പിസ്റ്റാണെന്ന് അവൾക്കു തോന്നിക്കണമോ? ഞാൻ എന്റെ രൂപം ഒന്നു മനസിലോർത്തു. ഏയ് അതിനു വഴിയില്ല. ഇന്നു വരെ ആർക്കും തോന്നാത്ത കാര്യം ഇവൾക്കു തോന്നുമോ? എനിക്കൊട്ടും താൽപ്പര്യമില്ലാത്ത ചോദ്യം ചോദിച്ച അവളോട് എനിക്ക് ദേഷ്യം തോന്നി. ഞാൻ മറുപടി ഒന്നും പറയാത്തതു കൊണ്ട് എന്റെ സ്റ്റാൻഡേർഡ് മനസിലായ അവൾ അപ്പുറത്തിരിക്കുന്ന കുട്ടിയോട് എന്തൊക്കെയോ ചർച്ചകൾ ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്ക് ഞാൻ അവളെ എന്തിനോ വേണ്ടി തോണ്ടിയപ്പോൾ അവൾ ഒന്നു നോക്കിയതു പോലുമില്ല. നിനക്കു ഞാൻ വച്ചിട്ടുണ്ടെടീ എന്ന് മനസിൽ പറഞ്ഞ് ഞാൻ അവളെ നോക്കി പല്ലുകടിച്ചു. പല്ലുകടിയുടെ ഒച്ച കേട്ട് അപ്പുറത്തിരുന്ന ഒരുത്തൻ എന്നോട് പറയുവാ കുറച്ച് ഉപ്പേരി അവന് കൂടി കൊടുക്കാൻ. എന്റെ ഉണ്ടക്കണ്ണു ഒന്നു കുടി ഉരുട്ടി ഞാനവനെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുറിയിലേക്ക് ഒരാൾ വന്നത്. ആളുടെ സൗന്ദര്യം കണ്ട് എനിക്ക് സന്തോഷമായി. ഇനി ഇംഗ്ലീഷ് പഠിച്ചില്ലെങ്കിലും നേരം പോക്കുണ്ടാകുമല്ലോ എന്നു കരുതി ഞാൻ സന്തോഷിച്ചു.
പെട്ടെന്ന് കുട്ടികളെല്ലാം എണീറ്റു നിന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കിയത്. ഞാൻ വായിനോക്കാമെന്നു വിചാരിച്ച ആൾ അവിടെ പഠിപ്പിക്കാനായി വന്നതെന്ന നഗ്ന സത്യം. ആ സത്യത്തിനെ ഒരു ഉടുപ്പ് ഇടിച്ച് എന്തെങ്കിലും ആകട്ടെ എന്ന് മനസിൽ പറഞ്ഞ് ഞാൻ അവിടെ തന്നെ ഇരുന്നു. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്നു പറയുന്നതു ശരിയാണ് എന്ന് അന്നെനിക്ക് തോന്നി. ഞാൻ പ്രതീക്ഷിച്ച പോലെ ഉള്ള ഒരാളേ അല്ലായിരുന്നു അത്. മുടിഞ്ഞ ജാഡയായിരുന്നു അയാൾക്ക്. ഇനി ഇംഗ്ലീഷ് ഭാഷ കണ്ടു പിടിച്ചത് ഇങ്ങേരുടെ കുടുoബക്കാരാരെങ്കിലുമായിരിക്കുമോ എന്ന് മനസിൽ കരുതി തലയും ചൊറിഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു ദൈവവിളി പോലെ ആ ശബ്ദം ഞാൻ കേട്ടു. എന്റെ തൊട്ടു പിറകിലിരുന്ന കുട്ടിയുതോയിരുന്നു അത്.
"സാർ ഈ കുട്ടിയുടെ തല കാരണം എനിക്ക് കാണാൻ പറ്റുന്നില്ല."
ജീവിതത്തിലാദ്യമായി എനിക്ക് ഇത്രയും പൊക്കം തന്ന ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ എറ്റവും പുറകിലത്തെ സീറ്റിലേക്ക് പോയി. നേരത്തേ അവിടെ ഇരുന്ന ആ കുട്ടി തന്റെ സീറ്റു പോയ വിഷമത്തിൽ എന്നെ ഒന്നു നോക്കി. ആ നോട്ടത്തിൽ ഞാൻ ദഹിച്ചു പോവും എന്നെനിക്ക് തോന്നി. അതൊന്നും സാരമാക്കാതെ ഞാൻ ആ സീറ്റിൽ സന്തോഷത്തോടെ ഇരുന്നു. എന്നാൽ എന്റെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. സാറിന്റെ ചോദ്യത്തിന്റെ രൂപത്തിൽ എന്റെ ദുർവിധി എന്നെ തേടി വന്നു.
വെണ്ടയ്ക്കാ മുഴുപ്പിൽ സാർ ബോർഡിൽ എഴുതി
''Active and Passive Voice "
ഇന്ന് നമുക്ക് ''Active and Passive Voice " നെ കുറിച്ച് പഠിക്കാം.
സാറിന്റെ പരുക്കമായ ശബ്ദം ഒരു താരാട്ടു പോലെയാണ് എനിക്ക് തോന്നിയത്. ആ താരാട്ടു കേട്ട് ഉറങ്ങിത്തുടങ്ങിയ എന്റെ കണ്ണിലെ പോളകളിൽ മൊട്ടുസൂചി കുത്തി കയറ്റി ഞാൻ ആ ക്ലാസിലിരുന്നു.
" Rama Killed Ravana". സാർ ബോർഡിലെഴുതി. ഇതേതു Voice ആണെന്ന് ആർക്കെങ്കിലും പറയാമോ? ചോദ്യം ചോദിച്ചിട്ട് സാർ മിണ്ടാതെ നിന്നു.
രാമൻ രാവണനെയാണല്ലോ കൊല്ലുന്നത്? അപ്പോൾ അതിലെ വോയിസ് മരിക്കുന്ന രാവണന്റെ തന്നെയായിരിക്കും എന്ന് മനസിൽ വിചാരിച്ചു ഉത്തരം കിട്ടിയ സന്തോഷത്തോടെ ഞാൻ ഒന്നു ഞെളിഞ്ഞിരുന്നു. എന്റെ സന്തോഷത്തിന് അൽപ്പം ശബ്ദം കൂടിപ്പോയതു കൊണ്ടാവാം സാർ എന്നെ നോക്കി പറഞ്ഞു.
" ആ പുതിയ കുട്ടി ഉത്തരം പറയു"
ഞാനത്രക്ക് പുതിയതൊന്നും അല്ലാത്തതു കൊണ്ട് സാർ പറഞ്ഞതു കേട്ടിട്ടും ഇരുന്നിടത്തു നിന്ന് ഞാൻ അനങ്ങിയില്ല. അപ്പോൾ സാർ വീണ്ടും എന്നെ നോക്കി പറഞ്ഞു.
"ടോ ചെവി കേൾക്കില്ലേ തന്നോടു തന്നെയാ ചോദിച്ചെ. ഉത്തരം പറയെടോ."
വെപ്രാളപ്പെട്ട് എണീക്കുന്നതിനിടയിൽ സാറിന്റെ ചോദ്യവും ഞാൻ കണ്ടു പിടിച്ച ഉത്തരവും ഞാൻ മറന്നു പോയിരുന്നു. കുന്തം വിഴുങ്ങിയതു പോലുള്ള എന്റെ നിൽപ്പ് കണ്ട് രാമൻ കൊന്നിട്ട രാവണൻ ബോർഡിൽ നിന്നിറങ്ങി പുറത്തേക്ക് ഓടിപ്പോവുന്നതും നോക്കി ഞാൻ നിന്നു. രാവണൻ അപ്പുറത്തെ വീടിന്റെ കിണറ്റുകരയിൽ ചെന്ന് ആവുന്നത്ര വെള്ളവും കുടിച്ച് തിരിച്ചു വന്നപ്പോഴേക്കും സാർ എന്നെ ഇരിക്കാൻ അനുവദിച്ചിരുന്നു.
സാർ പിന്നെയും ക്ലാസ് എടുത്തു കൊണ്ടിരുന്നു. എന്റെ മനസിൽ മുഴുവൻ വാൽമീകിയോടുളള അടങ്ങാത്ത ദേഷ്യം വർദ്ധിച്ചു വന്നു. കാരണം വാൽമീകി രാമായണം എഴുതിയതു കൊണ്ടാണല്ലോ എനിക്ക് ഇന്ന് ഈ ഗതി വന്നത്. എന്റെ രാമദേവാ അങ്ങെന്തിന് രാവണനെ കൊന്നു? കൊല്ലാതെ പേടിപ്പിച്ചു വിട്ടിരുന്നെങ്കിൽ എനിക്കിത് പഠിക്കേണ്ടി വരില്ലായിരുന്നല്ലോ? എന്നൊക്കെ ചിന്തിച്ച് കൊണ്ടിരിക്കെ എന്റെ അനുവാദം ചോദിക്കാതെ കണ്ണുകളിലേക്ക് വന്ന നിദ്രാദേവിയെ ഞാൻ ഇറക്കി വിട്ടില്ല. ഇതിനിടയ്ക്ക് ഭൂതം, ഭാവി, വർത്തമാനങ്ങൾ പറയുന്ന ഒരു ജ്യോത്സനായി സാറ് മാറിയതൊന്നും ഞാനറിഞ്ഞില്ല. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഒരു അശരീരി പോലെ വീണ്ടും ആ ശബ്ദം ഞാൻ കേട്ടത്.
'' Simple fulture tense - ന് ഉദാഹരണം പുറകിൽ ഇരുന്ന് ഉറങ്ങുന്ന ആ പുതിയ കുട്ടി പറയു" .
പണ്ടേ എന്നെ ആര് ഉറക്കത്തിൽ ശല്യം ചെയ്താലും എനിക്ക് ദേഷ്യം വരും. അപ്പോളൊക്കെ ഞാൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ആയി മാറാറുണ്ട്.
" ഉം. വേഗം പറയു ." സാർ എന്നെ നോക്കി പറഞ്ഞു.
ഉറക്കവും മാനവും ഒരുമിച്ച് നഷ്ടപ്പെട്ടതിന്റെ ഹാങ്ങ് ഓവറിൽ നാഗവല്ലി ആയ ഞാൻ ചാടി എഴുന്നേറ്റ് സാറിനെ നോക്കി പറഞ്ഞു.
"I will Kill You "
എന്റെ ഉത്തരവും മുഖത്തെ ഭാവവും കണ്ട സാർ ഇനിയും അവിടെ നിന്നാൽ തന്റെ future, Past ആവാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കി അവിടെ നിന്നും പുറത്തേക്ക് ഒറ്റ ഓട്ടം. ഞങ്ങളുടെ fulture തകർക്കല്ലേ എന്നു പറഞ്ഞ് കുറേ കുട്ടികൾ സാറിന്റെ പിറകേയും. അവരെ എല്ലാവരെയും ഒളിമ്പിക്സ് റിലേ ടീം മത്സരാർത്ഥികളായി തിരഞ്ഞെടുത്തുവെന്ന് പിന്നീട് അറിഞ്ഞു. അങ്ങനെ ഇംഗ്ലീഷ്‌ ഗ്രാമർ ക്ലാസിൽ നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ എന്നോട് വിവരങ്ങൾ ചോദിച്ച മാതാപിതാക്കൻമാരോട് കിലുക്കത്തിലെ രേവതിയെ മനസിൽ ധ്യാനിച്ച് ഞാൻ പറഞ്ഞു.
" ഞാൻ simple fulture tense ന് ഒരു ഉദാഹരണം മാത്രമേ പറഞ്ഞുള്ളു. അല്ലാതെ ഒന്നും ചെയ്തില്ല "
(അവസാനിച്ചു.)
രഞ്ജിനി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot