Slider

വിരുന്നുകാർ

0

Image may contain: 1 person, smiling, beard and closeup
ആന്നൊരു ഞായറാഴ്ചയായിരുന്നു, മദ്റസ വിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് അബു വീട്ടിന് മുന്നിൽ ചില അപരിചിത മുഖങ്ങൾ കണ്ടത്,
പന്തികേട് തോന്നിയ അബു വഴി പിന്നാമ്പുറത്തേക്ക് തിരിച്ചുവിട്ടു, അടുക്കളയിൽ ഉമ്മ വെപ്രാളപെട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്, അബുവിനെ കണ്ടപ്പോൾ ഉമ്മാന്റെ മുഖത്ത് ആശ്വാസം വിടർന്നു,
ഉമ്മ അബുവിനെ മാടി വിളിച്ചു,
എന്റെ മോനൊന്ന് കവല വരേ പോണം, പോവുമ്പോ ആ കൂട്ടിൽ നിന്ന് മോന്റെ പുള്ളിച്ചി കോയീനെ കൂടി പിടിച്ചോ,
വരുമ്പോ അതിനെ അറുത്ത് കൊണ്ട് വരണം,
വരുന്ന വഴിയിൽ നാസറിന്റെ പീടികേന്ന് ലേശം നേരിയ അരിയും ഡാൾഡയും കൂടി വാങ്ങിച്ചോ .... പൈസ രണ്ട് ദിവസം കഴിഞ്ഞിട്ട് ഉമ്മ
തരും എന്നു പറ, വിരുന്ന് വന്നവര് കാണണ്ട,
ആരാ ഉമ്മച്ചീ വിരുന്ന് വന്നത്, അബു ആശ്ചര്യത്തോടെ ചോദിച്ച് !
അസ്നാന്റെ വീട്ടീന്നാ, ഓളും പുയ്യാപ്ളയും ഇപ്പഴിങ്ങെത്തും, മറ്റുള്ളവർ മുന്നിലിങ്ങെത്തിയതാ''
പറഞ്ഞ് നിൽക്കാൻ നേരമില്ല, ഉമ്മാന്റെ മോൻ ചെല്ല്,
അബു മനസ്സില്ല മനസ്സോടെ കോഴിയെയും പിടിച്ച് കവറിലാക്കി കവലയിലേക്ക് നടന്നു, പോകുന്ന വഴിയിലെല്ലാം അവൻ അസ്നയെ തിരയുന്നുണ്ടായിരുന്നു,
അസ്ന ,അബൂന്റെ ഒരേഒരു പെങ്ങൾ, ബാപ്പ മരിച്ചതിന് ശേഷമാണ് അവളുടെ കല്യാണം കഴിഞ്ഞത്,
കല്യാണ ശേഷം സൽക്കാരമൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല, അവർ ആദ്യമായിട്ടാണ് വീട്ടിൽ വരുന്നതും,
കോഴീനേം അറത്ത് സഞ്ചിയിലാക്കി നാസറിന്റെ പീടിക ലക്ഷ്യമാക്കി അബു നടന്നു, പീടികയിൽ ഏതാനും പേർ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു, അവര് പോവുന്നത് വരേ അബു കാത്ത് നിന്നു, കടം വാങ്ങുന്നതല്ലേ - കാത്തു നിന്നേ പറ്റൂ -
അബു സാധനങ്ങളും കൊണ്ട് നേരേ വീടിന്റെ പിന്നാമ്പുറത്തേക്ക് തന്നെ പോയി, ഉമ്മാക്ക് സാധനങ്ങൾ എല്ലാം കൊടുക്കുമ്പോഴേക്കും അസ്ന അബുനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു,
അബൂന്റെ കണ്ണ് എന്തിനോ നിറഞ്ഞു,
വിരുന്നുകാരുടെ കൂട്ടത്തിലെ കുട്ടിയുടെ കരച്ചിൽ കേട്ട് അസ്ന അകത്തേക്ക് പോയി, അബു ഉമ്മാനെ സഹായിച്ച് അടുക്കളയിൽ ചുറ്റിപറ്റി നിന്നു,
ഒരു ശബ്ദം കേട്ട് അബു അകത്തേക്ക് നോക്കിയപ്പോൾ വിരുന്നുകാരുടെ കൂട്ടത്തിൽ വന്ന കുട്ടി അബൂന്റെ കളിപ്പാട്ട കാറ് നിലത്തടിച്ച് പൊട്ടിക്കുകയായിരുന്നു, ബാപ്പ അവന് അവസാനമായി കൊടുത്ത സമ്മാനമായിരുന്നു അത്, അവന്റെ ജീവനെക്കാൾ വിലയുള്ളത്,
അബു ഉമ്മാനെ നോക്കി, ഉമ്മ കണ്ണുകൊണ്ട് അരുത് എന്ന് അബുവിന് ആഗ്യം കാട്ടി,
അസ്നയും ഒന്നും പറയാനാവാതെ മൗനമായി നിന്നു, വല്ല ഇഷ്ടകേടും ആർക്കേലും വന്നു പോയാലോ -
താമസിയാതെ ഉമ്മ വിരുന്നുകാരെ ഭക്ഷണത്തിനിരുത്തി , അവർ എത്ര നിർബന്ധിച്ചിട്ടും അബു അവരുടെ കൂടെയിരിക്കാൻ കൂട്ടാക്കിയില്ല,
അവസാനത്തെ മണിച്ചോറും വിരുന്നുകാർക്കായി വിളമ്പിയ ഉമ്മയും മോനും സന്തോഷത്തോടെ അവർ കഴിക്കുന്നതും നോക്കി നിന്നു,
ഭക്ഷണശേഷം പാത്രങ്ങൾ കഴുകാനായി ഉമ്മ അടുക്കളയിലേക്ക് നടന്നു, പിന്നാലെ അബുവും,
വട്ടയുടെ അടിയിൽ പറ്റി പിടിച്ച ചോറ് ചിരവി എടുക്കുന്ന ഉമ്മാനെ സങ്കടത്തോടെ അബു നോക്കിയിരുന്നു,
വിരുന്നുകാർ യാത്ര പറയാനായി വന്നു, എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം അസ്ന അബുവിനെ ഒരിക്കൽ കൂടി കെട്ടിപിടിച്ചു,
ഇപ്രാവശ്യം അവന്റെ കുഞ്ഞിളം കയ്യിൽ അവളുടെ കണ്ണിൽ നിന്ന് ചൂടുള്ള ഒരു തുള്ളി അടർന്ന് വീണു -
അതിൽ എല്ലാം ചേർന്നിട്ടുണ്ടായിരുന്നു -
ആ വിരുന്നുകാർ യാത്രയായി -

പാവങ്ങളുടെ ജീവിതത്തിൽ ആത്മാഭിമാനവും പട്ടിണിയും മത്സരിച്ചാൽ വിജയം എന്നും ആത്മാഭിമാനത്തിന് തന്നെ, പട്ടിണി എന്നും പരാജയപ്പെട്ടിട്ടേ ഉള്ളൂ .... --
* ഹരി മേലടി *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo