നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാപ്പ്

Image may contain: 1 person, selfie and closeup
മാഷേ... മാപ്പ്.... വൈകിപ്പോയി എന്നാലും പറയുവാ.. മാഷേ... മാപ്പ്
"എന്തിന്.... എന്തിനാ കുട്ടീ മാപ്പ്...!!"
ഈ വർഷം റിട്ടയർ ചെയ്യാനിരിക്കുന്ന ഗംഗാധരൻ മാഷ് എന്റെ മുഖത്തേക്ക് വത്സല്യവും ആശ്ചര്യവും സമം ചാലിച്ച മിഴികളോടെ നോക്കി കൊണ്ട് ചോദിച്ചു.
ആ നിഷ്കളങ്കത കണ്ട് എത്ര പിടിച്ചു വെക്കാൻ ശ്രമിച്ചിട്ടും പീലികളെ നനച്ച് കൊണ്ട് മിഴിനീർ തുള്ളികൾ ഇറ്റിറ്റു വീണു.
അതു കണ്ടിട്ടാവണം ഇരിപ്പിടത്തിൽ നിന്നും ആയാസപ്പെട്ട് മാഷ് എഴുന്നേറ്റ് എന്റടുത്തേക്ക് വന്നു.
എന്റെ രണ്ടു കൈകളെടുത്ത് മാഷിന്റെ കൈകുടന്നയിലേക്ക് കൂട്ടിപ്പിടിച്ചു.
ആ നിർമ്മലമായ കൈകളുടെ ഇളംതണുപ്പിലും എന്റെ കൈകൾ ചുട്ടുപൊള്ളുന്നതായി തോന്നി.
അതിവേഗം ചലിക്കുന്ന ട്രെയിനിന്റെ ജാലകപ്പുറത്തൂടെ മരങ്ങൾ പിന്നോട്ടോടുന്ന പോലെ എന്റെ ചിന്തകൾ കാലങ്ങളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.
അത് കറങ്ങിത്തിരിഞ്ഞ് നിന്നത് തൊട്ടപ്പുറത്തുള്ള ക്ലാസ് റൂമിലാണ്.
അന്നെനിക്ക് ചോരത്തിളപ്പിന്റെയും മാഷിന് പക്വതയുടെയും പ്രായമാണ്.
നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കുമെന്ന മട്ടിൽ താലോലിച്ചു വളർത്തുന്ന എന്റെ പുത്രനെ ലഹരി ഉപയോഗിച്ചെന്നു പറഞ്ഞു ശിക്ഷിക്കുകയും ഇനിയും ആവർത്തിച്ചാൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്യുമെന്ന് പേടിപ്പിച്ച് വിടുകയും ചെയ്തു.
എന്നും പുഞ്ചിരി പൊഴിച്ച് വീടണയാറുള്ള മകന്റെ വിളറിയ മുഖം കണ്ട് കാരണം തിരക്കാനിരുന്നപ്പഴേക്കും സ്കൂൾ കഴിഞ്ഞ് അവന്റെ കൂടെ വരാറുള്ള അവന്റെ സ്വന്തം അനിയത്തിക്കുട്ടിയാണ് അവനു അടി കിട്ടിയ കാര്യം പറഞ്ഞത്.
ഉടുത്ത ലുങ്കിയും ബനിയനുമിട്ട് എമ്മൈറ്റി സ്റ്റാർട്ട് ചെയ്തു മാഷിനെ ഒന്നു വിരട്ടാൻ സ്കൂളിലേക്ക് വെച്ചു പിടിച്ചു.
സ്കൂളിലേക്കെത്തേണ്ടി വന്നില്ല. ബസ് സ്റ്റോപ്പിൽ ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന മാഷിന്റെ മുന്നിൽ തന്നെ ശകടം നിർത്തി വായിൽ വന്ന തെറിയെല്ലാം കുറച്ചു കനത്തിലങ്ങു വിളിച്ചു.
ശബ്ദം കേട്ട് അങ്ങാടിയിലും പരിസരത്തുമുള്ളവർ തടിച്ചുകൂടി.
മാഷ് എന്തൊക്കൊയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബഹളത്തിനിടയിൽ ഒന്നുമൊന്നും തിരിഞ്ഞില്ല.
പ്രശ്നം പലരും, കുഴമാവ് പോലെ അവരവർക്കു വേണ്ട രൂപത്തിൽ കുഴച്ചു പരത്തി.
ചിലരത് രാഷ്ട്രിയത്തിന്റെ ചപ്പാത്തിയായും, വേറെ ചിലർ കൂട്ടിക്കൊടുപ്പിന്റെ മസാല ദോശയായും, വീണ്ടും ചിലർ രണ്ടു ഗ്രാമങ്ങളെ തമ്മിലടിപ്പിക്കാനുള്ള പൊറാട്ടയായും ചുട്ടെടുത്തു.
അതിനിടയിലാണ് ആത്മ സുഹൃത്ത് എന്റെ കാതോരം വന്ന് "അടിക്കടാ ആ ചെറ്റയെ, ഇനിയവന്റെ കൈ നമ്മുടെ കുട്ടികൾക്കെതിരെ ഉയരരുതെന്ന് '' അടക്കം പറഞ്ഞത്.
പിന്നൊന്നും നോക്കിയില്ല കൂലി പണിയെടുത്ത് തഴമ്പിച്ച കൈ കൊണ്ട് നല്ല ഊക്കിൽ ഇടം മുഖവും ചെവിക്കുറ്റിയും കൂട്ടി ഒന്നു പൊട്ടിച്ചു.
ഒന്നുരണ്ടടി പിന്നാക്കം പോയ മാഷ് തല കറങ്ങി വീണു.
ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്ത വെയ്റ്റിംഗ് ഷെഡിലെ ബെഞ്ചിൽ കിടത്തി.
മുഖത്താരോ വെള്ളം തെളിയ്ച്ചപ്പോൾ കണ്ണുകൾ പതിയെ തുറന്നു.പോലീസിലറീക്കാമെന്ന് കൂടെയുണ്ടായിരുന്ന രഘു മാഷ് പറഞ്ഞപ്പോൾ വേണ്ടെന്ന് സ്നേഹത്തോടെ വിലക്കി.
രഘു മാഷ് തന്നെ വിളിച്ചു കൊണ്ടുവന്ന ഓട്ടോയിൽ മാഷിനെ കയറ്റി വിട്ടു.
മടിയിൽ വെച്ച പൊടി പുരണ്ട ബാഗിന്മേൽ കൈകളൂന്നി അപമാന ഭാരത്താൽ മാഷ് തല താഴ്ത്തിയിരുന്നു.
അങ്ങിങ്ങായി നടക്കുന്ന അനുകൂലവും പ്രതികൂലവുമായ അടക്കം പറച്ചിലിനിടയിൽ"ഈ നാട് ഗുണം പിടിക്കില്ലെടാ"... എന്ന് നാട്ടുകാരണവരായ കുഞ്ഞാലിക്ക ആരോടെന്നില്ലാതെ ഉറക്കെ പറയുന്നുണ്ടായിരുന്നു.
ആ ഗ്രാമത്തിലേക്കും സ്കൂളിലേക്കും ഇനിയൊരു തിരിച്ചുവരവ് വേണ്ടെന്ന് വീടെത്തും മുന്നേ മാഷ് മനസ്സാ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
പ്രശ്നത്തിന്റെ ഷോക്കിൽ നിന്നും മുക്തി നേടി ഉടനെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുറച്ചേറെ ദിവസം കഴിഞ്ഞിട്ടും സ്കൂളിലേക്ക് കാണാതിരുന്നപ്പോൾ കുഞ്ഞാലിക്കയുടെ നേത്യത്വത്തിൽ കുറച്ചു നാട്ടുകാരും സഹാധ്യാപകരും മാഷിന്റെ വീട്ടിലേക്ക് പോയി.
പൂമുഖത്തെ ചാരുകസേരയിൽ കണ്ണുകളടച്ചു ചാരി കിടക്കുന്ന മാഷിന്റെ രൂപം അവിശ്വസനീയമാം വിധം മാറിയിരിക്കുന്നു.
ആ മുഖത്ത് തത്തിക്കളിച്ചിരുന്ന ഓജസ്സും തേജസ്സും കഠിന ചിന്തയാൽ ഉരുകിയൊലിച്ച് പോയിരിക്കുന്നു.
സംസാരത്തിലും പെരുമാറ്റത്തിലുമുള്ള പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. ശരീരം ശുഷ്കിച്ച് എല്ലുന്തി, വൃദ്ധ കോലമായിരിക്കുന്നു.
ആതിഥേയരുമായുള്ള നീണ്ട സംസാരങ്ങൾക്ക് ശേഷം അവരുടെ സ്നേഹമസൃണമായ നിർബന്ധത്തിനു മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ മാഷിന്റെ നന്മയുള്ള മനസ്സിന് കഴിഞ്ഞില്ല.
മാഷ് വീണ്ടും സ്കൂളിന്റെ പടികൾ കയറി.പഴയ ഗംഗാധരൻ മാഷായിട്ടല്ല,പുതിയ ന്യൂ ജെൻ മാഷായി.
ഇപ്പോൾ മാഷ് കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാറില്ല. കുട്ടികൾ പഠിച്ചില്ലെങ്കിൽ വഴക്കു പറയാറില്ല. അരുതാത്തതു ചെയ്താൽ പോലീസിനെ അറിയ്ക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാറില്ല.
കാലചക്രം അതിവേഗം കറങ്ങിക്കൊണ്ടിരുന്നു.
മാഷ് ഹെഡ്മാസ്റ്ററായി. അടുത്ത മാസം റിട്ടയർ ചെയ്യുകയാണ്.
" കുട്ടീ..... എന്താണ് വിഷയമെന്ന് പറഞ്ഞില്ല " എന്ന മാഷിന്റെ സ്നേഹത്തോടെയുള്ള പതിഞ്ഞ സ്വരമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
മാഷെന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
തല താഴ്ത്തി ഇടറിയ വാക്കുകളോടെ ഞാൻ പറഞ്ഞു.
സ.. സാ..ർ... ഇന്ന് ഞാൻ അങ്ങാടിയിലൂടെ നടന്നു വരുമ്പോൾ എന്റെ മകൻ കൂട്ടുകാർക്കൊപ്പം കമ്പനിയടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ട അവൻ അടുത്തേക്ക് വന്ന് പണം ആവശ്യപ്പെട്ടു. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോ ഞാനന്ന് മാഷിനെ അടിച്ച അതേ സ്ഥലത്ത് വെച്ച് അതേ സ്ഥാനത്ത് എന്നെ അടിച്ചു കൊണ്ടവൻ ചോദിക്കുവാ, പോറ്റാൻ വയ്യെങ്കിലെന്തിനാടാ പേറ്റിനു കളമൊരുക്കിയതെന്ന്.
ആളുകൾക്കിടയിൽ ഞാനുരുകി ഭസ്മമായെങ്കിലെന്ന് വല്ലാതെ കൊതിച്ച അതേ നിമിഷം മാഷിനെയും ഇതുപോലൊരവസ്ഥയിൽ ഞാനെത്തിച്ചെല്ലോ എന്നോർത്തപ്പോഴാണ് മാഷിനെ കാണണമെന്നും മാപ്പ് പറയണമെന്നും ഉത്കടമായ ആഗ്രഹമെന്നിൽ ജനിച്ചത്.
സർവ്വോപരി ഇതിന്റെ ഉത്തരവാദി ഞാൻ തന്നെയാ സാറേ... ഈ ഞാൻ.. മാഷന്നു എന്റെ മകനെ ശിക്ഷിച്ചപ്പോൾ എന്റെ ഉള്ളിൽ പുത്ര വാത്സല്യത്തിന്റെ കനലെരിഞ്ഞു. അന്നു ഞാൻ മാഷിനെ അക്രമിച്ചു മകനു വളം വെച്ചു കൊടുത്തു. അന്നു ശ്രദ്ധിച്ചിരുന്നെങ്കി എനിക്കും ഈ നാട്ടിലെ അഛന്മാർക്കും ഈ ഗതി വരില്ലായിരുന്നു മാഷേ.. ഇന്നെന്റെ മകൻ ലഹരിക്കടിമപ്പെട്ട് തിരിച്ചറിവില്ലാത്തവനായിരിക്കുന്നു.
എന്നു പറഞ്ഞപ്പഴേക്കും ഏങ്ങലടിച്ചു വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ എന്നെ നെഞ്ചോടടുപ്പിച്ചു പിടിച്ചു പതിഞ്ഞതും ദൃഢവുമായ സ്വരത്തിൽ മാഷ് പറഞ്ഞു.
"കുട്ടീ...സങ്കടപ്പെടാതെ.. നാമൊക്കെ മനുഷ്യമക്കളല്ലേ മാലാഖമാരല്ലല്ലോ... അതൊക്കെ സ്വാഭാവികമാണ്. കുട്ടി പൊയ്ക്കോ അതെല്ലാം ഞാനെന്നോ മറന്നിരിക്കുന്നു... അവനെ നമുക്ക് ഡി അഡിക്ഷൻ സെന്ററിൽ കാണിച്ചു ശരിയാക്കിയെടുക്കാം. അടുത്ത ഹോളിഡേക്ക് നീ അവനെ കൂട്ടി വാ. എന്റെ പരിചയത്തിലൊരു സെൻററുണ്ട് നമുക്കൊന്നിച്ചു പോവാം. ..ഗുരുക്കൻമാരെപ്പോഴും ശിഷ്യന്മാരുടെ നന്മ മാത്രമേ ഉദ്ദേശിക്കൂ " എന്ന് കൂടെ മാഷ് പറഞ്ഞപ്പോൾ
ആ മഹാ മനസ്സിന്റെ ഇനിയും നിലച്ചിട്ടില്ലാത്ത നന്മ മനസ്സോർത്ത് എന്നിൽ പെരുത്തു കയറിയ കുറ്റബോധത്തിന്റെ ഭാരം താങ്ങാനാവാതെ ആ കാൽപാദത്തിലേക്ക് ഞാൻ ഊർന്നൂർന്നു വീണിരുന്നു.
ഇബ്രാഹീം നിലമ്പൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot