നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടു പാദസരങ്ങൾ

Image may contain: 1 person, beard

ഒന്നാമത്തെ പാദസരം എനിക്ക് കിട്ടിയത് ആ കായലിന്റെ കരയിൽ വെച്ചായിരുന്നു. നരച്ചുപോയ ഒരു വെള്ളി പാദസരം. പാതി ഉറക്കത്തിൽ , ഏതോ സ്വപ്നത്തിലെന്നപോലെയായിരുന്നു അവൾ ആ പൂഴിയിൽ കിടന്നിരുന്നത്. വെള്ളത്തിൽ കഴുകി എടുത്തപ്പോൾ അവളുടെ കവിളിൽ ദുഃഖം കനത്തു...കണ്ണീർ മണികൾ ആരെയോ തിരക്കാൻ തുടങ്ങി…….
"ഇനി കുഞ്ഞുങ്ങളെപ്പോലെയായിരിക്കും... ആവശ്യമുള്ളതൊക്കെ സാധിപ്പിച്ചു കൊടുത്തോളൂ...എത്ര നാൾ എന്നറിയില്ല". ഡോ. ശിവൻ അയാളെ നോക്കി പറഞ്ഞു.
കേട്ടപ്പോൾ, പതിവുപോലെ അയാളുടെ കണ്ണുകളിൽ പുഞ്ചിരി നിറഞ്ഞു.
ഡോക്റുടെ മുറിയിൽ നിന്നും പുറത്തിറങ്ങി, സ്‌ട്രെച്ചറിൽ കാത്തിരിക്കുകയായിരുന്ന അമ്മയുടെ നെറുകയിൽ അയാൾ പതിയെ ഉമ്മ വെച്ചു
.
വീടെത്താറായപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു..വണ്ടി പാട വരമ്പിനു അപ്പുറം മാത്രമേ വരികയുള്ളൂ. ഡ്രൈവർ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അയാൾ നന്ദിപൂർവം നിരസിച്ചു..
അമ്മയെ തോളിലിടുമ്പോൾ അയാളുടെ കണ്ണുകൾ വീണ്ടും പുഞ്ചിരിച്ചു.
"മാധവാ, ബാലു ...എന്നെ ഊഞ്ഞാലാട്ടടാ...പാട്ടു പാട്.. മക്കളെ .." അവർ വിളിച്ചു പറയുകയാണ് .
അയാൾ അമ്മയുടെ തല ചുമലിലേക്ക് മെല്ലെ ചായ്ച്ചു വെച്ചു പതിഞ്ഞ സ്വരത്തിൽ പാടി
"...പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..."
ആ താരാട്ടിൽ ഇനിയും പിറന്നിട്ടില്ലാത്ത നക്ഷത്രങ്ങൾ തന്നെ സാകൂതം നോക്കുന്നതായി അയാൾക്ക് തോന്നി. ഇരുളിന്റെ വക്കത്തുള്ള മഹാഗണി മരങ്ങൾ മെല്ലെ അവയുടെ ചില്ലകൾ ആർക്കോ വേണ്ടി താഴ്ത്തിക്കൊടുക്കുന്നതായും അയാൾ അനുഭവിച്ചു………………
അപ്പോഴേക്കും എന്റെ കയ്യിലുള്ള രണ്ടാമത്തെ പാദസരം ഉണർന്നെഴുന്നേറ്റു ചിണുങ്ങാൻ തുടങ്ങി. മഴയിൽ കുതിർന്നു തണുത്തു വിറച്ചിരുന്ന അവളെ ഞാൻ കണ്ടത് ആ കാണുന്ന കുന്നിൻ ചെരുവിൽ വെച്ചായിരുന്നു .മനോഹരമായ മണികളുള്ള ഒരു വെള്ളിക്കൊലുസ്സ്…….
"നിന്റെ പനി കുറവുണ്ടോ ശ്യാമാ ?" അയാൾ ചോദിച്ചപ്പോൾ അവൾ ക്ഷീണത്തോടെ ഒന്ന് തലയുയർത്തി നോക്കി.
"കുറവൊന്നും ഇല്ല....എന്നാലും ഇന്ന് അരുൺ ജോലിക്ക് പൊയ്ക്കോ...കുറെ ദിവസായില്ലേ ലീവ്"
"വേണ്ട ശ്യാമ...ഞാൻ രണ്ടാഴ്ചത്തേക്ക് ലീവ് എഴുതിക്കൊടുത്തിരുന്നു. നിന്നെ തനിച്ചാക്കി എങ്ങിനെ പോകും...കുറവില്ലെങ്കിൽ ഒന്നുകൂടെ ഹോസ്പിറ്റലിൽ പോകാം"
" വേണ്ട അരുൺ....ഇനി ഞാൻ എങ്ങോട്ടും ഇല്ല... ഇവിടെ... നിന്റെ ...."
അവളുടെ നിറഞ്ഞ കണ്ണുകളിൽ ആയിരം തുള്ളികളായി മഴ വീണ്ടും പെയ്യാൻ തുടങ്ങിയപ്പോൾ അയാൾ അവളുടെ മൂർദ്ധാവിൽ മൃദുവായി ചുംബിച്ചു. കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പ്രളയത്തിന് ഇത്രയും ഉപ്പു രസമുണ്ടെന്ന് അയാൾ ആദ്യമായി അറിയുകയായിരുന്നു..
" അരുൺ "
"ഉം "
"ഞാൻ ...ഞാൻ ഓർക്കുകയായിരുന്നു ആദ്യമായി നിന്നെ കണ്ട ആ ദിവസം... അരുൺ, എനിക്കിപ്പോഴും ഓർമയുണ്ട് ആ ദിവസവും സമയവും...."
"ഇയാൾക്ക് ആരാ ശ്യാമ ന്ന് പേരിട്ടത് ?"
"എന്താ പേര് ഇഷ്ടായില്ലേ ?"
"പേരും കാലിലുള്ള കൊലുസ്സും ഇഷ്ടായി...വേറൊന്നും ഇഷ്ടായില്ല"
അവൾ കൺമുനകൾ കൊണ്ട് അയാൾക്കൊരു കുത്തു വെച്ചു കൊടുത്തു :
"ഇയാളുടെ പേരും എനിക്കിഷ്ടായില്ല ...ആകെ ഇഷ്ടായത് ആ കോലൻ മുടി മാത്രമാണ്.."
ശ്യാമ ശക്തിയായി ചുമച്ചു.. അയാൾ അവളെ താങ്ങി കിടക്കയിലേക്ക് കിടത്താൻ നോക്കിയപ്പോൾ അവൾ അയാളുടെ മടിയിൽ തല വെച്ചു പതുക്കെ ചാഞ്ഞു കിടന്നു.. അവളുടെ ചുണ്ടുകളിൽ എങ്ങുനിന്നോ ഒരു മന്ദഹാസം ചിറകറ്റു വീണു.....
ഇപ്പോൾ ഒന്നാമത്തെ പാദസരം ഇടർച്ചയുടെ കരിമ്പടം കശക്കിയെറിഞ്ഞുകൊണ്ട് എന്നെ നോക്കി. ഞാൻ അവളെ പതുക്കെ തലോടി. അവളുടെ കണ്ണീർ മണികൾ ഇളകാൻ തുടങ്ങി.
"മോനെ .."
"എന്താ .. മ്മേ "
"നിക്കൊരു ചിലമ്പ് വേണം മോനെ... കാലിൽ കെട്ടാൻ...വെള്ളി കൊണ്ടുള്ള...ചാരുമോൾ കെട്ടുമ്പോലത്തെ...നീ നാളെ കൊണ്ട് വരണേ....ടാ...മോനെ നീ വാങ്ങില്ലേ....നീ വാങ്ങില്ലേ ടാ.."
"അമ്മേ ....കരയല്ലേ...ഞാൻ നാളെ കൊണ്ട് വരും..."
പിറ്റേന്ന് അയാൾ വെള്ളിക്കൊലുസ്സ് കൊണ്ട് വന്നു അമ്മയുടെ കാലിൽ കെട്ടി. 'അമ്മ അയാളുടെ തോളിൽ കയ്യിട്ടു പൊട്ടിച്ചിരിച്ചു... കാലുകൾ ഇട്ടടിച്ചു, വീണ്ടും പൊട്ടിച്ചിരിച്ചു. അയാളുടെ കണ്ണീർ വീണപ്പോൾ കൊലുസ്സ് അമ്മയുടെ കാലുകൾ കെട്ടിപ്പിടിച്ചു കരയുന്നതായി അയാൾ കണ്ടു………
"അമ്മേ ...അമ്മേ...." അയാളുടെ നിലവിളി നീലിച്ച ആകാശത്ത് തട്ടി പ്രതിധ്വനിച്ചു...താരാട്ട് മറന്നമ്മ പോയ വഴികളിൽ ഭ്രാന്തിന്റെ വിത്തുകൾ ചിതറിത്തെറിച്ചു. ഇനിയൊരിക്കലും ഉണരാത്തവിധം അയാളുടെ ചുവടുകൾ എവിടെയോ തളർന്നുറങ്ങി…..
ഒന്നാമത്തെ പാദസരം ഒന്നു പിടഞ്ഞു. അവളുടെ വെളുത്ത ഞരമ്പുകൾ മദമിളകിയ പുഴ പോലെ എങ്ങോട്ടോ കുതിച്ചൊഴുകിപ്പോയി. ഒരിറ്റ് ശ്വാസത്തിന്റെ അഗാധതയിലേക്ക് ചിറക് മുറിഞ്ഞുപോയൊരു പക്ഷി ഞെട്ടറ്റു വീണു. പിന്നെ സാവധാനം നിശ്ചലയായി…….
ഇനി രണ്ടാമത്തെ പദസരത്തിന് തടസ്സമില്ലാതെ സംസാരിക്കാം.
"അരുൺ ...ഒന്നിങ് അടുത്ത് വന്നേ...ദാ...ഇവിടെ...."
അവൾ ചുണ്ടുകൾ അവന്റെ നേരെ നീട്ടിയപ്പോൾ ജനാലപ്പടിയിൽ ചിലച്ചു കൊണ്ടിരുന്നൊരു കുരുവിക്കുഞ്ഞ് കണ്ണിറുക്കി പറന്നു പോയി...
അവളെ ഒന്ന് ശരിക്കും സ്പർശിച്ചിട്ട് മാസങ്ങൾ തന്നെയായി...എവിടെ തൊട്ടാലും അവൾക്ക് വേദനയാണ്..നിർവികാരത മാത്രമാണ് ഇപ്പോൾ അയാൾക്ക് സ്ഥായിയിട്ടുള്ളത്.. ശ്യാമയുടെ ചോര വാർന്ന മുഖത്ത് ചെമ്പരത്തിപ്പൂക്കൾ വിടർന്നതായി അയാൾ അറിഞ്ഞു...അതോ അസ്തമയ സൂര്യന്റെ ചുവപ്പോ ? പൊടുന്നനെ അവൾ നിറയെ ചുഴികളുള്ള ഒരാഴിയായി മാറുകയായിരുന്നു.. തന്റെ പഴയ ശ്യാമ.
അവളുടെ ചുണ്ടുകളിൽ ചോര പടർന്നു...കൈ കാലുകൾ വിറച്ചു...നഖക്ഷതങ്ങളേറ്റു നെഞ്ചിൽ നീലാകാശം തിണർത്തു..
"അരുൺ....ഇനി ...ഒന്നുകൂടി ഉണ്ട്.."
ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലുള്ള ഒരു ഉന്മാദ സന്ധിയിൽ അവൾ പറഞ്ഞു:
" അലമാരയിൽ നിന്ന് ആ പാദസരം എടുക്കൂ....എന്റെ കാലിൽ അണിയിക്കൂ... ഇപ്പോൾ വേണം അരുൺ ... “
കൊലുസ്സുമായി വന്ന അയാൾ ഒരു യന്ത്രം കണക്കെ അവളുടെ കാലുകൾ എടുത്തു തന്റെ മടിയിൽ വെച്ചു.. താൻ ഇക്കിളി കൂട്ടിയിരുന്ന കണങ്കാലിലെ അവളുടെ നീല ഞരമ്പുകൾ ഇപ്പോൾ ഉണങ്ങിപ്പോയിരിക്കുന്നു. കൊലുസ്സ് അവളുടെ കാലിൽ അണിയിച്ചു, കൊളുത്ത് പല്ലു കൊണ്ട് കടിച്ചു മുറുക്കിയപ്പോൾ അവൾക്ക് വേദനിച്ചില്ല.. തന്റെ പല്ലുകൾ അവളുടെ കാൽവണ്ണയിൽ കുരുങ്ങിയപ്പോൾ അവൾ കരഞ്ഞില്ല....ഇല്ല, അവൾ ഒന്നും മിണ്ടിയില്ല....
മേഘ ഗർജ്ജനമാണോ ? ഭൂമി കുലുക്കമാണോ ? മല പൊട്ടിപ്പിളർന്നു വരുന്നതാണോ ? ഒരു വിളിയൊച്ചക്ക് പോലും ഇട നൽകാതെ കാലം അയാളുടെ വിരൽത്തുമ്പിലൂടെ ഒഴുകിപ്പോയി - അവൾക്കൊപ്പം.
രണ്ടാമത്തെ പാദസരം നിശ്ചലമാവുമ്പോൾ നിലാവ് ദൂരെ ചോലമരങ്ങൾക്കിടയിൽ ഒരു നിലവിളിയായി പരന്നൊഴുകി. മഴയില്ലാതിരുന്നിട്ടും എങ്ങു നിന്നോ പറന്നുവന്നൊരു ഈയ്യാം പാറ്റ ഇണ ചേർന്ന് മരിച്ചു വീണു.
ഒന്നാമത്തെ പാദസരത്തെ ഞാൻ കായൽക്കരയിലെ കുഴിയിലേക്ക് മെല്ലെ താഴ്ത്തിവെച്ചു, ഒരു പിടി മണ്ണിട്ട് നിവരുമ്പോൾ കിഴക്കേ ആകാശത്ത് മഴ പെയ്യാൻ തുടങ്ങുകയായിരുന്നു.
രണ്ടാമത്തെ പാദസരത്തെ കുന്നിൽ ചെരുവിൽ ഒറ്റക്ക് നിന്നിരുന്ന വാക മരച്ചോട്ടിൽ അടക്കം ചെയ്തു തിരിച്ചിറങ്ങുമ്പോൾ ഒരു കൂട്ടം വർണ്ണശലഭങ്ങൾ നിലാവിൽ നേർത്തലിഞ്ഞു ചേരുകയായിരുന്നു.
(ഹാരിസ് )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot