നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെക്ലേസ്

Image may contain: 1 person, sunglasses and closeup

ചേട്ടാ, ചേട്ടാ...എന്റെ ആ പത്തു പവന്റെ നെക്ലേസ് കാണാനില്ല
(ഒരു സാങ്കൽപ്പിക കഥ)
സുലു, നീ നല്ലതുപോലെ നോക്കീട്ടാണോ ഈ പറയുന്നേ? ഇന്നാദ്യമായിട്ടാണല്ലോ ഈ വീട്ടിൽ ഇങ്ങനെ സംഭവിക്കുന്നെ...നീ നല്ലപോലെ ഒന്ന് നോക്ക്?
നോക്കാനൊന്നുമില്ല അവൾ തന്നെ. ഇന്നലെ ജോലി കഴിഞ്ഞു പോയപ്പോൾ അവളുടെ മുഖം വല്ലാണ്ടിരുന്നു. ഇപ്പോഴാ അതിന്റെ അർഥം എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്. അതവൾ തന്നെ.
അപ്പൊ നീ അങ്ങൊറപ്പിച്ചു എടുത്തത് ശാന്തി തന്നെ?
ചേട്ടൻ ഉടനെ പോലീസിൽ പറയണം. അവൾ ഇന്ന് താമസ്സിച്ചാ വന്നതും. അവളുടെ മുഖത്ത് നല്ല ഭാവമാറ്റം. ചേട്ടനെങ്ങനാ ഇങ്ങനെ അയിസുകട്ടപോലെ ഇരിക്കാൻ സാധിക്കുന്നേ? ഒന്നും രണ്ടുമല്ല. പത്തു പവൻ! ഈശ്വരാ അതാരെടുത്താലും...
സുലൂ. നീ ആരെയും കാര്യമറിയാതെ പ്രാകരുത്. വാ നമുക്ക് നിന്റെ ആഭരണപ്പെട്ടി ഒന്ന് പരിശോധിക്കാം. പരിഹാരമുണ്ടാക്കാന്നേ. വാ...
ഹാ, അതവളുടെ മുന്നിൽ നിരത്തീട്ടുവേണം എല്ലാം കൊണ്ടുപാൻ.
വാ…വാ...ഞാനല്ലേ വിളിക്കുന്നെ.
അലമാര തുറന്നു. വലിതും, ചെറുതുമായ എല്ലാ പെട്ടികളും തുറന്നു പരിശോധിച്ചു. ആ നെക്ലേസ് എങ്ങും കാണാനില്ല.
സുലു വിറക്കാൻ തുടങ്ങി. നേരുത്തെ അവൾക്കുണ്ടായിരുന്ന ആകാംക്ഷയുടെ പത്തിരട്ടിയാണിപ്പോൾ. കുറച്ചു മുന്നേ അവൾക്കൊരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ശരിക്കും പരിശോധിക്കുമ്പോൾ അത് ഒരുപക്ഷേ കണ്ടുകിട്ടിയാലോ...
ഇപ്പോൾ അവളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
അവൾ തന്നെ. അതവൾ...
രാഹുൽ അവളുടെ വായ പൊത്തി. അവളുടെ ശരീരത്തിന്റെ വിറയൽ, അവൻ കിടക്കയിൽ അവളെ അമർത്തിയിരുത്തി ഇല്ലാതാക്കി. അവൾ അടങ്ങിയപ്പോൾ അവൻ കൈ പിൻവലിച്ചു.
അവൾ കരയുന്നുണ്ട്. ഇടതോരാതെ കരയുന്നുണ്ട്.
ഞാൻ എത്ര ഇഷ്ടപ്പെട്ട മാലയാ അത്...അത് പോയല്ലോ...ചേട്ടൻ പോലീസിൽ പറഞ്ഞില്ലെങ്കിൽ ഞാൻ സരത്തിനോട് പറയും. അറിയാമല്ലോ അവനെ. കൊന്നു കൊലവിളിച്ചേ അവൻ പിൻതിരിയൂ...
അവൻ കൊല്ലുകയോ, കൊലവിളിക്കുകയോ, എന്തോ വേണേലും ചെയ്യട്ടെ. നീ നിന്റെ വീട്ടിൽ ചെല്ലുമ്പോൾ മതി ആങ്ങളയുടെ വീര പരാക്രമം കാണിക്കാൻ. ഇവിടെ നീ എന്റെ ഭാര്യയാണ്. അല്ലാതെ ആങ്ങളയുടെ പ്രിയ സോദരിയല്ല.
ശാന്തിയെ ഇവൾ സംശയിച്ചതായി അവൾക്ക് തോന്നിക്കാണുമോ ഭഗവാനേ? രാഹുലിന്റെ മനസ്സിൽ ഒരു വിഷമം രൂപപ്പെട്ടു തുടങ്ങി. അവൻ ശാന്തിയുടെ രൂപം മനസ്സിൽ ഓർത്തു. മെലിഞ്ഞ ശരീരം. വാടി തളർന്ന മുഖം. കുഴിഞ്ഞു താണ കണ്ണുകൾ. രണ്ടു കുട്ടികളുടെ അമ്മ. മദ്യപാനിയായ ഭർത്താവ്. കണ്ടാൽ കഷ്ടം തോന്നും.
അവൾ ജോലി കഴിഞ്ഞു പോയി. കുറെ നടന്നു വേണം അവളുടെ വീട്ടിൽ എത്താൻ.
സുലു ഇവിടെ വന്നേ…
നോക്ക്. നമ്മൾ പോലീസിൽ പറഞ്ഞാൽ, അവർ ചോദിക്കും ആരെയാണ് സംശയം? അപ്പോൾ നീ പറയും അവളുടെ പേര്. ശാന്തി. അവളെ പോലീസ് കൊണ്ടുപോകും. ചോദ്യം ചെയ്യും. ആൾക്കാരുടെ മുന്നിൽ അവൾ കള്ളിയാകും. മനുഷ്യർക്ക് അന്തസ്സും അഭിമാനവും ആണ് വലുത്. അവൾ പാവപ്പെട്ടവൾ ആണെന്ന് കരുതി അവൾക്ക് ഇതുരണ്ടും ഇല്ലെന്നു കരുതരുത്. എടുത്തു ചാടി നാം ഒന്നും പ്രവർത്തിക്കരുത്. അവൾക്ക് ഇത് രണ്ടും ഒരു പക്ഷെ നിന്നെക്കാൾ കൂടുതൽ ആയിരിക്കും. പണം ഇന്ന് വരും നാളെ പോകും. പണം മനുഷ്യന്റെ മാനത്തിനു വില പറയരുത്. വിലപ്പെട്ടത് കളവുപോയാൽ ഒരു മുഖം നമുക്ക് മുന്നിൽ വരച്ചുവച്ചതു പോലെ നാം കാണും. അതായിരിക്കണമെന്നില്ല സത്യസ്ഥിതി. അത് പിശാചിന്റെ കൈവിരുത്. നമുക്ക് നോക്കാം നോക്കാടീ...അതിവിടെയെങ്ങാനം ഉണ്ടെങ്കിൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ നമുക്ക് മുന്നേ വരും. അതുവരെ ക്ഷ മയാണാവശ്യം.
സന്ധ്യ മയങ്ങി. രാഹുൽ കാർ സ്റ്റാർട്ട് ചെയ്തു. മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു. വലതുവശത്ത് ശാന്തിയുടെ കുടിൽ പിന്നിട്ടു. കാറ് കുറച്ചു ദൂരെയായി നിർത്തി. തിരിച്ചു നടന്നു.
അവിടെ ആരോ തേങ്ങുന്നു. ആ ശബ്ദം അവൻ തിരിച്ചറിഞ്ഞു. ശാന്തിയുടെ തേങ്ങൽ...അവൻ കതകില്ലാത്ത വാതിലിൽ കൂടി അകത്തു കടന്നു. ഭിത്തിയിൽ താക്കോൽ കൊണ്ട് മുട്ടി.
വിള്ളൽ വീണ കതകു തുറന്ന് അവൾ വന്നു.
സാർ! ഇവിടെ?
നീ എന്തേ കരയുന്നൂ ശാന്തി?
എന്റെ മോൻ! അവനു ദീനമാ...
അയാൾ അകത്തു കടന്നു. മുറിയുടെ മൂലയിൽ മെലിഞ്ഞിട്ട് ഒരു താടിക്കാരൻ നിലത്തു നോക്കി കുത്തിയിരിക്കുന്നു. ക്ഷീണിച്ചവശനായ ഒരു മനുഷ്യൻ. കയറ്റു കിടക്കയിൽ കീറിപ്പറിഞ്ഞ സാരിവിരിപ്പിൽ ഒരു കൊച്ചു കുട്ടി ശ്വാസം പിടിക്കാൻ പാടുപെടുന്നു.
അയാൾ അതിന്റെ നെറ്റിയിൽ കൈ തൊട്ടു.
പൊള്ളുന്ന ചൂട്.
ഇതെന്നു തുടങ്ങി?
അഞ്ചെട്ടു ദിവസമായി. രാത്രിയിൽ ഉറങ്ങാതെ ഞാൻ നോക്കിയിരിക്കും...അവിടുന്ന് ശമ്പളം കിട്ടുമ്പോൾ ആസ്പത്രിയിൽ കൊണ്ടുപോകാനിരിക്കയാ...
വേറൊരു കുഞ്ഞ് തറയിൽ ഇരുന്ന് ഒരു പാത്രത്തിൽ നിന്നും എന്തോ വാരി കഴിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ അവന്റെ ശ്രദ്ധ ആ പാത്രത്തിൽ.
ശാന്തി കുട്ടിയേം എടുത്തു വരൂ. നിങ്ങളും വാ. വച്ചു താമസിപ്പിക്കണ്ട.
കുട്ടിയെ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട്, ശാന്തിയെയും താടിക്കാരനെയും അവിടെ ഇരുത്തി മറ്റേ കുട്ടിയേയും കൊണ്ട് രാഹുൽ വീട്ടിലേക്ക് തിരിച്ചു.
സമയം അതിക്രമിച്ചിരിക്കുന്നു.
സുലു കതകു തുറന്നു.
ചേട്ടനെവിടെയാരുന്നൂ? ഏതാണീ കുട്ടി?
എല്ലാം പറയാം. ഞാൻ എല്ലാം പറയാം.
ശാന്തിയുടെ മോനാ ഇവൻ. അവനു വല്ലതും കഴിക്കാൻ കൊട്. എന്നിട്ട് ഉറങ്ങാൻ ഒരു സ്ഥലം ഒരുക്ക്.
അവൾ രൂക്ഷമായി രാഹുലിനെ ഒന്ന് നോക്കി.
പക്ഷെ അവൾക്ക് അവനെ നന്നേ അറിയാം.
ചേട്ടൻ വല്ലതും കഴിച്ച് ഉറങ്ങാൻ നോക്ക്. കുട്ടിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.
ദിവസങ്ങൾ പിന്നിട്ടു. ഇതുവരെ നെക്ളേസ് കണ്ടുകിട്ടിയില്ല.
ശാന്തി വീണ്ടും ജോലിക്ക് വരാൻ തുടങ്ങി.
വെളിയിലെ കുളിമുറി തുറന്ന് വൃത്തിയാക്ക്. പോകാൻ നേരം സുലു ആജ്ഞാപിച്ചു.
അവൾ കുളിമുറി വൃത്തിയാക്കാൻ തുടങ്ങി. ഈർക്കിൽ ചൂലുകൊണ്ട് തറ ഉരച്ചു കഴുകി. മുകളിൽ ഭിത്തികൾ ചേരുന്നിടത്തുള്ള ഒരു ചെറിയ ത്രികോണ ട്രേയിൽ എന്തോ മിനുങ്ങുന്നു. മാഡത്തിന്റെ നെക്ലേസ്! അവൾ അതിൽ തൊട്ടില്ല. അവൾ എപ്പോഴേ നോട്ടപ്പുള്ളിയായി കഴിഞ്ഞു.
അവൾ ചൂല് മൂലയിൽ ചാരി,വീടിന്റെ ജനാലക്കരുകിലേക്ക് ഓടിയെത്തി.
സാർ. സാർ! അവൾ ഉറക്കെ വിളിച്ചു.
എന്തിനാ വെറുതെ ഒച്ച വെക്കുന്നെ? സുലുവിന്റെ കഠിന ശബ്ദം.
എന്താ ശാന്തി? സൗമ്യമായ രാഹുലിന്റെ സ്വരം.
സാറിങ്ങോട്ടൊന്നു വന്നേ.
അവർ കുളിമുറിയുടെ വശത്തേക്ക് പോയി.
ദാ... അവിടെ!?
അയാൾ നെക്ളേസ് കയ്യിൽ എടുത്തു.
ഏതായാലും നീ എടുത്തോണ്ട് വരാഞ്ഞത് കാര്യമായി.
അയാൾ നേരം വെളുക്കുന്നവരെ അത് രഹസ്യമായി തന്നെ സൂക്ഷിച്ചു.
നേരം പുലർന്നു. പ്രഭാത പക്ഷികൾ ചിലക്കാൻ തുടങ്ങി...
നീ ഓർക്കുന്നോ സുലു, നമ്മൾ തിരുവനന്തപുറത്തുനിന്നും മടങ്ങവേ,പാടങ്ങൾ കണ്ടപ്പോൾ നിന്റെ കുട്ടിക്കാലം ഒന്നുകൂടി ജീവിക്കാൻ നിനക്കാഗ്രഹമുണ്ടായത്? നമ്മൾ പാടങ്ങളെല്ലാം ഒന്ന് ചുറ്റിനടന്നു കണ്ടത്? നിന്റെ സാരി ചേറിൽ പൊതിഞ്ഞത്?
അവൾ ഒരു നിമിഷം ഞെട്ടി. പിന്നെ ഓടാൻ തുടങ്ങി.
രാഹുൽ കൈക്കു കയറി പിടിച്ചു.
ദാ, ഇവിടെ!
അയാൾ നെക്ളേസ് അവളുടെ കൈവെള്ളയിൽ വച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നീ കുറച്ചു കൂടി കണ്ണുനീർ ഒഴുക്ക് സുലൂ. പാപ ചിന്തകൾ കറപിടിപ്പിച്ച മനസ്സും ആത്മാവും വീണ്ടും ഒന്ന് ശുദ്ധമായിക്കോട്ടേ...

By: R Muraleedharan Pillai

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot