Slider

രണ്ടു ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ..(കഥ )

0


നിങ്ങൾ പ്രണയിക്കുന്നവർ തമ്മിൽ ഹൃദയങ്ങൾ കൈമാറിയിട്ടുണ്ടോ?
****
ഒരു രാത്രി അയാളുടെ ഹൃദയത്തോടെ ഒട്ടിച്ചേർന്ന് കിടന്നപ്പോഴാണ് അവൾ അത് ചോദിച്ചതു -
" നമുക്കു അല്പ നേരത്തേക്ക് നമ്മുടെ ഹൃദയങ്ങൾ കൈമാറാം "
ഞാനീ സാരി ഉടുക്കട്ടെ , ഈ ചുവന്ന പൊട്ടു കുത്തട്ടെ എന്നെല്ലാം ചോദിക്കുന്ന ലാഘവത്തോടെയാണ് അവൾ ആ ചോദ്യവും ചോദിച്ചത്. അവളുടെ ആഗ്രഹങ്ങൾ ആദ്യം നിരാകരിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്ന ആളായിരുന്നു അയാൾ.എന്നിട്ടും അയാൾ സമ്മതം മൂളി . അയാൾക്കും അറിയാൻ ആഗ്രഹമുണ്ടായിരുന്നു ഒരു സ്ത്രീ ഹൃദയത്തെ കുറിച്ച്.. അവളുടെ ഹൃദയത്തെകുറിച്ചു..
" ഞാൻ നൂറിൽ നിന്നും താഴേക്ക് എണ്ണി തുടങ്ങും. പത്തിനും ഒന്നിനുമിടക്ക് നമ്മുടെ ഹൃദയങ്ങൾ കൈ മാറ്റം ചെയ്യപ്പെടും . നിങ്ങൾ കണ്ണടച്ചു കിടന്നോളു . ദയവായി ഉറങ്ങരുത്. ഉറക്കം വന്നാൽ കൈവിരലുകൾ ചലിപ്പിക്കാം. മറ്റു ശരീര ഭാഗങ്ങൾ ചലിപ്പിക്കരുത് "
പാതി മയക്കത്തിലെന്ന പോലെ അവളതു പറഞ്ഞപ്പോൾ അയാൾ കണ്ണുകളടച്ചു
അവളുടെ എണ്ണി തുടങ്ങി..
100 ,99 ,98 ,97 ...........50
കാതിൽ തേൻ മഴ പോലെയുള്ള അവളുടെ വാക്കുകൾ ഒരു തൂവൽ പോലെ അയാളെ പൊതിഞ്ഞു .
പലതവണ അയാൾ വിരലുകൾ ചലിപ്പിച്ചു . മെത്തയിൽ അള്ളിപ്പിടിച്ചു. ഇച്ഛക്ക് വിപരീതമായി മിഴികളെ തഴുകുന്ന ഉറക്കത്തെ അയാൾ ആട്ടിയോടിച്ചു .അയാൾക്ക് അവളുടെ ഹൃദയം സ്വന്തമാക്കണമായിരുന്നു...
10 ,9 8 ,7 .......2
ഇടക്കെടവിടെയോ വെച്ച് അവരിരുവരും ഹൃദയങ്ങൾ പരസ്പരം കൈമാറി...
അവന്റെ ഹൃദയം അവളിലേക്കും അവളുടേത് അവനിലേക്കും..
പുഴ കടലിൽ ചേരുന്ന പോലെ..
മഴ തുള്ളി മണ്ണിൽ പതിയുന്ന പോലെ..
വണ്ട് പൂവിൽ നിന്നും മധു നുകരുന്ന പോലെ ..
**
പ്രണയം സുന്ദരമാണ് .. ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ…
***
പിറ്റേന്ന് രാവിലെ അനേക നാൾ നിദ്രയിലകപ്പെട്ടവനെ പോലെ അയാൾ കണ്ണുകൾ തുറന്നപ്പോഴേക്കും അയാളുടെ ഹൃദയം അയാൾക്ക് തിരികെ കിട്ടിയിരുന്നു.
അയാൾ എഴുനേറ്റു ചുറ്റിലും കണ്ണുകൾ കൊണ്ട് പരതി അയാൾക്ക് തന്റെ നെഞ്ചിനകത്തു വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.
മുറിയിൽ ഒരു മൂലക്കായി അയാൾ കണ്ടു - അയാൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടിന്റെ നിരവധി പ്ലാനുകൾ ..
നിറഞ്ഞതും ഒഴിഞ്ഞതുമായ മദ്യക്കുപ്പികൾ …
അയാളുടെ പ്രിയപ്പെട്ട കൂട്ടുകാർ…
മുഖമില്ലാത്ത സ്ത്രീ ശരീരങ്ങൾ..
എല്ലാറ്റിനുമടിയിൽ അയാളിന്നലെ സ്വന്തമാക്കിയ അവളുടെ ഹൃദയവും..
അതിൽ നിന്നും ചോര വാർന്നൊഴുകി കൊണ്ടിരുന്നു.. അപ്പോഴും..
**
പ്രണയം സുന്ദരമാണ് .. ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതുവരെ....
*****
നിങ്ങൾ പ്രണയിക്കുന്നവർ തമ്മിൽ ഒരിക്കലും ഹൃദയങ്ങൾ കൈ മാറ്റം ചെയ്യരുത്..
അപ്രകാരം ചെയ്താൽ ഒരാളുടെ ഹൃദയം മുറിവേൽക്കപ്പടും..
അത് നിങ്ങളുടേതാവാതിരിക്കട്ടെ! ** സാനി മേരി ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo