നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിടിയരി ഇസ് വെരി സിംപിൾ ആൻഡ് പവർഫുൾ

Image may contain: Lipi Jestin, smiling, indoor

**********************************************************************
എന്റെ ഓർമ്മ വെച്ച കാലം മുതലേ ഞാനും കൂട്ടുകാരും ഞങ്ങളുടെ ഇടവകയായ തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് പള്ളിയിലെ , LFJ (ലിറ്റിൽ ഫ്രണ്ട്‌സ് ഓഫ് ജീസസ് ) എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. നഴ്സറി മുതൽ പത്താം ക്ലാസ്സിൽ വരെയുള്ള കുട്ടികളുടെ കൂട്ടായ്‌മയാണത്. കുട്ടികളുടെ ആദ്ധ്യാൽമികതയേയും , നേതൃത്വ പാടവത്തേയും ,
കലാവാസനയെയും വളർത്തി കൊണ്ട് വന്നിരുന്ന യൂണിറ്റ് അടിസ്ഥാനത്തിലുള്ള ഒരു ക്രൈസ്തവ സംഘടന.
ഓരോ മാസവും യൂണിറ്റിലെ ഓരോരോ വീടുകളിലായി നടത്തിപോന്നിരുന്ന മീറ്റിംഗുകളിൽ ഞങ്ങൾ പ്രാർത്ഥനാഗാനവും ,ബൈബിൾ വായനയും സ്വാഗതവും, റിപ്പോർട്ടും, കണക്കും ,ഡാൻസും, പാട്ടും ,പ്രസംഗവും , മോണോ ആക്റ്റും , മിമിക്രിയും, നന്ദിയും ഒക്കെ അവതരിപ്പിച്ചു പോന്നിരുന്നു.പക്ഷെ;
അതുക്കും മീതെ എല്ലാ കുട്ടികളെയും ആ കൂട്ടായ്‌മയിലേക്ക് ഒരുപോലെ ആകർഷിച്ചിരുന്ന ഒരു കാന്തിക വലയം ആയിരുന്നു മീറ്റിംഗിനിടക്ക് ലഭിച്ചിരുന്ന "ചായയും കടിയും"! വെറുതെ കിട്ടുന്ന പരിപ്പുവടയും, പഴം പൊരിയും. ബോണ്ടയും. ഉണ്ണിയപ്പവും, ഉണ്ടംപൊരിയുമൊക്കെ അന്നാളിൽ കുട്ടികളെ ആഹ്ലാദത്തിന്റെ നിറകിൽ കൊണ്ടെത്തിച്ചിരുന്ന അഡാറ് ഐറ്റംസായിരുന്നു.!
ഈ മീറ്റിംഗിന് പുറമേ LFJ കുട്ടികളിൽ നിഷിപ്തമായിരുന്ന മറ്റൊരു ധർമ്മമായിരുന്നു പിടിയരി.ഒരു തരത്തിൽ പറഞ്ഞാൽ അത് ഒരു ധർമ്മം തന്നെ ആയിരുന്നു!!!.
"അമ്മാ " എന്ന വിളിക്കു പകരം "ചേച്ചി...പിടിയരി " എന്ന് ഗ്രൂപ്പായി ഓളിയിടുക .അപ്പോൾ അടുക്കളയിൽ നിന്നും ചേച്ചിമാർ ഒരു ഗ്ലാസ്സ് അരിയുമായി പുറത്തോട്ടു വരും. " കുത്തരിയോ, പച്ചരിയോ , അതോ പുഴുക്കലോ ?" എന്ന ചോദ്യം നമ്മൾ ചോദിക്കണം.കുത്തരിയാണെങ്കിൽ അത് അതിന്റെ സഞ്ചിയിൽ ഇടണം.
അതുപോലെ പുഴുക്കലിനും പച്ചയരിക്കും വെവ്വേറെ സഞ്ചിയുണ്ട്.കുത്തരിയുടെ സഞ്ചി പിടിക്കാൻ കുട്ടികൾ എല്ലാവരും തമ്മിൽ ഭയങ്കര മത്സരമാണ്. അതിന്റെ കനം വളരേ ... കുറവ് ആയിരിക്കും എന്നതാണ് ആ യുദ്ധത്തിന്റെ മൂല കാരണം!.
എല്ലാ ആഴ്ചയിലും പോയി കുട്ടികൾ പിടിയരി പിരിക്കും. എന്നിട്ട് അത് കുടുംബ സമ്മേളന പ്രസിഡന്റിന്റെ വീട്ടിൽ എത്തിക്കും .അങ്ങനെ ആ പിടിയരി കൂട്ടി വെച്ച് കുടുംബ സമ്മേളനത്തിന്റെ അന്ന് യൂണിറ്റിലെ അംഗങ്ങൾ ആരെങ്കിലും അത് മൊത്തം ലേലം ചെയ്തെടുക്കും.ആ ലേല തുകയാണ് കുടുംബ സമ്മേളനങ്ങളുടെ നടത്തിപ്പിനും, യൂണിറ്റിലെ രോഗികൾക്കുള്ള സഹായത്തിനും , ഇടവകയിലെ മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കും അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്നത്.
കേട്ടപ്പോൾ പിടിയരി എത്ര സിംപിൾ അല്ലേ !!
എന്നാൽ പറയുന്ന പോലെ പ്രവർത്തിയിൽ വരുത്താൻ അത്രയ്ക്ക് സിംപിൾ അല്ലായിരുന്നു അത്. ആദ്യം അതിനു വേണ്ടിയുള്ള കുട്ടികളെ തിരഞ്ഞെടുക്കണം.ചിരട്ടയും നാഴിയും പോലെയുള്ള കുട്ടികളിൽ നിന്നും, റോഡേത് അരികേത്‌ ,
തോടേത് പാടമേത്, വെയിലേത് മഴയേത് ,
കയറ്റമേത് ഇറക്കമേത് , പാമ്പേത് പഴുതാരയേത് എന്ന് തിരിച്ചറിവായവരെ വേണം തിരഞ്ഞെടുക്കാൻ!അതുകൊണ്ട് 'തീയിൽ കുരുത്തത് വെയിലത്തു വാടില്ല' എന്ന സത്യം കണ്ടു പിടിച്ച കാരണവന്മാർ ഞങ്ങളെ തിരഞ്ഞെടുത്തു!
3 :1എന്ന സ്ത്രീ പുരുഷ അനുപാതത്തിൽ ജെസ്സീന്തയും , ലിസിയും ,
പിന്നെ ഞാനും സ്ത്രീ ഗണത്തിലും, അനൂപ് പുരുഷ ഗണത്തിലും പിടിയരിയിൽ ചേർക്കപ്പെട്ടു.
ഞങ്ങൾ മൂന്നുപേരും മൂന്നിനത്തിൽപ്പെട്ട സഞ്ചികൾ തൂക്കി പിടിക്കും. അനൂപ് അവന്റെ നിക്കറിന്റെ സഞ്ചി നിറയെ മാവിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു വെക്കും! ഇതാണ് പതിവ്.
ആദ്യത്തെ പോക്ക് മണ്ടിയിറക്കം കഴിഞ്ഞിട്ടുള്ള പാടത്തിന്റെ വടക്കേ കരക്ക്‌ .
മണ്ടിയിറക്കം കഴിഞ്ഞാൽ റോഡിന് ഇരുവശങ്ങളിലും പച്ചപ്പാർന്ന പാടങ്ങളാണ്.
റോഡിന്റെ അടിയിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. അതുകൊണ്ട് അവിടെയൊരു കലുങ്ക് ഉയർത്തി കെട്ടിയിട്ടുണ്ട്. ആ കലുങ്ക് എത്തുമ്പോൾ അനൂപ് എന്നും പല രാത്രികളിലും അവിടെ പല ആൾക്കാരാലും കാണപ്പെട്ടു എന്ന് പറയുന്ന പ്രേതങ്ങളുടെ കഥകൾ അഴിച്ചു വിട്ട് ഞങ്ങളെയും പേടിപ്പിക്കും, അവനും പേടിക്കും!. അങ്ങനെ പേടിച്ച്‌ വിറച്ച്‌ ഞങ്ങൾ നാല് ആത്മാക്കൾ പരസ്‌പരം ഒന്നും ഉരിയാടാതെ , പാടത്ത് നിൽക്കുന്ന തെങ്ങു പോലെ ഒറ്റത്തടിയായി,ശ്വാസം പിടിച്ച്‌ കണ്ണും തുറുപ്പിച്ച്‌ കഴുത്തിൽ കിടക്കുന്ന വെന്തിങ്ങ കൂട്ടി പിടിച്ച് പയ്യെ ആ റോഡിൽ കൂടി നിലം തൊടാതെ ഒരു മിന്നല് പോലെ കലുങ്കിന് അപ്പുറം എത്തും!
ആ കലുങ്ക് കഴിഞ്ഞാൽ പിന്നെ കൂരായണ!
അവിടെ ഒരു കട്ടയിൽ അഞ്ചാറ് വീടുകൾ ഉണ്ട് അവിടെ കയറി " ചേച്ചി
...പിടിയരി " എന്ന് ഗ്രൂപ്പ് സോങ് പാടും.ആദ്യത്തെ വീടുകൾ ആയതു കൊണ്ട് ഒച്ചയൊക്കെ എല്ലാവരുടെയും നല്ല ക്ലിയർ ആയിരിക്കും ! പിന്നീടങ് ഒച്ച് പോലെ ഇഴയും പിന്നെ കൊഴയും!ചിലപ്പോൾ ചേച്ചിമാർ അലക്കുകയായിരിക്കും .ഞങ്ങളുടെ വിളികൾ ചേച്ചിമാർ അലക്കി കളയുന്നത് കൊണ്ട് പിന്നെയുള്ള വിളികൾ വീടിന്റെ പുറകു വശത്തെ അലക്കു കല്ലിന്റെ ഓരം ചേർന്നായിരിക്കും വിളിക്കുക! വെള്ളം കോരുന്നവരെയും ,
അമ്മിയിൽ ചമ്മന്തി അരക്കുന്നവരെയും ,
ഉരലിൽ അരി പൊടിക്കുന്നവരെയും ഒക്കെ ഞങ്ങൾ തന്നെ പോയി അതാതു സ്ഥലങ്ങളിൽ ചെന്ന് തൊഴുത് കൂട്ടി കൊണ്ടു വരാറാണ് പതിവ്.
ആ കട്ട കഴിഞ്ഞാൽ ഇടതു വശത്തായി ഒരു ഇടവഴിയുണ്ട് .അതിലേ കുറച്ചു പോയി വലത്തോട്ടു തിരിഞ്ഞാൽ ഒരു കുന്നിന്റെ മുകളിലായി താമസിക്കുന്ന ഒരമ്മുമ്മയുടെ വീട് കാണാം.വർഷത്തിൽ പതിനൊന്നു മാസവും ആ അമ്മുമ്മ അവിടെ ഉണ്ടാകാറില്ല.പക്ഷെ ഞങ്ങൾ എന്ത് റിസ്ക്‌ എടുത്തും എല്ലാ ആഴ്ചയും ആ അമ്മുമ്മയുടെ വീട്ടിൽ പോകും.പിടിയരി കിട്ടാനല്ല...
ഞങ്ങൾക്കുള്ള എനർജി കിട്ടാൻ!!
ആ അമ്മുമ്മയുടെ വീട് വളരെ ചെറുതാണ്‌ . ഒരു ചെറ്റകുടിൽ . പക്ഷെ പറമ്പ് വിശാലവും! അവിടെനിന്നും വാരിയെടുക്കുന്ന ചാമ്പക്ക, ലൂബിക്ക ,പുളി , മാങ്ങ , ആന്തചക്ക, കശുമാങ്ങ മുതലായ ഇനങ്ങളാണ് നട്ടുച്ചവരെയുള്ള ഞങ്ങളുടെ സർക്കീട്ടിന്റെ എനർജി സീക്രെട്ട് !.
ഈ വടക്കേ കരയിൽ നിന്നും മറുഭാഗത്തേക്ക് തിരികെ പോകണമെങ്കിൽ നേരത്തെ പറഞ്ഞ പാടത്തിന്റെ ആ കലുങ്കിൽ കൂടി തന്നെ വേണം നടക്കാൻ ! പക്ഷെ തിരികെ വരുന്ന നേരത്ത് എല്ലാവരും തീറ്റയിൽ കോണ്സൻട്രേറ്റ് ചെയ്യുന്നതിനാൽ പ്രേതശല്യം ഞങ്ങൾക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല!
ചിലയിടങ്ങളിൽ ചെല്ലുമ്പോൾ ഞങ്ങളെ വളരെ വാത്സല്യത്തോടെ നോക്കി പുഞ്ചിരിക്കുന്ന കുറെ മുഖ ഭാവം കാണാം.ചിലയിടത്ത് ' ദൈവമേ..ഇവറ്റകൾ വന്നോ!'എന്ന ഭാവവും.
ചില ചേച്ചിമാരുടെ അരികൾ ഗ്ലാസ്സുകൾ നിറഞ്ഞു തുളുമ്പും.ചിലർ വലിയ സ്റ്റീൽ ഗ്ലാസ്സിന്റെ മൂട്ടിൽ കുറച്ച് അരി കൊണ്ട് വന്ന് ഞങ്ങളാരെയും കാണിക്കാതെ പൊത്തി പിടിച്ച് സഞ്ചിയിലോട്ട് ഒരിടലുണ്ട്‌ .എന്നിട്ട് ഗ്ലാസിന്റെ മൂട്ടിൽ ആഞ്ഞൊരു തട്ടും! ആ തട്ടിൽ ഞങ്ങളുടെ ചിരികൾ പൊട്ടും!
ഓരോ വീട്ടിലും ചെല്ലുമ്പോൾ അവിടെ വളർത്തുന്ന പക്ഷി മൃഗാദികളുടെ മണം ഞങ്ങളുടെ മൂക്കിലേക്ക് ഒരു അനുവാദവും ചോദിക്കാതെ സ്വന്തം തറവാട്ടിൽ കയറുന്ന പോലെ അടിച്ചു കയറും. മൂക്കു ചുളിച്ചു കൊണ്ടും ശ്വാസം പിടിച്ചു നിർത്തി കൊണ്ടും ആടിന്റെ മൂത്രത്തിന്റെയും ,പശുവിന്റെ ചാണകത്തിന്റെയും , കോഴികാട്ടത്തിന്റെയുമൊക്കെ മണം ഞങ്ങൾ അങ്ങട് സഹിച്ചു നിൽക്കും.ചിലയിടങ്ങളിൽ കുട്ടികൾ തങ്ങളുടെ പ്രഭാത കർമ്മങ്ങൾ നട്ടുച്ചക്കും മുറ്റത്ത് നടത്തിയിട്ടുണ്ടാകും!. ചുരുക്കത്തിൽ പിടിയരി പിരിക്കാൻ ഇറങ്ങുമ്പോൾ ശ്വാസത്തിന് വലിയ ചിലവൊന്നും ഇല്ല അത്ര തന്നെ!
ഞങ്ങൾ പടിക്കലെത്തുമ്പോഴേ കുരക്കുന്ന പട്ടിയെ ഞങ്ങൾ പ്രാകും! ഇതിനെ വിഷം വെച്ച് കൊല്ലാൻ ഈ നാട്ടിൽ ആളില്ലേയെന്ന് അടക്കം പറയും.അരിയും വേടിച്ച്‌ ആശേരിയുടെ പടിയും കടന്നാലേ ആ പട്ടി തന്റെ സാധകം നിർത്തുകയുള്ളു.കുര കേട്ട് കലിപ്പിളകുന്ന ഞങ്ങൾ പട്ടിയെ "പോടാ പട്ടി " എന്ന് വിളിച്ച്‌ ചിരിച്ച്‌ മറിഞ്ഞ് വാലും കുത്തി ഓടും !. ചിലയിടങ്ങളിലെ പോർക്കിന്റെ മുക്രയിടൽ കേട്ട് ഞങ്ങൾ ഒന്ന് വിറ കൊള്ളും. എങ്കിലും അതിന്റെ കൂട്ടിൽ ചെന്ന് അത് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറപ്പോടെ നോക്കി നിൽക്കും!
പക്ഷെ ഞങ്ങൾ ഏറ്റവും അധികം പേടിച്ചിരുന്നത് നൽക്കാലികളെയല്ല .ഇരുകാലികളായ എന്നാൽ നാലു കാലിൽ ഇഴഞ്ഞു നടക്കുന്ന കുടിയന്മാരെയാണ്. വീടിന്റെ ഉമ്മറത്ത് ലുങ്കിയുടുത്ത് സ്ഥിരകാലബോധമില്ലാതെ ഉറങ്ങുന്ന ചിലരെ ഞങ്ങൾ കാണാറുണ്ട്.അവിടെ ചെല്ലുമ്പോൾ " ചേച്ചി" ന്ന് ഉറക്കെ വിളിക്കാൻ തന്നെ പേടിയാണ്.തെറി വിളി പലപ്പോഴും കേട്ടിട്ടുള്ളതാണ്.
" നീ വിളി ....നീ വിളി " എന്ന് ഞങ്ങൾ പരസ്പരം കണ്ണ് കൊണ്ട് കാണിക്കും ! ചിലപ്പോൾ മുറ്റത്തെ ആൾ പെരുമാറ്റം കണ്ട് ചേച്ചിമാർ എത്തിച്ചു വന്ന് നോക്കും.
അത് കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ 100 വോൾട്ടിന്റെ ബൾബ് പോലെ പ്രകാശിക്കും!.
പക്ഷെ പ്രകാശം അസ്തമിച്ച ആ ചേച്ചിമാരുടെ കണ്ണുകൾ കാണുമ്പോൾ അരിയും വാങ്ങി മരണ വീട്ടിൽ നിന്നെന്നപോലെ ഞങ്ങൾ മൗനമായി മടങ്ങും!
അങ്ങനെ പൊരിഞ്ഞ വെയിലത്തും മഴയത്തും അരിസഞ്ചി ആട്ടിയാട്ടി വായിൽ പലതും കൊറിച്ച് സിനിമാ കഥകളും, നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഓരോരോ വീടുകളിൽ കയറി പിടിയരി പിരിച്ചെടുക്കുന്നത് ഞങ്ങളുടെ ഒരു ജീവിതചര്യയായി മാറി .
അതിന് വേണ്ടി ഞങ്ങൾ നഷ്ടപ്പെടുത്തുന്ന പഠന സമയത്തെ പറ്റിയോ , ആരും നയിക്കാനില്ലാതെ സ്വയം നയിക്കുന്ന ഞങ്ങളുടെ ബാല്യത്തിന്റെ സുരക്ഷയെപ്പറ്റിയോ അന്നാളുകളിൽ ആർക്കും ഒരു വിധ ആധിയും ഉണ്ടായിരുന്നില്ല.
ചില ചേട്ടന്മാർ ഞങ്ങളെ കളിയാക്കി കൊണ്ട് ചോദിക്കും.
"ഇതൊക്കെ ചെയ്തിട്ട് നിങ്ങൾക്ക് വല്ല ഗൊണോം ഉണ്ടോ മക്കളേ"...ന്ന്!.
ഞങ്ങൾ പറയും "അതൊക്കെ ദൈവം ഞങ്ങൾക്ക് സമയത്തിന് തന്നോളും ചേട്ടാ"..ന്ന്.
പിടിയരി പിരിക്കാൻ നടന്നത് കൊണ്ട് പാഠപുസ്തകങ്ങളിൽ ഇല്ലാത്ത പല ജീവിത പാഠങ്ങളും ഞങ്ങൾ കണ്ട് പഠിച്ചു. കണ്മുന്പിലെ കുറെ നന്മയെയും തിന്മയെയും വേർതിരിച്ചറിഞ്ഞു .ദാരിദ്ര്യവും സമ്പത്തും തമ്മിലുള്ള അന്തരം തൊട്ടറിഞ്ഞു.
ഉള്ളവന്റെ പിശുക്കും ഇല്ലാത്തവന്റെ വേവലാതിയും നേരിട്ട് കണ്ടറിഞ്ഞു.മനുഷ്യരുടെ ഹൃദയ വിചാരങ്ങൾ അവരുടെ കണ്ണിൽ നോക്കി മനസ്സിലാക്കാൻ പഠിച്ചു.ഇതിൽ കൂടുതൽ എന്ത് നല്ല ഗുണം ആണ് ഞങ്ങളുടെ ജീവിതത്തിൽ വരേണ്ടത്!
ചുരുക്കത്തിൽ പറഞ്ഞാൽ അന്നത്തെ പിടിയരി വാസ് വെരി സിംപിൾ ബട്ട് അതിന്റെ പാഠം ഇസ് വെരി പവർഫുൾ!.

By: 
Lipi Jestin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot