നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു സ്വയംവരത്തിന്റെ ഓർമ്മക്ക്

Image may contain: 1 person

************************************
ഞായറാഴ്ച, ഞാൻ രാമായണം കാണുകയാണ്. പുനഃ സംപ്രേക്ഷണം.. ലിപ് മൂവ്മെന്റും ഭാഷയുമായി ഒരു ബന്ധവുമില്ല. ആന്റിനയിൽ കാക്ക വന്നിരുന്നോ? ശ്രീരാമന്റെ നെറ്റിയിൽ പെട്ടന്നൊരു മുഴ വന്ന പോലെ. ശ്രീരാമൻ വില്ലെടുത്തു, കുലച്ചു, ഒടിച്ചു. സീതയുടെ കണ്ണുകൾ പ്രണയം കൊണ്ട് നിറഞ്ഞു.
ആഹാ പാട്ടായി, ഡാൻസ് ആയി.. ജനകമഹാരാജാവ് മകളുടെ കൈ പിടിച്ചു രാമനെ ഏൽപ്പിക്കുന്നു. ആകാശത്തു നിന്നും ദേവന്മാർ താഴേക്ക് പൂക്കൾ വാരിയെറിയുന്നു. ചാരുകസേരയിൽ ഇരുന്നു അമ്മുമ്മ ടി വി യിലെക്ക് നോക്കി തൊഴുതു പ്രാർഥിക്കുന്നു. അപ്പുപ്പൻ എന്തോ കലിപ്പിൽ മുറ്റത്തു വാരിക്കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പൊതിക്കുന്നുണ്ട്. ഓരോ തേങ്ങ പാരയിലേക്ക് കുത്തി നിർത്തുമ്പോളും അമ്മുമ്മയെ ഒന്ന് നോക്കും. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്മുമ്മ ഒന്നും കണ്ടിരുന്നില്ല. അമ്മ അടുക്കളയിലാണ്. ഞായറാഴ്ച കുടുംബത്തിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന ഒരേയൊരു ദിവസം. അന്ന് ഞങ്ങൾ പട്ടിണിയാണ്. ഒടുവിൽ ഉച്ചകഴിഞ്ഞു അപ്പൂപ്പനും ഞാനും പറമ്പിലേക്കിറങ്ങും. വല്ല ചേമ്പോ, കാച്ചിലോ മാന്തി പുഴുങ്ങി കഴിക്കും. എല്ലാ ഞായറാഴ്ചകളിലും അപ്പുറത്തെ പശുവിനു കോളാണ്. ഇന്ന് അമ്മ പുട്ടുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇടിയപ്പം കഴിച്ചിട്ട് അണ്ണാക്കും നാക്കും ഒട്ടിപ്പോയത് ഓർത്തു പോയി.
വിജയിക്കും വരെ പരിശ്രമിക്കുക അതാണ്‌ അമ്മയുടെ ആറ്റിട്യൂട്. ഇപ്പോളും..
പരസ്യം വന്നു.
വാഷിങ് പൌഡർ നിർമ.. വാഷിങ് പൌഡർ നിർമ
അടുക്കളയിലേക്കോടി കുറെ ബ്രിട്ടാനിയ ബിസ്കറ്റുമായി തിരികെയെത്തി. ഇരുപത്തിയഞ്ചു പൈസ വട്ടത്തിലുള്ള ബിസ്‌ക്കറ്.
"പെണ്ണെ, നീയിങ്ങനെ ബിസ്കറ്റ് മാത്രം തിന്നാൽ വയറ്റിൽ വിരയുണ്ടാകും". അമ്മുമ്മ ഉപദേശിച്ചു. അനിക്സ്പ്രേ പാൽപ്പൊടി, സിബാക്ക.. പരസ്യങ്ങൾ തീർന്നു വീണ്ടും രാമായണം.
അപ്പോളേക്കും വാനരസേനയെത്തി. ദീപു, ഷിബു, അരുൺ.
കുരുത്ത തേങ്ങ പൊട്ടിച്ചു അപ്പുപ്പൻ ഞങ്ങൾക്ക് അതിന്റെയുള്ളിലെ പൊങ്ങ് (വെളുത്ത സോഫ്റ്റായ സാധനം) തിന്നാൻ തന്നു.
"എന്നാ തുടങ്ങാം?"
"ഇന്നെന്താ?"
"പല്ലാങ്കുഴി".. പോക്കറ്റിൽ നിന്നും മഞ്ചാടിക്കുരു നിറച്ച കവർ ഉയർത്തിക്കാട്ടി ദീപു.
"പറ്റില്ല സാറ്റ് കളി മതി". പ്രതിപക്ഷം ഉടനെ ബഹളം വെച്ചു,
"പറമ്പിൽ പൊട്ടക്കിണറുണ്ട്. സാറ്റും കീറ്റുമൊന്നും വേണ്ട". അപ്പുപ്പൻ ആജ്ഞാപിച്ചു. അപ്പോളാണ് തലയിലൊരു ബൾബ് മിന്നിയത് "നമുക്കിന്ന് സ്വയംവരം ആയാലോ "?
"അത് മതി" ജെറിയെ കിട്ടിയ ടോമിന്റെ മുഖഭാവത്തോടെ മൂന്നുപേരും ഡീൽ ചെയ്തു. "എന്നാ പിന്നെ ഞാൻ പോയി മേക്കപ്പിടട്ടെ", അകത്തേക്ക് ഓടും മുൻപ് അവന്മാർ ഒരുമിച്ച് ചോദിച്ചു
"വില്ലെവിടെ?"
അത് ശരിയാണല്ലോ,
മുറ്റത്തെ ഗേറ്റിലേക്ക് ഞാന്നു കിടക്കുന്ന കടലാസ് ചെടിയുടെ ചെറിയ ശിഖരങ്ങൾ വെട്ടിക്കളയുന്ന അപ്പുപ്പനടുത്തേക്ക് ഞങ്ങൾ നടന്നു.
"അതെ അപ്പൂപ്പാ ഞങ്ങൾക്കൊരു വില്ലുണ്ടാക്കിതരോ?"
"എന്തിനാ? "
"ഒന്നൊടിക്കാനാ.. "
അപ്പൂപ്പന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ..
ഞങ്ങൾ എസ്‌കേപ്പ് ആയി.
"വില്ല് തന്നെ വേണ്ടടി ഓടിക്കാൻ പറ്റിയ എന്തെങ്കിലും കിട്ടിയാൽ മതി. "
അവന്മാർ പറമ്പും വീടും അരിച്ചു പെറുക്കാൻ തുടങ്ങി
ആദ്യമായാണ് അവർക്കിടയിൽ ഇത്രയും ഒത്തൊരുമയും ശുഷ്കാന്തിയും..
എന്തെങ്കിലും ഒടിച്ചെ അടങ്ങൂ എന്നൊരു ഭാവം.
ഒരഞ്ചാറു മുത്തുമാലയും കുറെ വളയും ഒക്കെയിട്ടു. മുഖത്തു നല്ല കട്ടിക്ക് പൗഡറിട്ടു, കണ്ണെഴുതി, പൊട്ടിട്ട് ഞാൻ സീതയായി.
വരാന്തയിലേക്ക് നാണത്തോടെ നടന്നുവന്നു. "എന്ത് പേക്കോലമാണെടീ"? നെഞ്ചിലെ രോമവും വലിച്ചു പറിച്ചു നിൽക്കുന്ന കുഞ്ഞമ്മാവൻ. പുള്ളി ഞായറാഴ്ച പത്തു മണിവരെ കിടന്നുറങ്ങും. കണി ഞാനാണെന്ന് തോന്നുന്നു.
പണ്ടേ ഞങ്ങൾ ശത്രുക്കളാണ്. ഞാൻ അവിടെ നിന്നില്ല.
അപ്പോളാണ് ഒരു കൂട്ടക്കരച്ചിൽ കേട്ടത്. ഓടി മുറ്റത്തേക്ക് വന്നു. പ്ലംബിംഗ് ആവശ്യത്തിന് കൊണ്ടുവന്നിട്ടിരുന്ന പി.വി.സി പൈപ്പിൽ അവന്മാരെന്തോ ഒപ്പിച്ചു. കുഞ്ഞമ്മാവൻ കൈയോടെ പിടികൂടി.
സ്വയംവരകഥകൾ അറിഞ്ഞ വീട്ടുകാർ പൊട്ടിച്ചിരിച്ചു.
താടിയിൽ വളർന്നു നിൽക്കുന്ന അഞ്ചാറു മുടിയിൽ തലോടിക്കൊണ്ട് അമ്മാവൻ പറഞ്ഞു
"നിങ്ങൾക്ക് ഞാൻ ഒരു ജോലി തരാം അതാദ്യം മുഴുമിപ്പിക്കുന്നവർക്ക് സീത സ്വന്തം".
എല്ലാരേയും കൂട്ടി അമ്മാവൻ അടുക്കളവശത്തേക്കു നടന്നു. അനുസരണയുള്ള കുഞ്ഞാടുകളായി അവർ. അവരെ അടുക്കളയിൽ പിടിച്ചിരുത്തി (അന്ന് ഡൈനിങ്ങ് ഹാൾ ഒന്നുമില്ല, എല്ലാരും ആഹാരം കഴിച്ചിരുന്നത് അടുക്കളയിൽ ഇട്ടിരുന്ന ഒരു ഡെസ്കിനു പുറത്ത് വെച്ചാണ് ). മൂന്നുപേർക്ക് മുന്നിലും മൂന്നു പ്ലേറ്റ് വന്നു. അതിൽ ഓരോരുത്തർക്കും ഒന്നരകുറ്റി പുട്ടും പയറും.
"വേണ്ട, വേണ്ടാഞ്ഞിട്ടാ.."അവർ ഒരുമിച്ചു പറഞ്ഞു.
"തിന്നെടാ".. അമ്മാവൻ കീരിക്കാടൻ സ്റ്റൈലിൽ.
അവന്മാർ ആ പുട്ട് പൊടിക്കാൻ നോക്കി.
ദയനീയമായി അമ്മയെ നോക്കി.
അമ്മക്ക് ശരിക്കും സഹതാപമുണ്ട്. അപ്പൂപ്പനും അവരുടെ കൂടെയിരുന്നു കപ്പ ഉള്ളീം മുളകും ചതച്ചതിൽ മുക്കി തിന്നാൻ തുടങ്ങി. ഇടയ്ക്കിടെ ഓരോ കഷ്ണം എന്റെ വായിലും വെച്ചുതന്നു.
"അതേ, പിന്നേ എനിക്ക് സ്വയംവരം വേണ്ട!".. അരുണാണ്.
"ഞങ്ങൾക്കും വേണ്ട".. ദീപുവും ഷിബുവും.
മൂന്നുപേരുടെയും വായ്ക്ക് ചുറ്റും വായ്ക്കകത്തും അരിമാവ്.
ഇപ്പോൾ കണ്ടാൽ ബാലി, സുഗ്രീവൻ, ഹനുമാൻ ലുക്ക്‌.
ഒടുവിൽ അവർക്ക് ജാമ്യം കിട്ടി.
അപ്പുറത്തെ പശു എന്തോ മനസ്സിലായപോലെ ഒന്ന് അമറി.
ഒടുവിൽ സഹതാപം തോന്നി കുഞ്ഞമ്മാവൻ ഞങ്ങൾക്ക് അമരം സിനിമയുടെ വീഡിയോ കാസറ്റ് ഇട്ട്‌ തന്നു. കൂടെ എന്നെ തുറിച്ചു നോക്കി ഒരു ഡയലോഗ് കൂടി.. ഇനി ഇതും കണ്ട് ഇവളുടെ വാക്കും കേട്ട് വള്ളോം പങ്കായവുമായിട്ട് ഇറങ്ങിയേക്കല്ലേ, നിങ്ങൾ മൂന്നും വെള്ളത്തിലുമാകും എന്ന് !!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot