Slider

എന്റെ പ്രണയത്തിന്റെ അവകാശിക്ക്‌

0


*******************************************
ഞാൻ എന്റെ പാതിയും വെന്ത്
വികൃതമാക്കപ്പെട്ട ചിന്തകളുടെ
തടവറയിൽ ആയിരുന്നു ,
നിന്നെ കാണും വരെ ..
ഓർമ്മകൾ ചേർന്നുരഞ്ഞു
കീറിയ മുറിപ്പാടുകളിൽ നോക്കി
നെടുവീർപ്പെടുകയും
ചിലപ്പോഴൊക്കെ ശബ്ദമില്ലാതെ
കരയുകയും ചെയ്തു
നിന്നെ കാണും വരെ ..
തണുത്തുറഞ്ഞു
മരവിച്ചു പോയൊരു മനസ്സിനെ ,
നിസ്സഹായതയുടെ ഇരുൾ വന്നു
മൂടുമ്പോൾ ഒക്കെയും
മരണത്തെ സ്വയം ഏൽപ്പിച്ചു
സ്വതന്ത്രനാകാൻ കൊതിച്ചിരുന്നു
നിന്നെ കാണും വരെ ..
ഏകാന്തമായ പകലിരവുകളെ
ശൂന്യത നിറഞ്ഞ മൌനത്തില്‍ ഒളിപ്പിച്ചു ,
സ്വയം വേര്‍തിരിച്ചെടുക്കാനാവാത്ത
നഗര തിരക്കുകളില്‍ ആണ്ടിറങ്ങി ,
എന്നെ , എന്നില്‍ നിന്നൊളിപ്പിക്കാന്‍
കടലും കരയും മരുഭൂമിയും
കടന്നൊരു യാത്രക്കൊരുങ്ങിയിരുന്നു
നിന്നെ കാണും വരെ ...
രക്തം മണക്കുന്ന നാലു ചുമർ ചുവട്ടിൽ
ഒറ്റപ്പെട്ട നിലവിളികള്‍ ഉയരുന്ന
കറുത്ത രാത്രികളിൽ ...
പേടിച്ചുറങ്ങാത്ത ആത്മാവും പേറി
അനാഥമാക്കപ്പെട്ട ഓർമ്മകളിൽ
ഭ്രാന്തനെ പോലെ കിടന്നിരുന്നു
നിന്നെ കാണും വരെ ..
ബന്ധങ്ങളുടെ നാഭിചുഴിയിൽ നിന്നും
വേർപെട്ടു പോയൊരു ചാപിള്ള കണക്കെ
ചുളിഞ്ഞും ചുരുങ്ങിയും
വികലവും വികൃതവുമായ
ചിന്തകളിൽ കുരുങ്ങി
അപൂർണനായൊരു ഞാൻ ഉണ്ടായിരുന്നു ..
നിന്നെ കാണും വരെ ....
അതെ എല്ലാം ഇന്നലെകൾ ആയിരുന്നു ..
ജീവിച്ചിരുന്നു എന്ന തെളിവിനു
ഇന്ന് ഞാനാ ഓർമ്മകളെ കൂട്ട് വിളിക്കുന്നു ..
നിന്നെ കണ്ടതിൽ പിന്നെ എല്ലാം മാറി ..
ചിന്തകളിൽ ഇരുൾ മാറി വെളിച്ചം വീശി ..
ചിരി മറന്ന ചുണ്ടുകളിൽ നിന്റെ ചുംബനം
ഏറെ ചിരികൾ നിറച്ചു ..
ചുമരുകളിൽ നീ നിറം പൂശുകയും
ഒറ്റയ്ക്കായ രാത്രികളെ ആട്ടിയകറ്റി ..
വിറയ്ക്കുന്ന നെഞ്ചിൽ ചൂട് പകർത്തി
ഗാഢമെന്നെ പുണർന്നു ഉറങ്ങി ഉണർന്നു ..
ഞാൻ വീണ്ടും ജനിച്ചവനെ പോലെ ..
കണ്ണുകൾ തിരുമ്മി തുറന്നു , നിന്നെ
വീണ്ടും കാണുകയും പ്രണയിക്കുകയും ചെയ്തു ..
പ്രണയം വെറുത്തിരുന്ന ചുണ്ടുകൾ ഇന്ന്
പ്രണയത്തെ പറ്റി പാടുന്നു ..
പെണ്ണ് ചതിക്കുമെന്നു എഴുതിയ
അക്ഷരങ്ങൾ ഒക്കെയും നിന്നെ പറ്റി
എഴുതി മതി വരാതെ, നിന്നെ ചുറ്റി നിൽക്കുന്നു ..
എന്നെ പറ്റി എഴുതിയാൽ അതിന്റെ
തുടക്കവും ഒടുക്കവും
ഇനി നീ തന്നെ പെണ്ണെ ...
എന്റെ ജീവന്റെയും പ്രണയത്തിന്റെയും
ആദ്യാവസാനങ്ങൾ
നിന്റെ പേരിൽ കുറിയ്ക്കുന്നു ഞാൻ ....
ഇനി ഞാൻ , ഇല്ല ....
നിന്നിലെ നീയായ്‌..
എന്നിൽ നീ നിറയെ..
ഇനി ഞാൻ ജീവിച്ചിടട്ടെ
നിന്നെ കണ്ട നാൾ തൊട്ട് .....
ഇനി. ഇനി ഞാൻ ജീവിച്ചിടട്ടെ.. !!!
***************************
എന്റെ പ്രീയപ്പെട്ടവൾക്കു... 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo