നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ മെനയുന്ന ജാലകം (കഥ )


അന്നും പതിവുപോലെ രവി അയാളുടെ മുറിയുടെ ജനാല തുറന്നു …
***
രവിയെ പരിചയപ്പടുത്താൻ ഞാൻ മറന്നു . രവി എന്റെ കഥയിലെ നായകൻ. രവീന്ദ്രമേനോൻ എന്ന അയാളുടെ പേരിനെ നിങ്ങള്ക്ക് വായിക്കാനും എനിക്കെഴുതാനുമുള്ള എളുപ്പത്തിൽ, രവിയെന്നു ചുരുക്കി.ഞങ്ങൾ കഥാകൃത്തുക്കൾ അങ്ങിനെയാണ്. ഒരു കഥക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ, സ്വാർത്ഥർ. അതൊക്കെ പിന്നീടൊരിക്കൽ വിശദമായി പറയാം . ഇപ്പോൾ നമുക്ക് രവിയിലേക്കു തിരിച്ചു പോകാം.
രവി സുന്ദരനാണ്. ഈ കഥയെഴുതുന്ന ഞാനൊരു സ്ത്രീയായതിനാൽ എന്റെ നായകൻ സുന്ദരനായിരിക്കണമെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. അയാൾക്ക് പ്രായം മുപ്പത്തിനാല്.
സാമാന്യം നല്ല ജോലി അയാൾക്കുണ്ടായിരുന്നു. വിവാഹ വേളയിൽ അയാളുടെ ഭാര്യയുടെ അച്ഛൻ അയാൾക്ക് സ്നേഹോപഹാരമായി ഒരു കാർ നൽകുകയുണ്ടായി.”സ്ത്രീ ധനം “എന്ന വാക്ക് ഞാൻ മനഃപൂർവം എഴുതാതിരുന്നതാണ്. അയാൾക്കു ഭാര്യയും ഒരു പെൺകുഞ്ഞും ഉണ്ടായിരുന്നു. ഭാര്യ സുന്ദരിയായിരുന്നിരിക്കണം. അവളുടെ പേര് ഇവിടെ പ്രസക്തമല്ല... ഞാൻ പറയുന്ന ഈ കഥയിൽ രവിക്കല്ലാതെ വേറെയാർക്കും പേരില്ല.
നിങ്ങൾക്കയാളോട് അസൂയ തോന്നുന്നുണ്ടല്ലേ ? ഈ അസൂയ ദൈവത്തിനും രവിയോട് തോന്നി . അത് കൊണ്ടാണ് ഒരു രാത്രി കുടുംബസമേതം സെക്കന്റ് ഷോ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ വലിയ ഒരു ട്രക്ക് വന്നു അയാളുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചത്. വളരെ നാളുകൾ രവി ഒരാശുപത്രിയിൽ കഴിഞ്ഞു. ദിവസങ്ങൾക്കു ശേഷമാണു രവി അറിയുന്നത് ,അയാളുടെ രണ്ടു കാലുകളും നഷ്ടപ്പെട്ടെന്ന കാര്യം. കൂടാതെ ഭാര്യയും മകളും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി വിടവാങ്ങിയെന്നും. പിന്നീട് രവിയുടെ ജീവിതം ഒരു വീൽ ചെയറിലും ഈമുറിയിലും ഒതുങ്ങി. പുറത്തേക്കു തുറക്കുന്ന ഈ ജനാലക്കരികിലാണ് അയാളുടെ പകലുകൾ ഉണരുന്നതും ഉറങ്ങുന്നതും. (ഇപ്പോൾ നിങ്ങള്ക്ക് അയാളോട് ഒരു സഹതാപം തോന്നി തുടങ്ങിയെങ്കിൽ ,ഞാൻ വിജയിച്ചു.)
ആയിടക്കാണ് ഞാനെന്ന കഥാകൃത്തു രവിയുമായി ചങ്ങാത്തത്തിലാവുന്നതു…
****
അന്നും പതിവുപോലെ രവി അയാളുടെ മുറിയുടെ ജനാല തുറന്നു . അപ്പോൾ കിഴക്കു സൂര്യനുദിച്ചിട്ടില്ലായിരുന്നു.
പകലുകൾ മുഴുവൻ എനിക്കും രവിക്കും മാത്രം സ്വന്തമാണ്. അതെങ്ങിനെയെന്ന് ഞാൻ പറയാം.
രവിയുടെ ജനാല തുറക്കുന്നത് നഗരത്തിലെ തിരക്കേറിയ റോഡിലേക്കാണ്. അത് മാത്രമല്ല, ഒരു പള്ളിയും അമ്പലവും ആശുപത്രിയുമെല്ലാം അതിനടുത്തുണ്ട്. ധാരാളം വാഹനങ്ങളും യാത്രക്കാരും നിമിഷം തോറും ആ വഴി കടന്നു പോവും. ജനാലയിലൂടെ ഞങ്ങൾ ഇരുവരും അനേകം കാഴ്ചകൾ കാണും
എത്ര തരം കാഴ്ചകളാണ്. ഒരായിരം കഥകളുമായി കടന്നു പോവുന്ന കാഴ്ചകൾ ..
വഴിയിലൂടെ പോവുന്ന പെൺകുട്ടികളുടെ മുഖങ്ങൾ സുന്ദരങ്ങളാണ്. പക്ഷെ പലരുടെയും മുഖത്ത് പ്രായഭേദമന്യേ ഭീതി നിഴലിച്ചിട്ടുണ്ട്. ആൺകുട്ടികളുടെ മുഖത്തോ ? നിഷ്കളങ്ക ബാല്യം ആരിലും കാണാൻ സാധിക്കുന്നില്ല. ഇന്നലെ രവിയോടൊത്തിരുന്നു സന്ധ്യക്ക് ഞാൻ കണ്ട സീരിയലിലെ കുട്ടി ചെയ്ത പ്രവൃത്തികൾ നിങ്ങളോട് പറയണോ .. വേണ്ട ,ഇനി മറ്റൊരിക്കൽ അതൊരു കഥയായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ ഇട്ടു തരാം. അടുത്ത തലമുറയെ മുതിർന്നവർ തന്നെ നശിപ്പിക്കുകയാണ് -സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി.
വഴിയിലൂടെ കടന്നു പോവുന്ന മുഖങ്ങളിലേക്കു തിരിച്ചു വരാം-
മന്ത്രവും തന്ത്രവും ഒരുപോലെ മുഖത്തൊളിപ്പിച്ച പൂജാരികൾ ..
പരസ്പരം ഉറക്കെ ചെളി വാരിയെറിഞ്ഞു നീങ്ങുന്ന രാഷ്രീയ ജാഥകൾ ..
വിളറി വെളുത്ത മുഖങ്ങളുള്ള കന്യാസ്ത്രീകൾ…
വൈകിട്ടും രാവിലെയും നിരങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ ഉറക്കെ ഹോൺ
മുഴക്കിമുന്നോട്ട് പായാൻ വെമ്പുന്ന ആംബുലൻസുകൾ..
അതിനുള്ളിൽ മരണത്തിനും ജീവിതത്തിനും ഇടയിൽ പിടയുന്ന പ്രാണൻ
ആ പ്രാണനെ കാത്തു സൂക്ഷിക്കാൻ പരിഭ്രാന്തി കലർന്ന മുഖവുമായി കുറെ ആളുകൾ …
എന്തിനു ? രവിയുടെ വീടിനു മുന്നിലെ പോസ്റ്റിനരികിൽ കുന്നു കൂടി കിടക്കുന്നു ചപ്പു ചവറുകൾക്കിടയിൽ മുഖം പൂഴ്ത്തി നിൽക്കുന്ന നായക്ക് പോലുമുണ്ട് പറഞ്ഞാൽ തീരാത്ത കഥകൾ.
ചെറിയൊരു കാഴ്ചയിൽ നിന്നുപോലുമുദിക്കുന്ന രവിയുടെ ഭാവനകൾ രസകരങ്ങളാണ്.
കുടയുമായി ഒരാൾ നടന്നു പോവുന്നത് കണ്ടാൽ രവി പറയും ,അതൊരു കല്യാണ ബ്രോക്കറാണെന്നു . കാരണം, അങ്ങിനെ കുട പിടിച്ചു നടന്നകല്യാണ ബ്രോക്കറാണ് രവിയുടെ ജീവിതത്തിലേക്ക് അയാൾക്ക് സമ്മാനമായി കാർ കിട്ടാൻ നിമിത്തമായത്. ടി വി യിലെ മാട്രിമോണിയൽ പരസ്യം കാണുമ്പോൾ രവി പുച്ഛത്തോടെ ചിരിക്കും. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ബ്രോക്കര്മാരെ കുറിച്ച് വേവലാതിപ്പെടും .കാലത്തിനൊത്ത മാറ്റം ജീവിതത്തിൽ വേണമെന്ന് പറഞ്ഞു ചിലപ്പോഴെങ്കിലും ഞാൻ അയാളെ ആശ്വസിപ്പിക്കും. ചിലപ്പോൾ തർക്കിക്കും . എനിക്ക് തോന്നുന്നു ,ജീവിതാനുഭവങ്ങൾ അയാളെ ഒരു വൃദ്ധനാക്കിയെന്നു..
സ്ഥിരമായി ആ വഴിയിലൂടെ രാവിലെ എട്ടു മണിയോടെ മീൻ കുട്ടയുമായൊരു സ്ത്രീ നടന്നു പോവും. മുണ്ടും ബ്ലൗസും മാറു മറക്കുന്ന ഒരു തോർത്തുമാണ് അവരുടെ വേഷം .ചെയറിൽ ഇരിക്കുന്നതിനാൽ രവിക്കവരുടെ മുഖം മുഴുവനായും കാണാൻ സാധിച്ചിട്ടില്ല. അയാൾ പലപ്പോഴും വഴിവക്കിലിറങ്ങി നിന്ന് അവരുടെ മുഖം കാണാനെന്നെ പ്രേരിപ്പിക്കും . പക്ഷെ ഞാനതിന് ശ്രമിച്ചിട്ടില്ല. കാരണം മുഖം കാണാതെ തന്നെ രവി പല കഥകളും അവരെ കുറിച്ച് മെനഞ്ഞെടുക്കാറുണ്ട്. അവ തീരട്ടെ. അത് വരെ എന്തിനു മിനക്കെടണം ?
റോഡിൻറെ മറുവശത്തു ഒരു ഒറ്റ ഒനില വീടാണ്. നീലച്ഛായമടിച്ച കൊച്ചു വീട്. അതിന്റെ ഉടമസ്ഥർ ദൂരെയെവിടെയോ ആണ് താമസം. അവർ വര്ഷങ്ങളായീ വീട് വാടകക്ക് കൊടുത്തിരിക്കുന്നു. രവിക്ക് കാലുകളുണ്ടായിരുന്ന സമയത്തു ,അയാൾ ജോലിക്കു പോവാനായി വീട്ടിൽ നിന്നിറങ്ങുന്ന സമയത്താണ് അവിടെ താമസിച്ചിരുന്ന ബാങ്ക് മാനേജരും ജോലിക്കിറങ്ങിയിരുന്നത്. അങ്ങിനെയവർ പരസ്പരം അഭിവാദ്യം ചെയുകയും ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നഗരത്തിൽ അയൽവാസികൾ തമ്മിൽ അതിൽ കൂടുതൽ സൗഹൃദം പ്രതീക്ഷിക്കരുത്.
രവി ആശുപത്രിയിൽ നിന്നും തിരിച്ചു ചെല്ലുമ്പോൾ അയാൾ സ്ഥലമാറ്റമായി ദൂരെ എവിടേക്കോ പോയി. ചിലപ്പോഴെങ്കിലും അയാളുടെ ഫോൺ നമ്പർ മേടിക്കാത്തതിൽ രവിക്ക് ഖേദം തോന്നാറുണ്ട്. നമ്മൾ വേണ്ട സമയത്തു വേണ്ടത് ചെയ്യാൻ മടി കാണിക്കുന്നവരാണല്ലോ .. പിന്നെ അതിനെ കുറിച്ചോർത്തു മനസ്താപപ്പെടുന്നവരും ..
കുറെ നാൾ ആ വീട് അടഞ്ഞു കിടന്നു. ഇപ്പോൾ ആ വീട്ടിൽ പുതിയ താമസക്കാർ ഉണ്ട്. നാൽപ്പത് വയസിനോടടുത്ത ഒരു പുരുഷൻ. അയാൾ രാവിലെ ഏഴുമണിയോടെ വീടിന്റെ മുൻ വാതിൽ തുറന്നു ,മുൻവശത്തെ ചെറിയ വരാന്തയിൽ വന്നിരിക്കും. കൂടെ നാലു വയസു തോന്നിക്കുന്ന അയാളുടെ മകളും. വെളുത്ത പെറ്റിക്കോട്ടാണ് അവളുടെ വേഷം .അയാളാവട്ടെ ഒരു ലുങ്കി മാത്രം ഇപ്പോഴൂർന്നു വീഴുന്ന മട്ടിൽ അരയിൽ ചുറ്റിയിരിക്കും. അയാൾ മുറ്റത്തു നിന്ന് പത്രമെടുത്തു വരാന്തയിലിട്ടിരിക്കുന്ന ചൂരൽ കസേരകളിലൊന്നിൽ ഇരിക്കും .മകൾ അവിടെ ഓടി നടന്നു കളിക്കും. അൽപ നേരം കഴിയുമ്പോൾ പത്തു വയസ് തോന്നിക്കുന്ന ഒരു ആൺ കുട്ടിയും പുറത്തേക്കു വരും. അവൻ പുസ്തകവുമായി അടുത്തുള്ള കസേരയിലിരുന്നു ഉറക്കെ പാഠങ്ങൾ വായിക്കും. എത്ര ശ്രദ്ധിച്ചിട്ടും എനിക്കും രവിക്കും അവൻ വായിക്കുന്ന പാഠഭാഗങ്ങൾ വ്യക്തമായി കേൾക്കാൻ സാധിച്ചിട്ടില്ല. പക്ഷെ നാലു മുഖങ്ങളിൽ കാണുന്ന നാലു ഭാവങ്ങൾ ഞാനെന്റെ മനസ്സിൽ പകർത്തി - ഭയം, കൂസലില്ലായ്മ , മടുപ്പു , അഹങ്കാരം .
മുടി മുകളിലുയർത്തി കെട്ടി ,നൈറ്റി ധരിച്ച ഒരു സ്ത്രീ വീടിനകത്തു നിന്നും ഇടക്കിടെ വെളിയിലേക്കു വരും. അത് അയാളുടെ ഭാര്യ തന്നെയെന്ന് ഞങ്ങൾ മനസിലാക്കി .ചിലപ്പോൾ അവർ അയാൾക്ക് ചായ കൊടുക്കും. ചിലപ്പോൾ ആൺകുട്ടിയുടെ പുസ്തകം വാങ്ങി അവനെ പഠിപ്പിക്കും. ഇടക്ക് ചീപ്പുമായി വന്നു ,പെൺകുട്ടിയുടെ മുടി ചീവി കെട്ടികൊടുക്കും. സാധാരണ വീടുകളിലെ ,സാധാരണ സംഭവങ്ങൾ.
കുറച്ചു സമയങ്ങൾക്കു ശേഷം അവരെല്ലാവരും അകത്തേക്കു പോവും . പിന്നെ ഒൻപതു മണിയോടെ ഗേറ്റ് തുറന്നു വെളിയിലേക്കും.. അതിൽ നിന്നും അവർക്കു രണ്ടു പേര്ക്കും ജോലിയുണ്ടെന്നു ഞങ്ങൾ കരുതി. കുട്ടികളുടെ യൂണിഫോമിൽ നിന്ന് നഗരത്തിലെ വലിയൊരു വിദ്യാലയത്തിലാണ് അവർ പഠിക്കുന്നതെന്ന് മനസിലാക്കാം .വൈകിട്ട് അവർ മടങ്ങി വരുന്നത് ഇതുവരെ കാണാൻ ഞങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചിട്ടില്ല. കാരണം നേരം വളരെയിരുട്ടിക്കഴിഞ്ഞാവും അവരുടെ മടക്കം.
കുറച്ചു ദിവസമായി രവിക്കൊരു സന്തോഷവുമില്ല. കാരണം ആ വീടിന്റെ വാതിൽ അവർ തുറക്കുന്നില്ല.. ഒന്ന് പോയി നോക്കി വരാൻ രവി ആവശ്യപ്പെട്ടെങ്കിലും ഞാനതനുസരിച്ചില്ല. കാരണം വഴിയിലൂടെ ഒരു പാട് യാത്രക്കാരും വാഹനങ്ങളും പോവുന്നത് കൊണ്ട് കഥകൾക്ക് ക്ഷാമമില്ലായിരുന്നു.
എന്റെ അനുസരണക്കേടു കൊണ്ട് രവി ആ ആവശ്യം
അയാളുടെ ജോലിക്കാരനോട് പറയുകയുണ്ടായി.
“സാറെ ,സ്കൂൾ പൂട്ടിയില്ലേ? അവർ നാട്ടിൽ പോയിട്ടുണ്ടാവും . അല്ലെങ്കിൽ എവിടെയെങ്കിലും ടൂർ പോയതാവും.”
എനിക്ക് നിരാശ തോന്നി. മുന്നിലൂടെ പോവുന്ന വാഹങ്ങൾക്കിടയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അപ്രത്യക്ഷയായമായ മഞ്ഞയും നീലയും നിറങ്ങളടിച്ച സ്കൂൾ ബസുകളെ ഞാൻ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല ?എന്റെ നിരീക്ഷണ വലയം വിപുലപ്പെടുത്തേണ്ടതുണ്ട്. അത് ഒരു കഥാകാരിക്ക് ചേർന്നതേയല്ല.
ജോലിക്കാരന്റെ ആ വാക്കുകൾ രവിക്കല്പം ആശ്വാസം നൽകിയെന്ന് തോന്നുന്നു. കുറെ ദിവസങ്ങൾക്കു ശേഷം രവി കഥകൾ പറഞ്ഞു തുടങ്ങി .അവർ ക്രിസ്ത്യാനികളാവുമെന്നും അവധിക്കാലത്തു ക്രിസ്ത്യാനികൾ മിക്കവരും തന്നെ വേളാങ്കണ്ണിക്ക് പോവാറുണ്ടെന്നും അയാൾ പറഞ്ഞു . ആദ്യമായി വേളാങ്കണ്ണിയിലെത്തുന്ന നാലു വയസുകാരിയുടെ കണ്ണിലൂടെ രവി ഒരു കഥ പറഞ്ഞു തുടങ്ങിയപ്പോൾ, ആയിടക്ക് പത്രത്തിൽ വന്ന എട്ടു കുടുബാംഗങ്ങൾ മരിച്ച വേളാങ്കണി വാഹനാപകട വാർത്തയിൽ എന്റെ മനസുടക്കി കിടക്കുകയായിരുന്നു. ഞാൻ രവിയോട് അതെ കുറിച്ച് പറഞ്ഞില്ല. കാരണം എല്ലാ കാര്യങ്ങളിലും നല്ല വശം കാണാത്ത എന്നെ കുറിച്ച് രവിക്ക് ഈ അടുത്ത കാലത്തായി പരാതിയുണ്ട്.
പിറ്റേന്ന് രവി അവരെ ഹിന്ദുക്കളാക്കി. അവരുടെ യാത്ര പഴനിയിലേക്കായിരിക്കുമെന്നൂഹിച്ചു. ഒരു വയസെത്തിയ മകളെ പഴനിയിൽ കൊണ്ട് പോയി തല മൊട്ടയടിക്കാമെന്ന നേർച്ച സാധിച്ചില്ലെന്ന് പറഞ്ഞു അയാൾ ഒരു നിമിഷം വികാര ഭരിതനായി. ഓരോ ഓർമകളും നമുക്ക് ചുറ്റും തീർക്കുന്നത് സങ്കടക്കടലുകളാണ് . പുണ്യം ചെയ്തവർക്ക് മാത്രമേ ഓർമകളിലേക്ക് നോക്കി പുഞ്ചിരി തൂവാൻ സാധിക്കുകയുള്ളു. ഒരു പക്ഷെ സമയത്തു നേർച്ച ലഭിക്കാത്ത ദൈവങ്ങളുടെ ക്രൂരതയായി അയാൾ അയാളുടെ ജീവിതത്തെ നോക്കി കാണുമോ ?
അധിക ദിവസം കഴിയുന്നതിനു മുന്നേ പച്ച ഷർട്ടിട്ട പ്രായം ചെന്ന ഒരാൾ ആ വീടിന്റെ ഗേറ്റിനടടുത്തു വന്നു നിൽക്കുന്നതും ഗേറ്റ് തുറന്നു അകത്തേക്ക് നടക്കുന്നതും കണ്ടു. ഒടുവിൽ ആരെങ്കിലുമവരെ അന്വേഷിച്ചു വന്നല്ലോ- രവി ആശ്വസിച്ചു.
പച്ച ഷർട്ടുകാരൻ വരാന്തയിലേക്ക് നടക്കുന്നതും പെട്ടെന്ന് തന്നെ ഓടി പുറത്തേക്കു വരുന്നതും ഞങ്ങൾ നോക്കി ഇരുന്നു . റോഡിലൂടെ നടന്നു പോവുന്ന ആളുകളെ വിളിച്ചു കൂട്ടാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. രാവിലെയുള്ള തിരക്കിൽ അയാളുടെ വിളി ആരും ശ്രദ്ധിച്ചില്ല. അര മണിക്കൂറെങ്കിലും കഴിഞ്ഞു കാണും . ഒടുവിൽ മൂന്നാലു പേർ അയാളുടെ കൂടെ കൂടി.
എന്താണ് കാര്യമെന്ന് അന്വേഷിച്ചിട്ടു വരാൻ രവിയെന്നോടാവശ്യപ്പെട്ടു. ആ സമയം ജോലിക്കാരനും വീട്ടിലുണ്ടായിരുന്നില്ല. ആ വന്ന ആൾ ,ആ കുട്ടികളുടെ മുത്തച്ഛനായിരിക്കുമെന്നു രവി പറഞ്ഞതിനാൽ ഞാനതിനെക്കുറിച്ച് ഒരു കഥ മെനഞ്ഞു തുടങ്ങിയിരുന്നു. അല്ലെങ്കിൽ തന്നെ എന്തിനു മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെട്ടു ,മനസമാധാനം കളയണം. ഞാനാദ്യമേ പറഞ്ഞല്ലോ, ഞങ്ങൾ കഥാകൃത്തുക്കൾ സ്വാർത്ഥരാണ്.
ഇടക്ക് ഞാൻ നോക്കുമ്പോൾ അവിടെ ഒരു നീല പോലീസ് വണ്ടി വന്നു നിന്നു . ആ വീടിനു മുന്നിൽ വലിയൊരാൾക്കൂട്ടവും.
രവി പെട്ടെന്ന് തന്നെ ജനാല വലിച്ചടച്ചു.
“ഏയ് എന്താ നിങ്ങളീ കാണിക്കുന്നത് . ജാലകം തുറന്നിടു”
ഞാൻ ചോദിച്ചത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ വീൽചെയർ ഉരുട്ടി അയാൾ കട്ടിലിനടുത്തേക്കു പോയി. പിന്നെ കട്ടിലിൽ കൈകൾ കുത്തി ആയാസപ്പെട്ട് അതിലിരുന്നു .
“ഇനി ആ ജനാല ഞാൻ തുറക്കില്ല “
രവിയുടെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു
ആ ജനാല തുറക്കാതെ എങ്ങിനെ അയാൾ കാഴ്ചകൾ കാണും ? എങ്ങിനെ എനിക്ക് പുതിയ കഥകൾ പറഞ്ഞു തരും?
എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ അയാൾ കണ്ണടച്ച് കിടന്നു.
കഥപറഞ്ഞു തരാത്ത അയാളെയെനിക്കെന്തിന്?
ഞാനെഴുതുന്ന കഥകളെയാണ് നിങ്ങൾ സ്നേഹിക്കുന്നത്.ഞാൻ അത് നിർത്തിയാൽ നാളെ നിങ്ങളെന്നെ മറക്കും.
രവിയുടെ മുറിയുടെ വാതിൽ വലിച്ചടച്ച് അയാളെ ഉപേക്ഷിച്ചു ,ഞാൻ പുറത്തേക്ക് നടന്നു.
പുതിയ കാഴ്ചകൾ തേടി, കഥകൾ തേടി… ** സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot