Slider

പ്രണയാഗ്നി.

0

By AbdulHakeen
ഒരു പിയേഴ്സ് സോപ്പ് മുഴുവൻ തീരാറായിട്ടും അരുണക്ക് തൃപ്തി വന്നില്ല.
ഷവറിൽ നിന്നും വരുന്നത് പോരാഞ്ഞിട്ട് അവൾ ബക്കറ്റിൽ നിന്നും വെള്ളമെടുത്തു തലയിലൂടെ കോരി ഒഴിച്ചു.
പിന്നെയും പിന്നെയും ഷാമ്പൂ എടുത്ത് തലയിൽ തേച്ചു പിടിപ്പിച്ചു.
ഏകദേശം ഒരു ടാങ്ക് വെള്ളം തീർന്നപ്പോഴാണ് അവൾ കുളി നിർത്തിയത്.
രോമം വടിച്ചു കളഞ്ഞ കക്ഷം അവൾ വീണ്ടും മണത്തു നോക്കി. നല്ല സോപ്പ് മണം മാത്രം.
മുടി തുവർത്തി വലിയ ടവൽ ചുറ്റി അവൾ ബെഡ് റൂമിലേക്ക് നടന്നു.
ബെഡ്റൂമിലെ വലിയ നിലക്കണ്ണാടിയിലേക്കു അവൾ നോക്കി. ഒന്ന് രണ്ടു മുടികൾ നരച്ചിരിക്കുന്നു. കണ്ണുകൾക്ക് താഴെ നേരിയ കറുപ്പ് പടർന്നിരിക്കുന്നു.
നല്ല വെളുത്തു തുടുത്ത ശരീരം കുറച്ചു കൂടെ തടി വെച്ചിട്ടുണ്ട്. പിന്നെ വലിയ മാറിടം അല്പം ഇടിഞ്ഞിരിക്കുന്നു.
അരുണാ. നീ സുന്ദരിയാണ്.
അവൾ തന്നോട് തന്നെ ഒരു പത്തു നൂറു പ്രാവശ്യം പറഞ്ഞു.
ബെഡ് ഷീറ്റും തലയിണ കവറും മാറ്റി പുതിയത് ഇട്ടു. വലിയ ജഗ്ഗിൽ വെള്ളം നിറച്ചു റൂമിൽ കൊണ്ട് വെച്ചു.
ഇന്നലെ വാങ്ങിയ ബോഡി സ്പ്രേ അടിച്ചു.
ഏറ്റവും നല്ല സാരി തന്നെ ഞൊറിഞ്ഞു ഉടുത്തു.
വലിയ കരയുള്ള ചുവന്ന സാരിയിൽ അവൾ ഒരു ദേവതയെ പോലെ തിളങ്ങി.
കൊള്ളാം. അവൾക്കു തന്നോട് തന്നെ ഒരു മതിപ്പൊക്കെ തോന്നി.
തീർച്ചയായും വിനുവിന് തന്നെ ഇഷ്ടമാവും.
വിനുവിനെ ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ പ്രണയം വന്നു നിറയും.
അവന്റെ ആരെയും മയക്കുന്ന പുഞ്ചിരിയും പതിഞ്ഞ സംസാരവും ഉള്ളിന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന വിഷാദം നിറഞ്ഞ നോട്ടവും.
എന്തിലാണ് താൻ വീണു പോയതെന്ന് അരുണക്ക് ഇനിയും മനസ്സിലായിട്ടില്ല.
ചിലപ്പോഴൊക്കെ അരുണക്ക് കുറ്റ ബോധം തോന്നും. തന്നെക്കാൾ പത്തു വയസ്സിനു ഇളപ്പമുള്ള ഒരാളെ പ്രണയിക്കുക എന്ന് വെച്ചാൽ.
അരുണ സർക്കാർ എംപ്ലോയിയാണ്.
അവൾക്കിപ്പോൾ മുപ്പത്തഞ്ചു വയസ്സ് തികഞ്ഞു.
എട്ടു വർഷം മുൻപ് അതായത് അരുണ നേഹയെ ഗർഭം ധരിച്ച സമയത്തു മരിച്ചു പോയതാണ് ഭർത്താവു സജി.
പിന്നീടാണ് അരുണക്ക് സർക്കാർ ജോലി കിട്ടിയത്.
നേഹ ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
കാലത്തു തന്നെ അവൾ മാമന്റെ കൂടെ ഗുരുവായൂരേക്കു പോയി.
അരുണയും നേഹയും ഒറ്റക്കാണ് ടൗണിൽ താമസം. നേഹയുടെ പഠിപ്പും പിന്നെ അരുണയുടെ ജോലിയും നോക്കി അവർ ഒരു ചെറിയ വീട് എടുത്ത് താമസിക്കുന്നു.
ആകെ ഓഫീസിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.
ബസ്സിലാണെങ്കിൽ ചുറ്റി വളഞ്ഞു ഇരുപത് മിനുട്ട് പിടിക്കും.
ഏകദേശം ആറു മാസം മുൻപ് വരെ അരുണയുടെ ജീവിതം സാധാരണ രീതിയിൽ തന്നെ ആയിരുന്നു.
അപ്പോഴാണ് വിനു ഓഫീസിൽ ജോയിൻ ചെയ്തത്.
വിനുവിന് 25 വയസ്സ് മാത്രമേ ഉള്ളൂ.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഓഫീസിലെ എല്ലാവരെയും അവൻ കയ്യിലെടുത്തു.
സ്റ്റെല്ല ആണ് അരുണയോട് വിനുവിനെ കുറിച്ചു ഒരു സംശയം പറഞ്ഞത്.
എല്ലാവരോടും നല്ല പോലെ സംസാരിക്കുന്ന വിനു അരുണയുടെ മുന്നിൽ എത്തുമ്പോൾ വല്ലാതെ നേർവസ് ആവുന്നു.
പിന്നെ അരുണയും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
അവനെ കാണുമ്പോൾ അവൾക്ക് സജിയെ ഓർമ വന്നു.
ആദ്യമായി സജിയെ കാണുമ്പോൾ അവനും അങ്ങനെയായിരുന്നു.
അരുണ ഇടക്കിടക്ക് അവനോടു സംസാരിക്കാൻ തുടങ്ങുമ്പോഴെക്കെ അവൻ മെല്ലെ ഒഴിഞ്ഞു മാറും.
അവനെ വിടണ്ട. നല്ല പയ്യനാണ്.
സ്റ്റെല്ല ഇടയ്ക്കിടെ അരുണയോടു പറയും.
അവൻ ഒരു നല്ല കാമുകൻ ആയിരിക്കും. അവന്റെ വിരിഞ്ഞ മാറും ഒതുങ്ങിയ അരക്കെട്ടും.
എന്നാ പിന്നെ സ്റ്റെല്ലക്ക് നോക്കിക്കൂടെ?
അരുണ ചൂടാവും.
നമുക്ക് യോഗമില്ല.
അതും പറഞ്ഞു സ്റ്റെല്ല ചിരിക്കും.
സ്റെല്ലക്ക് ഒരു അഞ്ചു ആറു കാമുകന്മാരുണ്ട്.
എല്ലാവരും ഇടയ്ക്കിടെ അവളെ കാണാൻ വരും.
വൈകുന്നേരങ്ങളിൽ അവൾ അവരുടെ കൂടെ സിനിമക്ക് പോവും.
മറ്റു ചിലപ്പോൾ.....
അത്തരം ദിവസങ്ങളിൽ പിറ്റേന്ന് സ്റ്റെല്ല വരുമ്പോൾ അവളുടെ കയ്യിൽ നിറയെ ചോക്കലേറ്റുകൾ കാണും.
ചോക്കലേറ്റ് സ്റ്റെല്ലയുടെ വീക്ക് നെസ് ആണ്.
ഒരു ദിവസം ചുവന്ന സാരിയുടുത്തു അരുണ ഓഫീസിൽ ചെല്ലുമ്പോൾ വിനു അവിടെ പുറത്തു നില്പുണ്ടായിരുന്നു.
ചുവന്ന സാരിയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്. ഇഷ്ടായി. ഇപ്പൊ വരാം.
അരുണക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
എട്ടു വര്ഷങ്ങള്ക്കു ശേഷം ഒരാൾ ആദ്യമായി ആത്മാർഥമായി അവളെ പുകഴ്ത്തിയിരിക്കുന്നു.
പിന്നെ വിനു വന്നത് ഒരു ചെറിയ പൊതിയുമായിട്ടാണ്.
ആരും കാണാതെ അവൻ അത് അരുണയുടെ ടേബിളിൽ വെച്ചു.
ടേബിളിനു താഴെ വെച്ച് അരുണ അത് തുറന്നു നോക്കി.
നല്ല മുല്ല മൊട്ടിന്റെ വാസന അവിടെ നിറഞ്ഞു.
എട്ടു വർഷത്തിന് ശേഷം ആദ്യമായി അവൾ അന്ന് മുല്ലപ്പൂവണിഞ്ഞു.
തനിക്ക് മുല്ലപ്പൂ വളരെ ഇഷ്ടമാണെന്നു വിനുവിനോട് ആര് പറഞ്ഞു.
സജിയും ഇങ്ങനെ ആയിരുന്നു.
ചില രാത്രികളിൽ മുല്ലപ്പൂവുമായി വരും.
ഏതോ ഓർമകളിൽ അവൾ നെടു വീർപ്പിട്ടു.
ഉച്ചക്ക് എല്ലാരും ഊണ് കഴിക്കാൻ പോയപ്പോൾ വിനു അവളുടെ അടുത്തേക്ക് വന്നു.
ചേച്ചിയെ കാണാൻ നല്ല ഭംഗി തോന്നുന്നു.
അന്നാദ്യമായി അരുണയുടെ കവിൾ ചുവന്നു.
അവളുടെ മുഖത്ത് നാണം നൃത്തമാടി.
പിന്നെ എല്ലാ ദിവസവും വിനു മുല്ല പ്പൂ കൊണ്ട് വരും.
ആരും കാണാതെ ഫയലിനു ഇടയിൽ വെച്ച് അരുണക്ക് കൊടുക്കും.
ചിലപ്പോ നല്ല കടുമാങ്ങ അച്ചാർ.
പിന്നെ ചിലപ്പോൾ ശർക്കര ഉപ്പേരി.
ഇത് വരെ വിനു അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല.
പക്ഷെ അവന്റെ കണ്ണുകളിലെ ഇഷ്ടം അവളുടെ മനസ്സ് തിരിച്ചറിഞ്ഞു.
എല്ലാ ദിവസവും അരുണ പോകുന്ന ബസ്സിന്‌ പിറകെ വിനു ബൈക്കുമായി വരും.
ഇടയ്ക്കിടെ മിന്നായം പോലെ ബസ്സിനെ ഓവർ ടേക്ക് ചെയ്തു പിന്നെ സ്ലോ ആക്കി അവളെ നോക്കി ചിരിക്കും.
പിന്നീട് പണിക്കരേട്ടന്റെ മോളുടെ കല്യാണത്തിന് തിരുവനന്തപുരത്തേക്കു പോയി തിരിച്ചു വരുമ്പോൾ ബസ്സിൽ അവർ ഒരു സീറ്റിൽ ആയിരുന്നു.
സംസാരിച്ചു ഇടക്ക് ഉറങ്ങിയ അരുണ ഉറക്കമുണരുമ്പോൾ വിനുവിന്റെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു.
അന്ന് പണിപ്പെട്ടാണ് അവൾ വികാര പ്രക്ഷോഭങ്ങളെ നിയന്ത്രിച്ചു നിർത്തിയത്.
ഒരു പക്ഷെ വിനു അന്ന് ഒന്ന് ചുംബിച്ചിരുന്നുവെങ്കിൽ അവൾ എല്ലാം മറന്നു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമായിരുന്നു.
പ്രണയപനിയിൽ വിയർത്തു കുളിച്ചു അന്ന്.
ഇന്നലെ അരുണ കുറച്ചു പായസം ഓഫീസിൽ കൊണ്ട് പോയിരുന്നു.
വിനുവിന് ഒരു വലിയ ചോറ്റു പാത്രത്തിൽ അവൾ മാറ്റി വെച്ചത് കൂടെ സ്റ്റെല്ല എടുത്തു കുടിച്ചു.
വിനു വന്നപ്പോ അവൾ കൈ മലർത്തി കാട്ടി.
വെളുത്തു തുടുത്ത വിനുവിന്റെ മുഖം ചുവന്നു തുടുത്തു.
അരുണയുടെ മുഖത്തേക്ക് ഉറ്റു നോക്കിയ അവന്റെ മിഴികൾ നിറഞ്ഞു വന്നു.
ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു പോയി.
അരുണ പിന്നാലെ ചെന്ന് നോക്കുമ്പോൾ അവൻ ഗോവണിയുടെ താഴെ നിന്ന് കരയുകയായിരുന്നു.
അരുണ അവന്റെ കൈ പിടിച്ചു.
അറിയാതെ അവൾ അവന്റെ കയ്യിൽ ചുംബിച്ചു.
എന്റെ വിനു നാളെ വീട്ടിലേക്കു വാ. എത്ര പായസം വേണേലും തരാം.
അത് കേട്ട് വിനുവിന്റെ കണ്ണുകൾ തിളങ്ങി.
പറ്റിക്കൊ?
ഇല്ല. വിനൂന് എന്ത് വേണേലും തരാം.
കുറ്റബോധം നിറഞ്ഞ ഹൃദയത്തോടെ അവൾ പറഞ്ഞു.
പിന്നെ അവൾ വേഗം തിരിഞ്ഞു നടന്നു.
അരുണക്ക് ആകെ പശ്ചാത്താപം തോന്നി.
എന്താണ് താൻ പറഞ്ഞത്. ഒരിക്കലും കളങ്കിത ആവില്ലെന്നുറപ്പിച്ച താൻ ഒരു വെറും പയ്യന്റെ മുന്നിൽ.
ഛെ.
കുറ്റബോധം വന്നു നിറയുന്ന അതെ നിമിഷം അവനോടുള്ള പ്രണയം ഒരു ഭാഗത്തൂടെ നിറഞ്ഞൊഴുകും.
ഏറ്റവും അവസാനം പ്രണയം കുറ്റബോധത്തെ അതി ജയിക്കും.
അരുണ മൊബൈൽ എടുത്തു നോക്കി.
പത്തു മണിയാവാൻ ഇനിയും അഞ്ചു മിനുട്ട് കൂടെയുണ്ട്.
അവൾ വേഗം മുല്ലപ്പൂ എടുത്ത് തലയിൽ ചൂടി.
അറിയാതെ അവളുടെ ദേഹം ചൂട് പിടിച്ചു.
വിനു വന്നാൽ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ഒന്ന് പൊട്ടിക്കരയാൻ അവൾ വെമ്പി.
എട്ടു വർഷങ്ങൾക്ക് ശേഷം അവളുടെ ഉള്ളിലെ സ്ത്രീ എന്തിനൊക്കെയോ വേണ്ടി ദാഹിച്ചു.
അവൾ വഴിക്കണ്ണുമായി അവനെ കാത്തിരുന്നു. അവളുടെ വിലപ്പെട്ടതെല്ലാം അവനു സമർപ്പിക്കാൻ.
അവളുടെ അടി മനസ്സിലൂറിയ പാപ ബോധം അവളുടെ പ്രണയം മറി കടന്നു.
പെട്ടെന്ന് കാളിങ് ബെൽ അടിച്ചു.
മിടിക്കുന്ന ഹൃദയത്തോടെ അവൾ വാതിൽ തുറന്നു.
പുറത്തു വിനുവിന്റെ കൂടെ അവന്റെ 'അമ്മ കൂടെ ഉണ്ടായിരുന്നു.
അരുണയുടെ വികാരം ഒറ്റ നിമിഷം കൊണ്ട് ആവിയായി.
അമ്മെ. ഇതാ എന്റെ അരുണേച്ചി. ശരിക്കും സീമേച്ചിയെ പോലെ തന്നെ ഇല്ലേ?
'അമ്മ അവളെ തന്നെ നോക്കി.
അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ക്യാൻസർ വന്നു മരിച്ചു പോയ മകളുടെ തൽ സ്വരൂപം കാണുകയായിരുന്നു അവർ.
എന്തിനെന്നറിയാതെ അരുണയുടെ മിഴികളും നിറഞ്ഞു.
അവൾ വിനുവിനെ നോക്കി.
അവന്റെ മുഖത്തെ പ്രണയം അവൾക്കിപ്പോൾ കാണാൻ കഴിഞ്ഞില്ല.
പകരം പെങ്ങളോടുള്ള അഗാധമായ സ്നേഹമായിരുന്നു.
അവർക്കു പായസം കൊടുക്കുമ്പോൾ അവളുടെ ഉള്ളു കരയുകയായിരുന്നു.
വിനൂ മാപ്പ്.
അവൾ ഫോൺ എടുത്തു നേഹയെ വിളിച്ചു.
മോളെ വേഗം വാ. ഇവിടെ മാമൻ വന്നിട്ടുണ്ട്.
ആരാ. കുട്ടു മാമനാണോ?
അരുണയുടെ ഏറ്റവും ഇളയ അനുജനാണ് കുട്ടൻ.
അല്ല. അത് പോലുള്ള വേറൊരു മാമൻ.
അരുണയുടെ മനസ്സ് പൊയ്തൊഴിഞ്ഞ ആകാശം പോലെ മനോഹരമായി.
പ്രണയവും പാപ ബോധവും പോയി അവിടെ മുഴുവൻ സ്നേഹത്തിന്റെ ശാന്തി നിറഞ്ഞു.
ഹാളിൽ ഉറക്കെ വിനുവിന്റെയും അമ്മയുടെയും ചിരി കേൾക്കാമായിരുന്നു.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo