നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെൻസേഷൻ

Image may contain: Ajoy Kumar, smiling, beard, hat and closeup

നല്ലെഴുത്തിലെ അഡ്‌മിൻസ് ആയ ഉണ്ണിയുടെയും മായാ റ്റി ശൈലജയുടെയും വിവാഹത്തിന് പോകുന്നില്ലേ എന്ന് എന്നോട് ആദ്യം ചോദിച്ചത് അതിലെ ഏതോ ഒരു മെമ്പർ ആണ്.
ഞാൻ ചോദിച്ചു ,അതെങ്ങനെ? എന്നെ വിളിച്ചില്ലല്ലോ.
അങ്ങനെ പറയരുത് ചേട്ടാ,എന്തായാലും പോണം,പ്രത്യേക ക്ഷണം ആർക്കുമില്ല.മാത്രമല്ല ചേട്ടനെ കാണാൻ പലരും വരുന്നുണ്ട് ,ചേട്ടൻ ആണല്ലോ ഇപ്പോഴത്തെ സെൻസേഷൻ, മറക്കാതെ പോണേ,
അങ്ങനെ ആണോ, സത്യം? എന്നാൽ പോയിക്കളയാം,നിങ്ങളും വരില്ലേ?
എനിക്ക് ലീവ് ഇല്ല ചേട്ടാ
കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത ആൾ ചോദിക്കുന്നു, ഉണ്ണിയുടെയും മായയുടെയും വിവാഹത്തിന് പോകുന്നില്ലേ
പോകും, നിങ്ങളും കാണില്ലേ?
എനിക്ക് ലീവ് ഇല്ല ചേട്ടാ,ചേട്ടനെ കാണാൻ പലരും വരുന്നുണ്ട് ,മറക്കാതെ പോണേ,ചേട്ടൻ ആണല്ലോ താരം
സത്യം?
പിന്നല്ലേ
അങ്ങനെ താരമായ ഞാൻ കാലത്തേ കുളിച്ചൊരുങ്ങി വെളുത്ത ഷർട്ടും നീല ജീൻസും ഒക്കെ ഇട്ടപ്പോൾ ശ്യാമ പറഞ്ഞു, സ്വന്തം അളിയന്റെ കല്യാണത്തിന് വിളിച്ചാൽ വരാൻ മടി കാണിക്കുന്ന ആളാണ്, സത്യം പറ, ആരെ കാണാൻ ആണ് പോകുന്നത്
ശേ, അങ്ങനെ പ്രത്യേകിച്ചാരുമില്ല, ഞാൻ ആണല്ലോ സെൻസേഷൻ, അവിടെ എന്നെക്കാണാൻ ഒരുപാടു ജനം വരുന്നുണ്ട്
സെൻസേഷൻ പോലും ,എനിക്കറിയാം ,ഏതോ സുന്ദരി വരുന്നുണ്ടായിരിക്കും
സത്യമായും അല്ല, ഇത്ര ആളുകൾ ബുദ്ധിമുട്ടി എന്നെ കാണാൻ വരുന്നു എന്ന് പലരും പറയുമ്പോൾ അത് അവഗണിക്കുന്നത് ശരിയാണോ ശ്യാമേ, വേണമെങ്കിൽ നീയും വാ
ഞാൻ വരുന്നില്ല, തനിയെ പോയാൽ മതി
അങ്ങനെ തനിയെ പോകാൻ മടിച്ച് ദ ന്യൂ സെൻസേഷൻ ആയ ഞാൻ സുഹൃത്തായ രാജുവിനെയും വിളിച്ചു കൊണ്ട് കല്യാണം നടക്കുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലേക്കു പോയി.എന്നെക്കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ഒക്കെ വലിയ തള്ളൂണ്ടായാൽ കളരി വിദഗ്ദ്ധനായ അവൻ കൂടെ ഉള്ളത് നല്ലതാണല്ലോ
അമ്പലത്തിൽ എത്തിയപ്പോൾ ദൂരെ നിന്നേ ആൾക്കൂട്ടം കണ്ടു.രണ്ടു കല്യാണങ്ങൾ ഉണ്ട്.ഞാൻ പറഞ്ഞു രാജു, ചിലപ്പോൾ ആ ഗ്രൂപ്പിലെ ആൾക്കാർ ഓടി വരും,എന്നെ എടുത്തു പൊക്കും,താഴെ ഇടാതെ നീ നോക്കിക്കോണം, ദേഹത്ത് പിച്ചാതെയും മാന്താതെയും ,കെട്ടിപ്പിടിക്കാതെയും ഒക്കെ നോക്കിക്കോണം
അങ്ങനെ ഞങ്ങൾ നടന്നു നടന്ന് ജനക്കൂട്ടത്തിനടുത്തെത്തി മുഖപരിചയം ഉള്ള ഒറ്റ ഒരാൾ ഇല്ല, ഞാൻ എല്ലാരേയും നോക്കി ചിരിച്ചു, കാരണം എല്ലാർക്കും എന്നെ അറിയാമല്ലോ.ആരും ചിരിക്കുന്നില്ല, അവരുടെ ഒക്കെ കയ്യിൽ നിന്നും കടം വാങ്ങിച്ചു മുങ്ങിയ ഒരാളെപ്പോലെ ജനക്കൂട്ടം എന്നെ തുറിച്ചു നോക്കുന്നു .
രാജു ചോദിച്ചു,നീ പറഞ്ഞത് പോലെ ആരും വരുന്നില്ലല്ലോ.
വരും, സമയമായില്ലല്ലോ,എന്നാലും ആളെ അറിയാൻ ഒരു വഴിയുണ്ട്,
എന്റെ ഐഡിയ അനുസരിച്ച് അക്കരെ അക്കരെ സിനിമയിലെ ലാലേട്ടനെയും ശ്രീനിവാസനെയും പോലെ ഞാനും രാജുവും കോഡ് വിളിച്ചു കൊണ്ട് ആ കൂട്ടത്തിനിടയിൽ നടന്നു,
നല്ലെഴുത്തിലെ ആളുണ്ടോ...നല്ലെഴുത്തിലെ ആളുണ്ടോ
ഉണ്ടല്ലോ, ഒരമ്മാവൻ എന്റെ കൈ പിടിച്ചു കുലുക്കി, നല്ലെഴുത്തിലാണോ?
ഞാൻ പറഞ്ഞു, അല്ലായിരുന്നു, ഈയിടെ അങ്ങോട്ട് വന്നു,അമ്മാവനോ ?
ഞാൻ കുറെ വര്ഷങ്ങളായി അവിടെ ഉണ്ട്
ഓ, ഗ്രേറ്റ്, വേറെ ആരും വന്നില്ലേ അവിടെയുള്ള ?
നല്ലെഴുത്തിൽ നിന്നും ഞാനേ ഉള്ളു ,നല്ലെഴുത്തിൽ എവിടെ ആണ് വീട് ?
ങേ? വീടോ ? വീട് പൈപ്പിൻ മൂട്ടിൽ
അവിടെ പൈപ്പുണ്ടോ ?
എവിടെ?
നല്ലെഴുത്തിലേ ,റോഡിൽ പൈപ്പില്ലല്ലോ
റോഡോ? ഏതു നല്ലെഴുത്തിന്റെ കാര്യമാണ് അമ്മാവൻ പറയുന്നത്?
കൊല്ലത്തിനടുത്തുളള നല്ലെഴുത്തു മുക്കല്ലേ
തേങ്ങാക്കുലയാണ്
ഞാൻ രാജുവിന്റെ കയ്യും പിടിച്ചു വീണ്ടും കോഡും വിളിച്ചു നടന്നു, നല്ലെഴുത്തിലെ ആളുണ്ടോ ,നല്ലെഴുത്തിലെ ആളുണ്ടോ
അതേ മക്കളെ, ഇങ്ങു വാ ,ഒരു അമ്മച്ചി വിളിക്കുന്നു
എന്താ അമ്മച്ചീ ? ഞാൻ അടുത്തേക്ക് ചെന്നു ,അമ്മച്ചി ഗ്രൂപ്പ് മെമ്പർ ആണോ ഇനി
നല്ലെണ്ണ ,വിളക്കിൽ ഒഴിക്കാൻ സമ്മതിക്കൂല മക്കളെ,വിളക്കെണ്ണ തന്നെ വേണം
രാജു ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിക്കൂല , വാ പൂവാം
ദോ ആ നിക്കണ കല്യാണപ്പെണ്ണിന്റെ പേര് മായാ എന്നാണ് കേട്ടാ, ഞാൻ ക്യാമറാമാനോട് ചോദിച്ചു മനസിലാക്കി , രാജു ഒരു കണ്ടുപിടിത്തവുമായി വന്നു
എന്നാൽ പിന്നെ അവരെ എങ്കിലും കണ്ടിട്ട് പോകാം, ഞങ്ങൾ നേരെ അങ്ങോട്ട് പോയി,ചുവന്ന സാരി ഉടുത്ത വധുവും ,അതിനൊത്ത വരനും,
ഞാൻ പെണ്ണിനെ നോക്കി ചിരിച്ചു കാണിച്ചു,പെണ്ണെന്നെ തുറിച്ചു നോക്കി.ഞാൻ കൈ വീശിക്കാണിച്ചു ,പെണ്ണ് താടിക്ക് കൈ കൊടുത്ത് ആലോചിക്കുന്നു.
ഡാ, ഈ പെണ്ണ് തന്നെയല്ലേ മായാ റ്റി ശൈലജ ? അടി കൊള്ളുമോ,
ഇത് തന്നെ
അപ്പോഴേക്കും പെണ്ണിന്റെ മുഖത്തു സംശയം കലർന്ന ചെറു ചിരി വിടർന്നു ,അ..... ജോ....യ് ...ചേ....ട്ട...ൻ
അതെയതെ, ആ അവസരം മുതലെടുത്തു ഞാൻ ഓടി ചെന്നു,പയ്യന്റെ കൈ പിടിച്ചു കുലുക്കി,
അജോയ് ചേട്ടൻ ,പെണ്ണ് പയ്യനോട് പറയുന്നു, ഏതജോയ് ചേട്ടൻ എന്ന് പയ്യന്റെ മുഖം ,
ഞാൻ അജോയ്...പോസ്റ്റ് ഒക്കെ,,,ഈയിടെ,....സെൻസേഷൻ...
അപ്പോൾ പെണ്ണ് നുള്ളിയത് കാരണം ഒന്ന് മുകളിലേക്ക് ചാടിയ ശേഷം പയ്യൻ പറഞ്ഞു, ഓ ഓ ഓ അജോയ് ചേട്ടൻ, എന്താ വന്നേ ?
ങേ?
അല്ല എപ്പോഴാ വന്നേ
വന്നിട്ട് കുറേക്കാലമായി ,ആക്റ്റീവ് ആയത് ഈയിടെ ആണ്
അതല്ല ഇവിടെ എപ്പോഴാ വന്നേന്ന്
ഇവിടെ ഇപ്പോൾ വന്നേ ഉള്ളു
അപ്പോഴേക്കും ഒരാൾ വന്ന് എന്നെ പിടിച്ചു മാറ്റി, സമയമായി താലി കെട്ടാൻ, അങ്ങോട്ട് മാറിയേ ,ആരാ ഇത്
ഞാൻ നല്ലെഴുത്തിൽ പുതുതായി....
ഇങ്ങനെ വാചകം അടിച്ചു കൊണ്ട് നിന്നാലേ തലയിലെഴുത്തു മാറും, മുഹൂർത്തം തെറ്റുമെന്ന്
അങ്ങനെ അവിടെ താലികെട്ടും ഇവിടെ പാല് കാച്ചും നടന്നപ്പോൾ ഞാൻ ദേഷ്യത്തിൽ വലിച്ചു വെച്ച് നടന്നു.രാജു അമ്പലത്തിൽ ഒന്ന് തൊഴുതിട്ടു വരാമെന്നു പറഞ്ഞു പോയി.
വെളിയിൽ എത്തില്ല അതിനു മുൻപ് രാജു പുറകെ ഓടിക്കിതച്ചു വന്നു, ഒരു ജോളി നിന്നെ അന്വേഷിച്ചു കറങ്ങുന്നു, ആ ഗ്രൂപ്പിലെ മെമ്പർ ആണ് ,വേഗം വാ
അടിച്ചാൻ കോള്, കേട്ടത് പാതി കേൾക്കാത്തത് പാതി ഞാൻ അവനെയും തട്ടി മറിച്ചിട്ടിട്ട് അകത്തേക്കോടി,ജോളിയെങ്കിൽ ജോളി
ചെന്നപ്പോൾ മുടി നരച്ച ഒരാളും വേറെ കുറെ ആൾക്കാരും നിൽപ്പുണ്ട്,ഞാൻ ചോദിച്ചു, എന്റെ ഫ്രണ്ട് ജോളി,എന്നെ അന്വേഷിച്ചു എന്നു പറഞ്ഞു,
മുടി നരച്ച ആൾ കൈ നീട്ടി ,ഹെലോ
ആരാ ജോളിയുടെ അച്ഛനാണോ?
അജോയ് ഞാൻ തന്നെയാണ് ജോളി,ജോളി ചക്രമാക്കിൽ
ഇതാണോ ജോളി, കർത്താവേ , ആൾക്കാരെ പറ്റിക്കാൻ ഓരോ പേരും ഇട്ടോണ്ട് ഇറങ്ങിക്കോളും, ജോളി ചക്രമാക്കിൽ പോലും ,ഒരു ചക്രം ഉണ്ടെങ്കിൽ കഴുത്ത് ഞാൻ ഛേദിച്ചേനെ
ഒരു നിമിഷം രാജുവിനെ നോക്കി ദഹിപ്പിച്ച ശേഷം ഞാൻ പറഞ്ഞു.ജോളി, എനിക്ക് നിൽക്കാൻ സമയമില്ല ജോളി, നമുക്ക് പിന്നെ കാണാമേ ജോളി
അതെന്താ?
ഓഫീസിൽ കുറച്ചു ജോലിയുണ്ട് ജോളി
പിന്നെ ഇപ്പൊ ഇങ്ങോട്ടു വന്നതോ?
അത്, വഴി ഇതാണെന്നു വിചാരിച്ചു വന്നതാണ്, വഴി അല്ലാന്നു കണ്ടപ്പോൾ തിരിച്ചു പോകുന്നു
അങ്ങനെ അവിടെ നിന്നും ഓടിയ ഓട്ടം ഓഫീസിൽ എത്തിയാണ് ഞാൻ നിറുത്തിയത്. കുറച്ചു നേരം മുൻപ് ജോലി ചെയ്യുന്നതായി ഭാവിച്ച് ക്യാബിനിൽ ഇരിക്കുന്നതിനിടെ വാതിലിൽ ഒരു ശബ്ദം, കാ കാ ക്ളീ ക്ളീ ക്ലൂ ക്ലൂ, ഞാൻ തിരിഞ്ഞു നോക്കി,അതാ മുറ്റത്തൊരു ജോളി, കാലത്തു കണ്ട അതേ ജോളി ചക്കരമാവിൻ കൊമ്പത്ത് തന്നെ. ഓഫീസ് തേടിപ്പിടിച്ചു വന്നിരിക്കുന്നു. ഏകദേശം അതേ പരുവത്തിൽ ഉള്ള രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ട് .
അകത്തു കയറി കുറെ നേരം സംസാരിച്ച ശേഷം അവർ പോയി. നാളെ കാണാം എന്നൊരു വാഗ്‌ദാനവും തന്നു
ഇങ്ങനെ വരുന്നവരൊക്കെ കാണട്ടെ ,വാങ്ങട്ടെ എന്നൊക്കെ വിചാരിച്ചു പ്രദർശിപ്പിച്ചിട്ടുള്ള ഗുരു ശിഷ്യ കഥകൾ മൂന്നു പേരും എടുത്തു തിരിച്ചും മറിച്ചും നോക്കിയതല്ലാതെ , ങേ ഹെ , ഒരു കോപ്പി വാങ്ങണമല്ലോ, അവര് പോയ ഉടനെ രാജു വിളിച്ചു,
ആരൊക്കെ കാണാൻ വന്നു.
ജ്വാളി
ഏത് ? കാലത്തേ ആ....
അല്ലല്ല,,ജ്യോതി എന്നൊരു കുട്ടി
ഉം,നന്നായി, ഇനിയും ആള് വരുമോ?
വരും എന്നാണ് പ്രതീക്ഷ,
ഫോൺ വെച്ച ശേഷം മുടിയും ചീകി പൗഡറും ഇട്ട് വിദൂരതയിലേക്ക് നോക്കി നിക്കുവാണ്....വരും, ആരെങ്കിലും വരാതിരിക്കില്ല

By: AjoyKumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot