Slider

കിളിക്കൂട്

0
Image may contain: 3 people, people smiling, people standing
ഇത്തവണയും അച്ഛൻ കിളി വന്നില്ല,അല്ലേ അമ്മേ?
കഥ പറയുന്നതിനിടയിൽ കുഞ്ഞിടെ ചോദ്യത്തിന് മുൻപിൽ എനിക്കുത്തരംമുട്ടി. എത്ര നാളായി ഓരോ കള്ളങ്ങളിൽ പിടിച്ചു നിൽക്കുന്നു..ഇന്നെങ്കിലും അവളോട് എല്ലാം തുറന്ന് പറയണം.. അച്ഛൻ കിളി മറ്റൊരു കൂടു തേടി പറന്നെന്നും ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നും..
അമ്മ ഒരു കാര്യം പറഞ്ഞ അമ്മേടെ കുഞ്ഞി സങ്കടപ്പെടരുത്..
എന്താ അമ്മേ?
അവളുടെ നക്ഷത്ര കണ്ണുകൾ വിടർന്നു..
കുറച്ചു നാളുകൾക്ക് മുൻപ് വരെ എന്തു പ്രസരിപ്പായിരുന്നു അവൾക്ക്.. ചുരുണ്ട മുടിയും ചുവന്ന ചുണ്ടുകൾളും കിളിക്കൊഞ്ചൽ പോലുള്ള സംസാരവും..
രണ്ടാമത്തെ കീമോക്ക് ശേഷം പൊഴിഞ്ഞു വീഴുന്ന മുടി കണ്ട് അവൾ തേങ്ങിക്കരഞ്ഞപ്പോൾ സഹിച്ചില്ല.. പിറ്റേന്ന് തന്നെ അവളുടെ കൂടെ ഞാനും മൊട്ടയടിച്ചു..
ഇപ്പോ രണ്ടാളും ഒരുപോലെണ്ട്,ല്ലേ അമ്മേ..
അന്നാണവൾ അവസാനമായി പൊട്ടിച്ചിരിച്ചത്..
ഇപ്പോൾ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും അവളുടെ നക്ഷത്ര കണ്ണുകൾ തിളങ്ങും..
എന്റെ കുഞ്ഞിനെ രക്ഷിക്കണേ ഈശ്വരാ..അനുവിന്റെ നെഞ്ചു പിടഞ്ഞു..
എന്താ അമ്മേ ആലോയ്ക്കണേ?
ഇന്നെങ്കിലും പറയണം.. അനു ഉറപ്പിച്ചു..
മോളേ കുഞ്ഞി, മോളുട്ടി വിഷമിക്കരുത്..അച്ഛൻ ഇനി വരില്ല.. അച്ഛൻ ദൂരെ ഒരിടത്താ..മോൾക്ക് അമ്മ ഇല്ലേ..
അതു കേട്ടതും അവളുടെ കുഞ്ഞു കണ്ണുകൾ നിറഞ്ഞു തുളുമ്പി.. പക്ഷേ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു.. ഒരു 6 വയസ്സുകാരിക്ക് ഇത്രേം പക്വതയോ..
ശരി അമ്മേ..ഇനി കുഞ്ഞി വാശി പിടിക്കില്ല..പക്ഷേ ഒരു വട്ടം കൂടി എനിക്ക് അച്ഛനെ കാണണം.. പിന്നെ ഒരിക്കലും കുഞ്ഞി ചോദിക്കില്ല..പ്ലീസ്‌..
രണ്ടാഴ്ച മുൻപ് അച്ഛനെ കാണാനുള്ള അവളുടെ ആഗ്രഹത്തിന് പുറത്താണ് അയാളുടെ പുതിയ വീട്ടിൽ പോയത്.. അതിന്റെ ഓർമ്മയുടെ പാടുകൾ മുതുകിലും കാലിലും ഇപ്പോഴും മായാതെ കിടപ്പുണ്ട്..
എന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കുഞ്ഞിക്കും കിട്ടി ഒരടി..പാവം വീണു പോയി..എന്നിട്ടും അവൾക്ക് അച്ഛനോട് വെറുപ്പില്ല..
എന്തുമാത്രം പാവമാ എന്റെ കുഞ്ഞ്..അനുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ശരി..നാളെ അമ്മ അച്ഛനെ കാണിക്കാം..മോൾ ഉറങ്ങിക്കോ..
മനസ്സിൽ പലതും ഉറപ്പിച്ച് അവൾ ഫോൺ എടുത്തു.. മനുവേട്ടൻ...
ഇത്രയൊക്കെ ചെയ്തിട്ടും ഫോണിൽ നിന്നും മനസ്സിൽ നിന്നും ആ പേര് മായിക്കാൻ അവൾക്കായിട്ടില്ല..5 വർഷത്തെ നീണ്ട പ്രണയം..വിവാഹം.. നാളെയോടെ എല്ലാം അവസാനിക്കണം...
റിങ് ചെയ്യുന്നുണ്ട്..എൻെ നമ്പർ കണ്ടാൽ എടുക്കാറില്ല..
എന്തിനാടി വിളിച്ചേ..നിന്റെ കൊച്ച് ചത്തോ?
എന്റെ മാത്രമല്ല.. നിങ്ങളുടെ കൂടി കൊച്ചാ ..അതു മറക്കണ്ട..
തല്ലുണ്ടാക്കാനല്ല ഞാൻ വിളിച്ചത്..നാളെ നിങ്ങൾ ഇങ്ങോട്ടൊന്നു വരണം..അവസാനമായി മോൾക്ക് നിങ്ങളെ ഒന്നു കാണണം..പിന്നെ നിങ്ങൾ വാങ്ങിത്തന്ന ഒരു സ്വർണ്ണ മാല കഴിഞ്ഞ ദിവസം അലമാരയിൽ നിന്നും കിട്ടി..എനിക്കത് വേണ്ട..അതും തിരിച്ചു തന്നേക്കാം..വൈകുന്നേരം7 മണിക്ക് വന്നാ മതി..
മറുപടിക്ക് കാത്ത് നിൽക്കാതെ അനു ഫോൺ വച്ചു..
ലാഭമുള്ള കാര്യമല്ലേ,അയാൾ വരാതിരിക്കില്ല...
കൃത്യ സമയത്ത് തന്നെ അയാൾ എത്തി..
മനോജ് വരൂ...ഇരിക്കൂ..
ഒരു മണിക്കൂർ മോളുടെ കൂടെ ഇരിക്കണം..അവളെ സ്നേഹിക്കുന്നതായി നടിക്കണം..അതു കഴിഞ്ഞ് നിങ്ങൾക്ക് പോകാം..ഒരിക്കലും തിരിച്ചു വരേണ്ട..
അപ്പോൾ മാല?
അതു പോകുമ്പോൾ തരും..
അയാൾക്കത് സമ്മതമായിരുന്നു..
ഉറക്കത്തിൽ നിന്നുണർന്ന കുഞ്ഞി അച്ഛനെ കണ്ടു സന്തോഷിച്ചു..അയാളവളെ മടിയിലിരുത്തി..കൊഞ്ചിച്ചു..സമയം 8 ആകാറായി...
കുഞ്ഞി വാ, അമ്മ പായസം തരാം..
അവൾക്ക് എടുത്തു വച്ച പായസം കയ്യിലെടുത്ത് അവൾ എന്നേയും മനുവേട്ടനേയും മാറി മാറി നോക്കി..
അച്ഛനു പായസം വേണ്ടേ അമ്മേ
അച്ഛൻ ഇതൊന്നും കഴിക്കില്ല കുഞ്ഞി..
ഇന്നാ ഇതെടുത്തോ അച്ഛാ..മോൾക്ക് അമ്മ വേറെ തരും..
എന്തോ അയാൾ എതിരൊന്നും പറഞ്ഞില്ല..അയാളതു വാങ്ങി കഴിക്കാൻ തുടങ്ങി..
മോളു വാ..അമ്മ വേറെ തരാം..അടുക്കളയിൽ പോയി മോൾക്ക് പായസം എടുത്ത് വരുമ്പോഴേക്കും അയാളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു..എഴുന്നേൽക്കാൻ ആകാതെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു...
മോളു പായസം കുടിക്..അമ്മ അച്ഛനെ റൂമിൽ കിടത്തി വരാം..അച്ഛന് ഉറക്കം വരുണൂത്രേ..
അച്ഛ നമ്മുടെ കൂടെയാണോ കിടക്കാ
അവളുടെ നക്ഷത്ര കണ്ണുകൾ തിളങ്ങി..
മനുവേട്ടനെ താങ്ങി കട്ടിലിൽ കിടത്തി..ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ഉറങ്ങാൻ പോകുന്നു..ഒരിക്കലും തിരിച്ചു വരാത്ത ഉറക്കത്തിലേക്ക്...
അച്ഛനു കൊടുക്കാതെ എന്റെ കുഞ്ഞി ആ പായസം കഴിക്കില്ല എന്ന ഉറപ്പിലാണ് അതിൽ ഓവർഡോസ് ഉറക്കമരുന്ന് ചേർത്തത്..മോളുടെ പാത്രമായതിനാൽ ഒരു സംശയവും കൂടാതെ അയാൾ കഴിച്ചു...
ഇത്രയും പാപം ചെയ്ത നിങ്ങൾ ഇനി ജീവിക്കണ്ട..പക്ഷേ എന്റെ മകൾക്ക് മുൻപിൽ ഈ അവസാന നിമിഷമെങ്കിലും ഒരു നല്ല അച്ഛനാകട്ടെ..അതിനു വേണ്ടി മാത്രമാ ഞാനിതു ചെയ്തത്...
അമ്മേ വാ..പായസം കുടിക്കാം..
അമ്മ ഒരു മരുന്ന് ചേർക്കട്ടേ ഇതിൽ..മോളുടെ അസുഖമൊക്കെ മാറും..
ആണോ..എന്നാ മോളു കുടിക്കാട്ടോ..അമ്മേം കുടിച്ചോ..അമ്മടെ വാവും മാറട്ടെ..
ഇനി അച്ഛൻ പോവൊ അമ്മേ..
ഇല്ലാട്ടോ..അച്ഛൻ ഇനി എവിടേം പോവില്ല..നമ്മളെല്ലാരൂടെ ഒരു കിളിക്കൂട് പണിയാൻ പോവാ..അങ്ങു സ്വർഗത്തിൽ..
അച്ഛൻ കിളീം അമ്മക്കിളീം കുഞ്ഞിക്കിളീം കൂടെ ഒരുപാട് കാലം താമസിക്കും അവിടെ..
അടഞ്ഞു പോകുന്ന ആ കുഞ്ഞിക്കണ്ണുകളിൽ ഞാൻ കണ്ടു , അവസാനമായി ഒരു നക്ഷത്രത്തിളക്കം...
മീര
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo