നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബ്രാഹ്മണ്യം

Image may contain: 1 person, sitting, closeup and indoor
************
"അമ്മേ മഹാമായേ.. "
ശ്രീകോവിലിനകത്തേക്കുള്ള
പടികൾ കയറുമ്പോൾ കിതക്കുണ്ടായിരുന്നു.
ഇപ്പോൾ ശരീരവും മനസ്സിനെ പോലെ തന്നെ അനുസരിക്കാതായിരിക്കുന്നു.
ചുറ്റമ്പലത്തിൽ ആരെയും കാണാനില്ല.. അത്താഴപൂജക്കു സമയമായി തുടങ്ങിയിരിക്കുന്നു.... തിരി തെളിക്കണം.
ദേവിയുടെ പട്ടുടയാട മാറ്റി ചുവപ്പുടുപ്പിച്ചു വിളക്കിൽ എണ്ണ ഒഴികുമ്പോഴാണ് വഴിപാട് രസീത് എഴുതുന്ന ശേഖരൻ ഓടി വന്നതു
"ഒരു പുഷ്പാഞ്ജലി ഉണ്ട്‌.. എടുക്കട്ടേ.. "
"ഓ ആയിക്കോട്ടെ.. "
ഇന്ന് തൊഴാൻ വന്നവരുടെ തിരക്കു കുറവായിരുന്നു... ദക്ഷിണയായി ആകെ കിട്ടിയ 75 രൂപ മടികുത്തിലുണ്ട്...
ദേവി അനുഗ്രഹിച്ചു തരുന്നതല്ലേ.. മുടക്കം പറയണ്ട
"പുഷ്പാഞ്ജലിക്കാണ്... അനുരാധ, ഉത്രം.. "
നടയിൽ രസീത് വച്ച ആളുടെ മുഖം അത്ര പരിചയമില്ല...!
"മേലെത്തെ രാമുണ്ണി മേനോന്റെ മരുമകനാണ്.. "
"ഓ മുൻപ് കണ്ടിട്ടില്ല്യ.. വിദേശത്ത് എവിടെയോ അല്ലെ.. "
"അതേ അമേരിക്കയിൽ. ഇതു ഭാര്യയും മോളുമാണ്.. മോളുടെ നാളാ ഇന്ന്.. "
''നന്നായി പ്രസാദം ഇപ്പോ തരാട്ടോ''
നടയടച്ചു നിലത്തിരുന്നു..
"നമസ്തേസ്തു മഹാമായേ... ശ്രീ പീഢേ സുര പൂജിതേ.. ശംഘു ചക്ര ഗദാ ഹസ്തേ.. മഹാലക്ഷ്മി നമോസ്തുതേ...
നമസ്തെ ഗരുഡാരൂഡേ കോലാസുര ഭയങ്കരി..
"മന്ത്രങ്ങൾ ഉരുവിടുമ്പോൾ മനസ്സ് ഏകാഗ്രമായിരിക്കണം ദേവാ.. എന്നാലേ ഫലസിദ്ദി ഉണ്ടാവൂ.. അല്ലെങ്കിൽ മറിച്ചാവും ഫലം "
ഓരോ തവണയും ദേവീ സ്തോസ്ത്രങ്ങൾ ഉരുവിടുമ്പോൾ അഫൻ തിരുമേനിയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നു.
പുഷ്പാഞ്ജലി കഴിഞ്ഞു പ്രസാദം നൽകി ദക്ഷിണ വാങ്ങുമ്പോൾ പറഞ്ഞു
"നാളെ ഉദയാസ്‌തമന പൂജയുണ്ട്.. പറ്റിയാൽ വന്നു തൊഴൂ..''
"ശരി തിരുമേനി... വരാം "
അവർ നടന്നകലുന്നതു നോക്കി നിന്നപ്പോൾ ദേവകിയെ ഓർത്തു.
വെള്ളിയാഴ്ച അവളെ ആശുപത്രിയിൽ കൊണ്ടു പോവേണ്ട ദിവസമാണ്
"എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം... അല്ലെങ്കിൽ.. തിരുമേനിക്ക് അറിയാലോ.. "
ഡോക്ടറുടെ വാക്കുകൾ ഉള്ളിൽ കിടന്ന് നീറി പുകയുന്നു.
അറിവ് വെച്ച നാൾ മുതൽ ദേവിയുടെ തൃപ്പാദങ്ങളിൽ അടിയറ വെച്ചതാണ് തന്റെ ജന്മം.. അപ്ഫൻ പഠിപ്പിച്ച മന്ത്രാക്ഷരങ്ങളും പൂജാവിധികളും ഇതു വരെ തെറ്റിച്ചിട്ടില്ല .. എന്നിട്ടും ദേവീ വീണ്ടും , വീണ്ടും എന്തിനീ പരീക്ഷണങ്ങൾ...
"മന്ത്രങ്ങൾ ഉരുവിട്ടതോണ്ടു മാത്രം അമ്മേടെ അസുഖം മാറില്ലാട്ടോ അച്ഛാ.. "
ജയദേവന്റ വാക്കുകൾക്കു ഈയിടെയായി വല്ലാത്ത മൂർച്ചയാണ്..
ഇല്ലത്തു ഇനി പെറുക്കി വിൽക്കാൻ ഒന്നും ബാക്കിയില്ല ദേവകിയുടെ കഴുത്തിൽ കിടക്കുന്ന അര പവന്റെ മാലയല്ലാതെ..!
ഓപ്പറേഷന് ഇനിയും ഒരു ഇരുപത്തിനായിരത്തിന്റെ കുറവുണ്ട്...!!
ആരുടെ മുന്നിലും ഇതു വരെ കൈ നീട്ടിയിട്ടില്ല ദേവദത്തൻ....
"വലിയ അമ്പലങ്ങൾ പണിയുന്നവരും വഴിപാടുകളുടെ എണ്ണവും തുകയും കൂട്ടുന്ന അമ്പല കമ്മിറ്റിക്കാരും ലക്ഷപ്രഭുക്കൾ... പ്രഭാതം മുതൽ പ്രദോഷം വരെ ദേവിയെ ഉപാസിക്കന്നവരുടെ ഇല്ലത്തോ നിത്യ ദാരിദ്ര്യം... "
ഡിഗ്രിയും എം ബി എ യും എത്ര ബുദ്ദിമുട്ടിയാണ് അവനെ പഠിപ്പിച്ചത്... ഒരു ജോലി കിട്ടാത്തതിന്റെ വിഷമവും ഈർഷ്യയും ഒക്കെ ഉണ്ട്‌ അവന്റെ വാക്കുകളിൽ..
ഇല്ലത്തെ ആചാര പ്രകാരം താൻ ശാന്തിവൃത്തി കൈമാറേണ്ടത് ജയദേവനാണ്... ഉള്ളിൽ അത് ആഗ്രഹിക്കുന്നുമുണ്ട്..
തലമുറകളായി പകർന്നു കിട്ടിയ മന്ത്രാക്ഷരങ്ങൾ, പൂജാവിധികൾ, ആചാരാനുഷ്ടാനങ്ങൾ ഒന്നും അവനെ പഠിപ്പിക്കാഞ്ഞിട്ടല്ല.
എല്ലാം എത്ര പെട്ടെന്നാണ് അവൻ പഠിച്ചെടുത്തതു... .. അഫൻ തിരുമേനിയുടെ ബുദ്ധിയും വാക്ചാതുര്യവും വിവേകവും തന്നെക്കാൾ പകർന്നു കിട്ടിയത് അവനാണ്... അഭിമാനം തോന്നിയിരുന്നു.. എന്നിട്ടും..
"എം ബി എ കഴിഞ്ഞു ശാന്തിക്കാരനാവാനൊന്നും എന്നെ കിട്ടില്ലാട്ടോ.. ഇനി നിവൃത്തിയില്ലെങ്കിൽ തമിഴ് നാട്ടിലോ ആന്ധ്രയിലോ വടക്കേ ഇന്ത്യയിലോ പോവാം... പണം ഉണ്ടാക്കുന്ന വിദ്യ അവരെ കണ്ടു പഠിക്കണം.. പൂജാവിധികൾ എല്ലായിടത്തും ഒരു പോലെയല്ലേ.. "
''ജയദേവാ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കു.. ബ്രാഹ്മണ്യത്തിന്റെ അർത്ഥം അറിയില്ലേ നിനക്ക്.. "
"അറിയാം.. "
"ക്ഷമ സത്യം ധമ ശൗചം
ദാനം ഇന്ദ്രിയ സമ്യവഹ
അഹിംസ ഗുരു ശുശ്രൂഷ
തീര്‍ത്ഥനുസരണം ദയ...
"എന്തും ക്ഷമിക്കാനുള്ള കഴിവുണ്ടായിരിക്കണം... പരമമായ സത്യത്തെ അറിഞ്ഞിരിക്കണം.. മനസ്സും ശരീരവും ശൗചമായിരിക്കണം... ഇന്ദ്രിയങ്ങൾക്ക് നിയന്ത്രണം വേണം... ഇല്ലായ്മയിലും ഉള്ളത് ദാനം ചെയ്യണം.. ഒരു ബ്രാഹ്മണന് വേണ്ട ഗുണങ്ങൾ.... "
"എന്നിട്ടും സുന്ദരികളായ നായർ സ്ത്രീകളെ കാണുമ്പോൾ ശാസ്ത്രങ്ങളും പഠിച്ച പാഠങ്ങളും മറന്നു പോവുമായിരുന്നല്ലോ നമ്മുടെ പൂർവികർ.. "
"പൂണൂൽ ധരിച്ചത് കൊണ്ട് മാത്രം ഒരു ബ്രാഹ്മണനാവാൻ കഴിയില്ല എന്ന് കൂടി പറയുന്നില്ലേ വിഷ്ണു ധർമ ശാസ്ത്രത്തിൽ... "
"ജന്മനാൽ ജായതേ മർത്യ
കർമണാൽ ജായതേ ദ്വിജഃ
ബ്രഹ്മജ്ഞാനേന ഏവ ബ്രാഹ്മണ.. "
എന്നല്ലേ..? ബ്രാഹ്മണന് വേണ്ട ഗുണങ്ങളുണ്ടെങ്കിൽ ഒരു ശൂദ്ര ജാതിക്കാരനെയും ബ്രാഹ്മണനെന്നു വിളിക്കാം.. അങ്ങിനെ നോക്കുമ്പോൾ.. "
"നിന്നോട് തർക്കിക്കാൻ ഞാനില്ല ഉണ്ണി.. "
"ആചാരങ്ങളും അനുഷ്ടാനങ്ങളും ഒന്നും ഇതു വരെ തെറ്റിച്ചിട്ടില്ല ഞാൻ.... !!"
"പക്ഷെ അത് കൊണ്ടു എനിക്കും അമ്മക്കും എന്ത്‌ ഗുണങ്ങളുണ്ടായി... "
പലപ്പോഴും അവന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടി പോവുന്നു..
ഒന്നോർത്താൽ അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..
അവന്റെ പല മോഹങ്ങളും സാധിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ തനിക്കു..
അല്ലെങ്കിലും മോഹങ്ങളും സ്വപ്നങ്ങളും പാതിവഴി ഉപേക്ഷിച്ചു പിന്തിരിഞ്ഞോടിയ ചരിത്രമല്ലേ ഉള്ളു ഈ ദേവദത്തന്..!
അറിവ് വെച്ച നാൾ മുതൽ ഉരുവിട്ട് പഠിച്ച വേദസൂക്തങ്ങളും മന്ത്രങ്ങളും അനുഷ്ടാനങ്ങളും .... അതിലല്ലാതെ വേറെ ഒന്നിലും മനസ്സുടക്കരുത്... പഠിപ്പിച്ചത് മാത്രമേ ഉൾകൊള്ളാൻ പാടുള്ളു...അത് മാത്രമാണ് ശരിയെന്നു വിശ്വസിക്കണം..
"വേദങ്ങളിലും ശാസ്ത്രങ്ങളിലും കുറിച്ച് വെച്ച ഒന്നിനെയും ചോദ്യം ചെയ്യാൻ നമുക്ക് അവകാശമില്ല ദേവാ..
"എന്നിട്ടും എത്ര ശ്രമിച്ചിട്ടുo മായ്ക്കാൻ കഴിയാത്ത ഒരു ചിത്രമുണ്ട് മനസ്സിൽ ..
ഇലഞ്ഞിച്ചോട്ടിൽ കണ്ണീരിൽ കുതിർന്ന ഒരു മുഖം... ഇടതൂർന്ന മുടിയിൽ തുളസിക്കതിരിന്റെ ഗന്ധം...
നാരായണി...
"പിന്നെ എന്തിനാണ് ദേവേട്ടാ എന്നെ സ്നേഹിച്ചത്..? "
കലങ്ങി മറിഞ്ഞ കണ്ണുകളെ നേരിടാൻ കഴിയാതെ മുഖം തിരിച്ചു..
എന്തിനായിരുന്നു...
അപ്ഫന്റെ കൂടെ പൂജാവിധികൾ പഠിക്കാൻ അമ്പലത്തിൽ പോയിരുന്ന കാലം..
ചുറ്റമ്പലത്തിൽ പ്രദിക്ഷിണം വയ്ക്കുന്ന വിടർന്ന മിഴികളിൽ കണ്ണുകൾ ചെന്നുടക്കിയത് താൻ പോലുമറിയാതെ..
സന്ധ്യാദീപങ്ങൾക്കിടയിൽ വേറിട്ടു നിന്ന മുഖകാന്തി കണ്ണുകൾ ഒപ്പിയെടുക്കുമ്പോൾ മനസ്സ് അറിയാതെ പിടിവിട്ടു പോവുന്നുണ്ടായിരുന്നു.... പഠിച്ച മന്ത്രാക്ഷരങ്ങളൊക്കെ മറന്നു പോവുന്ന പോലെ...
അപ്ഫന്റെ കണ്ണ് വെട്ടിച്ചു ഇലഞ്ഞിച്ചോട്ടിൽ അവളെ കാത്തു നിൽകുമ്പോൾ മനസ്സ് വല്ലാതെ മോഹിച്ചിരുന്നു.... ആ നീണ്ട മുടിയിഴകളിൽ ഒന്ന് തൊടാൻ... അവളുടെ കൈകൾ പിടിച്ചു തന്നോട് ചേർത്ത് നിർത്താൻ...
എന്നിട്ടും അവൾ മുന്നിലെത്തുമ്പോൾ ധൈര്യം ചോർന്നു പോവുന്നു.. പഠിച്ച വേദ സൂക്തങ്ങളൊക്കെ വിലങ്ങു തടികളാകുന്നു...
"ശൂദ്ര സ്ത്രീയെ വേളി കഴിച്ചു കൊണ്ടു വന്നാൽ ഭ്രഷ്ടാണ് ഫലം അറിയാലോ ദേവാ ''
അപ്ഫൻ തിരുമേനിയുടെ വാക്കുകൾ ഇടിത്തീ പോലെ മനസ്സിൽ പതിയുന്നു...
ചെയ്തു പോയ തെറ്റിനു പ്രായശ്ചിത്തം തേടുന്നു... !!
"സ്നേഹിച്ച സ്ത്രീയെ പാതി വഴി ഉപേക്ഷിക്കണമെന്നും പറയുന്നുണ്ടോ നിങ്ങളുടെ വേദങ്ങളിൽ..? "
"എനിക്കറിയില്ല നാരായണി... ദേവീ ദാസന്മാരാണ് ഞങ്ങൾ... ദേവീ ഉപാസന മാത്രമേ ഞങ്ങൾക്ക് വിധിച്ചിട്ടുള്ളു... പ്രണയിക്കാനുള്ള അവകാശമില്ല... എന്നോട് പൊറുക്കു.. "
തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് കലുഷിതമായിരുന്നു.
ഇലഞ്ഞി പൂക്കളിൽ ഉതിർന്നു വീണ കണ്ണീര്‍ കണങ്ങൾ ഒരു തീരാ ശാപമായി ഇപ്പോഴും തന്നെ പിന്തുടരുന്നു എന്നതല്ലേ സത്യം..
വേദങ്ങളിൽ പറഞ്ഞിട്ടുള്ളതൊന്നും ചോദ്യം ചെയ്യാൻ അവകാശമില്ല... ഒരു ബ്രാഹ്മണന്റെ കര്മങ്ങളിലാണ് തെറ്റും ശരിയും... അങ്ങിനെയെങ്കിൽ ഏതു തെറ്റിനാണ് താൻ പ്രായശ്ചിത്തം ചെയേണ്ടത്...
നാരായണിയെ സ്നേഹിച്ചതിനോ.. അതോ അവളെ പാതി വഴി ഉപേക്ഷിച്ചതിനോ...
"അഹിംസ ഗുരു ശുശ്രൂഷ.. "..
വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുതെന്നും പറയുന്നില്ലേ വേദങ്ങളിൽ..
**********
അമ്പലമണിയുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി... അത്താഴ പൂജക്കുള്ള സമയമായിരിക്കുന്നു...
നടയടച്ചു മനസ്സിനെ വീണ്ടും ഏകാഗ്രമാക്കി...
*********
പൂജ കഴിഞ്ഞു നൈവേദ്യ ചോറുമായി പടികളിറങ്ങുമ്പോൾ ചുറ്റും നോക്കി...
ആരെയും കാണാനില്ല..
വഴിപാട് രസീത് എഴുതുന്ന മുറിയിൽ ശേഖരൻ കണക്കു ശരിയാക്കുന്ന തിരക്കിലാണ്..
അത്താഴ പൂജ തൊഴാൻ വന്ന ഒന്ന്
രണ്ടു ഭക്തരും പോയി കഴിഞ്ഞിരുന്നു..
കാലുകൾക്കു നല്ല വേദനയുണ്ട്... അമ്പല മുറ്റം കഴിഞ്ഞു താഴത്തേക്കുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആദ്യത്തെ പടവിൽ കിടക്കുന്ന ഒരു കവർ കണ്ണിൽ പെട്ടത്.
അഞ്ഞൂറ് രൂപയുടെ ഒരു വലിയ കെട്ടു...
കുനിഞ്ഞെടുത്തു തുറന്നപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ..
"ഭഗവതി... "
ഒരു നിമിഷം കണ്ണുകളടഞ്ഞു..
******
ഒരിക്കൽ അപ്ഫനോട് സംശയം
ചോദിച്ചു. ദേവി ദാസന്‍മാരായിട്ടും ആചാരങ്ങളും അനുഷ്ടാനങ്ങളും മുറ തെറ്റാതെ നടത്തിയിട്ടും ഇല്ലങ്ങൾ ക്ഷയിച്ചു പോകുന്നുണ്ടല്ലോ അപ് ഫാ.. എ വിടെയും സമൃദ്ധി കാണാനുമില്ല.. "
"ഈ ഇല്ലം ഒരിക്കൽ സമൃദ്ധി നിറഞ്ഞതായിരുന്നു ദേവാ... ദേവീ
പ്രീതി നേടി ദിവ്യാത്ഭുതങ്ങൾ സംഭവിച്ച ചരിത്രങ്ങളുമുണ്ട്... "
"അമ്മയിൽ നിന്നും കേട്ടിരിക്കുന്നു ഇല്ലത്തു പണ്ട് നടന്ന അഭുതങ്ങളുടെ കഥ. "ദേവി പ്രീതിക്കായി ശ്രമിക്കൂ ദേവാ... ഏതവസ്ഥയിലും മനസ്സ് കൈ വിടരുത്.. അത്ഭുതങ്ങൾ ഇനിയും ഉണ്ടാവും... "
"ഭഗവതി,,
ഇതും അവിടുത്തെ ഒരു അത്ഭുതമാണോ.... ഈ ദേവി ദാസന് കനിഞ്ഞു തന്ന അനുഗ്രഹമാണോ..
വീണ്ടും കവറിലേക്കു നോക്കിയപ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു... ചുറ്റും വിജനമാണ്... ശേഖരൻ ഒന്നും അറിഞ്ഞിട്ടില്ല...
നേരത്തെ പുഷ്പാഞ്ജലി ചെയ്യാൻ വന്ന ആളെ ഓർത്തു... പിന്നെയും ഒന്ന് രണ്ടു പേർ വന്നിരുന്നു.. അവരാരുടെയെങ്കിലും കയ്യിൽ നിന്ന്....
"ശമോ ദമസ്തപ :ശൗചം''
''ക്ഷാന്തിരാർജവ മേവ ച''
''ജ്ഞാനം വിജ്ജാനമസ്തിക്യം''
''ബ്രഹ്മകർമ സ്വഭാവജം "
ഉരുവിട്ട് പഠിച്ച പാഠങ്ങൾ വീണ്ടും കാതുകളിൽ മുഴങ്ങുന്നു...
''ഏതു വിഷമാവസ്ഥയിലും സമചിത്തത കൈ വിടരുത് ദേവാ... ഒരു ബ്രാഹ്മണന്റെ മനസ്സ് എന്നും ശുദ്ധമായിരിക്കണം.. ഒരു കളങ്കത്തിനും അവിടെ സ്ഥാനമില്ല... "
മെല്ലെ തിരിഞ്ഞു നിന്ന് അടഞ്ഞ ശ്രീകോവിലിലേക്ക് നോക്കി
"ദേവീ മാപ്പ്.. അർഹിക്കാത്തതാണ് ആഗ്രഹിച്ചു പോയത്... ഇതു വരെ അവിടുന്ന് തന്നത് മാത്രമേ സ്വീകരിച്ചിട്ടുള്ളു... ദേവിയുടെ തൃപ്പാദങ്ങളിൽ സമർപ്പിച്ചതാണ് ഈ ജീവിതം... അര്‍ഹിക്കാത്തതൊന്നും ഈയുള്ളവന് വേണ്ട... പൊറുക്കണേ ഭഗവതി "
ശേഖരന്റെ കയ്യിൽ കവർ ഏല്പിച്ചു...
"നേരത്തെ പുഷ്പാഞ്ജലി കഴിക്കാൻ വന്നാളുടെ കയ്യിൽ നിന്ന് വീണതാ തോന്നുന്നു.. ആരുടെയാ അറിയില്ല.. ആരും അന്വേഷിച്ചു വന്നില്ലെങ്കിൽ ഭണ്ഡാരപ്പെട്ടിയിൽ ഇട്ടോളൂ... "
അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ മനസ് സംതൃപ്തമായിരുന്നു. ബ്രാഹ്മണ്യമെന്ന പുണ്യം കാത്തു സൂക്ഷിച്ചതിന്റെ സംതൃപ്തി..!
ശ്രീകല മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot