Slider

ഇരുവാളിക്കാവ്

0
Image may contain: 1 person
-------------------------
ചോനാടത്തുകാവില്‍ നിന്നും തിരക്കിട്ട് വീട്ടിലേക്കു നടക്കുന്ന വഴിക്കാണ് കരിയാത്തന്‍ പോലീസിന് അപകടം മണത്തത്. ഇട്ട്യാമന്‍ പണ്ടാരത്തിന്റെ ഗുരുതിത്തറക്കടുത്തു നിന്നും ശീവോതിക്ക്‌ വെക്കാനുള്ള നിലപ്പനയും മുക്കുറ്റിയും പറിച്ചുകൊണ്ടിരിക്കുന്ന നങ്ങേമയും ചീരുവും തന്ന " പോലീസമ്പ്രാ .. ചീവോതിക്ക് വെക്കണ കാലം കാവിനാപ്പ്രത്തൂടി മോന്തി നേരത്ത് പോണ്ടാ.. രാമന്‍ തണ്ടാരും കാവോട്ടമ്പ്രാട്ടിയും എറങ്ങി നടക്കണ കാലാ !!" എന്നുള്ള മുന്നറിയിപ്പ് കണക്കിലെടുക്കാതെ പോന്നത് തീര്‍ത്തും അബദ്ധമായി എന്ന് കരിയാത്തന്‍ പോലീസിന് മനസിലായത് ഇരുവാളിക്കാവിന്റെ മുഖപ്പ് ദൃശ്യമായതോടെ ആണ്.
കോന്തലപ്പറമ്പില്‍ പുതുതായി കുടിലുകെട്ടി പാര്‍പ്പു തുടങ്ങിയ ശാസ്ത്രികളുടെ ജഡപിടിച്ച മുടിപോലെ തലയുയര്‍ത്തി നില്‍ക്കുന്ന അരയാലിന്റെ വള്ളികളില്‍ കൂടി മിന്നാമിനുങ്ങിന്റെ വെട്ടം അരിച്ചിറങ്ങുന്നുണ്ട്‌. ഭീകരമായ ഇരുട്ടില്‍ ആകാശത്ത് നിന്നും കയറു കെട്ടി ഞാത്തി ഇട്ടപോലെ തലയുയര്‍ത്തി നില്‍ക്കുന്ന മഹാഗണി മരം. "ഒറ്റത്തടി മൊത്തത്തില്‍ തന്നാല്‍ എട്ടുസേര്‍ വിതയ്ക്കാനുള്ള കണ്ടം കൊടുത്താലും തെറ്റില്ല. എന്താ ചെയ്യാ. കാവിലെ തടിയായിപ്പോയില്ലേ " എന്ന് രാവുണ്ണി കണ്ട്രാക്ക് പറഞ്ഞത് എത്ര ശരിയാണ്. ഒറ്റത്തടിയായി തലക്കാംപുറത്ത് മാത്രം വള്ളിക്കൂടാരം കൊണ്ട് തലപ്പാവ് വച്ചിരിക്കുന്ന ആ വന്മരത്തിന് കോഴിക്കളിയാട്ടത്തിനു വരുന്ന പോയ്ക്കുതിരയുടെ തലയെടുപ്പാണ്.
പാദങ്ങള്‍ക്ക് ചിറകു മുളച്ചിരുന്നെങ്കില്‍ എന്ന് കരിയാത്തന്‍ മനസ്സാ കൊതിച്ചു. കണ്ണ് തുളച്ചുകയറുന്ന കൂരിരുട്ടില്‍ ഇരുവാളിക്കാവ് പഴയതിലും ഭീകരത പൂണ്ട് നില്‍ക്കുകയാണ്. മൂവന്തി സമയവും ഇരുവാളിക്കാവും. ഒരാള്‍ക്ക്‌ ഭയന്ന് മരിക്കാന്‍ ഇവതന്നെ ധാരാളം മതി. കാവിന്‍റെ കവാടത്തിനു മുന്നില്‍ തന്നെയുള്ള കരിവീട്ടിയില്‍ നിന്നും ഒരു രാക്കോഴി ഭീതിദമായ ശബ്ദത്തോടെ ചിറകടിച്ചു പറന്നുയര്‍ന്നു. അകമ്പടിയെന്നോണം ഒരുപറ്റം വവ്വാലുകള്‍ ഇരുട്ടിന് മറുരാവായി കരിമ്പടം പുതച്ചുകൊണ്ട് ചിറകിട്ടടിച്ചു.
ഇരുവാളിക്കാവ് കഴിഞ്ഞ് പുഞ്ചയും കടന്നു വേണം വീട്ടിലെത്താന്‍. മുണ്ടിച്ചെറുമിക്ക് പേറ്റുനോവ് തുടങ്ങി എന്ന് ചോമന്‍ പുലയന്‍ വന്നു പറഞ്ഞതാണ്. അവന്‍റെ കൂടെത്തന്നെ കുടിയിലേക്ക് പോന്നാല്‍ മതിയായിരുന്നു. ആ സമയം നോക്കിയാണ് ഏഡ് കുഞ്ഞപ്പന്‍ സാറ് തിരക്കിട്ട ഒരു പണി ഏല്‍പ്പിച്ചത്. തീര്‍ക്കാതെ പോന്നാല്‍ പിന്നെ അതുമതി.
കാവോട്ടമ്പ്രാട്ടിയും രാമന്‍ തണ്ടാരും കര്‍ക്കിടകം പിറന്നാല്‍ ആളൊരുത്തനെ മൂവന്തി കഴിഞ്ഞാല്‍ ഇരുവാളിക്കാവിന്‍റെ നടക്കല്‍ കൂടി വഴിനടക്കാന്‍ വിടാറില്ല. ഒട്ടേറെ ദുര്‍മരണങ്ങള്‍ കണികണ്ടുണര്‍ന്ന ബാല്യം തന്നെ ആയിരുന്നല്ലോ തന്‍റെതും. ചുടലമുത്തിക്ക് കൊടുതി കഴിഞ്ഞു വരുന്ന വഴി ഒടിയന്‍ ഒടിച്ചു കൊന്ന അപ്പന്‍ വേലാണ്ടി ചെറുമന്‍റെ ഓര്‍മ്മയും കരിയാത്തന്റെ വേപധു പൂണ്ട മനസ്സില്‍ തികട്ടിവന്നു. അപ്പന്‍ ചൊല്ലിപ്പഠിപ്പിച്ച മന്ത്രങ്ങള്‍ കൊറേയൊക്കെ മറന്നെങ്കിലും ഇപ്പോഴും ഓര്‍ത്തെടുത്താല്‍ മനസ്സില്‍ ഊറി വരും.
എഴുമണി ആയതേ ഉള്ളെങ്കിലും നട്ടപ്പാതിര ആയപോലെ കിടക്കുകയാണ് ഇരുവാളിക്കാവ്. പട്ടാപ്പകല്‍ പോലും സൂര്യനെ താഴേക്കു കടത്തിവിടാതെ പടയാളികളെപ്പോലെ ഇലപ്പരിചയും പിടിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും പേരറിയാത്ത കാട്ടുമരങ്ങളും. പണ്ടുകാലത്തെങ്ങോ നിലനിന്നിരുന്ന പ്രൌഡിയെ അനുസ്മരിപ്പിക്കുന്ന വിധം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പടിപ്പുര. ആ പടിപ്പുര കയറി വേണം കാവിനടുത്തുകൂടി ഉള്ള നടപ്പാതയിലൂടെ പുഞ്ചയിലേക്ക് ഇറങ്ങാന്‍. എളുപ്പം കുടിയില്‍ എത്താം എന്നുകരുതി ആണ് ചോനാടത്തുകാവ് വഴി വന്നത്. സാധാരണ എല്ലാരും ഇരുമ്പിപ്പാടം വഴി ആണ് പോവാറ്. കുറച്ചു ദൂരം കൂടുതല്‍ ആണെങ്കിലും കാവിനടുത്തു കൂടി നടക്കാന്‍ പേടിച്ച് അധികം ആരും ഇരുവാളിക്കാവ് വഴി വരാറില്ല.
ഇനി വച്ചകാല് പിറകോട്ടില്ല. കരിയാത്തന്‍ മടിക്കുത്തില്‍ നിന്നും പുകയിലപ്പൊതി എടുത്തു. പൊതിയില്‍ കിടന്നു അകാല വാര്‍ധക്യം ബാധിച്ചു കറുത്തുപോയ വെറ്റിലക്കൊടിയുടെ വശത്തുകൂടി നുറുക്കിയിട്ട യാപ്പാണം പുകയില കുറച്ച് വാരിയെടുത്ത് കരിയാത്തന്‍ പോലീസ് വായിലിട്ടു ചവച്ചു. കരിങ്കുട്ടിയെ മനസ്സില്‍ ധ്യാനിച്ച്‌ മറുതയെ സ്തുതിച്ചുകൊണ്ട് കരിയാത്തന്‍ മുണ്ടുകൊണ്ട് താറുപാച്ചി. " ഗുരുകാരണോന്മാരേ. കരിങ്കുട്ടി മുത്തപ്പാ.. ഇച്ചെറുമനെ ആപത്തൊന്നും കൂടാണ്ട് കുടീല്‍ എത്തിക്കണേ തൈവങ്ങളേ... "
ഇടതടവില്ലാതെ ഭൈരവി മന്ത്രം ജപിച്ചുകൊണ്ട്‌ കരിയാത്തന്‍ ഇരുവാളിക്കാവിന്റെ പടിപ്പുരയിലേക്ക്‌ കാലുകുത്തി. ആ ക്ഷണം പടിപ്പുരക്ക് അപ്പുറത്ത് കായ്ഫലതിന്റെ ആധിക്യത്താല്‍ ആലസ്യം പൂണ്ടുനിന്നിരുന്ന ഒരു ചെന്തെങ്ങ് കാരണമേതുമില്ലാതെ നടുമുറിഞ്ഞു നിലംപൊത്തി. കാല്‍വിരലുകളില്‍ കൂടി ഒരു വിദ്യുത് തരംഗം തലച്ചോറിലേക്ക് പാഞ്ഞുകയറിയെങ്കിലും ധൈര്യം കൈവിടാതെ കരിയാത്തന്‍ മുന്നോട്ടു തന്നെ നടന്നു. കാവിന് മുന്നില്‍ എത്തിയതും എവിടെനിന്നെന്നില്ലാതെ ഒരു പിശറന്‍ കാറ്റ് കാവിനെ പിടിച്ചു കുലുക്കി. മഹാഗണിയുടെ ചില്ലകളില്‍ വെടിവട്ടം പറഞ്ഞിരുന്ന കാട്ടുപക്ഷികള്‍ പ്രാണഭീതിയാല്‍ എന്നവണ്ണം ചിറകടിച്ചു കരഞ്ഞു.
അതുവരെ ഇരുട്ടുപുതച്ചു നിന്നിരുന്ന കാവിനകത്തെ കാക്കവിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കത്തിയെരിഞ്ഞു. ഹൃദയത്തില്‍ ഒരു മഞ്ഞുകട്ട എടുത്തു വച്ച പോലെ കരിയാത്തന്‍ അടിമുടി വിറച്ചുപോയി. കാക്കവിളക്കിന് മുന്നിലായി രണ്ടു നേര്‍ത്ത രൂപങ്ങള്‍ .. !!! പ്രാണന്‍ പിടയുന്ന പോലെ അലറിവിളിച്ചുകൊണ്ട് കരിയാത്തന്‍ പോലീസ് മുന്നോട്ടു പാഞ്ഞു. കാവും കടന്ന് പുഞ്ചയിലേക്ക് കാലുകുത്തിയ കരിയാത്തന്‍ നടുങ്ങി വിറച്ചുപോയി. പുഞ്ച വരമ്പില്‍ തലയില്ലാത്ത ഒരു രൂപം ചൂട്ടുകറ്റയുമായി നടന്നുവരുന്നു. ഹൃദയമിടിപ്പ്‌ കൂടിക്കൂടി നെഞ്ചു പൊട്ടുന്ന പോലെ തോന്നുന്നുണ്ട്. ഇടയ്ക്ക് നാവില്‍ നിന്നും നിലച്ചുപോയ മന്ത്രം കരിയാത്തന്റെ നാവില്‍ വീണ്ടും കളിയാടി
"ഓം കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം .... " കരിയാത്തന്റെ നാവില്‍ ഭഗവതി സ്തുതി ഇതള്‍വിരിഞ്ഞു. കാണെക്കാണെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞ് അപ്രത്യക്ഷമായി. അതിനടുത്ത നിമിഷം തന്നെ ആ രൂപം കരിയാത്തന്റെ തൊട്ടുമുന്നില്‍ എത്തി. കാവിനകത്തു നിന്നും ചിലങ്കയുടെ ധ്വനി ചെവി തുളച്ചുകയറുന്ന പോലെ അനുഭവപ്പെട്ടു. എരുമലച്ചിന്നാടന്‍ ഗുരുക്കള്‍ പറഞ്ഞുതന്ന കാര്യം കരിയാത്തന്റെ മനസിലൂടെ പാഞ്ഞു. ദുഷ്ട ശക്തികളുടെ സാമീപ്യം ഗ്രഹിച്ചാല്‍ പിന്നെ പ്രാണന്‍ പോയാലും തിരിഞ്ഞു നോക്കരുത്. ഗുരുക്കള്‍ പണ്ട് നല്‍കിയ; അരയില്‍ കരുതിയിരുന്ന പിച്ചള കെട്ടിയ കഠാര എടുത്ത് കരിയാത്തന്‍ പാടവരമ്പില്‍ ആഞ്ഞുകുത്തി. ആ ക്ഷണം ആ രൂപം ഒരു അലര്‍ച്ചയോടെ അപ്രത്യക്ഷമായി. പിടിച്ചുകെട്ടിയാലെന്നവണ്ണം കാവില്‍ നിന്നുള്ള ഹുങ്കാരശബ്ദം നിലച്ചു.
പാടവരമ്പില്‍ നിന്നും കുടിലിന്റെ തിണ്ണയിലേക്ക് കയറിയപ്പോഴേ കണ്ടു. മുണ്ടിച്ചെറുമി പെറ്റിട്ട ജീര്‍ണിച്ച പിണ്ഡം നോക്കി ആര്‍ത്തലച്ചു കരയുന്ന വയറ്റാട്ടിയുടെ മുഖം. കരിനീല നിറത്തില്‍ കണ്ണുതുറിച്ച് നാവുകടിച്ചു പ്രാണന്‍ വെടിഞ്ഞ മുണ്ടിച്ചെറുമിയുടെ അടുത്ത് തന്നെ അഴുകിയ നിലയില്‍ കിടക്കുന്ന ഒരു ചോരക്കഷ്ണം. തളര്‍ന്നുകൂമ്പിയ കരിയാത്തന്‍ " ന്‍റെ തൈവേ ... " എന്നുള്ള ഒരു വിളിയോടെ മുറ്റത്തേക്ക്‌ മറിഞ്ഞു വീണു.
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo