Slider

അധ്യാപകദിനം

0
Image may contain: 1 person, smiling
•••••••••••••••••••••••••••••••••••••
സ്കൂൾ വിദ്യാഭ്യാസം “തോൽവി ചോദിച്ച്‌ വാങ്ങി” അവസാനിപ്പിച്ചതിനു ശേഷം മൂന്ന് വർഷത്തിനു ശേഷമാണു ഞാൻ ഒരു പാരലൽ കോളേജിൽ
SSLC വിജയിക്കണമെന്ന നിശ്ചയവുമായി ചേരുന്നത്‌. ആ മൂന്ന് വർഷത്തെ പരുഷമായ ജീവിതാനുഭവങ്ങൾ എന്നിൽ വിദ്യാർത്ഥി എന്ന നിലയിൽ അംഗീകരിക്കാൻ പറ്റാത്ത പല മാറ്റങ്ങളും ഉണ്ടാക്കിയിരുന്നു.
ഈ കഴിഞ്ഞ ദിവസം ആ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി അധ്യാപകസംഗമം നടക്കുന്നതിനിടയിൽ വാട്ട്സപ്പ്‌ ഗ്രൂപ്പിൽ വന്ന ഒരു ഫോട്ടോ കണ്ടിട്ടാണു ഈ ടീച്ചർ എന്റെ ഓർമ്മയിലേക്ക്‌ വന്നത്‌. ടീച്ചറുടെ പേർ അന്വേഷിച്ച എന്നെ അമ്പരപ്പിച്ച്‌ കൊണ്ട്‌ എന്റെ സഹപാഠി പറഞ്ഞത്
‌ “നിനക്കോർമ്മയില്ലെങ്കിലും ടീച്ചർക്ക്‌ നിന്നെ നല്ല ഓർമ്മയുണ്ടെന്നും നിന്നെ കുറിച്ച്‌ അന്വേഷിച്ചിരുന്നു” എന്നുമാണു.
ചിരിച്ച്‌ കൊണ്ട്‌ ഞാനവനു കൊടുത്ത ഉത്തരം
“എന്നെ പഠിപ്പിച്ച ഒരു അധ്യാപകനും എന്നെ മറക്കാനിടയില്ല, കാരണം അത്രക്ക്‌ വികൃതിത്തരങ്ങൾ കാണിച്ച്‌ ഞാനവരെ ഒക്കെ അത്രക്ക്‌ വെറുപ്പിച്ചിട്ടുണ്ടെന്നാണു.”
ടീച്ചർ ഇപ്പൊ എവിടെ ജോലി ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.
“ടീച്ചറിപ്പൊ യൂണിവേർസിറ്റിയിൽ അസിസ്റ്റന്റ്‌ സെക്ഷൻ ഓഫീസറാണെന്ന്”
ആ ജോലിയെക്കുറിച്ച്‌ കൂടുതലൊന്നും എനിക്കറിയില്ലെങ്കിലും ഞാനിത്രയും കൂടി പറഞ്ഞു.
“ഞാൻ അന്നേ പറഞ്ഞിരുന്നു എന്നെ പഠിപ്പിക്കുന്ന അധ്യാപരൊക്കെയും നല്ല നിലയിലെത്തുമെന്ന്.”
ഒരു സ്വകാര്യസംഭാഷണം അങ്ങനെ തന്നെ പകർത്തുന്നത്‌ അന്നത്തെ ആ സംഗമത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും എല്ലാവരും ഒന്നിച്ച്‌ കൂടിയത്‌ കണ്ടപ്പൊ തോന്നിയ ആ സന്തോഷം എന്റെ വാക്കുകളിൽ പോലും ആ കോളേജിലെ “മറുതല”പറയുന്ന വിദ്യാർത്ഥിയിലേക്ക്‌ ആ സമയത്തേക്ക്‌ ഞാനും മാറി എന്ന് സൂചിപ്പിക്കാൻ മാത്രമാണു.
ടീച്ചർ അന്വേഷിച്ചിരുന്നു, എന്നും നീയാണെന്ന് കരുതി ഗ്രൂപ്പിൽ നിന്ന് കിട്ടിയ നമ്പറിൽ മറ്റൊരാളോട്‌ സംസാരിച്ച്‌ ചമ്മിയതും ഒക്കെ അവർ പറഞ്ഞപ്പൊ ഞാൻ ടീച്ചറുടെ നമ്പർ വാങ്ങിച്ചെങ്കിലും വിളിക്കാനും സംസാരിക്കാനും ഒരു വൈമനസ്യം. കാരണം ടീച്ചർ ഉദ്ദേശിക്കുന്നത്‌ എന്നെ തന്നെ ആണെന്ന് എനിക്ക്‌ വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.
ഏകദേശം പതിനെട്ട്‌ വർഷങ്ങൾക്ക്‌ മുന്നെ, നൂറു കണക്കിനു വിദ്യാർത്ഥികൾ പഠിക്കുന്നൊരു കോളേജിൽ കേവലം ഒരു വർഷം മാത്രം ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ക്ലാസ്സെടുത്ത ഒരു ടീച്ചർ ഒരു വിദ്യാർത്ഥിയെ ഓർക്കുന്നു എന്ന് എനിക്ക്‌ വിശ്വസിക്കാനേ സാധിച്ചില്ല. അവരുടെ കൂടെ പഠിച്ചവർ, അവർ പഠിപ്പിച്ചവർ, അവരുടെ സർവ്വീസിനിടക്കുള്ള സൗഹൃദങ്ങൾ ഇതൊക്കെയും ആ കാലഘട്ടത്തെ തന്നെ മറക്കാൻ പാകമാണെന്ന് ഞാൻ വിശ്വസിച്ചു. അത്‌ കൊണ്ട്‌ തന്നെ അങ്ങോട്ട്‌ പോയി ഒരു ചമ്മൽ വാങ്ങണ്ട എന്ന് കരുതി ഇരിക്കുമ്പൊളാണു എന്റെ വാട്ട്സപ്പിലേക്ക്‌ ടീച്ചറുടെ ഒരു മെസ്സേജ്‌ വരുന്നത്‌. സംസാരത്തിനിടയിൽ ഇത്രയും വർഷമായി എന്നെ ഓർക്കാൻ കാരണമെന്തെന്ന എന്റെ ചോദ്യത്തിനുള്ള ഉത്തരമാണു ഈ ചിത്രം.
ഈ ‌ മറുപടി ഞാനെന്ന കുരുത്തം കെട്ട വിദ്യാർത്ഥിയെ കൃത്യമായി അടയാളപ്പെടുത്തുകയാണു. ഞാൻ മാത്രമല്ല പഠിക്കാൻ ഒത്തിരി മോശമായി കുരുത്തക്കേടുകളുടെ കൊടുമുടി കയറുമ്പോഴും സ്കൂളിലോ അധ്യാപകർക്കൊ സഹപാഠികൾക്കൊ എന്ത്‌ ആവശ്യമുണ്ടായാലും ഓടിയെത്താനും അവരുടെ ‌ സ്വന്തമെന്ന പോലെ കൂടെ നിൽക്കുകയും ചെയ്യുന്ന, അങ്ങനെയുള്ള എല്ലാ കാര്യങ്ങളും നിർവ്വഹിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ എന്നും എല്ലാ സ്കൂളുകളിലും കോളേജുകളിലും ഉണ്ടായിട്ടുണ്ട്‌.
പഠിപ്പിൽ പിന്നോക്കമായ ഒറ്റക്കാരണത്താൽ അധ്യാപകരുടെ മനസ്സിൽ നിന്നും നിഷ്കാസിതരായ ആയിരങ്ങളിലൊരുവന്റെ മാത്രം അനുഭവമാണിത്‌.
ഇത്തരത്തിൽ എത്രയോ അധ്യാപകർ ഉള്ളിൽ സ്നേഹം നിറച്ച്‌, സമൂഹത്തിലേക്ക്‌ കണ്ണുകൾ തുറന്ന് വച്ച്,‌ ചുറ്റിലുമുള്ളതിനെ കൂടി ഉൾക്കൊണ്ട് ഇന്നും നമ്മുടെ സ്കൂളുകളിൽ ജീവിക്കുന്നുണ്ട്‌.

ഒരോ വിദ്യാർത്ഥിയെയും അവന്റെ സാഹചര്യങ്ങളും പരിതസ്ഥിതിയും കൂടി മനസ്സിലാക്കി അവനെ കൂടി തന്റെ അധ്യാപകജീവിതത്തിലേക്ക്‌ ഒരു പാഠമാക്കി മാറ്റിയ ചുരുക്കം അധ്യാപകരിൽ ഹൃദയത്തിൽ ചേർത്ത്‌ സ്നേഹം തന്ന് പഠിപ്പിച്ച ഇത്തരം അധ്യാപകർ എന്നും വിദ്യാർത്ഥികളുടെ മനസ്സിൽ ഒരിക്കലും കെടാത്ത വെളിച്ചമായി ജീവിക്കും.
മടിയിലിരുത്തി അരിയിൽ “ഹ” വരച്ച്‌ അക്ഷരലോകത്തിലേക്ക്‌ “ഹരിശ്രീ” കുറിച്ച്‌ അനുഗ്രഹിച്ച പ്രിയപ്പെട്ട ബാലകൃഷ്ണൻ മാഷിൽ തുടങ്ങി, സ്ലേറ്റിൽ വിരലുകളിൽ കുഞ്ഞുപെൻസിൽ തിരുകിവച്ച്‌ എന്റെ വിരലുകൾക്കൊപ്പം “അമ്മ” എന്നെഴുതാൻ പഠിപ്പിച്ച്‌ തന്ന കരുണൻ മാഷിലൂടെ ഒഴുകി പെട്ടെന്ന് നിലച്ചു പോയൊരു വിദ്യാർത്ഥികാലഘട്ടത്തിന്റെ രണ്ടാം ഘട്ടത്തിലും അറിവ്‌ പകർന്ന് തന്ന പ്രിയപ്പെട്ട മനീഷ കോളേജിലെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും എന്റെ സ്നേഹാഞ്ജലികൾ….
ഒപ്പം തന്നെ ഈ മുഖപുസ്തക സൗഹൃദങ്ങളിലെ വിലമതിക്കാനാവാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ…
NB: ചിത്രം ആദ്യകമന്റിൽ.
ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo