നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ചു

Image may contain: 1 person, selfie, closeup and indoor

********
എത്ര ശ്രമിച്ചിട്ടും ചിന്തകളൊക്കെ പല വഴികളിൽ കൂടി സഞ്ചരിച്ചു ഒടുവിൽ ചെന്നെത്തി നില്കുന്നത് അച്ചുവിൽ തന്നെയാണ്.
രണ്ടു ദിവസമായി അവൾ വിളിച്ചിട്ട്..!!
ഉള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കഴിയുന്നില്ല... അലമാര തുറന്നു ഒരു പഴയ പുസ്തകം പൊടി തട്ടിയെടുത്തു.. അതിലേക്കൊന്ന് ഇറങ്ങി ചെല്ലാൻ ശ്രമം നടത്തി കൊണ്ടിരിക്കെ മൊബൈൽ ശബ്ദിച്ചു .
അച്ചുവിന്റെ ചിരിക്കുന്ന മുഖം സ്‌ക്രീനിൽ.....
"അമ്മേ.. എന്തൊരു തണുപ്പാണിവിടെ... രണ്ടു ദിവസമായി പുറത്തിറങ്ങിയിട്ട്... മുഴുവൻ മഞ്ഞു മൂടിയിരിക്കുകയാ... "
ഈശ്വരാ ഒരു ചെറിയ തണുപ്പ് പോലും താങ്ങാൻ പറ്റാറില്ലല്ലോ തന്റെ അച്ചുവിന് ...!ഉള്ളിലെ അങ്കലാപ്പ് വാക്കുകളായി പുറത്തു വീണില്ല.
വേണ്ട, ഒന്ന് തുമ്മിയാൽ, ചെറുതായി മഴ നനഞ്ഞാൽ നെറ്റി പൊള്ളുന്നുണ്ടോ എന്ന് നൂറു വട്ടം തൊട്ടു നോക്കി എത്ര വെറുപ്പിച്ചിട്ടുണ്ട് താനവളെ...!!
എത്ര ദൂരത്തേക്കാണ് അച്ചു പോയത്. അവളുടെ വാശിക്ക് വഴങ്ങി കൊടുത്തത് തെറ്റായി പോയെന്നു തോന്നാറുണ്ട് പലപ്പോഴും. കൊച്ചു കുഞ്ഞല്ലേ അവൾ...!
ഇപ്പോഴും ഉള്ളിൽ ആഴത്തിലേക്ക് ഇറങ്ങി ചെന്നിട്ടില്ല അച്ചു വളർന്നു വലുതായെന്ന സത്യം. എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോയത്..
കുട്ടിക്കാലത്തു അച്ചുവിന് ഏറ്റവും ഇഷ്ടപെട്ട ഒരു വെള്ള ഫ്രോക്ക് ഉണ്ടായിരുന്നു... ചുവപ്പും കറുപ്പും
നിറമുള്ള ചിത്രശലഭങ്ങളായിരുന്നു അതിൽ നിറയെ!! അവള്‍ ഓടി കളിക്കുമ്പോൾ ആ ചിത്രശലഭങ്ങൾക്കു ജീവൻ വെക്കുന്നത് പോലെ തോന്നും.. അച്ചുവിന്റെ കുട്ടികാലത്തെ ഓർമകൾക്ക് ആ ചിത്രശലഭങ്ങളുടെ നിറമാണെന്നു തോന്നാറുണ്ട് പലപ്പോഴും ......!! ഇപ്പോഴും ആ ഫ്രോക്ക് ആർക്കും കൊടുക്കാതെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട് താൻ ...!! അവളുടെ കുറെ കളിപ്പാട്ടങ്ങളും... !!
"അമ്മ എന്തിനാ ഇതൊക്കെ ഇങ്ങിനെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.. ആർകെങ്കിലും എടുത്തു കൊടുത്തൂടെ "അച്ചു ഇടക്ക് ചോദിക്കും..
"അത് പറഞ്ഞാൽ നിനക്ക് മനസിലാവില്ല അച്ചു.. ഇതൊക്കെ തൊടുമ്പോൾ വല്ലാത്തൊരു സുഖമാണ്... എനിക്കെ അതറിയൂ... "
"അമ്മേടെ ഓരോ ഭ്രാന്ത്... എനിക്ക് വയസ്സ് പതിനെട്ടായി "
"അമ്മയുടെ മനസ്സിൽ മക്കൾക്ക്‌ പ്രായമില്ലലോ അച്ചു... നീയെനിക്കു ഇപ്പോഴും കുഞ്ഞല്ലേ "
അത് പറയുമ്പോൾ മാത്രമാണ്
അച്ചു തന്റെ മുന്നിൽ തോറ്റു തരുന്നതെന്നു തോന്നാറുണ്ട് പലപ്പോഴും....അപ്പോൾ അരികിലേക്ക് ചേർന്നിരുന്നു തന്റെ കവിളിലേക്ക് മുഖം ചേർത്ത് അവൾ പറയും....
"ഞാൻ ദൂരത്തേക്ക് എങ്ങോട്ടെങ്കിലും പോയാൽ അമ്മ പിന്നെ എന്ത് ചെയ്യും ?"
അന്ന് അതൊക്കെ അച്ചുവിന്റെ ഒരു തമാശയായേ കരുതിയുള്ളൂ..... പിന്നെ അവൾ പോയപ്പോൾ ആ യാഥാർത്യം ഉൾകൊള്ളാൻ കുറെ സമയമെടുത്തു തനിക്കു....
"അമ്മ എന്തിനാ വിഷമിക്കണേ.. ഒരു മൂന്ന് വർഷം കഴിഞ്ഞാൽ ഞാൻ അങ്ങ് തിരിച്ചു വരില്ലേ... എത്ര നല്ല ആൾക്കാരാണ് ഇവിടെ.... എത്ര രാത്രിയായാലും പുറത്തു ഇറങ്ങി നടക്കാം.... ഒട്ടും പേടിക്കേണ്ട "
അച്ചുവിന്റെ ധൈര്യം കാണുമ്പോൾ മാത്രമാണ് മനസ്സിൽ അല്പം തണുപ് വീഴുക....
"അമ്മേ ഞാൻ ഇന്നലെ റാപ്‌നസിലിനെ സ്വപ്നം കണ്ടു "
റാപ്‌ൻസിൽ....ഭൂമിയോളം നീണ്ട സ്വർണ തലമുടിയുള്ള റാപ്‌ൻസിൽ... കുട്ടിക്കാലത്തു എത്ര കഥകളാണ് അച്ചുവിന് പറഞ്ഞു കൊടുത്തിട്ടുള്ളത്. കഥ കേൾക്കാതെ ഉറങ്ങില്ലായിരുന്നു അവൾ..!! എന്നിട്ടും അവൾക്കു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു റാപ്‌നസിലിന്റെ കഥ...!
മന്ത്രവാദിനി റാപ്‌നസീലിനെ അച്ഛനമ്മമാരിൽ നിന്നും തട്ടി കൊണ്ട് പോയി ഉയരമുള്ള ഒരു കെട്ടിടത്തിന് മുകളിൽ പാർപ്പിച്ചിരിക്കുകയാണ്....
മന്ത്രവാദിനിക്ക് മുകളിലേക്കു കയറാൻ
റാപ്‌ൻസിൽ തന്റെ നീളമുള്ള മുടി താഴേക്കു ഇട്ടു കൊടുക്കും, !! റാപ്‌നസിലിനെ സ്നേഹിച്ച രാജകുമാരൻ മുകളിലേക്കു കയറാതിരിക്കാൻ
അവളുടെ മുടി വെട്ടി കളഞ്ഞു ദുഷ്ടയായ മന്ത്രവാദിനി.
"എനിക്കും വേണം റാപ്‌നസിലിന്റെ അത്രേം മുടി "
തോളറ്റം വരെ വെട്ടിയിട്ട തന്റെ മുടി പരിഭവത്തോടെ നോക്കി അച്ചു പറയുമായിരുന്നു..
"അപ്പൊ മന്ത്രവാദിനി വന്നു തട്ടി കൊണ്ട് പോവില്ലേ എന്റെ അച്ചുവിനെ "
ഓരോരോ സൂത്രങ്ങൾ പറഞ്ഞു മുടി വെട്ടുമ്പോൾ കരച്ചിലടക്കി അച്ചു ചോദിക്കും
"എന്റെ ക്ലാസ്സിലെ അപർണക്കും മാളവികക്കും ഉണ്ടല്ലോ അത്രേം മുടി.
"അവരെ പോലെയല്ലലോ എന്റെ അച്ചു. അച്ചു സുന്ദരിയല്ലേ ".
പിന്നെ അവളുടെ പരിഭവം തീർക്കാൻ
റാപ്‌ണ്സിലിലെ മന്ത്രവാദിനിയായി,
സ്നോവൈറ്റിന്റെ ദുഷ്ടയായ വളർത്തമ്മയായി, സിൻഡ്രല്ലയുടെ രാജകുമാരനായി ഒക്കെ താൻ
മാറുമ്പോൾ അച്ചു എല്ലാം മറന്നിട്ടുണ്ടാവും.....
എന്തൊക്കെ മോഹങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാവും ആ കുഞ്ഞു മനസ്സിൽ.....!! പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
അല്ലെങ്കിലും തന്നെ പോലെ അല്ലല്ലോ അച്ചു..... വലുതായപ്പോൾ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു നടക്കാൻ എന്തു മിടുക്കാണ് അവൾക്ക്... ഒരു നോട്ടത്തിലോ വാക്കിലോ മാത്രം എല്ലാം പറഞ്ഞ്.
അവൾ പറയുന്ന പലതും തനിക്കു മനസിലാവാറില്ലല്ലോ ഇപ്പൊ...
"ഈ തണുപ്പത്തു ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് അമ്മേടെ ദോശ തിന്നാൻ കൊതിയാവുന്നു.... ശരിക്കും മിസ്സ് ചെയുന്നുണ്ട് ട്ടോ അമ്മേടെ ചൂടുള്ള ദോശേം ചമ്മന്തിയും "
അച്ചുവിന്റെ മുഖത്തെ, ജാള്യത കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നു....... രാവിലെ ഓഫീസും അച്ചുവിന്റെ സ്കൂളും ഒക്കെയായി തിരക്കിനിടയിൽ ആഴ്ചയിൽ ആറു ദിവസവും ദോശ ഉണ്ടാക്കി കൊടുത്തു ഞായറാഴ്ച അവൾക്ക് ഏറ്റവും ഇഷ്ടമുള്ള പുട്ടും പയർ കറിയും ഉണ്ടാക്കി കൊടുക്കുമ്പോൾ അച്ചു കളിയാക്കും....
"അമ്മേടെ ദോശയിൽ നിന്നൊരു മോചനം കിട്ടിയല്ലോ " ആ അച്ചുവാണ് ഇപ്പൊ...
അതല്ലെങ്കിലും അങ്ങിനെ തന്നെയാണല്ലോ അകന്നിരിക്കുമ്പോഴാണല്ലോ നമുക്ക് പലരും പലതും പ്രിയപെട്ടതാവുന്നത്..
ഇപ്പോഴല്ലേ താനും അച്ചുവിനെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്നത്...
അല്ലെങ്കിലും ഒരു ജന്മം മുഴുവൻ കൂടെ കഴിഞ്ഞതു കൊണ്ട് മാത്രം ഒരാളെ പൂർണമായും മനസിലാക്കാൻ കഴിയണമെന്നില്ലല്ലോ നമുക്ക്....!!
കുറെ തിരിച്ചറിവുകളുടെയും, യാഥാർത്യങ്ങളുടെയും
കയ്പ് രസം നുണയാൻ തുടങ്ങിയപ്പോഴേക്കും വളരെ വൈകി പോയിരുന്നു..!!
ഒരു കുറ്റ വിചാരണക്കും മുതിരാതെ എല്ലാം അവസാനിപ്പിച്ചു അച്ചുവിനെയും കൂട്ടി പടിയിറങ്ങുമ്പോൾ നഷ്ടം സംഭവിച്ചത് തന്നെക്കാൾ കൂടുതൽ അച്ചുവിനായിരുന്നില്ലേ.!!
എന്നിട്ടും ഒരു പരാതിയും പരിഭവവും പറയാതെ അച്ചു....ഒന്നും ഇതു വരെ ചോദിച്ചിട്ടുമില്ല അവൾ... ആ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവിടെ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നു അറിയാൻ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും....... എന്നിട്ടും ഒരു എത്തും പിടിയും കിട്ടാതെ....
കണ്ണിൻ തുമ്പതോളം എത്തിയ സങ്കട പുഴയെ പുറത്തേക്കൊഴുക്കാതെ പണിപ്പെട്ട് പിടിച്ചു നിർത്തിയിരിക്കുകയാണ് അച്ചു കാണാതെ.... !!എന്നിട്ടും എല്ലാം അറിഞ്ഞ പോലെ അവൾ പെട്ടെന്ന് പറഞ്ഞു........
"അമ്മേ നാളെ വരാം... കുറെ അസൈന്മെന്റ്സ് ചെയ്തു തീർക്കാനുണ്ട് "
അവൾ പോയപ്പോൾ പിടിച്ചു നിർത്തിയതൊക്കെ കുത്തിയൊലിച്ചു പുറത്തേക്കൊഴുകി. പിന്നെ എല്ലാം ഒന്ന് അവസാനിച്ചപ്പോൾ കാർമേഘം നീങ്ങി തെളിഞ്ഞ ആകാശം പോലെ മനസ്സ്.........
അത്ര ദൂരെ ഇരുന്നു കൊണ്ടു അച്ചു എന്തായിരിക്കും ഇപ്പോൾ ആലോചിക്കുന്നത്...!!
ചിലപ്പോൾ അവളും ഇപ്പോഴായിരിക്കും എന്നെ കൂടുതൽ മനസിലാക്കി തുടങ്ങിയത്....!
അല്ലെങ്കിലും ഒരു ചെറിയ യാത്ര തുടങ്ങിയിട്ടല്ലേ ഉള്ളു അവൾ. ഇനിയും എത്രയേറെ മധുരങ്ങൾ നുണയാനും കയ്പ് ചവച്ചിറക്കാനും ഉണ്ട് എന്റെ അച്ചുവിന്....... എല്ലാം മെല്ലെ അവൾ രുചിച്ചറിയട്ടെ...!!
വെറുതെ കണ്ണടച്ചു കിടന്നു
അച്ചുവിന്റെ ഉടുപ്പിലെ ചിത്രശലഭങ്ങളെ സ്വപ്നം കാണാൻ പിന്നെ ഞെട്ടി ഉണർന്നു നിമിഷങ്ങളെണ്ണി പകലിനെയും കാത്തു കിടക്കാൻ ഇനിയുമുണ്ടല്ലോ രാത്രി കുറെ ബാക്കി...... !!
ശ്രീകല മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot