നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചുമ്മാ ഒരോർമ

Image may contain: 1 person, text
=============
"പോവാം?" മുറ്റത്തു നിന്ന് ദീപുവിന്റെ ഉച്ചത്തിലുള്ള ചോദ്യം.
"നിക്കെടാ", അലുമിനിയം പെട്ടി മേശപ്പുറത്തു നിന്നും എടുക്കുമ്പോൾ അമ്മമ്മ ഒരു ഗ്ലാസ്‌ പാലുമായി വന്നു.
"ഇതൊന്നു കുടിച്ചിട്ട് പോ പെണ്ണെ "
"വേണ്ട പിരിയും".. എന്നും പറഞ്ഞു പടികളിലൂടെ ഇറങ്ങാതെ വരാന്തയിൽ നിന്നും മുറ്റത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു.
എന്നെക്കണ്ടതും ദീപു പോക്കറ്റിൽ നിന്ന് ഇലുമ്പൻ പുളി പുറത്തെടുത്തു. പഴുത്തു അളിഞ്ഞിട്ടുണ്ട്. സോ വാട്ട്‌, ഗ്ലുമ്മ് എന്നൊരു ചെറിയ ശബ്ദമുണ്ടാക്കി അതങ്ങു വിഴുങ്ങി. ബാർട്ടർ സമ്പ്രദായം നടപ്പിലാക്കി വന്ന സമയമായിരുന്നു അക്കാലഘട്ടം. ഫ്രോക്കിന്റെ പോക്കറ്റിൽ നിന്ന് അഞ്ചാറു തീപ്പെട്ടിപ്പടം ഞാൻ കയ്യിലെടുത്തു. അതിനെ സമാസമം വീതിച്ചു. ഇനിയും രണ്ടുപേർ ബാക്കിയുണ്ട്. രണ്ട് കാക്കയുടെ പടമുള്ള മഞ്ഞ തീപ്പെട്ടി പടം അവനു കൊടുത്തു. അവരുടെ ഒരു പ്രത്യേകതരം ഗെയിം ആയിരുന്നു തീപ്പെട്ടിപ്പടം കൊണ്ടുള്ളത്. അതെന്താണ് സംഭവമെന്ന് മനസ്സിലായിട്ടേയില്ല.
കുറച്ചു ദൂരം നടന്നപ്പോൾ ഷിബുവും അരുണുമുണ്ട്. ഷിബു തന്നത് ഒരുണ്ട വാളൻപുളി. അത് തിന്നപ്പോൾ മനസ്സിലായി അവന്റെ വീട്ടിലെ ഭരണിയിൽ നിന്നും അടിച്ചു മാറ്റിയതാകുമെന്ന് കാരണം അതിനു നല്ല ഉപ്പുരസം ഉണ്ടായിരുന്നു.
അരുണിന്റെ മുഖത്തു ശോകഭാവം.
"പേരക്ക പറിക്കാൻ പറ്റില്ലെടീ. ആ വീട്ടിൽ ആൾക്കാർ വന്നിട്ടുണ്ട്. പക്ഷെ വേറൊരു സാധനം തിരിച്ചു വരുമ്പോൾ തരാം".
"തീപ്പെട്ടി പടവും അപ്പൊ തരാം" എന്നുപറഞ്ഞു രണ്ടു തീപ്പെട്ടി പടം ഷിബുവിന്‌ കൊടുത്തു. ഇനി കൈയിൽ ബാക്കി രണ്ടെണ്ണം.
"എടീ, അവൻ പറ്റിച്ചാൽ കൈയിലുള്ള രണ്ടെണ്ണം ഞങ്ങക്ക് തരോ?" ന്യായമായ ചോദ്യം.
"ങ്ങേ.. ങാ തരാം".
പാടവരമ്പിലൂടെ നടന്നു വേണം ട്യൂഷൻ ക്ലാസ്സിൽ പോകാൻ. പാടം തീരുന്നയിടത്തു ഒരു മാടൻ ക്ഷേത്രമുണ്ട്. അതിനകത്തു എപ്പോളും നാട്ടുമാങ്ങ ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ കേറി നോക്കിയിട്ടില്ല. വിളക്ക് വെക്കാനല്ലാതെ കയറിയാൽ മാടൻ അടിച്ചിടും എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാലും പരീക്ഷ പേപ്പർ ഒളിച്ചു വെക്കാൻ വേണ്ടി ദീപു കേറീട്ടുണ്ടത്രെ. പിന്നെ പുളുവടിക്കാൻ അവൻ മിടുക്കനായത് കാരണം അത് ഞങ്ങൾ വിശ്വസിച്ചിട്ടില്ല. നടന്നു നടന്ന് ട്യൂഷൻ ക്ലാസിലെത്തി.
ട്യൂഷൻ ക്ലാസ്സ്‌ എന്നൊക്കെ പറഞ്ഞാൽ ബോർഡും പരസ്യവുമൊക്കെയുള്ള ട്യൂഷൻ ക്ലാസ്സ്‌ എന്ന് വിചാരിക്കരുത്. ആറ്റിൻ കരയിലുള്ള ഒരു വീടാണ്. അവിടെ നൈറ്റി ഇട്ട ഒരു ടീച്ചറുണ്ട്. തങ്കമണി ടീച്ചർ. ഞങ്ങൾ ചെല്ലുമ്പോൾ ടീച്ചർ മീൻ മുറിക്കുന്നുണ്ട്. മീനിന് വേണ്ട ചെറിയുള്ളി ഞാൻ പൊളിച്ചു കൊടുത്തു.
ഷിബു അവിയലിനു തേങ്ങ ചെരണ്ടി. മറ്റു രണ്ടുപേരും കൂട്ടിലെ തത്തയെ പഠിപ്പിക്കാൻ തുടങ്ങി. ഓടക്കുഴൽ പോലൊരു കുഴൽ കൊണ്ട് ടീച്ചർ അടുപ്പിലേക്ക് ഊതാൻ തുടങ്ങി. ചകിരി ചുവന്ന നിറമായി, അത് കത്തി.
"തീ അണക്കാനും കത്തിക്കാനും നമ്മളെന്തിനാ ഊതുന്നത്?"
"ഓ.. തൊടങ്ങി" എന്നൊരു മുഖഭാവത്തോടെ
അവിയലിനു കഷ്ണം മുറിക്കുന്ന കൂട്ടത്തിൽ തങ്കമണി ടീച്ചർ പറഞ്ഞു അത് പിന്നെ ഉമക്കുട്ടീ, വിളക്ക്, മെഴുകുതിരി ഇതൊക്കെ നമുക്ക് ഊതി അണക്കാൻ പറ്റും. അത് നമ്മുടെ വായിൽ നിന്ന് പോകുന്ന കാർബൺ ഡൈ ഓക്സൈഡ് കാരണമാണ്. പക്ഷേ അടുപ്പിൽ ആദ്യം തീ പിടിപ്പിച്ചു കനൽ ഉണ്ടാക്കിയിട്ടാണ് നമ്മൾ ഊതുന്നത്. ചുറ്റുപാടുമുള്ള ഓക്സിജൻ അത് കത്താൻ സഹായിക്കും. ഇതൊക്കെ വല്യ ക്ലാസ്സിലെത്തുമ്പോൾ നിങ്ങൾ പഠിക്കും. ടീച്ചർ എസ്‌കേപ്പ് ആയി. ഓക്സിജൻ, കാർബൺ എന്നൊക്കെ കേട്ടിട്ടുണ്ട്.
എല്ലാം അടുപ്പത്താക്കിയ ശേഷം ടീച്ചർ വരാന്തയിൽ വന്നു. ഞങ്ങളെ ല.സാ.ഗു. കാണാൻ പഠിപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞു. അപ്പുപ്പൻ തന്ന ഇരുപതു രൂപ ഫീസ് കൊടുത്തിറങ്ങുമ്പോൾ കൂട്ടിലെ തത്ത എന്തോ പറഞ്ഞു പക്ഷെ മനസ്സിലായില്ല.
തിരികെ വരും വഴി ദീപുവും ഷിബുവും അവരുടെ കൈയിലെ തീപ്പെട്ടി പടങ്ങൾ പരസ്പരം കാണിക്കുന്ന തിരക്കിലായിരുന്നു.
"ഡീ, പതിയെ പോ.. ഒരു സൂത്രം കാണിക്കാം".
"എന്താകും പുതിയ സൂത്രം?"
ഞങ്ങൾ മാടൻ നട കഴിഞ്ഞു പാടത്തെത്തി. അപ്പോളാണ് അരുൺ നെൽച്ചെടിയിൽ നിന്നും ഒരു കതിർകാമ്പ് ഊരിയെടുത്തത്. അത് തനിക്ക് നേരെ നീട്ടുമ്പോൾ ശരിക്കും ദേഷ്യം വന്നു, കാരണം നെല്ലിനുള്ളിലെ പാല് പോലുള്ള സാധനം, അതിന്റെ രുചി ഒക്കെ പണ്ടേ അറിയാം. "ഇതാണോ ഇത്ര വല്യ സൂത്രം?"
" അതല്ല".., അവനാ കതിർകാമ്പ് തല തിരിച്ചു പിടിച്ചു. അത് കൈയിൽ വാങ്ങി പരിശോധിച്ചു. തല ഭാഗത്ത്‌ ഇളം പച്ചയും ചുവട്ടിൽ വെള്ളയും നിറം.
"നീ ആ വെള്ള ഭാഗം തിന്നു നോക്കിക്കേ". കടിച്ചു നോക്കി.
മധുരം!
കൊള്ളാം!
വീണ്ടും ഒരെണ്ണം കൂടി അവൻ പറിച്ചു തന്നു. അങ്ങനെ കുറെ അങ്ങ് തിന്നു. കൈയിലെ ബാക്കി തീപ്പെട്ടിപ്പടങ്ങൾ അരുണിന് നേരെ നീട്ടി. കൂടാതെ പുതിയൊരു അറിവ് തന്നതിനാൽ മായാവിയുടെ പടമുള്ള സ്റ്റിക്കറും കൊടുത്തു.
ഈ പതിവ് തുടർന്നു. ഏറെ താമസിയാതെ
ഷിബുവും ദീപുവും ഇതിന്റെ ടേസ്റ്റ് അറിഞ്ഞു. ഒരാഴ്ച കൊണ്ട് വരമ്പിൻ്റെ ഇരു ഭാഗത്തുമുള്ള നെൽച്ചെടികൾക്ക് തല ഇല്ലാതായി.
ആ പാടം മുഴുവനും സ്‌ഥലത്തെ പ്രധാന പ്രമാണിയായ ചന്ദ്രൻ എന്നൊരാളുടെ വകയാണ്. ദിവസം കഴിയുംതോറും തലയില്ലാത്ത നെല്ചെടികളുടെ എണ്ണം കൂടി വരുന്നത് ആരോ അയാളെ അറിയിച്ചു. എന്ത് തരത്തിൽ പെട്ട കീടങ്ങൾ ആകുമിതെന്നു ഒരു വേള അയാൾ ചിന്തിച്ചു കാണും. ഉറപ്പ്.
പക്ഷെ ഞങ്ങളത് അറിഞ്ഞില്ല എന്നതായിരുന്നു പ്രധാന പ്രശ്നം.
ഒരു വൈകുന്നേരം.. തീറ്റയ്ക്കിടയിൽ നാലുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസല്ല.. സാക്ഷാൽ ചന്ദ്രൻ എന്ന വല്യൊരാൾ. "നീയൊക്കെ എവിടത്തെയാടാ?"
ആ ദുഷ്ടൻമാർ ഒരുമിച്ചു പറഞ്ഞു..
"ഞങ്ങൾ മംഗലത്തുള്ളതാ!"
അയ്യോ ചതി, വഞ്ചന!.. അവന്മാർ എന്ന് മുതലാ എന്റെ കുടുംബക്കാരായത് !
"ങേ, അവിടെ ഇത്രക്ക് ദാരിദ്ര്യമുണ്ടോ? " അയാളൊന്നു കളിയാക്കി.
"എന്നാ വാ പോവാം".
ആ വല്യ ആൾ ഞങ്ങളെ ചെമ്മരിയാടിൻ കൂട്ടം എന്നപോലെ തെളിച്ചു കൊണ്ട് എന്റെ വീട്ടിലെത്തി.
ചാരുകസേരയിൽ അപ്പുപ്പൻ മലർന്നു കിടക്കുന്നുണ്ട്.
ഇനി എന്തൊക്കെ നടക്കോ ആവോ?
"അമ്മാവോ".. അയാൾ അപ്പൂപ്പനെ വിളിച്ചുണർത്തി.
"ആ ചന്ദ്രനോ കേറി വാ". അവരുടെ കുശലം പറച്ചിൽ തുടങ്ങി.
ഞങ്ങൾ നാലും മുറ്റത്തു കയ്യും കെട്ടി തലയും കുമ്പിട്ടു നിന്നു.
അല്പം കഴിഞ്ഞപ്പോൾ അവർ രണ്ടാളും ഞങ്ങളുടെ അടുത്തേക്ക് വന്നു. രണ്ടാളുടേയും കൈയിൽ ചായ.
ചൂട് ചായ ഊതി കുടിച്ചു കൊണ്ട് തിലകൻ സ്റ്റൈലിൽ വന്ന അപ്പുപ്പൻ എന്റെ ചെവി ഏകദേശം ഒരു അറുപതു ഡിഗ്രി കറക്കി. വീണ്ടും പഴയ സ്ഥിതിയിൽ കൊണ്ട് വന്ന ശേഷം പിന്നെയും ഒരു എഴുപത് ഡിഗ്രി. ആ കർമ്മം അഞ്ചാറു തവണ ആവർത്തിച്ചു.
"കേറിപ്പോടീ അകത്തു".
ഒരൊറ്റ ഓട്ടമായിരുന്നു.
പിന്നെ ഏതായാലും, എന്റെ കുടുംബപ്പേര് പറഞ്ഞത് കൊണ്ടാകും അവൻമാർക്കും കുടുംബത്തു നിന്ന് തന്നെ കിട്ടി.
അന്ന് രാത്രി കഞ്ഞി കുടിക്കാൻ ഇരിക്കുമ്പോൾ അപ്പുപ്പൻ അമ്മമ്മയോട് പറഞ്ഞത് ഇപ്രകാരം..
1.ഇന്ന് മുതൽ ഇവൾക്ക് രാവിലെ പുല്ലും, വൈകിട്ട് വയ്ക്കോലും, ഇടക്കിച്ചിരെ പിണ്ണാക്കും കൊടുത്താൽ മതി. (പിണ്ണാക്കിൽ വെള്ളം മിക്സ് ചെയ്യണ്ട എന്ന് പറയാൻ തോന്നി, പറഞ്ഞില്ല. അതിന് നല്ല ടേസ്റ്റാണ്)
2.അവന്മാരെ ഈ പരിസരത്ത് അടുപ്പിക്കരുത്
പക്ഷെ രണ്ടും നടന്നില്ല.
അന്ന് രാത്രി തന്നെ കഞ്ഞി കിട്ടി.
അവന്മാർ പിന്നേം പിന്നേം പിന്നേം വന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot