നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്ന് അദ്ധ്യാപക ദിനം


Image may contain: 1 person, hat
മുൻപ് എഴുതിയതാണ് വീണ്ടും സ്മരിക്കുന്നു..
*** എൽസി റ്റീച്ചർ. ***
( ജോളി ചക്രമാക്കിൽ )
എന്നെ ആദ്യമായി മലയാളം
എഴുതാനും വായിക്കാനും പഠിപ്പിച്ചത്
എൽസി റ്റീച്ചറാണു..
വളരെയധികം സ്ഥൂലിച്ച ശരീരമാണു റ്റീച്ചർക്കു ..
വാൽസല്യം കൊണ്ട് കെട്ടിപിടിക്കുബോൾ .
സ്നേഹം കൊണ്ടാണോന്നറിയില്ല
വല്ലാതെ വീർപ്പുമുട്ടാറുണ്ട് ഞാനന്ന്..
തന്റെ വലിയ ശശീരവും കൊണ്ട്‌ ആയാസപ്പെട്ട് റ്റീച്ചർ സ്കൂളിന്റെ പടികടന്നു വരുന്നത് ഇന്നും മറന്നിട്ടില്ല.
ക്ലാസ്സുകൾ ആരംഭിച്ചു കഴിഞ്ഞേ റ്റീച്ചർ എത്താറുള്ളൂ..അതിനു ഹെഡ്മിസ്ട്രസ്സ് ആവോളം വഴക്കും പറയാറുണ്ട് .
രണ്ട് കിലോമീറ്റർ ദൂരെ ആറാം ഗെയ്റ്റ് നിന്നും മെല്ലെ മെല്ലെ നടന്നാണു റ്റീച്ചർ എന്നും വരുന്നതു
ഒരു കൈയ്യിൽ കടുംനീല തുണി കൊണ്ട് തുന്നിയ തുണി സഞ്ചി മറ്റേ കൈയുടെ കക്ഷത്തിൽ പ്ലാസ്റ്റിക് പിടിയുള്ള കറുത്ത കുട...
സാധാരണയായി ആണുങ്ങളാണു കുട കക്ഷത്തിൽ വയ്ക്കുക എൽസി റ്റീച്ചറും അങ്ങിനെ തന്നെ
ക്ലാസിൽ കയറിയതിനു ശേഷം മുറിയുടെ മൂലയിലുള്ള പീഞ്ഞപലക കൊണ്ട് ഉണ്ടാക്കിയ അലമാര എന്നു വിളിക്കുന്ന വസ്തുവിന്റെ മുതുകിൽ കുടയെ ഒതുക്കി കിടത്തിയ ശേഷം,
അലമാരയുടെ വാതിൽ തുറന്ന് കൈയിലെ സഞ്ചിയിൽ നിന്നും മൂന്നു അടുക്കുകളുള്ള റ്റിഫ്ഫിൻ കാരിയർ എടുത്തു ഭദ്രമായി അകത്തു വയ്ക്കും പിന്നെ വെള്ളക്കുപ്പിയും ,
ഇനി അലമാരക്ക് അകത്തുള്ളത് പുല്ലുനുറുങ്ങുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ചോക്കോടു കൂടിയ ചെറിയ ചോക്ക്പെട്ടി....
പിന്നെ ബോർഡ് തുടയ്ക്കുന്ന ചതുരാകൃതിയിലുള്ള തുണി തുന്നി കൂട്ടിയുണ്ടാക്കിയ ചെറിയ ഡസ്റ്റർ..
ഈ ഡസ്റ്ററിനും ടീച്ചറിന്റെ സഞ്ചിയ്ക്കും ഒരേ.. നീലനിറം രണ്ടും ടീച്ചർ തന്നെ തുന്നിയുണ്ടാക്കിയത്..
ബോർഡിൽ "അ" എന്ന് എഴുതിയതിനു ശേഷം ടീച്ചർ ഓരോരുത്തരുടേയും അരികിൽ വന്ന് തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയിൽ കല്ലു പെൻസിൽ പിടിപ്പിച്ച ശേഷം സ്ലേറ്റിൽ എഴുതിച്ചു
"അ'' ..ആദ്യാക്ഷരം '..
മരത്തിന്റെ ചട്ട കൊണ്ട് അതിരിട്ട സ്ലേറ്റിൽ കല്ലു പെൻസിൽ കൊണ്ട്
തറ ..പറ ..എന്നെഴുതുബോൾ ഉണ്ടാകാറുള്ള അലോസരം
ഉണർത്തുന്ന ശബ്ദവീചികൾ ഇന്നും കാതുകളെ തേടിയെത്താറുണ്ട്
ഒരിക്കൽ തേഞ്ഞു തീരാറായ കല്ലു പെൻസിൽ
(മൂട്ട പെൻസിൽ എന്നാണ് അന്നു അതിനു പറയുക) അതെ .ഈ മൂട്ടയൊരെണ്ണം
ചെവിയിൽ കുത്തികടത്തി ..
എടുക്കാൻ ശ്രമിക്കുന്തോറും ഉള്ളിലേക്ക് പോയ ഈ മൂട്ടയെ എങ്ങിനെ പുറത്താക്കും എന്നറിയാതെ ആകെ വിഷമിച്ച് നിസ്സഹായനായി തേങ്ങികരഞ്ഞു കൊണ്ടിരിക്കെ....
റ്റീച്ചർ അടുത്ത് വന്ന് കാര്യം തിരക്കുകയും പൊടുന്നനെ
തലയിൽ കെട്ടിവച്ച കൊണ്ടയ്ക്കകത്തു നിന്നും.
(അക്കാലത്ത് തലമുടിയുടെ അറ്റത്ത് വാർ മുടി എന്നൊന്ന് ഏച്ചുകൂട്ടി ചുരുട്ടിക്കൂട്ടി
ഉണ്ടയാക്കി ഒരു കറുത്ത നെറ്റ് കൊണ്ട് പൊതിഞ്ഞ് ഹെയർപിൻ ആവശ്യത്തിലേറെ ഉപയോഗിച്ച് ഉറപ്പിച്ചു നിറുത്തുന്ന അഭ്യാസമാണു "കൊണ്ട ")
ഒരു ഹെയർപിൻ വലിച്ചൂരി എന്റെ തല കഴുത്തോടെ കക്ഷത്തിലിറുക്കി പിടിച്ച് അതിസാഹസികമായി തോണ്ടി പുറത്തെടുത്ത് അതേ കാത് പിടിച്ചു വട്ടം ചുറ്റിച്ചു ..
ഇനി കണ്ണിൽ കണ്ട സാധനങ്ങൾ ചെവിയിൽ ഇടരുതെന്ന് ശാസിച്ച ശേഷം ..
കൊണ്ടയിൽ തന്നെ ഹെയർപിൻ തിരിയെ വച്ചു നടന്നു പോയത് ഇന്നും ആശ്വാസം തരുന്ന വീർപ്പുമുട്ടിക്കുന്ന ഓർമ്മയാണ്..
ടീച്ചറുടെ കൊണ്ടയ്ക്കകത്ത് ഹെയർ പിൻ കൂടാതെ കറുത്ത നൂലു കോർത്ത സൂചിയും തിരുകി വച്ചിരിക്കും
അന്നൊക്കെ കളിക്കിടയിൽ ഷർട്ടിന്റേയും ട്രൗസറിന്റേയും കുടുക്കുകൾ പൊട്ടുന്നത് സാധാരണമാണ്
അപ്പോൾ കുടുക്കുമായി ടീച്ചറുടെയുത്തു ചെന്നാൽ കൊണ്ടയിൽ നിന്നും സൂചി വലിച്ചൂരി ചേർത്തു നിർത്തി കുടുക്ക് യഥാസ്ഥാനത്തു പിടിപ്പിച്ചു തരും.,,
ഇനി കുടുക്കില്ലെങ്കിൽ ടീച്ചറുടെ കൈവശമുള്ള ടിന്നു കൊണ്ടുള്ള മുഠായിപ്പെട്ടിയിൽ നിന്നും ഏതെങ്കിലും ഒരു കുടുക്ക് തപ്പി പിടിച്ച് കാര്യം സാധിച്ചു തരുമായിരുന്നു..
പല തരം കുടുക്കുകൾ, ഹുക്കുകൾ ,സേഫ്റ്റി പിന്നുകൾ, ചില്ലറ നാണയങ്ങൾ, മഷി ഫില്ലർ, മഷിയുണങ്ങിയ പെന്നുകൾ, അശോക ബ്ലേയ്ഡ് .
എന്നിവയെല്ലാമാണ് ഈ മാന്ത്രികപ്പെട്ടിയിലെ മറ്റു ചില അന്തേവാസികൾ..
ഇത്രയും കാര്യം ..
ഇനി കഥ...
തികച്ചും ഭാവന.,,
എനിക്ക് ആദ്യ കാലത്ത് വഴങ്ങാത്ത അക്ഷരം "എ "ആയിരുന്നു എങ്ങിനെയോ "എ"യ്ക്ക് പകരം" പൈ"
ആണു വലിഞ്ഞു കയറി വന്നത്..
അത് ആവശ്യം പോലെ തെറ്റായി ഉപയോഗിക്കാനും തുടങ്ങിയ നാളുകൾ
"എലി കരണ്ടു തിന്നുന്നു "
മിക്കവാറും എഴുതി വരുബോൾ .
"പൈലി കരണ്ടു തിന്നുന്നു " എന്നാവും
എന്താ ചെയ്യാ പൈലി എന്ന് പേരുള്ള അതും പ്രധാന അദ്ധ്യാപികയുടെ മകൻ സഹപാഠിയായ് വന്നത് തികച്ചും യാദൃശ്ചികം ..
കാലക്രമേണ ഞങ്ങൾ പൈലിയും പൂച്ചയുമായതിൽ അത്ഭുതം ഉണ്ടോ...?
ആയിടെ ഒരാഴ്ചയോളം ലീവ് കഴിഞ്ഞു വരുന്ന എൽസി റ്റീച്ചറെ വരവേൽക്കാൻ
ബോർഡിൽ ഞാൻ ഇങ്ങിനെ എഴുതി
സ്നേഹമുള്ള എൽസി റ്റീച്ചർക്ക് സ്വാഗതം..
പക്ഷെ എഴുതി വന്നപ്പോൾ
സ്നേഹമുള്ള പൈൽസി റ്റീച്ചർക്ക് സ്വാഗതം..എന്നായി
ഒരാഴ്ച ..അവധിയെടുത്തത് പൈൽസിന്റെ ശസ്ത്രക്രിയയ്ക്ക് ആയിരുന്നത്..അതിലേറെ യാദൃശ്ചികം മാത്രം..
ടീച്ചറന്ന് തന്നെ ..കല്ലു പെൻസിൽ തൊട്ട് സത്യം ഇടീച്ചതാണു .
മോൻ ഒരൻപത് വയസ്സ് കഴിഞ്ഞു മാത്രം
വല്ലതും എഴുതിയാൽ മതി..
നാട്ടുകാർ ബാക്കിവെച്ചെങ്കിൽ തുടർന്നും എഴുതിക്കോ..
അന്ന് ഇതൊന്നും എനിക്ക് കാണേണ്ടി വരില്ല..
ശരിയാണു റ്റീച്ചർ ഇത് കാണാൻ ഇന്നില്ല.....
തെറ്റിയെഴുതിയ അക്ഷരങ്ങൾ തിരുത്തി നേർവഴി തെളിച്ച.സ്നേഹമുള്ള എൽസി റ്റീച്ചർക്ക് സ്മരണാഞ്ചലി ..
Jolly Chakramakkil.....
5 - Sep - 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot