നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മയിൽപ്പീലിത്തുണ്ട്

Image may contain: 1 person, selfie, closeup and indoor
ഞായറാഴ്ച കുർബാന കഴിഞ്ഞ് അവൾ പള്ളി വിട്ട് പുറത്തിറങ്ങി . അൾത്താരക്കുമുന്നിൽ മുട്ട് കുത്തി നിന്നപ്പോൾ കണ്ടിരുന്നു അവളുടെ കണ്ണുകൾ ഈറനണിയുന്നത് . , ആരും കാണാതെ സാരി തലപ്പ് കൊണ്ട് മറക്കുന്നതും . എന്തായാലും പറയാനുള്ളതും അറിയാനുള്ളതും ഉടനെ വേണം . രണ്ടും കൽപ്പിച്ച് അബിൻ പള്ളി വിട്ടിറങ്ങി .
"സെറീനാ ..'' അബിൻ പിന്നിൽ നിന്നും വിളിച്ചു. കൽപ്പടവുകളുടെ ഓരം പറ്റി അവൾ തിരിഞ്ഞു നോക്കി . '' അബിൻ '' അവൾ മനസ്സിൽ പറഞ്ഞു. അവൻ അവളുടെ അരികിലെത്തി , ''ഓർമ്മയുണ്ടോ എന്നെ ?'' അബിൻ ചോദിച്ചു . '' മറന്നിട്ടില്ല '' സെറീന പറഞ്ഞു.
സെറീന മുഖത്ത് പുഞ്ചിരി നിറച്ചു കൊണ്ട് ചോദിച്ചു , "അബിൻ നാട്ടിലുണ്ടോ ? എന്ന് വന്നു ?" . അവളുടെ പുഞ്ചിരി നാട്യമെന്നു അറിഞ്ഞു തന്നെ അവനും മറുപടി പറഞ്ഞു "ഉണ്ട് , ഇനി പോകുന്നില്ല . ചെറിയൊരു ബിസിനസ് തുടങ്ങി ". അവളുടെ കണ്ണുകളിൽ അവൻ അറിഞ്ഞു തിരതല്ലിവരുന്ന അവളുടെ സങ്കടം .
പള്ളിയിലെ തിരക്കിനിടയിൽ സെറീന കണ്ടു അവർക്കു നേരെ പാഞ്ഞു വരുന്ന രണ്ടു കണ്ണുകൾ . കത്രീന ഏട്ടത്തി . പരദൂഷണം കൈമുതലാക്കിയവർ . അവൾ വേഗം സാരി തലപ്പ് നേരെയാക്കി അവനോട് യാത്ര പറഞ്ഞു നടന്നു . അബിൻ നിശ്ചലനായി നോക്കിനിന്നു , പറയാനുള്ളതൊന്നും പറയാതെ .
മാളിയേക്കൽ ഔതക്കുട്ടി മുതലാളിയുടെ പെൺമക്കളിൽ ഇളയവൾ . രണ്ടു വര്ഷം മുൻപാണ് സെറീനയുടെ മിന്നുകെട്ട് ആർഭാട പൂർവ്വം നടത്തിയത് .ഇന്നവൾ 'കന്യകയായ വിധവയാണ് ' , ഭർത്താവു ജോൺ മരണപെട്ടു . സെറീനയുടെ സ്വഭാവ ദൂഷ്യമാണ് കാരണം എന്നൊരു അടക്കം പറച്ചിലും ഉണ്ട് നാട്ടിൽ .
അമ്പരപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങൾക്കു നടുവിൽ ഒരൽപം നൊമ്പരത്തോടെയാണ് സെറീന തന്റെ വൈവാഹിക ജീവിതം മുൻപോട്ടു നയിച്ചത് . വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭർത്താവിന്റെ വൈകൃതമായ ചേഷ്ടകൾ അവൾക്കു ആദ്യമൊന്നും മനസ്സിലായിരുന്നില്ല . അധികം താമസിയാതെ അവൾ മനസിലാക്കി ജനിതക വൈകല്യം ഉള്ള ഒരാൾ ആണ് തന്റെ ഭർത്താവെന്നു . പുറത്താരോടും ഒന്നും പറയാനാകാതെ അവൾ വേദന ഉള്ളിലൊതുക്കി .
സെറീന വീട്ടിലെത്തിയ പാടെ അമ്മച്ചിയുടെ ചോദ്യം വന്നു ."ഇന്നു നിനക്കൊപ്പം ആരെയോ കണ്ടെന്നു കത്രീന വന്നു പറഞ്ഞു " "ഇത്രനാളും കേട്ടതൊന്നും പോരെ മോളെ ?" ഇനിയും അമ്മച്ചിക്കൊന്നും കാണാനും കേൾക്കാനും വയ്യ . സെറീനയുടെ കണ്ണുകൾ ഈറനണിഞ്ഞു . "അമ്മച്ചീ , അതുപിന്നെ നമ്മുടെ വടക്കേതിലുണ്ടായിരുന്ന അബിൻ , ഞങ്ങൾ ഒന്നിച്ചു പഠിച്ചവരല്ലേ . . കണ്ടപ്പോ വിശേഷം ചോദിച്ചു ".
അബിൻ പള്ളിയിൽനിന്നും നേരെ വീട്ടിലെത്തിയിരുന്നു . പെങ്ങന്മാരുടെ വിവാഹശേഷം അമ്മയും അവനും തനിച്ചാണ് വീട്ടിൽ . വിദേശത്തുനിന്നും എത്തിയിട്ട് ഒരു മാസം ആകുന്നു . പലപ്പോഴും വരുന്ന വിവാഹ ആലോചനകളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു . അടുത്ത ദിവസങ്ങളിലാണ് തന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന ഇഷ്ടം അബിൻ അമ്മച്ചിയെ അറിയിച്ചത് .
ആദ്യമൊക്കെ എതിർത്തെങ്കിലും അബിന്റെ വാശിക്ക് മുൻപിൽ മുട്ടുമടക്കേണ്ടി വന്നു . "ഒരു രണ്ടാം കെട്ടുകാരിയെ തന്നെ വേണോടാ നിനക്ക് ?" .അവളുടെ കാലക്കേടുകൊണ്ടാ ആദ്യ കെട്ടിയോൻ മരിച്ചതെന്നാ നാട്ടുകാര് പറയുന്നത് . അതിലൊന്നിനും അവൻ ചെവി കൊടുത്തതേയില്ല . അവന്റെ മനസ്സിൽ അവൾ പഴയതിലും തിളക്കത്തോടെ നിൽക്കുകയായിരുന്നു .
തൊട്ടടുത്ത ദിവസം തന്നെ അബിൻ അമ്മച്ചിയുമായി സെറീനയുടെ വീട്ടിൽ എത്തി. , കാര്യം അവതരിപ്പിച്ചു .എല്ലാം കേട്ട് ഷോക്കടിച്ചപോലെ നിൽക്കുകയാണ് സെറീന . അബിൻ അവളുടെ മുന്നിൽ നിന്നു "കാലം ഓടിയകലുന്നപ്പോൾ ഞാനും നിന്നിൽ നിന്നും അകന്നു പോയിട്ടുണ്ടാവും അല്ലേ ?" മനസിന്റെ കോണിൽ എവിടെയെങ്കിലും മായാത്തതായി അവശേഷിപ്പുകൾ ഉണ്ടാകില്ലേ?",
"ബാധ്യതകൾക്കിടയിലേക്കു നിന്നെ കൂട്ടാനാകുമായിരുന്നില്ല എനിക്ക് " ഒരു കുമ്പസാരം പോലെ അബിൻ തുടർന്നു " എന്റെ ഏകാന്തതയിലും , വിശാലതയിലും നീ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത് ",,. അബിൻ അവളുടെ കരം കവർന്നു "ഇനിയുള്ള പുലരികളും അസ്തമയങ്ങളും, പുതുമഴകളും നമ്മുടേതാക്കിക്കൂടെ ?".
സെറീനയുടെ മൗനം എല്ലാവരിലും ആശങ്കയുണ്ടാക്കി . ഒരു മറുപടി പ്രതീക്ഷിച്ചാണ് അബിൻ മടങ്ങിയത് . സെറീന മുറിയിൽ കയറി വാതിൽ അടച്ചു . അവളുടെ അമ്മയും ധർമ്മ സങ്കടത്തിലായി .ഇത്രമാത്രം അവർ പറഞ്ഞു "ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം ?"നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ് .
മുൻപേ പലപ്പോഴും താൻ ആഗ്രഹിച്ച കാര്യമാണ് അബിൻ ഇപ്പോൾ പറഞ്ഞിട്ട് പോയത് .ആഗ്രഹിച്ചതൊന്നും അല്ലല്ലോ തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത് . അര്ഹതയില്ലാത്തൊരാൾക്കുമുന്നിൽ തല കുനിച്ചു കൊടുക്കേണ്ടി വന്ന ഹതഭാഗ്യ.
ഒരു മിന്നൽ പിണർപ്പുപോലെ എന്തോ ഒന്ന് അവളുടെ ഓർമ്മയിലേക്ക് വന്നു . ചെറുപ്പത്തിൽ അബിനും ഒത്താണ് സ്കൂൾ പോയിരുന്നത് . ഒരിക്കൽ വഴിയോരത്തു കിടന്നു കിട്ടിയ മയിൽ‌പീലി തുണ്ട് ആരും കാണാതെ അവൻ തനിക്കു നേരെ നീട്ടി , മെല്ലെ പറഞ്ഞു "ഇതിനു കുഞ്ഞുങ്ങൾ ഉണ്ടാകുമത്രേ " ഇതു നീ എടുത്തോ , എന്നെങ്കിലും ഒരിക്കൽ ഇതിനു കുറെ കുട്ടികൾ ഉണ്ടാവുമ്പോ ഞാൻ വരും കേട്ടോ "
ഒരു നിധി പോലെ താനത് സൂക്ഷിച്ചിരുന്നു . മാനം കാട്ടാതെ ചെപ്പിലൊളിപ്പിച്ച മയിൽ‌പീലി തുണ്ട് പോലെ തന്റെ ഉള്ളിലും ഉണ്ടായിരുന്നു ആരോടും പുറത്തു പറയാത്തൊരിഷ്ടം . സെറീന ആരും കാണാതെ സൂക്ഷിച്ച ആ പഴയ ചെപ്പു തുറന്നു. അവൾക്കു തന്റെ കണ്ണ്കളെ വിശ്വസിക്കാനായില്ല . ചെപ്പു നിറയെ മയിൽ‌പീലി കുഞ്ഞുങ്ങൾ . അവളുടെ കണ്ണുകളിൽ പ്രകാശം നിറഞ്ഞു .പിന്നെ ഒട്ടും വൈകിയില്ല അവളുടെ തീരുമാനം മറ്റുള്ളവരെ അറിയിച്ചു .ഇനിയുള്ള കുരുത്തോല പെരുനാളുകളൊക്കെയും അവനൊപ്പമെന്നു .
ദിവ്യ മധു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot