നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗുൽമോഹർ

Image may contain: 1 person, closeup

ഗുൽമോഹർ പൂക്കൾ കൈയിൽ വെച്ചു ഭംഗി ആസ്വദിക്കുന്ന അവനെ ഞാൻ കൗതുകത്തോടെയാണ് നോക്കി നിന്നത്. കാരണം എനിക്കത്ര ഇഷ്ടമായിരുന്നു ആ പൂക്കൾ. ആൺകുട്ടികൾക്കും ഇതിനോട് കൗതുകം തോന്നുമെന്ന് എനിക്ക് അറിയില്ലാരുന്നു. രണ്ട് വർഷത്തോളമായി ഞാൻ ഈ പൂക്കൾ കാണാൻ വേണ്ടി മാത്രം ഇവിടേക്ക് വരാൻ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് ഒരു ആൺകുട്ടി അതിന്റെ ഭംഗി ആസ്വദിക്കുന്നത് ശ്രദ്ധയിൽപെടുന്നത്. ആ നിമിഷം തന്നെ ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങി എന്നതായിരുന്നു സത്യം.
അവനെ എനിക്കറിയാം ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെയാണ് അവനും താമസിക്കുന്നത്. പലപ്പോഴും കണ്ടിട്ടുണ്ട്. അന്നു ലിഫ്റ്റിൽ അവനുമുണ്ടായിരുന്നു. അന്നാദ്യമായി ഞാൻ അവനെ നോക്കി ചിരിച്ചു.
"ഗുൽമോഹർ ഇഷ്ടമാണോ "
അതായിരുന്നു അവനോടുള്ള എന്റെ ആദ്യത്തെ സംസാരം. ഒരു അപരിചിതനോട് അത്ര ലാഘവത്തോടെ വിശേഷങ്ങൾ തിരക്കാൻ സാധിക്കുമെന്ന് ഞാൻ അതുവരെ കരുതിയിരുന്നില്ല.
അവൻ ലേശം അമ്പരപ്പോടെയാണ് എന്നെ വീക്ഷിച്ചത്.
"ഗുൽമോഹർ ! ....
ഓ.. വാകപ്പൂ "
ഒന്നു നിർത്തിയിട്ടു അവൻ തുടർന്നു...
"അതേ... ഇഷ്ടമാണല്ലോ "
ഗുൽമോഹറിനു, വാക എന്നൊരു പേരുണ്ടോ?. അതെനിക്കറിയില്ലാരുന്നു. എങ്കിലും അതെനിക്ക് ഇഷ്ടമായില്ല എന്നുള്ളതാണ് സത്യം. ഞാൻ ആ ഇഷ്ടക്കേട് മറച്ചുവെയ്ക്കാതെ തന്നെ പറഞ്ഞു..
"ഗുൽമോഹർ എന്ന പേരിനാണ് സൗന്ദര്യം. "
"ഞങ്ങൾ നാട്ടിൻപുറത്തുകാർക്ക് അത് വാകപ്പൂ ആണ്. കവികൾ എത്ര മനോഹരമായി വർണിച്ചിട്ടുണ്ട് അതിനെപ്പറ്റി. നിങ്ങൾ പട്ടണവാസികൾക്ക് ഗുൽമോഹർ... അത്രേയുള്ളൂ"
ഒരു ചെറുപുഞ്ചിരിയോടെയാണ് അവൻ അത് പറഞ്ഞത്.
എനിക്കെന്തോ എന്റെ പ്രിയപ്പെട്ടവരേ ആരെയോ ചീത്ത പറഞ്ഞപോലെയാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ പിന്നീട് അവനെ ഞാൻ നോക്കാൻ ഞാൻ തയാറായില്ല. ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ അവൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്കത് എന്നെ കളിയാക്കുംപോലെ തോന്നി. എനിക്ക് വീണ്ടും കാരണമില്ലാതെ ദേഷ്യം വന്നു. അത് അവനോടുള്ള എന്റെ പ്രണയമാണെന്ന് പിന്നീട് ഞാൻ അറിഞ്ഞു.
അതിനുശേഷം അവനെ കണ്ടപ്പോളൊക്കെ എന്റെ കൈകൾ വിയർത്തു. നെഞ്ചിടിപ്പു ക്രമാതീതമായി കൂടി. മനഃപൂർവം കാരണങ്ങളുണ്ടാക്കി ഞങ്ങൾ കണ്ടു. ഗുൽമോഹർപൂക്കൾ തന്ന സമ്മാനമായിരുന്നു എനിക്കവൻ...
എന്റെ മടിയിൽ തലവെച്ച് കിടന്നവൻ, അവന്റെ നാട്ടിൻപുറത്തേയും വാകപൂക്കളെയുംവാ തോരാതെ വർണിച്ചു. അപ്പോഴൊക്കെയും ഞാൻ അവനെ തിരുത്തി..
"വാകയല്ല.. ഗുൽമോഹർ "
പക്ഷേ, അവൻ ഒരിക്കലും അത് തിരുത്തിപ്പറയാൻ തയാറായില്ല.
ഞങ്ങളുടെ പ്രണയം പോലെ മനോഹരമായ ഗാന്ധർവവിവാഹം മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. മനോഹരമായിരുന്നു ആ ദിനങ്ങൾ. ഗുൽമോഹർപൂക്കൾ പോലെ. ആ നാളിലൊക്കെ ഞാൻ അവനെ ഗുൽമോഹർ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ഞാൻ വ്യഥ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ അപ്പോഴും വാക എന്ന് മാത്രം പറഞ്ഞു.
"ഒരിക്കൽ നിന്നെയും കൂട്ടി ഞാൻ നാട്ടിൽ പോകും. മുറ്റത്തെ വാകപ്പൂമരം കാണിച്ചു തരും.അതിൽ ഒരു ഊഞ്ഞാൽ ഉണ്ട്. അതിൽ ഞാൻ മാത്രമേ ഇരിക്കാറുള്ളു. ഇനി അതു നിനക്ക് കൂടി അവകാശപ്പെട്ടതാണ്. "
"അതെനിക്കിഷ്ടമാണ്...പക്ഷെ നീ ഇനി മേലിൽ വാക എന്ന് പറയണ്ട. ഗുൽമോഹർ എന്ന് പറയുമോ?. എനിക്ക് വേണ്ടി... "
"ഇല്ല "
എന്നെ ഉമ്മവെക്കാൻ തുടങ്ങിയ അവനെ ഞാൻ തള്ളി മാറ്റി. ഗുൽമോഹർ എന്ന് പറയാത്തത്തിന്റെ പേരിൽ.അവൻ ഒരു പൊട്ടിച്ചിരിയോടെ എന്നെ വീണ്ടും ശുണ്ഠി പിടിപ്പിച്ചു.
എന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ അമ്മയുടെ അനുവാദം വാങ്ങാൻ ആയിരുന്നു അന്നവൻ നാട്ടിലേക്ക് പോയത്. അവന്റെ മൊബൈൽ പരിധിക്കു പുറത്തു എന്ന മറുപടി സ്ഥിരമായി നൽകാൻ തുടങ്ങിയത് എന്നെ ഭ്രാന്ത്‌ പിടിപ്പിച്ചു. പിന്നീട് ഒരിക്കലും അവന്റെ ശബ്ദം ഞാൻ കേട്ടില്ല.
എന്നെ ഒന്നു പേടിപ്പിച്ചിട്ടു അവൻ തിരികെ വരുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടാണ് അവൻ തിരികെ വരാൻ ടിക്കറ്റ് റിസർവേഷൻ ചെയ്ത ദിവസം ഞാൻ ബസ് സ്റ്റേഷനിൽ എത്തിയത്. ഓരോ ആളും ഇറങ്ങുമ്പോളും ഞാൻ പ്രതീക്ഷിച്ചു അടുത്തത് അവൻ ആയിരിക്കുമെന്ന്. അവസാനത്തെ ആളും ഇറങ്ങി. അതു അവന്റെ കൂട്ടുകാരൻ ഹരി ആയിരുന്നു. അവരൊരുമിച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്. ഒരേ നാട്ടുകാർ.
"കാർത്തിക് എവിടെ? "
ഹരി എന്നെ നോക്കിയത് സഹതാപത്തോടെ ആയിരുന്നു.
"അവൻ ഇനി ഇങ്ങോട്ടേക്കു വരില്ല. അച്ഛന്റെ ഒപ്പം അവനും അമ്മയും ഡൽഹിയിലേക്ക് പോയി. അവിടെ അവനു കുറച്ചുകൂടി നല്ലൊരു ജോലി ശരിയായി. "
ഞാൻ അതു വിശ്വസിക്കാൻ തയാറായില്ല. എന്നോട് പറയാതെ അവൻ എവിടെയും പോകില്ല. അവനതിനു കഴിയില്ല. എന്റെ ഭാവം കണ്ടു ഭയന്ന ഹരി നിർബന്ധിച്ചു ടാക്സിയിൽ കയറ്റി എന്നെ ഫ്ലാറ്റിൽ എത്തിച്ചു. അവിടെ അവനിഷ്ടമുള്ള വാകപൂക്കൾ ഞാൻ കരുതി വെച്ചിട്ടുണ്ടായിരുന്നു. അതെന്നെ നോക്കി പല്ലിളിക്കുമ്പോലെ എനിക്ക് തോന്നി.
അവൻ എന്നെ കൂട്ടിക്കൊണ്ട് പോകാൻ വരുമെന്ന് ഓരോ ദിവസവും ഞാൻ കരുതി. ഹരിയുടെ സമാധാനവാക്കുകൾ ഞാൻ കേട്ടതേയില്ല. ജനാല തുറക്കുമ്പോൾ കാണുന്ന ഗുൽമോഹർ എന്നെ ഭ്രാന്തിയാക്കി. ഞാൻ ഇരുട്ടിൽ ഒളിച്ചിരിക്കാൻ തുടങ്ങി.
ഭ്രാന്താശുപത്രിയിലെ ഇരുട്ടിൽ ഞാൻ കണ്ടതെല്ലാം ഗുൽമോഹർപൂക്കൾ ആയിരുന്നു.
ഹരിയോടൊപ്പം ആ ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ അവിടെ പൂത്തു നിന്ന ഗുൽമോഹർ ഞാൻ വെറുപ്പോടെ നോക്കി. എന്റെ നോട്ടം കണ്ടു ഹരി എന്നെ ചോദ്യരൂപേണ നോക്കി.
"ചിലർക്ക് പ്രണയം വെറും ഭ്രമമാണ്. പെണ്ണിന്റെ ഉടലാഴങ്ങളിൽ അവസാനിക്കുന്ന ഭ്രമം. അല്ലേ ഹരി?? "
ഹരി എന്റെ മുഖത്തേക് നോക്കാതെയാണ് മറുപടി നൽകിയത്..
"ചിലർക്ക് മാത്രം... ചിലർക്കതു പ്രാണവായു ആണ് "
ഹരിയേ പുച്ഛത്തോടെ നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.
നിലത്ത് കിടന്ന ഗുൽമോഹർപൂക്കൾ ചവിട്ടിയരച്ചുകൊണ്ടാണ് അന്നു ഞാൻ നടന്നു നീങ്ങിയത്.
വർഷങ്ങൾക്കിപ്പുറം എല്ലാമറിയുന്ന ഹരിയുടെ ഭാര്യ ആകുമ്പോൾ ഒന്നു മാത്രമേ ഞാൻ നിബന്ധന വെച്ചുള്ളു. ആ നാട്ടിലേക്കു വരാൻ ഒരിക്കലും ഞാൻ തയാറാവില്ല. കാർത്തിക് ഒരുപാട് സ്നേഹിക്കുന്ന നാടാണ് അതു. അതു കാണാൻ പോലും ഇഷ്ടമല്ല എനിക്ക്.
ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്നവരെ ആയിരിക്കും പിന്നീട് ഒരുപാട് വെറുക്കുക. അല്ലെങ്കിൽ അങ്ങനെ ഭാവിക്കുക.
ഹരി പാവമായിരുന്നു. എനിക്കിഷ്ടമല്ലാത്തതൊന്നും ചെയ്യാത്ത ഒരു പാവം. അമ്മാളുവിനെ പ്രസവിച്ചപ്പോഴും ഹരി സൂചിപ്പിച്ചു. നാട്ടിൽ പോകുന്ന കാര്യം. ഹരിക്ക് നേരെ ഞാൻ പൊട്ടിത്തെറിച്ചു..
"എനിക്ക് കാണേണ്ട അവന്റെ നശിച്ച നാട്. അവിടെ അവൻ ഉണ്ടാകും. അവന്റെ വീടിന്റെ മുന്നിൽ കൂടിയല്ലേ ഹരിയുടെ വീട്ടിൽ പോകാൻ കഴിയൂ? ഞാൻ വരില്ല.
ഹരി എതിർത്തൊന്നും പറഞ്ഞില്ല. നിശബ്ദനായി പുറത്തേക്കു പോയി.
ഹരി നാട്ടിലെ എന്തെങ്കിലും വിശേഷങ്ങൾ പറഞ്ഞാൽ അപ്പോഴൊക്കെ ഞാൻ സൂത്രത്തിൽ വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുമായിരുന്നു. എന്റെ താല്പര്യകുറവ് മനസ്സിലാക്കിയാവണം ഹരിയും നാടുമായുള്ള ബന്ധം അമ്മയുമായുള്ള ഫോൺവിളികളിൽ ഒതുങ്ങി.
ഹരിക്ക് അമ്മ മാത്രേയുള്ളൂ. അമ്മാളുവിനെ ഒന്നു കാണിച്ചു വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല. കുറേ ആലോചിച്ചാണ് മറുപടി നൽകിയത്.
"ഞാനും വരാം "
അതു ഹരിയേ വളരെയധികം സന്തോഷിപ്പിച്ചു. കാറിൽ കയറുമ്പോൾ ഒന്നു മാത്രം പറഞ്ഞു..
"കാർത്തികിന്റെ വീടെത്തുന്നതിനു മുൻപ് പറയണം. എനിക്ക് കണ്ണടച്ചിരിക്കണം. ഹരി പറഞ്ഞില്ലെങ്കിലും എനിക്ക് ആ വീട് കണ്ടാൽ മനസിലാകും. അതുപോലെ വർണിച്ചിട്ടുണ്ട് അതേപറ്റി. അവന്റെതായിട്ടുള്ള ഒന്നും കാണാൻ എനിക്ക് ഇഷ്ടമല്ല. സോ...."
ഹരി ഒന്നും മിണ്ടാതെ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞു അറിയാതെ ഉറങ്ങിപോയി. കാർ ബ്രേക്കിട്ടപ്പോഴാണ് ഞെട്ടി ഉണർന്നത്.
കാർത്തികിന്റെ വീട്. ഒരിക്കലും കണ്ടില്ലെങ്കിലും ഇതിന്റെ മുക്കും മൂലയും എനിക്ക് പരിചയമാണ്.
"എന്തിനായിരുന്നു ഹരി? ഞാൻ പറഞ്ഞതല്ലേ? "
"ഒന്നും പറയരുത്. നീ ഇറങ്ങു. ഇവിടെ നിന്നെ കാത്തിരിക്കുന്ന ഒരാളുണ്ട്. നീ ദേഷ്യപ്പെടരുത്. അവർ പാവമാണ്. "
"ആര് "
"അവന്റെ അമ്മ "
"അവരെന്തിനാ എന്നെ കാണുന്നത്.. ഹരി ഈ അറ്റ്മോസ്ഫിയർ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. നമുക്ക് തിരിച്ചു പോകാം "
"പറ്റില്ല. നീ വരണം "
ഹരി ഡോർ തുറന്നു പിടിച്ചു. ഞാൻ അറിയാതെ വീടിന്റെ ഇടതു വശത്തേക്കു നോക്കി. പൂത്തു നിൽക്കുന്ന വാകമരം. അതിലൊരു ഊഞ്ഞാൽ.
"ഇല്ല ഹരി... ഞാൻ വരില്ല. എനിക്ക് പറ്റില്ല. അവൻറെതൊന്നും എനിക്ക് കാണണ്ട. എനിക്ക് തിരിച്ചു പോകണം "
ഹരി എന്റെ കൈ പിടിച്ചു ബലമായി കാറിൽ നിന്ന് ഇറക്കി. ഞാൻ അമ്പരന്നു പോയി. കാരണം എനിക്കിഷ്ടമല്ലാത്തതൊന്നും ഹരി അന്നുവരെ ചെയ്തിട്ടില്ലായിരുന്നു.
ഹരി എന്നെ കൊണ്ട് പോയത് ആ വാകമരത്തിന്റെ ചുവട്ടിലേക്കായിരുന്നു. അവിടെ വാകപ്പൂക്കൾ പട്ടു വിരിച്ച മണ്ണിലേക്ക് അവൻ വിരൽ ചൂണ്ടി. ഞാൻ കണ്ടു. ചെറിയ ഇഷ്ടിക കൊണ്ട് വേർതിരിച്ച ആറടി മണ്ണ്. മുകളിൽ പൂക്കൾ വീണു കിടക്കുന്നത് കൊണ്ട് പെട്ടെന്നാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നു.
"കാർത്തിക് ഇതിനുള്ളിൽ ആണുള്ളത്. നീ വിശ്വസിച്ചിരിക്കുന്ന പോലെ അവൻ നിന്നെ ഉപേക്ഷിച്ചു പോയതല്ല. അന്നു നാട്ടിലേക്ക് വരുന്ന വഴി ഉണ്ടായ ഒരു അപകടം. ഹോസ്പിറ്റലിൽവെച്ചു മരണത്തിലേക്ക് പോകും മുൻപ് ഒന്നേ ആവശ്യപ്പെട്ടുള്ളു. ഒന്നും നീ അറിയരുത്. നിനക്കൊരു ജീവിതം ഉണ്ടാകണം. നീ സന്തോഷമായിരിക്കണം. ഇത്രയും നാൾ ഞാനത് പാലിച്ചു.ഇനി വയ്യ. നീ അവനെ പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചു പൊട്ടിക്കുന്നതായിരുന്നു. നീ പറഞ്ഞില്ലേ അവൻറെ ഒന്നും നിനക്ക് കാണേണ്ടേന്നു.നീ അവൻറെയാണ്. ഞാൻ വെറും സൂക്ഷിപ്പുകാരൻ മാത്രം.
ഹരി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.
ഉണർന്നെഴുനേൽക്കുമ്പോൾ കണ്ടത് കാർത്തികിന്റെ ചിരിക്കുന്ന മുഖമാണ്. ഇത് അവൻറെ മുറിയാണ്.ഈ മുറി എനിക്ക് പരിചിതമാണ്. ഓരോനിന്റെയും സ്ഥാനം പോലും. അവൻറെ കിടക്ക.ഭിത്തിയിൽ ചിരിക്കുന്ന അവൻറെ മുഖം. മേശമേൽ വാരി വെച്ചിരിക്കുന്ന അവൻറെ വാകപൂക്കൾ. ഞാൻ ഓരോ തവണ ഗുൽമോഹർ എന്ന് തിരുത്തുമ്പോഴും എന്നെ ശുണ്ഠി പിടിപ്പിച്ച അവൻറെ വാകപൂക്കൾ.
കണ്ണുനീരിനിടയിൽ കൂടി അവൻ അതു വരെ എന്നോട് പറയാത്ത ഒന്നു കൂടി ഞാൻ കണ്ടു കിടക്കയോട് ചേർന്ന് ഇടതുവശത്തെ ഭിത്തിയിൽ എന്റെ ചിത്രം. അതിന്റെ താഴെ അവൻറെ കൈയക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു...
"പ്രണയം !നിന്നോടും നിന്റെ ഗുൽമോഹർ പൂക്കളോടും മാത്രം"
Vദ്യ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot