Slider

ഒരു ഗർഭചരിതം

0

"ശരിക്കും ഗർഭം എനിക്കാണോ അതോ നിങ്ങൾക്കോ ?"
അവളുടെ ചോദ്യം കേട്ട് ഞാൻ എന്റെ വയറിൽ നിന്നും കൈ എടുത്തു. അവളുടെ വയർ വീർത്തു വീർത്തു വരുന്നത് കാണെ തുടങ്ങിയ അസ്വസ്ഥത ആണ് എന്റെ വയറു ഞാൻ എപ്പോളും തടവി നോക്കും
. ..അവൾ മുറ്റം തൂക്കുന്നതു കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. ആഹാ !കല്യാണം കഴിഞ്ഞു വന്ന സമയത്ത് കഴിച്ച പാത്രം പോലും കഴുകി വെയ്ക്കാത്തവളാ...എന്നാലും പാവം.
" എടി ഞാൻ തൂക്കാം"
" ങേ ?"
"ആ ഞാൻ തൂക്കാം"
" ദേ മനുഷ്യാ ഇനി ഒറ്റ വിളി കൂടെ നിങ്ങള്ക്ക് നിങ്ങളുടെ അമ്മയിൽ നിന്ന് കേൾക്കാനുള്ളു ...പെങ്കോന്തൻ ...ഇനി അത് കൂടി കേൾപ്പിക്കണ്ട പോയെ "
" അത് സാരോല്ലടി ഞാൻ തൂക്കാം നീ ചൂല് ഇങ്ങു തന്നെ "
" എന്താടാ അവിടെ? " ഈശ്വര 'അമ്മ !
" ഇന്നാടി ചൂല് .ശരിക്കു കുനിഞ്ഞു നിന്ന് തൂക്കണേ" ഞാൻ അതവളുടെ കൈയിൽ പിടിപ്പിച്ചു തെല്ലു ഉറക്കെ പറഞ്ഞു .അവളുടെ മുഖത്തു കള്ളച്ചിരി .
അമ്മയെ കാണുമ്പോൾ എവിടെ ചോർന്നു പോകുന്നോ എന്തോ എന്റെ ധൈര്യമൊക്കെ ...എനിക്ക് മാത്രമൊന്നുമല്ല ഇങ്ങനെ മിക്കവാറും എല്ലാ ആണുങ്ങൾക്കും ഈ അസുഖം ഉണ്ടത്രേ...
ഞാൻ അങ്ങനെ നോക്കിയിരിക്കുമ്പോൾ അവൾ തുണികളെടുത്തു കിണറ്റിൻ കരയിലേക്ക് പോണത് കണ്ടു .അമ്മയെ ഒട്ടു കാണാനുമില്ല .ഞാൻ മെല്ലെ അവൾക്കരികിലേക്ക്...
" എടി എടി വെയിറ്റ് ..നീ ഇതെന്ന ഭാവിച്ചാ? കിണറ്റിൽ നിന്ന് വെള്ളം കോരല്ലേ ..കൊച്ചിന് കേടാണെന്ന് ...ഞാൻ കോരി തരാം "
അവൾ ഇടുപ്പിനു കൈയും കുത്തി നിന്ന് എന്നെ ഒരു നോട്ടം .
" നീ എന്നെ ഇങ്ങനെ നോക്കല്ലേ പൊന്നെ 'അമ്മ പോയി .."
ഞാൻ അവളുടെ താടിക്കു പിടിക്കാനാഞ്ഞതും.
"
'അമ്മ പോയില്ല " ഒരു അശരീരി ..
ദൈവമാണോ ? ഞാൻ വീണ്ടും മുകളിലോട്ട്
" അവിടല്ല നിന്റെ പുറകിൽ ..." ഈശ്വര ദേ 'അമ്മ
ഇവരെന്റെ പുക കണ്ടേ പോകു ...എന്തിനാപ്പൊ എന്റെ പിന്നാലെ നടക്കുന്നെ? ..അച്ഛന്റെ പിന്നാലെ നടന്നൂടെ? ..ആ മനുഷ്യൻ ഫ്രീ അല്ലെ ?"
"നീ വെള്ളം കോരിക്കോടി.. ഞാൻ പോവാണ്.." ഉറക്കെ പറഞ്ഞു ഞാൻ തിരിച്ചു മുറിയിലേക്ക്.
" നീ ഓഫീസിൽ പോകുന്നില്ലേ?'
ഇത്ര പെട്ടെന്ന് ഇങ് പൊന്നോ? അമ്മേ നിങ്ങളെന്നേം കൊണ്ടേ പോവോ?
" ഇന്ന് ലീവെടുത്താലോ ..എനിക്ക് ഒരു തല ...അല്ല വയർ ..അല്ല നടുവിന് ഒരു വേദന .."
" ഏതേലും ഒന്നുറപ്പിക്ക് .." അമ്മയ്ക്ക് ഒരു ഭാവഭേദോം ഇല്ല
" നടുവേദന സത്യം "
" ഇന്നാ കൊട്ടൻചുക്കാദി തൈലം പുരട്ടിയിട്ടു പോകാൻ നോക്ക് വേഗം വേണം " അമ്മയുടെ കൈയിൽ തൈലം..കൈയിൽ കൊണ്ട് നടക്കുവാ കൊച്ച് ഗള്ളി.
" അല്ല അമ്മെ അവൾക്കു തീയതി അടുത്തിരിക്കുവല്ലേ ..ഞാൻ നിൽക്കാം എന്റെ മുഖത്തു ദയനീയത ഒരു ലോഡ്.
"എന്തിന്? ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇതൊന്നും ഒരു വിഷയമുള്ള കാര്യമല്ല ..ഞങ്ങൾ പൂ പോലെ, പുഷ്പം പോലെ പ്രസവിക്കും. നീ പോയെ മോനെ ..അല്ല പിന്നെ " അമ്മയുടെ മുഖത്തു പുച്ഛം ഒരു ലോഡ്
ബൈക്കോടിക്കുമ്പോളും ഓഫീസിൽ പോകണമെന്ന് തോന്നിയില്ല കൂട്ടുകാരൻ പ്രവീണിന്റെ വീട്ടിലോട്ടു പോയി .അവന്റെ ഭാര്യയും ഗർഭിണി ആണ് ..തീയതി ഏതാണ്ട് ഇത് തന്നെ ..തുല്യ ദുഖിതരാകുമ്പോൾ വല്ലോം മിണ്ടിയും പറഞ്ഞുമിരിക്കാം .ഉള്ളിലെ ടെൻഷനും മാറും
ഞാൻ ചെല്ലുമ്പോൾ അവന്റ ഭാര്യ മുറ്റത്തു നിൽപ്പുണ്ട് ..വീർത്ത വയറു താങ്ങി പിടിച്ചിട്ടുണ്ട് .ദൈവമേ വീണ്ടും വീർത്ത വയറിന്റെ മുന്നിൽ ചെന്ന് പെട്ടു.
"അവൻ എവിടെ ?'"
" കാർ വിളിക്കാൻ പോയി. വേദന തുടങ്ങി ചേട്ടാ. ദൈവമേ എനിക്ക് ഒട്ടും വയ്യായെ " അവളുട കണ്ണ് നിറഞ്ഞൊഴുകുന്നു
" ദൈവമേ എനിക്കെങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയായാൽ മതിയെന്നായി. സത്യത്തിൽ ഞങ്ങൾ ആണുങ്ങൾ ലോലഹൃദയരാണെന്നെ.. ഇതൊന്നും താങ്ങുകേല.
ആശുപത്രിയിൽ പ്രവീണിനെക്കാൾ ടെൻഷനിൽ ഞാൻനിൽക്കുന്നത് കണ്ടത് കൊണ്ടായിരിക്കും നേഴ്സ് കൊച്ചിനെ എന്റെ കൈയിൽ കൊണ്ട് തന്നത്.
" ആൺകുഞ്ഞാണ് കേട്ടോ അച്ഛനെ പോലെ തന്നെ ഉണ്ട് .."
" ങേ ?" ഞാൻ പ്രവീണിനെ ഞെട്ടി നോക്കി അവൻ എന്നെയും .
ജഗതി പറഞ്ഞത് പോലെ "എന്റെഗർഭം ഇങ്ങനെ അല്ല സൂർത്തേ" എന്ന് പറയാൻ ഒരുങ്ങുകയും പരിചയമുള്ള ഒരു കരച്ചിൽ എന്റെ അരികിലൂടെ ഉരുണ്ടു വന്ന വീൽ ചെയറിൽ ..
" ദൈവമേ.. ലവൾ എന്റെ ഭാര്യ ..." കൂടെ കുടുംബം മുഴുവനും,
" ചേട്ടൻ എന്താ ഇവിടെ ..ഇതാ ഈ കൊച്ച്‌ ?'
" അത് പിന്നെ ..പിന്നെ "ഞാൻ വിക്കിപ്പോയി
" ഇനി ഇങ്ങു തന്നെ സാറെ ..കൊച്ചിന് പാല് കൊടുക്കണം " നേഴ്സ് അതിനെ വാങ്ങിച്ചു കൊണ്ടകത്തേക്ക്...
ഞാൻ പ്രവീൺ നിന്നിടത്തേക്കു നോക്കി.അവനെ കാണുന്നില്ല അവനും പോയോ അവരുടെ കൂടെ ..പണ്ടാരം കാണുന്നില്ലല്ലോ
അവൾ കരച്ചിൽ നിർത്തി എന്നെ നോക്കിയിരിപ്പാണ് ..മറ്റുളളവരൊക്കെ അവരെക്കൊണ്ടാകുമ്പോലെ എന്നെ നോക്കുന്നുണ്ട് .അതിനു നികുതി ഒന്നും കൊടുക്കണ്ടല്ലോ.
" ഇവളിനി "പ്രസവബന്ത് "വല്ലോം പ്രഖ്യാപിച്ചു കളയുമോ ?'
" എടി അത് പ്രവീണിന്റെ കൊച്ച ..ഞാൻ കൂട്ടു വന്നതാ "
അവളുടെ മുഖത്ത് ഒരു തെളിച്ചമില്ല ..അവളുട മാത്രമല്ല അമ്മയുടെയും ..
അവളെ ലേബർ റൂമിലേക്ക്‌ കൊണ്ട് പോയപ്പോളൊ പിന്നീടോ എനിക്കൊരു ടെൻഷനും തോന്നിയില്ല. അതൊക്കെ വല്ലോന്റേം ഭാര്യ പ്രസവിച്ചപ്പോ തീർന്നു പോയി.
" ഇരട്ട കുട്ടികളാ.." പഴയ നേഴ്സ്. എന്നെ കണ്ടു കണ്ണ് തള്ളുന്നു
അവരുടെ മുഖത്ത് ഒരു കൺഫ്യൂഷൻ.
" നിങ്ങൾക്കെത്ര ഭാര്യമാരാ ?'
അവർ അടക്കി ചോദിച്ചു
" സത്യമായും ഒന്നേയുള്ളു ..ഒറ്റ ഒന്ന് ...ദേ ഇതുങ്ങളുടെ തന്ത ഞാനാ ....ദയവു ചെയ്തു കുടുംബം കൊളമാക്കല്ലേ പെങ്ങളെ ..."
അവർ കള്ളചിരിചിരിച്ചു ചുണ്ടു കടിച്ചു അകത്തേക്ക്.
ആ ചിരിയുടെ അർഥം സത്യമായും ഇന്നും എനിക്ക് മനസിലായിട്ടില്ല .. പ്രസവം അമ്മ പറഞ്ഞത് പോലെ പൂ പോലെ നിസാരമായിരുന്നോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇവിടെ എഴുതാൻ പറ്റുകേല . അത്ര ഭീകരമാരുന്നു സത്യം.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo