*******************************************************************
ആ നാളുകളില്‍ ഞാന്‍ താമസിച്ചുകൊണ്ടിരുന്ന നഗരത്തിന്റെ തിരക്ക് കുറഞ്ഞ പടിഞ്ഞാറേ കോണിന് ദു:ഖകരമായ ഒരു മഞ്ഞനിറമായിരുന്നു. മഞ്ഞ പെയിന്റടിച്ച ഒരു വെയിറ്റിംഗ് ഷെഡ് ,അതിനരികില്‍ വിളറിയ മഞ്ഞപൂക്കളുമായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പേരറിയാത്ത വൃക്ഷം, അതിന്റെ ചുവട്ടില്‍ ആരും നോക്കാതെ തനിയെ വളര്‍ന്ന സൂര്യകാന്തികള്‍..വെയിറ്റിംഗ് ഷെഡ്‌ഡിനരികിലെ മരച്ചില്ലകളിലേക്ക് നാലുമണിവെയില്‍ ചാഞ്ഞിറങ്ങുന്ന മഞ്ഞനിറമുള്ള ഒരു വൈകുന്നേരമാണ് ഞാന്‍ അനാമികയെ ആദ്യമായി കാണുന്നത്.
ഞാന്‍ നഗരത്തിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.ദൂരെനിന്ന് ചുവന്ന നിറമുള്ള ആ ബസ് വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം മിടിച്ചു.ബസ് അടുത്തുവരുംതോറും ഭീതികൊണ്ട് ഞാന്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടി.എന്റെ ഉള്ളംകൈ വിയര്‍ത്തു.എങ്കിലും എന്റെ ഉള്ളിലെ സംഘര്‍ഷം മുഖത്ത് വരുന്നില്ല എന്നുറപ്പായിരുന്നു.
“നിങ്ങള്‍ ഈ ടൗണില്‍ സ്ഥിരതാമസക്കാരനാണോ ?”
കൈയില്‍ ഒരു കറുത്തബാഗുമായി വെയിറ്റിംഗ് ഷെഡ്‌ഡില്‍ എന്റെ അരികില്‍ നിന്ന യുവതി ചോദിച്ചു.ഒഴുകിക്കിടക്കുന്ന ഇളംനീല സാരിയായിയുരുന്നു അവള്‍ ധരിച്ചത്.ബുദ്ധി മയങ്ങുന്ന കണ്ണുകള്‍.അവള്‍ എപ്പോഴാണ് എന്റെ അരികിലേക്ക് വന്നതെന്ന് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.ഓരോ നിമിഷവും അടുത്തുവരുന്ന ചുവന്ന ബസ്സിലേക്ക് മിടിക്കുന്ന നെഞ്ചുമായി ഞാന്‍ നോക്കിനില്‍ക്കുകയായിരുന്നു.
“അതേ.കുറച്ചുനാളായി ഞാന്‍ ഇവിടെ താമസിക്കുകയാണ്.”യാതൊരു താല്പ്പര്യവുമില്ലാതെ ഞാന്‍ മറുപടി പറഞ്ഞു.ഇത്തരം വികാരരഹിതമായ എത്രയോ മറുപടികള്‍ ഞാന്‍ ജീവിതത്തില്‍ പറഞ്ഞിട്ടുണ്ട്.സമയമെത്രയായി ,ബിവറെജില്‍ പോകുന്ന വഴി അറിയാമോ ,ഇവിടെ അടുത്തു ഫോട്ടോസ്റ്റാറ്റു കടകള്‍ ഉണ്ടോ തുടങ്ങി അപരിചിതര്‍ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങളും അവക്കുള്ള വികാരരഹിതമായ മറുപടികളും.
“ഞാന്‍ കുറച്ചുദൂരത്തു നിന്ന് വരികയാണ്.ഈ പട്ടണത്തിലുള്ള ഒരാളെ എനിക്ക് കണ്ടുപിടിക്കണം.”അവള്‍ പറഞ്ഞു.
അപ്പോഴേക്കും ചുവന്ന ബസ് ഞങ്ങളുടെ മുന്‍പിലെത്തി.
“നിങ്ങള്‍ ആകെ ടെന്‍ഷനില്‍ ആണെന്ന് തോന്നുന്നു.ആര്‍ യൂ ആള്‍റൈറ്റ്?” അവള്‍ ചോദിച്ചു.ആ അവസ്ഥയിലും ഞാന്‍ ഞെട്ടി.എന്റെ മുഖഭാവം മാറിയത് ഇവള്‍ക്ക് മനസ്സിലായോ ?
“നിങ്ങള്‍ ആകെ ടെന്‍ഷനില്‍ ആണെന്ന് തോന്നുന്നു.ആര്‍ യൂ ആള്‍റൈറ്റ്?” അവള്‍ ചോദിച്ചു.ആ അവസ്ഥയിലും ഞാന്‍ ഞെട്ടി.എന്റെ മുഖഭാവം മാറിയത് ഇവള്‍ക്ക് മനസ്സിലായോ ?
“ഹേയ്.ഒന്നുമില്ല.എന്താ അങ്ങിനെ ചോദിച്ചത് ? “ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു.അപ്പോഴേക്കും ചുവന്ന ബസ് ഞങ്ങളുടെ മുന്‍പില്‍ നിര്‍ത്തി.നെഞ്ചു പടപട മിടിച്ചു കൊണ്ട് ഞാന്‍ അവള്‍ക്ക് പിറകെ ബസ്സില്‍ കയറി.വിയര്‍പ്പില്‍ നനഞ്ഞ കൈകൊണ്ട് ബസ്സിന്റെ സ്റ്റീല്‍കമ്പിയില്‍ പിടിച്ചുകൊണ്ട് ഞാന്‍ അവളുടെ അരികില്‍നിന്നു.ബസ് മുന്‍പോട്ടു നീങ്ങി.എന്റെ വിരലുകള്‍ കമ്പിയില്‍ നിന്ന് മെല്ലെ ഊര്‍ന്നുപോയി.ദേഹം വേച്ചു അവള്‍ക്ക് മുകളിലേക്ക് ഞാന്‍ വീഴാന്‍ തുടങ്ങി.പൊടുന്നനെ അവള്‍ തിരിഞ്ഞു എന്റെ വിളറി വെളുത്ത മുഖത്തേക്ക് നോക്കി.
“നിങ്ങള്‍ നല്ല ടെന്‍ഷനിലാണ്.സാരമില്ല.എന്റെ കൂടെ വരൂ.”
ബസ് പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ അവള്‍ക്ക് പിറകെ ഞാനുമിറങ്ങി..ആ ചുവന്ന ബസ്സിന്റെ പടികള്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് നെഞ്ചില്‍നിന്ന് ഒരു ഭാരം ഇറക്കിയപോലെ എനിക്ക് തോന്നി.ഞങ്ങള്‍ ഒരു ചെറിയ ഹോട്ടലില്‍ കയറി. വൃത്തിയുള്ള ഇടത്തരം ഹോട്ടലായിരുന്നു അത്.ഇത്രനാള്‍ നഗരത്തില്‍ കറങ്ങിയിട്ടും ആ ഹോട്ടല്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.പുറമേ കാണുമ്പോള്‍ അതിനത്ര ഭംഗി തോന്നിച്ചിരുന്നില്ല.നല്ല ഉയരമുള്ള ഭിത്തികള്‍.ഉയരമുള്ള ഭിത്തികള്‍ കാണുമ്പോള്‍ എന്റെ നെഞ്ചു വല്ലാതെ മിടിക്കും.അതിനു കാരണം ഞാന്‍ കുറെനാള്‍ ജയിലില്‍ കഴിഞ്ഞിരുന്നതാവാം.എങ്കിലും പ്രാവുകളുടെയും മുന്തിരിക്കുലകളുടെയും രൂപങ്ങള്‍ കൊത്തിയ പഴയ രീതിയില്‍ പണിത ജനാലകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു.മുന്തിരിക്കുലകളുടെയും പ്രാവിന്‍തൂവലുകളുടെയും ഇടയിലൂടെ നനുത്ത സൂര്യപ്രകാശത്തിന്റെ മെലിഞ്ഞ രേഖകള്‍ ഞങ്ങളുടെ മുഖങ്ങളില്‍വീണു.അവള്‍ രണ്ടു കപ്പു കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തു.
ആവിപറക്കുന്ന കാപ്പിക്കപ്പുകളുമായി ഒരു മധ്യവയസ്ക്കന്‍ വന്നു.തിരക്ക്കുറഞ്ഞ ആ ഹോട്ടലില്‍ വെയിറ്ററും മാനേജരും അയാള്‍ തന്നെയാണ്.വെളുത്തനിറമുള്ള കാപ്പിക്കപ്പുകളില്‍ പറന്നുപോകുന്ന പക്ഷികളുടെ ചിത്രം.അയാള്‍ ഞങ്ങളെ നോക്കി ചിരിച്ചു കഴിക്കാന്‍ എന്തെങ്കിലും വേണോ എന്ന് അന്വേഷിച്ചു.ഞങ്ങള്‍ ഒന്നും വേണ്ട എന്ന് പറഞ്ഞു.അയാളെ കണ്ടപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ സിനിമാക്കൊട്ടക ഓര്‍മ്മവന്നു.ഇടിഞ്ഞുപൊളിഞ്ഞ മതിലില്‍ ,മങ്ങിയ ഏതോ കാലത്തെ സിനിമാപോസ്റ്ററുകളുടെ അവ്യക്തചിത്രം.
“അയാള്‍ മകന്‍ മരിച്ചു പോയ ദു:ഖത്തിലാണ് .”അനാമിക പറഞ്ഞു.
അയാളെ നേരത്തെ അറിയാമോ എന്ന് ഞാന്‍ അവളോട് ചോദിച്ചു.അവള്‍ ആദ്യമായാണ് ആ പട്ടണത്തില്‍ വരുന്നത്.ആ ഹോട്ടലില്‍ കയറുന്നതും ആ മധ്യവയസ്കനെ കാണുന്നതും ആദ്യമായിട്ടാണ്.പിന്നെ എങ്ങിനെയാണ് അയാളുടെ മകന്‍ മരിച്ച വിവരം അറിയുന്നത് ?പക്ഷെ ഞാന്‍ അവളോട് അത് ചോദിച്ചില്ല.അവള്‍ ആ മധ്യവയസ്ക്കന്‍ നടന്നു പോകുന്നത് ശ്രദ്ധിക്കുകയാണ്.സൂര്യപ്രകാശത്തിന്റെ നേര്‍ത്ത രേഖകള്‍ അവളുടെ മുടിയിഴകള്‍ പരിശോധിക്കുന്നത് ഞാന്‍ കണ്ടു.അവളുടെ മിഴികളില്‍ ആ ജനാലകളിലെ മുന്തിരിക്കുലകള്‍ പ്രതിഫലിച്ചു. അവളോട് ഒന്നും ചോദിക്കണ്ട കാര്യമില്ലയെന്നും എല്ലാം അവള്‍ക്ക് അറിയാമെന്നും ഒരു നിമിഷം എനിക്ക് തോന്നിപ്പോയി.
കാപ്പിക്ക് നല്ല രുചിയുണ്ടായിരുന്നു.ഒരു ചതുരംഗക്കളത്തില്‍ അനേകനിമിഷം ആലോചനയില്‍ ഉറങ്ങിനിന്നതിനു ശേഷം മെല്ലെ മുന്‍പോട്ടു നീങ്ങുന്ന കാലാളുകളെപോലെ ഒറ്റക്കും പെട്ടക്കും പുറത്തെ തെരുവില്‍നിന്ന് മനുഷ്യര്‍ ആ ഹോട്ടലിലേക്ക് കയറിവന്നു. അടുത്ത മേശകളില്‍ നിന്ന് ഗ്ലാസ് മുട്ടുന്നതിന്റെയും,പ്ലേറ്റുകള്‍ കൊണ്ട് വന്നു വയ്ക്കുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടുതുടങ്ങി.അവള്‍ മുന്‍പോട്ടു ആഞ്ഞിരുന്നു അവള്‍ നഗരത്തില്‍ വന്ന കാര്യം എന്നോട് പറഞ്ഞു.റാണി എന്ന സ്ത്രീയെ തേടിയാണ് അവള്‍ വന്നത്.റാണിയെക്കുറിച്ച് അനാമിക എന്നോട് പറഞ്ഞു.അത് കേട്ട്കൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സിലെ ആധി കുറയുകയും മറ്റെന്തോ രൂപപ്പെടുകയും ചെയ്തു.ഉള്ളില്‍നിന്ന് ആ ചുവന്ന ബസ്സ് ഇറങ്ങിപോകുന്നത് പോലെ.
“ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു റാണിയെ കണ്ടുമുട്ടിയത്.അവര്‍ക്ക് അന്ന് പത്തുനാല്‍പ്പതിയഞ്ചു വയസ്സ് പ്രായം കാണും.ദുഷ്പേരുള്ള സ്ത്രീയായിരുന്നു റാണി.ദുര്‍നടപ്പിനു പലപ്പോഴും പോലീസ് അവരെ നഗരത്തിലെ ലോഡ്ജുകളില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഞങ്ങളുടെ ഹോസ്റ്റലിന് സമീപമുള്ള ഒരു കോളനിയിലായിരുന്നു റാണി താമസിച്ചുകൊണ്ടിരുന്നത്.ഒരു ദിവസം ഞാന്‍ അവരെ ബസ്സില്‍ വച്ച് കണ്ടുമുട്ടി.ഒരു യാത്രക്കാരി ഇറങ്ങിയപ്പോള്‍ റാണിയുടെ സീറ്റിനരികില്‍ മനസ്സിലാമനസ്സോടെ എനിക്കിരിക്കേണ്ടി വന്നു.അവര്‍ എന്റെ പേരും നാടുമെല്ലാം ചോദിച്ചു..ഞാന്‍ എല്ലാത്തിനും ശരിയായ മറുപടി കൊടുത്തു.അവരുടെ കണ്ണില്‍ ഒരു നിഷ്കളങ്കതയുണ്ടായിരുന്നു.അതാണ് എന്നെ അവരുമായി സംസാരിക്കാന്‍ പ്രേരിപ്പിച്ചത്.ഞാന്‍ അവരുമായി സംസാരിക്കുന്നത് എന്റെ കൂട്ടുകാരികള്‍ക്ക് ഇഷ്ടമായില്ല.അവര്‍ ചീത്തയാണ്.ആരെങ്കിലും ശ്രദ്ധിച്ചാല്‍ നാണക്കേട് ആകും എന്ന് അവര്‍ മുന്നറിയിപ്പ് തന്നു.എങ്കിലും വീണ്ടും ചില ബസ് യാത്രകളില്‍ ഞാന്‍ അവരെ കണ്ടുമുട്ടി.അത്ര തുറന്നു ചിരിക്കുന്ന ,സന്തോഷിക്കുന്ന ഒരു സ്ത്രീയെ ,ഒരു മനുഷ്യജീവിയെ ഞാന്‍ അതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.അവരുടെ തൊഴിലിനെക്കുറിച്ചും അവര്‍ തമാശ രീതിയിലാണ് സംസാരിച്ചത്.ഒന്നുരണ്ടു പ്രാവശ്യം ചില സര്‍ക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ ഞാന്‍ അവരെ സഹായിച്ചു.അവര്‍ക്ക് എന്നെ ഭയങ്കര കാര്യമായിരുന്നു.എങ്കിലും ഞാന്‍ അവരോട് സംസാരിക്കുന്നത് ഹോസ്റ്റലിലെ കന്യാസ്ത്രീകള്‍ അറിഞ്ഞതോടെ വാണിംഗ് കിട്ടി.കോളേജ് കഴിഞ്ഞു അവിടംവിട്ടതിനു ശേഷം ഞാന്‍ അവരെ കണ്ടില്ല.ഇപ്പോള്‍ പത്തു പതിനഞ്ചു വര്‍ഷമാകുന്നു.”
എന്തിനാ ഇപ്പോള്‍ റാണിയെ അന്വേഷിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.
“മനുഷ്യര്‍ക്ക് വയസ്സ് ചെല്ലുമ്പോള്‍ എന്ത് സംഭവിക്കും ?”
“മരിക്കും.”
“പക്ഷികള്‍ക്ക് വയസ്സ് ചെല്ലുമ്പോഴോ ?”
അവളുടെ കാപ്പിക്കപ്പിന്റെ വെളുത്ത ആകാശത്തില്‍ പറന്നു പോകുന്ന പക്ഷി ഒരു വലിയ കാപ്പിത്തുള്ളിയില്‍ മറഞ്ഞു പോകുന്നത് ഞാന്‍ കണ്ടു.എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അനാമിക എഴുന്നേറ്റു.അവള്‍ ആ മധ്യവയസ്ക്കനു പണം കൊടുക്കുമ്പോള്‍ ഞാന്‍ മേശയിലേക്ക് നോക്കി.ചില്ലിട്ട മേശക്കടിയിലെ വെല്‍വെറ്റ് വിരിപ്പിനു മുകളില്‍ ഒരു കൗമാരക്കാരന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍.ആ ചിത്രങ്ങള്‍ക്ക് മുകളില്‍ അയാളുടെ തളര്‍ന്ന കൈവിരലുകള്‍ കാശ് വാങ്ങുന്നതിനും ബാക്കി മടക്കിതരുന്നതിനും വേണ്ടി മെല്ലെ നീങ്ങുന്നത് ഞാന്‍ കണ്ടു.
അങ്ങിനെയാണ് ഞാനും അനാമികയും പരിചയത്തിലാകുന്നത്.വിദേശത്തുനിന്ന് സോഷ്യല്‍വര്‍ക്കിനോ മറ്റോ അവള്‍ക്ക് ഡോക്ടറെറ്റു ലഭിച്ചിട്ടുണ്ടെന്നും ,ഉന്നതമായ ഏതോ ജോലി രാജിവച്ചിട്ടാണ് അവള്‍ നാട്ടിലെക്ക് വന്നതെന്നും സംഭാഷണശകലങ്ങളില്‍നിന്ന് മനസ്സിലായി.എങ്കിലും അവളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.കാരണം ഞങ്ങള്‍ റാണിയെ തിരയുന്ന തിരക്കിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ റാണിയുടെ ഒരു ഫോട്ടോ മാത്രമേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂ.ചുവന്ന മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ വീടിനു മുന്‍പില്‍ ,ഒരു വലിയ പ്ലാവിന്റെ തണലില്‍ ,വെളുക്കെ ചിരിച്ചുകൊണ്ട് ഒരു ബിഗ്‌ഷോപ്പറുമായി നില്‍ക്കുന്ന നാല്പതു നാല്‍പ്പതിയഞ്ചു വയസ്സ് പ്രായം വരുന്ന സ്ത്രീ.ചുറ്റുമുള്ളത് വെറും തമാശ നിറഞ്ഞ സംഗതികള്‍ മാത്രമാണ് എന്ന ചിരി അവരുടെ കണ്ണിലും മുഖത്തും ഞാന്‍ കണ്ടു.അവരുടെ ചിരിയുടെ പ്രസരിപ്പില്‍ ആ പ്ലാവിന്‍ ചില്ലകളും ചെറിയവീടും ജീവന്‍ വെച്ച് ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നത് പോലെ തോന്നും.
ഞങ്ങള്‍ റാണിയെ ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചു.നഗരപരിധിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ,മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ ,വിവിധ സ്ഥാപനങ്ങളില്‍ ,ആശുപത്രികളില്‍ .ഒരിടത്തുനിന്നും അങ്ങിനെയൊരു വ്യക്തിയെക്കുറിച്ച് വിവരം കിട്ടിയില്ല.പോലീസില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നും കൂടുതല്‍ സഹായം ലഭിക്കുന്നതിനായി ഞങ്ങള്‍ മേയറെ ചെന്നു കണ്ടു. വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും അണിഞ്ഞ ഒരു വൃദ്ധനായിരുന്നു മേയര്‍.നല്ല വെളുത്ത മുഖം.വെളുത്തു നരച്ച മുടി.കറങ്ങുന്ന വലിയ കസേരയില്‍ ആ വെണ്മയില്‍ ,മേയര്‍ പ്രായമായ ഒരു മാലാഖയെ പോലെ തോന്നിച്ചു.അലിവു നിറഞ്ഞ മുഖത്തോടെ ഞങ്ങളുടെ ആവശ്യം അദ്ദേഹം കേട്ടു.എല്ലാം കേട്ടതിനു ശേഷം അദ്ദേഹം എന്നോട് ചോദിച്ചു.
“നിങ്ങള്‍ എന്തിനാ ആ സ്ത്രീയെ തിരയുന്നത് ?”
ആ ദിവസങ്ങളില്‍ റാണിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളില്‍ അനാമികക്കൊപ്പം നഗരത്തിലെ തെരുവുകളിലൂടെ നടക്കുമ്പോഴും ,വഴിയരുകിലെ ചെറിയ ചായക്കടകളില്‍നിന്ന് നാലുമണി വെയിലും കൊണ്ട് ചായ കുടിക്കുമ്പോഴും ആ ചോദ്യം എന്റെ ഉള്ളിലുണ്ടായിരുന്നു..അവള്‍ക്കൊപ്പം നടക്കുന്ന നിമിഷങ്ങള്‍ ഒരു പൂവിനോപ്പം ,ഒരു ശലഭത്തിനൊപ്പം ഒരു മേഘത്തിനൊപ്പം നടക്കുന്നത് പോലെയായിരുന്നു.അത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍ ഒരുപക്ഷെ അനാമിക എന്നില്‍നിന്നും മറഞ്ഞേക്കാം എന്ന് ഞാന്‍ ഭയന്നു.സ്വപ്നം പോലെയുള്ള ഈ നിമിഷങ്ങള്‍ അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. തത്കാലത്തേക്കെങ്കിലും ആ ചുവന്ന ബസിനെക്കൂറിച്ചുള്ള ഭയം എന്നില്‍നിന്ന് അകലാന്‍ കാരണം അനാമികയായിരുന്നു.മേയറുടെ ചോദ്യത്തിനുത്തരം പക്ഷെ അനാമികയാണ് പറഞ്ഞത്.അവള്‍ക്ക് ഏതോ സോഷ്യല്‍ പ്രോജക്ടിന് വേണ്ടി റാണിയുമായി സംസാരിക്കണമത്രേ.വൃദ്ധമാലാഖയുടെ കണ്ണുകള്‍ അവളുടെ വാക്കുകള്‍ പരിശോധിക്കുന്നത് ഞാന്‍ കണ്ടു.അയാള്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.എങ്കിലും അനാമികയുടെ വാക്കുകള്‍ എനിക്കത്ര വിശ്വാസം വന്നില്ല.
ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അനാമിക എന്നോട് പറഞ്ഞു.
ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അനാമിക എന്നോട് പറഞ്ഞു.
“അയാള്‍ ഒരു മാലാഖയൊന്നുമല്ല.ചെകുത്താനാണ്.അയാളുടെ ഉള്ളിന്റെ ഉള്ളില്‍ തിന്മയുടെ അഗ്നിപര്‍വ്വതങ്ങളാണ്.അയാളുടെ പതനം വരാനിരിക്കുന്നതെയുള്ളൂ.”
ഞാന്‍ അത് കേട്ടിട്ട് ചെറുതായി ഞെട്ടി.അയാള്‍ ഒരു നല്ല മനുഷ്യനായിട്ടാണ് ഞങ്ങളുടെ നഗരത്തില്‍ അറിയപെടുന്നത്.അയാളുടെ ജനസമ്മിതി കാരണമാണ് അയാള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.റാണിയെ തിരയുന്നതിന്റെ കാരണം ഞാന്‍ അവളോട് ചോദിച്ചു.
“പറഞ്ഞുമനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് റാണിയുമായി എനിക്കുള്ള ബന്ധം.ഒരിക്കല്‍ റാണി എന്റെ ജീവന്‍ രക്ഷിച്ചു.കോളേജിലെ പഠനംതീരാറായ സമയത്തായിരുന്നു അത്. ഹോസ്റ്റലിന്റെ അടുത്തുള്ള എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ ഒന്നുരണ്ടു ദിവസം ഞാന്‍ പോയി താമസിച്ചു..അതൊരു ഗ്രാമപ്രദേശമാണ്.ഒരു ഉച്ചനേരം അവിടുത്തെ ഇടവഴികളിലൊന്നിലൂടെ ഞാന്‍ തനിച്ചു നടക്കുകയായിരുന്നു.ഇടവഴിക്കപ്പുറം വെയില്‍വീണു കിടക്കുന്ന വിജനമായ ഒരു കശുമാവിന്‍തോട്ടമായിരുന്നു.പഴുത്തുചുവന്ന കശുമാങ്ങകള്‍ തൂങ്ങിക്കിടക്കുന്നു.കയ്യാല കയറി ഞാന്‍ ആ തോട്ടത്തില്‍ ഇറങ്ങി.കശുമാങ്ങകള്‍ നല്ല ഉയരമുള്ള ചില്ലകളിലാണ് കിടക്കുന്നത്.ഞാന്‍ ഒരു കല്ല് പെറുക്കി എറിഞ്ഞു.ഒരെണ്ണം താഴെവീണു അതെടുത്തു ചുണ്ടോടടുപ്പിച്ചതെയുള്ളൂ.ഒരു ഇരമ്പല്‍ കേട്ടു.ഞാന്‍ നോക്കുമ്പോള്‍ നൂറു കണക്കിന് കടന്നലുകള്‍ എനിക്ക് നേരെ പാഞ്ഞടുക്കുന്നു!ഞാനെറിഞ്ഞ കല്ല് കശുമാവിന്‍ ശിഖരത്തില്‍ കൂട് കെട്ടിയിരുന്ന വലിയ കടന്നല്‍ക്കൂട്ടില്‍ തട്ടിയത് ഞാന്‍ കണ്ടിരുന്നില്ല.ഞാന്‍ മാങ്ങ താഴെയിട്ടു വേഗമോടി രക്ഷപെടുവാന്‍ ശ്രമിച്ചു.ഇടവഴിയില്‍ ചാടിയപ്പോഴേക്കും മൂളിപറന്നു വന്ന ഒരു കടന്നല്‍ എന്റെ പിന്‍കഴുത്തില്‍ കുത്തി.ആ നിമിഷം ഞാന്‍ ഒരു വേരില്‍ തട്ടി താഴെവീണു.ഒരു കാര്‍മേഘം പോലെ കടന്നല്‍ക്കൂട്ടം എന്റെ നേര്‍ക്ക് വരുന്നത് ഞാന്‍ കണ്ടു.ബോധമറ്റ് വീഴാന്‍ തുടങ്ങിയ എന്നെ രണ്ടു കൈകള്‍ താങ്ങി.അത് റാണിയായിരുന്നു.പിന്നെ സംഭവിച്ചത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.പാഞ്ഞുവന്ന കടന്നല്‍ക്കൂട്ടം എന്റെ അരികിലേക്ക് വന്നില്ല.റാണി അവയ്ക്ക് നേരെ പോ പോ എന്ന് ആക്രോശിച്ചു കൊണ്ട് കൈ വീശി.കടന്നലുകളുടെ കാര്‍മേഘം ചിന്നിചിതറിപോകുന്നത് ഞാന്‍ കണ്ടു.തളര്‍ന്നുപോയ എന്നെ അവര്‍ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി..റബ്ബര്‍ തോട്ടത്തില്‍ മണ്‍കട്ടകള്‍ കൊണ്ട് പണിത ചെറിയ വീടായിരുന്നു റാണിയുടേത്.വീടിനരികില്‍ ഒന്ന് രണ്ടു ചെമ്പരത്തിചെടികളും ഒരു പ്ലാവും.മണ്‍കട്ടകള്‍ക്കിടയിലെ വിടവുകളില്‍ ധാരാളം കടന്നല്‍കൂടുകളുണ്ടായിരുന്നു. ആ വീട് തന്നെ ഒരു വലിയ കടന്നല്‍കൂട് പോലെയായിരുന്നു.എന്റെ അത്ഭുതം കണ്ടു അവര്‍ പറഞ്ഞു.”കടന്നലുകള്‍ക്ക് എന്നെ വലിയ ഇഷ്ടമാണ്.അതിന്റെ കാരണം അറിയില്ല.ചിലപ്പോ വേശ്യകളുടെ മനസ്സു കടന്നല്‍കൂടുകള്‍ പോലെയായിരിക്കും.”അവര്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.എന്റെ കഴുത്തിനു പുറകില്‍ നല്ല വേദനയുണ്ടായിരുന്നു."കാട്ടുകടന്നലാ,മോള് ചാകണ്ടതായിരുന്നു "എന്നവര്‍ പറഞ്ഞു.എന്നെ അവര്‍ കട്ടിലില്‍ കിടത്തി.എന്റെ കഴുത്തിനു പിറകില്‍ അവര്‍ മഞ്ഞള്‍ അരച്ചുപുരട്ടി തന്നു.അവരുടെ വിരലു തൊട്ടപ്പോള്‍ കടന്നല്‍ കുത്തിയയിടം തണുത്തു.”എതായാലും അനേകം പുരുഷന്മാര്‍ കിടന്ന കിടക്കയില്‍ കടന്നല് കാരണം മോള്‍ക്ക് കിടക്കേണ്ടി വന്നല്ലോ “എന്നവര്‍ തമാശയായി പറഞ്ഞു ഉറക്കെ ചിരിച്ചു.അന്നാണ് ഞാന്‍ റാണിയെ അവസാനമായി കാണുന്നത്.ആ കടന്നല്‍ കുത്തിയ പാട് ഇപ്പോഴും എന്റെ കഴുത്തിനു പിറകിലുണ്ട്.”
അത്രയും പറഞ്ഞു അനാമിക പിന്നിയിട്ട തന്റെ മുടി മുന്‍പോട്ടു മാറ്റി അവളുടെ പിന്‍കഴുത്തു എന്നെ കാണിച്ചു.അവള്‍ എന്റെ വളരെ അടുത്താണിരിക്കുന്നത്.അവളുടെ കഴുത്തിനു പനിനീര്‍ചാമ്പക്കയുടെ മണമാണ്.നീണ്ടു വെളുത്ത വിരല് കൊണ്ട് അവള്‍ ആ പാട് തൊട്ടുകാണിച്ചു.താരരഹിതമായ സന്ധ്യാകാശത്തില്‍ തെളിഞ്ഞ വിളര്‍ത്ത ചന്ദ്രക്കല പോലെയുള്ള ആ പാടില്‍ ഒന്നുതൊടാന്‍ എനിക്ക് തോന്നി.
“ഓരോ വര്‍ഷവും ആ കടന്നല്‍ കുത്തിയ സമയമാകുമ്പോ അവിടം തുടിക്കും.വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്രാവശ്യം ഞാന്‍ ഒരു സ്വപ്നം കണ്ടു.ഞാന്‍ കശുമാവിന്‍തോപ്പിലൂടെ ആ കടന്നല്‍ക്കൂട് തിരഞ്ഞുനടക്കുകയാണ്.പക്ഷെ എത്ര തിരഞ്ഞിട്ടും ആ കൂട് കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല.ഓരോ ഇലകളിലും ചാകാന്‍ തുടങ്ങുന്ന കടന്നലുകള്‍..ദു:ഖഭരിതമായ ഒരു സ്വപ്നമായിരുന്നു അത്.അതിനു ശേഷമാണ് എനിക്ക് റാണിയെ ഒന്നുകൂടി കാണണം എന്ന് തോന്നിയത്.”.എനിക്ക് അനാമികയെ മനസ്സിലാകുന്നുണ്ടായിരുന്നു.എനിക്ക് സന്തോഷം തോന്നി.ജയിലിലെ വലിയ മതിലുകള്‍ കടന്നു വെളിയിലിറങ്ങിയപ്പോള്‍ പോലും എന്റെ മനസ്സു ശൂന്യമായിരുന്നു.അല്ലെങ്കില്‍തന്നെ ഒരാളെ മനസ്സിലാക്കാന്‍ പറ്റുന്നിടത്തോളം സന്തോഷം വെറെന്തിനുണ്ട് ?
തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ദിവസം ഞങ്ങള്‍ പട്ടണത്തിനു വെളിയിലെ കുന്നിന്‍മുകളിലെ പള്ളിയിലെത്തി.അതൊരു ധ്യാനകേന്ദ്രം കൂടിയായിരുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിപോലെ കുന്നിന്‍മുകളിലേക്ക് വളഞ്ഞുപുളഞ്ഞുപോകുന്ന പടിക്കെട്ടുകളും , കൊത്തുപണികള്‍ ചെയ്ത വലിയ വെണ്ണക്കല്‍തൂണുകളുമുള്ള ആഡംബരപൂര്‍വ്വം നിര്‍മ്മിച്ച പള്ളി.കടലില്‍ മീന്‍പിടിക്കുന്ന മനുഷ്യരെ തന്റെ ശിഷ്യന്‍മാരാകാന്‍ ക്രിസ്തു കൈനീട്ടി വിളിക്കുന്ന രംഗം പള്ളിയുടെ മുന്‍പില്‍ കരിങ്കല്‍പ്രതിമകള്‍ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.അനാമിക ആ ബൈബിള്‍രംഗവും പള്ളിയുടെ ആഡംബരവും ഒരു തമാശ കാണുന്നത് പോലെ നോക്കിനിന്നു.എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ പറഞ്ഞു.
“കുറച്ചുനാള്‍ കഴിഞ്ഞു ഈ ബൈബിള്‍രംഗം കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരും.”
പള്ളിക്ക് സമീപത്തെ മുളംതോട്ടത്തില്‍ ജനക്കൂട്ടം ധ്യാനംകൂടുകയാണ്.വൈകുന്നേരമായിരുന്നു..വരിവരിയായി നില്‍ക്കുന്ന മുളകളുടെ മഞ്ഞയിലകള്‍ നിറഞ്ഞ ശിഖരങ്ങള്‍ ആകാശത്തിനു ഒരു മഞ്ഞവല തീര്‍ക്കുന്നു.ആ വലയില്‍ കുടുങ്ങിയ മത്സ്യങ്ങളെപോലെ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍ നിശബ്ദരായി അന്ത്യവിധിയെക്കുറിച്ചുള്ള പ്രസംഗം കേള്‍ക്കുന്നു.താടിയും മുടിയും നരച്ച ,ജ്വലിക്കുന്ന കണ്ണുകളുള്ള ഒരു വൃദ്ധവൈദികന്‍ ആസന്നമായ ലോകാവസാനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
“പാപങ്ങള്‍ ഓര്‍ത്തു പശ്ചാത്തപിക്കുക.വിധിദിവസം ആഗതമാകുന്ന കാലമായിരിക്കുന്നു.”ആ വൃദ്ധവൈദികനു മേയറുടെ ച്ഛായ തോന്നി.
ഞാന്‍ പള്ളിക്കകത്തേക്ക് കയറി.ചിറകുവിരിച്ചു നില്‍ക്കുന്നവരും പറക്കുന്നവരുമായ അനേകം മാലാഖമാരുടെ പ്രതിമകള്‍.ചുവന്ന കര്‍ട്ടനിട്ട അള്‍ത്താരക്കപ്പുറം നിശബ്ദനായിരിക്കുന്ന ദൈവം.ആര്‍ക്ക് ആകൃതിയിലുള്ള നീല നിറമുള്ള ജനാലഗ്ലാസിലൂടെ മങ്ങിയ സൂര്യപ്രകാശം അകത്തേക്ക് പാറിവീഴുന്നു.കുമ്പസാരത്തിനു ഊഴം കാത്തു മുട്ടുകുത്തി നില്‍ക്കുന്ന മെഴുകുപ്രതിമകളെ പോലെയുള്ള മനുഷ്യരുടെ മുഖങ്ങള്‍ ആ പ്രകാശത്തില്‍ അവ്യക്തമായി കാണാം.ആ നിമിഷം ഞാന്‍ റാണിയെ കണ്ടു.കുമ്പസാരക്കൂട്ടില്‍ വൈദികനെയും പാപിയെയും വേര്‍തിരിക്കുന്ന ഇരുമ്പുവലക്കപ്പുറം അവരുടെ തിളങ്ങുന്ന കണ്ണുകള്‍.എന്റെ മനസ്സില്‍ പതിഞ്ഞിരുന്ന പ്ലാവിന്‍ചുവട്ടില്‍ നില്‍ക്കുന്ന അവരുടെ മുഖം കാലം വല്ലാതെ മാറ്റിയിരിക്കുന്നു.അവരിപ്പോള്‍ ഒരു വൃദ്ധയാണ്..എങ്കിലും ആ ചിരി ,അതാണ് ഞാന്‍ അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കാരണം.അവരുടെ പാപം വൈദികന്‍ കേള്‍ക്കുന്നതിനേക്കാള്‍ വൈദികന്റെ പാപങ്ങള്‍ അവര്‍ കേള്‍ക്കുന്നത് പോലെ ആ ചിരി തോന്നിപ്പിച്ചു.
റാണിയും അനാമികയും അനേകം നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വികാരപ്രകടനങ്ങള്‍ ഒന്നുമില്ലായിരുന്നു.അനാമിക തന്നെ തേടിവരുമെന്ന് അറിയാവുന്നത് പോലെയായിരുന്നു റാണിയുടെ പ്രതികരണം.അവര്‍ തമ്മില്‍ ഏറെനേരം സംസാരിക്കുന്നതും ഇടക്കിടെ എന്നെ നോക്കുന്നതും ഞാന്‍ കണ്ടു.എങ്കിലും എനിക്ക് ആ കാര്യങ്ങളില്‍ ഒന്നും ആകാംക്ഷയോ താത്പര്യമോ ഉണ്ടായിരുന്നില്ല.അനാമിക നഗരം വിട്ടുപോകുമോ എന്ന് മാത്രമേ ഞാന്‍ ഭയന്നുള്ളൂ.റാണി ആ ധ്യാനകേന്ദ്രത്തില്‍ ഒരു സഹായിയായി കഴിയുകയായിരുന്നു.മേയറുടെ ജ്യേഷ്ട സഹോദരനാണ് ധ്യാനകേന്ദ്രം നടത്തുന്ന വൃദ്ധവൈദികന്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കി.അനാമിക റാണിയെ തേടിയെത്തിയത് പോലെ റാണി മറ്റൊരു സ്ത്രീയെ തേടിയാണ് അവിടെ വന്നത്.
“അവളുടെ പേര് മേരി എന്നാണ്.എന്നെ പോലെ കിഴവിയായപ്പോള്‍ തൊഴില്‍ അവസാനിപ്പിക്കേണ്ടി വന്ന മറ്റൊരുത്തി.എന്നാല്‍ കുറെനാളുകളായി അവളുടെ ഒരു വിവരവുമില്ല.അവള്‍ ഈ നഗരത്തില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.അവള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇടപാടുകാരുണ്ടായിരുന്നു.”
ഞങ്ങള്‍ റാണിയെ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ താമസിപ്പിച്ചു.റാണി അവിടെ താമസിക്കാന്‍ വന്നദിവസം രാവിലെ രണ്ടാംനിലയിലെ തൂണുകള്‍ക്കരികിലൂടെ രണ്ടു കടന്നലുകള്‍ മൂളിപ്പറക്കുന്നത് ഞാന്‍ കണ്ടു.മഞ്ഞനിറമുള്ള കൊമ്പുകള്‍ ഉള്ള കാട്ടുകടന്നലുകള്‍.
“അവ കാവല്‍കടന്നലുകളാണ്.” അനാമിക പറഞ്ഞു.
“കാവല്‍ കടന്നലുകളോ?” എനിക്ക് മനസ്സിലായില്ല.
“അതെ.കൂടുണ്ടാക്കാന്‍ പറ്റിയ സുരക്ഷിതമായ സ്ഥലം ഈ കടന്നലുകള്‍ പോയി കണ്ടുപിടിക്കും.ബലമുള്ള കൂടുണ്ടാക്കാന്‍ പറ്റിയ കെട്ടിടത്തിലെ ഒഴിഞ്ഞ കോണുകള്‍ കാട്ടിലെ വൃക്ഷച്ചില്ലകള്‍...അത് കണ്ടുപിടിച്ചതിനുശേഷം അവ രാജ്ഞി കടന്നലിനെയും സംഘത്തിനെയും കൊണ്ട് വരും.പതിയെ കൂട് കെട്ടും.”
മേരിയെ തിരയുന്നതിനിടെ ഞങ്ങള്‍ റാണിയുടെ പഴയ സഹപ്രവര്‍ത്തകരായിരുന്ന നാല് വൃദ്ധസ്ത്രീകളെ കൂടി കണ്ടെത്തി.അവരെയും റാണിക്കൊപ്പം താമസിപ്പിച്ചു.പല സ്ഥലങ്ങളില്‍നിന്നാണ് ഞങ്ങള്‍ അവരെ കണ്ടെത്തിയത് ആശുപത്രിയില്‍ നിന്ന്,തെരുവില്‍ നിന്ന് ,മാനസിക രോഗ കേന്ദ്രത്തില്‍നിന്ന്...അനാമിക മുകള്‍നിലയിലെ ഒരു മുറി മെഴുകുതിരി നിര്‍മ്മാണശാലയാക്കി.വൃദ്ധകള്‍ പകല്‍ സമയം അവിടെ നിശബ്ദമായി മെഴുകുതിരികള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു..അവരുടെ മുഖത്ത്നിന്ന് അവര്‍ അതൃപ്തരായിരുന്നോ എന്ന് എനിക്ക് പറയാന്‍ കഴിഞ്ഞില്ല.മഞ്ഞമുളംകൂട്ടങ്ങള്‍ക്കിടയില്‍ അന്തിമവിധിയെക്കുറിച്ച് ഭയത്തോടെ കേട്ടിരുന്ന ജനത്തെക്കാള്‍ ശാന്തത അവരുടെ മുഖത്തുണ്ടായിരുനു.
ഓരോ ദിവസവും കഴിയും തോറും കടന്നല്‍ക്കൂടിന്റെ വലിപ്പം കൂടി വന്നു.ചുണ്ണാമ്പു വെളുപ്പുള്ള ഒരു ചെറിയ കുടം പോലെയായിരുന്നു തുടക്കത്തിലത്.പതിയെ അതിന്റെ ചുറ്റിനും കടന്നലുകള്‍ ഓരോ പാളികള്‍ സ്ഥാപിച്ചുകൊണ്ടിരുന്നു.വൃദ്ധകളെ പോലെ കടന്നലുകളും ശബ്ദമൊന്നും ഉണ്ടാക്കിയില്ല.കിളിവാതില്‍ പോലെ ഒരു ചെറിയ തുള മാത്രമായിരുന്നു ആ കടന്നല്‍കൂടിനുണ്ടായിരുന്നത്.അതിലൂടെ കടന്നലുകള്‍ അകത്തുവരികയും പുറത്തുപോവുകയും ചെയ്തുകൊണ്ടിരുന്നു.ഞാന്‍ ആ കൂടിനു സമീപം ചെല്ലാന്‍ ഭയപ്പെട്ടൂ.ആ സ്ത്രീകളോടും കടന്നലുകളോടും അടുക്കാന്‍ എനിക്ക് കഴിയില്ല എന്ന് തോന്നി.
ഓരോ ദിവസവും കഴിയും തോറും കടന്നല്‍ക്കൂടിന്റെ വലിപ്പം കൂടി വന്നു.ചുണ്ണാമ്പു വെളുപ്പുള്ള ഒരു ചെറിയ കുടം പോലെയായിരുന്നു തുടക്കത്തിലത്.പതിയെ അതിന്റെ ചുറ്റിനും കടന്നലുകള്‍ ഓരോ പാളികള്‍ സ്ഥാപിച്ചുകൊണ്ടിരുന്നു.വൃദ്ധകളെ പോലെ കടന്നലുകളും ശബ്ദമൊന്നും ഉണ്ടാക്കിയില്ല.കിളിവാതില്‍ പോലെ ഒരു ചെറിയ തുള മാത്രമായിരുന്നു ആ കടന്നല്‍കൂടിനുണ്ടായിരുന്നത്.അതിലൂടെ കടന്നലുകള്‍ അകത്തുവരികയും പുറത്തുപോവുകയും ചെയ്തുകൊണ്ടിരുന്നു.ഞാന്‍ ആ കൂടിനു സമീപം ചെല്ലാന്‍ ഭയപ്പെട്ടൂ.ആ സ്ത്രീകളോടും കടന്നലുകളോടും അടുക്കാന്‍ എനിക്ക് കഴിയില്ല എന്ന് തോന്നി.
“മറ്റു മനുഷ്യര്‍ വൃദ്ധരാകുന്നത് പോലെയല്ല വേശ്യകള്‍ വൃദ്ധരാകുന്നത്.ല.കടന്നലുകള്‍ ഉപേക്ഷിച്ചുപോയ ഒരു കടന്നല്‍ക്കൂട് പോലെയായിരിക്കും അവരുടെ ഓര്‍മ്മകള്‍.”ഒരു ഉച്ചനേരത്ത് നഗരത്തിലെ ഒരു ബേക്കറിയിലിരുന്നുകൊണ്ട് അനാമിക എന്നോട് പറഞ്ഞു.പൊള്ളിപനിക്കുന്ന ഒരു ബാലികയെപോലെ നഗരം ഉച്ചവെയിലില്‍ വിറച്ചു.മുന്‍പോട്ടുപോകാനാകാതെ തളര്‍ന്നുനില്‍ക്കുന്ന ഒരു ഒറ്റമേഘം നഗരഹൃദയത്തിനുമുകളിലെ ആകാശത്തു തൂങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു.പെട്ടെന്ന് അവള്‍ പറഞ്ഞു.
“ഞാന്‍ഈ നഗരം വിടുകയാണ്.” കടന്നല്‍കുത്തേറ്റതു പോലെ എനിക്ക് തോന്നി. അവള്‍ വീണ്ടും.പറഞ്ഞു.
“പ്രളയം ..പ്രളയം വരാന്‍ പോകുന്നു.”അവള്‍ക്ക് ഭ്രാന്തുപിടിച്ചോ എന്ന് ഞാന്‍ സംശയിച്ചു.കടുത്തചൂടില്‍ നഗരത്തിലെ പാതകള്‍ ഉണങ്ങിവരണ്ടുകിടക്കുകയാണ്.കറുത്ത വണ്ടുകളെ പോലെ ടാങ്കുകളില്‍ വെള്ളവുമായി നഗരധമനികള്‍ നിറയ്ക്കുവാന്‍ പോകുന്ന വാഹനങ്ങള്‍ സ്ഥിരം കാഴ്ചയാണ്.എന്റെ മുഖത്തെ സംശയം കണ്ടു അവള്‍ പറഞ്ഞു.
“എനിക്ക് ഒരിക്കലും തെറ്റില്ല.നമ്മള്‍ ആദ്യം കാണുമ്പോള്‍ നീ ആത്മഹത്യ ചെയ്യുവാന്‍ ഒരുങ്ങുകയായിരുന്നില്ലേ ?"
എനിക്ക് അതിനു മറുപടി പറയാന്‍ കഴിഞില്ല.അതിനുമുന്‍പ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് എനിക്ക് വിളി വന്നു.അവര്‍ ഞങ്ങള്‍ തിരയുന്ന മേരിയെ കണ്ടെത്തിയിരിക്കുന്നു.അവര്‍ അത്യാസന്നനിലയിലാണ്.
എനിക്ക് അതിനു മറുപടി പറയാന്‍ കഴിഞില്ല.അതിനുമുന്‍പ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് എനിക്ക് വിളി വന്നു.അവര്‍ ഞങ്ങള്‍ തിരയുന്ന മേരിയെ കണ്ടെത്തിയിരിക്കുന്നു.അവര്‍ അത്യാസന്നനിലയിലാണ്.
“ഞാന്‍ പോവുകയാണ്.ഞാന്‍ പറഞ്ഞ കാര്യം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.വേഗം ഇവിടെനിന്ന് പോവുക.നീയൊരു കാവല്‍ക്കടന്നലാണ്.എന്നെപോലെ.”
അത്രയും പറഞ്ഞു എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അനാമിക പുറത്തെ വെയിലിലേക്ക് നടന്നുമറഞ്ഞു.
അത്രയും പറഞ്ഞു എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അനാമിക പുറത്തെ വെയിലിലേക്ക് നടന്നുമറഞ്ഞു.
ഞാന്‍ ആശുപത്രിയിലെത്തി.ധ്യാനകേന്ദ്രം നടത്തുന്ന വൈദികന്റെ വാഹനമിടിച്ചാണ് മേരി. അപകടത്തില്‍പ്പെട്ടത്.എന്നാല്‍ ആ വാഹനത്തില്‍ മേയറുടെ ആളുകളുമുണ്ടായിരുന്നു. ഞാന്‍ ചെന്നപ്പോഴേക്കും മേരി മരണവുമായി മല്ലടിക്കുകയായിരുന്നു.ചിറകുകള്‍ നഷ്ടപ്പെട്ട ഒരു കടന്നലിനെപോലെ അവര്‍ കിടക്കയില്‍ കിടന്നു പിടച്ചു.പക്ഷേ എന്റെ മുഖം കണ്ടപ്പോള്‍ അവര്‍ ശാന്തയായി.
"അവള്‍ക്ക് ..ആളെ മനസ്സിലായിട്ടുണ്ടാവില്ല.എനിക്ക് പോലും ഇതുവരെ മനസ്സിലായിട്ടില്ല.അവര്‍ എന്റെയടുക്കല്‍ വന്നത് ഇരുട്ടിലായിരുന്നു.ഇരുട്ടില്‍ അവര്‍ ഒരുപോലായിരുന്നു.”.ചിതറിയ വാക്കുകളില്‍ മേരി ഒടുവില്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.അവസാന പിടച്ചിലിന് ശേഷം അവര്‍ ശിരസ്സ് ചരിച്ചു മരിച്ചു.അപ്പോള്‍ ആകാശം ഇരുണ്ടു.മഴയുടെ ആദ്യത്തെ വലിയ തുള്ളി ഭൂമിയില്‍ പതിച്ചു.പേമാരി തുടങ്ങി.കട്ടിയുള്ള വെള്ളപ്പുതപ്പ് പുതയ്ക്കുന്നത് പോലെ വെളുത്തമഴ നഗരത്തിനെ മൂടി.ഞാന്‍ വേഗം എന്റെ സ്ഥലത്തേക്ക് പാഞ്ഞു..ജലം ഒരു പെരുമ്പാമ്പിനെ പോലെ നഗരപാതകള്‍ ആസ്വദിച്ചുകൊണ്ട് വളരെ മെല്ലെ എന്റെ പുറകെവന്നു.കുന്നിന്‍മുകളിലെ ആ ദേവാലയത്തിന്റെ മുന്‍പിലെ പ്രതിമകള്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു.ജലം ആ ബൈബിള്‍ രംഗത്തിന്റെ അര്‍ത്ഥം മാറ്റുകയാണ്.വെള്ളത്തില്‍ മുങ്ങിമരിക്കുവാന്‍ ഒരുങ്ങുന്ന ശിഷ്യന്‍മാര്‍.അവരുടെ അവസ്ഥ കണ്ടു മുഖം മറയ്ക്കുന്ന ക്രിസ്തു. ആ അവസ്ഥയിലും അതിലെ തമാശ കണ്ടു എന്റെ ചുണ്ടില്‍ പുഞ്ചിരി തെളിഞ്ഞു.അപ്പോള്‍ ഞാന്‍ അനാമികയെ ഓര്‍ത്തു.അവളുടെ പിന്‍കഴുത്തിലെ ചന്ദ്രക്കലയോര്‍ത്തു.ഞാന്‍ കെട്ടിടത്തില്‍ എത്തിയപ്പോള്‍ സന്ധ്യയായിരുന്നു.മുകള്‍നിലയില്‍ കടന്നല്‍ക്കൂടിന് സമീപം റാണി നില്‍പ്പുണ്ടായിരുന്നു.
“ഞാന്‍ മേരിയെ കണ്ടു.അവര്‍ മരിച്ചു പോയി.”തല കുനിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
എന്നാല്‍ അവര്‍ അത് കേട്ടില്ലെന്നു തോന്നി.അവരുടെ ശ്രദ്ധ ആ വലിയ വെളുത്ത കടന്നല്‍ക്കൂട്ടിലായിരുന്നു.കൂടിന്റെ വാതിലില്‍ ഒരു കടന്നല്‍ മാത്രമേ ഇപ്പോള്‍ കാവലുള്ളു.
“മോന് ഈ കാവല്‍ക്കാട്ടുകടന്നലിന്റെ അവസാനത്തെ ജോലിയറിയാമോ.ഈ കൂടിന്റെ കാലാവധി കഴിയുമ്പോള്‍ എല്ലാ കടന്നലുകളും കൂടിന്റെ ഉള്ളിലായെന്നു അവ ഉറപ്പിക്കും.അതിനുശേഷം തന്റെ ശരീരത്തുനിന്ന് വരുന്ന പശകൊണ്ട് അവ കൂടിന്റെ വാതില്‍ എന്നെന്നെക്കുമായി അടയ്ക്കും.പിന്നെ ദൂരേക്ക് പറന്നുപോകും.”
ആ കൂടിനും അതിനുള്ളിലെ കടന്നലുകള്‍ക്കും എന്ത് സംഭവിക്കും?എന്റെ ചിന്തകള്‍ മുറിച്ചുകൊണ്ട് റാണി വീണ്ടും പറഞ്ഞു.
“മേരിക്ക് ഈ നഗരത്തിലെ ഇടപാടുകാരില്‍ ഒരാളില്‍നിന്ന് ഒരു മകളുണ്ടായിരുന്നു.കുറച്ചുനാള്‍ മുന്‍പ് മേരിയുടെ എതിര്‍പ്പിനെ അവഗണിച്ചു മകള്‍ തന്റെ പിതാവിനെ തേടി ഇവിടെ വന്നു.പിന്നെ അവളുടെ വിവരമൊന്നുമുണ്ടായില്ല.തന്റെ മകളുടെ ശവമെങ്കിലും ലഭിക്കുമോയെന്നറിയാനാണ് മേരി ഇവിടെ വന്നത്.”
അപ്പോഴേക്കും പിരിയന്‍ കോവണി കയറി വെള്ളം ഞങ്ങളുടെ പാദത്തില്‍ത്തൊട്ടു.ഞങള്‍ ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടി.രണ്ടാംനില വരെ വെള്ളം പൊങ്ങിയിരിക്കുന്നു.നഗരം ഇരുട്ടിലാണ്.അവര്‍ വേഗം മെഴുകുതിരി നിര്‍മ്മാണശാലയിലെ വെള്ളം തിളപ്പിക്കുന്ന വലിയ കുട്ടകം എനിക്ക് എടുത്തു തന്നു.
“എത്രയും വേഗം ഈ പ്രളയത്തില്‍നിന്നു എങ്ങോട്ടെങ്കിലും രക്ഷപെടു.ഞങ്ങളെ നോക്കണ്ടാ.ഞങ്ങള്‍ക്ക് ജീവിതം മതിയായതാണ്.ഈ പ്രളയം ഒരുതരത്തില്‍ ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്ന കാരുണ്യമാണ്.പോകുന്നതിനു മുന്‍പ് ആ വാതില്‍ ഭദ്രമായ അടച്ചേക്കൂ.”
വാതില്‍ അടച്ചു വെള്ളത്തിലൂടെ ഒഴുകി നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി.ജനാലക്കല്‍ കത്തിച്ചു മെഴുകുതിരികള്‍ ഉയര്‍ത്തി ഞാന്‍ രക്ഷപെടുന്നതും നോക്കിനില്‍ക്കുന്ന അഞ്ചുവൃദ്ധകളുടെ മുഖങ്ങള്‍ മഞ്ഞവെളിച്ചത്തില്‍ പ്രളയജലത്തില്‍ പ്രതിഫലിക്കുന്നു.
മേയറുടെ കൊട്ടാരം പോലെയുള്ള ഓഫീസ് ബംഗ്ലാവും വൈദികന്റെ കുന്നിന്‍മുകളിലെ ദേവാലയവും ജലഭിത്തികള്‍ മൂടുകയാണ്.അവിടെനിന്ന് ആരുടെയോ ആര്‍ത്തനാദം കേട്ടു.എങ്കിലും നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ അത്തരം ശബ്ദങ്ങള്‍ ഇല്ലാതായി.
മേയറുടെ കൊട്ടാരം പോലെയുള്ള ഓഫീസ് ബംഗ്ലാവും വൈദികന്റെ കുന്നിന്‍മുകളിലെ ദേവാലയവും ജലഭിത്തികള്‍ മൂടുകയാണ്.അവിടെനിന്ന് ആരുടെയോ ആര്‍ത്തനാദം കേട്ടു.എങ്കിലും നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ അത്തരം ശബ്ദങ്ങള്‍ ഇല്ലാതായി.
ജലോപരിതലത്തില്‍ ഒരു കുടം പോലെയുള്ള വസ്തു ഒഴുകിപോകുന്നത് ഞാന്‍ കണ്ടു.ജലത്തില്‍ എന്റെ ജീവന്‍ നഷ്ടപെട്ടാലും അതൊരു കടന്നല്‍കൂടാകരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക