നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ നിരീക്ഷണത്തിലാണ്... അവരും!



***
കല്യാണ പിറ്റേന്ന്, അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി ,ഉറങ്ങി കിടക്കുന്ന അച്ചായനെ പ്രേമപൂർവമൊന്നു നോക്കി, ഞാനടുക്കളയിലേക്കു നടന്നു. പഠിപ്പും പത്രാസുമുണ്ടേലുമില്ലേലും, പെണ്ണുങ്ങൾക്ക്, അതിപ്പം മണവാട്ടിയാണേലും, അടുക്കള തന്നെ ശരണമെന്ന അലംഘിത നിയമം അടിവരയിട്ടു കൊണ്ട്....
കെട്ടുറപ്പിച്ച നാള് മുതൽ സ്വന്തം അമ്മച്ചി നാഴികക്ക് നാൽപ്പതു വട്ടം എന്നെ ഓർമ്മിപ്പിക്കുമായിരുന്നു
"എടീ പെണ്ണേ, കെട്ടിയവന്റെ വീട്ടിൽ ചെന്നാൽ പോത്തു പോലെ ഉറങ്ങി കളയരുത്. അവര് നിന്നെ എടുത്തിട്ട് പെരുമാറും.കുട്ടിക്കളിയൊക്കെയങ് മാറ്റിയേര്”
അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ,കുളി കഴിഞ്ഞു പിന്നിൽ വിടർത്തിയിട്ടിരിക്കുന്ന നീണ്ട സമൃദ്ധമായ മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റായി വീണു കൊണ്ടിരുന്നു.ആദ്യ ദിവസത്തെ അടുക്കള പ്രവേശനത്തിന് കാല താമസം വന്നാലോയെന്ന് ഭയന്ന് മുടി ശരിക്കൊന്നു തുവർത്തി കൂടിയില്ല .
നനഞ്ഞ്, തലയോടൊട്ടിക്കിടക്കുന്ന മുടി കണ്ടിട്ടും അമ്മായി അമ്മക്ക് സംശയം-
"മോളെ, കുളിച്ചിട്ടല്ലേ നീ അടുക്കളേല് കേറീത് ?"
പിന്നിൽ കിടന്ന നനഞ്ഞ മുടി അമ്മ നല്ലവണ്ണം കണ്ടോട്ടെയെന്ന മട്ടിൽ മുന്നിലേക്കെടുത്തിട്ട് മുഖത്ത് ലേശം നാണം വരുത്തി , ഞാൻ തലയാട്ടി.
മുടി എടുപിടീന്ന് മുന്നിലേക്കിട്ടപ്പോൾ രണ്ടു തുള്ളി വെള്ളം അമ്മയുടെ ദേഹത്തേക്ക്തെറിച്ചു വീണു. പുരികമൊന്ന് ചുളിച്ചു, അവരെന്റെ മുടിയിലേക്കു നോക്കി.
"വെള്ളം മാറി കുളിച്ചതാണേ . തല നന്നായി തുവർത്തിക്കോ കൊച്ചേ. വെറുതെ പാട്ക്കേടൊന്നും വരുത്തിവെക്കണ്ട "
ഈ നേരം കൊണ്ട് ഞാനമ്മയുടെ ചന്ദ്രക്കല പോലെ തിളങ്ങുന്ന, കഷണ്ടി കയറി തുടങ്ങിയ വിശാലമായ നെറ്റിയിൽ, തെളിഞ്ഞു കാണുന്ന നരച്ച മുടിയിലേക്കു നോക്കി. പെണ്ണ് കാണാൻ വന്നപ്പോൾ ഈ നരകൾ കണ്ടില്ലായിരുന്നു. ഒരു പക്ഷെഹെയർ ഡൈയിൽ വിദഗ്ദമായ് ഒളിപ്പിച്ചു കാണും.
എന്തായാലും എന്റെമ്മച്ചിയെക്കാൾ നല്ല പ്രായമുണ്ട്. ഇവിടത്തെ അമ്മക്കെന്നാ പ്രായമുണ്ടെന്നു കല്യാണം ഉറപ്പു കഴിഞ്ഞ നാൾ മുതൽ അമ്മച്ചിക്ക് സംശയം. രണ്ടു ദിവസം കഴിയുമ്പോൾ അമ്മായിഅമ്മയോട് ഒന്നും രണ്ടും മിണ്ടീം പറഞ്ഞും സൂത്രത്തിൽ വയസ് ചോദിച്ചറിയണം. അതറിയുമ്പോൾ മൂത്തമകൾ കെട്ടി പോയതിന്റെ മനപ്രയാസം വല്ലതുമുണ്ടേൽ എന്റെ അമ്മച്ചിക്കങ്ങു തീരും.
അടുപ്പിൽ നിന്നും തിളച്ചു കൊണ്ടിരുന്ന ചായ പാത്രം, ഒരു തട തുണിയുടെ സഹായം പോലുമില്ലാതെ അമ്മ കൂളായെടുത്തു ഗ്ലാസ്സിലേക്കു പകർന്നു.
ഇടം കണ്ണിലൂടെ ഞാനവരുടെ കൈ വെള്ള നോക്കി കണ്ടു . ചൂട് പാത്രമെടുത്തിട്ടും കൈ ഒരു നുള്ള് പോലും ചുവന്നിട്ടില്ല. പണി ചെയ്തു തഴമ്പ് വീണ കൈകൾ. നോക്കീം കണ്ടും നിന്നാലെനിക്കു തന്നെ കൊള്ളാം. അല്ലേൽ ആ കൈ കൊണ്ട് ഒന്ന് കൊണ്ടാൽ ജീവിതം പാഴാവും.
"കൊണ്ട് പോയി അവനു കൊട് കൊച്ചേ.അവനുണരുമ്പോൾ തന്നെ ചായ വേണം. നല്ല ചൂടോടെ .."
ചായ ഗ്ളാസ് പിടിക്കാൻ വലതു കൈ നീട്ടിയപ്പോൾ അമ്മ ,അത് ശ്രദ്ധിക്കാതെ ഗ്ലാസ് അടുക്കളയുടെ പാതകത്തിൽ വെച്ചിട്ടെന്റെ കൈയിൽ പിടിച്ചു . അപ്രതീക്ഷിതമായ അവരുടെ കരുത്തുറ്റ കൈകളുടെ സ്പർശം ഞെട്ടലുളവാക്കി.മുരുക്ക് മരത്തിൽ പിടിച്ച പോലെ. ഞാനതു പുറത്തു കാണിക്കാതെ സംയമനം പാലിച്ചു.
" അല്ല മോളേ , കല്യാണ മോതിരമെന്തിയേ ? അവന്റെ പേരെഴുതിയതേ "
ഒരുപാട് ആഭരങ്ങളണിഞ്ഞു നടന്നെനിക്കു പതിവില്ല. ഉറങ്ങാൻ നേരത്തും കുളിക്കാൻ നേരത്തും പ്രത്യേകിച്ചും . കുളിക്കാൻ നേരം ഊരിവെച്ച കല്യാണ മോതിരം കുളി കഴിഞ്ഞ് എടുത്തണിയാഞ്ഞതു തെറ്റ് തന്നെ.
“ അയ്യോ അമ്മച്ചി.. കുളിക്കാൻ നേരത്തു ഞാനതു .."
“എന്നാൽ മതി. ഞാനങ്ങു പേടിച്ചു പോയി.. മോള് വേഗം പോയി എടുത്തിട്. ഇനിയിപ്പം ആരേലുമൊക്കെ കാണാൻ വരും. നൂറ് ചോദ്യങ്ങളുമുണ്ടാവും.പെണ്ണിന്റെ പൊന്നെല്ലാം കെട്ടി വന്ന പിറ്റേന്ന് തന്നെ അമ്മായിഅമ്മ പെട്ടിയിലാക്കിയെന്നവരെ കൊണ്ട് വെറുതെ പറയിക്കണ്ട. എല്ലാമെടുത്തിട്ടോ .കാണുന്നവർക്കു കണ്ണ് തെളിയട്ടെ "
തലകുലുക്കി അതും സമ്മതിച്ച് ചായയുമായി മുറിയിലേക്ക് നടന്നു. അപ്പോഴാണ് അച്ചായന്റെ ഏറ്റവും മൂത്ത ചേച്ചി അടുക്കളയിലേക്കു പ്രവേശിക്കുന്നത്- പുഷ്പി നാത്തൂൻ. പേരിൽ മാത്രമേ പുഷ്പമുള്ളൂ. നല്ല വണ്ണവും പൊക്കവും പോരാത്തതിന് കരിക്കട്ട പോലുള്ള നിറവും . എന്നെ കണ്ടപ്പോൾ വെളുക്കനെയവർ ചിരിച്ചെങ്കിലും ,അവരമ്മയോട് പറഞ്ഞത് എന്റെ ചങ്കിൽ തന്നെ കൊണ്ടു. പുതുപ്പെണ്ണു രണ്ടു കണ്ണും കാതും തുറന്നു പിടിക്കണമല്ലോ? വായ അടച്ചും.
" നമ്മള് കാണാൻ ചെന്നപ്പം മെറ്റിക്കിതിലും നല്ല നിറമുണ്ടായിരുന്നില്ലേ അമ്മേ ?”
കല്യാണ പിറ്റേന്ന് തന്നെ നാത്തൂന്റെ പോര് തുടങ്ങി. അതും ഏത് പെണ്ണും പൊറുക്കാത്ത അവളുടെ ചന്തത്തിൽ തന്നെ കുത്തിക്കൊണ്ട്.
ഇന്നലെ രാത്രി അച്ചായൻ ചേർത്ത് നിർത്തി പറഞ്ഞത് തന്നെ നമ്മളും രാവും പകലും പോലുണ്ടല്ലേ മെറ്റീന്നാ. കല്യാണ തിരക്കിലും വീട് വിട്ടു പോരുന്ന മനഃപ്രയാസത്തിലും ഞാൻ മൊത്തമൊന്നു വാടി പോയതാണെന്ന് ഈ കരിമന്തിയെ ആര് പറഞ്ഞു മനസിലാക്കും? എന്നതായാലും എന്റെ മുഖമൊന്നു വാടി. അത് ചായ വാങ്ങി കുടിച്ച അച്ചായൻ കണ്ട് പിടിക്കുകയും ചെയ്തു.
**
എട്ട് മണിയോടെ എല്ലാവരും കൂടെ പ്രാതലിനിരുന്നു. അമ്മയും ചേച്ചിയും വിളമ്പാൻ നിന്നപ്പോൾ അവരുടെ കൂടെ നിന്ന എന്നെയവർ ബലമായി പിടിച്ചു അച്ചായനരികെയിരുത്തി. അമ്മച്ചി സ്നേഹപൂർവ്വം എന്റെ പാത്രത്തിലേക്കു മൂന്ന് വെള്ളയപ്പവും മുട്ട കറിയും വിളമ്പി.
:” യ്യോ .. വേണ്ടമ്മേ രണ്ടെണ്ണം തന്നെ കൂടുതലാണ് ? “
“ രണ്ടപ്പം തിന്നിട്ടാണോ ഈ തടി? “
അച്ചായന്റെ കല്യാണം കൂടാൻ വന്നിട്ട് ഇനി എന്റെ പേറും കൂടെയെടുക്കാൻ അവിടെ തന്നെ താമസമാക്കിയ അമ്മയുടെ വകയിലെ അകന്ന ബന്ധുവിന്റെ കമന്റ് . അവരുടെ മുഖമൊന്ന് കാണാനായ് ഞാൻ മുഖമുയർത്തി .പക്ഷെ പാത്രത്തിൽ അടുക്കടുക്കായ് വെച്ചിരുന്ന അപ്പം കൊണ്ട് അവരുടെ മുഖത്തിന്റെ കാഴ്ച അപൂർണ്ണം. എന്നാലും, കല്യാണത്തിന് ഈർക്കിലിയിൽ സാരി ചുറ്റിയ പോലെ ഓടി നടന്ന അവരെയെനിക്ക് നല്ല ഓർമ്മയുണ്ട്. ഇത്ര തിന്നിട്ടും ദേഹം കൊഴുക്കാത്തത് കൈയ്യിലിരിപ്പ് തന്നെ.
വിവാഹത്തിന്റെ ആദ്യനാളുകൾ പുതുമണവാട്ടിയുടെ ക്ഷമയുടെ പരീക്ഷണ കാലവും മറ്റുള്ളവർക്കവളെ അടിമുടി നിരീക്ഷിക്കാനുള്ള കാലവുമാണ് .
പ്രാതൽ കഴിഞ്ഞു ഡൈനിങ്ങ് റൂമിന്റെ സൈഡിലുള്ള വാഷ് ബേസിനിൽ കൈ കഴുകുന്ന എന്നോട് അമ്മ പറഞ്ഞു-
“ മോള് പോയി ഈ സാരി മാറ്റി നല്ലൊരു സാരി എടുത്തുടുക്കു. ആരേലും വരും, പെണ്ണിനെ കാണാൻ. ഇന്നലെ കല്യാണ തിരക്കിൽ അവരാരും പെണ്ണിനെ നല്ലോണം കണ്ടു കാണില്ല” അമ്മച്ചി എന്റെ നീല കോട്ടൺ സാരിയിലേക്ക് വലിയ മതിപ്പിലാതെ നോക്കി.
"അല്ലേലും ഞാൻ പറയണമെന്ന് കരുതിയതാ .വാ.. ഇന്നലെ കൊണ്ട് വന്ന പെട്ടി കാണിച്ചേ. അതിലുണ്ടാവുമല്ലോ സാരി. ഞാൻ നോക്കിത്തരാം "
കൈ കഴുകി തിരിഞ്ഞയെന്നെ ചേച്ചി പിടിച്ചു വലിച്ച് മുറിക്കകത്തേക്കു കൊണ്ട് പോയി.
വീട്ടിൽ നിന്ന് കൊണ്ട് വന്ന അഞ്ചാറ് സാരിയും മറ്റും അടങ്ങുന്ന പെട്ടി, ചേച്ചി തന്നെ കട്ടിലിനടിയിൽ നിന്നും കണ്ടു പിടിച്ചു തുറന്നു.
അതിനുള്ളിൽ നിന്നും രണ്ടു മൂന്ന് സാരി എടുത്തു പുറത്തേക്കിട്ടു. ക്രിസ്ത്യാനികൾക്ക് പുതു ഞായറാഴ്ചയാണ് അലമാരയും തുണികളും പെണ്ണിന്റെ വീട്ടിൽ നിന്നും കൊണ്ട് വരുന്നത്. അത് വരെ ചെറുക്കന്റെ വീട്ടിൽ കഴിയാനുള്ള വകകൾ മാത്രം ചെറിയ പെട്ടിയിലാക്കി കല്യാണത്തിന്റെന്ന് കൊണ്ട് വരും. ആ പെട്ടിയിലാണ് ചേച്ചി കൈ വെച്ചിരിക്കുന്നത്.
വില കൂടിയ സാരികൾ രണ്ടെണ്ണമേ അതിൽ ഉണ്ടായിരുന്നുള്ളു. അത് രണ്ടും അവരെടുത്തു സ്വന്തം ദേഹത്ത് വെച്ച് തിരിച്ചും മറിച്ചും നോക്കി. പിന്നെയതിൽ ഒരു റോസ് സാരിയെടുത്തു എന്റെ നേർക്ക് നീട്ടി " ഇതുടുത്തൊ .ഇച്ചിരി നിറം തോന്നിക്കും "
പൂവൻ പഴം പോലിരിക്കുന്ന എന്റെ മുഖത്ത് നോക്കിയാണ് ആ കരിമന്തിയത് പറഞ്ഞത്.എല്ലാം കൂടെ കണക്കു തീര്ക്കുന്ന ദിവസം വരുമെന്ന് കണക്കു കൂട്ടി സാരി വാങ്ങിച്ചു.
കൈയിലിരുന്ന പച്ച സാരി നോക്കി അവർക്കു സംശയം "ഇതു പട്ടു തന്നെയാണോ ..അല്ല, പട്ടു സാരിയൊക്കെ പല തരത്തിലല്ലേ? ".
കോട്ടയത്തെ ശീമാട്ടിയിൽ നിന്നും ഏഴായിരം രൂപയ്ക്കു വാങ്ങിയ സാരി നോക്കിയാണവരുടെ കമന്റ്.
ഇവരൊന്നു പോയിരുന്നെങ്കിൽ സാരി മാറ്റാമായിരുന്നു. എന്റെ ചിന്തയെ തകിടം മറിച്ചു അടുത്ത വാക്ക്.
“കൊച്ചു സാരി മാറിക്കോ .സാരിയൊക്കെ ഞാൻ പിടിച്ചു ശരിയാക്കിത്തരാം .അല്ലേൽ പെണ്ണിന് സാരിയുടുക്കാൻ പോലുമറിയത്തില്ലെന്ന് വരുന്നവര് പറയും.”
അടിപാവാടയും ബ്ലൗസുമിട്ടു നിൽക്കുന്ന എന്നെ കട്ടിലിലിരുന്നവർ അടിമുടി നോക്കി.
“ഉം.. ജോണിയുടെ സെലെക്ഷൻ മോശമല്ല. അല്ല, എങ്ങനെ മോശമാകും? പെണ്ണ് കാണാൻ ഞാനും വന്നല്ലോ അവന്റെ കൂടെ "
ചേച്ചി തുടർന്നു " മെറ്റീടേ വയറൊക്കെ ഇപ്പോഴേ ചാടികിടക്കുവാ . പെണ്ണുങ്ങള് കല്യാണം കഴിയുമ്പം ഒന്ന് മിനുങ്ങും. സൂക്ഷിക്കണം .അവനാണേൽ എന്നാ തിന്നാലും തടി വെക്കാത്തയിനമാ .അമ്മച്ചി കൊച്ചിലെ ഞങ്ങളു കാണാതെ എന്തെല്ലാം കുത്തി കേറ്റി അവനു കൊടുത്തിരിക്കുന്നു. ഉം ഹും... നന്നാവൂല"
ഓ .. അപ്പോൾ അതിന്റെ ദെണ്ണമാ മറുതയെന്നോട് തീര്ക്കുന്നത്.. അവരുടെ നോട്ടം വേണ്ടാത്തിടത്തേക്കു പോവുന്നത് കണ്ടു ഞാൻ വേഗം സാരി മാറിലേക്ക് വലിച്ചിട്ടു.
“ എന്തായാലും നിറമിത്തിരി കുറഞ്ഞിട്ടുണ്ട്. ആഹ്....കല്യാണ തിരക്കിന്റെയാവും. ഇനി പുരക്കകത്തു തന്നെയല്ലേ. നിറം വന്നോളും. “
എന്നെ അകത്തിട്ടു പൂട്ടാനുള്ള നടപടികൾ.
പെട്ടിയുടെ മൂലയ്ക്ക് ഭദ്രമായ് സൂക്ഷിച്ചു വെച്ചിരുന്ന സെന്റ് കുപ്പി ചേച്ചി തപ്പിയെടുത്തു. അടപ്പ് തുറന്ന് അതിന്റെ മണം മൂക്കിലോട്ട് വലിച്ചു കയറ്റി. ആദ്യം മണം കൊണ്ട് ചുളിഞ്ഞ മുഖം പിന്നെ പതിയെ തൃപ്തിയിൽ വിടർന്നു. അവർ നിന്ന നിൽപ്പിൽ കുനിഞ്ഞും നിവർന്നും, രണ്ട് വട്ടം “ശൂ”ന്ന് സെന്റ് മേലാസകലം പൂശി.
“കൊള്ളാം, നല്ല മണമുണ്ട്. " എന്റെ മുഖവും തെളിഞ്ഞു. എന്തിലെങ്കിലുമൊന്നിൽ അവർ തൃപ്തയായല്ലോ?
“സ്വർണ്ണമെല്ലാം എടുത്തിട്ടോ .നിങ്ങടെ പട്ടണം പോലെയല്ല. ഇവിടെയെല്ലാരും പൊങ്ങച്ചക്കാരാണ്. അവർക്കു കണ്ണ് നിറയെ കാണണം. തിന്നാനായാലും ശരി പൊന്നായാലും ശരി“
ആഭരണ പെട്ടിയിൽ നിന്നും പാലക്കാ മാല എടുത്തു അവരെനിക്ക് നേരെ നീട്ടി.
“അല്ല മെറ്റീ, ഇന്നലെ ഒരു ചെറിയ കുരുമുളക് മാല ഉണ്ടായിരുന്നല്ലോ കഴുത്തേല് . അതെവിടെ ?” ചേച്ചി വേവലാതിയോടെ മണിമാലയും വളകളും നെക്ലേസുമെല്ലാം പെട്ടിയിൽ നിന്ന് വാരിവലിച്ച് പുറത്തേക്കിട്ടു.
ഓര്മക്കുറവിനെ പഴിച്ചു കൊണ്ട്തലയണക്കടിയിൽ നിന്നും ഞാൻ മാലയെടുത്തു.
“ഉം ... നല്ല സൂക്ഷക്കുറവ് .. പൊന്നൊക്കെ കെട്ടി പൂട്ടി സൂക്ഷിക്കണം .കെട്ടിയവന്റെ വീടായാലും സ്വന്തം വീടായാലും.”
കുരുമുളക് മാല അണിഞ്ഞയെന്നെ അവർ വലത്തോട്ടും ഇടത്തോട്ടും തിരിച്ചു നിർത്തി ആപാദചൂഡം നോക്കി.
“പൌഡറിച്ചിരി കൂടെ മുഖത്ത് തൂത്തേര്” .പുറത്ത് വന്ന വാക്കുകൾ അതായിരുന്നെങ്കിലും എന്റെ ഒരുക്കത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നാ മുഖം പറഞ്ഞു.
" മുടി ചീവി കെട്ടിക്കോ. ഇപ്പോളുണങ്ങി കാണും " എന്റെ മുടിയിൽ അവർ വിരലോടിച്ചു.
ഞാൻ ചീർപ്പെടുത്തു മുടി വിടർത്തി ചീകാൻ തുടങ്ങി.
“എന്നാ എണ്ണയാ മുടിയേല് തേക്കുന്നേ മെറ്റീ?. “ചേച്ചി പിന്നിൽ വന്ന് അഞ്ചാറ് മുടിയെടുത്ത് മൂക്കിലടുപ്പിച്ചു. ചേച്ചിയുടെ മുഖം കാഞ്ഞിരക്കുരു കഴിച്ച പോലെ ചുളുങ്ങി. മൂക്ക്, ബലൂണിൽ കാറ്റ് കടത്തിയ പോലെ വിടർന്നു.രണ്ടും ഞൊടിയിടയിൽ.
“അമ്മച്ചി പറമ്പിലെ കയ്യോന്നി വെളിച്ചെണ്ണേല് കാച്ചിയെടുക്കുന്നതാ “
എലിവാല് പോലെ പിന്നിൽ കിടക്കുന്ന സ്വന്തം മുടി നോക്കി ചേച്ചി നെടുവീർപ്പിട്ടു. “പെറ്റുകഴിഞ്ഞപ്പം എന്റെ മുടി മൊത്തമങ്ങു പോയ്.. “
വാതിലിൽ മുട്ടി അനുവാദം മേടിച്ച്അച്ചായൻ അകത്തേക്ക് കടന്നു വന്നു. സർവ്വാഭരണ വിഭൂഷിതയായി ഒരുങ്ങി നിൽക്കുന്നയെന്നെ കണ്ട് ആ കണ്ണുകളിൽ കുസൃതി .
“മെറ്റി ഒരുങ്ങി കഴിഞ്ഞില്ലേ? ദേ കാണാനുള്ളവർ കുറെപേർ വന്നിട്ടുണ്ട് "
“ആഹ് ഞാൻ പറഞ്ഞില്ലേ ?സമയം തെറ്റാതെ അവരെത്തി.. “
എന്റെ സാരി ഒന്നുകൂടെ പിന്നിൽ നിന്നും വലിച്ചിട്ട് , ചേച്ചി കൈയിൽ പിടിച്ചു മുറിക്കു പുറത്തേക്കു നടന്നു.
കല്യാണ പന്തലിൽ കയറിയപ്പോൾ പോലും എന്റെ ചങ്ക് ഇത്രമേലിടിച്ചിട്ടില്ല.അറവ് ശാലയിലേക്ക് കൊണ്ട് പോവുന്ന മാടിനെ പോലെ ചേച്ചിയുടെ പിന്നാലെ മടിച്ച് മടിച്ച് ഞാൻ ഉമ്മറത്തേക്ക് ... മണവാട്ടി പെണ്ണ് കുറച്ചു ദിവസത്തേക്ക് സകലമാന മനുഷ്യരുടെയും നിരീക്ഷണത്തിലാണെന്ന അലംഘിത നിയമം അടിവരയിട്ടു കൊണ്ട്....
(ശുഭം) സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot