നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണ മാമാങ്കങ്ങൾ

Image may contain: 1 person

AjoyKumar

ചുറ്റും നടക്കുന്ന ചില കല്യാണ മാമാങ്കങ്ങൾ കാണുമ്പോൾ പുച്ഛവും സഹതാപവും തോന്നാറുണ്ട്,വെറും ഒരു ക്ഷണക്കത്തിനു പോലും നൂറും ഇരുനൂറും ചിലവാക്കുന്നവർ, സദ്യക്കും ആഭരണങ്ങൾക്കും വേണ്ടി കോടികൾ വേറെ,ഒരു പതിനായിരം രൂപ ഇല്ലാത്തതു കൊണ്ട് കല്യാണം നടക്കാതെ ജീവിതം തള്ളി നീക്കേണ്ട പാവപ്പെട്ട എത്ര യുവതികൾ ചുറ്റും ഉള്ളപ്പോൾ ആണ് ഈ അഹങ്കാരം,അനീതി,ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതിയെങ്കിലും പ്രതികരിക്കണ്ടേ...വായിക്കൂ
കഴിഞ്ഞ ദിവസം ഉച്ചക്ക് പണ്ട്രണ്ടു മണിക്ക് ഓഫീസിൽ നിന്നും മുങ്ങി ,ശ്യാമയുടെ ഒരു ബന്ധുവിന്റെ കല്യാണം, അവിടെയാണ് പൊങ്ങിയത് , എന്റമ്മോ,കണ്ണ് തള്ളിപ്പോയി,എന്തൊരു കല്യാണം,
കാർ അകത്തേക്ക് കേറ്റാൻ പോയപ്പോൾ ഒരു തടിമാടൻ ആന മുന്നിലും , നിൽക്ക് ,ആനേ , മര്യാദക്ക് അവിടെ നിൽക്കാൻ എന്നും വിളിച്ചു കൊണ്ട് ഈർക്കിൽ പോലത്തെ രണ്ടു പാപ്പാന്മാർ പുറകിലും ആയി ഓടിപ്പോകുന്നു ,കല്യാണത്തിന് പനിനീര് തളിപ്പിക്കാൻ കൊണ്ട് വന്നതാണ്‌ ,അവിടത്തെ ആഡംബരം ഒക്കെ കണ്ട് അത് മദം പൊട്ടി ഓടി
മണ്ഡപത്തിൽ ചെന്ന് കേറുന്നിടത്ത് തന്നെ കുടിക്കാൻ ജ്യൂസുകൾ , പല നിറത്തിലും തരത്തിലും ,അതിനു തൊട്ടടുത്ത്‌ പ്ലേറ്റിൽ വേറെ ഒരു സാധനം, കണ്ടാൽ നമ്മുടെ മഞ്ഞ നിറത്തിലുള്ള ബോളി നല്ല ഭംഗിയായി മടക്കി വെച്ചത് പോലെ ഉണ്ട് ,
എന്റെ തൊട്ടു മുന്നേ പോയ ആൾ,ജ്യൂസ് മടക്ക് മടക്ക് എന്ന ശബ്ദത്തിൽ കുടിച്ച ശേഷം ബോളി പോലത്തെ സാധനം എടുത്തു വായിൽ വെച്ച് ആക്രാന്തത്തോടെ കടിച്ചു പറിച്ചു,അപ്പോൾ ആണ് അവിടെ നിന്ന സപപ്ലയർ അയാളോട് പറഞ്ഞത് ,
സാറെ അത് തിന്നാൻ ഉള്ള സാധനം അല്ല കേട്ടോ , മുഖം തുടക്കുന്ന പെർഫ്യൂംഡ്‌ നാപ്ക്കിൻ ആണ്,
മാനഹാനി കാരണം ,അയാൾ ആ നിമിഷം തന്നെ അതി ഭയങ്കരമായ ശബ്ദത്തോടെ സീതാ ദേവി പണ്ട് ചെയ്ത പോലെ ഭൂമി പിളർന്ന് അപ്രത്യക്ഷൻ ആയി, സത്യത്തിൽ മഹാനായ ആ പാവം മനുഷ്യൻ ജീവത്യാഗം ചെയ്ത്‌ എന്നെ രക്ഷിക്കുകയാണ് ചെയ്തത് , കാരണം,അത് കൊണ്ട് മാത്രം ഞാൻ എല്ലാം അറിയുന്നവനെ പോലെ ജ്യൂസ് കുടിച്ച ശേഷം ആ നാപ്ക്കിൻ വെച്ച് മുഖം തുടച്ച് സ്റ്റൈലിൽ നടന്നു പോയി,അല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാൻ അത് എടുത്തു കടിക്കുക പോലും ചെയാതെ ഗ്ലും എന്ന് പറഞ്ഞു വിഴുങ്ങി തൊണ്ടയിൽ കുടുങ്ങി ചത്തേനെ
.
തിരക്കിനിടയിൽ വല്ല വിധവും പെരുച്ചാഴിയെ പോലെ തുരന്ന് അകത്തു കയറിയപ്പോൾ ഒരു പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനുള്ള ആൾക്കൂട്ടം,ലോകത്ത് കണ്ടു പരിചയമുള്ള എല്ലാവരെയും അവർ വിളിച്ചിട്ടുണ്ട്,ആളുകൾ ഇരിക്കാൻ സ്ഥലമില്ലാതെ മടിയിൽ മടിയിൽ ഇരിക്കുന്നു,ഞാൻ വല്ല വിധവും ഒരു മൂലയിലെ ഒഴിഞ്ഞ കസേര കണ്ടു പിടിച്ച്‌ അതിൽ ഇരുന്നു,നല്ല എ സീ ഹാൾ ആണ് , അത് കൊണ്ട് ആരും ശ്വാസം മുട്ടി മരിക്കുന്നില്ല .
അവിടെ ഒരു വലിയ സ്ക്രീനിൽ സിനിമ കാണിക്കുന്നു, ഞാൻ അടുത്തിരുന്ന അമ്മാവനോട് ചോദിച്ചു,
അയ്യോ,സിനിമ തുടങ്ങി കുറെ നേരമായോ,
അയാൾ പുച്ഛത്തോടെ എന്നെ നോക്കി,അപ്പോൾ ആണ് മനസിലായത് അത് സിനിമ അല്ല,കല്യാണപ്പെണ്ണിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ കാണിക്കുന്നതാണ് ,പെണ്ണ് നേഴ്സറിയിൽ പോയതും ,ആദ്യമായി പല്ല് തേച്ചതും ഒക്കെ കണ്ടു കൊണ്ട് വിശാലമായി ഇരുന്നു ശ്വാസം വിട്ടപ്പോൾ ആരോ എന്നെ വിളിക്കുന്നു, അടുത്തിരിക്കുന്ന ഒരു അമ്മാവന് എന്റെ ബന്ധം അറിഞ്ഞേ പറ്റു,
പല ബന്ധങ്ങൾ പറഞ്ഞിട്ടും പുള്ളിക്ക് എന്നെ മനസിലാവുന്നില്ല, ഗതി കേട്ടപ്പോൾ ഞാൻ ചോദിച്ചു
തച്ചോളി മാണിക്കോത്ത് ഒതേനക്കുറുപ്പിനെ അറിയാമോ?
പിന്നേ... അറിയാം,
എന്നാൽ ആ ഒതേനന്റെ അമ്മായിയുടെ ചേട്ടന്റെ കൊച്ചു മോൻ എന്റെ അച്ഛന്റെ ചേട്ടന്റെ അനിയത്തിയുടെ അമ്മാവന്റെ മകൻ ആയി വരും.
അതോടെ ആ അമ്മാവൻ സമനില തെറ്റി എങ്ങോട്ടോ എണീറ്റ് പോയി, ഭാഗ്യം,
അവിടെ ഒരു മൂലയിലെ സ്റ്റേജിൽ ഒരാൾ ഇരുന്നു ഓടക്കുഴൽ വായനയോട്‌ വായന, ഞാൻ ഇങ്ങനെ ഉള്ള അമ്മാവന്മാരെ ഒഴിവാക്കാൻ കണ്ണടച്ച് മുട്ടിൽ താളം അടിച്ചു കൊണ്ടിരുന്നു,കുറച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന ഒരു കൊമ്പൻ മീശക്കാരൻ എന്നെ ചുരണ്ടി,അയാളുടെ കാലിൽ ആണ് പോലും ഞാൻ താളം അടിച്ചത്,അതോടെ പേടിച്ചു ഞാൻ താളം അടി നിറുത്തി,
ഇപ്പുറത്തിരുന്ന,കണ്ടാൽ ഗാന്ധിജിയെ പോലെ ഉള്ള സമാധനപ്രിയനും വന്ദ്യ വയോധികനും ആയ ഒരു അമ്മാവനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു,അമ്മാവനും എന്നെ നോക്കി ചിരിച്ചു, തൊഴുതു, തേജസ്വി ആയ അമ്മാവൻ. .അപ്പോൾ ആണ് ഒരു പന്തി ഊണ് കഴിഞ്ഞു പുറത്തു വന്നത്,കല്യാണം ആവുന്നതിനു മുൻപ് ഒരു പന്തി വെച്ചാൽ ഉണ്ണാമായിരുന്നു എന്ന് ഞാൻ മനസ്സിൽ ഓർത്തു, ഉഗ്രൻ വിശപ്പ്‌ ,ഉടനെ തന്നെ നാദ സ്വരം കേട്ടു, അത് കല്യാണം ആവാറായി എന്നതിന്റെ സിഗ്നൽ ആണ് ,വരൻ ഐ എ എസ് ആണ്,നല്ല വിനയമുള്ള പയ്യൻ, അച്ഛൻ കാണിച്ചു കൊടുക്കുന്നവരെ ഒക്കെ ഓടി നടന്നു തൊഴുന്നു,
എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓരോ അമ്മാവന്മാർ മൂലയിൽ ഉള്ള കസേരയുടെയും അലമാരിയുടെയും ഒക്കെ പുറകിൽ പോയി ഒളിച്ചിരിക്കും, അവരെ പയ്യൻ തൊഴുതില്ല എന്ന് പരാതി പറയാൻ, എന്റെ കല്യാണത്തിന് ഒരു അമ്മാവനെ അലമാരക്കകത്ത് നിന്ന് പിടിച്ചിറക്കി ആണ് ഞാൻ തൊഴുതത് . അങ്ങനെ ഉള്ളവരെ ഒക്കെ ഓടി നടന്നു കണ്ടു പിടിച്ച്‌ തൊഴുതു കഴിഞ്ഞപ്പോൾ പാവം പയ്യൻ ഒരു പരുവമായി,
ഒരു മൂരാച്ചി അമ്മാവൻ മുകളിൽ മണ്ഡപത്തിൽ നില്പ്പുണ്ട്,അയാൾ ആണ് ഈ കല്യാണത്തിന്റെ കമാണ്ടർ ഇൻ ചീഫ് ,വേറെ ആരെങ്കിലും വാ തുറന്നാൽ അപ്പോൾ വെടി വെച്ച് കൊന്നു കളയും ,അയാൾ പയ്യന്റെയും പെണ്ണിന്റെയും അമ്മയെയും അച്ഛനെയും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി നിറുത്തി പയ്യനെ ആഞ്ഞു പിടിച്ച്‌ തള്ളി അവരുടെ കാലുകളിൽ വീഴ്ത്തി, ക്രൂരമായ ഒരു ചിരിയോടെ,ഏതു ഐ എ എസ് ആയാലും ഞാൻ പറയുന്നത് കേട്ടോണം എന്ന ഭാവം,അങ്ങനെ വല്ല വിധവും ഉരുണ്ടു വീണും ഇഴഞ്ഞും തവളച്ചാട്ടം ചാടിയും ഒക്കെ പയ്യൻ വല്ല വിധവും മണ്ഡപത്തിൽ കേറി ഇരുന്നു,
അത് കഴിഞ്ഞു പെണ്ണിന്റെ വരവായി,പെണ്ണിനെ കാണാൻ ഇല്ല, ഒരു പത്തമ്പതു കിലോ സ്വർണ്ണം വള ആയും മാല ആയും ഒക്കെ നടന്നു വരുന്നു, പിന്നെ മനസിലായി അതിനടിയിൽ ഉള്ളത് പെണ്ണാണെന്ന്,കാരണം അച്ഛൻ ആ സഞ്ചരിക്കുന്ന ജ്യൂവലറിയെ കൈയ്യിൽ പിടിച്ചിട്ടുണ്ട്,മുന്നിലും പിന്നിലും തോക്കേന്തിയ ബ്ലാക്ക് ക്യാറ്റ് പ്രൊട്ടക്ഷൻ, ആഫ്രിക്കയിലെ ഒരു രാജ്യത്തിൻറെ മൊത്തം സ്വർണ്ണ നിക്ഷേപത്തിനെക്കാട്ടിലും വരും ആ പെണ്ണിന്റെ ദേഹത്ത് ഉള്ള സ്വർണ്ണം
,
അങ്ങനെ സ്വർണ്ണക്കടയെയും നേരത്തെ പയ്യൻ ചെയ്യിച്ച ക്രിയകൾ ഒക്കെ ചെയ്യിച്ച ശേഷം ഉരുട്ടി പെരട്ടി എടുത്തു അമ്മാവൻ മണ്ഡപത്തിൽ ഇരുത്തി,പിന്നെ ഒന്നും കാണാൻ ഇല്ല, കുറെ വൃത്തികെട്ട പുറകു വശങ്ങൾ മാത്രം,ക്യാമറാ മെൻ, ലൈറ്റ് മെൻ,എന്നിവർ, താലി കെട്ടുന്നതും എണീറ്റ്‌ അതി വേഗത്തിൽ ഡൈനിങ്ങ്‌ ഹാൾ ലക്ഷ്യമാക്കി ഓടണം,ഞാൻ പ്ലാൻ ചെയ്തു, കാരണം അത്ര വിശപ്പ്‌,പണ്ട് കളരി പഠിച്ചത് ഇപ്പോഴൊക്കെ ആണ് പ്രയോഗിക്കേണ്ടത്
പിന്നെ ഞാൻ അടുത്തിരിക്കുന്ന സമാധാനത്തിന്റെ പ്രതീകമായ ഗാന്ധിജി അമ്മാവനെ വളരെ ദുഖത്തോടെ നോക്കി, വെള്ളരിപ്രാവ്‌ പോലത്തെ ഈ അമ്മാവൻ ഒക്കെ ഈ തിരക്കിൽ എങ്ങനെ ഊണ് കഴിക്കും? അല്ല എങ്ങനെ ഒന്ന് എണീക്കും,അങ്ങനെ ഇരിക്കവേ കെട്ടി മേളം അടിക്കുന്നത് കേട്ടു, എന്നാൽ പിന്നെ ഒരു ഓട്ടം ഓടാം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ എണീറ്റു.അതോ എണീറ്റില്ലേ,
സത്യത്തിൽ ഇപ്പോഴും ശെരിക്കും ഓർമ്മയില്ല, നമ്മുടെ ആ ഗാന്ധിജി അമ്മാവൻ, ഒരു ഓതിരം ചാടി എന്റെ വലത്തേ തുടയിൽ ചവിട്ടി കുതിച്ചു പൊങ്ങി നെഞ്ചിൽ മുട്ടുകൾ ഊന്നി , ഇടത്തേ കാലു കൊണ്ട് കഴുത്തിൽ ചവിട്ടി പുറകിലേക്ക് മൂന്നു സമ്മർ സാൾട്ട് അടിച്ചു സദ്യക്കായി ഓടി ,
കണ്ണിൽ ഇരുട്ട് കയറി ഒരു നിമിഷം എനിക്ക് പരിസര ബോധം നഷ്ട്ടപ്പെട്ടു പോയി ,അറ്റാക്ക് എന്ന് പറയുമ്പോൾ പട്ടാളക്കാർ ഒക്കെ ഓടുന്ന പോലെ ആയിരുന്നു ജനം ഓടിയത്,ആ തള്ളിൽ വീണു പോയ ഞാൻ വീണിടത്ത് കിടന്നു കൊണ്ട് തന്നെ ആരുടെയോ കാലിലോ മുണ്ടിലോ പിടിച്ചു,അങ്ങനെ എന്നെയും വലിച്ചു കൊണ്ട് അവർ ഓടിയത് കൊണ്ട് മാത്രം ഞാനും എങ്ങനെയോ ഡൈനിങ്ങ്‌ റൂമിൽ എത്തിപ്പെട്ടു,
ഒരു ഇല കണ്ട് അതിനു മുന്നിൽ ഇരിക്കാൻ ആർത്തിയോടെ ചെന്ന എന്നെ വീണ്ടും ജനം തള്ളി മുന്നിലേക്ക്‌ കൊണ്ട് പോയി,അങ്ങനെ ഹാൾ മുഴുവൻ പണ്ട്രണ്ടു റൌണ്ട് എന്നെയും കൊണ്ട് ജനം കറങ്ങി,ഇടയ്ക്കു ഇലയുടെ മുന്നിൽ ഇരിക്കുന്നവരെ ഞാൻ അസൂയയോടെ നോക്കി,ഭാഗ്യത്തിന് ഇടയ്ക്ക് ആരോ വശത്തേക്ക് തള്ളിയത് കൊണ്ട് ഞാൻ തെറിച്ചു പോയി ഒരു ഇലയുടെ മുന്നിൽ വീണു,ഇരുന്ന പാടെ ഞാൻ ഇലയിലെ ഉപ്പേരി എടുത്തു വിഴുങ്ങി ഇലയിൽ അവകാശം സ്ഥാപിച്ചെടുത്തു,വിജയിയെ പോലെ ചുറ്റും നോക്കി ,നല്ല ദാഹം ഓരോരുത്തര്ക്കും ഓരോ കുപ്പി മിനെറൽ വാട്ടർ,
ഞാൻ എന്റെ മുന്നിൽ ഇരുന്ന കുപ്പി പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി,അപ്പോൾ ആരോ ചുരണ്ടുന്നു, നേരത്തെ ഞാൻ താളം അടിച്ച കാലിന്റെ ഉടമസ്ഥൻ.കൊമ്പൻ മീശക്കാരനാണ് , അയാളുടെ വെള്ളം ആണ് പോലും ഞാൻ കുടിച്ചത് ,കണക്കായിപ്പോയി, ഞാൻ മനസ്സിൽ വിചാരിച്ചു,എന്റെ വെള്ളം അപ്പോൾ ആരോ എടുത്തു കുടിച്ചു കഴിഞ്ഞു,ഇനി എന്ത് ചെയ്യും, തടിയൻ തുറിച്ചു നോക്കുന്നു. ഞാൻ ഇലയിൽ കണ്ട ഒരു കൊച്ചു പരിപ്പ് വട എടുത്ത് വെള്ളത്തിന്‌ പകരം അയാൾക്ക്‌ കൊടുത്തു ,ബാർട്ടർ സിസ്റ്റെം,ഏതായാലും അയാൾ അത് വിഴുങ്ങി തൃപ്തനായി എന്നെ നോക്കി ചിരിച്ചു,
പരിപ്പ് വിളമ്പി കഴിഞ്ഞപ്പോൾ തന്നെ പപ്പടം പൊട്ടുന്ന ശബ്ദം,ആളുകൾക്കെല്ലാം ആഹാരത്തോട് എന്തോ ശത്രുത ഉള്ളത് പോലെ ആണ് കഴിക്കുന്നത്‌, കൊമ്പൻ മീശക്കാരൻ തടിയൻ ഉരുളകൾ സൃഷ്ട്ടിച്ചു വായ്ക്കകതെക്ക് ലക്‌ഷ്യം വെച്ച് എറിയുകയാണ് ,ഇടയ്ക്കു ഒരു കാര്യവും ഇല്ലാതെ എന്നെ തുറിച്ചു നോക്കുന്നുമുണ്ട്, ഞാൻ പേടിച്ച് അല്പ്പം ഒതുങ്ങി ഇരുന്നു,അയാളുടെ തീറ്റ വായും നോക്കി ഇരിക്കുന്നതിനിടയിൽ ആരോ കയ്യിൽ കൂടെ ചൂട് സാമ്പാർ ഒഴിച്ചിട്ടു പോയി
,അയ്യോ എന്റെ കൈ കൈ എന്ന് ഞാൻ പറഞ്ഞപ്പോൾ മീശ കൊച്ചു കുട്ടികളെ പോലെ വാ തുറന്നു ചിരിച്ചു, അങ്ങനെ ഒടുവിൽ പായസം വന്നു,മീശക്കാരൻ ആ പഴം എടുത്ത് ഒറ്റ ഞവിടൽ ,പ്ലുക്ക് എന്ന് പറഞ്ഞ് ആ പഴം തെറിച്ചു വന്ന് എന്റെ ഇലയിൽ വീണു, ഞാൻ എന്തോ ദ്രോഹം ചെയ്ത പോലെ പോലെ മീശ എന്നെത്തന്നെ തുടർച്ചയായി തുറിച്ചു നോക്കി,ഞാൻ പതുക്കെ ഒന്നും മിണ്ടാതെ എന്റെ പഴം എടുത്തു അയാൾക്ക്‌ കൊടുത്തു,മീശ എന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ തന്നെ ആ പഴം പായസത്തിൽ ഇട്ടു ഞെരടി
പായസം വേണ്ടെന്നു വെച്ച് ഞാൻ ഉള്ള തടിയും കൊണ്ട് എണീറ്റ്‌ പോയി കൈ കഴുകി,ശ്യാമ തള്ളിനിടയിൽ സമർഥമായി ആരുടെയോ തോളിൽ കയറി ഇരുന്നു അകത്തെത്തി ഊണ് കഴിച്ചിരുന്നു, ഭാഗ്യം,ഇറങ്ങാൻ നേരം ശ്യാമ പറഞ്ഞു.
എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചി ആണ് ഇത് ,ഒരു ആനക്കുട്ടി പെണ്ണുംപിള്ള ,ഞാൻ വിഷ് ചെയ്തു,
ചേട്ടൻ ഇവിടെ എവിടെയോ ഉണ്ട് എന്ന് പറഞ്ഞ് അവർ അവിടെയും ഇവിടെയും നോക്കി,അതാ വരുന്നു ചേട്ടൻ എന്ന് പറഞ്ഞു,
ഞാൻ നോക്കി ആരാണ് ആ പാപ്പാൻ‌ , ദൈവമേ എന്റെ അടുത്തിരുന്ന അതേ കൊമ്പൻ മീശക്കാരൻ തന്നെ ,
ശ്യാമേ , ഇനി നിന്നാൽ ഓഫീസിൽ എത്താൻ ലേറ്റ് ആകും ഞാൻ പോണു കേട്ടോ എന്ന് പറഞ്ഞു ഞാൻ കാറിലേക്ക് ഒരൊറ്റ ഓട്ടം.അങ്ങനെ രക്ഷപ്പെട്ട് കാറും എടുത്തു വരുന്ന വഴിയിൽ ഒരു ആൾക്കൂട്ടം , അതിനു നടുക്ക് ഒരു ജെ സീ ബി നിന്ന് കുഴിക്കുന്നു, നേരത്തെ ഭൂമി പിളർന്നു അപ്രത്യക്ഷൻ ആയ ആളിന് വേണ്ടിയാണ്,പാവം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot