നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭർത്താവ്


By Ammu Santhosh
അയാൾ പേഴ്‌സ് തുറന്നു നോട്ടുകൾ ഒന്ന് കൂടി എണ്ണി നോക്കി .നാനൂറ്റി അമ്പത്തി അഞ്ചു രൂപയുണ്ട് പിന്നെ കുറച്ചു ചില്ലറത്തുട്ടുകളും .രണ്ടു ദിവസം കൂടി തള്ളി നീക്കണം .എന്നാലേ ശമ്പളം ലഭിക്കുകയുള്ളു .വീട്ടിലെ അടുക്കളയിൽ എന്നത്തേയും പോലെ രാവിലെ കയറി നോക്കിയിരുന്നു ,തേയിലയും പഞ്ചസാരയും ഒക്കെ പാത്രത്തിനടിയിലേക്ക് ചേർന്ന് പതിഞ്ഞിരുന്നു .മുളകുപൊടിയുടെ കുപ്പി ഏകദേശം കാലി ആയി പച്ചക്കറികളിൽ കുറച്ചു കാബേജ് ബാക്കിയുണ്ട് .ഭാര്യയുടെ മുഖത്തേക്ക് നോക്കിയില്ല .താൻ ജീവിക്കാൻ അറിയാത്തവനാണ് എന്നാണ് അവൾ പറയുക. അയല്പക്കത്തെ വീട്ടിലെ ദിലീപ് തന്റെ ഡിപ്പാർട്മെന്റിൽ തന്നെയാണ് രണ്ടു കാറുകളും രണ്ടു വീടുകളുമുണ്ട് അയാൾക്ക്‌ .താനിപ്പോളും തന്റെ പഴയ വീട്ടിൽ തന്നെ ആണ് .അധ്യാപകനായിരുന്ന അച്ഛൻ ഒന്നേ പഠിപ്പിച്ചു തന്നുള്ളൂ . "സത്യസന്ധത" .കൈക്കൂലി വാങ്ങാൻ വയ്യ. ഗവണ്മെന്റ് തരുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ കഴിയുന്നുണ്ട് . ഇത്തവണ അമ്മയ്ക്ക് മരുന്നിനു കുറച്ചു പണം അയക്കേണ്ടി വന്നത് കൊണ്ടാണ് കൈയിൽ മിച്ചം പിടിക്കാൻ കഴിയാഞ്ഞത്
ഭർത്താവായിരിക്കുക വളരെ ശ്രമകരമായ ജോലി ആണ് അയാൾ തെല്ലു ചിരിയോടെ ഓർത്തു . ദാമ്പത്യം കുഴപ്പമൊന്നുമില്ല .പക്ഷെ പലപ്പോളും അവൾക്കു തന്നെ മനസിലാക്കാൻ സാധിക്കാറില്ല. കൂട്ടുകാരികളുടെ ഭർത്താക്കന്മാരുടെ സൗന്ദര്യത്തെ കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ അളവില്ലാതെ പാടിപുകഴ്ത്തുന്നത് കേൾക്കാം ഇടയ്ക്കു മുള്ളും മുനയും തന്നെയും മുറിവേല്പിക്കാറുണ്ട് .എത്രയൊക്കെ താഴ്ന്നു കൊടുത്താലും പൊട്ടിത്തെറികളും കലഹങ്ങളും ഒഴിവാക്കാനും പറ്റാറില്ല .
" നിങ്ങളെ കൊണ്ട് എന്തിനു കൊള്ളാം?"
എന്ന ചോദ്യത്തിൽ ചിലപ്പോൾ സകല നിയന്ത്രണങ്ങളും വിട്ടു പോകും
പഠിച്ചു മിടുക്കനായി ഒന്നാം റാങ്കോടെ പിഎസ് സി ലിസ്റ്റിൽ കടന്നതാണ്‌.ഇന്നുവരെ അവരുടെ ആവശ്യങ്ങളൊന്നും നടത്തി കൊടുക്കാതെ ഇരുന്നിട്ടില്ല .എന്നിട്ടും പരാതികളുടെ പെരുമഴ നിലക്കാറില്ല
ഓരോ കല്യാണത്തിനും ഓരോ പുതുവസ്ത്രങ്ങൾ എന്നതിനോട് തനിക്കു യോജിക്കാൻ കഴിയാറില്ല .മാസത്തിലൊരിക്കൽ ബ്യൂട്ടി പാർലറിൽ പോകുന്നതെന്തിനാണെന്നു ചോദിച്ചാൽ സ്ഫോടനം നടക്കും 'ആഴ്ചയിലാഴ്ച്ചയിൽ സ്വന്തം വീട്ടിൽ പോകേണ്ട ആവശ്യമെന്ത്? അത് മാസത്തിലൊരിക്കൽ പോരെ? എന്ന് ചോദിച്ചു പോയാൽ ഒരാഴ്ച മൗനവൃതമാണ് .
മകന് പരീക്ഷ തുടങ്ങുമ്പോഴെങ്കിലും സീരിയൽ കാഴ്ച നിർത്തി അവനെ പഠിപ്പിച്ചു കൂടെ എന്ന് ചോദിച്ചാൽ അവനു ട്യൂഷൻ ഉണ്ടല്ലോ എന്നാകും മറുപടി .
അയല്പക്കത്തെ വീട്ടിൽ പോയിരുന്നു പരദൂഷണം പറയുന്നത് തനിക്കിഷ്ടമല്ല എന്ന് പറഞ്ഞാൽ പകൽ മുഴുവനും മുഷിഞ്ഞിരിക്കുന്നതു നിങ്ങള്ക്ക് പറഞ്ഞാൽ മനസിലാകില്ല എന്ന് പറയും . "എന്നാൽ പിന്നെ പഠിച്ചു ഒരു ജോലി വാങ്ങാൻ നോക്ക് കോച്ചിങ് ക്ലാസ്സിൽ ചേർക്കാം" എന്ന് പറഞ്ഞപ്പോൾ " ഓ നിങ്ങൾക്കിപ്പോൾ ജോലിയില്ലാത്ത എന്നെ കല്യാണം കഴിച്ചത് കുറച്ചിലായി തോന്നുണ്ടാകുംഅല്ലെ ?"
പിന്നെ മൂക്കു പിഴിച്ചിലും കള്ളക്കരച്ചിലും.
എന്നാലും അവളെ തനിക്കു വലിയ ഇഷ്ടമാണ് .അയാൾ സ്നേഹത്തോടെ അവളുട മുഖം ഓർത്തു .അവളുടെ കുറുമ്പുകൾ, കുസൃതികൾ , വാശി, പിണക്കം ,നല്ല ശാന്തമായ മനസ്സാണെങ്കിൽ എല്ലാത്തിനും നിന്ന് കൊടുക്കാറുണ്ട് .ഒരു ഉമ്മയിൽ പിണക്കം അലിയിച്ചു കളയാറുമുണ്ട് .പക്ഷെ തനിക്കുമുണ്ട് ആത്മസംഘര്ഷങ്ങള് .ഓഫീസിൽ ഫയലുകൾ കുന്നു കൂടുമ്പോൾ, മേലുദ്യോഗസ്ഥന്റെ ശകാരം കേൾക്കേണ്ടി വരുമ്പോൾ, .രാഷ്ട്രീയ സമ്മർദം കൊണ്ട് ചിലപ്പോൾ നീതിപൂർവ്വമല്ലാത്തതു ചെയ്തു കൊടുക്കേണ്ടി വരുമ്പോൾ. മുന്നിൽ വരുന്നവർ കാരണമില്ലാതെ തട്ടിക്കയറുമ്പോൾ ഒക്കെ തല പെരുത്ത് ആയിരിക്കും വീട്ടിൽ വരിക .വന്നു കയറുമ്പോൾ പരാതിയുടെ ഭാണ്ഡകെട്ട് അഴിക്കുമ്പോൾ സർവം തല്ലിത്തകർത്തു ഇറങ്ങി പോകാനായിരിക്കും തോന്നുക
ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ പൂമുഖവാതിൽക്കൽ വന്നു പുഞ്ചിരിച്ചു നിന്നില്ലെങ്കിലും സ്വസ്ഥമായി കിടക്കാൻ കുറച്ചു സമയം തന്നാൽ മതിയാകും. അതോടെ ശരിയാകും മനസും ശരീരവും. ഏതു പരാതിയും കേൾക്കാം പിന്നീട് .ഏതു പരിഭവത്തിന്റെ മഞ്ഞുമലയും ഉരുക്കി കളയാം . തണുക്കും ഉടലും ഉയിരും പക്ഷെ പലപ്പോളും അതങ്ങനെ കിട്ടാറില്ല. .ഇത് തന്റെ മാത്രം പ്രശ്‌നമല്ല ലോകത്തെ തൊണ്ണൂറ്റി അഞ്ചു ശതമാനം ഭർത്താക്കന്മാരും ഈ അവസ്ഥയിലൂടൊക്കെ തന്നെയാണ് കടന്നു പോവുന്നത്.
മൊബൈൽ ശബ്ദിച്ചപ്പോൾ അയാൾ കാൾ എടുത്തു. അമ്മയാണ്
" മോനെ ഈ ആഴ്ച എങ്കിലും ഒന്ന് വരണേ ..രണ്ടു മാസമായില്ലേടാ എല്ലാരേം കണ്ടിട്ട് ..വയ്യാത്ത കൊണ്ടാ അല്ലേൽ അങ്ങോട്ടു വന്നേനെ "
അയാളുടെ കണ്ണ് നിറഞ്ഞു .
" വരാം അമ്മെ" ഉറപ്പു കൊടുക്കുമ്പോൾ ഉള്ളിൽ വൃദ്ധരായ അച്ഛന്റേം അമ്മയുടേം മുഖം ആയിരുന്നു.
" ഈ ആഴ്ച നടക്കില്ല വിനുവേട്ടാ .ചിറ്റയുടെ ഇളയ മകന്റെ വാക്കുറപ്പിക്കലാണ് .ഞാൻ നേരെത്തെ പറഞ്ഞതല്ലേ ?" "
അവളുട മുഖം ചുവക്കുന്നു
" അതിനു നീ ചെന്നില്ലേലും കുഴപ്പമൊന്നുമില്ല "
അയാൾ അലസമായി പറഞ്ഞു
" അത് നിങ്ങളാണോ തീരുമാനിക്കുന്നത് ?"
അവൾ ചീറി
" പിന്നല്ലാതെ ആരാ?'
അയാൾ ശാന്തമായി അവളുട മുഖത്തേക്ക് നോക്കി
" എന്റെ കാര്യം ഞാൻ തീരുമാനിക്കും " അവൾ വാശിയോടെ പറഞ്ഞു
അയാൾ ഒന്നും മിണ്ടാതെ ബൈക്കിന്റെ ചാവി എടുത്തു പുറത്തേക്കു പോയി
രാത്രി വൈകിയിട്ടും അയാളെ കാണാതെ വന്നപ്പോൾ അവൾ വാശി കളഞ്ഞു അയാളുടെ മൊബൈലിലേക്ക് വിളിച്ചു അത് സ്വിച്ച് ഓഫ് ആയിരുന്നു പരിഭ്രാന്തിയോടെ അവൾ ഓരോ നമ്പറുകളിലേക്കും വിളിച്ചു കൊണ്ടിരുന്നു
.ഇരുള് മാറി വെളിച്ചംവന്നു .ഒരു രാത്രി കടന്നു പോയിരിക്കുന്നു .അവൾ ഭീതിയോടെ മകനെ ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു
അയാളോട് പറഞ്ഞിട്ടുള്ള പാഴ് വാക്കുകളൊക്കെ അവളുട ഉള്ളിൽ കിടന്നു തിളച്ചു കൊണ്ടിരുന്നു
പെട്ടെന്ന് അയാളുടെ അമ്മയുടെ നമ്പറിലേക്കു വിളിച്ചു നോക്കാൻ തോന്നിയില്ലലോ എന്നവൾ ഓർത്തു
" എന്താ മോളെ ?" അമ്മയുടെ സ്നേഹം നിറഞ്ഞ ശബ്ദം അവൾ ചുണ്ടു കടിച്ചു പിടിച്ചു കരച്ചിലടക്കി
" വിനുവേട്ടൻ ഉണ്ടോ അമ്മെ അവിടെ?'
അവൾ ഇടറിയ ശബ്ദത്തോടെ ചോദിച്ചു
" ഉണ്ടല്ലോ മോള് വീട്ടിൽ എത്തിയോ ?'
അവൾ ഒന്ന് മൂളി 'അമ്മ കരുതിയിരിക്കുന്നത് താൻ തന്റെ വീട്ടിലാണെന്നാണ് .അല്ലെങ്കിൽ ഏട്ടൻ അങ്ങനെയാണ് അമ്മയോട് പറഞ്ഞിരിക്കുന്നത് . ഈ അവസ്ഥയിലും തന്റെ കുറ്റം അവിടെ ഏട്ടൻ പറഞ്ഞില്ലല്ലോ എന്നോർക്കേ അവൾ പൊട്ടിക്കരഞ്ഞു .പിന്നെ വേഷം മാറി മകനെ ഒരുക്കി വീട് പൂട്ടി ബസ്‌സ്റ്റോപ്പിലേക്കു നടന്നു . അയാളെ ഒന്ന് കാണാനുള്ള വെമ്പൽ മാത്രമേ അവളുട ഉള്ളിൽ ഉണ്ടായിരുന്നുള്ളു . അവൾ നെഞ്ചിലെ താലി തന്റെ കൈ കൊണ്ട് അമർത്തി പിടിച്ചു .
ഭർത്താവ് എന്ന ബലം ,ഭർത്താവ് എന്ന ശക്തി പെണ്ണിന് കവചമാണെന്നു 'അമ്മ പറഞ്ഞു തന്നത്, എപ്പോളോ താൻ സൗകര്യപൂർവം മറന്നത് വീണ്ടും ഓർക്കവേ അവളുടെ കണ്ണ് നിറഞ്ഞൊഴുകി തുടങ്ങി.
ഇടയ്ക്കെങ്കിലും ചില ഷോക്ക് ട്രീറ്റ്മെന്റുകൾ വേണം. തിരിച്ചറിവുകൾക്കു അത് ഗുണം ചെയ്യും.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot