നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നേരം വെളുത്തില്ലേ

Image may contain: 1 person

By Anvin George
നേരം വെളുത്തില്ലേ??..ഒരു സംശയം...
കണ്ണു തുറക്കാതെ കൈ നീട്ടി നോക്കി ഭാര്യ കട്ടിലിൽ ഇല്ല....
ആഴ്ചയിലെ ആറു ദിവസത്തെ കട്ടി പണിയും കഴിഞ്ഞു ശനിയാഴ്ചകളിൽ രാത്രിയാണ് ഞാൻ വീട്ടിൽ വരാറുള്ളത്..
ഞായറാഴ്ച നല്ല പോലെ ഉറങ്ങാം എന്നു കരുതിയാണ് ശനിയാഴ്ച രാത്രി കിടക്കുന്നത്... പക്ഷെ അടുക്കളയിൽ നിന്നുള്ള അമ്മായി അമ്മ മരുമകൾ അടിയുടെ ശബ്ദം കേട്ടാണ് ഞായറാഴ്ചകളിൽ ഞാൻ എഴുന്നേക്കുന്നത്..
ഒരു ഞായറാഴ്ചയും എനിക്ക് പകൽ ഉറങ്ങാൻ പറ്റിയിട്ടില്ല... രാവിലെ തന്നെ എല്ലാ മൂഡും അവർ കളയും....
ഭാര്യ പറയും ""ബാക്കി എല്ലാ ദിവസവും അമ്മയ്ക്ക് നല്ല സ്നേഹമാണ്... ഞായറാഴ്ചയെ ഈ കുഴപ്പം ഉള്ളു..... ഏട്ടൻ വരുന്നത് കൊണ്ടാണെന്നു തോന്നുന്നു... ""
എന്തായാലും ഇന്നു ബഹളം ഒന്നുമില്ല....
ഞായറാഴ്ച ആയിട്ട് അവർ അടിക്ക് അവധി കൊടുത്തു കാണുമോ..
അടുക്കളയിലെ സമാധാന അന്തരീക്ഷം എന്നെ അത്ഭുതപ്പെടുത്തി...
അമ്മായി അമ്മ മരുമകൾ ഐക്യം കാണാൻ ഉള്ള കൊതി കൊണ്ട് ഞാൻ പയ്യെ പയ്യെ അടുക്കള ലക്ഷ്യമാക്കി നടന്നു..
അടക്കി പിടിച്ച സംസാരം കേൾക്കുന്നുണ്ട്..
അത് അത്ര ശുഭം അല്ല എന്നെനിക്കു മനസ്സിലായി..
അടക്കി പിടിച്ച സംസാരം പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിപർവതം ആണ്..
അത് പൊട്ടും തീർച്ച.. ..
പെട്ടെന്നാണ് തിളച്ച എണ്ണയിലേക്ക് കടുക് ഇടുന്ന ശബ്ദം കേട്ടത്...
പൊട്ടി തുടങ്ങിയ കടുകിന്റെ പുറകെ അമ്മയുടെ ശബ്ദം വന്നു....
""ഡീ മൂദേവി നീ എന്നെ കൊല്ലാൻ നോക്കുന്നോ ""
അടുക്കള വാതിലിന്റെ പുറകിൽ പമ്മി നിന്ന എന്റെ മുന്നിലൂടെ ഒരു ചീനിച്ചട്ടി പറന്നു പോയി ഭിത്തിയിൽ ഇടിച്ചു വീണു...
കടുക് പൊട്ടിച്ചപ്പോൾ ഒരെണ്ണം അമ്മയുടെ ദേഹത്ത് വീണു...അതിന്റെ ഫലം ആണ് തെറിച്ചു വീണു കിടക്കുന്ന ആ ചട്ടി..
ആ ചട്ടിയിൽ കിടന്ന ഒരു കടുക് എന്നെ നോക്കി കരയുന്ന പോലെ എനിക്ക് തോന്നി...
""കടുക് പൊട്ടിക്കുമ്പോൾ പാത്രത്തിന്റെ വായിൽ വന്നു നിന്നാൽ പിന്നെ കടുക് തെറിക്കാതിരിക്കുവോ..ഉടക്കാൻ ഓരോ കാരണവുമായി വന്നോളും ""
ഭാര്യയും വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു...
ഞാൻ ഇടപെടണ്ട സമയമായി.... "എന്താ അമ്മേ എന്താ വാവേ"
(ഭാര്യയെ ഞാൻ വാവ എന്നാണ് വിളിക്കുന്നത്. )
അവൾ അമ്മയെ കൈ ചൂണ്ടി...
അമ്മ ആകെ കലിപ്പാണ്
"അവന്റെ വാവ എന്നാ നീയൊരു തൊട്ടി കെട്ടി അതിലിട്ടു അവളെ ആട്ടടാ .""അമ്മ തൊട്ടി ആട്ടുന്ന ആഗ്യം കാണിച്ചു കൊണ്ട് അലറി വിളിച്ചു .
ഇനി അവിടെ നിൽക്കുന്നത് പന്തികേടാണ്...
കുറച്ചു കഴിയുമ്പോൾ നിർത്തിക്കോളും. അങ്ങനെയാണ് കണ്ടു വരുന്നത്...
ഞാൻ ഇനി അവിടെ നിന്നാൽ എല്ലാ ബസ്സും നമ്മുടെ നെഞ്ചത്തോട്ടു വരും...
ദേഹോപദ്രവം ഒന്നുമില്ല..അവർ രണ്ടു പേരും ദേഷ്യം തീർക്കുന്നത് പാത്രങ്ങളോടാണ്..
അത് കൊണ്ട് പൊട്ടുന്ന പാത്രങ്ങൾ എല്ലാം എടുത്തു പൂട്ടി വച്ചിരിക്കുകയാണ് .
ഞങ്ങളുടെ വീടു ഹോട്ടൽ 'ശ്രീ ആര്യാസ്സ്' പോലെയാണ് എല്ലായിടത്തും സ്റ്റീൽ പാത്രങ്ങൾ...
""ഈ അച്ഛൻ എവിടെ.. ഇത്രയും ഒച്ചപ്പാട് ഉണ്ടായിട്ടും ഒന്ന് നോക്കുന്ന പോലുമില്ല... ""എന്ന് പറഞ്ഞു അവിടുന്ന് ഞാൻ രക്ഷപെട്ടു..
അച്ചനെ നോക്കി ഞാൻ മുറ്റത്തേക്ക് നടന്നു..
മുറ്റത്തു പട്ടിയുടെ കുര.... അതിനും മുകളിൽ ആണ് അടുക്കളയിൽ നിന്നുള്ള ശബ്ദം...
കൂട്ട്കാരന്റെ അടുത്തു നിന്നു രണ്ടായിരം രൂപ കൊടുത്തു വാങ്ങിയ പട്ടിയാണ്...
വളർന്നു വന്നപ്പോൾ വെറും നാടൻ പട്ടി....
അടുക്കളയിലെ ഉടക്കിനും മുകളിൽ കുരച്ചു അവൻ വീട്ടിലെ ശബ്ദം പുറത്തു കേൾക്കാതെ നോക്കുന്നുണ്ട്...
അച്ഛൻ തിണ്ണയിൽ ദേശാഭിമാനിയിൽ മുഴുകി ഇരിക്കുന്നു
വലതു കൈ പകുതി മടക്കി മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നു... 'വിപ്ലവം വിജയിക്കട്ടെ ' എന്നു പറയാൻ വരുന്നത് പോലെ എനിക്ക് തോന്നി...
"അച്ഛാ ആ ദേശാഭിമാനി മടക്കി അകത്തോട്ടു ചെന്നില്ലേൽ നമ്മുടെ അഭിമാനം പോകും... ""
ഞാൻ പറഞ്ഞു...
അച്ഛൻ എന്നെ നിസ്സഹായതയോടെ നോക്കി...
ശരിയാ അങ്ങോട്ട്‌ ചെന്നിട്ടും വല്യ കാര്യമൊന്നുമില്ല... ഞാൻ ഓർത്തു..
അച്ഛന്റെ കയ്യിൽ നിന്നു സ്പോർട്സ് പേജ് വാങ്ങി വായിച്ചു.....
അടുക്കളയിൽ ബഹളം പൊടിപൊടിക്കുന്നു...
""ഡീ നീ പെണ്ണല്ലടി ആണാ അതാ നിന്റെ മുഖത്തു മീശ.....""
അമ്മ അടുക്കളയിൽ നിന്നു അലറി..
പണി പാളി... ഇന്നത്തെ ഉടക്ക് കഴിഞ്ഞു...ഇനി അവൾ കരഞ്ഞു കൊണ്ട് വന്നു കിടക്കുകയെ ഉള്ളു.
അമ്മ അവളുടെ ദൗർബല്യത്തിൽ പിടിച്ചു....
ശരിയാണ് എന്റെ ഭാര്യക്ക് മീശ ഉണ്ട്... കുറെ ഒന്നുമില്ല... എന്നാലും അവളുടെ വെളുത്ത മുഖത്തു ചെറിയ രോമങ്ങൾ കാണാൻ മാത്രം ഉണ്ട്...
കെട്ടുമ്പോൾ എനിക്കും അറിയില്ലായിരുന്നു... കല്യാണം ഒക്കെ കഴിഞ്ഞു രണ്ടാം ദിവസം അവളെ ഉമ്മ വയ്ക്കുമ്പോൾ ആണ് ചുണ്ടിൽ എന്തോ കൊള്ളുന്ന പോലെ തോന്നിയത്.....
അവളോട്‌ ചോദിച്ചു....
"ഏട്ടാ അതിന്റെ പേരിൽ എന്നെ വെറുക്കല്ലേ... ""
അല്ലേലും അത് ഞാൻ വല്യ കാര്യമാക്കി എടുത്തില്ല......
ആദ്യമൊക്കെ അമ്മയ്ക്ക് ജീവനാരുന്നു അവളെ.... ഞാൻ അവളോട്‌ കാണിക്കുന്ന സ്നേഹം ഒക്കെ അമ്മ വല്യ അഹങ്കാരമായി അയലത്തൊക്കെ പറയുമായിരുന്നു...
ഇതിനിടയിൽ അമ്മ അവളുടെ മുഖത്തെ മീശ കണ്ടു പിടിച്ചിരുന്നു.....
അന്ന് തുടങ്ങിയ പ്രശ്നങ്ങളാണ്....
അവള് ഞങ്ങളുടെ മുറിയിൽ കയറി വാതിൽ അടച്ചു... ഇപ്പൊ കരയാൻ തുടങ്ങി കാണും...
അവൾ പല രീതിയിൽ ആ മീശ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ പിന്നെയും അത് ആ മുഖത്തു വളർന്നു വന്നു കൊണ്ടേയിരുന്നു...
വേറെ ആർക്കും കുഴപ്പമില്ല... അമ്മയ്ക്ക് മാത്രമാണ് പ്രശ്നം... അമ്മ മാത്രമേ അവളെ അത് പറഞ്ഞു കുറ്റപ്പെടുത്താറുള്ളു..
ഞാൻ അച്ഛനെ നോക്കി...
"അച്ഛൻ കേട്ടില്ലേ അമ്മ അവളെ....
"എങ്ങനെയാ അച്ഛാ ഇതു ഒന്ന് നിർത്തുന്നത്... ഞങ്ങൾ ഇനി വീട് വെച്ചു മാറണോ ??'''
അച്ഛൻ പത്രം മടക്കി എഴുന്നേറ്റു...
വീട്ടിലെ ശബ്ദം നിന്നതോടെ ഞങ്ങളുടെ പട്ടിയും കുരക്കുന്നത് നിർത്തിയിരുന്നു.....
എന്നെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി....
""മോനെ നിനക്ക് മനസ്സിലാവും എന്നോർത്താ ഇത്രയും നാളു ഞാൻ ഒന്നും പറയാത്തത്.. ""
അച്ഛൻ തുടർന്നു...
"'അവളുടെ മീശ അല്ല നിന്റെ അമ്മയുടെ പ്രശ്നം.....
അത് അവൾ ആദ്യം തന്നെ കണ്ടു പിടിച്ചിരുന്നു... അത് നിന്റെ അമ്മ എന്നോട് പറഞ്ഞതാണ്... 'മോളു മിടുക്കിയാ അല്ലെ. ആ പൊടി മീശ അവൾക്കു നല്ല രസമാണ്'" എന്നൊക്കെ..
""പിന്നെ എന്താ അച്ഛാ ??"" ഞാൻ ചോദിച്ചു..
''നീ നിന്റെ അമ്മയെ സ്നേഹിക്കാത്തതാണ്.. ""അച്ഛൻ പറഞ്ഞു..
ഞാൻ വാ പൊളിച്ചു...
""അച്ഛാ ആരാ പറഞ്ഞെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നു ??""
അച്ഛൻ തുടർന്നു..
""മോനെ കല്യാണത്തിന് മുൻപും അത് കഴിഞ്ഞുള്ള ആദ്യ മാസങ്ങളിലും നീ എങ്ങനെ ആയിരുന്നോ അങ്ങനെ ആയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഈ വീട്ടിൽ.. ""
""അച്ഛാ ഞാൻ കല്യാണത്തിന് ശേഷം അത്രയും മാറിയോ ??""
""നീ ചിന്തിച്ചു നോക്ക് മോനെ ""അച്ഛൻ ഒന്ന് ചുമച്ചു...
ഞാൻ ഒന്ന് ആലോചിച്ചു..
ഇപ്പൊ എന്താണ് ഞാൻ ചെയ്യുന്നത്... നേരെ വരുന്നു കഴിക്കുന്നു... മുറിയിൽ കയറി കിടക്കുന്നു....
നേരത്തെ അച്ഛനോടും അമ്മയോടും ഒപ്പം ആയിരുന്നു ചോറുണ്ടിരുന്നത്.. അമ്മയുടെ കയ്യിൽ നിന്നും ഒരു ചോറുരുള വാങ്ങി കഴിച്ചിരുന്നു... കിടക്കുന്നതിനു മുൻപേ അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞിരുന്നു... അമ്മയ്ക്കും അച്ഛനും ഉമ്മ കൊടുത്തിരുന്നു..
ശരിയാണ് എല്ലാം മാറിയിരിക്കുന്നു....
"അച്ഛാ ഞാൻ........ ""എന്നിൽ നിന്നുയർന്ന ഒരു കുറ്റബോധത്തിന്റെ ശബ്ദം അച്ഛൻ തടഞ്ഞു..
അച്ഛൻ പറഞ്ഞു
""മോനെ എനിക്കൊരു കുഴപ്പവുമില്ല.. നിന്റെ ഭാര്യ ഞങ്ങൾക്ക് മോളു തന്നെയാണ്... ഞങ്ങൾക്ക് അവളെ നല്ല ഇഷ്ടമാണ്...ആഴ്ചയിൽ ഒരിക്കൽ നീ വരുന്നു.. അന്ന്
രാത്രിയിൽ നീ നിന്റെ അമ്മയോട് സ്നേഹമില്ലാതെ പെരുമാറുന്നതിന്റെ ബാക്കിയാ ഞായറാഴ്ച രാവിലെ നടക്കുന്നത്... ""
അച്ഛന്റെ കയ്യിൽ പിടിച്ചു..
ഞാൻ മുറിയിൽ പോയി ഭാര്യയെ ആശ്വസ്സിപ്പിച്ചു....
""നീ ഒന്ന് കുളിച്ചു റെഡി ആയി വാ... പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം.. ""
അത് കേട്ടതും അവൾ എല്ലാം മറന്നു മിടുക്കിയായി വന്നു...
അമ്മയോട് ഒന്നും പറയാതെ ആണ് വണ്ടിയിൽ കയറിയത്... പക്ഷെ ഇപ്പ്രാവശ്യം ഞാൻ അമ്മ കാണാതെ കണ്ണാടിയിൽ കൂടെ അമ്മയെ നോക്കി...
പറയാതെ ഇറങ്ങിയതിന്റെ വിഷമം ആ മുഖത്തുണ്ടായിരുന്നു...
പുറത്തു പോയി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്താണ് വന്നത്.... അത് അമ്മയുടെ കയ്യിൽ വച്ചു കൊടുത്തു.... അച്ഛനുള്ളത് അച്ഛനും...
അത് കൊടുക്കുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്തിട്ടു കുറെ കാലമായല്ലോ എന്നു ഞാൻ ഓർത്തു...
""നിങ്ങൾക്കൊക്കെ ഒന്നും വാങ്ങിയില്ലേടാ ""
അമ്മ ചോദിച്ചു..
ഇല്ലമ്മേ.. അമ്മയ്ക്കും അച്ഛനും വാങ്ങാൻ പോയതാ.. പിന്നെ ഇതൊക്കെ ഇട്ടു നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോകണം.. ഒരു സിനിമ ഒക്കെ കാണാം... നല്ല സിനിമ വന്നിട്ട് ഒരുമിച്ചു പോകാമെന്നോർത്തിരുന്നതാ.. ഇപ്പോളാ നല്ല ഒരു സിനിമ വന്നത് ""
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞത് എന്റെ ഭാര്യയാണ്...
പോയ വഴിക്കുള്ള ഉപദേശം നല്ലത് പോലെ ഏറ്റു....അവൾ എല്ലാം മാന്യമായി കൈകാര്യം ചെയ്തല്ലോ... ഞാൻ ഓർത്തു..
ഇതൊക്കെ ചെയ്യുമ്പോൾ അമ്മയുടെ പുറകിൽ നിന്നുകൊണ്ട് തടിച്ച ഫ്രെയിം ഉള്ള കണ്ണാടിക്കടിയിലൂടെ കള്ള ചിരിയുമായി അച്ഛൻ എന്നെ നോക്കുന്നുണ്ടായിരുന്നു...
ഞാനും അച്ചനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു...
വൈകിട്ട് സിനിമ ഒക്കെ കണ്ടു തട്ട്കടയിൽ നിന്നു ഭക്ഷണം കഴിച്ചു... എല്ലാരും സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി...
പഴയ പോലെ അമ്മയ്ക്ക് ഒരു ഉമ്മ ഒക്കെ കൊടുത്തു മുറിയിൽ വരുമ്പോൾ ഭാര്യക്ക് ചെറിയ വിഷമം....
അവൾക്കു ഡ്രസ്സ്‌ എടുത്തില്ല അത്രേ....
ഇതു നമ്മള് നേരത്തെ പ്രതീക്ഷിച്ചതാണ്...
അടുത്ത ആഴ്ച എടുക്കാമെന്ന ഉറപ്പിൽ അവളുമായി കട്ടിലിലേക്ക് മറിഞ്ഞു...
അവളുടെ മീശ എന്റെ ചുണ്ടിൽ കൊണ്ടു...
ഇന്നു മറ്റൊരു ഞായറാഴ്ച ആണ്..... അടുക്കളയിൽ നിന്നു ബഹളം ഒന്നുമില്ല.... ഞാൻ പയ്യെ എഴുന്നേറ്റ് അടുക്കള വാതിലിൽ പോയി അകത്തേക്ക് നോക്കി...
അവിടെ അമ്മായി അമ്മ മരുമകളുടെ തലയിൽ നീലി... ഗാതി..(ആ അക്ഷരം വരുന്നില്ല )എണ്ണ തേച്ചു കൊടുക്കുന്നു....
മരുമകൾ പൊട്ടിച്ചപ്പോൾ കയ്യിൽ തെറിച്ചു വീണ കടുക് എന്റെ അമ്മ ചിരിച്ചോണ്ട് എടുത്തു മാറ്റുന്നു..
അച്ഛൻ ദേശാഭിമാനി വായിക്കുന്നു.... നമ്മുടെ രണ്ടായിരത്തിന്റെ നാടൻ പട്ടി ഇപ്പോൾ കുര നിർത്തി... കാരണം വീട്ടിൽ ഇപ്പോൾ ഉടക്കില്ല...
വീട്ടിലെ ആര്യാസ്സ് രീതി ഒക്കെ മാറി.... സ്റ്റീൽ പാത്രങ്ങൾ ഒക്കെ അലമാരയ്ക്കുള്ളിൽ ആയി..
ആകെ സ്നേഹം മാത്രം... അമ്മയുടെ പ്രശ്നം അവളുടെ മീശ അല്ലായിരുന്നു...
എനിക്ക് മീശ വരുന്നത് വരെ പൊന്നു പോലെ വളർത്തിയിട്ട് ഇടയ്ക്ക് ഇല്ലാതായ (ഉള്ളിൽ ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാൻ മറന്നു പോയ )സ്നേഹം ആരുന്നു...
കല്യാണം കഴിയുന്നത് കൊണ്ട് അവസാനിക്കണ്ട ഒന്നല്ല പിതാവിനോടും മാതാവിനോടും ഉള്ള സ്നേഹവും സ്നേഹപ്രകടനവും..
""അച്ഛാ ഇവിടെ ഇപ്പൊ പഴയ ബഹളം ഇല്ലാത്ത കൊണ്ടു ഒരു സുഖമില്ല അല്ലെ ??""
ഞാൻ ചോദിച്ചു...
""ഒന്ന് പൊക്കോണം "അച്ഛൻ ദേശാഭിമാനി വീശി എന്നെ ഓടിച്ചു....
""അച്ഛാ ഉമ്മ ""ഓടുന്ന വഴി ഞാൻ വിളിച്ചു പറഞ്ഞു............
""നിന്റെ അമ്മയ്ക്കു കൊണ്ടുപോയി കൊടുക്കടാ നിന്റെ ഉമ്മ ""
എന്നു പറഞ്ഞു
അച്ഛൻ കുലുങ്ങി ചിരിച്ചു.......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot