നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബിരിയാണി

Image may contain: 1 person, smiling, selfie and closeup
ഫ്രഡിക്ക് എന്നും അസൂയയായിരുന്നു. സ്തഗീറിനോട്.
അവൻ
മുഖപുസ്തകത്തിലെ സ്ഥിരസാന്നിദ്ധ്യം.
സുന്ദരൻ.
നാട്ടിലെ പ്രശസ്തൻ.
പരോപകാരങ്ങളുടെ ചിത്രങ്ങൾ മാത്രം പങ്കു വയ്ക്കുന്നവൻ.
കാരുണ്യവാൻ.
എന്നു വേണ്ട ഇനി ഒരു പുണ്യാത്മാവിന് ചാർത്തി കൊടുക്കേണ്ട പട്ടങ്ങളെല്ലാം വാരിക്കോരി ആളുകൾ കൂട്ടുകാരന് കൊടുക്കുന്നത് കണ്ടപ്പോൾ ചെറിയ അസൂയ എങ്ങനെ തോന്നാതിരിക്കും.
എനിക്കിങ്ങനെയൊന്നും പറ്റുന്നില്ലല്ലോ എന്നുള്ള തോന്നൽ പുറകെ.
ചിലപ്പോൾ മനസ്സിൽ കാരുണ്യമില്ലാത്തതിനാലാകും.
ഭക്ഷണം കഴിക്കാനായ് എടുത്ത് വയ്ക്കുമ്പോൾ പതിവ് പോലെ സാറയെ വിളിക്കണോ?
അതൊ...
എന്ന തോന്നലിലിന് ഉത്തരമായി കുറച്ച് നല്ല പാട്ടുകണ്ട് കഴിക്കാമെന് കരുതിയാണ് ഫ്രഡി മൊബൈൽ കൈയ്യിലെടുത്തത്.
ഓൺലൈൻ ആയി.
നോക്കിയ ഉടനെ
കാരുണ്യവാനായ കണ്ണിലുണ്ണി ചങ്ങാതി അയച്ച ഒരു വീഡിയോ വന്നു കിടക്കുന്നു.
എന്തായാലും അവൻ അയച്ചതല്ലേ ഇന്നത് കണ്ട് ഭക്ഷണം കഴിച്ചേക്കാം എന്ന് കരുതി അവനത് ഓപ്പൺ ചെയ്തു.
കൊട്ടാരസദൃശ്യമായ ഒരു വീടിനുളളിലെ അലങ്കരിച്ച ഹാളിൽ എന്തോ ഒരു ആഘോഷം നടക്കുകയാണ്.
വലിയൊരു ടേബിളിന് ചുറ്റും കൂടിയിരിക്കുന്നവർ ചിരിയും കളിയും തമാശകളുമൊക്കെയായി ഭക്ഷണവും കഴിക്കുന്നുണ്ട്.
ഇടയ്ക്കിടയക്ക് ആൺ പെൺ ഭേദമില്ലാതെ നിറം കലർന്ന പാനീയവും ആസ്വദിച്ച് ചുണ്ടുതുടയ്ക്കുന്നതും കാണാം.
അടുക്കള വാതിലിൽ ഇതെല്ലാം നിരീക്ഷിച്ച് കൊണ്ട് രണ്ടു കണ്ണുകൾ.
ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടി. മുഷിഞ്ഞൊരു പാവാടയും ബ്ലൗസും
ഒഴിഞ്ഞ കഴുത്തും കാതുകളിൽ ഓരോ നീല നിറത്തിലെ മുത്തുകൾ തിളങ്ങുന്നതും കാണാം.
ഇത്രയും ഭക്ഷണവിഭവങ്ങൾ മേശമേൽ നിരത്തിയതിന്റെ ക്ഷീണമെല്ലാം കാണുന്നുണ്ട് അവളുടെ മുഖത്ത്.
എന്താണവൾ ഇത്രയും നോക്കി നിൽക്കാൻ. ഭക്ഷണം കഴിക്കുന്നത് കൊതി നോക്കുന്നതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം ആ ബഹളത്തിലേക്ക് ശ്രദ്ധിക്കുന്ന അവൾ ഇടയ്ക്കൊക്കെ ചുവരിൽ ഇഴഞ്ഞു നീങ്ങി ഇരുട്ടിലേക്ക് അടുക്കുന്ന സൂചിയുടെ ചലനങ്ങളിലേക്കും കണ്ണുകൾ പോകുന്നുണ്ട്.
ഒന്നു ശ്രദ്ധിക്കുമ്പോൾ ആ കണ്ണുകൾക്കുള്ളിൽ ചെറിയൊരു കുടിലിൽ കിടപ്പിലായ അമ്മയെയും രണ്ട് കുഞ്ഞ് സഹോദരങ്ങളെയും വിശന്ന വയറുമായി കാണുന്നില്ലേ..?
ഉണ്ട്. അപ്പൊ അതാണ് അവളുടെ ശ്രദ്ധ.
"എന്താടി ഇവിടിങ്ങനെ കൊതി നോക്കി നിൽക്കുന്നത് കേറി പോ അകത്ത്.."
അത് പറഞ്ഞതും ഒരു പെണ്ണ് തന്നെയായിരുന്നു.
കൂടെ അവളുടെ കവിളിലൊരു കുത്തും. ആഭരണത്തിൽ പൊതിഞ്ഞൊരാ ദുർമേദസ്സുകളെല്ലാം നിറഞ്ഞൊരു ശരീരം ചിരിച്ചുല്ലസിച്ച് വീണ്ടും മേശയ്ക്കരിക്കിലേക്ക് പോകുന്നത് കണ്ടു.
എല്ലാവരും മതിവരുവോളം കഴിച്ച് യുദ്ധം കഴിഞ്ഞ പടക്കളം പോലെയായി മേശപ്പുറം. കൊന്നു തിന്ന പടയാളികളുടെ മാംസവും അസ്ഥികളുമെല്ലാം എച്ചിലായി കിടക്കുന്നു.
കൈ കൊണ്ട് അതെല്ലാം വാരി കൂട്ടിയെടുക്കുമ്പോൾ എല്ലുകളിൽ അല്പമെങ്കിലും മാംസം പറ്റിയിരിക്കുന്നതെല്ലാം കാണുമ്പോൾ അവളുടെ കണ്ണുകളിലൊരു തിളക്കവും കൊതിയോടെ അത് കഴിക്കുന്ന മുഖങ്ങളും ഓർമ്മയിലേക്കെത്തുന്നത് പോലെ തോന്നുന്നു.
കുറച്ചെങ്കിലും ചോറ് ബാക്കിയുണ്ടായിരുന്നൊരു പാത്രത്തിൽ അത് തിന്ന് നിറഞ്ഞവൻ ചർദ്ദിച്ച് ഒഴിച്ചിരിക്കുന്നു.
നിറകണ്ണുകളുമായി അതിലേക്ക് തന്നെ നോക്കി നിൽക്കുന്നവൾ.
''ഇതുവരെ തീർന്നില്ലേടി പെട്ടെന്ന് വൃത്തിയാക്കിയിട്ട് പൊയ്ക്കോ നാളെ രാവിലെ നേരത്തെ വരണം ജോലിയുണ്ട്. "
ആഭരണങ്ങളെല്ലാം അഴിച്ച് വച്ചിട്ട് ഇപ്പൊ അവൾ ഒരു നേർത്ത വസ്ത്രത്തിനകത്ത് ഇറങ്ങിയിട്ടുണ്ടായിരുന്നു.
കൈയ്യിൽ കുടിച്ച് തീർത്ത പാലിന്റെ ഗ്ലാസ്സ് കൂടിയവൾ മേശമേൽ വച്ചു.
നൊമ്പര കാഴ്ച്ചകളുമായിരുന്ന എന്റെ കണ്ണുകൾ അപ്പൊഴും അവളുടെ വസ്ത്രത്തിനുള്ളിലെ അവയവങ്ങളുടെ മുഴുപ്പും ആഴവും തേടിപ്പോയോ..?
ഏയ് ഇല്ല..
പ്രണയമില്ലാതെന്ത് കാമം.
അല്ലെങ്കിൽ
വിശപ്പിനും അതിന്റെ കാഴ്ച്ചയ്ക്കും മുന്നിൽ എന്ത് കാമം.
നായ പോലും കഴിക്കാത്ത ശർദ്ദിലും മദ്യവും മറ്റും കൂടിക്കുഴഞ്ഞതെല്ലാം വേസ്റ്റ്ലേക്ക് തള്ളി.
മിച്ചമുണ്ടായിരുന്ന കുറച്ചവൾ പൊതിഞ്ഞെടുക്കുമ്പോഴും
സ്വന്തം വയറെയിരുന്നതിന് പകരമായി ഒരു വറ്റ് പോലും കഴിക്കാൻ നിൽക്കാതെ കുറച്ച് വെള്ളമെടുത്ത് കുടിക്കുന്നുണ്ട്.
തൊണ്ടയിൽ കൂടി ആ വെള്ളം ഇറങ്ങുന്നത് അവളുടെ കഴുത്തിലെ മുഴച്ച് നിൽക്കുന്ന എല്ലുകൾ കാണിച്ച് തരുന്നുമുണ്ട്‌.
കഴിക്കാനിരുന്ന് സമയം കളയാതെ എത്രയും വേഗം വിശന്ന വയറുകൾക്ക് അരികിലേക്ക് എത്താനാകുമവൾ ആഗ്രഹിക്കുന്നത്.
"ടീ കൈസറിന് എന്തെങ്കിലും കൊടുത്തോ..? മിച്ചമുള്ളത് അവനിട്ട് കൊടുക്ക്
അല്ലേൽ അവനിവിടെ കുരച്ച് ബഹളം ഉണ്ടാക്കി ആളിനെ ഉറങ്ങാൻ സമ്മതിക്കില്ല"
വീണ്ടും അവൾ വന്നപ്പോൾ നേർത്ത വസ്ത്രമോ ശരീരമോ ഒന്നും കണ്ണിൽ ശ്രദ്ധയിൽ വന്നില്ല.
തലയിൽ കൊമ്പും പുറത്തേക്കുന്തിയ പല്ലും ചോര നാവും നീട്ടി അലറുന്ന രാക്ഷസിയായാണ് കണ്ടത്.
"അവൻ കുരയ്ക്കുന്നത് കേട്ടില്ലേ കൊണ്ട് ഇട്ടു കൊടുക്ക്‌ " എന്നു പറഞ്ഞവൾ ആ കാഴ്ച്ച കാണുന്നത് വരെ അവിടെ തന്നെ നിന്നിട്ടവൾ ഒരു വിജയിയെ പോലെ അകത്തേയ്ക്ക് മറഞ്ഞു.
നായപാത്രത്തിലേക്ക് വീണ ഭക്ഷണത്തോടൊപ്പം രണ്ടുതുള്ളി കണ്ണുനീരും കൂടി കലർന്നവൾ നോക്കി നിന്നു.
ചന്ദ്രന്റെ പ്രകാശത്തിൽ അവളുടെ കാതിലെ നീല മുത്തുകളുടെ തിളക്കത്തോടൊപ്പം കണ്ണുകളിലും കാണാം വൈരങ്ങൾ പോലെ തിളങ്ങുന്ന വിശപ്പിന്റെ മുത്തുകൾ.
വാലാട്ടി നിന്ന ആ ജീവി ഒന്നു മൂളികൊണ്ടു അവളുടെ പാദങ്ങളിൽ നക്കി.
ഒന്നു രണ്ടു വട്ടം കുരച്ചു.
"നീ കഴിച്ചോ...?"എന്നുള്ള ചോദ്യമായിരുന്നു അതെന്ന് അവൾക്ക് മനസ്സിലായോ...? അല്ലെങ്കിൽ പിന്നെന്തിന് അവൾ അന്നേരം
"മം ഞാൻ കഴിച്ചു നീ കഴിച്ചോടാ.." എന്നു പറഞ്ഞു കൊണ്ടതിന്റെ തലയിൽ തലോടി.
എന്റെ മുന്നിൽ ഇരിക്കുന്ന ബിരിയാണി ചോറിലേക്കും വീണു രണ്ടു തുള്ളി കണ്ണുനീർ അത് എന്റേത് തന്നെയായിരുന്നു.
തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ. കുപ്പിയിലിരുന്ന വെള്ളം എടുത്ത് കുറച്ച് ഞാൻ കുടിച്ചു.
ഇനി ഈ ആഹാരം ഞാനെങ്ങനെ കഴിക്കും. ഭക്ഷണത്തിന് മുന്നിലിരുന്ന് മൊബൈൽ എടുക്കാൻ തോന്നിയ നിമിഷത്തെ ശപിക്കണമെന്ന് തോന്നുന്നു.
ഏയ് ഇല്ല വിശക്കുന്ന വയറിന് അന്നം നൽകാൻ കഴിയണം.
എന്റെ കൂട്ടുകാരനും ചെയ്യുന്നത് അതാണല്ലോ.
അവനോടൊപ്പം കൂടണം.
കഴിയുന്നതൊക്കെ ചെയ്യണം.
മനസ്സിൽ ഇതൊക്കെ ഉറപ്പിക്കുന്നതോടൊപ്പം അന്നത്തെ വിശപ്പ് പോലും ചത്ത ഞാൻ രണ്ടാം നിലയിലേക്ക് കയറി വന്നപ്പോൾ എന്നും പതിവ് പോലെ കാണാറുള്ള താഴെ പടികൾക്ക് അരികിലായി കിടക്കുന്ന കറുത്ത നായയെ ഓർത്തു.
പലപ്പോഴും അതിനെ എറിഞ്ഞോടിച്ചിട്ടുണ്ടെങ്കിലും എന്നും രാത്രി വരുന്ന കാണുമ്പോൾ അത് കിടന്ന കിടപ്പിൽ വാല് ആട്ടുന്നുണ്ടാകും.
ഇന്നത്തെ അവന്റെ അത്താഴം.
കൈയ്യിലിരുന്ന ബിരിയാണി അവന് മുന്നിലേക്ക് വച്ച് കൊടുത്തപ്പോൾ അവനൊന്നു കുരച്ചു.
പതിയെ.
കഴിച്ചോ...?എന്ന് എന്നോട് ചോദിച്ചതാകുമോ..?
"ഞാൻ കഴിച്ചു. നീ കഴിച്ചോടാ " എന്ന് പറഞ്ഞ് ഞാനവനെ ഒന്നു തലോടിയപ്പോൾ ആർത്തിയോടവൻ അത് കഴിക്കുന്നത് കണ്ട എന്റെ വിശപ്പ് എവിടെയോ പോയ്മറഞ്ഞിരുന്നു.
"ഇതാണ് വിശക്കുന്നൊരു വയറിന് ആഹാരം നൽകി ആ സന്തോഷം കണ്ട് നമുക്ക് നമ്മുടെ വിശപ്പും മറന്നു പോകുന്നതല്ലേ.. "
ഞാൻ ഫോൺ എടുത്ത് എന്റെ കൂട്ടുകാരനെ വിളിച്ചു.
"മച്ചാനെ നീ എന്തു ചെയ്യുവാണ്.
എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കണം.
നീ അയച്ച വീഡിയോ ഞാൻ കണ്ടു.
ഭക്ഷണവും ഇറങ്ങുന്നില്ല.
കണ്ണും നിറഞ്ഞു... "
''ഹ...ഹ...ഹ...''
ആദ്യം അവിടെന്ന് ചിരിയാണ് വന്നത്.
പുറകെ മറുപടിയും.
"ഞാനിവിടെ വീട്ടിലാണ്.
പ്രിയതമ കൊണ്ടു വന്ന ബദാമും കശുവണ്ടിയും ഇട്ട പാലിൽ കുറച്ച് കുങ്കുമപ്പൂവും ചേർത്ത് കുടിച്ചു കൊണ്ടവളുടെ
മടിയിൽ കിടക്കുവാണ്. "
ശരിയാണ് എന്തോ വായിൽ നിറഞ്ഞിരിക്കുന്ന സംസാരം തന്നെയായിരുന്നു അവന്റേത്. "ഇന്നിവിടെ പാർട്ടിയായിരുന്നു മച്ചാനെ എല്ലാരും ഇപ്പൊ പോയതേ ഉള്ളു.
ജോലിക്കാരി ....... മോള് നേരത്തെ പോയി.
ഇനി കുറെ പണിയുണ്ട് ഇതു കഴിഞ്ഞിട്ട്.
നീ എന്താ വിളിച്ചത്..?
ഏത് വീഡിയോ...?
നിനക്കെന്താ വട്ടാണോ...?
ഇതൊക്കെ കണ്ടും കേട്ടും കരയാൻ.
തുര് തുരാ അവന്റെ ചോദ്യങ്ങൾ വരുമ്പോഴേക്കും
അവനും രണ്ട് കോമ്പല്ലുകൾ നീണ്ടു വരുന്നതും
തലയിൽ കൊമ്പു മുളയ്ക്കുന്നതും ചോരനാവു നീട്ടി അട്ടഹസിക്കുന്നൊരു രാക്ഷസ രൂപം എന്റെ മനസ്സിൽ രൂപപ്പെടുകയായിരുന്നു.
"നായിന്റെ മോൻ.."
എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോഴും കഴിച്ച ആഹാരത്തിന്റെ നന്ദിയുമായി എന്റെ പാദങ്ങളിൽ മണപ്പിച്ചൊരു നായ നിൽക്കുന്നു.
ജെ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot