നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മെയ്മാസ പൂക്കൾ

Image may contain: 1 person, smiling, closeup

••••••••••••••
"ശിവാനി.... നിനക്ക് മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത് .......ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു നീ മാത്രമാണെന്റെ മനസ്സ് നിറയെ ...പക്ഷേ ഇക്കാര്യം അച്ഛനോട് അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കിതു വരെയും കിട്ടിയില്ല..."
മടിയിൽ കിടന്നെന്റെ ആലിലവയറിലെ മറുകിലേക്ക് മുഖമമർത്തി ചുംബിക്കുന്ന രവിയെ ഞാൻ നോക്കി...
പ്രണയമാണവന്റെ കണ്ണുകൾ നിറയെ പക്ഷേ ഇന്നവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നു..
പേരറിയാത്ത ഒരു ഭയം ഉടലാകെ പെരുത്തുകയറുന്നതിനിടയിലും ഞാനവന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.
എപ്പോഴുമെന്റെ ലഹരിയാണു നീയെന്ന് പറഞ്ഞ അവൻ, അൽപമെങ്കിലും മാറിയെന്നല്ലേ കുറച്ചു മുൻപേ കേട്ട വാക്കുകളുടെ അർത്ഥം....
കുറ്റിമീശരോമങ്ങൾ വയറിനുമുകളിൽ ഇക്കിളിയിടുമ്പോഴും കുറച്ചു മുൻപ് വരെ അനുഭവിച്ചിരുന്ന സ്നേഹം മനസ്സിലുണരുന്നില്ല ...
കൈക്കുമ്പിളിൽ അവന്റെ മുഖമുയർത്തി വിയർപ്പ് കിനിയുന്ന നെറ്റിയിൽ ചുണ്ടമർത്തി ചുംബിച്ചു ഞാൻ പറഞ്ഞു...
" രവി...നീ പറയുന്ന പോലെയല്ല കാര്യങ്ങൾ ....
അച്ഛനെയും അമ്മയെയും എങ്ങനെയെങ്കിലും സമ്മതിപ്പിക്കുമെന്ന് പറഞ്ഞാണ് അനാഥയായ എന്നെ നീ ക്ഷേത്രനടയിൽ അഗ്നിസാക്ഷിയായി താലിയണിയിച്ചത് പക്ഷേ ...ഇന്നും ആരുമറിയാതെ...ആരുമില്ലാതെ...
ഒററക്കാണ് ഞാനിവിടെ...ദാ വർഷമൊന്ന് കഴിഞ്ഞു...."
പറഞ്ഞു മുഴുവനാക്കും മുൻപേ തേങ്ങലോടെ ഞാൻ തലതാഴ്ത്തി...സങ്കടത്തിൽ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചുപിടിച്ചു കണ്ണുകൾ ചേർത്തടച്ചു.....
വിറകൊള്ളുന്ന മൂക്കിൻ തുമ്പിലേക്ക് മഞ്ഞുകണങ്ങളെ പോലെ കണ്ണുനീർത്തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങിയതും അവൻ മുഖമുയർത്തി.
വെളുത്തു നീണ്ട മൂക്കിനൊരലങ്കാരമായി അവൻ തന്നെ അണിയിച്ച മൂക്കുത്തിവളയത്തിന്മേലേക്ക് പൊഴിഞ്ഞു വീഴുന്ന അശ്രുകണങ്ങൾ പതിയെ തുടച്ചു മാറ്റി രവിയെന്നെ മാറോട് ചേർത്ത് പിടിച്ചു....
" വെറുംവാക്കല്ല ...നീയല്ലാതൊരു പെണ്ണ് ഇനിയെന്റെ ജീവിതത്തിലില്ല ...പ്രാണനേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു പോയി....നിന്നെ ഇനിയുമെനിക്ക് തനിച്ചു വിടാൻ വയ്യ...."
മറുപടി പറയാനെന്നെ അനുവദിക്കാതെ ഉന്മാദത്തോടെ അധരങ്ങൾ തമ്മിലലിഞ്ഞ ബാക്കി പറച്ചിലിൽ ഞാനവനിൽ പൂർണമായി അലിഞ്ഞുചേർന്നു...
രാത്രിയുടെ ഏതോ യാമത്തിൽ ആർത്തിരച്ചു വന്ന വേനൽമഴ പെയ്തൊഴിഞ്ഞ പോലെ ഒടുവിൽ ഞാനവനിൽ തളർന്നു വീഴുമ്പോളെന്റെ ഹൃദയം പറയുന്നുണ്ടായിരുന്നു...
ഇല്ല എന്നെ വേദനിപ്പിക്കാൻ അവനു കഴിയില്ല.....
പ്രാണനേക്കാളേറെ പരസ്പരം സ്നേഹിക്കുന്നത് കൊണ്ട് ഇടനെഞ്ചിലേ മിടിപ്പ് നിലക്കും വരെ കൂടെയുണ്ടാകുമെന്നാണ് വാക്ക് കൈമാറിയത്....
നിന്റെ ആത്മാവിലലിഞ്ഞു ചേർന്ന ഞാനില്ലാതെ, എന്നെ പിരിഞ്ഞൊരു ജീവിതമില്ലെന്നറിയാം നിനക്ക് എങ്കിലും ആരുമില്ലാത്തവളുടെ പേടിയെന്നെ വിടാതെ പിൻതുടരുന്നു ...
ഭയമകറ്റാൻ സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞു ജീവൻ തളിരിട്ടിട്ട് പോലും ഇങ്ങനൊരു ഭാര്യയുണ്ടെന്ന് വീട്ടിൽ പറയാൻ അവനിതു വരെ കഴിഞ്ഞിട്ടില്ല...
അവന്റെ വീട്ടിലറിയിക്കാതെയുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ജോലിസ്ഥലത്തെ എല്ലാവർക്കും അറിയാമായിരുന്നു...
സ്ഥലമാറ്റം കിട്ടി മാസങ്ങൾക്ക് മുൻപേ അവൻ പോകുമ്പോഴേക്കും കൂടെ ജോലിചെയ്യുന്ന ഒരു ചേച്ചിയുടെ ഫ്ലാറ്റിലേക്ക് സുരക്ഷിതയായി ഞാൻ മാറിയിരുന്നു...
വേഴാമ്പലിനെ പോലെ പിന്നെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കാത്തിരിപ്പാണ് അവന്റെ വരവിനായി...
അവനെത്തുന്ന പകലുകൾക്കായി കാത്തിരിപ്പോടെ മാത്രം ഉണരുന്ന.... ഒറ്റക്കുള്ള നിമിഷങ്ങളിൽ അവന്റെ ഓർമ്മകൾ ഒരു പുഞ്ചിരിയായി മനസ്സിനെ നൃത്തം ചെയ്യിക്കുന്ന നിമിഷങ്ങൾ.
അനിയത്തിയുടെ കല്യാണം കഴിഞ്ഞല്ലാതെ ഇക്കാര്യം വീട്ടിലറിയിക്കാൻ കഴിയില്ലെന്ന് അവൻ പറഞ്ഞപ്പോൾ കല്യാണമിപ്പോൾ വേണ്ടെന്ന് കരുതിയതാണ് ....പക്ഷേ വിദേശത്തേക്ക് ഒരു അവസരം വന്ന് ഞാൻ പോകുമെന്നായപ്പോൾ അവനാണ് നിർബന്ധിച്ചത് നഷ്ടപ്പെടുത്താൻ വയ്യെന്ന് പറഞ്.
അവൻ പറഞ്ഞറിഞ്ഞു അറിയാം കർക്കശക്കാരനായ അച്ഛനെയും സ്നേഹനിധിയായ അമ്മയെയും അനിയത്തിയേയുമൊക്കെ...അനാഥയായ എന്നെ അവർ സ്വീകരിക്കാൻ നേർച്ചയും പ്രാർത്ഥനയുമായി കഴിയുകയാണ് ഞാൻ ...
വളർത്തിയ അനാഥമന്ദിരം , ദാനമായി തന്ന പേര് മാത്രം സ്വന്തമായുള്ളവൾക്ക് പ്രാർത്ഥിക്കാനല്ലാതെ ആഗ്രഹിക്കാനെന്ത്...
രാവിലെ ജോലിചെയ്യുന്ന ബാങ്കിനടുത്തു കാർ നിർത്തി ഇറക്കിവിടാൻ നേരമെന്റെ കൈകൾ അവനൊന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച് തലേന്ന് പറഞ്ഞതാവർത്തിച്ചു...
" അടുത്താഴ്ച ഞാൻ വരും എന്നിട്ട് നമുക്ക് പോയൊരു ഡോക്ടറെ കാണാം .....നീ എതിര് പറയരുത് ഈ കുഞ്ഞു നമുക്ക് വേണ്ട...ഇത് ഒരശ്രദ്ധ മാത്രമാണ്....ഇതിനെ സ്വീകരിക്കാൻ ഇനിയും നമ്മൾ തയ്യാറായില്ല....എന്റെ വീട്ടിലേക്ക് വലതുകാൽ വച്ചു നീ കയറി വരുമ്പോൾ നമ്മൾ മാത്രം മതി...അതിനു ശേഷം നമുക്കായൊരു ലോകം തീർക്കാം ...ഒരു കുഞ്ഞു രവിയും കുഞ്ഞു ശിവാനിയുമുള്ള ലോകം "
ഒന്നും പറയാതെ ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി...പ്രണയം മാത്രമാണാ കണ്ണുകളിൽ...ഇനിയും ഉത്തരവാദിത്വമുള്ള ഭർത്താവായി മാറാൻ മടിക്കുന്ന കണ്ണുകൾ .
ശരിയെന്ന് കണ്ണുകൾ അടച്ചുകാട്ടി അവനു സമ്മതം നൽകി ഞാൻ പതിയെ വിരല് കൊണ്ടവന്റെ ചുണ്ടിൽ തൊട്ടെന്റെ ചുണ്ടിൽ വച്ചു...
യാത്ര പറഞ്ഞവൻ പോകുന്നതും കണ്ണിൽ നിന്നും മറയുന്നതും നോക്കി ബാങ്കിലേക്ക് കയറാതെ ഞാൻ നിന്നു...ഇനിയും അംഗീകരിക്കാൻ കഴിയാത്ത അവന്റെ ന്യായീകരണങ്ങൾ മനസ്സിൽ ഉണർത്തിയ പല ചോദ്യങ്ങളുമായി...
അതുവരെയും കഥകൾ കേട്ട് മിണ്ടാതിരുന്ന വയലറ്റ് കടൽകാറ്റേറ്റ് തണുത്തിരുന്ന എന്റെ കൈകൾ അവളുടെ ഉള്ളംകയ്യിലാക്കി കൂട്ടിപ്പിടിച്ചു...
" പേടിക്കണ്ട ഞാനുമെന്റെ കുടുംബവും നിനക്ക് തുണയായി ഉണ്ടാകും .....പ്രണയത്തേക്കാൾ ആ കുഞ്ഞുജീവന് നീയെപ്പോൾ മൂല്യം നൽകിയോ ആ നിമിഷം നീ ദൈവത്തിനു പ്രിയപെട്ടവളായി....ഒരു കുഞ്ഞു ഉരുവാകുമ്പോഴേ ഒരു പെണ്ണിന്റെ ജന്മം അമ്മയെന്ന പുണ്യജന്മമായി...അതിന് ജീവൻ നൽകി സംരക്ഷിക്കാൻ നീയെടുത്ത തീരുമാനം...നിനക്ക് നല്ലതേ വരൂ ശിവാ..."
ഇനിയുമവന്റെ സമയത്തിനായി കാത്തുനിൽക്കാതെ ആർക്കുമൊരു ശല്യമാകാതെ എനിക്കെന്റെ സ്വന്തം രക്തത്തെ മതിയെന്ന തീരുമാനം എടുത്താണ് ഞാനന്ന് ബാങ്കിലേക്ക് കയറിച്ചെന്നത്...
രാജിക്കത്ത്‌ തയ്യാറാക്കി മാനേജരെ തേടിച്ചെന്ന എന്നെ സമാധാനിപ്പിച്ചു കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ...വെറും മാസങ്ങൾ കൊണ്ട് മാനേജരെന്നോ പേയിങ് ഗസ്റ്റെന്നോ എന്നതിനപ്പുറം സുജാതചേച്ചി എന്റെ സ്വന്തം ചേച്ചിയായത് ഞാനറിഞ്ഞു....
രാജിക്ക് പകരം നീണ്ട അവധിക്കുള്ള അപേക്ഷ കൊടുത്തു ഞാനിറങ്ങുമ്പോൾ എന്നെ അന്വേഷിച്ചാര് വന്നാലും ഇവിടുന്ന് പോയെന്നുള്ള മറുപടിയെ നൽകൂ എന്നൊരു ഉറപ്പും ഞാൻ വാങ്ങിയിരുന്നു...
സുജാതചേച്ചിയുടെ പഴയ പരിചയത്തിലുള്ള ഗോവയിലെ ഒരു കൊങ്ങിണി കുടുംബത്തിന്റെ അഡ്രെസ്സ് കയ്യിൽ മുറുകെ പിടിച്ചു ഞാനവിടെ ട്രെയിനിറങ്ങുമ്പോൾ എന്നെയും കാത്തു ക്രോപ്പ് ചെയ്ത മുടിയുമായി മുട്ടൊപ്പമുള്ള മിഡിയും ധരിച്ചു ഒരു മധ്യവയസ്‌ക നിന്നിരുന്നു....
മാസമിപ്പോൾ എട്ടു കഴിഞ്ഞിരിക്കുന്നു ...എന്തിനും ഏതിനും ബിയർ പാർട്ടികൾ നടത്തുന്ന , ഭക്ഷണത്തിനു മുൻപ് അത് തന്ന ദൈവത്തിനോട് നന്ദി പറഞ്ഞു പ്രാർത്ഥന നടത്തുന്ന ആ മധ്യവയസ്കയും ഭർത്താവുമാണെന്റെ സംരക്ഷകർ...
ഒന്നിനെ പറ്റിയും ഞാനിപ്പോൾ ഓർക്കാറില്ല...എങ്കിലും ചില രാത്രികളിൽ അവനോടുള്ള പ്രണയതീവ്രതയിൽ ദേഹമാസകലം ചുട്ടുപൊള്ളി ഞാൻ ഞെട്ടിയുണരും..... ഉറക്കമുണർന്നാലും നഷ്ടസ്വപ്നമായി അവന്റെ മുഖം എന്നെ വേട്ടയാടുന്ന ആ നിമിഷം....
ഒരു ചിന്തക്കും സ്ഥാനമില്ലാത്ത വിധം പെട്ടെന്നൊരു കുഞ്ഞിക്കാലെന്റെ വയറ്റിൽ കുതിച്ചു ചവിട്ടും....കുഞ്ഞു മുഷ്ടികൾ ചുരുട്ടിയെന്നെ മെല്ലെയിടിക്കും...ഞാനില്ലേ എന്റെയമ്മക്ക് എന്നൊരു കുഞ്ഞികാറ്റ് വന്നെന്റെ കാതിൽ മന്ത്രിക്കും....
എന്നുമുള്ള ഈ നടത്തം വയലറ്റിന്റെ നിര്ബന്ധമാണ്...രണ്ടു വട്ടം മണൽത്തരികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കുറച്ചു നേരം കടൽകാറ്റേറ്റ് ഒടുവിൽ അസ്തമയസൂര്യൻ കടൽനീലിമയിലേക്ക് ഊളിയിട്ടിറങ്ങുന്നേരം ഞങ്ങൾ മടങ്ങും....
എന്നും വയലറ്റിന്റെ കഥകൾ മാത്രം കേൾക്കുന്ന എന്നോട് ഇന്നാദ്യമായാണ് എന്റെ കഥ അവരോട് പറയാൻ ആവശ്യപ്പെട്ടത്...
ആയാസപ്പെട്ട് ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് അവരെന്നെ കൈ പിടിച്ചുയർത്തി...അടുത്ത മാസമാണ് ഡോക്ടർ പറഞ്ഞിരിക്കുന്ന തീയതി....മെയ്മാസപൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന മാസം
അനാവശ്യ ചോദ്യങ്ങളൊഴിവാക്കാൻ വീട്ടുകാർ കൂടെച്ചേർക്കാത്ത പ്രണയവിവാഹവും വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവുമെല്ലാം ഡോക്ടർക്കും അയല്പക്കക്കാർക്കും മുൻപിൽ അവതരിപ്പിച്ചത് വയലറ്റാണ്...
നേരമിരുട്ടാൻ തുടങ്ങിയതും ഉടുപ്പിലും ചെരുപ്പിലും പറ്റിയ മണൽതരികൾ തട്ടികളഞ്ഞു നടക്കുന്നതിനിടക്കാണ് ഒരാൾ ഞങ്ങളെ പിൻതുടരുന്നത് ശ്രദ്ധിച്ചത് ...ഒഴിഞ്ഞു മാറാൻ നോക്കിയപ്പോഴും ഞങ്ങൾക്ക് പിന്നാലെ അയാളുണ്ട്...
മെയ്മാസ പൂക്കൾ നിറഞ്ഞ മരത്തിന് കീഴിലെ കുരിശിനരികെ ഞങ്ങളെത്തിയതും അയാൾ ഞങ്ങൾക്ക് മുൻപിൽ വഴി തടഞ്ഞു...
" എത്രെ നാൾ നിനക്ക് അവനെയൊളിപ്പിച്ചു ജീവിക്കാനാകും....ഈ കുഞ്ഞിനെ വേണ്ടെന്നവൻ നിന്നോട് പറഞ്ഞതവന്റെ നിവൃത്തികേടായിരുന്നു... കുടുംബമഹിമ ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന ഗൗരവക്കാരനായ ഒരച്ഛനെ മാത്രേ അവൻ അന്ന് വരെ കണ്ടിട്ടുള്ളു...മക്കളുടെ ഇഷ്ടം നടത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരച്ഛനെന്ന് കാണിക്കാൻ ഞാനും ശ്രമിച്ചില്ല...."
ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥി...രവിയുടെ അച്ഛൻ...
കാണുന്നത് കനവാണോ കേൾക്കുന്നത് കള്ളമാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ നിന്നതും അച്ഛനെന്റെ ചുമലിൽ കൈ വച്ചു...
" മോളെ നിർത്താം നമുക്കീ ഒളിച്ചുകളി...നീയില്ലാതെ അവന് ജീവിക്കാനാകില്ലെന്നു നിനക്കും അവനും ഞങ്ങൾക്കും അറിയാം എങ്കിലും ജീവച്ഛവമായി കടമകൾ തീർക്കാൻ അവൻ ഞങ്ങളോടൊപ്പമുണ്ട്.....ഈ കുഞ്ഞു പിച്ചവെക്കേണ്ടത് ആരുമറിയാത്ത ഈ നാട്ടിലല്ല നമ്മുടെ തറവാട്ടിലാണ്...അനാഥയായല്ല അർഹതയുള്ള മകളായിട്ടാണ് മോളെ ഞാൻ വീട്ടിലേക്ക് വിളിക്കുന്നത്...."
ഞാനറിയാതെ പെയ്യാൻ തുടങ്ങിയ മിഴിയിണകളെ ഞാൻ തടയാൻ ശ്രമിച്ചില്ല...പെയ്തുതീരാതെ കണ്ണീർമഴയെന്റെ കാഴ്ചയെ തടയുന്നതിനിടയിലും ഞാൻ കണ്ടു ദൂരെ വഴിയരികിൽ നിർത്തിയിട്ട കാറിനരികെ കൈകൾ മാറോടു ചേർത്ത്കെട്ടി രവിയെന്നെ നോക്കി നിൽക്കുന്നു...
അതുവരെയുള്ള സകല മനോധൈര്യവും അവനെ കണ്ട മാത്രയിൽ തകർന്നു വീണു....ഹൃദയം നുറുങ്ങിയുള്ള വേദനക്കൊരു അവസാനമെത്തിയതും ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ റോഡിലേക്ക് മുട്ട് കുത്തിയിരുന്നു...
ജന്മം തന്ന് ഉപേക്ഷിച്ചു കളഞ്ഞെങ്കിലും ഞാനെന്റെ അച്ഛനെയും അമ്മയെയും ഒരിക്കലും ശപിച്ചിട്ടില്ല.. നിന്നെയെനിക്ക് സമ്മാനിച്ച ഈ ജന്മവും ജന്മദാതാക്കളെയും ഞാനെങ്ങനെ ശപിക്കും...
അങ്ങനെയുള്ള ഞാൻ എന്റെ കുഞ്ഞിന്റെ ജന്മം നിഷേധിക്കുന്നതെങ്ങനെ...
ആരുമില്ലെങ്കിലും എനിക്കെന്റെ രക്തത്തിൽ ജനിച്ച കുഞ്ഞു മതിയെന്ന സ്വാര്ഥതക്കാണ് ഞാൻ മുൻ‌തൂക്കം കൊടുത്തത്...
ഞങ്ങളിതാ മടങ്ങുകയാണ്...അച്ഛനുമമ്മയും സുജാതചേച്ചിയും വയലറ്റും ഭർത്താവുമെല്ലാം സാക്ഷി നിൽക്കെ രവിയെന്റെ സിന്ദൂരരേഖയിലണിയിച്ച സിന്ദൂരം എന്റെ നെറ്റി മുഴുവൻ പടർന്നിരിക്കുന്നു...
എന്റമ്മയിനി ഒരിക്കലും കരയരുതെന്ന് വീണ്ടുമാ കുഞ്ഞിളം കാറ്റെന്റെ കാതിൽ മെല്ലെ പറഞ്ഞതും അവിടെ നിൽക്കുന്നവരെയെല്ലാം മറന്ന് രവിയുടെ നെഞ്ചിലേക്ക് ഞാൻ മുഖം പൂഴ്ത്തി....
നെഞ്ചോട് ചേർത്തവനെന്നെ മൂർദ്ധാവിൽ ചുംബിക്കുമ്പോൾ ആ ഹൃദയമിടിപ്പ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു....
“നീയില്ലാതെ ഞാനില്ല പെണ്ണേ...ഇനി നമ്മുടെ കുഞ്ഞും..."
•••••••••••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot