നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാഴ്ച വസ്തുക്കൾ

Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
´´´´´´´´´´´´´´´´´
ലുലു മാളിന്റെ മുറ്റത്ത്‌,
ചായം തേച്ചു മിനുക്കിയ മുഖമുള്ള,
ത്രീ ഫോർത്തിട്ട യുവ സുന്ദരി
ബെൻസ് കാറിൽ കയറും മുൻപ്
ഒന്നു ചിരിച്ചു, എന്നെ നോക്കി...
പിന്നെ ചോദിച്ചു, സുഖമാണോ മാഷേ..?
താജ് പഞ്ചനക്ഷത്ര ഹോട്ടലിൻ പടിക്കൽ
കോട്ടും ടൈയും, റാഡോ വാച്ചും,
റേ ബാനും, ഐ ഫോണും
അണിയിച്ചൊരുക്കിയ
അഭിനവ ജന്മിക്കുട്ടൻ
ഒന്നു ചിരിച്ചു, എന്നെ നോക്കി,
പിന്നെ ചോദിച്ചു,സുഖമാണോ മാഷേ..?
ശോഭാ സിറ്റിയിൽ,
അത്യാഡംബര നാലുകെട്ടിന്റെ
പടുകൂറ്റൻ കവാടത്തിൽ വെച്ച് ,
പട്ടിൽ പൊതിഞ്ഞ ലാവണ്യ രൂപം
ഒന്നു ചിരിച്ചു, എന്നെ നോക്കി,
പിന്നെ ചോദിച്ചു,സുഖമാണോ മാഷേ... "
അമ്പലപ്പറമ്പിലെ ആൽച്ചുവട്ടിൽ,
കോടികൾ മതിക്കുന്ന ജഗ്വാറിന്റെ
ജാലകച്ചില്ല് താഴ്ത്തിയ എക്സിക്കുട്ടൻ
ഒന്നു ചിരിച്ചു, പിന്നെ ചോദിച്ചു ;
"പോരുന്നോ സായി മാഷേ... "
വൈദ്യ ശാലയിൽ മരുന്നിനായി
നടു വേദനിച്ചു വരി നിൽക്കവേ,
വെളുക്കെ ചിരിച്ചു ഡോക്ടർ സുന്ദരി
ഉറക്കെ ചോദിച്ചു ;
"ഓർക്കുന്നോ,
മാഷിന്റെ പഴയ ശിഷ്യയാണ് ഞാൻ "
കാലങ്ങളെത്രയായ് അലയുന്നു,
ഈ വൃദ്ധൻ..
മാഷിനെ,ഇവരോർത്തതിന്നു മാത്രമോ...!
പായുന്ന ബസ്സിലെ കമ്പിയിലാടുമ്പോൾ
സീറ്റൊഴിഞ്ഞെന്റെ കൈപ്പിടിച്ചു
ഫ്രീക്കാനൊരുത്തൻ മൊഴിഞ്ഞു ;
"സായി മാഷേ ഇരുന്നാലും... "
പലചരക്കിന്റെ...മരുന്നിന്റെ...
പിന്നെ പല തരം പറ്റു തീർക്കാൻ
പെൻഷൻ തികഞ്ഞില്ല;
കണ്ണു നിറഞ്ഞു പോയ്..
മുതലാളിപ്പയ്യന്മാർ പയ്യെ മൊഴിഞ്ഞു ;
"പിന്നെ തന്നാൽ മതി,സായി മാഷേ... "
വെയിൽ കൊണ്ട് വയ്യാതെ
വീടെത്തി ഞാൻ.
കൈകൾ പിടിച്ചും,
പടികൾ കയറ്റിയും,
ചാരു കസേരയിൽ താങ്ങിയിരുത്തിയും
പേരക്കിടാവവൾ പുഞ്ചിരിച്ചു.
ഐ പാഡിൽ നിന്ന് കണ്ണു പറിക്കാത്ത,
കവിളിൽ ഒന്നു തൊട്ടാൽ ചിണുങ്ങുന്ന,
ഉണ്ണി മോളേ, എന്തേ നിനക്കിത്ര മാറ്റം?
തെരുവിലും കാണുന്നു പതിവില്ലാതെ
തൊഴലുകൾ പിന്നെ പുഞ്ചിരികൾ...
ലോകം നന്നായോ.. ഇത്ര വേഗം...?
വന്നോ അവതാരം,കൽക്കി ദൈവം...?
കലിയുഗം തീർന്നുവോ...?
സത്യ യുഗ ധർമ്മം പിറന്നുവോ...?
"ഒന്നുമല്ല സായി മുത്തച്ഛാ...
ഇന്ന് കണ്ടതെല്ലാം ഒരു ചലഞ്ചല്ലയോ...
മുഖ പുസ്തകത്തിലെ
"ലവ് ഓൾഡ് മാൻ ചാലഞ്ച് "മത്സരം..
സ്നേഹിച്ചു കാണിക്കും
ഫോട്ടോയെടുക്കും
പിന്നെ എഫ് ബീയിലിടും... "
അകത്തു നിന്നാരോ ക്യാമറ മിന്നിച്ചു.
കണ്ണു പുളിച്ചു.. ഭയന്നു പോയ് ഞാൻ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot