നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പുണ്ണി..

Image may contain: 1 person, beard..
....
നക്ഷത്രങ്ങൾ പൂത്തു നിന്ന ഒരു രാത്രിയിലാണ് ഞാൻ അപ്പുണ്ണിയെ സൃഷ്ടിച്ചത്. പൂർണ്ണമാക്കാത്ത ഒരു കഥയുടെ അവസാന മിനുക്കു പണികളിലായിരുന്നു ഞാൻ. അക്ഷരങ്ങൾക്കിടയിൽ നിന്നും തിളങ്ങുന്ന കണ്ണുകളാൽ കൊച്ചപ്പുണ്ണി എന്നെ ഒന്നു നോക്കി..
ക്രമമില്ലാതെ കിടന്ന അക്ഷരക്കൂട്ടങ്ങളിൽ നിന്നും ഒരു വിധം ഞാനവനെ വാരിയെടുക്കവേ പല്ലു മുളയ്ക്കാത്ത മോണകൾ കാട്ടി അവൻ ഒന്നു ചിരിച്ചു.
ആ നിഷ്കളങ്കമായ ചിരിയിൽ മയങ്ങി ഞാനിരുന്നു. അവൻ ജനിച്ചതിന്റെ കൃത്യം മൂന്നാമത്തെ ദിവസം ഞാനവനെ പേരു വിളിച്ചു.
". അപ്പുണ്ണി " ...
ആ വിളി കേട്ടവൻ തല തിരിച്ചു എന്നെ നോക്കി കൈകാലുകൾ ഇളക്കി.
ഷെൽഫിലെ പുസ്തകങ്ങൾ അവനു തൊട്ടിലായി. അക്ഷരങ്ങൾ നോക്കി അവൻ ഉറങ്ങി..
ബേബി പൗഡർ ഇല്ലാത്തതിനാൽ ഞാനവന്റെ കവിളിൽ ക്യുട്ടിക്കൂറാ പൗഡർ ഇട്ടു... അവന്റെ കുഞ്ഞുകൈകളിൽ തഴുകി പാടി...
കൊച്ചു കാൽ വളരൂ വളരൂ...
കൊച്ചു കൈ വളരൂ വളരൂ..
അപ്പുണ്ണി വളരൂ വളരൂ..
അക്ഷരങ്ങളിൽ അവൻ വളർന്നു.മുല്ലപ്പൂ പല്ലുകൾ മുളച്ചു. കൈകളും കാലുകളും വളർന്നു.
ഒരിക്കൽ ഏതോ പുസ്തകത്തിനുള്ളിൽ നിന്നും അവനെന്നെ അമ്മേ എന്നു വിളിച്ചു.. ഞാനാ വിളിയിൽ കോരിത്തരിച്ചു.. പിന്നീടൊരിക്കൽ അവൻ എന്നെ അച്ഛാ എന്നും വിളിച്ചു.
അപ്പുണ്ണിയുടെ വിളിയിൽ തെറ്റുകൾ ഇല്ലായിരുന്നു. കാരണം അവന്റെ അമ്മയും അച്ഛനും ഞാൻ തന്നെയായിരുന്നു..
പുസ്തക മുറിയിൽ എന്റെ ഭാര്യയറിയാതെ എന്റെ മാത്രം മകൻ വളർന്നു. ഞാനവനെ ലാളിച്ചു. കൊഞ്ചിച്ചു.. കവിളിൽ ഉമ്മവച്ചു.കഥകൾ പറഞ്ഞു. കവിതകൾ പാടി.
അങ്ങനെയിരിക്കവേ ഒരിക്കൽ അവൻ ' എന്നോടു ചോദിച്ചു..
അച്ഛാ ഡാകിനി കുട്ടൂസന്റെ ആരാ?
അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ ഞെട്ടിച്ചു.
ഇത്തിരി നേരം ആലോചിച്ചു ഞാൻ ഉത്തരം പറഞ്ഞു..
അകന്ന ബന്ധുവാ..
ഒരു കള്ളച്ചിരിയോടെ അവൻ പുസ്തകങ്ങൾക്കു പിറകിലൊളിച്ചു..
അതൊരു തുടക്കം മാത്രമായിരുന്നു. അകത്തെ മുറിയിൽ ഞാൻ എഴുതാനിരിക്കവേ എന്റെ കടലാസിനു മുന്നിൽ വന്നിരുന്നു ചോദ്യങ്ങൾ ചോദിക്കുക എന്നത് അവനൊരു പതിവാക്കി.പലപ്പോഴും അവന്റെ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാതെ ഞാൻ വിഷമിച്ചു.
ഒരിക്കൽ ഞാൻ പറഞ്ഞു.
അപ്പുണ്ണി.... എഴുതുമ്പോൾ എന്നെ ശല്യപ്പെടുത്തരുത്. നീ വേണമെങ്കിൽ രണ്ടാമത്തെ തട്ടിലെ പുസ്തകങ്ങളുമായി കളിച്ചോളൂ.
അവൻ ക്രുദ്ധ മൗനത്തോടെ എന്നെ നോക്കി. പിന്നെ രണ്ടാമത്തെ തട്ടിലെ പുസ്തകങ്ങൾക്കിടയിലേക്കു പോയി.
മറ്റൊരിക്കൽ ഞാൻ ഒരു കഥയുടെ പ്രധാനപ്പെട്ട രംഗം എഴുതുകയായിരുന്നു. വെയിലിറങ്ങി നിന്ന ഒരു മുളങ്കാടിൽ നിന്നും ഒരു മുള ആകാശത്തെ തൊടുവാനായി കൈ നീട്ടി വളരവേ ഞാനാ ശബ്ദം കേട്ടു..
മതേതരത്വം എന്നു വച്ചാൽ എന്താച്ഛാ..
കഥയിൽ തടസം വന്നതിന്റെ ദേഷ്യത്തിൽ തന്നെ മറുപടി പറഞ്ഞു.
വാക്കുകളിലും അക്ഷരങ്ങളിലും മാത്രം വെറുതെ പറയുന്ന ഒരു വാക്കാണ് മതേതരത്വം..
രണ്ടാമത്തെ തട്ടിലെ പുസ്തങ്ങൾക്കിടയിലെ സംശയത്തിന്റെ വലിയ കണ്ണുകൾ കണ്ടിട്ടും കാണാത്തതുപോലെ ഞാൻ നടിച്ചു. പക്ഷെ ചോദ്യം വീണ്ടും വന്നു.
വ്യക്ഷങ്ങളുടെ വേരുകളെ പറ്റി ഒരു കഥയെഴുതിക്കൂടെ അച്ഛാ?.
ചിന്തകളിൽ പുതു വെളിച്ചം പകർന്ന അപ്പുണ്ണിയുടെ ശബ്ദം..
ഒരുമയുടെ ആരും കാണാത്ത കഥ..
മണ്ണിനടിയിൽ അന്യോനം ആശ്രയിച്ചും, സഹായിച്ചും സാന്ത്വനമേകിയും വേരുകൾ...
മണ്ണിനു മുകളിൽ വ്യത്യസ്തത..
പല നിറങ്ങളിൽ, പല രൂപങ്ങളിൽ, പല ചിന്തകളിൽ...
വെയിലിറങ്ങി നിന്ന മുളങ്കാടുകളിൽ നിന്നു ഒരു മുള ആകാശത്തെ തൊടുവാനായി.......
അപ്പുണ്ണി....
സ്നേഹത്തോടെ ഞാൻ വിളിച്ചു. രണ്ടാമത്തെ തട്ടിൽ നിന്നു അവൻ ചിരിയോടെ ഇറങ്ങി വന്നു.
ഉറങ്ങിക്കോളൂ അപ്പുണ്ണി ..ഞാനാ കൈകളിൽ തലോടി . കവിളുകളിൽ ഉമ്മ വച്ചു.. പിന്നെ അവനായി ഞാൻ പാടി
"പൊന്നു മോനേ നീയുറങ്ങ്
കണ്ണു പൂട്ടി നീയുറങ്ങ് "
എന്റെ മുന്നിൽ മുകളിലേക്കു നോക്കി അവൻ കിടന്നു. എപ്പോഴോ പാതിയടഞ്ഞ മിഴികളാൽ അവനെന്നെ ഒന്നു നോക്കി.. പിന്നെ ഒരു ദീർഘനിശ്വാസത്തിനു ശേഷം അവൻ ആ കണ്ണുകൾ പൂർണ്ണമായി അടച്ചു.
രാത്രിയിലെപ്പോഴോ അവന്റെ മുഖം തെളിഞ്ഞു നിന്ന വെളുത്തകടലാസ്സിലേക്കു ഞാൻ നോക്കി..
അവന്റെ ആ മുഖം ആ കടലാസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു..
കണ്ണുനീർ വീണു പടർന്നു പോയ അക്ഷരങ്ങളിൽ അവന്റെ മുഖം കാണാതെ ഞാനുറക്കെ വിളിച്ചു
മോനേ അപ്പുണ്ണി....
തുറന്നിട്ട ജനാലയിലൂടെ അകത്തു കടന്ന പടിഞ്ഞാറൻ കാറ്റിൽ ആരുടേയോ തേങ്ങലുകൾ കലർന്നിരുന്നു. പുസ്തക ഷെൽഫിലെ രണ്ടാമത്തെ തട്ടിൽ ചുറ്റിപറ്റി നിന്ന ശേഷം ആ കാറ്റ് എന്നെ തഴുകി പുറത്തേയ്ക്ക് ഒഴുകിയകന്നു...
പ്രേം മധുസൂദനൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot