നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബ്രേക്ക് അപ്പ്


ഒരു "ബ്രേക്ക് അപ്പ് "നമ്മളിൽ ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടല്ലോ അത് പലപ്പോളും വാക്കുകളിലൂടെയോ കണ്ണീരിലൂടെയോ വിവരിക്കാനാവില്ല
.അത് ഹൃദയം കൊണ്ട് അറിയുക തന്നെ വേണം .
ഞാൻ ഇഷ ...ഇഷ മുഹമ്മദ് .പഠനം കഴിഞ്ഞു .നഗരത്തിൽ ഫ്രീലാൻഡ് ജേര്ണലിസ്റ് ആയി ജോലി നോക്കുന്നു . ചിത്രങ്ങളെടുക്കുക എന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള ഹോബി .കാമറ ആയിരുന്നു എനിക്കെല്ലാം അമനെ കാണും വരെ ..എനിക്കി ഭൂമിയിൽ സ്വന്തമെന്നു പറയാൻ ആകെ ഉള്ളത് ഈ കാമറ മാത്രമാണ് .പിന്നെ രണ്ടു ഭൂഖണ്ഡ ങ്ങളിലായി രണ്ടു കുടുംബമായി ജീവിക്കുന്ന വാപ്പയും ഉമ്മയും ,അവർ മാസം തോറും അയയ്ക്കുന്ന പണവും .കുറെ നാൾ അവർക്കൊപ്പം ഞാൻ മാറി മാറി ജീവിച്ചു . ചിലയിടങ്ങളിൽ നമ്മൾ " മിസ് ഫിറ്റ് " ആകും .എന്താ അതിന്റ ശരിക്കുള്ള മലയാള വാക്ക് ? മിസ് ഫിറ്റ് ... അറീല ക്ഷമിക്കുക .എന്തായാലും അങ്ങനെ മിസ് ഫിറ്റ് ആകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ കേരളത്തിലേക്ക് പോരുന്നു .ഇവിടെ തറവാട്ടിൽ വാപ്പയുടെ ഉമ്മ ഉണ്ടായിരുന്നു .കുറച്ചു നാൾ മുൻപ് വരെ .വീണ്ടും ഞാൻ തനിച്ചായി .അത് ചിലപ്പോൾ ചിലരുടെ മാത്രം വിധി ആണ് .ഏതു കൂട്ടിൽ പോയി ചേർന്നാലും അവിടയെയൊന്നും ചേരാനാവാതെ .പുറന്തള്ളപ്പെടുകയോ താനെ പുറത്തു പോകുകയോ ചെയ്യേണ്ടി വരും .
ഞാൻ പിന്നെ തനിയെ നടന്നു ശീലിച്ചു തുടങ്ങി .അങ്ങനെയുള്ള എന്റെ ഏകാന്ത കൂടാരത്തിലേക്കാണ് അമൻ എത്തിയത് . നന്നായി പാട്ടു പാടുന്ന ,നിറയെ സംസാരിക്കുന്ന ,പൂച്ചക്കണ്ണുള്ള, സുന്ദരനായ അമൻ മേനോൻ .ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ഞാൻ എടുത്ത ഒരു ചിത്രം കണ്ടിട്ട് എന്റെ മേൽവിലാസം തേടി പിടിച്ചു എന്നെ തേടിയെത്തിയതായിരുന്നു അമൻ .
ആദ്യമൊന്നും ഞാൻ അവന്റെ സൗഹൃദത്തിനോട് ഒരു "യെസ്" പറഞ്ഞില്ല .ഞാൻ ഒരു മെരുങ്ങാത്ത കാട്ടുപൂച്ച ആണെന്ന് അവനെന്നെ കളിയാക്കി പറയും .സംസാരിക്കാൻ, പാട്ടു കേൾക്കാൻ,ഭക്ഷണം കഴിക്കാൻ ,ഉറങ്ങാൻ ഒക്കെ കൃത്യ സമയം വെയ്ക്കുന്ന ആളായിരുന്നു ഞാൻ ,കൃത്യനിഷ്ഠയും ചിട്ടയും സൂക്ഷിക്കുന്നവൾ .അമൻ അങ്ങനെ അല്ല .ചിലപ്പോൾ അതിരാവിലെ വന്നു കാളിംഗ് ബെല്ലടിച്ചു എന്നെ അതിശയിപ്പിചു കളയും. എന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാത എ
ഒരാൾ കടന്നു വരുന്നത് എനിക്കിഷ്ടമായിരുന്നില്ല .അതെനിക്ക് ശീലമില്ലാഞ്ഞിട്ടാണ് .ആരുമില്ലാത്തവർക്കു അങ്ങനെ കുറച്ചു ശീലക്കേടുകൾ ഉണ്ടാകാം .ആദ്യമൊക്കെ എനിക്ക് അത് വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു .പക്ഷെ അവൻ എന്റെ വാശിയും പിണക്കവും കുറുമ്പും ഒക്കെ ക്ഷമയോടെ സഹിക്കുന്നത് കാണെ ഞാൻ ആ ശീലങ്ങളെല്ലാം മാറ്റി തുടങ്ങി .ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ചെയുക എന്ന രീതിയിലേക്ക് ഞാൻ എന്നെ മാറ്റിയെടുത്തു .
അമന്റെ ഒപ്പം യാത്ര ചെയ്യാൻ എനിക്കിഷ്ടമായിരുന്നു .എന്റെ വ്യക്തിത്വത്തെയും സ്വകാര്യതകളെയും അവൻ മാനിക്കുമായിരുന്നു .ഒരു 'അമ്മ നന്നായി വളർത്തിയ ഒരു മകൻ ആയിരുന്നു അവൻ .എന്റ്റെ വേദനകളൊന്നും ഞാൻ അവനോടു പറഞ്ഞിരുന്നില്ല .ആരുമില്ലാത്തവൾ ആണെന്ന് കണ്ടാൽ ചിലപ്പോൾ ആൾക്കാർ സഹതാപം കൊണ്ട് വെറുപ്പിച്ചു കളയും . അവനെന്നോട് പ്രണയമാണെന്ന് പറയുമ്പോളും ഞാൻ ഒരു ചിരിയോടെ അത് തള്ളി കളഞ്ഞു .പക്ഷെ അവനെ സ്നേഹിക്കാതിരിക്കാൻ അവനു കുറവുകളൊന്നും തന്നെ ഇല്ലന്ന് കാണെ ആഴമുള്ള ഒരു കിണറ്റിലേക്ക് വീഴും പോലെ ഞാൻ അതിലേക്കു വീണു പോയി . അവന്റ പ്രണയത്തിലേക്ക്, നിറഞ്ഞ ചിരിയിലേക്ക് ,തമാശകളിലേക്ക് ,എന്നും ഒപ്പമുണ്ടാകും എന്ന സത്യമുള്ള വാക്കുകളിലേക്ക് ...
ഒരിക്കലും സ്നേഹം ലഭിച്ചിട്ടില്ലാത്ത ഒരാളുടെ ഹൃദയം നിങ്ങൾ കണ്ടിട്ടുണ്ടോ ? അതെന്നും വിലപിച്ചു കൊണ്ടേയിരിക്കും ..അത് വിളറിയും രക്തം പമ്പ്ചെയ്യാൻ മറന്നും ഇടയ്ക്കിടെ കഠിനമായ വേദന തന്നു കൊണ്ടിരിക്കും .അമനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഞാൻ ഉല്ലാസവതിയായി , ഏകാന്തതയെ ഞാൻ മറന്നു തുടങ്ങി .ഞാൻ അവനിലേക്ക്‌ മാത്രമായി ചുരുങ്ങി
പ്രണയം ഒരു വല്ലാത്ത അനുഭൂതിയാണ് ,നമ്മുട പ്രപഞ്ചവും ഭൂമിയും ആകാശവും ഒക്കെ ഒരാൾ മാത്രമാകും .ഉണരുന്നതും ഉറങ്ങുന്നതും ഒരേ ഓര്മകളിലാവും. ഞരമ്പിലോടുന്ന രക്തത്തിനു പോലും പറയാനുണ്ടാവുക അവനെ കുറിച്ച് മാത്രമാകും .ശ്വസിക്കുന്ന വായുവിന് അവന്റെ ഗന്ധമാകും .കാണുന്ന കാഴ്ചകൾക്ക്, കേൾക്കുന്ന ശബ്ദ വീചികൾക്കു ഒക്കെ പ്രണയത്തിന്റെ അദൃശ്യമായ ഒരു നിറവ് ഉണ്ടാകും .
ഒരു ദിവസം അവനെന്നെ അവന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി .അച്ഛൻ, 'അമ്മ , അനിയത്തി, അനിയൻ , മുത്തശ്ശി, മുത്തശ്ശൻ ,.. എത്ര ആൾക്കാരാ അവിടെ . എന്ത് രസാ ..മാവും പ്ലാവും പിന്നെ പേരറിയാത്ത കുറെ മരങ്ങൾ ..കിളികൾ ..ചെറിയ അണ്ണൻ കുഞ്ഞുങ്ങൾ ഒക്കെ നിറഞ്ഞു നിൽക്കുന്ന വളപ്പിൽ വലിയ ഒരു നാലു കെട്ട് തറവാടായിരുന്നു അവന്റെ.ഞാൻ അതൊക്കെ ആദ്യമായി കാണുകയായിരുന്നു . അമന്റെ 'അമ്മ എനിക്ക് പാല്പ്പായസം കൂട്ടി നല്ല ഒരു സദ്യ തന്നെ തന്നു .പക്ഷെ ഒറ്റയ്ക്കായി ഒരു സമയം 'അമ്മ എന്നോട് പറഞ്ഞു
" മോളെ ഇഷ ..നിന്നെ എനിക്ക് ഇഷ്ടം ആയി ..പക്ഷെ നീ എന്നും അവന്റെ സുഹൃത്ത് മാത്രമായിരിക്കുക ..കാലമെത്ര മാറിയാലും ഒരു മുസ്ലിം പെൺകുട്ടി അവന്റെ വധുവായി വരുന്നത് സങ്കൽപ്പിക്കാൻ പോലും ആവാത്ത രണ്ടു വൃദ്ധജനങ്ങൾ ഉണ്ടിവീടെ ..അവന്റ മുത്തശ്ശനും മുത്തശ്ശിയും .."
എനിക്ക്‌അവിടെ നിന്ന് എഴുനേറ്റു ഓടണമെന്നു തോന്നി .എന്റെ ഹൃദയത്തിനു തീ പിടിച്ചു കഴിഞ്ഞിരുന്നു .ആ വീടിന്റെ സ്നേഹാന്തരീക്ഷം തകർക്കാൻ എനിക്കാവുമായിരുന്നില്ല
അമനോട് ഞാൻ അതെ കുറിച്ച് പറഞ്ഞില്ല .പക്ഷെ അവൻ അതറിഞ്ഞുവെന്നു തോന്നി .കുറച്ചു ദിവസങ്ങൾ അവൻ മാറി നിന്ന് നോക്കിയെന്നു തോന്നുന്നു .തോറ്റു പോയിട്ടെന്ന വണ്ണം അവൻ വീണ്ടും വന്നു .പക്ഷെ അതവൻ ആയിരുന്നില്ല .അവന്റെ കണ്ണിലെ പ്രണയാവേശമൊക്കെ കെട്ട് പോയിരുന്നു പകരം വാക്ക് പാലിക്കാനുള്ള ഒരു വെമ്പൽ മാത്രമാണ് ആ കണ്ണിൽ കണ്ടത് . എനിക്ൿത് ആവശ്യമില്ലായിരുന്നു .ഞാൻ പറഞ്ഞില്ലേ സ്നേഹം എനിക്ക് വിധിച്ചിട്ടില്ല .ഞാൻ പഴയ പോലെ ഒറ്റക്ക് ആകാൻ ശ്രമിച്ചു നോക്കി .അതും നടന്നില്ല .
അങ്ങനെ ഞാൻ നഗരത്തിലെ മിടുക്കനായ ഒരു സൈക്കാട്രിസ്റ്റിന്റെ അരികിൽ ചെന്നു.ഡോക്ടർ സക്കറിയ തോമസ് ശാന്തതയോടെ എന്നെ കേട്ടു.ഞാൻ എന്നെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു .എപ്പോളൊക്കേയൊ ഞാൻ ഉറക്കെ കരഞ്ഞു .തല ഭിത്തിയിലേക്കു ആഞ്ഞുആഞ്ഞു ഇടിച്ചു .മുടി വലിച്ചു പറിച്ചു .
ഉറക്കെ കരഞ്ഞു . .ഞാൻ ശരിക്കും ഭ്രാന്തിയായി മാറി പോയി എന്നെനിക്കു തന്നെ തോന്നി .എന്നെ അദ്ദേഹം തടഞ്ഞില്ല ഒടുവിൽ ഞാൻ വെറും നിലത്തു കാല്മടക്കുകൾക്കിടയിൽ കൈകൾ വെച്ച് ഉറങ്ങി പോയി .
ഉണരുമ്പോൾ ഞാൻ മറ്റൊരു മുറിയിലായിരുന്നു . നീല നിറമുള്ള കർട്ടനുകൾ കാറ്റിൽ പറന്നു കൊണ്ടിരുന്നു .ഹൃദയം വീണ്ടും ശക്തിയിൽ മിടിച്ചു തുടങ്ങിയ നേരം ഡോക്ടർ വന്നു .അദ്ദേഹം എന്റെകൈ പിടിച്ചു മെല്ലെ നടത്തി .ഞങ്ങൾ ആശുപത്രി വരാന്തയിലൂടെ മെല്ലെ നടന്നു കൊണ്ടിരുന്നു .ഓരോ രോഗിയുടെയും കഥകൾ ലളിതമായി അദ്ദേഹം പറഞ്ഞു കേൾപ്പിച്ചു .
എന്റേത് എത്ര നിസാരമാണെന്നു പറയാതെ പറയുകയായിരുന്നു അദ്ദേഹം
ചില ദിവസങ്ങളിലെ അദ്ദേഹമെന്നെ റീജിയണൽ കാൻസർ സെന്ററിൽ കൊണ്ട് പോകും
വേദനയുട ലോകത്തെ തടവുകാർക്കിടയിലൂടെ ഞങ്ങൾ നടക്കും
മെല്ലെ മെല്ലെ ഞാൻ അമനെ ,അവന്റെ പ്രണയത്തെ മറക്കാൻ ശീലിച്ചു ..അത് മറക്കുക എന്നതല്ല ..ശീലിക്കുക എന്നതാണ് വേറെ വഴിയില്ല.
പക്ഷെ അതിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ .ഒരു രോഗിയായി അമൻ ഡോക്ടറുടെ മുറിയിൽ എത്തുന്ന ദിവസം വരെ ..
ഞാൻ അമനെ സ്നേഹിച്ചതിനേക്കാൾ എത്രയോ ഇരട്ടി അവനെന്നെ സ്നേഹിച്ചിരുന്നു എന്ന് അവന്റെ ശൂന്യമായ മിഴികൾ നിന്നോട് പറഞ്ഞു . അവൻ സംസാരിച്ചിട്ട് മാസങ്ങളായത്രേ . എന്നെയവൻ തിരിച്ചറിയുന്നുണ്ടായിരുന്നില്ല എന്ന് തോന്നി ..ഞാൻ അവന്റെ അരികിൽ ചെന്നു എനിക്കേറ്റവും ഇഷ്ടമുള്ള അവന്റെ ചുണ്ടുകളിൽ മെല്ലെ തൊട്ടു. അവൻ മുഖം മെല്ലെ വെട്ടി തിരിച്ചു പിണങ്ങിയ കുട്ടിയെ പോലെ ജനാലക്കരികിൽ പോയി നിന്നു.
ഹൃദയം പൊട്ടിപോകുന്ന ഒരു കരച്ചിൽ എന്നിൽ നിറഞ്ഞു .ഞാൻ ആ മുഖം പിടിച്ചു താഴ്ത്തി അവന്റെ ചുണ്ടുകൾ മുറിഞ്ഞു ചോര കിനിയും വിധം ദീർഘമായി ചുംബിച്ചു . ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ അമൻ എന്നെ ഇറുകെ പുണർന്നു .എന്റെ വാരിയെല്ലുകൾ നുറുങ്ങുന്നത്ര ശക്തിയിൽ അവൻ എന്നെ അവനിലേക്ക്‌ ചേർത്തു പിടിച്ചു
ഞങ്ങൾ രണ്ടും ഒരേ പോലെയാണെന്ന് എനിക്കന്നേരം മനസിലായി
ഭ്രാന്തിന്റെ കടൽ ഇരമ്പുന്ന രണ്ടാത്മാക്കൾ
ഒരു ശ്വാസപകർച്ചയിൽ ജീവൻ നിലനിർത്തുന്നവർ
ദൈവം കൂട്ടിച്ചേർത്തവർ ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot