നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദ.... ബോംബ് ( ഒരു കോമിക് ട്രാജിക് ത്രില്ലർ )

Image may contain: 1 person, selfie, beard, closeup and indoor
**********************
ഉച്ചനേരത്തെ അമൃതേത്തിനും, പതിവ് പള്ളിയുറക്കത്തിനും ശേഷം, ഓഫീസിലെ ഫയൽ കൂമ്പാരത്തിനിടയിൽ നിന്നും, ഉയർത്തെണീറ്റ ഞാൻ...കുളക്കരയിൽ കിടക്കുന്ന ചീങ്കണ്ണിയെ അനുസ്മരിപ്പിച്ച്... വായും പിളർന്ന് പിന്നെക്കുറെ നേരം എന്റെ സീറ്റിൽ തന്നെയിരുന്നു... !
എന്നിട്ടൊരു സാദാ സർക്കാരുദ്യോഗസ്ഥന്റെ ഉത്സുകതയോടും!, ജാഗ്രതാ പൂർവ്വമുള്ള നിരീക്ഷണ പാടവത്തോടും കൂടി!... അനങ്ങി ഓടുന്ന ക്ലോക്കിന്റെ സൂചിയെ പ്രാകിക്കൊണ്ട് അവിടിരുന്ന് സമയം തള്ളി നീക്കാൻ തുടങ്ങി!.
അങ്ങനെ പലവട്ടം ക്ലോക്കിലേക്ക് നോക്കിയ എന്റെ കഴുത്ത് വേദനിച്ച് തുടങ്ങിയപ്പോൾ...! ഒന്ന് വിറച്ച ആ ക്ലോക്കൻ, തന്റെ സൂചിക്കാല് കൊണ്ട് അഞ്ചിന്റെ മണ്ടയിൽ ചവിട്ടി നിന്ന്, മെലിഞ്ഞ് നീണ്ട സൂചിക്കൈ കൊണ്ട് പണ്ടേ പുളകിത ഗാത്രനായ പന്ത്രണ്ടിന്റെ മൂട്ടിൽ തോണ്ടി ഇക്കിളിയിട്ടു... ആ തോണ്ടലിന്റെ പുളകത്തിൽ അഞ്ച് വട്ടം ഇളകി ചിരിച്ച അവന്റെ അടിവയറ്റിൽ നിന്നുമുയർന്ന മണിനാദം എന്റെയുള്ളിൽ അപ്പോളൊരു "മണിവെപ്രാളം " തീർത്തു!. ( മണി കേൾക്കുമ്പോൾ ഇറങ്ങി ഓടാനുള്ള വെപ്രാളം!)
മണികേട്ട ആ നിമിഷം തന്നെ "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം " എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് അന്നും പതിവ് തെറ്റിക്കാതെ അതിനകം റെഡിയാക്കി വെച്ചിരുന്ന ബാഗുമെടുത്ത് ഞാനീ നാല്പതാം വയസ്സിലും ഒരു "സ്കൂളന്റെ " ഉത്സാഹത്തോടെ ഓഫീസിന് വെളിയിലേക്ക് കുതിച്ചു പാഞ്ഞു !.
ആ ഓട്ടത്തിൽ എന്റെ ചിന്ത മുഴുവനും അന്ന് വൈകുന്നേരം കാശ്മീരിലെ പട്ടാള ക്യാമ്പിൽ നിന്നും അവധിയിലെത്തുന്ന ആത്മ സതീർത്ഥ്യൻ ബിജുക്കുട്ടനെ കുറിച്ചും, അവന്റെ അളിയൻ വിനോദിനെ കുറിച്ചും ആയിരുന്നു!!. അവർ ബാഗിലേറ്റിക്കൊണ്ട് വരുന്ന സുര ദ്രാവകങ്ങളെ കുടിച്ച് വറ്റിക്കേണ്ട രീതികളെ കുറിച്ച് ചിന്തിച്ച്... ഉള്ളിൽ ചിരിച്ച് തിടുക്കത്തിൽ ബസ്റ്റോപ്പിലെത്തിയ ഞാൻ, പാനത്തിന് അനുബന്ധമായി വേണ്ട അനുസാരികകളെ അവിടുള്ള ഒരു കടയിൽ നിന്നും വാങ്ങി ബാഗിൽ കുത്തി നിറച്ചു. എന്നിട്ട് പതിവ് ബസ്സും കാത്ത് അവിടെയങ്ങനെ നിൽപ്പായി...
പക്ഷെ എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച ആ പതിവ് സുന്ദരി ലൈല, അവളുടെ പിൻചക്രം തിരുവയറൊഴിഞ്ഞ കാരണം വഴിയിൽ എവിടെയോ കിടപ്പായി!. അങ്ങനെ എന്റെ ആ കാത്തിരിപ്പ് ചവച്ച് വലിച്ച ബബിൾഗം പോലെ നീണ്ടു നീണ്ടങ്ങനെ വലിഞ്ഞ് നിന്നു !. പിന്നീടെപ്പോഴോ ഭാരം ചുമന്ന് തളർന്നു വന്ന മനോജിന്റെ തോളിലേറിയ ഞാൻ ആകെ പരവശനായി വീട്ടിലെത്തിയപ്പോഴേക്കും പതിവ് നേരമായ ആറും, കഴിഞ്ഞ് മണി ഏഴിനോടടുത്തിരുന്നു!.
വീട്ടു പടിക്കലെത്തിയപ്പോഴേ ആകെയൊരു പന്തികേട്... വരാന്തയിലെ ലൈറ്റ് അണഞ്ഞ് കിടക്കുന്നു!. തൊട്ടയൽവക്കമായ ബിജുവിന്റെ വീട്ടിലും വെളിച്ചമില്ല... ടി.വി യിൽ നിന്നും കേൾക്കുന്ന പതിവ് തേങ്ങിക്കരച്ചിലും, ശോകഗാനങ്ങളും, മൂക്ക് പിഴിയുന്ന ശബ്ദവും ഒന്നും അവിടെ കേൾക്കുന്നുമില്ല!. ആകെ ഒരു നിശബ്ദത...വേവലാതിയോടെ അകത്തേക്ക് കയറിയപ്പോൾ, ഹാളിലെ കസേരയിൽ അമ്മ മുകളിലേക്ക് കണ്ണ് നട്ടിരിക്കുന്നു!. കവിളിലേക്ക് അശ്രുകണങ്ങൾ ചാലിട്ട് ഒഴുകുന്നുമുണ്ട്... അരികിലിരിക്കുന്ന അച്ഛനും നിശബ്ദനാണ്. അവരുടെ അരികിലേക്ക് ചെന്ന എന്നെ അവർ ഗൗനിക്കുന്നു പോലുമില്ല!
അകത്തെ മുറിയിൽ നിന്നും ഭാര്യ ആരോടോ നടത്തിക്കൊണ്ടിരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ചില ശകലങ്ങളപ്പോൾ എന്റെ കാതിലേക്ക് വന്നലച്ചു...
"രണ്ടു പേരും മരിച്ചു... ബോംബ് സ്ഫോടനമായിരുന്നു!. അപ്രതീക്ഷിതമായിപ്പോയി.. വിവരം അറിഞ്ഞപ്പോൾ മുതൽ അമ്മ ഒരേ കരച്ചിലാ... എന്താ ചെയ്ക...? അപ്പുറത്ത്കാരറിഞ്ഞിട്ടില്ലെന്നാ തോന്നുന്നെ, അവര് നേരത്തെ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയിരുന്നു. അവിടത്തെ ടിവിയിൽ കാണിച്ചാൽ ചിലപ്പോൾ കണ്ട് കാണും... വിലാസിനി ചേച്ചി ഇതെങ്ങനെ സഹിക്കും...എനിക്കാലോചിക്കാനെ വയ്യാ!! "
എന്റെ മനസ്സിലേക്കപ്പോൾ ബിജുവിന്റെയും, വിനോദിന്റെയും ചിരിക്കുന്ന മുഖം ഓടിയെത്തി... ഞങ്ങളുടെ കുട്ടിക്കാല സ്മരണകൾ തെളിഞ്ഞ് വന്നു. ബിജുവിന്റെ അമ്മ വിലാസിനി ചേച്ചി ഞങ്ങൾക്ക് വിളമ്പി തന്ന ചീനി പുഴുങ്ങിയതും മുളക് ചമ്മന്തിയും ഒരുമിച്ചിരുന്ന് കഴിച്ച കാര്യം ഓർമ്മ വന്നു... സങ്കടം സഹിക്കവയ്യാതെ വല്ലാത്തൊരു വിഷമത്തോടെ നിന്ന ഞാൻ, വെട്ടിയിട്ട വാഴ പോലെ ആ ഹാളിൽ തളർന്ന് വീണു !.
കണ്ണ് തുറന്ന് നോക്കുമ്പോൾ ഭാര്യയും, അമ്മയും, അച്ഛനും എന്റെ ചുറ്റും നിൽക്കുന്നുണ്ടായിരുന്നു!. അച്ഛന്റെ കൈയ്യിലിരിക്കുന്ന പാത്രത്തിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ളം തുള്ളിയായി അപ്പോഴും വീഴുന്നുണ്ട്... പതിയെ ഭിത്തിയിലേക്ക് ചാരിയിരുന്ന എന്റെ അടുക്കലേക്കെത്തി ഭാര്യ പറഞ്ഞു:
" ഷുഗർ കുറഞ്ഞതാവും, ഞാനല്പം പഞ്ചസാര എടുത്ത് വരട്ടെ?"
ഒരു തളർച്ചയോടെ ഞാൻ പറഞ്ഞു:
"വേണ്ട... അവരുടെ ബോഡി എപ്പോൾ കൊണ്ട് വരും?. അതിന്റെ വല്ല വിവരവും കിട്ടിയോ? "
ഞാൻ ചോദിച്ചത് മനസ്സിലാകാത്ത ഭാവത്തോടെ സ്വതവേ ഉന്തിയ ബൾബ് കണ്ണ് ഒന്നുകൂടി മുഴപ്പിച്ച് അവൾ എന്നോട് ചോദിച്ചു:
ബോഡിയോ!... ആരുടെ ബോഡി ?
എന്നെ ഒളിക്കാൻ നോക്കണ്ട... ഞാനറിഞ്ഞു...നമ്മുടെ ബിജുവും, വിനോദും ബോംബ് പൊട്ടി മരിച്ച കാര്യം നീ ഫോണിലൂടെ പറയുന്നത് ഞാൻ കേട്ടു.
" നിങ്ങൾ എന്ത് ഭ്രാന്താ മനുഷ്യാ പറയുന്നത്?. ബോംബ് പൊട്ടി മരിച്ചതേ.... പരസ്പരം സീരിയലിലെ ദീപ്തി IPS ഉം, അവരുടെ ഭർത്താവ് സൂരജുമാ !!. ചെങ്ങന്നൂരെ പാണ്ട നാട്ടുള്ള വല്ല്യമ്മായിയോട് ഞാൻ ആ കാര്യം ഫോണിൽ പറഞ്ഞതാ നിങ്ങള് കേട്ടെ...! വെള്ളപ്പൊക്കം വന്നപ്പം പോയ അവരുടെ കരണ്ട് കണക്ഷൻ ഇതുവരെ ശരിയായിട്ടില്ലാ...!. അത് കാരണം അമ്മായിക്ക് ടി.വി കാണാൻ പറ്റണില്ല. ഞാൻ സീരിയല് കണ്ടിട്ട് എന്നും അമ്മായിക്ക് കഥ പറഞ്ഞ് കൊടുക്കും... അല്ലെ കിടന്നാ ഉറക്കം വരത്തില്ലെന്നാ അമ്മായി പറയണത് !!."
…... ഠോ…...
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot