Slider

പെറുക്കി

0
Image may contain: 1 person, beard and outdoor
ചന്ത മൈതാനത്ത് പിറ്റേന്ന് പൊഴിഞ്ഞു പോയ കായ്കറികൾ പെറുക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? ഞാൻ കഥകൾ എഴുതുന്നത് അങ്ങനെയാണ് മുൻഗാമികൾ അശ്രദ്ധയോടെ വിട്ടു പോയതോ അവരുടെ കണ്ണിൽ പെടാത്തതോ, സീതാ ദേവിയെ പോലെ ഉപേക്ഷിക്കപ്പെട്ടതോ (എന്റെ സീത അരവിന്ദന്റെ കാഞ്ചന സീത തന്നെയാണ് - കറുത്ത് മെലിഞ്ഞ) ആയ കഥകൾ പെറുക്കി കൂട്ടി. അവൾ എന്റെ കാട്ടിലും ഉണ്ട് എന്ന് പറഞ്ഞാൽ ചന്ത മൈതാനത്തെ കുറിച്ച് വൈരുധ്യം തോന്നേണ്ടതില്ല.കാടാണ് ഉള്ളം. ചന്ത ദിവസം മാത്രം നാട് കാണുന്ന കറുത്ത കാലടികൾ
നമ്മുടെ കഥകളൊക്കെയും നമ്മൾ നിലവാരം അളക്കാൻ വെക്കുന്നത് മാതൃഭൂമി, സമകാലിക മലയാളം തുടങ്ങിയ ആഴ്ചപ്പതിപൂക്കളുടെ താളുകളിൽ ആണ്. കഥകളുടെ വർത്തമാനം ആ പരപ്പുകളിൽ ആണെന്ന് സാഹിത്യലോകമാകെ ധരിച്ചു വെച്ചിരിക്കുന്നു. ഇവിടെയാണ് നമ്മുടെ ചോദ്യം, എഴുത്തിലും വായനയിലും പുതുമ തിരയുന്ന നമ്മുടെ മുഖ്യധാര എന്തുകൊണ്ടാണ് അതിനുള്ള മാധ്യമം മാത്രം പരമ്പരാഗതം ആകണം എന്ന് നിർബന്ധം പിടിക്കുന്നത്? കാരണം നമ്മളാണന്നാണ് ലളിതമായ ഉത്തരം. നമ്മുടെ ഓൺലൈൻ രചനകൾ വർത്തമാനത്തിലല്ല, ഭൂതമൊ ഭാവിയോ പോലും അവയിലില്ല എന്നുള്ളതാണ് വസ്തുത.കാരൂരിനെയും ബഷീറിനെയും ഉറൂബിനെയുമൊക്കെ വായിച്ചുയർന്ന മലയാളമിന്ന് എസ് ഹരിഷിലും, വിനോയ് തോമസിലും, യമയിലും എത്തി നിൽക്കുന്നു.ആ വായന സമൂഹത്തിന് ഓൺലൈൻ രചനകളിൽ നിന്നും ഭൂതകാല കുളിര് പോലും കിട്ടാനില്ല.
ഇനി എഴുത്തുകാരുടെ കാര്യം എടുക്കുക, ജി. ആർ ഇന്ദു ഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് വിനോയ് തോമസിന്റെ രാമച്ചി. ഏച്ചിക്കാനത്തിന്റെ ബിരിയാണി തുടങ്ങി സമീപ കാലത്ത് മലയാളം ചർച്ച ചെയ്ത കഥകൾ ഒന്നും ഏതെങ്കിലും ഓൺലൈൻ ഗ്രൂപ്പുകളിലൂടെ പബ്ലിഷ് ചെയ്യാതിരുന്നതിന് കാരണം ചിന്തിച്ചിട്ടുണ്ടോ? (അങ്ങനെ ചെയ്തിരുന്നു എങ്കിൽ നമ്മുടെ മാധ്യമത്തിന്റെ ദുഷ്‌പേര് തന്നെ മാറുമായിരുന്നു) കാരണം മറ്റൊന്നുമല്ല ഇവിടെ ഏച്ചിക്കാനത്തെ പോലൊരു എഴുത്തുകാരന്റെ രചന വരിക സുനു എന്ന എഴുത്തുകാരന്റെ രചനകൾക്കൊപ്പമാണ്. പക്ഷേ അങ്ങനെ വന്നിരുന്നു എങ്കിൽ എഴുത്തും വായനയും കൂടുതൽ ജനകീയമായേനെ മികച്ച വായനക്കാർ ഒന്നും നമ്മുടെ ഭാഗത്തേക്ക്‌ എത്തിനോക്കില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി
ഓൺലൈൻ എഴുത്തിന്റെ ഏറ്റവും വലിയ സാധ്യത അഭിപ്രായങ്ങളുടെ ജനകീതയും ജനാധിപത്യവും തത്സമയവുമാണ്. എന്നിട്ടും ഇവിടെ അവ എഴുത്തിനും വായനക്കും ഗുണം ചെയ്യുന്നില്ല എങ്കിൽ നമ്മൾ ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നു എന്നു വേണം കരുതാൻ (വെറും പുകഴ്ത്തലും, പ്രശംസയും പ്ലാസ്റ്റിക് വാക്കുകളും കൊണ്ട്)
ചന്ത മൈതാനത്തേക്ക് തന്നെ മടങ്ങാം ഇവിടെ നിന്നും പെറുക്കി എടുക്കുന്ന കായ്കറികൾ ഞാൻ വലിയ സൂപ്പർ മാർക്കറ്റ് കളിലേക്കു കൊണ്ടുപോകില്ല, കാരണം മനുഷ്യന്റെ കഥകൾക്ക് വിലയിടേണ്ടത് കമൽറാം സജീവോ, സജി ജെയിംസോ മാത്രമല്ല, മാതൃഭൂമിയുടെയോ മലയാളത്തിന്റെയോ താളുകൾക്ക് ചേരാത്ത മികച്ച രചനകൾ ഉണ്ടാവുന്നുണ്ട്, ഒരുപക്ഷെ എസ് ഹരീഷിനെയും ഉണ്ണി ആറിനെയും ഒക്കെ കാൾ മനുഷ്യനോട് ചേർന്ന് നിൽക്കുന്ന രചനകൾ (മനോജ്‌ വെങ്ങോല, ഹാരിസ് നെന്മേനി തുടങ്ങി പേരുകൾ ഓർമയിൽ വെക്കുക )
പക്ഷെ നമുക്ക് അഭിമാനിക്കാൻ വകയൊന്നുമില്ല..
ഞാൻ മാതൃഭൂയുടെ താളുകൾ തേടും ഒപ്പം നല്ലെഴുത്തിന്റെയും, കാരണം ഏലം നടുന്നിടത് തേയില നടാൻ പറ്റത്തില്ല, തേയില വെക്കുന്നിടത് കപ്പയിടാനും പറ്റത്തില്ല. ഏലത്തിനു കിലോക്ക് 1200 രൂപ ഒണ്ട്, കപ്പക്ക് കിലോ 20രൂപ, പക്ഷേ കപ്പക്ക് പകരം ഏലക്ക തിന്നാൻ ഒക്കത്തില്ല.

By Sunu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo