നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫേഷ്യൽ

Image may contain: Ajoy Kumar, beard, closeup and indoor

ഈ ഫേഷ്യൽ എന്ന് വെച്ചാൽ എന്താണ്? അല്ല എന്താണ്?
ചോദിച്ചത് ശ്യാമ,ഉത്തരം പറയാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നത് ഞാൻ,ഇത് ഇപ്പോഴെങ്ങും അല്ല,കുറെ കാലം മുൻപാണ്‌.. ആണുങ്ങൾ ഒക്കെ ഫേഷ്യൽ ഒക്കെ ചെയ്തു തുടങ്ങുന്ന കാലം,വെയിലത്ത്‌ തേരാ പാരാ കറങ്ങി നടന്നത് കാരണം ഞാൻ കറുത്ത് കരിമന്തി ആയപ്പോഴാണ് ശ്യാമ ഫേഷ്യൽ എന്ന ഈ സാധനത്തെ പറ്റി എനിക്ക് ഒരു ക്ലാസ്സ്‌ എടുത്തത്‌ ,ശ്യാമ ആ ഇടയ്ക്കു അപൂർവമായി ഫേഷ്യൽ ചെയ്യാറുണ്ടായിരുന്നു, വീട്ടിൽ വന്ന് അതിനെ പറ്റി പുകഴ്ത്തി പറയാറുമുണ്ട്,
കേട്ട് കേട്ട് എനിക്കും ഒടുവിൽ കൊതി വന്നു ഒരിക്കലെങ്കിലും ഫെയ്ഷ്യൽ ചെയ്യാൻ .ശ്യാമ പറഞ്ഞത് നല്ല മൃദുവായി അവർ അങ്ങനെ മുഖത്ത് ഓരോന്ന് ചെയ്യുമ്പോൾ നമ്മളിരുന്നു ഉറങ്ങിപ്പോകും എന്നാണ്,ടീ വിയിൽ ഓരോ ബ്യൂട്ടീഷ്യന്മാർ വന്ന് തോക്ക് കണ്ടു പേടിച്ച പോലെ തന്റെ മുന്നിൽ ഇരിക്കുന്ന കോന്തിമാരുടെ മുഖത്ത് ഓരോ ക്രീം ഇടുകയും തടവുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ അത് കണ്ടു തന്നെ ഇരുന്നു ഉറങ്ങിപ്പോകാറുണ്ട്, അങ്ങനെ ഞാനും തീരുമാനിച്ചു ഒന്ന് ഫെയ്ഷ്യൽ ചെയ്തു കളയാൻ,
രണ്ടുണ്ട് പ്രയോജനം,ഒന്ന് നല്ല സുഖം,രണ്ട്, അത് കഴിഞ്ഞാൽ മമ്മൂട്ടിയെ പോലെ ഇറങ്ങി വരുന്ന ഞാൻ,ആഹഹ.അങ്ങനെ കുറ്റിയും പറിച്ചു നേരെ പോയി,സ്ഥിരം പോകാറുള്ള വീടിനടുത്തുള്ള ബാർബർ ഷോപ്പിൽ അല്ല,അവിടെ ഉള്ള അമ്മാവൻ ഫേഷ്യൽ എന്ന് കേട്ടിട്ട് പോലുമില്ല,ഒരിക്കൽ ഫേഷ്യൽ ചെയ്യാമോ എന്ന് ചോദിച്ചതിനു ആ അമ്മാവൻ എന്നെ പത്തു മിനിറ്റ് ദേഷ്യത്തിൽ തുറിച്ചു നോക്കി, പട്ടി കടിക്കുന്ന വേദന ആണ് അമ്മാവൻ ആ തുരുമ്പു പിടിച്ച മെഷീൻ ഇട്ടു മുടി വെട്ടുമ്പോൾ, കണ്ണ് പോലും നേരെ കാണാൻ വയ്യ,ഭാഗ്യത്തിനാണ് തലയും ചെവിയും ഒക്കെ കേടു വരാതെ തിരികെ കൊണ്ട് വരുന്നത്,
അത് കൊണ്ട് തന്നെ അത്തവണ ഞാൻ പോയത് അല്പ്പം ദൂരെ ഉള്ള ഒരു ആണുങ്ങളുടെ പാർലറിൽ ആണ്,അവിടെ തുറന്നു കയറിയപ്പോൾ ആകെ ഇരുട്ട്,പക്ഷെ നല്ല തണുപ്പുണ്ട് , എവിടെയോ ഒരു ഇംഗ്ലീഷ് പാട്ടും കേൾക്കാം, കണ്ണ് പതിയെ തെളിഞ്ഞു വന്നപ്പോൾ കണ്ടു കുറച്ചു പേര് ഇരുട്ടത്ത്‌ ഇരിപ്പുണ്ട് , പകുതി പണി കഴിഞ്ഞു ഇരിക്കുന്നവർ ആണ്,
ഒരുത്തന്റെ തലയിൽ പശു ചാണകം ഇട്ട പോലെ, അത് ഹെന്ന ചെയ്തതാണ് പോലും,മറ്റെവന്റെ അടുത്ത് പോകാൻ വയ്യ, ഒടുക്കത്തെ അമോണിയ നാറ്റം, അവൻ കളർ ചെയ്ത് ഇരിക്കുകയാണ് , പിന്നെ ഒരുത്തൻ ഉള്ളത് മോന്തയിൽ വെള്ള അടിച്ച പോലെ ഇരിക്കുന്നു, കണ്ണിൽ രണ്ടു വെള്ളരിക്ക,മൂക്കിൽ ടൊമാറ്റോ,ചെവിയിൽ കത്തിരിക്ക,അവൻ നമ്മുടെ ടീം ആണ്, ഫേഷ്യൽ ചെയ്തവൻ,
ഞാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു,എവിടെ? അവനൊന്നും കണ്ടൂട, ഞാൻ അവിടെ ഇരുന്ന ഒരു ഇംഗ്ലീഷ് ബുക്ക്‌ എടുത്തു വെറുതെ മറിച്ചു നോക്കി,അപ്പോൾ ഒരു തടിയൻ വന്നു ചോദിച്ചു,
എച്ചുസ് മി ,ഹെയർ കട്ട്‌ ?
ഞാൻ പറഞ്ഞു ,കട്ട്‌ ആൻഡ്‌ പേസ്റ്റ്?
വാട്ട്‌? അവൻ കണ്ണ് തള്ളി,
അല്ല കട്ട്‌ ആൻഡ്‌ ഫെയ്ഷ്യൽ,
ഓക്കേ പ്ലീസ് കം,
ചെന്നിരുന്നപ്പോൾ അവൻ ഒരു മെനു കൊണ്ട് തന്നു,എന്നിട്ട് ചോദിച്ചു, ടൊമാറ്റോ,കുക്കുംബർ ,ഫ്രൂട്ട്, കാരറ്റ് ...
ഹായ് കൊള്ളാമല്ലോ. ഇവിടെ ഇതും ഒക്കെ കിട്ടുമോ,ഞാൻ പറഞ്ഞു ഒരു മാംഗോ ഷേക്ക്‌,
എന്ത്? അവൻ നിന്ന് കണ്ണുരുട്ടുന്നു
അപ്പോൾ ആണ് മെനു നോക്കുന്നത് ,അയ്യേ ,അതെല്ലാം പലതരം ഫേഷ്യൽ ആണ്,വെജിറ്റബിൾ ഫേഷ്യൽ , ഫ്രൂട്ട് ഫേഷ്യൽ ,ശേ നാണം കെട്ടു, പോട്ടെ, അതിനു താഴെ വീണ്ടും ഉണ്ട്,ഗോൾഡ്‌ ഫേഷ്യൽ ,ഡയമണ്ട് ഫേഷ്യൽ ,ദൈവമേ ഓരോന്നിനും ഒടുക്കത്തെ റേറ്റും,
ഞാൻ ചോദിച്ചു കോപ്പർ ഓർ ബ്രോണ്‍സ് ഫേഷ്യൽ ?
അയാൾ മറുപടി ഒന്നും പറയാതെ വീണ്ടും എന്നെ തുറിച്ചു നോക്കി, ഞാൻ വീണ്ടും മെനു നോക്കി, വെജിറ്റബിൾ ആണ് ഏറ്റവും കുറവ്, പക്ഷെ അടുത്തുള്ള പച്ചക്കറി കടയിൽ നിന്ന് ബാക്കി വരുന്ന അഴുകിയ സാധനങ്ങൾ എല്ലാം കൂടി അരച്ച് പുരട്ടി തരുമോ? വേണ്ട റിസ്ക്‌ എടുക്കണ്ട,
ഞാൻ പറഞ്ഞു ഗോൾഡ്‌,
ശ്യാമ അറിയണ്ട,ഒരു തരി സ്വർണ്ണം വാങ്ങി കൊടുത്തിട്ട് നൂറ്റാണ്ടുകൾ ആയി,എന്നിട്ട് ഇവിടെ വന്നു ഞാൻ ഗോൾഡ്‌ ഫേഷ്യൽ ചെയ്യുന്നു,
അങ്ങനെ ഞാൻ സ്വർണ്ണം പോലെ വെട്ടിത്തിളങ്ങുന്ന മുഖവുമായി ഇറങ്ങി പോകുന്ന എന്നെ മനസ്സിൽ സങ്കല്പ്പിച്ചു,ദൈവമേ എതിരെ വരുന്ന വണ്ടിയുടെ ഡ്രൈവറുടെ കണ്ണിൽ റിഫ്ലക്ഷൻ അടിക്കുമോ ,അപകടങ്ങൾ ഉണ്ടാവുമോ? ഞാൻ ഒന്ന് പേടിച്ചു, ഏതായാലും രണ്ടു ദിവസത്തേക്ക് പുറത്തു ഇറങ്ങണ്ട,ഞാൻ ആ കസേരയിൽ ചാഞ്ഞിരുന്നു,ഒന്ന് സുഖിക്കണം കുറെ കാശുണ്ടെങ്കിൽ ഇങ്ങനെ ഒക്കെ വേണം ജീവിക്കാൻ,
പെട്ടെന്ന് പിസ്ക് എന്ന് പറഞ്ഞു കുറെ വെള്ളം അതി ശക്തിയായി മുഖത്ത് വീണു,ഞെട്ടിപ്പോയി, ആരെടാ എന്ന് ചോദിച്ചു ചാടി എണീറ്റ്‌ ഒരടി കൊടുക്കാൻ ആണ് തോന്നിയത്, പക്ഷെ നോക്കിയപ്പോൾ വെള്ളം അടിച്ചത് എന്നെക്കാളും വലിയ ഒരു തടിയൻ , അത് കൊണ്ട്, അത് കൊണ്ട് മാത്രം ഞാൻ ക്ഷമിച്ചു, മാത്രമല്ല ഈ തടിയൻ ആണ് എന്നെ ഫേഷ്യൽ ചെയ്യാൻ പോകുന്നത്,ശെരി പാവം, എന്നെ സുഖിപ്പിക്കാൻ പോകുന്നവൻ അല്ലെ .,അങ്ങനെ ഞാൻ തയ്യാറായിരുന്നു,
അപ്പോൾ ആണ് ഒരു മണ്ണ് മാന്തി എടുത്തു കൊണ്ട് വന്ന് ഒന്നും പറയാതെ ആ ദുഷ്ടൻ എന്റെ മൂക്കിൽ ഇട്ടു പ്രാക്ക് പ്രാക്ക് എന്ന് പറഞ്ഞു മാന്തിയത്, അയ്യോ എന്റമ്മച്ചീ ... ഞാൻ ഉറക്കെ അലറി,
സർ,ഫുൾ ബ്ലാക്ക് ഹെഡ്‌സ് , തടിയൻ പറഞ്ഞു,
അതെ ബ്ലാക്ക് ഹെഡ് തന്നെ അത് വൈറ്റ് ഹെഡ് ആക്കാൻ അല്ലെ തടിയാ ഞാൻ ഇങ്ങോട്ട് വന്നത്,
അതല്ല സാർ , മൂക്കിൽ നിറയെ ബ്ലാക്ക് ഹെഡ് ആണെന്ന്, അനങ്ങാതിരുന്നാൽ മതി, ഇപ്പൊ ശെരിയാക്കിത്തരാം
അതും പറഞ്ഞ് അവൻ മണ്ണ് മാന്തി ഇട്ടു വീണ്ടും വീണ്ടും മൂക്കിൽ മാന്തി, മൂക്കിൽ മാത്രമല്ല,നെറ്റിയിലും കവിളിലും എല്ലാം,
ഓരോ മാന്തലിനും ഞാൻ കസേരയിൽ നിന്ന് പൊങ്ങും,അവൻ എന്നെ പിടിച്ചിരുത്തും,കുറെ ആയപ്പോൾ ഞാൻ തളർന്നു , ഏതായാലും അവൻ അത് മതിയാക്കി, എന്റെ മുഖത്തെ ബ്ലാക്ക് ഹെഡ് കുട്ടക്കണക്കിനു എടുത്തു കൊണ്ട് അകത്തേക്ക് പോയി ,
കണ്ണാടി നോക്കിയപ്പോൾ മൂക്കിന്റെ സ്ഥാനത്ത് ഒരു ടൊമാറ്റോ വെച്ച പോലെ ചുവന്നിരിക്കുന്നു,ദുഷ്ടൻ, അതാ പിന്നേം എന്തോ എടുത്തു കൊണ്ട് വരുന്നു,എന്തോ ക്രീം ആണ്,അത് പുരട്ടുമ്പോഴാവും ഞാൻ ഉറങ്ങാൻ പോകുന്നത്,അതാ തടിയൻ അത് പുരട്ടുന്നു, ആഹഹ, നല്ല തണുപ്പ്, ഇത് പുരട്ടി തീർത്തിട്ട് ഏതോ കല്യാണം കൂടാൻ ഉള്ള പോലെ അവൻ വേഗത്തിൽ വലിച്ചു വാരി അത് തേച്ചു,അയ്യോ എന്തൊരു നീറ്റൽ മൂക്കെല്ലാം എരിഞ്ഞു നീറുന്നു,തൊടാനും തടവാനും ഒന്നും സമ്മതിക്കുന്നില്ല, പുരികത്തിൽ പുരട്ടിയതെല്ലാം പതുക്കെ കണ്ണിലേക്കു ഇറങ്ങുന്നു,നല്ല നീറ്റൽ, പുരട്ടിയിട്ട്‌ പോയ തടിയനെ കാണാനുമില്ല
അയ്യോ രക്ഷിക്കണേ എന്ന് വീണ്ടും ഉറക്കെ വിളിച്ചാലോ? അല്പ്പം കഴിഞ്ഞപ്പോൾ നല്ല ചൂടടിച്ചു, ദൈവമേ ഇതെന്തു കുന്തം,കഷ്ട്ടപ്പെട്ടു കണ്ണ് തുറന്നപ്പോൾ തടിയൻ ഒരു അടുപ്പും കൊണ്ട് മുന്നിൽ നില്ക്കുന്നു, അത് അയാൾ എന്റെ മടിയിലേക്ക്‌ വെച്ചു ,അതിനകത്തേക്ക് മുഖം താഴ്ത്തി ഇരിക്കാൻ,ഇതെന്തു പരീക്ഷണം,? ആവി എന്ന് കേട്ടാലെ എനിക്ക് അലർജി ആണ് ,ആരോട് പറയാൻ,
അതും എന്റെ മടിയിൽ വെച്ചു പുള്ളി അവന്റെ പാട്ടിനു പോയിക്കഴിഞ്ഞു.ഞാൻ കൊച്ചു പിള്ളേരെ എടുക്കും പോലെ അതും മടിയിൽ വെച്ചു കുറച്ചു സമയം ഇരുന്നു, ഭീകരൻ അകത്തു നിന്ന് എത്തി നോക്കുന്നു, ഞാൻ പേടിച്ച് ഒട്ടകപ്പക്ഷി തല മണ്ണിൽ പൂഴ്ത്തി നില്ക്കുന്ന പോലെ തല താഴ്ത്തി,എന്തൊരു നീറ്റൽ ആണ് തടിയൻ മാന്തി പറിച്ച സ്ഥലങ്ങളിൽ,ഇനി ഈ പരിപാടിക്കില്ല, എനിക്ക് മമ്മൂട്ടി ആവണ്ട,ഞാൻ മുഖം വീർപ്പിച്ചിരുന്നു
അങ്ങനെ ഇരുന്നപ്പോൾ ആരോ കവിളിൽ ഇട്ടു ഒരു കുത്ത് ,ഫൂ എന്ന ശബ്ദത്തിൽ വീർപ്പിച്ചു വെച്ചിരുന്ന കാറ്റ് മുഴുവൻ വെളിയിൽ പോയി,പണ്ട് നമ്മൾ പിണക്കം എന്ന് പറഞ്ഞു മുഖം വീർപ്പിച്ചു രണ്ടു വശത്തും ഇടിക്കുന്ന പോലെ, പുള്ളി മുൻ വൈരാഗ്യം ഉള്ള പോലെ പിന്നേം വേറെ എന്തോ ക്രീം എടുത്തു കൊണ്ട് വന്നിരിക്കുകയാണ്,
അത് മുഴുവൻ കൊത്തൻ സിമന്റ് തേക്കുന്ന പോലെ എന്റെ മുഖത്ത് തേച്ചു പിടിപ്പിച്ചു,എന്നിട്ട് ഇന്നാ വായിച്ചോ എന്നും പറഞ്ഞു ഒരു ബുക്കും എടുത്തു കയ്യിൽ തന്നു , ഞാൻ ആ ബുക്ക് തുറന്നു നോക്കി, ങേ? ഷോലെ റിലീസ് ചെയ്യാൻ പോകുന്നോ? അതെപ്പോ? തിരിച്ചു നോക്കിയപ്പോൾ 1972 ലെ ബുക്ക് ആണ് കയ്യിൽ തന്നത് ,അത് പോലും കാശ് കൊടുത്തു വാങ്ങില്ല, അങ്ങനെ കുറച്ചു സമയം ഇരുന്നതെ ഉള്ളു, മുഖം ആകെ ചൊറിയുന്നു, മാത്രമല്ല, അത് ഉണങ്ങി എനിക്ക് മുഖം അനക്കാൻ പറ്റുന്നുമില്ല, തൊട്ടപ്പോൾ മരത്തിൽ തൊട്ട പോലെ,കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി,ഏതോ പ്രേത കഥയിലെ നായകനെ പോലെ,മുഖം മുഴുവൻ മഞ്ഞ നിറം,കണ്ണ് ചുവപ്പ്,ഈ കോലത്തിൽ എന്നെ കണ്ടാൽ ഒരു വിധം ഉള്ള അമ്മാവന്മാർ എല്ലാം തട്ടിപ്പോകും എന്ന് ഉറപ്പാണ്‌,
എനിക്ക് വീട്ടിൽ പോണം , അമ്മേ കാണണം, ഞാൻ ഉറക്കെ പറഞ്ഞു. ,എവിടെ? കവിളും ചുണ്ടും ഒന്നും അനങ്ങുന്നില്ല,,ഉദ്ദേശിക്കുന്നതൊന്നുമല്ല പുറത്തു വരുന്നത്, മ്യൂസിയത്തിലെ ഒരു മര പ്രതിമ പോലെ ഞാൻ ഇരുന്നു, അതിനിടെ തലയിൽ ചാണകം വീണവനും എല്ലാം പോയിക്കഴിഞ്ഞു,രണ്ടു കൊച്ചു പിള്ളേർ എന്തോ കാഴ്ച വസ്തു പോലെ എന്നെ നോക്കുന്നു, തൊടുന്നു, തലയ്ക് പിടിച്ചു തള്ളുന്നു, ഇനി ഫോട്ടോ കൂടെ എടുക്കുമോ? രക്ഷിക്കണേ ഞാൻ വാ തുറക്കാതെ വിളിച്ചു
അങ്ങനെ ഇരിക്കവേ അത് വരെ കാണാത്ത വേറെ ഒരു കോന്തൻ എന്നെ കസേരയോട് കൂടി ഉരുട്ടിക്കൊണ്ട്‌ പോയി, കൊല്ലാൻ കൊണ്ട് പോകുന്ന പോലെ ഞാൻ ദുഖഭാവത്തിൽ അവനോടൊപ്പം അകത്തേക്ക് പോയി ,നേരെ ഒരു വാഷ്‌ ബെയ്സിന്റെ അടുത്താണ് അദ്ദേഹം എന്നെ കൊണ്ട് പോയത്,തല തിരിച്ചു കിടത്തിയ ശേഷം ഒരു ഓസെടുത്ത് അയാൾ എന്റെ മുഖത്തടിച്ചു ,
മൂക്കിലും വായിലും എല്ലാം വെള്ളം കേറിപ്പോയി, കണ്ണും നീറാൻ തുടങ്ങി, തുമ്മലും ആകെ ബഹളം, അതിനിടെ കുറെ ഷാമ്പൂ എടുത്തു എന്റെ തലയിൽ പതപ്പിച്ച് അയാൾ കളിയ്ക്കാൻ തുടങ്ങി, ആ പത കണ്ടപ്പോൾ ഞാനും അത് ഊതി തെറുപ്പിച്ചു, അത് പുള്ളി തിരികെ ഇങ്ങോട്ട് ഊതി, അങ്ങനെ പരിസരം മറന്നു തലയിൽ പത ഊതി കളി നടക്കവേ ആദ്യത്തെ തടിയൻ കർട്ടൻ മാറ്റി ഞങ്ങളെ തുറിച്ചു നോക്കി, അങ്ങനെ കളി പാതിയിൽ ഉപേക്ഷിച്ച് അയാൾ എന്നെ കുളിപ്പിച്ച് കുട്ടപ്പൻ ആക്കി, കണ്ണെഴുതി പൊട്ടും ബേബി സ്പോട്ടും ഒക്കെ ഇട്ടു റിബണും കെട്ടി തിരികെ ഉരുട്ടി കൊണ്ട് വന്ന് മറ്റേ തടിയന് കൈ മാറി,
അയാളും നേരത്തെ തയ്യാറാക്കി വെച്ച കുറെ ക്രീമും പൊടിയും എല്ലാം എടുത്തു വീണ്ടും എന്റെ മുഖത്ത് പ്രയോഗിച്ചു, ഇടയ്ക്കു എന്തൊക്കെയോ കണ്ണിൽ പോയി, ഞാൻ എന്റമ്മോ എന്ന് ഉറക്കെ നിലവിളിച്ചു, അങ്ങനെ അൽപ്പ നേരത്തെ കലാപരിപാടികൾക്ക് ശേഷം തടിയൻ എന്നെഒരു പടം കാണിച്ചു തന്നു, ഏതോ ഭീകര കരിമന്തി എന്നെത്തന്നെ തുറിച്ചു നോക്കുന്നു ,
അരാ ഇത് നിങ്ങടെ മുതലാളി ആണോ? ഞാൻ പേടിച്ചു ചോദിച്ചു,
അപ്പോൾ ആണ് മനസിലായത് അത് പടം അല്ല, ഒരു കണ്ണാടി ആണ്, എന്റെ മുഖം തന്നെ ആണ് ആ കണ്ടത്, ഞാൻ കരച്ചിലിന്റെ വക്കിൽ എത്തി,
എന്ത് നല്ല മുഖം ആയിരുന്നു, അഴകൻ സിനിമയിലെ മമ്മൂട്ടി ആകാൻ ഇറങ്ങി പുറപ്പെട്ടു, ഒടുവിൽ ആയതോ സൂര്യമാനസത്തിലെ മമ്മൂട്ടി, മനസില്ലാ മനസ്സോടെ ഞാൻ പൈസ എണ്ണി എണ്ണി കൊടുത്തു ,തടിയനെയും അവന്റെ കുടുംബത്തിലെ എല്ലാവരെയും പ്രാകി പുറത്തിറങ്ങി,
വീട്ടിൽ ചെന്നപ്പോൾ ശ്യാമ വന്നു ചോദിച്ചു,
എന്ത് പറ്റി ,മുഖം എന്തോ പ്രേതത്തെ കണ്ടത് പോലെ ഇരിക്കുന്നത്
അപ്പോൾ ഞാൻ കരച്ചിൽ നിയന്ത്രിച്ച്‌ കീഴ്ച്ചുണ്ട് കൂർപ്പിച്ചു ചോദിച്ചു,
ഈ ഫെയ്ഷ്യൽ ഫെയ്ഷ്യൽ എന്ന് വെച്ചാൽ എന്താണ്, അല്ല എന്താണ്?
ശ്യാമ മിഴിച്ചു നില്ക്കവേ ഞാൻ മറുപടിയും പറഞ്ഞു,വെളുക്കാൻ തേച്ചത് പാണ്ടാവുക എന്നതിന്റെ ഇംഗ്ലീഷ് ആണ് ..
ശേഷം പൊട്ടിക്കരഞ്ഞു !!!!!
ഇതേ കഥ എം റ്റി വാസുദേവൻ നായർ സാർ എഴുതിയാൽ എങ്ങനെ ഇരിക്കും?
എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അജോയ് ഉണർന്നത്,നേരം വൈകിയിരിക്കുന്നു, മുറ്റത്തെ മുരിങ്ങ മരത്തിന്റെ നിഴൽ പടിവാതിലോളം എത്തിയിട്ടുണ്ട്,ഈ ഉച്ച ഉറക്കം അമ്മ കാണണ്ട , ആൺ കുട്ട്യോൾ ഇങ്ങനെ ത്രിസന്ധ്യക്ക് ഉറങ്ങാൻ പാടില്ല്യാ എന്നാണു അമ്മ പറയാറ്,
താഴെ അകത്തളത്തിൽ എന്തൊക്കെയോ ഒച്ചകൾ കേൾക്കുന്നു,ഓ ശ്യാമ വന്ന്ട്ടുണ്ടാവും,ഫെയ്ഷ്യൽ ചെയ്തിട്ടുള്ള വരവാണ്
അജോയ് പതിയെ കണ്ണാടിയിലേക്ക് നോക്കി, കാലം വരുത്യ മാറ്റങ്ങൾ,വെയിലേറ്റു വാടിയ മുഖം,പണ്ട് ആരോ ,തെക്കേലെ രാജലക്ഷ്മി ആണോ പറഞ്ഞത്, അജോയ്ടെ മുഖം കണ്ടാൽ നല്ല ഭംഗിയുണ്ടെന്ന് ,ഓർമ്മയില്ല,കുറ്റി താടി വളര്ന്നിരിക്കുന്നു,അവിടെ അവിടെ ആയി ചെറിയ നരയും..
ഒന്നിലും ഒരു ശ്രദ്ധയില്ലാണ്ടായിരിക്കണു എന്റെ കുട്ടിക്ക്, അമ്മ കണ്ടാൽ അപ്പൊ പറയും,അജോയ് പതുക്കെ മരം കൊണ്ടുള്ള കോണി ഇറങ്ങി കോലായിലേക്ക് പോയി, കോണി ഒക്കെ ഇളകുന്നുണ്ട്, തടി ഇളകുന്ന ശബ്ദം ഓപ്പ കേട്ടാൽ പറഞ്ഞേനെ
കുട്ട്യേ എല്ലാത്തിനും എന്നെപ്പോലെ തന്നെ വയസായിരിക്കണു ,
എന്ത് കോലാ എന്റെ അജോയ് ഇത്? സ്വന്തം മുഖം കണ്ണാടീൽ ഒന്ന് നോക്കാൻ കൂടി സമയം ഇല്ല്യാ ല്ലേ?
ശ്യാമ ചോദിച്ചു, ഓ സുന്ദരിക്കോത ഇവിടെ ഉണ്ട്, മുഖം മിനുക്കീട്ടുള്ള വരവാണ്
എനിക്ക് ഫെയ്ഷ്യൽ ഒന്നും ചെയ്യാൻ അറിയില്ലാലോ ,അജോയ് കുത്ത് വാക്ക് പറഞ്ഞു,
എന്തെ , എന്തെ നിങ്ങള്ക്ക് ഒരു ഫെയ്ഷ്യൽ ചെയ്താൽ? ഇവടെ കാശില്ലാഞ്ഞിട്ടാ ? ഇല്ലല്ലോ, ല്ലാർക്കും എന്നെ തോൽപിക്കണം,അതിപ്പോ അമ്മയാച്ചാൽ കൂടി. മേലേടത്തെ കുട്ടിക്ക് ചോയ്ക്കാനും പറയാനും ആരൂല്ല്യാലോ
അജോയ് ഉത്തരം ഒന്നും പറയാതെ വെറുതെ നിലത്തു കൂടി വരി വെച്ച് പോകുന്ന ഉറുമ്പുകളെ നോക്കി നിന്നു, ഫെയ്ഷ്യൽ, ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു തറവാട്ടിൽ ,
,
നെനക്കൊന്നു അത്രടം പോയി ഒരു ഫെയ്ഷ്യൽ ചെയ്താൽ എന്താ കുട്ട്യേ
ഓ അമ്മയും തുടങ്ങിയോ? നിക്കിപ്പോ സൌകര്യല്ലാ ,അജോയ് എണീറ്റ് അടുക്കളയിലേക്കു പോയി,
അവിടെ നിക്കു, ശ്യാമ പുറകെ വന്നു, ഫെയ്ഷ്യൽ ന്നു വെച്ചാൽ എന്താന്നാ നിങ്ങൾ കരുതിയെക്കണേ ?
നിക്കറിയണ്ട ,
നിങ്ങൾ എന്താ ഇങ്ങനെ, എന്ത് സുഖാന്നറിയുവോ ,അങ്ങനെ ഉറങ്ങിപ്പോകും,
ഉവ്വോ? അങ്ങനെ അല്ലല്ലോ ഞാൻ കേട്ടിരിക്കണേ? തെക്കേലെ രാജലക്ഷ്മി പറഞ്ഞത്...വല്ലാണ്ട് വേദനിക്കും ന്നാണല്ലോ
ഒരു രാജലക്ഷ്മി , ഒന്ന് നിറുത്തണുണ്ടോ നിങ്ങൾ, ...അല്ലെങ്കിലും നിങ്ങൾക്ക് എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ.പോസ്റ്റ് എഴുതിയാലും കൂടി എല്ലാം കൂട്ടുകാര് തന്നെ, ഭാര്യക്ക് ഒരു സ്ഥാനവും ഇല്ല,ശ്യാമ മൂക്ക് ചീറ്റി,
ഇല്ലാ വചനം പറയരുത് ശ്യാമേ,മച്ചിലെ ദേവി പൊറുക്കില്ല്യ, നെന്നെ പറ്റി മാത്രേ എഴുത്ള്ളൂ എന്നാ എല്ലാർക്കും പരാതി, എന്നിട്ട് നീയും ഇങ്ങനെ, ന്നെ തള്ളിപ്പറയ്യാ ,,അജോയ്ടെ തൊണ്ട ഇടറി
നിനക്കിപ്പോ എന്താ വേണ്ടേ? ഞാൻ ഫെയ്ഷ്യൽ ചെയ്യണോ? ഇനി അത് കാരണം ആരും ഇവിടെ ബഹളം വെക്കണ്ട....എല്ലാം പൂർത്തിയാവട്ടെ....സുകൃതക്ഷയം ...
അജോയ് പതുക്കെ പുറത്തിറങ്ങി ഇരുണ്ട വഴിയിലൂടെ പാർലർ ലക്ഷ്യമാക്കി നടന്നു,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot