നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റക്കാലൻ


----------
അയാളുടെ ഇടത്‌ കാൽ മുട്ടിനു താഴോട്ടുണ്ടായിരുന്നില്ല. കാലിനു പകരം അയാളൊരു വടിയാണു ഉപയോഗിച്ചിരുന്നത്‌. ഇടത്‌ കൈ കൊണ്ട്‌ അതിനെ ചുറ്റിപിടിച്ച്‌, ഇടത്‌ കാൽ ചലിക്കേണ്ടിടത്ത്‌ വടി ഉപയോഗിച്ച്‌ വളരെ ലാഘവത്തോടെ അയാൾ സഞ്ചരിച്ചിരുന്നു. പ്രകൃത്യാലുള്ളത്‌ നഷ്ടപ്പെട്ടപ്പോൾ പ്രകൃതി തന്നെ നൽകിയ ഒരു മരക്കൊമ്പ്‌ അയാളുടെ ശരീരത്തിന്റെ ഭാഗമാക്കി. അറിഞ്ഞൊ അറിയാതെയൊ അയാൾ നൽകുന്നൊരു സന്ദേശവും അത്‌ തന്നെയല്ലെ- നമ്മുടേതെന്ന് കരുതുകയും വിശ്വസിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നത്‌ എന്തു തന്നെയായാലും, അത്‌ നഷ്ടപ്പെട്ടാൽ പ്രകൃതിക്ക്‌ മാത്രമെ തിരിച്ചെന്തെങ്കിലും നൽകാനാവുള്ളു.
ജംഗ്ഷനിലെ, പീടികത്തിണ്ണയിലായിരുന്നു അയാളുടെ ഉറക്കം. അയാൾ എന്നാണവിടെ വന്നതെന്നെനിക്കോർമ്മയില്ല. നീട്ടിവളർത്തിയ മുടിയിലും താടിയിലും അന്ന് നര പടർന്ന് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. മറ്റുള്ളവർ കുളക്കടവിലെത്തുന്നതിനു മുന്നെ അയാൾ കുളികഴിഞ്ഞു പോകുമായിരുന്നു. ഒരിക്കൽ സ്കൂളിൽ നിന്നും എസ്കർഷനു പോയ വഴിയിൽ വച്ച്‌ അയാളെ കണ്ടു. അന്നാണു മനസ്സിലായത്‌ അയാൾ ഭിക്ഷയെടുത്ത്‌ ജീവിക്കുകയാണെന്ന്. ഞങ്ങളുടെ ദേശത്ത്‌ അയാൾ ഭിക്ഷാടനം നടത്തിയിരുന്നില്ല.
അയാളുടെ രൂപം കൊണ്ടും മൗനം കൊണ്ടും വെയിലേറ്റ്‌ കരിവാളിച്ച അയാളുടെ മുഖത്ത്‌ പ്രകടമായിരുന്ന ഒരു തരം ഭീകരത കൊണ്ടും ഞങ്ങൾ, കുട്ടികൾക്ക്‌ അയാളെ പേടിയായിരുന്നു. എങ്കിലും, അയാളുടെ ഉറച്ച മാംസ പേശികൾ, പ്രത്യേകിച്ചും അയാളുടെ ഇടത്‌ കൈക്ക്‌ നല്ല കരുത്തായിരുന്നു. നടക്കാൻ മാത്രമെ അയാൾ വടി ഉപയോഗിച്ചിരുന്നുള്ളു. കുളിക്കാനെത്തുമ്പോൾ അയാൾ വടി ഒരു വശത്ത്‌ ചാരി വച്ചിട്ട്, കൊക്കിനെ പോലെ ഒറ്റക്കാലിൽ എത്രനേരം വേണമെങ്കിലും നിൽക്കുമായിരുന്നു‌. ഒറ്റക്കാലിൽ നിന്ന് കുളിക്കുകയും വസ്ത്രങ്ങളലക്കുകയും, വസ്ത്രം മാറുകയുമൊക്കെ ചെയ്യുമായിരുന്നു. ഞങ്ങൾ കുട്ടികൾ ഒരു നിശ്ചിത അകലത്തിൽ നിന്ന് അയാളെ അനുകരിക്കാൻ ശ്രമിക്കുകയും നില തെറ്റി വെള്ളത്തിൽ വീഴുന്നതുമൊക്കെ അന്ന് സാധാരണമായിരുന്നു.
ഒരിക്കൽ മാത്രമെ അയാൾ നിലതെറ്റി വീഴുന്നത്‌ കണ്ടിട്ടുള്ളു. അന്നു മുതലാണു അയാളോടുള്ള പേടി മാറി സഹതാപം തോന്നി തുടങ്ങിയത്‌. പതിവ്‌ പോലെ കുളക്കടവിൽ നിൽക്കുമ്പോൾ, നാട്ടിൽ അന്നറിയപ്പെടുന്ന ഒരു കുടുംബക്കാരൻ, ഏക്കറുകണക്കിനു നിലവും സ്വന്തമായി കാളകളും കുറെ പണിക്കാരുമൊക്കെയുള്ള ഒരു പ്രമാണി. വന്ന പാടെ ചാരിവച്ചിരുന്ന വടിയെടുത്ത്‌ തലങ്ങും വിലങ്ങും ഒറ്റക്കാലനെ തല്ലാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ നിലവിളിച്ചു. അപ്പോൾ അയാൾ ഞങ്ങളെ തെറി വിളിച്ചു. ഒറ്റക്കാലന്റെ മെയ്‌വഴക്കം അസാമാന്യമായിരുന്നു. ഓരൊ അടിയും കൈകൾ കൊണ്ട്‌ വിദഗ്ദ്ധമായി അയാൾ തടഞ്ഞു. പലപ്പോഴും വടിയിൽ അയാൾ പിടിത്തമിടുകയും പ്രമാണിയുടെ കയ്യിൽ നിന്നും അത്‌ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കൗശലക്കാരനായ പ്രമാണി ആ സമയം വടിയും പിടിച്ച്‌ വലിച്ച്‌ കൊണ്ട്‌ ഓടാൻ ശ്രമിക്കും. അതേ വേഗതയിൽ ഒറ്റക്കാലനു ഓടാൻ സാധിക്കാത്തതിനാൽ അയാൾ വടിയിൽ നിന്നുള്ള പിടി വിട്ടു കൊടുക്കും. അവസാനം പ്രമാണിക്ക്‌ ഒറ്റക്കാലനെ വീഴ്ത്താനുള്ള അടവ്‌ പിടികിട്ടി. ഒറ്റക്കാലന്റെ വലത്‌ കാൽ മുട്ടിനു പിന്നിലായി പ്രമാണി ആഞ്ഞടിച്ചു. അടി തെറ്റിയ ഒറ്റക്കാലൻ വെട്ടിയിട്ടപോലെ നിലത്ത്‌ വീണു. ആയുധവും ആരോഗ്യവും നഷ്ടപ്പെട്ട ശത്രുവിനെ ആക്രമിക്കാൻ പുരാണങ്ങളും ദൈവങ്ങളും കൂട്ട്‌ നിന്നിടത്ത്‌ എന്തിനു പ്രമാണി മാറി നിൽക്കണം. കലി തീരാത്ത പ്രമാണി ഒറ്റക്കാലന്റെ വടി സ്വന്തം വീട്ടിൽ കൊണ്ട്‌ പോയി കാളകൾക്ക്‌ പുളിയരിവേവിക്കാനുള്ള അടുപ്പിലിട്ട്‌ കത്തിച്ച്‌ കളഞ്ഞുവത്രെ.
അന്ന് വീട്ടിലെ പേര മരത്തിന്റെ ഒരു കൊമ്പ്‌ മുറിച്ച്‌ ഒറ്റക്കാലനു സമ്മാനിമ്മുമ്പോൾ, അയാളുടെ ചുണ്ടുകൾ വിറക്കുകയും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. പ്രമാണി ഒറ്റയാനെ തല്ലിയതിനു കാരണങ്ങൾ രണ്ടാണു. പുരാണങ്ങൾ മുതൽ ചരിത്രത്തിലൂടെ വർത്തമാനത്തിലെത്തുമ്പോഴും, സ്ഥാനമാനങ്ങളുള്ളവന്റെയും പിടിപാടുള്ളവന്റെയും അസത്യത്തിനു സത്യത്തേക്കാൾ വിശ്വാസ്യതയേറും. സ്വന്തം പണിക്കാരനെ പാടത്തെ കാവൽപുരയിലേക്ക്‌ പറഞ്ഞയച്ചിട്ട്‌, ചപ്പലും, ഭ്രഷ്ടും, അയിത്തവും പുറത്ത്‌ അഴിച്ച്‌ വച്ച്‌ ഒളിസേവകഴിഞ്ഞ്‌ പ്രമാണിയുറങ്ങിപോയത്‌ പണിക്കാരിയുടെ മിടുക്ക്‌. പണിക്കാരന്റെ മുരടനക്കം കേട്ട്‌ പിന്നാമ്പുറ വാതിലിലൂടെ ശുദ്ധികലശം നടത്താൻ കുളത്തിലേക്ക്‌ പോകാനായി എടുത്ത്‌ ചാടിയത്‌ ഒറ്റക്കാലന്റെ മുന്നിൽ. ഭീരുവായ സമ്പന്നൻ മൗനിയായ പാമരനേയും ഭയക്കും, ആക്രമിക്കും. അതൊന്നാം ഭാഗം. ഒറ്റക്കാലന്റെ കുളിക്ക്‌ ശേഷം മാത്രം കുളക്കടവിലെത്തുന്ന സ്ത്രീകളുള്ളൊരു ദേശത്ത്‌, പ്രമാണിയുടെ തമ്പുരാട്ടിയുടെ നീരാട്ട്‌ ഒറ്റക്കാലൻ ഒളിഞ്ഞ്‌ നോക്കിയെന്നത്‌ കുളക്കടവിലെ പെണ്ണുങ്ങൾക്ക്‌ പറഞ്ഞ്‌ ചിരിക്കാനൊരു തമാശയും.
അങ്ങനെ വൃശ്ചിക വിളക്കും ചിറപ്പും അതിനൊപ്പം പറഞ്ഞും കേട്ടും ദേശത്ത്‌ പല കഥകൾ വന്ന് പോയി. കുളവും പാടവും ഇല്ലാതായി. മുഖം മിനുക്കിയ പീടികത്തിണ്ണകളിൽ നിന്നും ഒറ്റക്കാലാനു മാറി മാറി അന്തിയുറങ്ങേണ്ടിവന്നു. ഞാനും ദേശം വിട്ടു. പക്ഷെ ഒറ്റക്കാലൻ മാത്രം മനസ്സിലുണ്ടായിരുന്നു.
കഥയിലേക്ക്‌ ഇതുവരെ കടന്നില്ല. ഒറ്റക്കാലന്റെ ഭൂതകാലത്തിനു ഈ കഥയിൽ പ്രസക്തിയില്ല. പിന്നെന്തിനു പോയി എന്നു ചോദിച്ചാൽ ആവിഷ്കാരത്തെ ചോദ്യം ചെയ്യരുതെന്ന് പറയും. അതാണല്ലൊ ഒരു രീതി.
ദേശാടനങ്ങൾക്കിടയിൽ വീണ്ടും ഒറ്റക്കാലനെ കാണ്ടത്‌ ഒരു നിയോഗമായിരുന്നില്ല. തേടിപിടിച്ചതായിരുന്നു. ഒറ്റക്കാലന്റെ ജീവിതത്തോട്‌ അസൂയ തോന്നി തുടങ്ങിയപ്പോൾ തേടിചെന്നു. ശുഷ്കിച്ച ശരീരം. പുരികങ്ങളിലും നരകയറി തുടങ്ങി. പുരികങ്ങൾക്ക്‌ മുകളിൽ കൈപ്പത്തി വച്ച്‌ സൂക്ഷിച്ച്‌ നോക്കി. കണ്ണു പിടിക്കുന്നില്ലെന്ന് വ്യക്തം. പേരക്കൊമ്പിന്റെ കഥ പറഞ്ഞപ്പോൾ തലകുലുക്കി ഒന്ന് ചിരിച്ചു. ഇപ്പോൾ മനസ്സിലായില്ലെ? എന്തിനായിരുന്നു ഒറ്റക്കാലന്റെ ഭൂതകാലം പറഞ്ഞതെന്ന്. ഭാവിയിലേക്ക്‌ പിടിച്ച്‌ കയറാൻ ഒരു ചില്ല വേണമായിരുന്നു.
ജീവിതത്തിൽ ഒറ്റപ്പെട്ടിട്ടുണ്ടൊ? ബന്ധുക്കളും പ്രിയപ്പെട്ടവരും ഒക്കെ ഉണ്ടായിട്ടും ഒറ്റപ്പെട്ടിട്ടുണ്ടൊ? എല്ലാവരും കൂടെയുണ്ടെന്ന് തോന്നും പക്ഷെ ആരുമുണ്ടാകില്ല, ആ ഒരൊറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ? വിശക്കുന്ന വയറിനെ പൊത്തിപ്പിടിച്ച്‌ പ്രിയപ്പെട്ടവരെ ഊട്ടുമ്പോൾ, സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നത്‌ ഒറ്റക്കാണു. അതും ഒറ്റപ്പെടലാണു. നടന്ന് തേഞ്ഞ കാൽപാദങ്ങൾ, ഇരുട്ടിന്റെ മറവിൽ ചൂടു വെള്ളത്തിൽ മുക്കി വച്ച്‌ പിറ്റേന്നേക്കുള്ള തയ്യാറെടുപ്പ്‌ നടത്തിയതും ഒറ്റക്കായിരുന്നു. തണലായി നിൽക്കുമ്പോൾ തങ്ങായി മാറേണ്ടവൾ, കാലിടറുമ്പൊൾ അകലം പാലിച്ചാൽ വീഴാതിരിക്കേണ്ടതും ഒറ്റക്കാണു. പ്രണയത്തിന്റെ വശ്യതയിലും സ്നേഹത്തിന്റെ വാഗ്ദോരണിയിലും ഒളിപ്പിച്ച നീഗൂഡതകൾ തിരിച്ചറിയുമ്പോഴും ഒറ്റക്കാണു. പുത്രന്മാർ ആഗ്രഹങ്ങളും പുത്രിമാർ സ്വപ്നങ്ങളുമാണു. ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തീകരണത്തിന്റെ വേളയിൽ അകന്ന് നിന്നതും ഒറ്റക്കായിരുന്നു. ഒടുവിൽ, കുത്ത് വാക്കുകളും അവഗണനയും എന്ന വിഷത്തിൽ മുക്കിയ അമ്പുകൾ ഹൃദയത്തിൽ പതിക്കുമ്പോഴും, വില്ലു കുലച്ച കൈകൾക്ക്‌ ശക്തി പകരാൻ പ്രാർത്ഥിച്ചതും ഒറ്റക്കായിരുന്നു. എവിടെയാണു പിഴച്ചത്‌? എന്തായിരുന്നു തെറ്റ്‌?
എന്റെ ചോദ്യങ്ങൾക്ക്‌ ഒറ്റക്കാലൻ മറുപടി തരാതെ ദൂരേക്ക്‌ നോക്കിയിരുന്നു. അറ്റു പോയ ഇടത്‌ കാലിന്റെ ശേഷിച്ച ഭാഗത്തയാൾ മെല്ലെ തലോടി. ശക്തമായ രണ്ടുകാലുകളിൽ നിൽക്കാൻ ശ്രമിച്ചെടുത്ത്‌ പിഴച്ചു. ഭാരങ്ങളൊക്കെയും ഒറ്റക്ക്‌ താങ്ങിയത്‌ തെറ്റ്‌. നമ്മൾ നമ്മളെ മറക്കുമ്പോൾ പിഴയും തെറ്റും നമ്മുടേതാണു. ഒറ്റക്ക്‌ വഹിക്കേണ്ടിവരുന്ന വിശേഷണങ്ങൾ. ഒറ്റക്കാകുന്നവൻ ഒറ്റക്കാലനായാലും ഒറ്റയാന്റെ കരുത്തും മനസ്സുമാണു.
ഒറ്റക്കാലൻ പറഞ്ഞതിൽ നിങ്ങൾ അസ്വസ്ഥരാകുന്നത്‌, അത്‌ എന്താണന്ന് പൂർണ്ണമായും മനസ്സിലാകാഞ്ഞിട്ടാണെങ്കിൽ ഞാൻ അസ്വസ്ഥനാകുന്നത്‌, ഒറ്റക്കാലനും ഞാനും തമ്മിലുള്ള വ്യത്യാസം ഒരു കാലിന്റെ പകുതി മാത്രമാണു എന്നുള്ളതാണു. ഇരുട്ടിലേക്ക്‌ തിരികെ മടങ്ങി പരാജിതനാകുന്നതിനേക്കാൾ, വിശ്വസിച്ചിരുന്ന ശക്തിയെ സ്വയം ക്ഷയിപ്പിക്കുക എന്നുള്ളതാണു. പിന്നീട്‌ ഒറ്റക്ക്‌ ജീവിക്കാനൊരു കാരണവും അതാകും.
ഒറ്റക്കാലൻ പറഞ്ഞത്‌ ശരിയായിരുന്നു. ഹൃദയ വേദനയുടെ മൂർദ്ധന്യത്തിൽ ശരീരത്തിലെ ഒരവയവം അറ്റ്‌ പോയാൽ നമ്മളറിയില്ല. അല്ലെങ്കിൽ തീവണ്ടി ചക്രങ്ങൾക്കിടയിൽ അറ്റ്‌ വീണു ചിതറി തെറിക്കുന്ന കാലുകളെ ബോധം നശിക്കുന്നത്‌ വരെ എങ്ങനെ കണ്ടാസ്വദിക്കാൻ കഴിയും?
(അശോക്‌ വാമദേവൻ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot