നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാണിക്കവഞ്ചി

Image may contain: 1 person, outdoor

എത്ര മനോഹരമാണ് ഈ കാണിക്കവഞ്ചി കാണാൻ.
ലോകത്ത് മറ്റൊരിടത്തും കാണുകയില്ല ഇങ്ങനെയൊന്ന്.
ഇത് സ്ഥാപിക്കേണ്ട സ്ഥലവും ഇവിടെതന്നെയാണ്. കാണിക്കവഞ്ചിയുടെ മുകളിൽ കുടിവെള്ളം എന്നെഴുതി ചെയിനിൽ കോർത്തിട്ടിരിക്കുന്ന സ്റ്റീൽ ഗ്ലാസ്സിൽ പിത്തള നിറമുള്ള ടാപ്പിൽ നിന്ന് വെള്ളം പിടിച്ച് ബാത്തുന് കൊടുക്കുമ്പോഴാണ് മാരി അത് ശ്രദ്ധിച്ചത്.
പച്ച നിറമുള്ള പെയിന്റടിച്ച മുസ്ലീം പള്ളിയുടെ ആകൃതിയിൽ പണിതിരിക്കുന്ന ഖുറാനിലെ അറബ് വാക്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന വശങ്ങളോട് കൂടിയ കാണിക്കവഞ്ചിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്നൊരു ക്രൂശിതനായ ക്രിസ്തുവിന്റെ ദയനീയ മുഖവും.
വഞ്ചിയിൽ മുൻവശത്തായി ഭംഗിയായി വരച്ച് ചേർത്തിരിക്കുന്ന ശ്രീ പത്മനാഭന്റെ അനന്തശയനം ചിത്രവും.
മൂന്നും കൂടെ ഒരുമിച്ചോ...?
കാശ് ഇടാൻ ഒരു വഴി മാത്രമല്ലേ കാണുന്നുള്ളു.
മാരി ലുങ്കിയ്ക്കുള്ളിലെ ട്രൗസറിൽ തപ്പി.
പൈസ കുറവാണ്.
വീടെത്തണം.
ബസ്കൂലി.
പിന്നെ അടുത്ത ആഴ്ചയുള്ള ചെക്കപ്പ്.
അന്നെങ്കിലും അഡ്മിറ്റ് ചെയ്താൽ മതിയായിരുന്നു.
കീശയിൽ നിന്നും ചില ചില്ലറ തുട്ടുകൾ എടുത്ത് അവൻ അതിനുള്ളിലേക്കിട്ടു.
വെള്ളം കുടിച്ച് ഗ്ലാസ്സ് വച്ച ബാത്തു അവനെ നോക്കി ഒന്നു ചിരിച്ചു.
നിറ ഗർഭിണിയായ അവളുടെ മുഖത്ത് അതിന്റെ ക്ഷീണമെല്ലാം കാണിക്കുന്നതായിരുന്നു ആ ചിരി.
"അടുത്ത വരവിന് തീർച്ചയായും ഇനി വാവയും ആയിട്ടേ നമ്മള് പോവൂ ഇക്ക വിഷമിക്കണ്ട.."
പർദ്ദയ്ക്കുള്ളിലെ അവളുടെ വയറിൽ ഒന്നു തലോടിയ അവൻ വെയിൽ അവളുടെ മുഖത്തേയ്ക്ക് അടിയ്ക്കുന്നത് കണ്ട് താഴേക്കൂർന്ന് കിടന്ന തട്ടമെടുത്ത് തലയിലൂടെ മൂടി ഇട്ടു കൊടുത്തു.
ബാത്തു അപ്പൊഴാണ് ആ കാണിക്കവഞ്ചി ശ്രദ്ധിച്ചത്.
"അള്ളോ എന്തായിത് കൊള്ളാലോ മൂന്നുപേരും ഒരിടത്തോ...?
ചോദ്യത്തോടൊപ്പം അവൾ വിരൽ കൊണ്ട് കാണിക്കവഞ്ചിയ്ക്ക് മുന്നിലിരുന്ന ചുവന്ന കുങ്കുമം തൊട്ട് മാരിയുടെ നെറ്റിയിൽ വരച്ചു.
ഒരു പ്രസവവാർഡിന് മുന്നിൽ മനോഹരമായ കാഴ്ച്ച.
അല്ലെങ്കിലും ഇവിടെ നിന്നാണല്ലോ രക്തത്തിന് വേർതിരിവുകൾ ഉണ്ടാകുന്നത്.
ഇത് കാണുന്ന ചില നല്ല മനസ്സുകൾക്കെങ്കിലും ഒരു നിമിഷമെങ്കിലും അങ്ങനെ ഉണ്ടാകാതെയിരിക്കട്ടെ.
ആരായിരിക്കാം ഇതിവിടെ വച്ചത്.
നല്ല കാലവും നല്ല ചിത്രങ്ങളും പിറവിയെടുക്കുവാണോ?
ഇനി ഇവിടെ പിറന്നു വീഴുന്ന ഓരോ കുഞ്ഞുങ്ങളുടെയും മനസ്സാകട്ടെയീ കാണിക്കവഞ്ചി.
അതിലേക്ക് വീഴുന്ന സ്നേഹവും കാരുണ്യവുമാകട്ടെ അവരുടെ കർമ്മങ്ങളാകുന്ന നാണയങ്ങൾ.
റോഡ് സൈഡിലൂടെയുള്ള തളർച്ചയോടെയുള്ള നടത്ത കണ്ടിട്ടാകണം അടുത്ത് കൊണ്ട് നിർത്തിയ ഓട്ടോക്കാരൻ
"ചേട്ടാ എങ്ങോട്ടാണ് കയറിക്കോ.. " എന്നുപറഞ്ഞത്.
ബാത്തുവിന്റെ നടക്കാനുള്ള ആയാസവും മാരി തന്റെ കീശയിലേക്ക് വീണ്ടും കൈയ്യിട്ടു.
പൈസ തികയുമോ...?
"സാരമില്ല ചേട്ടാ നിങ്ങള് കയറിക്കോ..."
എവിടേക്കാണ് പോകേണ്ടത്..?
ഓട്ടോക്കാരൻ മുന്നിലെ കുഴികളിലൊക്കെ പതിയെ ഇറക്കി മുന്നോട്ട് പോകുമ്പോൾ ചോദിച്ചതിന് മറുപടിയായി
"ബസ് സ്റ്റാന്റിൽ വിട്ടാൽ മതി എന്നു പറഞ്ഞു മാരി.
ബസ് സ്റ്റാന്റിൽ അവരെ ഇറക്കി മുന്നോട്ട് പോകാൻ തുനിഞ്ഞ ഓട്ടോയിലും കണ്ടു.
നേരത്തെ കണ്ടപോലെ അതെ കാണിക്കവഞ്ചി
"പൈസ ഒന്നും വേണ്ട ചേട്ടാ ഞാൻ ഈ വഴി തന്നെയായിരുന്നു പോട്ടെ..."
ഓട്ടോ ഒരുപാട് വാഹനങ്ങൾക്കിടയിലെ തിരക്കുകൾക്കിടയിലേക്ക് മറഞ്ഞു.
ബസ് സ്റ്റാന്റിന് മുന്നിലെ വലിയ ആൽമരചുവട്ടിലെ തണലിലേക്ക് ബാത്തുനെ നീക്കി നിർത്തിയിട്ട് മാരി ബസ് നോക്കി നിൽപ്പായി.
കാറ്റിലൊന്നുലഞ്ഞ ആൽമരത്തിൽ നിന്നും ഇലകൾ പൊഴിഞ്ഞ് വീഴുന്നതിനോടൊപ്പം ഒരു ഗന്ധവും അവിടെ പരക്കുകയായിരുന്നു.
നല്ല ബിരിയാണി ചെമ്പ് തുറന്നതിന്റെ മണം.
നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയുടേയും ഉണക്കമുന്തിരിയുടേയും കൂടെ ബിരിയാണി ചെമ്പിനുള്ളിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന ഗന്ധം സ്വാതന്ത്ര്യം കിട്ടിയ ആവേശത്തോടെ അവിടമാകെ പരന്നു.
കാറ്റ് തന്റെ പ്രണയിനിയെപ്പോലെ അതിനെ ആലിംഗനം ചെയ്തവിടെമാകെ പരത്തി.
മാരി ബാത്തുനെ നോക്കി.
ആ മണത്തിൽ അവൾ എന്തൊക്കെയോ ഓർമ്മകളിൽ മുഴുകിയത് പോലെ നിൽക്കുകയാണോ...?
മുറ്റത്ത് ഓടിക്കളിക്കുന്ന ആട്ടിൻ കുട്ടികളും.
മനം മടുപ്പിക്കുന്ന
മുട്ടനാടിന്റെ മണം നിറഞ്ഞ് നിൽക്കുന്ന വടക്കേപുരയിലെ ചായ്പ്പും.
ദിനവും നൂറോളം പേർക്ക് ബിരിയാണി വച്ചുവിളമ്പുന്ന വാപ്പയും,
എല്ലാത്തിനിടയിലും തിരക്ക് പിടിച്ച് ഓടി നടക്കുന്ന ഉമ്മച്ചിയും.
അതിനിടയിലേക്ക് ഒരു പണിക്കാരനായി കടന്നു ചെന്ന തമിഴൻ ചെക്കൻ മാരിയും.
ഇതൊക്കെ ആകുമോ അവളുടെ ചിന്തയിൽ...?
അതൊ ഇനി വിശന്നിട്ടാണോ...?
"ബാത്തു നിനക്ക് ബിരിയാണി വേണോ..."?
മണം വരുന്നത് എവിടെന്നാണ് എന്ന് നോക്കുമ്പോൾ തൊട്ടു പുറകിലെ ആർഭാടമായ ഹോട്ടലിനുള്ളിലാണെന്ന് മനസ്സിലായി.
അവിടേക്ക് നോക്കി തന്നെയായിരുന്നു മാരിയുടെ ചോദ്യവും.
ബാത്തു മറുപടി പറയും മുൻപെ കണ്ടിരുന്നു മണം അവിടെ നിന്നാണ് വരുന്നതെന്ന്.
"വേണ്ട ഇക്ക നമ്മുടേൽ പൈസ ഇല്ലല്ലോ..."
അവൾ അങ്ങനെ പറഞ്ഞെങ്കിലും മാരിയുടെ മനസ്സിൽ പല ചിന്തകളായിരുന്നു.
നൂറോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്ന വീട്ടിലെ കുട്ടി.
വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടുണ്ടാകില്ലായിരിക്കാം.
പ്രണയം അറിഞ്ഞില്ലെന്ന് നടിച്ച് ഒഴിഞ്ഞ് മാറാൻ കഴിയാതെ ആയപ്പോൾ
ആ പ്രണയം തന്നെ പിന്നൊരു നന്ദികേടിന് കാരണം ആയില്ലേ..?
ജോലിക്കായി ചെന്ന ഞാൻ.
എന്തിനായിരുന്നു അവൾക്ക് എന്നോട് ഇങ്ങനെ..?
ഒരിക്കലും അതൊരു മാംസദാഹമായിരുന്നില്ല. പിന്നെയോ?
അതൊരു സമർപ്പണമായിരുന്നില്ലേ..
തൊട്ടടുത്ത ഒരു ചെറിയ കടയിലേക്ക് ചൂണ്ടി
"ഒരു ഊണ് വാങ്ങ് ഇക്ക നമുക്ക് മൂന്ന്പേർക്കൂടെ കഴിക്കാം.. "
അത് പറയുമ്പോൾ ബാത്തു ഒരു കൈ വയറിൽ വച്ചിട്ടുണ്ടായിരുന്നു.
കീശയിൽ നിന്നും മുഷിഞ്ഞ ചില നോട്ടുകളും ചില്ലറകളും എണ്ണികൊണ്ടാണ് മുന്നിൽ കണ്ട മുന്തിയ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന്റെ മുന്നിലെത്തിയത്.
"ഒരു ഊണിന് എത്ര പൈസയാകും." ?
മാരിയുടെ ചോദ്യം കേട്ട കൗണ്ടറിലിരുന്നയാൾ ഒരു ഭിക്ഷക്കാരനോടുള്ള അവഞ്ജയോടെ അവനെ നോക്കി.
"ഒരു ബിരിയാണിക്ക് എന്താ വില..."?
മാരി വീണ്ടും ചോദിച്ചിട്ട്
ഗ്ലാസ് വാതിലിന് പുറകിൽ പടിക്കെട്ടുകൾക്ക് താഴെയായി തന്നെയും നോക്കി നിൽക്കുന്ന ബാത്തുനെ ഒന്നു നോക്കി.
പിന്നെ തിരിഞ്ഞ് നോക്കുമ്പോൾ കൗണ്ടറിലെ ആൾ പുറകിലെ ബോർഡിലേക്ക് ചൂണ്ടി കാണിച്ചു.
അതിലെ വിലവിവരം നോക്കി മനസ്സിലാക്കിയ മാരി ബസ് കൂലിയ്ക്കുള്ള പൈസയും മാറ്റി.
പിന്നെ ഒര് ഊണിനും ബാക്കി ചില്ലറ നാണയങ്ങളുമേ മിച്ചമുണ്ടായിരുന്നുള്ളു.
കൈയ്യിലും കഴുത്തിലുമൊക്കെ സ്വർണ്ണച്ചെയിനുമൊക്കെ ധരിച്ച് കൗണ്ടറിലിരുന്ന തടിയനായ അയാൾ മേശ തുറന്ന് ഒരു രൂപയെടുത്ത് മേശ പുറത്ത് വച്ചു.
ഗ്ലാസ്സ് വഴി പുറത്ത് നിൽക്കുന്ന ബാത്തുവിനെ നോക്കുന്നത് കണ്ടു.
മേശപ്പുറത്തിരിക്കുന്ന ഒറ്റ രൂപയ്ക്കരികിലെ ചെറിയ പിടിയുള്ള കനലുകൾ നിറഞ്ഞ കുഞ്ഞ് മൺചട്ടിയിലേക്ക് കുറച്ച് പൊടികൾ വിതറി. ബിരിയാണിയുടെ മണത്തിന്റെ കൂടെ അവിടമാകെ ഒരു അമ്പലത്തിനെ ഓർമ്മിപ്പിക്കുന്ന മണവും പുകയും പരന്നു.
നേരിയ ആ പുകയ്ക്ക് പിന്നിൽ രാക്ഷസനെപ്പോലെയുള്ള മുഖഭാവമായി അയാൾ.
"ഇതാ ഇത് എട്ത്തുക്കോ എന്നിട്ട് പൊണ്ണയും വിളിച്ച് ഇവിടെന്ന് കലമ്പ്..."
മാരി മേശപ്പുറത്തെ ഒറ്റ രൂപയിലേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു.
"എന്ന.. എന്ന വേണം ബിസിനസ്സ് ടൈം വേലമെനക്കെടുത്താതെ സ്ഥലം വിട്.
ടാ മുത്തുമണി ഇങ്ക വാടാ ഇവനെയൊക്കെ പിടിച്ച് പുറത്താക്ക്. "
എന്നയാൾ പറഞ്ഞു നിർത്തിയതും മാരി കൈയ്യിലുള്ള ഒരു ഊണിനുള്ള പൈസ മേശപ്പുറത്ത് വച്ച്
"ഒരു ഊണ്.. "എന്ന് പറഞ്ഞു.
പെട്ടെന്ന് മൗനിയായി പോയ അയാളുടെ അരികിലേക്ക്
"എന്നണ്ണാ... " എന്ന് ചോദിച്ച് കൊണ്ട് കഴുത്തിലെ ഇരു വശത്തെയും എല്ലുകൾ പുറത്തേക്ക് തളളി നിൽക്കുന്നൊരു കുഴിഞ്ഞ കണ്ണുകളുമായി കറുത്ത് മെലിഞ്ഞൊരു രൂപം വന്നു.
"ഇങ്കെ ഒരു ഊണ് പാർസൽ കൊടുക്ക് "
ആ പറച്ചിലിലും ഉണ്ടായിരുന്നു ഒരു പുച്ഛം കലർന്ന ശബ്ദം.
അയാൾ അകത്തേയ്ക്ക് പോയി.
ബസ്കൂലി ഒഴികെ ബാക്കി കൈയ്യിൽ മിച്ചമുണ്ടായിരുന്ന ചില്ലറ തുട്ടുകൾ ഓരോന്നായി മാരി ആ മേശപ്പുറത്ത്
വച്ചിരിക്കുന്ന
'വിശപ്പിനായ് '
എന്നെഴുതിയിരുന്ന ഇരുമ്പ് കൊണ്ടുണ്ടാക്കിയ ചെറിയ കാണിക്കവഞ്ചിയ്ക്കുള്ളിലേക്ക് ഇട്ടു.
ഓരോ തുട്ടുകളും ടക്...ടക്... ടക് എന്ന ശബ്ദത്തോടെ വീഴുന്നതയാൾ അപ്പോൾ മനസ്സിൽ ഒരു പത്തിൽ കൂടുതലെങ്കിലും എണ്ണിയിട്ടുണ്ടാകും.
അവസാനത്തെ തുട്ടും അതിനകത്തേയ്ക്ക് വീഴുന്നത് വരെയും മാരി അയാളുടെ മുഖത്തേയ്ക്ക് നോക്കിയതെയില്ല.
ഒന്നു ചിരിക്കാനോ മുഖത്തൊരു സൗമ്യതയോ കരുണയോ പോലും ഇല്ലാത്ത ആ മുഖത്ത് അല്ലെങ്കിലും എങ്ങനെ നോക്കാനാണ്.
വായിൽ നിറഞ്ഞ മുറുക്കാൻ തുപ്പാനെന്ന വ്യാജേനെ ഒന്നു കാറിക്കൊണ്ട് അയാൾ ഒരു രൂപയെടുത്ത് തന്റെ തന്നെ മേശയ്ക്കുള്ളിലേക്ക് ഇട്ട് അകത്തേയ്ക്ക് പോയി.
"എന്താ താമസിച്ചത് ഹോട്ടലുകാരൻ എന്താ പറഞ്ഞത്. "?
എന്നൊക്കെ ബസ്സിനുള്ളിൽ ഇരിക്കുമ്പോൾ ബാത്തു ചോദിക്കുന്നുണ്ടായിരുന്നു.
മാരി അപ്പൊഴും മുറുകെ പിടിച്ച ഊണ് പൊതിയുമായി കാണിക്കയിലേക്ക് വീണ ഓരോ തുട്ടുകളുടേയും ശബ്ദം തന്ന മനസ്സിന്റെ വിജയത്തിലായിരുന്നു.
ഓലമേഞ്ഞ കുടിലിനുള്ളിലെ ചാണകം മെഴുകിയ തറയിലിരുന്ന് മാരിയും ബാത്തുവും കഴിക്കാനായ് ഊണ് പൊതി അഴിച്ചു.
ഒറ്റ ഒരു വലിയ പൊതിയ്ക്കുള്ളിലെ
മൂന്ന് ബിരിയാണിപ്പൊതികൾ.
അവ ഓരോന്നായി ബാത്തു തുറക്കുമ്പോഴേക്കും
മാരിയുടെ മനസ്സിലൂടെ ഒരുപാട് മുഖങ്ങൾ സംശയത്തോടെ കടന്നുപോകുകയായിരുന്നു.
ഓട്ടോക്കാരൻ.
കൗണ്ടറിലെ ക്രൂരമുഖമുള്ളവൻ.
തല്ലിയോടിക്കാൻ വന്ന കഴുത്തിലെ എല്ല് തെളിഞ്ഞവൻ.
മൂന്ന് നിറം കലർന്ന കാണിക്കവഞ്ചി.
'വിശപ്പിനായ് ' എന്നുള്ളതിൽ വീണ
ടിക്.. ടിക്...ശബ്ദം.
ആരായിരിക്കാം......?
ജെ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot