നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ബാല്യകാല പരീക്ഷണങ്ങൾ

Image may contain: 1 person, beard

( എന്റെ#പുസ്തകാനുഭവങ്ങൾ ക്ക് ഒരനുബന്ധം)
പഠനകാലത്തു ഞാനും പപ്പൻ ബ്രോയും ശാസ്ത്ര വിഷയങ്ങളിൽ വളരെ തല്പരരായിരുന്നു എന്ന കാര്യം മുൻ അവസരങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. ജീവശാസ്ത്രത്തോടാണ് കൂടുതൽ താല്പര്യമെങ്കിലും അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞങ്ങളുടെ അമൂല്യ ഗ്രന്ഥശേഖരം അഗ്നിക്കിരയാക്കപ്പെട്ടത് ആ വിഷയങ്ങളിലുള്ള പ്രായോഗിക പരീക്ഷണങ്ങളെ വല്ലാതെ ബാധിച്ചു എന്നതിനാൽ, ഞങ്ങളുടെ ശാസ്ത്ര കൗതുകം രസതന്ത്രം, ഭൗതിക ശാസ്ത്രം എന്നീ മേഖലകളിലേക്ക് കടന്നു.
സോഡിയം ബൈ കാർബണേറ്റ്,സോഡിയം കാർബണേറ്റ്,സോഡിയം ക്ലോറൈഡ് തുടങ്ങിയ മിക്ക രാസവസ്തുക്കക്കളും അടുക്കളയിൽ സൗജന്യമായി ലഭ്യമായിരുന്നു എന്നതായിരുന്നു അതിന്റെ പ്രധാന കാരണം
അങ്ങനെയിരിക്കെ വൈദ്യുത വിശ്ലേഷണത്തെക്കുറിച്ചും പലവിധ എലെക്ട്രോലൈറ്റുകളെക്കുറിച്ചും ഐൻസ്റ്റീന്റെ ഭാവഭാഹാദികളോട് കൂടി സത്യൻ മാഷ് ക്ലാസ്സിൽ വിവരിച്ചതോടെ ഞങ്ങളുടെ ചിന്തകളിലും സ്വപ്നങ്ങളിലും നിറയെ പോസിറ്റീവും നെഗറ്റീവുമായ അയോണുകൾ യഥേഷ്ടം കയറി മേയാൻ തുടങ്ങി. മാത്രമല്ല ഞങ്ങൾ രണ്ടുപേരും ഓരോ കാഥോഡും അനോഡുമായി മാറി ശാസ്ത്രജ്ഞരാകുക എന്ന ഞങ്ങളുടെ സ്വപ്നങ്ങളുടെ അയോൺ കൈമാറ്റം നടത്തി എരിപിരി കൊണ്ടു.
വീട്ടിൽ കാലത്തു തന്നെ മാതാവ് ലാർജ് ഹാഡ്രോൺ കൊളൈഡർ പോലുള്ള വലിയ അലുമിനിയം കലത്തിൽ ഹോൾസെയിൽ ആയി നിർമിക്കുന്ന ചായ എന്നറിയപ്പെടുന്ന പാനീയത്തിനു പുകയുടെ രുചി പകരുന്ന അയോൺ എന്തായിരിക്കും എന്നതും, അതിൽ ഏതെങ്കിലും ഉൽപ്രേരകങ്ങൾ ചേർത്താൽ ആ രുചി നൽകുന്ന ഘടകത്തെ വേർതിരിച്ചു സിഗരറ്റ് നിർമിക്കാനാവുമോ തുടങ്ങിയ വ്യാവസായിക പ്രാധാന്യമുള്ള പല ചിന്തകളും കൊണ്ട് ഭാവിയിൽ നോബൽ സമ്മാനം പങ്കിട്ടെടുക്കുന്നതിനെക്കുറിച്ച്‌ ഞങ്ങൾ യുവശാസ്ത്രജ്ഞർ പലവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും സ്വപ്നങ്ങളുടെ കടിഞ്ഞാൺ അഴിച്ചു വിടുകയും ചെയ്തു. എങ്കിലും നോബൽ സമ്മാനം സ്വീകരിക്കാനാവുമ്പോഴേക്കും മറ്റവനെ എങ്ങനെ ഒഴിവാക്കാം എന്ന കുടില തന്ത്രങ്ങളും ഞങ്ങൾ പരസ്പരം അണിയറയിൽ അതിരഹസ്യമായി മെനയുന്നുണ്ടായിരുന്നു
.
അങ്ങനെ ഞങ്ങളുടെ പരീക്ഷണജീവിതം വീട്ടിലെ വിറകു പുരയുടെ അരികിൽ സ്വച്ഛന്ദമായി നടന്നു വരികയായിരുന്നു.
അപ്പോഴാണ് ശുദ്ധജലത്തിലൂടെ വൈദ്യുതി കടക്കില്ല എന്നും അതിൽ ഉപ്പു പോലുള്ള ലവണങ്ങൾ ചേർത്താൽ മാത്രമേ വൈദ്യുതി കടത്തി വിടൂ എന്നുള്ള ശാസ്ത്രസത്യം സത്യൻ മാഷ് ഞങ്ങളോട് വെളിപെടുത്തിയത്. മാത്രമല്ല ഉപ്പുവെള്ളം എലെക്ട്രോലൈസിസ് ചെയ്‌താൽ ലവണങ്ങളും ഹൈഡ്രജനും ഓക്സിജനും വേർതിരിക്കാനാവുമെന്നും പറഞ്ഞതോടെ ഞങ്ങളുടെ പരീക്ഷണചിന്തകൾ മുഴുവൻ ഉപ്പുവെള്ളത്തിൽ കേന്ദ്രീകരിക്കപ്പെട്ടു.
കുലങ്കഷമായ ചിന്തകൾക്കൊടുവിൽ ലോകത്തിന്റെ ഭാവി തന്നെ കീഴ്മേൽ മറിക്കാനുതകുന്ന ആ ആശയം ഉദയം ചെയ്തു.
"വൈദ്യുത വിശ്ലേഷണം ഓഫ് ഹ്യൂമൻ യൂറിൻ"
അതായത് മൂത്രത്തിലെ ഘടകങ്ങളെ വൈദ്യുതി ഉപയോഗിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ വേർതിരിക്കുക
ഞങ്ങളുടെ പ്രോപോസ്ഡ് "എക്സ് -പിരി -മെന്റൽ" പ്ലാൻ ഇപ്രകാരമായിരുന്നു.
ബസ് സ്റ്റാന്റുകളിലും മറ്റു പൊതുമൂത്രപ്പുരകളിലുമുള്ള ബൗളുകളിൽ ഉന്നത വോൾടേജിലുള്ള എലെക്ട്രോഡുകൾ ഘടിപ്പിക്കുന്നു. അതിനിടയിലൂടെ മൂത്രദാതാവ് കാര്യം സാധിക്കുമ്പോൾ തന്നെ വൈദ്യുത വിശ്ലേഷണം സംഭവിക്കുകയും ഉപോല്പന്നങ്ങളായി സോഡിയം ഹൈഡ്രോക്സൈഡ് പരലുകളും ഓക്സിജൻ ഹൈഡ്രെജൻ വാതകങ്ങളുമായും വിഘടിക്കപ്പെടുകയും ചെയ്യുന്നു.
വേർതിരിക്കപ്പെടുന്ന സോഡിയം ഹൈഡ്രോക്സൈഡ് നേരെ താഴെ വച്ചിരിക്കുന്ന ചാക്കുകളിലേക്ക് ശേഖരിക്കപ്പെടുന്നു.
സോപ്പ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുവായതിനാൽ വിൽപ്പനയ്ക്ക് വിഷമമുണ്ടാകില്ല.
അടുത്തത് ഓക്സിജൻ. അത് നേരെ മൂത്രപ്പുരയിലേക്ക് തന്നെ തിരിച്ചു വിട്ട് ശുദ്ധവായുവിന്റെ കുറവ് പരിഹരിക്കാം.
ഹൈഡ്രജൻ നേരെ ഗ്യാസ് സിലിണ്ടറുകളിൽ ശേഖരിക്കപ്പെടുകയും അത് ബലൂണുകളിൽ നിറച്ച് മൂത്രദാതാവിന് ഉപഹാരമായി നൽകുകയും ചെയ്യുന്നു.
അച്ചടക്കത്തോടെ ക്യൂ നിന്ന് മൂത്രമൊഴിച്ച ശേഷം ഹൈഡ്രജൻ ബലൂണുമായി ആഹ്ലാദപൂർവം തിരിച്ചിറങ്ങുന്ന ജനങ്ങൾ .... ദുർഗന്ധമേതുമില്ലാത്ത മൂത്രപ്പുരകൾ....
തോടിനരികിലെ കണ്ടത്തിൽ മലർന്നുകിടന്ന് പുൽനാമ്പുകൾ കടിച്ചു കൊണ്ട് ഞങ്ങൾ ആ രംഗം ഭാവനയിൽ കണ്ടു.
പക്ഷെ ഷോക്കടിക്കില്ലേ?
പ്രൊഫെസർ പപ്പൻ ടെക്‌നിക്കൽ തടസ്സവാദം ഉന്നയിച്ചു.
ഉപ്പുവെള്ളം വൈദ്യുത ചാലകമാണല്ലോ അപ്പോൾ ഒഴിക്കുന്ന മൂത്രം വഴി ദാതാവിന് ഷോക്കേൽക്കില്ലേ?
സംഗതി ശരിയായി തോന്നിയെങ്കിലും സീനിയോറിറ്റി നഷ്ടമാകാതിരിക്കാൻ ഞാൻ ഗൗരവത്തിൽ മൂളി ഉം ..സാധ്യത ഇല്ലാതില്ല ... പരീക്ഷിച്ചു നോക്കണം ..
അതിനിടയിൽ മറ്റൊരു സാങ്കേതിക തടസ്സം കൂടെ കടന്നു വന്നു. അതായത്, അന്ന് ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ സാമ്പത്തികമായി ഉന്നത നിലയിലായിരുന്നതിനാൽ ഇരുഗൃഹങ്ങളിലും കറന്റ് കണക്ഷൻ ഉണ്ടായിരുന്നില്ല എന്നതായിരുന്നു അത്.
ഒടുവിൽ അത് ഞങ്ങൾ ക്യാരംസ് കളിക്കാനും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താനും ഉപയോഗിക്കാറുള്ള എവർഷൈൻ ക്ലബ്ബിൽ നടത്താൻ തീരുമാനമായി.
ഈ പ്രക്രിയയിൽ ഉപഭോക്താവിന് ഷോക്കേൽക്കില്ല എന്ന് ഉറപ്പിക്കേണ്ടതുണ്ട് .
ആ പരീക്ഷണത്തിനുള്ള ഇരയായി ജൂനിയർ പയ്യനും അധികം കായിക ബലവുമില്ലാത്തതും ചോദിയ്ക്കാൻ വരാൻ ചേട്ടന്മാർ ആരുമില്ലാത്തതുമായ സാജുവിനെ ഞങ്ങൾ രഹസ്യ ചര്ച്ച നടത്തി തെരഞ്ഞെടുത്തു.
പരീക്ഷണദിവസം സമാഗതമായി.
ഞങ്ങൾ നാടുതെണ്ടി സംഘടിപ്പിച്ച വയറിന്റെ കഷണവുമായി ശനിയാഴ്ച്ച അതിരാവിലെ തന്നെ ക്ലബ്ബിലെത്തി.
വയറിന്റെ ഒരറ്റം പുറത്ത് ചുമരിനു തൊട്ടുള്ള എർത്ത് കുറ്റിയിലും മറ്റേയറ്റം പ്ലഗ് പോയിന്റുമായും അതി വിദഗ്ധമായി ബന്ധിച്ചു.
ഇനി പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പറയാം.
പ്ലഗിൽ നിന്നുള്ള കറണ്ട് കണക്ട് ചെയ്തിരിക്കുന്ന എർത് കുറ്റി നിൽക്കുന്ന ചുമരിലാണ് ഞങ്ങളുടെ സ്ഥിരം മൂത്രദാന വേദി .
സ്വാഭാവികമായും ഇലൿട്രിഫൈ ചെയ്യപ്പെട്ട് നിൽക്കുന്ന എർത് കുറ്റിയുടെ സമീപം മൂത്രമൊഴിക്കുമ്പോൾ ലവണാംശമുള്ള മൂത്രം വഴി കറണ്ട് ഇരയുടെ ശരീരത്തിലേക്ക് പ്രവഹിക്കും ഇതാണ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതായ ഞങ്ങളുടെ തിയറി.
ഇരയുടെ വിശ്വാസ്യത നേടുന്നതിനായി ഞങ്ങളും പരീക്ഷണത്തിൽ പങ്കാളികളാകാൻ തീരുമാനിച്ചു. പക്ഷെ സ്വയരക്ഷക്ക് ഞങ്ങൾ മറ്റൊരു സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചിരുന്നു.
"എർത്ത് ടച്ച് കട്ടോഫ് സിസ്റ്റം" എന്നൊരു സാങ്കേതിക വിദ്യയായിരുന്നു അത് .
അതായത് ഒഴിക്കുന്ന മൂത്രം ഭൂമിയിൽ പതിക്കുന്നതിനു തൊട്ടു മുൻപേ യൂറിനെൽ ഡിസ്ചാർജ് വാൽവ് ക്ലോസാകുന്നു. അങ്ങനെ വൈദ്യുതി ശരീരത്തിലേക്ക് പ്രവഹിക്കാതെ പീസ് പീസായി മൂത്രം ഒഴിക്കുന്ന വിദ്യയാണ് എർത്ത് ടച്ച് കട്ടോഫ് സിസ്റ്റം എന്ന ഇ ടി സി സിസ്റ്റം.
ഇൻസ്റ്റാളേഷൻ ആൻഡ് ടെക്‌നിക്കൽ ബ്രീഫിംഗ് കഴിഞ്ഞ ഞങ്ങൾ ഇരയെ കാത്തിരുന്നു. ഒടുവിൽ ഒന്നുരണ്ട് മണിക്കൂറു കഴിഞ്ഞപ്പോൾ ഓരോരാളായി എത്തിത്തുടങ്ങി ഇര സാജുവും എത്തി ക്യാരംസ് കളി തുടങ്ങി.
മുൻതീരുമാനപ്രകാരം നിശ്ചിത സമയമായപ്പോൾ എനിക്ക് മൂത്രശങ്ക തുടങ്ങി. അത് പപ്പൻ ബ്രോ പിന്താങ്ങുകയും ഒരു കമ്പനിക്ക് വേണ്ടി ഇര സാജുവിനെ ക്ഷണിക്കുകയും ചെയ്തു.
ശുദ്ധമനസ്സിനുടമയായ ആ സാധുജീവി ഞങ്ങളെ അനുഗമിക്കുകയും പരീക്ഷണകേന്ദ്രത്തിൽ എത്തുകയും ചെയ്തു.
അതിനിടയിൽ തന്നെ ഇ ടി സി സിസ്റ്റത്തെക്കുറിച്ചു ഞങ്ങൾ രണ്ടു പേരും പരസ്പരം ഓർമപ്പെടുത്തിയിരുന്നു.
ത്രീ ..ടു ...ഒൺ .....സീറോ .....
" എന്റമ്മേ ...... ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ നിലവിളിച്ചു കൊണ്ട് അമിട്ടിനു തീ പിടിച്ച പോലെ പ്രൊഫസർ പപ്പൻ ആകാശത്തേക്കുയർന്നു. തുടർന്ന് ടപ്പേ എന്ന ശബ്ദത്തിൽ തല കഴുക്കോലിനിടിച്ചു താഴെ വീണു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വണ്ടിയിടിച്ച പൂച്ചയെപ്പോലെ വീണ്ടും ചാടിയെഴുന്നേറ്റ് തലങ്ങും വിലങ്ങും ഓടുകയും എങ്ങോ പോയ് അപ്രത്യക്ഷനാവുകയും ചെയ്തു.
പിന്നീട് വൈകുന്നേരം വീട്ടിൽ പോയി കണ്ടപ്പോൾ മൃതപ്രായനായി കിടന്ന് അവൻ പറഞ്ഞു "ഇനിയുള്ള പരീക്ഷണങ്ങൾ പ്രൊഫെസ്സർ നേരിട്ടു നടത്തിയാൽ മതി ഞാൻ നിർത്തി".
നോബൽ സമ്മാനം വീതിക്കേണ്ടി വരുമല്ലോ എന്ന വേദനയിൽ കഴിയുന്ന എനിക്ക് അത് വല്ലാത്ത ആശ്വാസം നൽകി. ദുഖമൊഴുകുന്ന മുഖത്താൽ അവനെ നോക്കി തലയിൽ തലോടി ഞാൻ പറഞ്ഞു. പോട്ടെടാ ...സാരമില്ല ...
അങ്ങനെ പരീക്ഷണം വഴി മാറിയെങ്കിലും മൂത്രം നല്ലൊരു വൈദ്യുത ചാലകമാണ് എന്ന മഹത്തായ കണ്ടു പിടുത്തത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു.
പിന്നീട് പരീക്ഷണത്തിൽ സംഭവിച്ച പിഴവിനെകുറിച്ചു ഞങ്ങൾ വിശദമായി പഠിക്കുകയും കാരണം കണ്ടെത്തുകയും ചെയ്തു.
അതായത് സാജു അവിടേക്ക് വരുന്നതിനു തൊട്ടു മുന്നേ മൂത്രമൊഴിച്ചതു കൊണ്ട് ഡ്രിപ് ഇറിഗേഷൻ മോഡിലായിരുന്നത്രെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവനറിയാതെ തന്നെ എർത്ത് ടച് കട്ടോഫ് വർക്ക് ചെയ്തു.
പപ്പനാണെങ്കിൽ രാവിലെ മുതൽ പരീക്ഷണസംബന്ധിയായ തിരക്കുകളിൽ പെട്ട് മൂത്രമൊഴിക്കാൻ പറ്റാതെ ഉയർന്ന മർദ്ദം രൂപപ്പെടുകയും വാൽവ് കൃത്യസമയത്ത് അടയാതെ കട്ടോഫ് സിസ്റ്റം പരാജയപ്പെടുകയും ഷോക്കേൽക്കുകയും ചെയ്തു.
ഈ സംഭവം മുൻകൂട്ടി കണ്ട ഞാൻ അവനറിയാതെ പോയി കാര്യം സാധിച്ചത് ഇന്നും പരീക്ഷണ രഹസ്യമായി നിലനിൽക്കുന്നു .
നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം ബ്രോ പപ്പന് ഒരാൺകുട്ടിയുണ്ടായി.
അന്നവൻ ഒരു ദീർഘനിശ്വാസം പൊഴിച്ചുകൊണ്ട് എന്നോട് പറഞ്ഞു
"അന്നത്തെ സംഭവത്തിന് ശേഷം ഇപ്പോഴാണെടാ സമാധാനത്തിൽ ശ്വാസം കഴിച്ചത് " എന്ന് !
ശുഭം
-കണ്ണാപുരം വിജു-
A

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot