Slider

ആ ഒന്നാം തീയതിക്ക് മുൻപുള്ള നാൾ...

0
Image may contain: 1 person, selfie, beard, closeup and indoor

രചന - അരുൺ.വി.സജീവ്
********************************************
ഇടക്കൊക്കെ വിരുന്നെത്തുന്ന അമ്മയുടെ അകന്ന ബന്ധുവായ പട്ടാളം ശശിമാമൻ,
ദൂരഭാഷിണിയിലൂടെ ആ ദുരന്ത വാർത്ത വിളിച്ചറിയിച്ചത്... ഒരു സെപ്തംബർ മുപ്പതാം തീയതി ആയിരുന്നു...! അതെ ഒക്ടോബർ ഒന്നാം തീയതിക്ക് മുൻപുള്ള ദിവസം... "ആ ഒന്നാം തിയതിക്ക് മുൻപുള്ള നാൾ !!."
"എടാ... ഞങ്ങളെല്ലാവരും കൂടി ഇന്നങ്ങോട്ടേക്ക് വരും... മൂന്നാം തീയതി ജയക്ക് കോട്ടയത്ത് വെച്ചൊരു പരീക്ഷയുണ്ട്. രണ്ട് ദിവസം നിന്റെടുത്ത് കൂടാമെന്നാണ് ഞങ്ങള് കരുതണത്. "
ഇത് കേട്ടതും അതുവരെ ഉണ്ടായിരുന്ന എന്റെ മനസ്സമാധാനം... "ജയ ജയ ജയ... ഹേ... " വരെ ദേശീയഗാനവും പാടി അസംബ്ലി പിരിഞ്ഞ് പലവഴിക്ക് പോയി!.
സ്തുത്യർഹ സേവനം കഴിഞ്ഞ് പട്ടാളത്തിൽ നിന്നും മടങ്ങിയെത്തിയ കാർഗിൽ ശശിമാമൻ ഇപ്പോൾ ഒരു കടുത്ത പോരാട്ടത്തിലാണ്....! ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയെങ്കിലും P. S .C കടമ്പ ചാടിച്ച് നാല്പതിനോടടുക്കുന്ന ജയമാമിയെ സർക്കാർ സർവ്വീസിൽ കയറ്റി വിടണം !. അതിനുള്ള ഭാഗീരഥ ശ്രമത്തിന്റെ ഭാഗമായ് നടക്കുന്നതാണ് ഈ പടപ്പുറപ്പാട്.
" വരുന്നു" എന്ന ജാഗ്രതാ നിർദ്ദേശം ശ്രവിച്ചതും... അമേരിക്ക ആക്രമിക്കാൻ പോകുന്നു എന്ന മുന്നറിയിപ്പ് കിട്ടിയ കൊറിയയുടെ അവസ്ഥയിലേക്ക് മാറി ഞങ്ങളുടെ വീട്... തികഞ്ഞ പട്ടാള വീരനായ ശശിമാമന്റെ, വീരേതിഹാസ ബഡായിക്കഥകൾ കൊണ്ട് പ്രകമ്പനം കൊള്ളാൻ പോകുന്ന വീട്ടു ചുമരുകളെ ദൈന്യതയോടെ ഒന്ന് നോക്കിയ ഞാൻ... ഒരു തളർച്ചയോടെ നടന്ന് അലമാര തുറന്ന്... വീട്ടിലുള്ളവരുടെ കർണ്ണ പുടങ്ങളെ സംരക്ഷിക്കാൻ, ചെവിട്ടിൽ തിരുകാൻ വേണ്ട പഞ്ഞി ഫസ്റ്റ് എയിഡ് ബോക്സിലുണ്ടെന്ന് ഉറപ്പ് വരുത്തി!.
ശശി മാമൻ ആളൊരു ബഡായി വീരനും, ഓസിന് കിട്ടിയാൽ ആസിഡ് വരെ കുടിച്ച് വറ്റിക്കുന്നവനുമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ലഭിച്ച ആജീവനാന്ത ബഹുമതി... ശൗര്യചക്രം ഭാര്യ ജയമാമി... ഒരു ശൗര്യവുമില്ലാത്ത തനി നാട്ടിൻ പുറത്ത് കാരിയായിരുന്നു. ഉണരുമ്പോൾ മുതൽ കേൾക്കുന്ന കെട്ട്യോന്റെ "ധീരെ ചൽ," "വായെ മൂട് " തുടങ്ങിയ ഉത്തരവുകൾ കേട്ട് സകല "മൂഡും" പൊയ്പ്പോയൊരു പഞ്ചപാവം!.
മാമൻ പട്ടാളത്തിൽ നിന്നും അവധിക്ക് വന്ന വകയിൽ കിട്ടിയ അവരുടെ രണ്ട് മെഡലുകൾ... സുശാന്തും, സുശീലും പേരിൽ നിന്നും ' സു 'ഒഴിവാക്കി 'ദു' ചേർത്ത ദുശാന്തും, ദുശീലുമായിരുന്നു... മാത്രമല്ല അവർ രണ്ട് പേരും "ചില്ലലർജി " എന്ന പ്രത്യേക അവസ്ഥാ വിശേഷത്തിന് അടിമകളുമായിരുന്നു !.
ചില്ലിനാൽ നിർമ്മിതമായ വസ്തുക്കൾ കാണുമ്പോൾ, തല്ലി ഉടക്കാൻ തോന്നുന്ന ഒരു അസുഖമാണ് ഈ ചില്ലലർ ജി!. നല്ല തല്ലുകൊള്ളാത്തതുമൂലം ഉണ്ടാകുന്ന ഒരു അവസ്ഥാ വിശേഷം.
ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാകാനായി അവരുടെ കഴിഞ്ഞ തവണത്തെ വരവ് ഒന്ന് ചുരുക്കി വിവരിക്കാം...
കാലത്തേ ഉണർന്നെണീക്കുന്ന ദുശീൽ കോലിയും, ദുശാന്ത് ടെൻഡുൽക്കറും അപ്പോൾ തന്നെ മുറ്റത്തിറങ്ങി ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങി. കവളൻ മടക്കല ബാറ്റായി ഉപയോഗിച്ച അവർ, അന്ന് ബോളാക്കിയത് മതില് പണിയാൻ വേണ്ടി മുറ്റത്തിറക്കിയിരിക്കുന്ന മെറ്റൽ ചീള്കളായിരുന്നു...ദുശീൽ കോലിയുടെ സിക്സറുകൾ 'ഛിൽ' എന്ന ശബ്ദത്തോടെ വീടിന്റെ മൂന്ന് ജനൽച്ചില്ല് പൊട്ടിച്ചപ്പോൾ തകർന്ന് പോയ എന്റെ ഹൃദയത്തെ കൂടുതൽ തളർത്തി മാമൻ പുറത്തിറങ്ങി ചെന്ന് അവരോട് പറഞ്ഞു...
"നീ ബാറ്റിംഗ് മതിയാക്കി സുശാന്തിന് അവസരം കൊട്...ഇനി അവൻ അടിക്കട്ടെ."എന്നിട്ട് എന്നോട് ഒരു ഡയലോഗും
ഇത്തവണ സ്കൂൾ ടീമിൽ ഒരുത്തന് സെലക്ഷനുണ്ട്...
അപ്പോഴാണ് അടുക്കളയിൽ നിന്നും ഭാര്യയുടെ വിളി വന്നത്...
" ദേ ഇങ്ങോട്ടൊന്ന് വന്നേ... "
എന്തിനാ....?
എന്ന എന്റെ ചോദ്യത്തിന് ...
" പുതിയ ഗ്യാസ് കുറ്റി വെച്ചപ്പോളേ... ഗ്യാസ് ലീക്ക് ചെയ്യുന്നു.!"
എന്ന ഉത്തരവുമായി അവൾ ഉമ്മറത്തേക്ക് വന്നു.
ഇത് കേട്ടതും ശശി മാമൻ " അയ്യോ'' എന്നൊരു ആർത്തനാദവുമായി വീടിന്റെ പിന്നാമ്പുറത്തേക്ക് കുതിച്ച് പാഞ്ഞു... ഞാൻ പിന്നാലെ ഓടി എത്തിയപ്പോഴേക്കും മോട്ടോർ ഘടിപ്പിച്ച കയറിലൂടെ മാമൻ അവിടുള്ള കിണറ്റിലേക്ക് തൂങ്ങി ഇറങ്ങി. !!. അന്ന് "ഈ മാരണത്തിനെ " കിണറ്റിൽ നിന്നും പൊക്കാൻ ഫയർ ഫോഴ്സ് വരേണ്ട തായ് വന്നു.
ഗ്യാസ് ലീക്കായി എന്ന് കേട്ട് മാമൻ സ്വയരക്ഷക്ക് ചാടിയതാണ് കിണറ്റിൽ... വെള്ളത്തിൽ മുങ്ങിക്കിടന്നാൽ തീ പിടുത്തത്തിൽ നിന്നും രക്ഷ നേടാം എന്നാരോ കക്ഷിക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടായിരുന്നു പോലും!.
വാൽവിന്റെ തകരാറുമൂലമുണ്ടായ ആ ചെറിയ ഗ്യാസ് ലീക്ക് അപ്പോൾ തന്നെ ശരിയാക്കിയെങ്കിലും, കിണർ തേകി വൃത്തിയാക്കിയ ശേഷമേ പിന്നെ ഞങ്ങൾക്ക് ആ വെള്ളം കുടിക്കാൻ പറ്റിയുള്ളൂ.
ഈ ദുരിതങ്ങളെല്ലാം കൂടിയാണ് വീണ്ടും തുരന്തോ എക്സ്പ്രസ്സ് പിടിച്ച് വരുമെന്ന് അറിയിച്ചിരിക്കുന്നത്...!
(തുടരും)
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo